ഈ പുസ്തകം സാഹിത്യത്തിന്റെ ഗണത്തിൽ എതായാലും വരില്ല. ഗവേഷണ ഗ്രന്ഥമോ, ആധികാരിക ചരിത്രമോ അല്ല. ഇതു് ഒരു തൊഴിൽ സഹായി എന്ന നിലയിൽ ശേഖരിച്ചുവച്ച വിവരങ്ങളാണു്. ഒരു പത്രപ്രവർത്തകനായി കേരളത്തിൽ പ്രവർത്തിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടവയാണു്. അല്ലാതുള്ളവർക്കു് ഇവ അറിയാതെയും ജീവിക്കാം. പക്ഷേ, സാമൂഹിക ജീവി എന്ന നിലയിൽ ഇവ അറിയുന്നതു് നമ്മൾ നിൽക്കുന്ന മണ്ണിന്റെ ഉറപ്പു് അറിയാൻ സഹായിക്കും. ഈ വിഷയങ്ങളെക്കുറിച്ചു് എഴുതുമ്പോൾ എത്ര വിലയിരുത്തലുകളും വിശകലനങ്ങളും നടത്താമായിരുന്നു. അതിനൊന്നും തുനിഞ്ഞില്ല. ഊഹാപോഹങ്ങളും നിമഗനങ്ങളും അവതരിപ്പിക്കാമായിരുന്നു. അതിനും ശ്രമിച്ചിട്ടില്ല.
ഇതിൽ ചില വിഷയങ്ങളിൽ എങ്കിലും കേരളത്തിലെ പൊതുമണ്ഡലത്തിൽ ഇപ്പോൾ ഇല്ലാത്ത വിവരങ്ങളുമുണ്ടു്. അവയൊന്നും പൊലിപ്പിക്കാനോ വിശദീകരിക്കാനോ ശ്രമിക്കരുതു് എന്നതു ബോധപൂർവമായ തീരുമാനമായിരുന്നു. ശീലിച്ച മാധ്യമപ്രവർത്തനവും വായിച്ച സാഹിത്യവും പകർന്നു നൽകിയ ഭാഷയുണ്ടു്. അതും ഈ പുസ്തകത്തിൽ പരീക്ഷിച്ചിട്ടില്ല. ഇതു് അസംസ്കൃതമായ വിവരങ്ങളായി തന്നെയാണു് ഈ പുസ്തകത്തിൽ കിടക്കുന്നതു്. ഒരു പുസ്തകം തന്നെ എഴുതാവുന്ന ചില വിഷയങ്ങളുണ്ടു്. അവപോലും നാലു പേജിൽ അധികരിക്കാതെ എഴുതണം എന്ന നിഷ്ഠ പാലിക്കാനും ശ്രമിച്ചിട്ടുണ്ടു്. വിക്കിപീഡിയയിൽ നിന്നൊക്കെ കിട്ടുന്നതുപോലെയുള്ള വിവരങ്ങളാണു് എന്നു തോന്നാം. പക്ഷേ, ഇവയൊന്നും വിക്കിപീഡിയ ആശ്രയിച്ചു് എഴുതിയതല്ല. ഡയറിക്കുറിപ്പുകളും മാധ്യമങ്ങളുടെയും നിയമസഭയുടേയും ആർക്കൈവ്സും പ്രയോജനപ്പെടുത്തി എഴുതിയതാണു്. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിൽ രണ്ടു മാനദണ്ഡങ്ങളാണു സ്വീകരിച്ചതു്. ഒന്നു്, രാഷ്ട്രീയമാറ്റത്തിനു വഴിവച്ചവ. രണ്ടു്, സമൂഹത്തിന്റെ ചിന്താഗതികൾ പരിഷ്കരിച്ചവ. അപകടങ്ങളും ദുരന്തങ്ങളും പോലുള്ള സംഭവങ്ങളും അതിന്റെ പിന്നിലുള്ള ദുരൂഹതകളും മറ്റൊരു വിഷയമായതിനാൽ ഈ പുസ്തകത്തിൽ പരിഗണിച്ചിട്ടില്ല. തെരഞ്ഞെടുത്ത രീതി വ്യക്തിനിഷ്ഠമാണു്. മനസ്സിൽ വരാത്തതോ, അത്രപ്രാധാന്യമുണ്ടെന്നു് ആ സമയത്തു് തോന്നാത്തതോ ആയ സംഭവങ്ങളാകും ഇതിൽ ഇല്ലാതെ പോകുന്നതു്. ഇങ്ങനെയൊരു മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടു്, വിമർശനങ്ങളെ ജനാധിപത്യപൂർവ്വം സ്വാഗതം ചെയ്യുമെന്ന ഉറപ്പു നൽകിക്കൊണ്ടു്, ആദ്യ അധ്യായത്തിലേക്കു്; ആന്ധ്രയിൽ നിന്നു വന്ന അരിച്ചാക്കുകൾ.

കുസുമം ജോസഫ് നിയമസഭയിൽ എഴുനേറ്റു നിന്നു. 1957 ഡിസംബർ 20-നു്. ചോദ്യം ഇങ്ങനെ തുടങ്ങി:
‘ഈ മന്ത്രിസഭ അധികാരത്തിൽ വന്ന ശേഷം മന്ത്രിമാരുടെ ഉപയോഗത്തിനായി സർക്കാർ ചെലവിൽ എത്ര ഫൗണ്ടൻ പേനകൾ വാങ്ങിയിട്ടുണ്ടു്?’
ഐക്യ കേരളത്തിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ നക്ഷത്ര ചിഹ്നമിട്ട ഈ ചോദ്യം ഉയർന്നതു വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി ക്കു നേരെയായിരുന്നു. ഇന്നത്തെ ഇടുക്കി ജില്ലയിലുള്ള കാരിക്കോട് എന്ന മണ്ഡലത്തിൽ നിന്നുള്ള ആ വനിതാ എം എൽ എയുടെ ചോദ്യത്തിനു മറുപടി പറയാൻ ജോസഫ് മുണ്ടശ്ശേരി എഴുനേൽക്കും മുൻപു് ഒരു ക്രമപ്രശ്നം ഉയർന്നു. അതു് ഉന്നയിച്ചതും കുസുമം ജോസഫ് തന്നെ.

‘ഈ മന്ത്രി സഭ അധികാരത്തിൽ വന്ന ശേഷം എത്ര പേന വാങ്ങി, അതു് ഏതു് ഇനമാണു്, എന്തുവില കൊടുത്തു എന്നായിരുന്നു എന്റെ ചോദ്യം. ‘ദ ക്വസ്റ്റിയൻ ഇസ് നോട്ട് ക്ളിയർ, സ്റ്റേറ്റ് വെതർ ഫൗണ്ടൻ പെൻ ഓർ സ്റ്റീൽ പെൻ’ എന്നു ചോദിച്ചു് അതു മടങ്ങി വന്നു. ഫൗണ്ടൻ പെൻ ആണെന്നു ഞാൻ മറുപടി അയച്ചു. അപ്പോൾ വീണ്ടും ഒരു ചോദ്യവുമായി അതു മടങ്ങി വന്നു. മന്ത്രിമാരുടെ സ്വന്തം ചെലവിൽ വാങ്ങിയതിന്റെയാണോ സർക്കാർ ചെലവിൽ വാങ്ങിയതിന്റെയാണോ വിവരം അറിയേണ്ടതു് എന്നായിരുന്നു രണ്ടാമതു വന്ന ചോദ്യം. സ്വന്തം ചെലവിൽ വാങ്ങിയതു് എനിക്കു് അറിയേണ്ട കാര്യമില്ലെന്നും സർക്കാർ ചെലവിൽ വാങ്ങിയതാണു് അറിയേണ്ടതെന്നും ഞാൻ മറുപടി കൊടുത്തു. എന്നാൽ ഇപ്പോൾ ചോദ്യം അച്ചടിച്ചു സഭയിൽ വന്നപ്പോൾ ഏതു് ഇനമാണെന്നും എന്തുവിലയാണെന്നുമുള്ള ഭാഗമില്ല?’
- വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി:
- ഒൻപതു പേന വാങ്ങിച്ചു.
- കുസുമം ജോസഫ്:
- ഏതിനമാണു വാങ്ങിയതു്.
- മുണ്ടശ്ശേരി:
- പല ഇനങ്ങളായിട്ടാണു വാങ്ങിയതു്.
- കുസുമം ജോസഫ്:
- എന്തു വിലയാണു്?
- മുണ്ടശ്ശേരി:
- അതിന്റെ എല്ലാ വിവരങ്ങളും തരുന്നതിനു നോട്ടീസ് വേണം.
- കെ എ ബാലൻ (വടക്കേക്കരയിൽ നിന്നുള്ള
- സി പി ഐ എം എൽ എ):
- ഇതിനു മുൻപു മന്ത്രിമാർ എത്ര പേന വാങ്ങിയിട്ടുണ്ടെന്നു പറയാമോ?
- ജോസഫ് മുണ്ടശ്ശേരി:
- കൃത്യമായി പറയാൻ നിവൃത്തിയില്ല. ഇവിടെ ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും മന്ത്രിമാരുമെല്ലാം പേന വാങ്ങി അതുകൊണ്ടു തന്നെയാണു് എഴുതുന്നതു്.
- കെ കരുണാകരൻ (തൃക്കടവൂരിൽ നിന്നുള്ള
- സി പി ഐ എം എൽ എ):
- ഫൗണ്ടൻ പേനയുടെ ആവശ്യത്തിനു മഷി വാങ്ങിയിട്ടുണ്ടോ?
- ജോസഫ് മുണ്ടശ്ശേരി:
- സ്റ്റീൽ പെന്നിനുള്ള മഷിയുടെ സ്ഥാനത്തു് ഫൗണ്ടൻ പെന്നിനുള്ള മഷിയും സപ്ളൈ ചെയ്തിട്ടുണ്ടാകണം.
- കുസുമം ജോസഫ്:
- പാർക്കർ പേന സപ്ളൈ ചെയ്യാമെന്നു പറഞ്ഞപ്പോൾ അമേരിക്കൻ ഷീഫർ പേനകൾ തന്നെ വേണമെന്നു മന്ത്രിമാർ ശാഠ്യം പിടിച്ചതായി പറയുന്നതു ശരിയാണോ?
- ജോസഫ് മുണ്ടശ്ശേരി:
- അങ്ങനെ ശാഠ്യം പിടിച്ചോ എന്നൊന്നും ഞാൻ അന്വേഷിക്കാൻ പോയിട്ടില്ല.

ഒൻപതുമണിച്ചർച്ചകളിലൂടെ വിഷയം കൊഴുപ്പിക്കാൻ സാധ്യത ഉണ്ടാകാതിരുന്ന കാലത്തു് ആ വിവാദം അവിടെ അവസാനിച്ചു. സർക്കാർ ചെലവിൽ മന്ത്രിമാർ എത്ര പേന വാങ്ങിയെന്ന ചോദ്യം ഇന്നാണെങ്കിൽ ഒരു സഭാ സാമാജികന്റെ ചിന്താപരിസരത്തുപോലും വന്നു നക്ഷത്രചിഹ്നമിടില്ല. ആ പേന വാങ്ങിയതിൽ അഴിമതി നടന്നോ എന്നതായിരുന്നില്ല പ്രശ്നം. പാർക്കർ പോരാ, അമേരിക്കൻ ഷീഫർ തന്നെ വേണമെന്നു ചില മന്ത്രിമാർ വാശിപിടിച്ചു എന്ന ആരോപണത്തിലാണു കാതൽ. അധികാര ദുർവിനിയോഗത്തിന്റേയും ധൂർത്തിന്റേയും മഷികൊണ്ടെഴുതിയ അധ്യായങ്ങൾ ആദ്യ കേരളാ നിമയസഭയിലെ ആദ്യ സമ്മേളനത്തിൽ തന്നെ ഇങ്ങനെ അനവധി കാണാം. ഇന്നു നിസ്സാരമെന്നു തോന്നിയേക്കാവുന്ന പലതുമാണു് അഴിമതിസംസ്കാരത്തെ കേരളത്തിൽ പ്രതിഷ്ഠിച്ചതു് എന്നും തിരിച്ചറിയാം.

ആദ്യ കേരളസർക്കാരിനെ ഉലച്ചുമറിക്കുന്നതിലും പ്രിതിച്ഛായ തകർക്കുന്നതിലും വരെ എത്തിയതു് ഇത്തരമൊരു നിസ്സാര ചോദ്യത്തിൽ തുടങ്ങിയ ആരോപണമായിരുന്നു. ചോദ്യം ചോദിച്ചതു് പിന്നീടു് കെ പി സി സി പ്രസിഡന്റ് വരെയായ ടി ഒ ബാവ. ഉത്തരം പറഞ്ഞതു് കെ സി ജോർജ് എന്ന ഭക്ഷ്യമന്ത്രി. 1957 ഡിസംബർ 14-നു് നക്ഷത്രചിഹ്നമിട്ടുവന്ന ആ ചോദ്യങ്ങൾ:
- ടി ഒ ബാവ:
-
- ആന്ധ്രയിൽ നിന്നു കേരളാ സർക്കാർ വാങ്ങിയ അരി ചാക്കിനു് എന്തു വിലയായിരുന്നു?
- ആരോടാണു വാങ്ങിയതു്?
- എന്തിനം അരിയാണു്?
- ഈ ഇടപാടിൽ സ്റ്റേറ്റിന്റെ പൊതുമുതൽ നഷ്ടപ്പെട്ടിട്ടുണ്ടു് എന്ന ആരോപണത്തെക്കുറിച്ചു ഗവൺമെന്റ് അന്വേഷിച്ചിട്ടുണ്ടോ?
- അരിവാങ്ങാൻ ഇവിടെ നിന്നു് ഏതെങ്കിലും ഉദ്യോഗസ്ഥരെ ആന്ധ്രയിൽ അയച്ചിരുന്നോ?
- ആരാണു് ഉദ്യോഗസ്ഥർ?
- അദ്ദേഹത്തിന്റെ അവിടത്തെ ജോലി എന്തായിരുന്നു?
- ഭക്ഷ്യമന്ത്രി കെ സി ജോർജ്:
-
- 5000 ടൺ അരി വാങ്ങിയതിൽ 3,160 ടൺ ചാക്കൊന്നിനു് 36 രൂപ 14 അണ 6 പൈസ വിലയ്ക്കും 1845 ടൺ ചാക്കൊന്നിനു് 36 രൂപ 2 അണ 6 പൈസ നിരക്കിലുമാണു വാങ്ങിയതു്.
- ആന്ധ്രാ സംസ്ഥാനത്തുള്ള പല മില്ലുകളിൽ നിന്നും ഒരു ഏജൻസി മുഖാന്തിരമാണു വാങ്ങിയതു്.
- ഡാൽവാ പുഴുക്കലരി.
- പരാതികൾ അടിസ്ഥാന രഹിതമായതിനാൽ അതിനെപ്പറ്റി അന്വേഷിക്കേണ്ട ആവശ്യം ഉണ്ടെന്നു ഗവൺമെന്റ് കരുതുന്നില്ല.
- രണ്ടു് ഉദ്യോഗസ്ഥരെ സ്റ്റേറ്റ് റൈസ് ഓഫിസർമാരായി ഇവിടെ നിന്നു് അയച്ചിരുന്നു.
- പാലക്കാട് കലക്ടറുടെ പഴ്സണൽ അസിസ്റ്റന്റ് വി മാധവമേനോനേയും ദേവികുളം ഡപ്യൂട്ടി കലക്ടർ ടി കെ രാമനേയുമാണു് ആന്ധ്രയിലേക്കു് അയച്ചിരുന്നതു്.
- ഗവൺമെന്റിൽ നിന്നു് ഏർപ്പെടുത്തിയിട്ടുള്ള ഏജൻസി നൽകുന്ന അരി റയിൽവാഗണുകളിൽ കയറ്റുന്നതിനു മുൻപു പരിശോധിച്ചു ബോധ്യപ്പെടുക, അരിചാക്കുകളുടെ തൂക്കം പരിശോധിക്കുക, അതതു ദിവസത്തെ ആന്ധ്രാ വിപണിയിൽ നിന്നുള്ള വില തിട്ടപ്പെടുത്തി ആ റേറ്റിനാണോ ഏജൻസി അരിവിലയ്ക്കുള്ള ബിൽ അയച്ചിട്ടുള്ളതു് എന്നു പരിശോധിക്കുക, റയിൽവേയിൽ നിന്നു വാഗണുകൾ ലഭ്യമാക്കുക എന്നിവയായിരുന്നു റൈസ് ഓഫിസർമാരുടെ അവിടുത്തെ ജോലി.
അന്നു് ആ വിഷയത്തിൽ നിയമസഭയിൽ പിന്നെ ഒരു ചർച്ചയും ഉണ്ടായില്ല. പക്ഷേ, വിവാദം പുറത്തു് തുടങ്ങികഴിഞ്ഞിരുന്നു. ആദ്യം വന്നതു് ഒരു കോടി രൂപയുടെ ആരോപണമാണു്. 20,000 ടൺ അരിവാങ്ങാൻ കരാർ ആയെന്നും ഒരു കോടി രൂപയുടെ ക്രമക്കേടിനാണു വഴി ഒരുങ്ങിയതും എന്നുമുള്ള ആരോപണം അന്നത്തെ പത്രങ്ങളിലും കടന്നുകയറി (വസ്തുതാ പരിശോധന ഇല്ലാതെ തന്നെ).
ഒരു ടൺ അരി എന്നാൽ അന്നു് 14 ചാക്കു് ആണു്. ഒരു ചാക്കു് എന്നാൽ ശരാശരി 87 കിലോ. ആ 87 കിലോ അരിയുടെ വിലയാണു് 36 രൂപ 14 അണ 4 പൈസ. ഒരു കിലോ അരിയുടെ വില 41 പൈസ. ഒരു രൂപയ്ക്കു രണ്ടേകാൽ കിലോ അരി കിട്ടുന്ന ആ കാലത്താണു് ഒരു കോടി രൂപയുടെ അഴിമതി ആരോപണം വന്നതു്. കവലപ്രസംഗങ്ങളിലും പത്രവാർത്തകളിലുമായി അതു വികസിച്ചുകൊണ്ടേയിരുന്നു. മലയാളികളുടെ വിവാദപാഠാവലിയുടെ ഒന്നാംപാഠമായിരുന്നു അതു്. ഒരു വിവാദ വാർത്ത കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങളും ഉൾക്കൊള്ളുന്നതിൽ പൊതുജനവും പഠിക്കേണ്ടതെന്തെന്നറിയാൻ ആന്ധ്രയിലെ ഈ അരിചാക്കുകൾ തുറന്നു നോക്കണം. അങ്ങനെ പഠിക്കാൻ ശ്രമിച്ചു രേഖകൾ പരിശോധിച്ചാൽ രണ്ടു ചോദ്യങ്ങൾ പെട്ടെന്നു കടന്നു വരും. യഥാർത്ഥത്തിൽ അരി ഇടപാടിൽ എന്തു വീഴ്ചയാണു സംഭവിച്ചതെന്ന സ്വാഭാവിക ചോദ്യം ആദ്യത്തേതു്. രണ്ടാമത്തേതു് ആരോപണം ഉന്നയിച്ച ടി ഒ ബാവയ്ക്കു് അരിയുടെ കാര്യത്തിൽ എന്തെങ്കിലും പ്രത്യേക താൽപര്യം ഉണ്ടോ?
കഥപറയുമ്പോൾ ക്ളൈമാക്സിനായി മാറ്റിവയ്ക്കേണ്ടതാണു് രണ്ടാമത്തെ വിഷയം. ടി ഒ ബാവയുടെ അരിയിലെ താൽപര്യം. പക്ഷേ, ഇവിടെ അതു് ആദ്യം വെളിപ്പെടുത്തി തന്നെ മുന്നോട്ടുപോയാലും വലിയ ക്ളൈമാക്സ് സർക്കാർ തന്നെ ഒരുക്കിവച്ചിട്ടുണ്ടു്. ടി ഒ ബാവയുടെ പിതാവു് വലിയ ഹോൾസെയിൽ അരിവ്യാപാരിയായിരുന്നു. ആലുവയിലെ ഏറ്റവും വലിയ അരിക്കച്ചവടക്കാരൻ. ആ വിവരം മറച്ചുവച്ചല്ല ബാവ അരിയുടെ വിഷയത്തിൽ ഇടപെട്ടതു് എന്നതാണു് ബാവയ്ക്കു ലഭിച്ച വിശ്വാസ്യതയുടെ ആദ്യകാരണം.
1958 ഡിസംബർ 20-നു് അരിവിവാദത്തിൽ നീണ്ട ചർച്ച സഭയിൽ നടക്കുകയാണു്. ഡിസംബർ 14-നു് കൊണ്ടുവന്ന മുകളിൽ പറഞ്ഞ ചോദ്യത്തിൽ നിന്നു് ഉയർന്നുവന്ന പ്രശ്നങ്ങൾകൊണ്ടു കലുഷിതമായ സഭ. അവിടെ പെട്ടെന്നു് ഒരു കടലാസുമായി ബാവ എഴുനേൽക്കുന്നു:
‘ടി ഒ ബാവ: ഓഗസ്റ്റ് 20-നു് സർക്കാർ അരിവാങ്ങിയതായാണു് പത്രക്കുറിപ്പിൽ പറയുന്നതു്. സർക്കാർ കൊടുത്ത വില ഒരു ചാക്കിനു് 36 രൂപ 14 അണ. അന്നു് അവിടെ ആ വില ഇല്ലായിരുന്നു. അന്നു് അതേ ദിവസം സർക്കാർ വാങ്ങിയ ഡാൽവ അരി 34 രൂപ എട്ടു് അണയ്ക്കു വിൽക്കാമെന്നു് ആന്ധ്രയിലെ വ്യാപാരികൾ ഓഫർ നൽകിയിട്ടുണ്ടു്. അന്നു് അതേ ദിവസം ആലുവയിലെ ഒരു വ്യാപാരിക്കു് 34 രൂപ 12 അണയ്ക്കു് അരി നൽകാം എന്നു പറഞ്ഞ ആന്ധ്രയിലെ താഡപ്പള്ളിഗുഡം ദേവി ആൻഡ് കമ്പനി നൽകിയ ഓഫർ കാർഡാണു് എന്റെ കയ്യിൽ ഉള്ളതു്. അന്നു് അതേ ദിവസം 34 രൂപ എട്ടു് അണയുടെ ഓഫറുകൾ പല വ്യാപാരികൾക്കും ആലുവയിൽ ലഭിച്ചിട്ടുണ്ടു്.
- കെ സി ജോർജ്:
- ആ കാണിച്ച കാർഡ് ആർക്കു് അയച്ചതാണു്.
- ടി ഒ ബാവ:
- സംശയിക്കണ്ട. ആലുവയിലെ അരിവ്യാപാരിയായ എന്റെ പിതാവിനു ലഭിച്ച ഓഫർ ആണിതു്. ഈ കാർഡ് അന്നേദിവസം താഡപ്പള്ളിഗുഡത്തു നിന്നു പോസ്റ്റ് ചെയ്തതിന്റെ സീൽ വേണമെങ്കിൽ ആർക്കും പരിശോധിക്കാം.
ബാവയുടെ ഈ ഇടപെടലോടെ രണ്ടു കാര്യങ്ങൾക്കു വ്യക്തത വന്നു. ബാവയുടെ പിതാവു് അരിവ്യാപാരിയാണു് എന്നതായിരുന്നു ആദ്യത്തേതു്. രണ്ടാമത്തേതു് ആന്ധ്ര അരി ഇടപാടിൽ നടന്നിരിക്കാൻ ഇടയുള്ള പണമിടപാടിന്റെ വലിപ്പം. അഞ്ചായിരം ടൺ അരി വാങ്ങിയതിൽ പതിനാറര ലക്ഷത്തിന്റെ അഴിമതി നടന്നുവെന്നും 20,000 ടണ്ണിന്റെ കരാർ പൂർത്തിയാകുമ്പോൾ ഒരു കോടിയുടെ വഴിവിട്ട ഇടപാടു് നടക്കുമെന്നുമുള്ള ആരോപണം ആ ഒറ്റദിവസം കൊണ്ടു മയപ്പെട്ടു വന്നു. അഞ്ചായിരം ടൺ അരിക്കു് യഥാർത്ഥത്തിൽ 25 ലക്ഷം രൂപയായിരുന്നു വില. അതു പരിശോധിക്കാതെയാണു് പതിനാറരലക്ഷത്തിന്റെ അഴിമതി വാർത്ത പത്രങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞതു്. ഒരു കോടി രൂപയെന്നാൽ 20,000 ടൺ അരിയും മൊത്തം വാങ്ങിയാൽ സർക്കാർ ചെലവഴിക്കുന്ന പണമായിരുന്നു. അതു് അഴിമതിയുടെ കണക്കു് ആയിരുന്നില്ല.

ബാവ തന്നെ സഭയിൽ സമ്മതിച്ചതുപോലെ, പിന്നെ സർക്കാരിനും സമ്മതിക്കേണ്ടി വന്നതുപോലെ ആദ്യത്തെ അരി ഇടപാടിൽ ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള നഷ്ടത്തിന്റെ ദുരൂഹതയാണുള്ളതു്. ഒരുചാക്കു് അരി വാങ്ങിയതിൽ രണ്ടു രൂപ 10 അണയുടെ വ്യത്യാസം. അന്നത്തെ വിപണി വിലയിൽ ഓരോ ചാക്കിനും നഷ്ടമായിരിക്കുന്നതു് അഞ്ചു കിലോ അരി കൂടി വാങ്ങാനുള്ള വില. ഒരു ടൺ അരിയുടെ ഇടപാടു നടന്നപ്പോൾ നഷ്ടമായതു് 70 കിലോ അരി കൂടി വാങ്ങാനുള്ള പണം. അങ്ങനെ അയ്യായിരം ടൺ അരി വാങ്ങിയപ്പോൾ മൂന്നര ടൺ അരി കൂടി വാങ്ങാനുള്ള പണമാണു് ഇല്ലാതായതു്. അതായതു് 1,43,500 രൂപ. അന്നു് 1.43 ലക്ഷം രൂപ എന്നതു വളരെ വലിയ ഒരു തുക തന്നെയായിരുന്നു. യഥാർത്ഥ നഷ്ടം ചൂണ്ടിക്കാണിച്ചു് വിവാദങ്ങളിലേക്കു് ഇറങ്ങിയിരുന്നെങ്കിലും വാർത്തയുടെ മൂല്യം ഒട്ടും തകരുമായിരുന്നില്ല. കാരണം ആ 1.43 ലക്ഷം രൂപയുടെ നഷ്ടത്തിനു തക്കതായ വിശദീകരണം നൽകാൻ നിയമസഭയിലോ പിന്നീടു നിയമിതമായ ജുഡീഷ്യൽ കമ്മിഷനു മുന്നിലോ സർക്കാരിനു കഴിഞ്ഞില്ല. ടി ഒ ബാവ ഹാജരാക്കിയ സ്വകാര്യ ക്വട്ടേഷനുകളിൽ മാത്രമായിരുന്നില്ല അന്നേ ദിവസം കേന്ദ്ര സർക്കാർ വാങ്ങിയ അരിക്കും വില കുറവു തന്നെയായിരുന്നു. കേന്ദ്ര സർക്കാർ ആന്ധ്രയിൽ നിന്നു് ഒരു ചാക്കു് ഡാൽവ അരി അതേ ദിവസം 34 രൂപയ്ക്കാണു വാങ്ങിയിരുന്നതു്. ആ നിലയ്ക്കു നോക്കിയാൽ ഒന്നര ലക്ഷം രൂപയുടെ വ്യത്യാസം സംസ്ഥാനം വാങ്ങിയ അരിയിൽ ഉണ്ടായി. വിലയുടെ കാര്യത്തിൽ മാത്രമല്ല, വിവാദം പെരുപ്പിച്ചപ്പോൾ പാളിച്ചയുണ്ടായതു്. അന്നു കേരളം മുഴുവൻ അലയടിച്ച വാർത്തയായിരുന്നു കമ്മ്യൂണിസ്റ്റ് സർക്കാർ അധിക വിലയ്ക്കു് അരി വാങ്ങിയതു് പി സുന്ദരയ്യ യുടെ സഹോദരനിൽ നിന്നാണു് എന്നതു്. പ്രതിപക്ഷം അതു വിവാദവും പത്രങ്ങൾ വാർത്തയുമാക്കി. യഥാർത്ഥത്തിൽ ആരിൽ നിന്നാണു് അരിവാങ്ങിയതു്?

സംസ്ഥാന സർക്കാർ അരി വാങ്ങിയതു് ടി ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനി മുഖേനയായിരുന്നു. ആന്ധ്രക്കാർ ആണെങ്കിലും കമ്പനിയുടെ ആസ്ഥാനം മദ്രാസ് (ഇന്നത്തെ ചെന്നൈ) ആണു്. ശ്രീരാമലു അറിയപ്പെടുന്ന കോൺഗ്രസ് നേതാവു്. പൊറ്റ ശ്രീരാമലു എന്ന ആന്ധ്രയിലെ കോൺഗ്രസിന്റെ തലതൊട്ടപ്പന്റെ സഹോദരൻ. ഇവരുടെ സഹോദരിയുടെ മകനാണു് സൂര്യനാരായണൻ. മുഴുവൻ പേരു് പി സൂര്യനാരായണൻ. ഈ പി സൂര്യനാരായണനാണു് പി സുന്ദരയ്യയുടെ സഹോദരനാണെന്നു് ഏതോ കോൺഗ്രസ് നേതാവു് കവലപ്രസംഗത്തിലെ പഞ്ചിനു വേണ്ടി ഉപയോഗിച്ചതും പിറ്റേന്നു പത്രങ്ങളിലെല്ലാം വാർത്തയായതും. സൂര്യനാരായണനും ശ്രീരാമലുവും കോൺഗ്രസ് നേതാക്കൾ ആണോ എന്നു പോലും അന്വേഷിക്കാതെ ആ വിവാദവാർത്ത വന്ന കാലങ്ങളിലെല്ലാം സുന്ദരയ്യയുടെ സഹോദരന്റെ കമ്പനി എന്ന പ്രയോഗവും ഒപ്പമുണ്ടായിരുന്നു. പക്ഷേ, സുന്ദരയ്യയുടെ കുടുംബക്കമ്പനി ആയിരുന്നില്ലെങ്കിലും ടെൻഡർ പോലും വിളിക്കാതെ കമ്യൂണിസ്റ്റ് സർക്കാർ അരി വാങ്ങിയ ഈ കമ്പനിക്കു് വേറെ ഒരു വലിയ ദുരൂഹതയുണ്ടായിരുന്നു. അതു് അന്നോ പിന്നീടു് അന്വേഷണ കമ്മിഷനു മുന്നിലോ ആരും ചർച്ചചെയ്തതുമില്ല.
ടി ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനി അരിക്കച്ചവടക്കാർ ആയിരുന്നില്ല എന്നതായിരുന്നു ദുരൂഹത. അവർ അന്നുവരെ നടത്തിയിരുന്നതു തടിക്കച്ചവടമായിരുന്നു. അവരുടെ ആദ്യത്തെ ലോഡ് അരി കൈമാറിയതു് കേരളത്തിനു് ആയിരുന്നു. മദ്രാസ് ആസ്ഥാനമായിരുന്ന തടിക്കമ്പനിയിൽ നിന്നു സംസ്ഥാന സർക്കാർ വിപണി വിലയിലും കൂടിയ വിലയ്ക്കു് അരി വാങ്ങിയതിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുകയാണു്. അരി സൂക്ഷിക്കാൻ അതുവരെ ഒരു ഗോഡൗൺപോലും ഇല്ലാതിരുന്ന കമ്പനിയെ ടെൻഡർ പോലും വിളിക്കാതെ കരാർ ഏൽപ്പിച്ചതു് ഏതു് അടിയന്തിര സാഹചര്യത്തിൽ ആയിരുന്നു?

ആ ചോദ്യത്തിനുള്ള ഉത്തരമായി കെ സി ജോർജ് എന്ന ഭക്ഷ്യമന്ത്രിയും മുഖ്യമന്ത്രി ഇ എം എസും വിശദീകരിച്ചതു് ഇങ്ങനെയായിരുന്നു. സംസ്ഥാനത്തിനു് 26,000 ടൺ അരിയാണു് കേന്ദ്ര വിഹിതമായി ലഭിച്ചിരുന്നതു്. എന്നാൽ ജനുവരിയിൽ അയ്യായിരം ടൺ അരി മാത്രമേ നൽകാൻ കഴിയൂ എന്നു കേന്ദ്ര സർക്കാർ അറിയിച്ചു. 20,000 ടൺ അരിയുടെ കുറവാണു് അപ്പോൾ സംസ്ഥാനത്തു് ഉണ്ടാവുക. ഇതു കേരളം സ്വന്തം നിലയ്ക്കു വാങ്ങണം എന്നു കേന്ദ്രസർക്കാർ അറിയിച്ചു. വില നിയന്ത്രിക്കാനും ക്ഷാമം ഉണ്ടാകാതിരിക്കാനും അരി ഉടനടി കേരളത്തിൽ എത്തേണ്ടതു് ആവശ്യമായിരുന്നു. സംസ്ഥാനത്തെ അരി വ്യാപാരികളോടു് ആവശ്യപ്പെട്ടപ്പോൾ ആരും സർക്കാർ പറയുന്ന വിലയ്ക്കു് വിതരണം ചെയ്യാൻ തയ്യാറായില്ല. അതിനാൽ സർക്കാർ നേരിട്ടു് ആന്ധ്രയിൽ നിന്നു് അരി വാങ്ങി പൊതുവിപണിയിൽ ലഭ്യമാക്കാൻ തീരുമാനിച്ചു. പറഞ്ഞ സമയത്തിനുള്ളിൽ അരി എത്തിക്കാം എന്നു വാഗ്ദാനം ചെയ്തു വന്ന കമ്പനിയാണു് ടി ശ്രീരാമലു ആൻഡ് സൂര്യനാരായണൻ. അവർ ആദ്യഘട്ടത്തിൽ കരാർ ആക്കിയ അയ്യായിരം ടണ്ണും പറഞ്ഞ സമയത്തു തന്നെ നൽകുകയും ചെയ്തു. അടിയന്തരഘട്ടം ആയിരുന്നതിനാൽ സർക്കാർ മറ്റു മാർഗ്ഗങ്ങൾ ആലോചിച്ചില്ല.

ഇവിടെയാണു് കേരളത്തിൽ പിന്നീടുണ്ടായ പലവിവാദങ്ങളുടേയും കരടു കിടക്കുന്നതു്. എസ് എൻ സി ലാവ്ലിൻ എന്ന കമ്പനിയുമായി കരാർ വച്ചതിനെക്കുറിച്ചു അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയൻ പറഞ്ഞ അതേ ന്യായീകരണം. കാര്യം നടക്കുകയായിരുന്നു ആവശ്യം എന്നതിനാൽ മറ്റു വഴികൾ തേടിയില്ല എന്ന വാദം ഖജനാവിനും ജനത്തിനും നഷ്ടമുണ്ടാകാത്ത കാലത്തോളം മാത്രമേ നിലനിൽക്കുകയുള്ളു. ആന്ധ്ര അരിയുടെ കാര്യത്തിൽ ഖജനാവിനു് ആദ്യത്തെ കരാറിൽ തന്നെ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നതു നിഷേധിക്കാൻ മന്ത്രിസഭയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഒരുകാലത്തും കഴിഞ്ഞതുമില്ല. പക്ഷേ, ആന്ധ്ര അരിയുടെ ഇടപാടു് ആ അയ്യായിരം ടണ്ണിലും ഒന്നരലക്ഷം രൂപയുടെ ദുരൂഹതയിലും അവസാനിച്ചിരുന്നില്ല. ഒരു ചാക്കു് അരിക്കു് ആറു് അണയായിരുന്നു വിലയ്ക്കു പുറമെ സർക്കാർ നൽകിയ കമ്മിഷൻ. ഏകദേശം 37.5 പൈസ. 41 പൈസക്കു് ഒരു കിലോ അരികിട്ടുന്ന കാലത്തായിരുന്നു ഈ കമ്മിഷൻ. അയ്യായിരം ടൺ അരിയെന്നാൽ എഴുപതിനായിരം ചാക്കു വരും. കമ്മിഷൻ മാത്രമായി സർക്കാർ ഈ കമ്പനിക്കു നൽകിയതു് 26,250 രൂപ. വണ്ടിച്ചെലവും വാഗൺചെലവുമെല്ലാം സർക്കാർ തന്നെ ഇതുകൂടാതെ വഹിച്ചു. അപ്പോൾ ഖജനാവിനുണ്ടായ അധികച്ചെലവു് ഒന്നേമുക്കാൽ ലക്ഷം രൂപയായി. ഈ തുക ആന്ധ്രയിലെ അരിമില്ലുകളിൽ നിന്നു നേരിട്ടു വാങ്ങിയിരുന്നെങ്കിൽ ലാഭിക്കാമായിരുന്നില്ലേ എന്ന ഒറ്റച്ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ കഴിയാത്തിടത്താണു് ദുരൂഹത പർവ്വതീകരിക്കപ്പെട്ടതു്. ഇത്രയും ദുരൂഹത ഉയർന്നു വന്ന ശേഷവും സർക്കാർ നേരിട്ടു തന്നെ അരിവാങ്ങാൻ പിന്നെയും കരാർ എഴുതി.
സർക്കാർ കരാർ എഴുതിയതു് അഴിമതിക്കു വേണ്ടിയാണെന്നു് അന്നത്തെ പത്രവാർത്തകളിൽ വന്നതുപോലെയോ കോൺഗ്രസ് നേതാക്കൾ പറയുന്നതുപോലെയോ സ്ഥാപിക്കാൻ കഴിയില്ല. കാരണം കേരളത്തിൽ അന്നു് ഒരു വർഷം വേണ്ടിയിരുന്നതു് 14 ലക്ഷം ടൺ അരിയാണു്. ഇവിടെ ഉണ്ടായിരുന്ന ഉത്പാദനം ഏഴു ലക്ഷം ടൺ മാത്രവും. കേന്ദ്രസർക്കാർ മാസംതോറും 26,000 ടൺ നൽകിയിരുന്നു—വർഷം 3.12 ലക്ഷം ടൺ. ആ 26,000 ടൺ വെട്ടിക്കുറയ്ക്കും എന്ന അറിയിപ്പു വന്നതോടെയാണു് സംസ്ഥാന സർക്കാർ അരിവിപണിയിൽ ഇറങ്ങിയതു്. പുതിയ സർക്കാരിനു് ഒട്ടും ആലോചിക്കാൻ കഴിയാത്ത ഒരു സ്ഥിതി വിശേഷമായിരുന്നു അതു്. കേന്ദ്രഅരിയുടെ വരവു കുറഞ്ഞാൽ കടുത്തക്ഷാമവും വിലക്കയറ്റവും ഉണ്ടാവുകയും അതിന്റെ പേരിൽ തന്നെ സർക്കാർ പ്രതിസന്ധിയിലാവുകയും ചെയ്യും. അതുമറികടക്കാൻ നടത്തിയ ശ്രമങ്ങളാണു തുടർ കരാറുകളിലേക്കു് സർക്കാരിനെ എത്തിച്ചതു്. രണ്ടാമതു വാങ്ങിയതു പതിനായിരം ടൺ അരിയായിരുന്നു. ഇതും ടെൻഡർ വിളിക്കാതെ തന്നെ നൽകി. വിവാദമായ ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനിക്കു തന്നെ അയ്യായിരം ടണ്ണിനും ആന്ധ്രയിലെ തെനാലിയിലുള്ള തങ്ക വെങ്കിടേശ്വരലു ആൻഡ് ഈഡികൗണ്ടർ വെങ്കിടസുബ്രഹ്മണ്യം എന്ന കമ്പനിക്കു് അയ്യായിരം ടണ്ണിനും കരാർ. ഇതു കൂടിയ ഡാൽവ അരിക്കു പകരം ബസങ്കി അരിക്കുള്ള കരാർ ആയിരുന്നു. ഇതൂകൂടാതെ മറ്റൊരു ആറായിരം ടൺ അരിക്കു കൂടി സർക്കാർ കരാർ എഴുതി. അക്കലു പുഴുക്കലരി വാങ്ങുന്നതിനുള്ള ആ കരാർ മുഴുവനായും ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനിക്കു തന്നെ നൽകി. യഥാർത്ഥത്തിൽ ഇവിടെയും വലിയൊരു വാർത്തയുണ്ടായിരുന്നു. അന്നാരും അന്വേഷിക്കാതെ പോയ സംഭവം. സർക്കാർ കരാർ എഴുതിയ രണ്ടു കമ്പനികളും ഒരേ ഡയറക്ടർമാരുടേതു തന്നെ ആയിരുന്നു എന്നതായിരുന്നു ആ ദുരൂഹത.
ഭരണത്തിലെ പരിചയക്കുറവുകൊണ്ടും ചട്ടങ്ങൾ പാലിക്കാതെയുള്ള നടപടികൾകൊണ്ടും സംഭവിച്ചതാണെങ്കിലും അരി ഇടപാടിൽ വലിയ വീഴ്ച പ്രഥമദൃഷ്ട്യാ സംഭവിച്ചിരുന്നു. അതു സർക്കാരിനു മനസ്സിലാവുകയും ചെയ്തു. അതു മനസ്സിലാക്കിയതിന്റെ തെളിവായിരുന്നു ഇ എം എസ് ഒരു മുഴം മുൻപേ നടത്തിയ ഏറു്. കേരളം കണ്ട ഏറ്റവും മെയ് വഴക്കമുള്ള രാഷ്ട്രീയ തന്ത്രം കൂടിയായിരുന്നു അതു്.

1958 മാർച്ച് 25. കെ പി സി സി പ്രസിഡന്റ് കൂടിയായ പ്രതിപക്ഷ നേതാവു് പി ടി ചാക്കോ നിയമസഭയിൽ ഒരു പ്രമേയം അവതരിപ്പിക്കുന്നു:
‘സർ, എന്റെ പ്രമേയം ഇതാണു്. കേരള സംസ്ഥാനം ആന്ധ്രയിൽ നിന്നു് അരിവാങ്ങിയതു സംബന്ധിച്ചു് ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ഇവയെപ്പറ്റി അന്വേഷിക്കുന്നതിനു ജില്ലാ ജഡ്ജിയുടെ നിലയിലുള്ള കമ്മിഷനെ നിശ്ചയിക്കണമെന്നു് ഈ സഭ ശുപാർശ ചെയ്യുന്നു.’
ആവശ്യം വിശദീകരിച്ചുകൊണ്ടുള്ള ചാക്കോയുടെ പ്രസംഗത്തിനൊടുവിൽ മുഖ്യമന്ത്രി ഇ എം എസ് എഴുന്നേറ്റു:
‘വാസ്തവത്തിൽ എനിക്കു ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോടു സഹതാപമാണു തോന്നുന്നതു്. ജില്ലാ ജഡ്ജിയുടെ നിലയിലുള്ള അന്വേഷണമാണു് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതു്. എന്നാൽ ഹൈക്കോടതി ജഡ്ജിയെക്കൊണ്ടു തന്നെ അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഇതിനുള്ള കമ്മിഷനെ നിശ്ചയിക്കുന്നതിനായി ഇന്നലെ ഹൈക്കോടതിയുമായി ചർച്ച നടത്തുകയും ചെയ്തു. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ വയ്ക്കാൻ സർക്കാർ തീരുമാനിച്ച സ്ഥിതിക്കു് ജില്ലാ ജഡ്ജിയെക്കൊണ്ടു് അന്വേഷിപ്പിക്കണം എന്നു പ്രതിപക്ഷ നേതാവു പറയുന്നതു് എന്തു ഗതികേടുകൊണ്ടാണു്?’
സർക്കാരിന്റെ കൈകൾ ശുദ്ധമായതുകൊണ്ടു് ഒരന്വേഷണത്തേയും ഭയമില്ലെന്നു പിന്നീടു വന്ന മുഖ്യമന്ത്രിമാർക്കു പറയാനുള്ള മാതൃകയാണു് ഇ എം എസ് അവിടെ സൃഷ്ടിച്ചതു്. സോളാർ ഉൾപ്പെടെയുള്ള അസംഖ്യം അന്വേഷണ കമ്മിഷനുകളുടെ ബീജം അന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ കേരളത്തിൽ വീണു കഴിഞ്ഞിരുന്നു. പി ടി ചാക്കോയ്ക്കു പ്രമേയം പിൻവലിക്കുകയല്ലാതെ മറ്റു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നുണ്ടായിരുന്നു. അതു് പിതാവിനു് അരിക്കച്ചവടം ഉണ്ടെന്നു നിയമസഭയിൽ തന്നെ തെളിച്ചുപറഞ്ഞ ടി ഒ ബാവയ്ക്കു് മറ്റെന്തെങ്കിലും താൽപര്യം ഉണ്ടായിരുന്നോ എന്ന ചോദ്യമാണു്. അതു് തെളിച്ചു പറയാൻ കഴിയുന്ന കാര്യമല്ല. പക്ഷേ, സർക്കാർ അരിവാങ്ങാൻ തീരുമാനിച്ച ഒരു പ്രഖ്യാപനമുണ്ടു്. ചട്ടം 137 അനുസരിച്ചു് നിയമസഭയിൽ മന്ത്രി കെ സി ജോർജ് അവതരിപ്പിച്ച ഒരു പ്രമേയം. ഏതുവിധേനയും സർക്കാർ അരിശേഖരം വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്കു് ഈ സഭ പൂർണ പിന്തുണ നൽകുന്നു എന്നായിരുന്നു നിയമസഭയുടെ ആദ്യ ദിനത്തിൽ തന്നെയുള്ള പ്രമേയം. ഇതു് അവതരിപ്പിച്ച ഉടനെ ടി ഒ ബാവ എഴുന്നേറ്റു ചോദിച്ചു:
- ടി ഒ ബാവ:
- ഈ സംസ്ഥാനത്തെ കച്ചവടക്കാർ ആന്ധ്രയിൽ പോയി വാങ്ങിയിട്ടുള്ള അരി അവിടെ നിന്നു കൊണ്ടുവരാൻ വാഗൺ ലഭിക്കാത്ത പ്രശ്നമുണ്ടു്. അതു പരിഹരിക്കാൻ സർക്കാർ ഇടപെടുമോ?
- കെ സി ജോർജ്:
- തീർച്ചയായും സർക്കാർ ഇടപെടും. അപ്പോൾ എല്ലാവരുടേയും അംഗീകാരത്തോടെ ഈ പ്രമേയം പാസാക്കുകയല്ലേ?
ആരും എതിർത്തില്ല. പ്രമേയം പാസാവുകയും ചെയ്തു. പക്ഷേ, സംസ്ഥാനത്തെ വ്യാപാരികൾ കരുതിയതുപോലെ അവിടെ നിന്നു് അരികൊണ്ടുവരുന്നതിനു വാഗൺ ഏർപ്പെടുത്തി കൊടുക്കുകയല്ല സർക്കാർ ചെയ്തതു്. നേരിട്ടു് അരി വാങ്ങുകയായിരുന്നു. ആ വാങ്ങലാണു് ആദ്യ മന്ത്രിസഭയുടെ പേരിനെ വലിയകോലാഹലങ്ങളിലേക്കു കൊണ്ടുപോയതു്. ഭൂപരിഷ്കരണ ബില്ലുകളുടെ ശോഭ പോലും കെടുത്തിയതു്. ആന്ധ്രയിൽ നിന്നു കേരളത്തിലെ കച്ചവടക്കാർ വഴി അരികൊണ്ടുവന്നിരുന്നെങ്കിൽ ഈ വിവാദംപോലും ഉണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിലൂടെ ടി ഒ ബാവയുടെ പരിശുദ്ധി സംശയിക്കുന്നതിൽ അർത്ഥമില്ല. കാരണം പ്രഥമദൃഷ്ട്യാ ദുരൂഹത തന്നെയായിരുന്നു ആന്ധ്രയിൽ നിന്നു ചാക്കുകളിൽ നിറച്ചുകൊണ്ടുവന്നതു്. പക്ഷേ, അന്വേഷണം എങ്ങുമെത്തിയില്ല. പുതിയ കണ്ടുപിടിത്തവും ഉണ്ടായില്ല. കാരണം, കമ്മിഷൻ വരുന്നതിനു മുൻപു തന്നെ സംസ്ഥാന സർക്കാരിനെ പുറത്താക്കി കഴിഞ്ഞിരുന്നു. വിമോചന സമരത്തിന്റെ തീക്കാറ്റിൽ, ഫ്ളോറിയുടെ മരണത്തിൽ, അങ്കമാലിയിലെ കൂട്ടക്കൊലയിൽ ആദ്യ സർക്കാരിന്റെ വിധികൂടി എഴുതിവച്ചിരുന്നു.
We had twice, but only twice interfered in Indian politics to the extent of providing money to a political party in the face of prospective communist party victory in a state election once in Kerala and once in West Bengal. Both times the money was given to the Congress party, which had asked for it. Once it was given to Mrs. Gandhi herself.

ഡാനിയൽ പാട്രിക് മൊയ്നീഹാൻ എഴുതിയ ‘എ ഡെയ്ഞ്ചറസ് പ്ളേസ്’ എന്ന പുസ്തകത്തിലെ 41-ാം നമ്പർ പേജിലുള്ള ഈ വാചകത്തിൽ നിന്നല്ല വിമോചന സമരത്തെക്കുറിച്ചുള്ള ഒരു കുറിപ്പു് തുടങ്ങേണ്ടതു്. അതു് ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാര ബില്ലിൽ നിന്നോ കെ ആർ ഗൗരിയമ്മ അവതരിപ്പിച്ച കുടിയൊഴിപ്പിക്കൽ തടയൽ ബില്ലിൽ നിന്നോ ആകണമെന്നുമില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ തോക്കിൻകുഴലിൽ വിറച്ചുപോയൊരു ജനത ജനായത്ത ഭരണത്തിലും കൺമുന്നിൽ കാണേണ്ടി വന്ന ചോരപ്പാടുകളിൽ നിന്നു വേണം ആ ചരിത്രം തുടങ്ങാൻ.
അങ്കമാലിയിൽ വെടിയേറ്റു വീണ ഏഴു് പേർ. പുല്ലുവിളയിലും വെട്ടുകാട്ടുമായി അഞ്ചുപേർ. ചെറിയ തുറയിലെ വെടിവയ്പിൽ മരിച്ച ഗർഭിണിയായ യുവതി ഫ്ളോറിയും മറ്റൊരാളും. ഈ 14 മരണങ്ങളുടെ കണക്കുണ്ടു് ഇ എം എസ് സർക്കാരിന്റെ പതനത്തിലേക്കു നയിച്ച കാരണങ്ങളിൽ ഒന്നാമതായി. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ ഫലം എത്തേണ്ടതു് താഴേത്തട്ടിലുള്ള ലക്ഷണക്കണക്കിനു് ആളുകളിലേക്കാണു്. പാട്ടക്കുടിയാൻമാരെ ഒഴിപ്പിക്കുന്നതു തടഞ്ഞുള്ള ആദ്യസർക്കാരിന്റെ ഓർഡിനൻസിന്റെ നേട്ടം ലഭിക്കേണ്ടതും പതിനായിരക്കണക്കിനു കർഷക ജനതയ്ക്കാണു്. എന്നിട്ടും എന്തുകൊണ്ടു് അവരാരും സർക്കാരിനെ പിന്തുണച്ചു വിമോചന സമരത്തെ എതിർത്തില്ല? ഉത്തരമായി വരുന്നതു പിരിച്ചുവിടാനുള്ള തീരുമാനം എടുത്തശേഷം നെഹ്റു ഇ എം എസിനോടു് ഉന്നയിച്ചു എന്നു പറയുന്ന ചോദ്യമാണു്:
‘ഇത്ര ചെറിയ കാലംകൊണ്ടു നിങ്ങളെങ്ങനെ ജനതയെ എതിർചേരിയിലാക്കി?’
1959 ഏപ്രിൽ 16-നു് ആണു് വിമോചന സമരം ആരംഭിക്കുന്നതു്. കടുത്ത മർദ്ദനവും ലാത്തിച്ചാർജ്ജും ഉണ്ടായി. കൊല്ലത്തു് കശുവണ്ടി ഫാക്ടറികൾ വരെ ജയിലറകളായി. ഇതിനിടയിലാണു് മൂന്നു വെടിവയ്പുകൾ.

ആദ്യത്തേതു് അങ്കമാലിയിൽ ജൂൺ 13-നു്. മദ്യനിരോധനം ആവശ്യപ്പെട്ടു നടത്തിയ ഷാപ്പ് പിക്കറ്റിങ് ആണു് വെടിവയ്പിലേക്കു നയിച്ചതു്. പിക്കറ്റിങ്ങിൽ പങ്കെടുത്ത കുഞ്ഞപ്പൻ എന്ന അങ്കമാലിക്കാരൻ അറസ്റ്റിലായി. സ്റ്റേഷനിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും കുഞ്ഞപ്പൻ കൊല്ലപ്പെട്ടെന്നും വാർത്ത പ്രചരിച്ചു. ഇതോടെ ജനം സ്റ്റേഷനിലേക്കു മാർച്ച് നടത്തി. കല്ലേറു തുടങ്ങിയതോടെ പൊലീസ് വെടിവച്ചു. അഞ്ചുപേർ തൽക്ഷണം മരിച്ചു. രണ്ടുപേർ പിന്നീടു് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോഴും മരിച്ചു. 35 പേർക്കു പരുക്കേറ്റു. അന്നു കുഞ്ഞപ്പൻ യഥാർത്ഥത്തിൽ കൊല്ലപ്പെട്ടിരുന്നില്ലെന്നു സമരത്തിനു നേതൃത്വം നൽകിയ കെ സി കിടങ്ങൂർ പിന്നീടു വെളിപ്പെടുത്തി. ആ ഏഴുപേരുടെ മരണത്തോടെ വിമോചന സമരത്തിനു് തീവ്രഭാവം കൈവന്നു.

ജൂൺ 15-നു് ഒരു വിഭാഗം മാനേജർമാർ സ്കൂളുകൾ അടച്ചു സമരം തുടങ്ങി. അന്നു തിരുവനന്തപുരത്തു വെട്ടുകാടു കടൽപ്പുറത്തു വെടിവയ്പിൽ മൂന്നു പേർ മരിച്ചു. പൊലീസും മത്സ്യത്തൊഴിലാളികളുമാണു് ഏറ്റുമുട്ടിയതു്. പുല്ലുവിളയിൽ മറ്റൊരു വെടിവയ്പിൽ അതേ ദിവസം തന്നെ രണ്ടു പേരും മരിച്ചു. ജൂലൈ മൂന്നിനു ചെറിയതുറയിലും വെടിവയ്പു് ഉണ്ടായി. ചെറിയതുറയിലെ വെടിവയ്പിൽ ഗർഭിണിയായ ഫ്ളോറി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതോടെ സർക്കാരിനു് ജനപക്ഷത്തു നിന്നു് എന്തെങ്കിലും വാദം ഉയർത്താനുള്ള ധാർമ്മികത നഷ്ടമായി. അങ്കമാലിയിൽ നിന്നു മന്നത്തുപത്മനാഭൻ കേരള വിമോചന യാത്ര ആരംഭിക്കുമ്പോൾ അവശേഷിച്ചിരുന്ന ചോദ്യം ഈ സർക്കാരിനു് എത്രദിവസം ബാക്കിയുണ്ടു് എന്നതുമാത്രമായിരുന്നു. ജൂലൈ 22-നു് മുഖ്യമന്ത്രി ഇ എം എസ് ക്ഷണിച്ചതു് അനുസരിച്ചു് പ്രധാനമന്ത്രി നെഹ്റു നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജൂലൈ 31-നു് ജാഥ. കേന്ദ്ര സർക്കാർ നടപടി എടുത്തു. വകുപ്പു് 356 അനുസരിച്ചു സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാജ്യത്തെ ആദ്യ രാഷ്ട്രപതി ഭരണ പ്രഖ്യാപനം കൂടിയായിരുന്നു അതു്. സമുദായസംഘടനകളോ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളൊ ഉന്നയിച്ചിരുന്ന നയവിരുദ്ധതയേക്കാൾ ജനങ്ങളെ പ്രകോപിപ്പിച്ചതു് പൊലീസ് നടപടികളാണെന്നായിരുന്നു പിന്നീടുണ്ടായ വിലയിരുത്തൽ. രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ഉണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമായ ഒരു പൊലീസിനെ ജനായത്ത ഭരണത്തിലും കാണാൻ കഴിഞ്ഞില്ല. അപ്പോൾ സി ഐ എയുടെ പങ്കു് എന്തായിരിക്കണം?

അമേരിക്കൻ ചാരസംഘടനയായ സി ഐ എ കേരളത്തിലെ മന്ത്രിസഭയെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണം മൊയ്നീഹാന്റെ പുസ്തകം വരുംവരെ കെട്ടുകഥ മാത്രമായിരുന്നു. ഇന്ത്യയിൽ അമേരിക്കയുടെ സ്ഥാനപതിയായിരുന്ന മൊയ്നീഹാന്റെ പുസ്തകത്തിലെ നാലുവരിയിൽ ഒതുങ്ങുന്നതാണു് ആ പരമാർശം. 73 മുതൽ രണ്ടുവർഷം ഇന്ത്യയിൽ സ്ഥാനപതിയായിരുന്ന മൊയ്നീഹാൻ ദില്ലിയിലുടെ എംബസ്സി ആസ്ഥാനത്തെ രേഖകൾ പരിശോധിച്ചു പറയുന്നതു് ഇങ്ങനെയാണു്. ‘നമ്മൾ (സി ഐ എ) രണ്ടുതവണ, രണ്ടേ രണ്ടു തവണ മാത്രം, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടിക്കു പണം നൽകിയിട്ടുണ്ടു്. ഒരിക്കൽ കേരളത്തിലേയും മറ്റൊരിക്കൽ പശ്ചിമബംഗാളിലേയും കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്കെതിരേ പ്രചാരണം നടത്തുന്നതിനായി കോൺഗ്രസ് പാർട്ടിക്കാണു് പണം നൽകിയതു്. അവർ ആവശ്യപ്പെട്ടിട്ടായിരുന്നു തുക കൈമാറിയതു്. ഒരിക്കൽ ഇന്ദിരാഗാന്ധി നേരിട്ടാണു പണം കൈപ്പറ്റിയതു്.’

ഇന്ദിരാഗാന്ധിക്കു നേരിട്ടു പണം കൈമാറിയതു് ഹെൻറി കിസ്സിൻജർ എന്ന ആഭ്യന്തര സെക്രട്ടറി നേരിട്ടുതന്നെയാണെന്നു മൊയ്നീഹാന്റെ പീന്നീടു പ്രസിദ്ധീകരിച്ച കത്തുകളിൽ പറയുന്നു. ഈ കിസ്സിൻജറാണു് ഇന്ദിരയെ ‘ബിച്ച് ’ എന്നു വിളിച്ചതും 2005-ൽ അതിനു രാജ്യത്തോടു മാപ്പുപറഞ്ഞതും. മൊയ്നീഹാന്റെ പുസ്തകം 1978-ലാണു് പുറത്തു വന്നതു്. തൊട്ടടുത്തവർഷം അതിലെ ആരോപണങ്ങൾ എൽവർത്ത് ബങ്കർ സ്ഥിരീകരിച്ചു. ബങ്കർ 1955 മുതൽ 61 വരെ ഇന്ത്യയിലെ യു എസ് സ്ഥാനപതിയായിരുന്നു.

ബങ്കറിന്റെ ജീവിതകഥ എഴുതിയ ഹോവാർഡ് ഷഫർ അതു രേഖപ്പെടുത്തിയിരിക്കുന്നതു് ഇങ്ങനെയാണു്. “മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവായിരുന്ന എസ് കെ പാട്ടീൽ വഴിയാണു് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രചാരണം നടത്തുന്നതിനായി പണം നൽകിയതു്.”

സി ഐ എയുടെ പണം കോൺഗ്രസ് പാർട്ടിക്കു ലഭിച്ചു എന്നു വാദിക്കാൻ ഇത്രയും തെളിവുകൾ ധാരാളമാണു്. എത്ര പണമാണു് നൽകിയതെന്നോ അങ്ങനെ നൽകിയ പണം കേരളത്തിൽ എവിടെയൊക്കെ എത്തിയെന്നോ ഇനിയും സ്ഥിരീകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പക്ഷേ, ഇങ്ങനെ സി ഐ എയുടെ പണം ലഭിക്കുന്നതുകൊണ്ടു മാത്രം സർക്കാരിനെ ജനവിരുദ്ധമാക്കാൻ കഴിയുമെങ്കിൽ ലോകത്തൊരിടത്തും അമേരിക്കൻ വിരുദ്ധ ഭരണകൂടങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നതാണു് ആദ്യപാഠം. രണ്ടാമത്തേതു കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിച്ചു പത്രങ്ങൾ ജനങ്ങളെ തിരിച്ചുവിട്ടു എന്ന വാദമാണു്. അന്നു സർക്കാർ വിരുദ്ധ വാർത്തകൾ എഴുതിയ പത്രങ്ങൾക്കു പറയുന്ന സ്വാധീനം ഉണ്ടെങ്കിൽ കേരളത്തിൽ ഒരിക്കലും ഇടതുസർക്കാർ പിന്നെ അധികാരത്തിൽ വരില്ല എന്നുകൂടി സമ്മതിക്കേണ്ടി വരും. ഇവയ്ക്കെല്ലാം ഒപ്പം തീരുമാനങ്ങളിലും വിലയിരുത്തലുകളിലും സർക്കാരിനു പറ്റിയ വീഴ്ചകളും കൂടി ചേർന്നാണു് ആദ്യ സർക്കാർ വീണതു്. ആഭ്യന്തരം ഉൾപ്പെടെ അഞ്ചു വകുപ്പുകൾ കൈകാര്യം ചെയ്ത ജസ്റ്റിസ് കൃഷ്ണയ്യരിൽ നിന്നു് അവസാനകാലത്തു് ആഭ്യന്തരവകുപ്പു് എടുത്തു് അച്യുതമേനോനു നൽകിയതു് ആ കുറ്റസമ്മതത്തിന്റെ കൂടി തെളിവായിരുന്നു.

വിമോചന സമരത്തിൽ മുങ്ങിപ്പോയതു് രാജ്യത്തു തന്നെ മാതൃകാപരമായ രണ്ടു നിയമനിർമാണങ്ങളായിരുന്നു. ആദ്യത്തെ ഭൂപരിഷ്കരണം. പാട്ടക്കുടിയാന്മാർക്കും കർഷകർക്കും ഭൂമിയിൽ അവകാശം കൈമാറാനുള്ള തീരുമാനത്തിന്റെ ശോഭ മറ്റുവിവാദങ്ങൾ കെടുത്തി. സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ തന്നെ നിയമനം നടത്തുന്നതായിരുന്നു മുണ്ടശ്ശേരി കൊണ്ടുവന്ന പരിഷ്കാരം. അതും പിന്നീടു് അട്ടിമറിക്കപ്പെട്ടു. സി അച്യുതമേനോൻ (ധനം), ടി വി തോമസ് (ഗതാഗതം), കെ സി ജോർജ്ജ് (ഭക്ഷ്യം), കെ പി ഗോപാലൻ (വ്യവസായം), ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തൻ (പൊതുഭരണം), കെ ആർ ഗൗരി (റവന്യു), വി ആർ കൃഷ്ണയ്യർ (ആഭ്യന്തരം, നിയമം), എ ആർ മേനോൻ (ആരോഗ്യം) തുടങ്ങി ഇന്നു നോക്കുമ്പോൾ ഏറ്റവും തലയെടുപ്പുള്ള നേതാക്കൾ ഭരണത്തിൽ ഉണ്ടായിട്ടും നേരിട്ട തിരിച്ചടി. തെരഞ്ഞെടുപ്പിൽ ജയിച്ചു തുടർഭരണം ഏറ്റെടുത്ത കോൺഗ്രസ് സർക്കാർ തന്നെ ഇതിലും വലിയ വിവാദങ്ങളിലും അധികാരത്തർക്കങ്ങളിലും പെടുന്നതും ആടിയുലയുന്നതും മുഖ്യമന്ത്രി തന്നെ കല്ലേറുകൊണ്ടു വീഴുന്നതുമാണു് പിന്നീടു കേരളം കണ്ടതു്.

ഐക്യകേരളത്തിനു മുൻപാണു്. തിരുക്കൊച്ചി നിയമസഭയിൽ ഒരു ചോദ്യമുയർന്നു: മജിസ്ട്രേറ്റ് പരീക്ഷ പാസായ മലയാറ്റൂർ രാമകൃഷ്ണനു് എന്തുകൊണ്ടു നിയമനം കൊടുക്കുന്നില്ല? മറുപടിയായി പട്ടംതാണുപിള്ള നിയമസഭയിൽ തന്നെ പ്രഖ്യാപിച്ചു: ‘മലയാറ്റൂർ രാമകൃഷ്ണനല്ല, വൈകുണ്ഠം പരമേശ്വരനായാലും കമ്മ്യൂണിസ്റ്റുകാരനെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.’

മലയാറ്റൂർ അതിനു മുൻപു പെരുമ്പാവൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു് ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ പി ഹോർമിസി നോടു തോറ്റയാളായിരുന്നു. പട്ടം മാറി പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രിയായപ്പോൾ ആദ്യം ചെയ്ത കാര്യങ്ങളിലൊന്നു മലയാറ്റൂരിനു നിയമനം കൊടുക്കുകയായിരുന്നു. ഗോവിന്ദമേനോൻ പറഞ്ഞതായി മലയാറ്റൂർ സർവീസ് സ്റ്റോറിയിൽ എഴുതിയിരിക്കുന്നതു് ഇങ്ങനെയാണു്: ‘ഒരു കള്ളനാണയം കൂടി പ്രചരിക്കുന്നതിൽ നിന്നു പുറത്തായി’ എന്നു്. മജിസ്ട്രേറ്റ് ആകുന്നതോടെ മലയാറ്റൂരനു രാഷ്ട്രീയ പ്രവർത്തനം നിർത്തേണ്ടിവരുമെന്ന കൂർമബുദ്ധിയാണു പനമ്പിള്ളി കാണിച്ചതെങ്കിൽ എതിർക്കുന്നവരോടു് എന്നും നേരിട്ടുള്ള യുദ്ധമായിരുന്നു പട്ടത്തിന്റെ രീതി.

ആ കാലം കഴിഞ്ഞു കേരളം ഒന്നായി. മജിസ്ട്രേറ്റു പണി രാജിവച്ചു മലയാറ്റൂർ സിവിൽ സർവീസിൽ ചേർന്നു. രണ്ടാമത്തെ കേരള സർക്കാരിന്റെ മുഖ്യമന്ത്രിയായി പട്ടം താണുപിള്ള സത്യപ്രതിജ്ഞ ചെയ്തു. ഒറ്റപ്പാലം സബ്കലക്ടറാണു് മലയാറ്റൂർ. പട്ടംതാണുപിള്ളയ്ക്കെതിരേ ഫാദർ വടക്കന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടക്കുന്ന സമയം. തൃശൂരിൽ മുഖ്യമന്ത്രി പ്രവേശിച്ച സ്ഥലങ്ങളിലൊക്കെ കരിങ്കൊടി പ്രകടനം പതിവായി. പ്രക്ഷോഭത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഫാ. വടക്കൻ മലനാടു കർഷക യൂണിയൻ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. തൃശൂർ ടൗൺഹാളിൽ അതിന്റെ കൺവൻഷൻ നടക്കുന്ന ദിവസം തന്നെ സംഗീത നാടക അക്കാദമിയുടെ വാർഷികാഘോഷം പട്ടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു. റവന്യുമന്ത്രി കെ ചന്ദ്രശേഖരന്റെ നിർദ്ദേശ പ്രകാരം മുഖ്യമന്ത്രി തൃശൂർ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അകമ്പടിയായി മലയാറ്റൂർ ഉണ്ടാകണം.

വൈകിട്ടു് അഞ്ചരയോടെ യോഗത്തിൽ പങ്കെടുക്കാനായി രാമനിലയത്തിലേക്കു മുഖ്യമന്ത്രി പ്രവേശിക്കുമ്പോൾ മലനാട് കർഷക യൂണിയൻ രൂപീകരണത്തിനു വന്നവർ കൂട്ടമായെത്തി കല്ലേറു തുടങ്ങി. മുഖ്യമന്ത്രിയുടെ ഇടതുനെഞ്ചിൽ തന്നെ കല്ലേറു കൊണ്ടു. കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കു കൊള്ളുന്ന ആദ്യത്തെ കല്ലായിരുന്നു അതു്. പിന്നെയൊരു മുഖ്യമന്ത്രിക്കു കല്ലേറു കൊള്ളുന്നതു് ഉമ്മൻ ചാണ്ടി ക്കാണു്. 2011-ലെ മന്ത്രിസഭാ കാലത്തു കണ്ണൂരു വച്ചു്. രാഷ്ട്രീയ രംഗത്തും സാഹിത്യ ലോകത്തും പിന്നെ തുടർചർച്ചയായി: പട്ടത്തെ കല്ലേറു കൊള്ളാതെ കാക്കുന്നതിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന മലയാറ്റൂർ രാമകൃഷ്ണനു വീഴ്ച പറ്റിയോ? അതിനുള്ള ഉത്തരം മലയാറ്റൂർ പറയുന്നില്ല, പകരം കല്ലേറിനു ശേഷമുള്ള സംഭവം സർവീസ് സ്റ്റോറിയിൽ വിവരിക്കുന്നുണ്ടു്:
(മുഖ്യമന്ത്രിയെ പരിശോധിച്ച ശേഷം) ഡോക്ടർ പുറത്തുപോയി. ഡോക്ടർ പോയപ്പോൾ എന്നെ കടന്നാക്രമിക്കാൻ ചീഫ് സെക്രട്ടറി ശ്രീ കെ പി കെ മേനോൻ തയ്യാറായി. കലക്ടർ തമ്പുരാൻ സന്നിഹിതനായിരുന്നെങ്കിലും കോപം മുഴുവൻ എന്റെ മേൽ വർഷിക്കാനാണു ചീഫ് സെക്രട്ടറി തുനിഞ്ഞതു്.
യു ബങ്കിൾഡ്, യു ബങ്കിൾഡ്, ബങ്കിൾഡ്! മൂന്നു വട്ടം, മൂന്നു ചാട്ടം…
(ബങ്കിൾഡ് = കുഴപ്പത്തിലാക്കി, നശിപ്പിച്ചു)
‘വൈ ഡു യു സേ ഐ ബങ്കിൾഡ്, ആൻഡ് വൈ ഡു യു സിങ്കിൾ മി ഔട്ട്—ഞാൻ ചോദിച്ചു. (ഞാൻ എല്ലാം നശിപ്പിച്ചെന്നു് എന്തുകൊണ്ടാണു് പറയുന്നതു്, എന്നെ ഒറ്റതിരിഞ്ഞു് കുറ്റപ്പെടുത്തുന്നതു് എന്തിനാണു്)
ചീഫ് സെക്രട്ടറി: ദേർ വാസ് നോ സഫിഷ്യന്റ് ബന്തവസ്ത് (അവിടെ ആവശ്യത്തിനു സുരക്ഷ ഉണ്ടായിരുന്നില്ല). ഞാൻ എന്റെ നില മറന്നു. ഞാൻ വെറും സബ് കലക്ടർ. അദ്ദേഹം ചീഫ് സെക്രട്ടറി. ഞാൻ പുഴു. അദ്ദേഹം വാസുകി. എങ്കിലും ഞാനൊന്നു പത്തിവിടർത്തിപ്പോയി. ശ്രോതാക്കളായ രാഷ്ട്രീയക്കാരുടെ മുന്നിൽ എന്റെ ചെലവിൽ ചീഫ് ആളാകാൻ ശ്രമിക്കുകയാണെന്നു് എനിക്കു തോന്നി. ഞാൻ ഏതാണ്ടു് ഇപ്രകാരം പറഞ്ഞു.

സർ, കൂടുതൽ പൊലീസ് ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം നടക്കുമായിരുന്നില്ലെന്നോ? സർ, ചരിത്രം വായിച്ചിട്ടില്ലേ? പട്ടാളത്തലവന്മാർ ഹാജരായിരിക്കുമ്പോൾ തന്നെ രാഷ്ട്രത്തലവന്മാർ കൊല്ലപ്പെട്ടിട്ടില്ലേ? കെ പി കെ മേനോന്റെ കണ്ണുകൾ കത്തിജ്വലിച്ചു. എന്റെ വാക്കുകൾ അതിർ കവിഞ്ഞതായിപ്പോയെന്നു് എനിക്കും തോന്നി.
സോറി സർ എന്നു പറഞ്ഞ ശേഷം ഞാൻ കോണിപ്പടികൾ ഇറങ്ങിപ്പോയി.’
തൃശൂർ സംഭവത്തിനു ശേഷം ഏറെ വൈകാതെ പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറായി മാറ്റുകയും ആർ ശങ്കർ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇതിനു പിന്നാലെയാണു കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി അവിശ്വാസത്തിലൂടെ പുറത്താകുന്ന അപൂർവ്വത സംഭവിക്കുന്നതു്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ മൂർദ്ധന്യത്തിൽ നിന്നാണു് അതുണ്ടായതു്.

രണ്ടു് ആരോപണങ്ങളാണു് അന്നുയർന്നതിൽ ഏറ്റവും ചർച്ചയായതു്. ബെൻസ് കമ്പനിയിൽ നിന്നു് അന്നു ലോറി ലഭിക്കാൻ ബുക്ക് ചെയ്തു മാസങ്ങളോളം, ചിലപ്പോൾ ഒരുവർഷത്തിലധികം, കാത്തിരിക്കണം. പരിചയക്കാരനായ ഒരാൾക്കു രണ്ടു ട്രക്കുകൾ മുൻഗണന തെറ്റിച്ചു നേരത്തെ നൽകാൻ മുഖ്യ മന്ത്രി ശങ്കർ ബെൻസ് കമ്പനിയോടു ശുപാർശ ചെയ്തു. ഇതു് അധികാരസ്ഥാനത്തിരുന്നു നടത്തുന്ന വലിയ സ്വജനപക്ഷപാതമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ ശുപാർശയുടെ പേരിൽ ശങ്കർ സ്വകാര്യമായി നേട്ടമുണ്ടാക്കി എന്നും വിലയിരുത്തലുണ്ടായി. രണ്ടാമത്തേതു് ഒരു പൊതുയോഗത്തിനിടെ വ്യവസായ മന്ത്രി കെ എ ദാമോദരമേനോനു് ഉപഹാരം ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. ഒരു വിളക്കാണു് ദാമോദര മേനോനു് സംഘാടകർ നൽകിയതു്. അതു ദാമോദര മേനോൻ സ്വീകരിക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ലഭിച്ചതു സ്വർണത്തിന്റെ വിളക്കാണെന്നു പ്രതിപക്ഷവും ഒരു വിഭാഗം കോൺഗ്രസുകാരും ആരോപിച്ചപ്പോൾ ഓട്ടുവിളക്കാണെന്നായിരുന്നു ദാമോദരമേനോൻ നൽകിയ മറുപടി. രണ്ടായാലും അധികാരദുർവിനിയോഗമാണെന്ന മട്ടിൽ വാർത്തനിറഞ്ഞു.

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവു് പി കെ കുഞ്ഞാ യിരുന്നു ശങ്കർ മന്ത്രിസഭയ്ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നതു്. കെ എം ജോർജി ന്റെ നേതൃത്വത്തിൽ 15 കോൺഗ്രസ് എം എൽ എമാർ സർക്കാരിനെതിരേ നിലപാടു സ്വീകരിച്ചു. ശങ്കർ മന്ത്രിസഭയുടെ കാലത്തു പിളർന്നു രണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ പ്രമേയത്തെ അനുകൂലിക്കുന്നതിൽ ഒന്നിച്ചു—സി പി ഐ എമ്മും സി പി ഐയും. മുസ്ലിം ലീഗും പ്രമേയത്തിനൊപ്പമെന്നു പ്രഖ്യാപിച്ചു. 50-നു് എതിരേ 75 വോട്ടുകൾക്കാണു് അവിശ്വാസം പാസായതു്.

അന്നു സർക്കാരിനെതിരായി വോട്ടു ചെയ്ത കോൺഗ്രസ് നേതാക്കൾ കോട്ടയത്തെത്തി പുതിയ പാർട്ടി രൂപീകരിച്ചു. കെ എം ജോർജ് ചെയർമാനും ആർ ബാലകൃഷ്ണപിള്ള ജനറൽ സെക്രട്ടറിയുമായി കേരളാ കോൺഗ്രസ്. മന്നത്തു പത്മനാഭന്റെ ആശിർവാദവും പുതിയ പാർട്ടിക്കു് ഉണ്ടായിരുന്നു. പിന്നീടുണ്ടായ വലിയ പിളർപ്പുകളുടേയും വളർച്ചയുടേയും അധ്വാനവർഗ സിദ്ധാന്തത്തിന്റേയുമെല്ലാം തുടക്കം കുറിച്ചതു് ശങ്കറിനു് എതിരേ അവതരിപ്പിച്ച ആ അവിശ്വാസ പ്രമേയമായിരുന്നു. ഇതിനിടെ ഈ സംഭവങ്ങളുടെയെല്ലാം തുടക്കമെന്നു വിലയിരുത്താവുന്ന വലിയൊരു വിവാദം നടന്നു. പി ടി ചാക്കോ എന്ന ശക്തനായ നേതാവിന്റെ പീച്ചിയിലേക്കുള്ള യാത്ര; പിന്നാലെ മരണവും. കോൺഗ്രസിന്റെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തെറ്റിച്ചതു് ആ പട്ടാപ്പകൽ കാർയാത്രയായിരുന്നു.
പനമ്പിള്ളി ഗോവിന്ദമേനോൻ ഭരിച്ച തിരുക്കൊച്ചിയിൽ ആണെങ്കിലും ഇ എം എസ് ഭരിച്ച ഐക്യകേരളത്തിൽ ആണെങ്കിലും പരമ്പരാഗതവഴികളിൽ നിന്നു് വണ്ടി മാറ്റിയോടിച്ച ഒരു കോൺഗ്രസ് നേതാവിന്റെ പേരു തിരഞ്ഞാൽ ചെന്നെത്തുക പി ടി ചാക്കോ യിൽ ആയിരിക്കും. സംസ്ഥാനം ഭരിച്ച ആദ്യ കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമൻ. മുൻ കെ പി സി സി പ്രിസഡന്റ്. പട്ടംതാണുപിള്ള മന്ത്രിസഭയിൽ ആഭ്യന്തരം മാത്രമായിരുന്നെങ്കിൽ ശങ്കർ മന്ത്രിസഭയായപ്പോൾ ആഭ്യന്തരത്തിനു പുറമെ നിയമം, റവന്യൂ വകുപ്പുകൾ കൂടി ചാക്കോയ്ക്കു്. കമ്മ്യൂണിസ്റ്റ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്കരണം പൊളിച്ചെഴുതി പുതിയ നിയമത്തിനായി മാസങ്ങൾ യത്നിച്ച മന്ത്രി. മുൻ സർക്കാരിന്റെ അനുഭവങ്ങൾ മുന്നിലുണ്ടായിരുന്നതിനാൽ ഭരണഘടനയിൽ വരെ തിരുത്തൽ വരുത്തേണ്ട നിർദ്ദേശങ്ങൾ ഈ ബില്ലിൽ ഉണ്ടായിരുന്നു. അതു രാഷ്ട്രപതി തിരിച്ചയച്ചു. ആ ക്ഷീണത്തിൽ ആഭ്യന്തരമന്ത്രി ഒരാഴ്ചത്തെ അവധിയെടുക്കാൻ തീരുമാനിക്കുന്നു. അവിടെ ആരംഭിക്കുകയാണു് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത—ഇന്നും ചർച്ചചെയ്യുന്ന—പീച്ചിയാത്ര.
പി ടി ചാക്കോ വിശ്രമിക്കാൻ തീരുമാനിച്ചതു പീച്ചിയിലെ ഇറിഗേഷൻ ഗസ്റ്റ് ഹൗസിലാണു്. ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തു നിന്നു ചാക്കോ ഡ്രൈവിങ് സീറ്റിൽ കയറി. മുൻസീറ്റിൽ ഒപ്പം ഗൺമാനും. പൈലറ്റ് വണ്ടിയോ എസ്കോർട്ട് വണ്ടിയോ അന്നത്തെ ആഭ്യന്തരമന്ത്രി സ്വയം അനുവദിച്ചിരുന്നില്ല. കാറോടിക്കൽ എന്നും ഹരമായിരുന്ന ചാക്കോ കുതിച്ചു് ആലുവയിൽ എത്തി. ആലുവ ഗസ്റ്റ് ഹൗസിൽ നിന്നു ഭക്ഷണം കഴിച്ചു് യാത്രപുറപ്പെടുമ്പോൾ ഒരു സ്ത്രീ കാറിൽ ഒപ്പം കയറി. അതു് കെ പി സി സി അംഗം പത്മ എസ് മേനോൻ ആയിരുന്നുവെന്നു് ആർ ബാലകൃഷ്ണ പിള്ള പ്രിസണർ 5990 എന്ന ആത്മകഥയിൽ എഴുതുന്നു (വിവാദകാലത്തൊക്കെ ഒരു സ്ത്രീ എന്ന പേരു മാത്രമേ എല്ലാവരും പറഞ്ഞിരുന്നുള്ളു).
തൃശൂരിലെ സ്വന്തം വീട്ടിലേക്കു പോകാൻ നിന്ന പത്മയ്ക്കു മന്ത്രി കാറിൽ ഒപ്പം കയറാൻ അനുവാദം കൊടുക്കുകയായിരുന്നു. വണ്ടി ചാലക്കുടിയിൽ എത്തിയപ്പോൾ അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. മന്ത്രി തന്നെ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ആഭ്യന്തരമന്ത്രിയെ പ്രതിയാക്കി കേസും എടുത്തു. നട്ടുച്ചയ്ക്കാണു സംഭവം. അപകടം നടന്നതിനാൽ പത്മ പിന്നാലെ വന്ന ഒരു വാഹനത്തിൽ തൃശൂർക്കു പോവുകയും ചെയ്തിരുന്നുവെന്നാണു ചാക്കോ പിന്നീടു പറഞ്ഞതു്. കേസ് റജിസ്റ്റർ ചെയ്ത ശേഷം പി ടി ചാക്കോ മറ്റൊരു വാഹനത്തിൽ പീച്ചിക്കും തിരിച്ചു.
മൂന്നാം ദിവസം സായാഹ്നപ്പത്രങ്ങളിലൂടെയാണു് ദുരൂഹവാർത്ത ആദ്യം പുറത്തുവന്നതു്. പി ടി ചാക്കോ ഒരു കാറിൽ സ്ത്രീക്കൊപ്പം യാത്രചെയ്തെന്നും അപകടത്തിൽ പെട്ടയുടനെ സ്ത്രീയെ ഒളിപ്പിച്ചെന്നുമായിരുന്നു സൂചന. ഇതു മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം വാർത്തയായി.
ഒരാഴ്ചത്തെ അവധികഴിഞ്ഞു പി ടി ചാക്കോ പീച്ചിയിൽ നിന്നു തിരുവനന്തപുരത്തു് എത്തിയപ്പോഴേക്കും തിരക്കഥ ആകെ മാറിയിരുന്നു. മാടായിയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ ഗോപാലൻ തന്നെ നിയമസഭയ്ക്കു മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. ചാക്കോയുടെ രാജി ആവശ്യപ്പെട്ടു കോൺഗ്രസിലെ ശക്തമായ ഒരുവിഭാഗം രംഗത്തുവരികയും ചെയ്തു. നിയമസഭാ മന്ദിരത്തിനു മുൻപിൽ ഒരു എം എൽ എ നടത്തുന്ന ആദ്യത്തെ നിരാഹാര സമരവുമായിരുന്നു അതു്.

സി കെ ഗോവിന്ദൻ നായരാ യിരുന്നു കെ പി സി സി പ്രസിഡന്റ്. ഗോവിന്ദൻ നായരുടെ പിന്തുണയും ഗോപാലനായിരുന്നു. മുഖ്യമന്ത്രി ആർ ശങ്കറും ചാക്കോ രാജിവയ്ക്കണമെന്ന ശക്തമായ നിലപാടെടുത്തു. കോൺഗ്രസിലെ ഗ്രൂപ്പുകൾ വർഗ്ഗീയമായിക്കൂടി തിരിയുന്ന രീതിയിലേക്കു് ആ സംഭവം ചെന്നെത്തി. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനാൽ രാജിവയ്ക്കണം എന്നാണു് ആർ ശങ്കർ പറഞ്ഞതു്. വിവരം നേരിട്ടറിയാൻ ചാക്കോ ദില്ലിക്കു പോയി. മടങ്ങിവന്നശേഷം കൊച്ചിയിൽ പത്രസമ്മേളനം നടത്തി. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിക്കെതിരേ നടത്തുന്ന കേരളത്തിലെ ആദ്യ പത്രസമ്മേളനം. ഹൈക്കമാൻഡ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നു മുഖ്യമന്ത്രി പറഞ്ഞതു കള്ളമാണെന്നും ഹൈക്കമാൻഡ് സംഭവം അറിഞ്ഞിട്ടുപോലും ഇല്ലെന്നുമായിരുന്നു 1964 ഫെബ്രുവരിയിലെ വാർത്താസമ്മേളനത്തിന്റെ കാതൽ. മുഖ്യമന്ത്രി എന്ന നിലയിൽ ആഭ്യന്തരമന്ത്രിയിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടുവെന്നും സർക്കാരിനെതിരേ വാർത്താസമ്മേളനം നടത്തിയ ചാക്കോ രാജിവയ്ക്കണമെന്നും ശങ്കർ പരസ്യമായി ആവശ്യപ്പെട്ടു. അന്നു രാത്രി പി ടി ചാക്കോ രാജിവച്ചു. പിന്നീടു കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു വന്നു. സി കെ ഗോവിന്ദൻ നായരുടെ നിര്യാണത്തെ തുടർന്നായിരുന്നു അതു്. അവിടെ കെ പി മാധവൻ നായരോടു ചാക്കോ പരാജയപ്പെടുന്നു. ഇതോടെ രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ട നിലയായി. വക്കീൽ എന്ന നിലയിൽ ഇതിനിടെ ചാക്കോ കേസുകൾ ഏറ്റെടുക്കാൻ ആരംഭിച്ചിരുന്നു. കോഴിക്കോട് ഒരു കേസിന്റെ തെളിവെടുപ്പിനായുള്ള യാത്രയിൽ ഹൃദയാഘാതം വന്നായിരുന്നു അന്ത്യം. കാർ യാത്രയെ തുടർന്നുണ്ടായിരുന്ന വിവാദങ്ങളിൽ തളർന്ന ചാക്കോ ഹൃദയംതകർന്നു മരിച്ചതാണെന്നു് കോൺഗ്രസിലെ ഒരുവിഭാഗം അന്നും ഇന്നും വിശ്വസിക്കുന്നു.
അന്നു വിവാദങ്ങളുടെ കാലത്തു പി ടി ചാക്കോയ്ക്കു് ഒപ്പം നിന്നവരാണു് പിന്നീടു ശങ്കർ മന്ത്രിസഭയെ അവിശ്വാസത്തിലൂടെ പുറത്താക്കി കോട്ടയത്തെത്തി കേരളാ കോൺഗ്രസ് സ്ഥാപിച്ചതു്. ആഭ്യന്തര മന്ത്രിയുടെ കാറിൽ പകൽ ഒരു സ്ത്രീ യാത്ര ചെയ്തതിന്റെ പേരിലുണ്ടായ രാജി കേരള സമൂഹത്തിന്റെ സദാചാര നിലപാടുകളുടെ ആദ്യ വിളംബരംകൂടിയായിരുന്നു. ഒളിഞ്ഞുനോട്ടത്തിന്റെയും ഒളിക്യാമറകളുടേയും കാലത്തിന്റെ വരവറിയിപ്പു്.

ഐക്യകേരളത്തിൽ വിവാദങ്ങൾ വസന്ത പോലെ പടർന്നതു് സപ്തകക്ഷി ഭരണകാലത്തായിരുന്നു. പ്രത്യയശാസ്ത്രത്തിന്റെ വേരാഴമുള്ള ഇ എം എസ് മുതൽ തനി തേക്കിൻ കാതലായ കെ ആർ ഗൗരിയമ്മ വരെ ആരോപണങ്ങളിൽപെട്ട കാലം. ഐക്യകേരളപ്പിറവിക്കു ശേഷം കൃത്യം പത്തുവർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിലൂടെയാണു് വിചിത്രകഥകളുടെ സർക്കാർ പിറന്നതു്—1967 മാർച്ച് ആറിനു്. ആ സർക്കാരിലെ ഘടകകക്ഷികൾ ഇന്നു കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നവ. സി പി ഐ എമ്മിനും സി പി ഐക്കും പുറമെ മുസ്ലിം ലീഗ്, ആർ എസ് പി, കേരളാ സോഷ്യലിസ്റ്റ് പാർട്ടി, കെ ടി പി, എസ് എസ് പി എന്നിവ. 133 അംഗം നിയമസഭയിൽ 117 സീറ്റും നേടിയ മുന്നണി. മുഖ്യമന്ത്രി ഇ എം എസ് റവന്യൂ-ഭക്ഷ്യ മന്ത്രിയായി ഗൗരിയമ്മയും വിദ്യാഭ്യാസമന്ത്രിയായി സി എച്ച് മുഹമ്മദ് കോയ യും. കൃഷി എം എൻ ഗോവിന്ദൻ നായർ ക്കും ഗതാഗതം ഇ കെ ഇമ്പിച്ചിബാവ യ്ക്കും. പി കെ കുഞ്ഞാ ണു ധനമന്ത്രി. ഭരണം തുടങ്ങി വലിയ താമസമില്ലാതെ കോലാഹലത്തിനും തുടക്കമായി.

ആദ്യത്തെ ആരോപണം കെ ആർ ഗൗരിയമ്മയ്ക്കു് എതിരേ ആയിരുന്നു. കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിലാണു്. അതിനു കാരണം ഗൗരിയമ്മയുടെ കഴിവുകേടാണെന്നു് ആരോപണം ഉയർന്നു. ദുർബലരായ പ്രതിപക്ഷത്തിന്റെ ആരോപണത്തിനൊപ്പം ഭരണപക്ഷത്തെ ഘടകകക്ഷികളും കൂടി. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി കടുത്ത തീരുമാനം എടുത്തു. ഭക്ഷ്യവകുപ്പു് ഗൗരിയമ്മയിൽ നിന്നു മാറ്റി ഇ കെ ഇമ്പിച്ചി ബാവയ്ക്കു നൽകി. തൊട്ടുപിന്നാലെ സർക്കാരിന്റെ നയപരമായ ഒരു തീരുമാനം കേരളത്തിൽ വിഭാഗീയതയ്ക്കു വഴിവച്ചു. മലപ്പുറം ജില്ല രൂപീകരിക്കാനുള്ള തീരുമാനമായിരുന്നു അതു്. നിയമസഭയിൽ എതിർപ്പൊന്നുമില്ലാതെ അതു പാസായി. എന്നാൽ കെ കേളപ്പന്റെ നേതൃത്വത്തിൽ സർവ്വോദയവും കോൺഗ്രസിലെ ഒരു വിഭാഗവും ഇതിനെതിരേ രംഗത്തുവന്നു. ഭരണരംഗത്തു മാത്രമല്ല പൊതുജനങ്ങൾക്കിടയിലും വിഭാഗീയത ഇതോടെ ആരംഭിച്ചു.

പ്രതിഷേധത്തിന്റെയും സമരങ്ങളുടേയും നാളുകൾക്കിടെ മന്ത്രിസഭയ്ക്കെതിരായ ആദ്യത്തെ അഴിമതി ആരോപണം ഉയർന്നു. ധനമന്ത്രി പി കെ കുഞ്ഞിനെതിരേ കോൺഗ്രസ് ആണു് അഴിമതി ആരോപണം ഉന്നയിച്ചതു്. സോഷ്യലിസ്റ്റ് പാർട്ടി നേതാവായ കുഞ്ഞിനോടു് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു. രാജിവച്ചെങ്കിലും ഭരിക്കുന്ന മുന്നണി ഇതോടെ താറുമാറായി. സപ്തകക്ഷികളിൽ പലതും പലകഷണങ്ങളായി പിരിഞ്ഞു.

അടുത്ത ആരോപണം ആരോഗ്യമന്ത്രി ബി വില്ലിങ്ടണി നു് എതിരേയായിരുന്നു. അന്നു് ഇടതുപക്ഷത്തിനൊപ്പമായിരുന്ന ഫാദർ വടക്കന്റെ പ്രതിനിധിയാണു് വില്ലിങ്ടൺ. നിയമസഭാ ചരിത്രത്തിൽ ആദ്യ മായി, മന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന പ്രമേയം പാസായി. സി പി എമ്മും സി പി ഐയും ഉൾപ്പെടെ മന്ത്രി സഭയിലെ ഘടകകക്ഷികൾ തമ്മിലുണ്ടായിരുന്ന അകൽച്ചയായിരുന്നു അത്തരമൊരു പ്രമേയം പാസാകുന്നതിലേക്കു നയിച്ചതു്. ഈ പ്രമേയം അവതരിപ്പിച്ചതു് സി പി ഐ നേതാവു് ഇ ചന്ദ്രശേഖരൻ നായരാ യിരുന്നു. വില്ലിങ്ടണിനെതിരായ നീക്കത്തെ സി പി എം ശക്തിയുക്തം എതിർത്തു. സംസ്ഥാന സെക്രട്ടറിയായിരുന്നു എ കെ ഗോപാലൻ നേരിട്ടു് ഇടപെട്ടിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.

ഇതിനു സി പി എം അതേ നാണയത്തിൽ മറുപടി കൊടുത്തു. സ്പീക്കർ ഡി ദാമോദരൻ പോറ്റി ക്കെതിരേ അവിശ്വാസപ്രമേയം സഭയിൽ വന്നു. അവതരിപ്പിച്ചതു സി പി എം നേതാവു് പി ഗോവിന്ദപ്പിള്ള. തൊട്ടുപിന്നാലെ കോൺഗ്രസ് ഉണർന്നു. മുഖ്യമന്ത്രി ഇ എം എസിനെതിരെ പത്തു് ആരോപണങ്ങൾ സഭയിൽ എഴുതി നൽകി. അവയെല്ലാം അഴിമതി ആരോപണങ്ങളായിരുന്നു. ഇതിനു് ഇ എം എസ് സഭയിൽ നൽകിയ മറുപടിയാണു് ജനാധിപത്യകേരളത്തിലെ ഏറ്റവും വലിയ തന്ത്രമായി വിലയിരുത്തുന്നതു്.

ബി വില്ലിങ്ടണിനിതെരായ പ്രമേയം അംഗീകരിക്കുകയാണെന്നും ജുഡീഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്നുമായിരുന്നു പ്രഖ്യാപനം. ഒപ്പം സി പി ഐ മന്ത്രിമാരായ എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ് എന്നിവർക്കെതിരേയും മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ്പാർട്ടി മന്ത്രിയായ പി ആർ കുറുപ്പി നെതിരേയും അന്വേഷണം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചതോടെ മന്ത്രിമാർ കൂട്ടമായി രാജിവച്ചു. ടി വി തോമസ്, എം എൻ ഗോവിന്ദൻ നായർ, സി എച്ച് മുഹമ്മദ് കോയ, അവുക്കാദർ കുട്ടി നഹ, ടി കെ ദിവാകരൻ, പി ആർ കുറുപ്പ്, ബി വെല്ലിങ്ടൺ എന്നിവർ രാജി നൽകി. അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ എ എൻ മുള്ളയായിരുന്നു അന്വേഷണ കമ്മീഷൻ.

ഇതോടെ അടുത്തഘട്ടം ആരോപണങ്ങൾ സഭയിലൊഴുകി. മത്തായി മാഞ്ഞൂരാൻ, കെ ആർ ഗൗരിയമ്മ, ഇമ്പിച്ചിബാവ എന്നിവർക്കെതിരെ ആയിരുന്നു അഴിമതി ആരോപണങ്ങൾ. പ്രമേയം കൊണ്ടു വന്നതു സി പി ഐയിലെ ടി എ മജീദ്. അതും സഭയിൽ പാസായി. അതോടെ മന്ത്രിസഭയും വീണു—1969 ഓക്ടോബർ 24-നു്. ആദ്യ ഇ എം എസ് മന്ത്രിസഭ പോലെ തന്നെ രണ്ടു വർഷത്തെ മാത്രം ആയുസ്സുണ്ടായിരുന്ന ഭരണം. ഈ പതനത്തോടെയാണു് അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള മുന്നണി രാഷ്ട്രീയം രൂപപ്പെട്ടതു്. സി അച്യുതമേനോൻ മുഖ്യമന്ത്രിയായി കോൺഗ്രസ് പിന്തുണയുള്ള സി പി ഐ മന്ത്രിസഭ അധികാരമേറ്റു. അൽപായുസ്സായിരുന്നെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചു. തുടർന്നു് ഏഴുവർഷം ഭരിക്കാനുള്ള അടിത്തറ അച്യുതമേനോൻ ഉണ്ടാക്കിയിരുന്നു.

അടിയന്തരാവസ്ഥ കാലത്തു കേരളം ഭരിച്ച മുഖ്യമന്ത്രിയായി മാറാൻ സി അച്യുതമേനോനു് അവസരമൊരുക്കിയതു് സപ്തകക്ഷിഭരണത്തിലെ രണ്ടുവർഷക്കാലം ദിവസവും എന്നതുപോലെ ഉയർന്ന അഴിമതി ആരോപണങ്ങളായിരുന്നു. കേരളത്തിലെ പത്രപ്രവർത്തകർക്കു് എന്നും വലിയ വാർത്തകൾ തന്നെ ലഭിച്ചിരുന്ന കാലം. വിവാദങ്ങൾ പത്രമോഫീസുകളെ തേടി വന്ന കാലംകൂടിയായിരുന്നു അതു്. അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തു് മുൻസർക്കാരിനു് എതിരായ നാലു് അന്വേഷണകമ്മിഷൻ റിപ്പോർട്ടുകൾ നിയമസഭയിൽ എത്തി. കെ ആർ ഗൗരിയമ്മ, ഇ കെ ഇമ്പിച്ചിബാവ, എൻ കെ കൃഷ്ണൻ എന്നിവർക്കെതിരായ ആരോപണം അന്വേഷിച്ചതു് വേലുപ്പിള്ള കമ്മിഷൻ ആയിരുന്നു. കള്ളുഷാപ്പ് അനുവദിച്ചതിലും കിസ്തിൽ ഇളവുനൽകിയതിലും അഴിമതി, സർക്കാർ ഭൂമി ബന്ധുക്കൾക്കു നൽകി, പഞ്ചസാര കുറച്ചു് ഉപയോഗിച്ച ബേക്കറിക്കു് അനുകൂലമായി നടപടി എടുത്ത ഉദ്യോഗസ്ഥർക്കെതിരേ നിലപാടു് എടുത്തു, പ്രോസിക്യൂട്ടർ സ്ഥാനങ്ങളിലേക്കു ബന്ധുക്കളേയും ഇഷ്ടക്കാരേയും നിയമിച്ചു തുടങ്ങിയവ ആയിരുന്നു ഗൗരിയമ്മയ്ക്കു് എതിരായ ആരോപണങ്ങൾ. ഇവയൊന്നും തെളിവില്ലെന്നു കാണിച്ചു കമ്മിഷൻ തള്ളി.

അതേസമയം, റേഷൻ വ്യാപാരികളെ നിയമിക്കുന്നതിലും ഗതാഗതവകുപ്പിലെ നിയമനങ്ങളിലും ഇ കെ ഇമ്പിച്ചിബാവ വഴിവിട്ടു് ഇടപെട്ടുവെന്ന നിഗമനത്തിലാണു കമ്മിഷമൻ എത്തിയതു്. അതുപോലെ തടിയുടെ പെർമിറ്റ് നൽകുന്ന കാര്യത്തിൽ എം കെ കൃഷ്ണൻ ചട്ടങ്ങൾ പാലിച്ചില്ലെന്നും കമ്മിഷൻ വിധിയെഴുതി. മണ്ണുത്തി കാർഷിക സർവകലാശാലയ്ക്കു് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സി പി ഐക്കു് എതിരായ ആരോപണങ്ങൾ കെ കെ രാമൻകുട്ടി കമ്മിഷൻ ഭാഗികമായി ശരിവച്ചു. ധന മന്ത്രി പി കെ കുഞ്ഞു് മരുമകൻ മുഹമ്മദിനെ ലോട്ടറീസ് ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ സ്വജനപക്ഷപാതമുണ്ടെന്നു കമ്മിഷൻ കണ്ടെത്തി. നാലു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും രാഷ്ട്രീയ രംഗത്തു തിരുത്തപ്പെടാതെ തുടരുന്ന ബന്ധുനിയമനങ്ങളുടെ കഥയാണു് ആ കമ്മിഷനുകൾ പുറത്തുകൊണ്ടുവന്നതു്.

പിണറായി വിജയൻ മന്ത്രിസഭയിൽ ഇ പി ജയരാജന്റെ രാജിയിലേക്കു നീണ്ട സംഭവങ്ങളുടെ മുന്നറിയിപ്പു് ഇന്നാരും തുറന്നുനോക്കാത്ത ആ അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു.
തൊടുപുഴ കോതായിക്കുന്നു് ബസ്സ് സ്റ്റാൻഡ്. 1999 ജൂലൈ. കേരളാ ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു് ഉത്തരവിറക്കിയതിനു തൊട്ടുപിന്നാലെ പുകവലിക്കുന്നവരെയൊക്കെ പൊലീസ് പിടികൂടുന്ന സമയം. സ്റ്റാൻഡിൽ ഒരു ബഹളം. കാവി ജുബയും കാവി മുണ്ടും ഉടുത്ത ഒരാൾക്കു ചുറ്റും ജനക്കൂട്ടം. രണ്ടു ചെറുപ്പക്കാരായ പൊലീസുകാർ വിഷണ്ണരായി നോക്കി നിൽക്കുന്നു. സ്റ്റാൻഡിൽ പുകവലിച്ചവർക്കെതിരെയൊക്കെ പെറ്റിക്കേസ് എടുത്തു വന്ന പൊലീസാണു്. ആ പൊലീസിനെ നോക്കി നിന്നു നവാബ് ബീഡി വലിച്ചു. പൊലീസ് ചിരിച്ചുകാണിച്ചു പോയി.

ആദ്യം കേസെടുത്തു പിഴയൊടുക്കിയ ചില ലോട്ടറി വിൽപനക്കാരും ബസ്സ് ജീവനക്കാരും ആരാധനാപൂർവ്വം ആ നിഷേധിയെ നോക്കി നിന്നു. നവാബ് അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും ബീഡിയെടുക്കുന്നു, വലിക്കുന്നു, പൊലീസിനെ നോക്കി ചിരിക്കുന്നു. ആദ്യമായി നവാബ് രാജേന്ദ്രനെ കാണുന്നതു് അന്നായിരുന്നു. നവാബ് ബീഡിയെടുക്കുന്നു, വലിക്കുന്നു. ഒടുവിൽ സഹികെട്ട പൊലീസ് ജീപ്പ് വരുത്തി നവാബിനോടു് കയറാൻ പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ ഇനി പൊയ്ക്കോളാൻ നിർദ്ദേശിച്ചു. തൊടുപുഴ സ്റ്റേഷനു മുന്നിൽ നിന്നു തന്നെ അടുത്ത ബീഡിക്കു തീ കൊളുത്തി നവാബ് നടന്നു. പിന്നെ പലപ്പോഴും നവാബിനെ കണ്ടു. ഒരുപാടു അനുഭവങ്ങൾ പറഞ്ഞു. അന്നു് എന്തിനാണു തൊടുപുഴയിൽ വന്നതെന്നു മാത്രം നവാബ് പറഞ്ഞില്ല. പക്ഷേ, ഒരു ഇന്റർവ്യൂവിൽ എന്നതുപോലെ അഴീക്കോടൻ വധം മുതലുള്ള കാര്യങ്ങൾ എപ്പോഴും വിശദീകരിച്ചു. ഒറ്റക്കാര്യം മാത്രമായിരുന്നു ആവർത്തിച്ചു ചോദിച്ചതു്. ആഭ്യന്തരമന്ത്രി കെ കരുണാകരന്റെ പി എ ഗോവിന്ദൻ എഴുതി എന്നു പറയുന്ന കത്തിന്റെ ഒറിജിനൽ ഉണ്ടായിരുന്നോ? അതു് ആരുടെ കയ്യിലായിരുന്നു?
‘അതു് ഉറപ്പായും അഴീക്കോടൻ രാഘവന്റെ കയ്യിൽ ഉണ്ടായിരുന്നു. കോടതിയിൽ അതു ഹാജരാക്കേണ്ടതിന്റെ തലേന്നാണു് രാഘവൻ കൊല്ലപ്പെട്ടതു്. അതോടെ അതു നഷ്ടപ്പെട്ടു. ഇ എം എസിന്റെ കൂടി അറിവോടെയാണു് അഴീക്കോടൻ അതു സൂക്ഷിച്ചതു്.’
അഴീക്കോടൻ രാഘവൻ അതിന്റെ പകർപ്പു നവാബിനു് നൽകിയതാണോ അതോ നവാബ് ഒറിജിനൽ സൂക്ഷിക്കാൻ അഴീക്കോടനെ ഏല്പിച്ചതാണോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി അന്നുണ്ടായില്ല. ഒറിജിനൽ അഴിക്കോടന്റെ കയ്യിൽ ഉണ്ടായിരുന്നു എന്നു് ആവർത്തിച്ചുകൊണ്ടേയിരുന്നു.
അന്നു വെറും 21 വയസ്സായിരുന്നു രാജേന്ദ്രനു പ്രായം—നവാബ് എന്ന വാരികയുടെ എഡിറ്ററായി 1971-ൽ തൃശൂരിൽ നിന്നു പ്രസിദ്ധീകരണം തുടങ്ങുമ്പോൾ. പിതാവു് കെ വി കുഞ്ഞിരാമ പൊതുവാളിന്റെ പത്രപ്രവർത്തന പാരമ്പര്യം ഏറ്റെടുത്തു് മകൻ ആരംഭിച്ച പത്രം. ആറുമാസം മാത്രം പുറത്തിറങ്ങിയ ആ പ്രസിദ്ധീകരണമാണു് കേരളത്തിലെ ബ്രേക്കിങ് വാർത്തകളുടെ യഥാർത്ഥ സൃഷ്ടാവു്. ആ കാലത്തിനിടെ രണ്ടു ഡസനിലേറെ വാർത്തകളാണു് മറ്റു പത്രങ്ങൾക്കു നവാബിൽ നിന്നു പിന്തുടരേണ്ടിവന്നതു്. അത്തരത്തിലുള്ള ആദ്യത്തെ വാർത്തകളിൽ ഒന്നായിരുന്നു കേരളം മുഴുവൻ ചർച്ച ചെയ്ത തട്ടിൽ എസ്റ്റേറ്റ് കേസ്.
കാർഷിക സർവകലാശാലയ്ക്കു വേണ്ടി തട്ടിൽ എസ്റ്റേറ്റിന്റെ ആയിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. വിപണി വിലയിൽ വളരെയേറെ കൂടിയ തുകയാണു് സർക്കാർ ഉടമകൾക്കു കൈമാറിയതെന്നായിരുന്നു ആരോപണം. ഇതേ തുടർന്നു രണ്ടു് കേന്ദ്ര അന്വേഷണങ്ങൾ നടന്നു. ഉയർന്ന തുകയാണു കൈമാറിയതെന്നു് ആ അന്വേഷണ കമ്മിഷനുകൾ റിപ്പോർട്ട് നൽകി. അതെല്ലാം വാർത്തയാകുന്ന കാലത്താണു് രാജേന്ദ്രന്റെ നവാബ് വാരിക ഒരു കത്തു പ്രസിദ്ധീകരിക്കുന്നതു്.

ആഭ്യന്തരമന്ത്രി കെ കരുണാകരന്റെ പി എ ആയിരുന്ന ഗോവിന്ദൻ തട്ടിൽ എസ്റ്റേറ്റ് മാനേജർ ജോണിനു് അയക്കുന്ന രീതിയിലുള്ള കത്തായിരുന്നു അതു്. തൃശൂർ ഡി സി സി പ്രസിഡന്റ് എം വി അബൂബക്കർക്കു് 15,000 രൂപ കൈമാറണം എന്നായിരുന്നു പ്രസിദ്ധീകരിച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നതു്. രണ്ടു ലക്ഷം രൂപ ആഭ്യന്തരമന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്നും അതിന്റെ ഒരുഗഡുവാണു് ഈ പണമെന്നുമായിരുന്നു നവാബ് പ്രസിദ്ധീകരിച്ച വാർത്ത. കത്തു് വ്യാജമാണെന്നു കാണിച്ചു് ഗോവിന്ദൻ മാനനഷ്ടകേസ് ഫയൽ ചെയ്തു. ഒറിജിനൽ കത്തു് ഹാജരാക്കുമെന്നു കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചു് നവാബ് പ്രഖ്യാപിച്ചു. ആ കത്തു് തന്റെ കയ്യിലുണ്ടെന്നും കോടതിയിൽ ഹാജരാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ അഴീക്കോടൻ രാഘവൻ വാർത്താലേഖകരെ തിരുവനന്തപുരത്തു് അറിയിക്കുകയും ചെയ്തു. കത്തു് കോടതിയിൽ ഹാജരാക്കാൻ ഇ എം എസ് നിർദ്ദേശിച്ചതു് അനുസരിച്ചു് തൃശൂർക്കു പുറപ്പെട്ടതായിരുന്നു അഴീക്കോടൻ. തൃശൂരിൽ എത്തുമ്പോഴേക്കു് അഴീക്കോടൻ കുത്തേറ്റു മരിച്ചു. കോടതി കേസ് മാറ്റിവച്ചെങ്കിലും രാജേന്ദ്രനു് കത്തു ഹാജരാക്കാൻ കഴിഞ്ഞില്ല. ആ കത്തു് എന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണു് രാജേന്ദ്രൻ കോടതിയെ അറിയിച്ചതു്. തെളിവില്ലാത്തതിനാൽ രാജേന്ദ്രന്റെ വക്കീൽ വീരചന്ദ്രമേനോൻ വക്കാലത്തു് ഒഴിഞ്ഞു. കേസിൽ രാജേന്ദ്രനെ ശിക്ഷിച്ചു. 100 രൂപ പിഴയോ രണ്ടാഴ്ചത്തെ തടവോ ആയിരുന്നു ശിക്ഷ.

അഴീക്കോടൻ രാഘവൻ കുത്തേറ്റു മരിച്ചതു് എ വി ആര്യനു മായുള്ള ശത്രുതയുടെ പേരിലാണെന്നായിരുന്നു പൊലീസ് കേസ്. വി എസ് അച്യുതാനന്ദൻ പ്രിസഡന്റും എ വി ആര്യൻ സെക്രട്ടറിയുമായാണു് കേരളത്തിൽ കർഷകതൊഴിലാളി യൂണിയൻ രൂപവൽക്കരിക്കപ്പെടുന്നതു്. പിന്നീടു സി പി ഐ എമ്മിൽ നിന്നു വിഘടിച്ചുപോയ എ വി ആര്യനും കെ പി ആർ ഗോപാലനും ചേർന്നു നക്സലൈറ്റ് പാർട്ടി ഉണ്ടാക്കിയിരുന്നു. ഒരുവർഷത്തിനു ശേഷം കെ പി ആർ ബോൾഷെവിക് പാർട്ടി രൂപീകരിച്ചു. ആര്യനെ പിന്തുണയ്ക്കുന്നവർ ആര്യൻ ഗ്രൂപ്പ് എന്നു് അറിയപ്പെട്ടു. സി പി ഐ എമ്മുമായി നിരന്തരം ശത്രുതയിൽ ആയിരുന്നു ആര്യൻ. കണ്ണൂരിൽ ആര്യൻ ഗ്രൂപ്പിന്റെ പ്രവർത്തനം പരിമിതപ്പെടുത്തുന്നതിനു കഠിന പ്രയത്നം ചെയ്തയാളാണു് അഴീക്കോടൻ രാഘവൻ. ആര്യനും അഴീക്കോടനും തമ്മിലുള്ള ശത്രുത ഏറെ പ്രചാരം കിട്ടിയ വാർത്തയുമായിരുന്നു. മംഗലം ഡാമിൽ പൊതുയോഗത്തിൽ പ്രസംഗിക്കാൻ പോയ ആര്യനെ സി പി ഐ എമ്മുകാർ വെട്ടിക്കൊലപ്പെടുത്തി എന്നു് ആരോ ആര്യൻ ഗ്രൂപ്പിന്റെ തൃശൂരിലെ ഓഫിസിൽ അറിയിക്കുന്നു. ഈ സമയത്താണു് തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ ഇറങ്ങി ഡിലൈറ്റ് ഹോട്ടലിലേക്കു പോയ അഴീക്കോടൻ കുത്തേറ്റു മരിക്കുന്നതു്. സ്റ്റാൻഡിനും ഹോട്ടലിനും ഇടയിലാണു് ആര്യൻ ഗ്രൂപ്പിന്റെ ഓഫിസ്. ആര്യൻ കൊല്ലപ്പെട്ടെന്നു കരുതി അനുയായികൾ പ്രതികാരം ചെയ്തതാണെന്നായിരുന്നു പൊലീസ് കേസ്. കുത്തേറ്റ അഴീക്കോടനെ ഏറെ നേരം ആശുപത്രിയിൽ എത്തിക്കാൻ പൊലിസ് തയ്യാറായില്ല എന്നും ആരോപണം ഉയർന്നു. സംഭവസ്ഥലത്തു് എത്തിയ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പോലും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തയ്യാറായില്ല എന്നു ബന്ധുക്കൾ പിന്നീടു് ആരോപിച്ചു. ആര്യനെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ പിന്നീടു കോടതി വിട്ടയച്ചു.

ഇന്നും ദുരൂഹതകൾ അടങ്ങാത്തതാണു് അഴീക്കോടൻ വധക്കേസ്. പൊലീസ് പറയുന്നതുപോലെയല്ല കേസ് എന്നു് രാജേന്ദ്രൻ പിന്നീടു പറഞ്ഞുകൊണ്ടേയിരുന്നു. അഴീക്കോടന്റെ ബന്ധുക്കളും ഇതു് ആവർത്തിച്ചു. അഴീക്കോടന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തു് കോടതിയിൽ ഹാജരാക്കാതിരിക്കാൻ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന നിലപാടു് അവസാനകാലം വരെ രാജേന്ദ്രൻ ആവർത്തിച്ചു. ആര്യൻ ഗ്രൂപ്പുകാരെ നുണ പ്രചരിപ്പിച്ചു ബോധപൂർവ്വം പ്രകോപിപ്പിച്ചതാണെന്നുമായിരുന്നു വാദം. എറണാകുളത്തു ക്യാൻസർ ചികിൽസയിലായിരിക്കെ അവസാന കാലത്തു ചെന്നുകണ്ട മാധ്യമപ്രവർത്തകരോടും അതേ നിലപാടു് രാജേന്ദ്രൻ ആവർത്തിച്ചു. 2003-ലാണു് നവാബ് രാജേന്ദ്രൻ മരിക്കുന്നതു്. 2007-ൽ മരിക്കും വരെ എ വി ആര്യനും ഈ കേസിൽ താൻ നിരപരാധിയാണെന്നു് ആവർത്തിച്ചിരുന്നു.

നവാബ് എന്ന വാരിക മാനനഷ്ടക്കേസോടെ നിന്നുപോയെങ്കിലും രാജേന്ദ്രൻ പിന്നെയുള്ള മൂന്നു പതിറ്റാണ്ടു കാലം മുഴുവൻ ആ പേരിൽ തന്നെയാണു് അറിയപ്പെട്ടതു്. കേരളത്തിൽ മറ്റൊരു ഉൽപന്നത്തിനും അവകാശപ്പെടാൻ കഴിയാത്ത ബ്രാൻഡ് മൂല്യമാണു് ആറുമാസം കൊണ്ടു് നവാബിലൂടെ സൃഷ്ടിക്കപ്പെട്ടതു്. വാർത്തകളിൽ നിന്നു വ്യവഹാരങ്ങളിലേക്കു മാറിയ നവാബിനെ ശല്യക്കാരനായി പ്രഖ്യാപിക്കണമെന്നു സർക്കാർ ഹർജി നൽകുന്ന സ്ഥിതി വരെയുണ്ടായി. വ്യവഹാരങ്ങളിലൂടെ നവാബ് മറ്റു പ്രസിദ്ധീകരണങ്ങൾക്കു പിന്നെയും വാർത്ത സൃഷ്ടിച്ചു നൽകി. എം പി ഗംഗാധരനെതിരായ പൈപ്പ് കുംഭകോണവും മകളുടെ വിവാഹം പ്രായപൂർത്തിയാകും മുൻപേ നടത്തിയെന്ന കേസുമെല്ലാം നവാബിന്റെ കണ്ടെത്തലുകളായിരുന്നു.
തിരുവാങ്കുളത്തു് ഭവൻസ് മാനേജ്മെന്റ് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ. മലയാള മനോരമയ്ക്കുവേണ്ടി അഭിമുഖത്തിനാണു് അവിടെ എത്തിയതു്. അർത്ഥശങ്ക ഒട്ടുമില്ലാതെ ഒന്നരവർഷം മുൻപു നടത്തിയ വെളിപ്പെടുത്തൽ രാമചന്ദ്രൻ നായർ ആവർത്തിച്ചു.

‘ഞാൻ തന്നെയാണു നിറയൊഴിച്ചതു്. തോക്കു് നെഞ്ചിൽ ചേർത്തു വച്ചു വെടിവയ്ക്കുകയായിരുന്നു’ ഹൈക്കോടതിയിലെ കേസ് നടത്തുന്നതിനുള്ള സൗകര്യത്തിനായാണു് കൊല്ലത്തെ വീടുവിട്ടു് രാമചന്ദ്രൻ നായർ കൊച്ചിയിൽ ജോലി സ്വീകരിച്ചതു്. മൂന്നുപതിറ്റാണ്ടിനു ശേഷം നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണു് ലക്ഷ്മണ ജയിലിലായതു്. കേരള ചരിത്രത്തിൽ ഒരിക്കലും കീറിയെറിയാൻ കഴിയാത്ത ഏടാണു് നക്സൽ വർഗീസ് വധവും അതിനു മുൻപു നടന്ന ജന്മിമാരുടെ കൊലപാതകങ്ങളും. വി എസ് അച്യുതാനന്ദൻ പ്രസിഡന്റും എ വി ആര്യൻ സെക്രട്ടറിയുമായി രൂപീകൃതമായ കർഷകത്തൊഴിലാളി യൂണിയന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു എ വർഗീസ്. സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന വർഗീസ് വയനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. ആയിരത്തോളം അംഗങ്ങളുള്ള സംഘടനയായി അതു വളർന്നു. പിന്നീടാണു് വർഗീസ് തീവ്രനക്സൽ ആശയങ്ങളിലേക്കു വഴിമാറുന്നതു്. തലശ്ശേരിയിലും വയനാട്ടിലും നടന്ന രണ്ടു് പൊലീസ് സ്റ്റേഷൻ ആക്രമണങ്ങളാണു് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ വളർച്ച അടയാളപ്പെടുത്തിയതു്. വർഗീസിന്റെ സംഘടനാപാടവവും പ്രത്യയശാസ്ത്രവഴിയും ഇതുവഴി തെളിഞ്ഞുവന്നു.
വഴിനീളെയുള്ള പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ചു് ആയുധം ശേഖരിച്ചു് തലസ്ഥാനത്തേക്കു നീങ്ങുകയും അവിടെയെത്തി അധികാരം പിടിക്കുകയും എന്ന സ്വപ്നമായിരുന്നു പ്രവർത്തകരുടെ മനസ്സിൽ—മാവോ സേതുങ് ചൈനയിൽ അധികാരം പിടിച്ച രീതി. ആദ്യത്തെ ആക്രമണം തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ആയിരുന്നു. കുന്നിക്കൽ നാരായണൻ, കാന്തലോട്ട് കരുണാകരൻ, വെള്ളത്തൂവൽ സ്റ്റീഫൻ, എം എൻ രാവുണ്ണി എന്നിവരായിരുന്നു നേതൃത്വത്തിൽ. തലശ്ശേരി കെപീസ് ട്യൂട്ടോറിയലിൽ സംഘടിച്ചു് 1968 നവംബർ 21-നു് രാത്രിയായിരുന്നു ആക്രമണം. ബഹളം കേട്ടു സ്റ്റേഷനു മുന്നിൽ കിടന്നിരുന്ന കന്നുകാലികൾ ഭയന്നോടി. കുളമ്പടിശബ്ദം പൊലീസ് സംഘത്തിന്റെ ബൂട്ടുകളുടേതാണു് എന്നു ഭയന്നു് സംഘാംഗങ്ങളും പലവഴിക്കു രക്ഷപ്പെട്ടു. അക്രമത്തിനെത്തിയവർ ഇട്ടെറിഞ്ഞ കുന്തവും കത്തിയും നാടൻ ബോംബുമെല്ലാം പൊലീസ് സ്റ്റേഷനിൽ പിറ്റേന്നു പ്രദർശിപ്പിച്ചു. അക്രമികൾ പരിഹാസ്യരായി. പക്വതയില്ലാത്തവരുടെ എടുത്തുചാട്ടമായി ചിത്രീകരിക്കപ്പെട്ടു.
ഇതേസമയം തന്നെ പുൽപ്പള്ളിയിലും സ്റ്റേഷൻ ആക്രമണത്തിനുള്ള പദ്ധതി മുന്നേറുന്നുണ്ടായിരുന്നു. എ വർഗീസ്, ഫിലിപ് എം പ്രസാദ്, അജിത, തേറ്റമല കൃഷ്ണൻകുട്ടി എന്നിവരായിരുന്നു നേതൃത്വത്തിൽ. അജിതയുടെ അമ്മ മന്ദാകിനിയും പ്രവർത്തനങ്ങളുടെ ചുക്കാൻപിടിച്ചു വയനാട്ടിൽ ഉണ്ടായിരുന്നു. പുൽപ്പള്ളിയിലെ എം എസ് പി ക്യാംപ് അക്രമിക്കുകയായിരുന്നു പദ്ധതി. നവംബർ 23-നു രാത്രിയായിരുന്നു ആക്രമണം. ബോംബെറിഞ്ഞും കുന്തംകൊണ്ടു കുത്തിയും പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒളിക്കാൻ ശ്രമിച്ച പൊലീസുകാരിൽ ഹവിൽദാർ കുഞ്ഞുകൃഷ്ണൻ നായർ വെട്ടേറ്റു വീണു. മരിച്ചുകിടന്ന കുഞ്ഞുകൃഷ്ണൻ നായരുടെ ശരീരത്തിൽ കുന്തം കുത്തിയിറക്കി. എസ് ഐ ശങ്കുണ്ണിമേനോനും ഗുരുതരമായി പരുക്കേറ്റു.

ഈ ആക്രമണമായിരുന്നു നക്സൽ പ്രസ്ഥാനത്തിന്റെ കേരളത്തിലെ ആദ്യത്തെ ചോരയൊഴുക്കിയ ഓപ്പറേഷൻ. തുടർന്നു് ഇതേ സംഘം തന്നെ ആദിവാസികളെ കൂട്ടി പ്രദേശത്തെ ഭൂവുടമ ആയിരുന്ന തിമ്മപ്പ ചെട്ടിയാരുടെ വീടു് ആക്രമിച്ചു. പണവും ആഭരണങ്ങളും പിടിച്ചെടുക്കുകയും അരിയും നെല്ലും കണ്ടെടുത്തു് ആദിവാസികൾക്കു വിതരണം ചെയ്യുകയും ചെയ്തു. തിമ്മപ്പ ചെട്ടിയാരുടെ അനുജൻ ദാസപ്പചെട്ടിയാരുടെ വീടും അന്നു തന്നെ ആക്രമിക്കപ്പെട്ടു. സംഘം യാത്ര തുടരുന്നതിനിടെ അജിതയും ഫിലിപ്പ് എം പ്രസാദും ഉൾപ്പെടുന്ന സംഘം പൊലീസ് പിടിയിലായി. ഡിസംബർ രണ്ടിനായിരുന്നു അതു്. മന്ദാകിനിയും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീടു് ഡിസംബർ എട്ടിനു കുന്നിക്കൽ നാരായണൻ തൃശൂർ പൊലീസ് സ്റ്റേഷനിലും കീഴടങ്ങി. ഒരുവർഷത്തോളം കേസുകളും തുടർനടപടികളും മാത്രമായിരുന്നു നക്സൽ വാർത്തകളായി വന്നതു്. എന്നാൽ ജാമ്യത്തിലിറങ്ങിയ കുന്നിക്കൽ നാരായണനും സംഘവും തലശ്ശേരി ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിനു് കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ തീരുമാനിച്ചതോടെ തീവ്രമായ രണ്ടാംഘട്ടം തുടങ്ങുകയായിരുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സർവ്വസജ്ജമായിരുന്ന പൊലീസ് തിരികെ വെടിവച്ചതോടെ കനത്ത ഏറ്റുമുട്ടൽ നടന്നു. നക്സലുകൾ എറിഞ്ഞ ബോംബ് കൊണ്ടു് എസ് ഐ പ്രഭാകരന്റെ കയ്യറ്റു. നക്സലൈറ്റ് സംഘത്തിലെ കോയിപ്പിള്ളി വേലായുധൻ വെടിയേറ്റും മരിച്ചു.

തുടർന്നു മൂന്നു മാസങ്ങൾക്കു ശേഷം തിരുനെല്ലിയിലും തൃശ്ശിലേരിയിലും ആക്രമണം ഉണ്ടായി. വർഗീസിന്റെയും എ വാസുവിന്റേയും വെള്ളത്തൂവൽ സ്റ്റീഫന്റെയും നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളിൽ ജന്മിമാരും വ്യാപാരികളുമായിരുന്നു ഇര. എ എൻ വാസുദേവ അഡിഗയും ചേക്കുവുമാണു് കൊല്ലപ്പെട്ടതു്—1970 ഫെബ്രുവരി എട്ടിനു്. വാസുദേവ അഡിഗയെ പിടികൂടി വീട്ടിനു പുറത്തെത്തിച്ചു നാട്ടുകാരെ മുഴുവൻ ടോർച്ചിന്റെ വെളിച്ചത്തിൽ കാണിച്ചതു വർഗീസ് ആണെന്നാണു് കേസ് രേഖകൾ. തുടർന്നു വെടിവച്ചുകൊന്നു. വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന ചേക്കുവിനെ പിടികൂടി പുറത്തുകൊണ്ടുവന്നു വെടിവയ്ക്കുകയായിരുന്നു. ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ സ്വത്തു് തട്ടിയെടുത്തു എന്നായിരുന്നു അഡിഗയ്ക്കു മേൽ നക്സലൈറ്റ് പ്രസ്ഥാനം നടത്തിയ വിധിയെഴുത്തു്. തൊഴിലാളികൾക്കു കുറഞ്ഞ കൂലി നൽകുന്നയാളാണെന്നും നക്സലുകളെ പൊലീസിനു് ഒറ്റിയെന്നും ആയിരുന്നു പലചരക്കുകടയും ചായക്കടയും നടത്തിയിരുന്ന ചേക്കുവിനെതിരായ ആരോപണം.
ആക്രമണങ്ങൾക്കു ശേഷം ഫെബ്രുവരി 17-നു് വർഗീസ് തിരുനെല്ലിയിൽ സഹപ്രവർത്തകനായ കുട്ടൻ മൂസതിന്റെ വീട്ടിലെത്തി. അവിടെ നിന്നു ഭക്ഷണം കഴിച്ചശേഷം മറ്റൊരു സഹപ്രവർത്തകൻ എം ശിവരാമൻനായരുടെ വീട്ടിലാണു് ഉറങ്ങിയതു്. ആ രാത്രി ശിവരാമൻ നായരുടെ വീടു വളഞ്ഞു് വർഗീസിനെ പൊലീസ് പിടികൂടി. ജീപ്പിൽ വച്ചു തന്നെ മർദ്ദനം തുടങ്ങിയിരുന്നു. പിന്നീടു തിരുനെല്ലി കാട്ടിൽ എത്തിച്ചു. കാട്ടിൽ എത്തിയപ്പോൾ തന്നെ വർഗീസ് പാതി മരിച്ചതുപോലെയായിരുന്നുവെന്നാണു് കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ മൊഴി.

‘പിറ്റേന്നു് ഉച്ചയ്ക്കു ശേഷം ഞാൻകൊടുത്ത ഭക്ഷണം വർഗീസ് കഴിച്ചു. ഒരു ബീഡിയും വലിച്ചു. കൊല്ലപ്പെടുമെന്നു വർഗീസിനു് അറിയാമായിരുന്നു. സൂചന തന്ന ശേഷം വേണം കൊല്ലാൻ എന്നു വർഗീസ് രഹസ്യമായി ആവശ്യപ്പെട്ടു. കോൺസ്റ്റബിൾമാരായ ശ്രീധരൻ, റപ്പായി എന്നിവരും കൂടെയുണ്ടായിരുന്നു. ലക്ഷ്മണ വർഗീസിനെ വെടിവച്ചുകൊല്ലാൻ എന്നോടു് ആവശ്യപ്പെട്ടു. വിയോജിച്ചാൽ ആ സമയം ഞാൻ കൊല്ലപ്പെടുമായിരുന്നു. അതും ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ പട്ടികയിൽ വരും. കണ്ണുമൂടിക്കെട്ടി വർഗീസിനെ പാറയിടുക്കിൽ ഇരുത്തി. തോക്കു് നെഞ്ചിലേക്കു ചേർത്തുപിടിച്ചു. ഞാൻ ചെറിയ ശബ്ദമുണ്ടാക്കി. വർഗീസിനു് കാര്യം മനസ്സിലായി. വിപ്ലവം ജയിക്കട്ടെ എന്നു വർഗീസ് വിളിച്ചു പറഞ്ഞു. ഞാൻ നിറയൊഴിച്ചു.’
ഇതാണു രാമചന്ദ്രൻ നായർ പിന്നീടു നടത്തിയ വെളിപ്പെടുത്തൽ. മരിക്കുമ്പോൾ 32 വയസ്സുമാത്രമായിരുന്നു വർഗീസിന്റെ പ്രായം. നക്സൽ വർഗീസ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന കേസ് ആണു് മൂന്നുപതിറ്റാണ്ടിനുശേഷം തിരുത്തപ്പെട്ടതും ലക്ഷ്മണയ്ക്കു ശിക്ഷ ലഭിച്ചതും. ജീവപര്യന്തം തടവാണു് 2010-ൽ ലക്ഷ്മണയ്ക്കു വിധിച്ച ശിക്ഷ. അതിനു മുൻപു 2006-ൽ തന്നെ രാമചന്ദ്രൻ നായർ മരിച്ചിരുന്നു. 2013-ൽ 75 വയസ്സുകഴിഞ്ഞ പശ്ചാത്തലത്തിൽ പ്രത്യേക ഇളവിലൂടെ ലക്ഷ്മണ മോചിതനാവുകയും ചെയ്തു.

വർഗീസിന്റെ വധത്തിനു ശേഷവും നക്സൽ പ്രസ്ഥാനം ആക്രമണങ്ങൾ തുടർന്നു. കണ്ണൂരിലെ ചെറുകുന്നിൽ കൃഷ്ണൻ നമ്പ്യാരാണു് പിന്നെ ആദ്യം കൊല്ലപ്പെട്ടതു്. വെള്ളത്തൂവലിൽ സ്റ്റീഫന്റെ നേതൃത്വത്തിൽ എസ്റ്റേറ്റ് ഉടമയായ പി എം ജോസഫി നെ വീടുകയറി വെട്ടിക്കൊന്നു. പാലക്കാട് കോങ്ങാട്ട് നാരായണൻകുട്ടി നായർ എന്ന ഭൂഉടമയെ എം എൻ രാവുണ്ണിയുടെ നേതൃത്വത്തിൽ ആക്രമിച്ചു. ദളിത് പീഡനത്തിന്റെയും സ്ത്രീപീഡനത്തിന്റെയും കുറ്റപത്രം വായിച്ചു കേൾപ്പിച്ചശേഷമായിരുന്നു കൊല. തല വെട്ടിയെടുത്തു വീട്ടിലെ കൽപ്പടവുകളിൽ വച്ചശേഷമാണു സംഘം മടങ്ങിയതു്. കിളിമാനൂരും നഗരൂരും എല്ലാം സമാനമായ ആക്രമണങ്ങൾ നടന്നു. കുമ്മിളിൽ ശങ്കരനാരായണ അയ്യരെ വധിച്ച ശേഷം കോങ്ങാട്ടു ചെയ്തതുപോലെ തലയറുത്തു് റോഡിൽ വച്ചു. നഗരൂർ തൊട്ടാശ്ശേരി മഠത്തിലെ കേശവൻപോറ്റിയെ നാടൻ ബോംബ് പൊട്ടിച്ചു ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമാണു വെട്ടിക്കൊന്നതു്. ഈ അക്രമങ്ങളെ തുടർന്നു പൊലീസ് നടത്തിയ വേട്ടയിൽ നേതാക്കളെല്ലാം പിടിയിലായി. ക്രമേണ നക്സൽ പ്രസ്ഥാനത്തിന്റെ തീവ്രപ്രവർത്തനങ്ങൾ ശമിച്ചു. എന്നാൽ കെ വേണു വിന്റെ നേതൃത്വത്തിൽ പുറത്തുവന്ന താത്വിക ലേഖനങ്ങളും സച്ചിദാനന്ദനും കെ ജി എസും കടമ്മനിട്ട യും പോലുള്ളവരുടെ എഴുത്തുകളും ചിന്തിക്കുന്നവരുടെ ഇടയിൽ ആ ധാര പിന്നീടും വളർത്തുന്നതാണു കേരളം കണ്ടതു്. അടിയന്തരാവസ്ഥ കാലത്തു് രാജൻ എന്ന വിദ്യാർത്ഥിയുടെ തിരോധാനത്തിലേക്കു് എത്തിയതു് ആ ചിന്താധാരയുടെ വളർച്ചയെ തുടർന്നുള്ള സംഭവങ്ങളായിരുന്നു.

കേരളത്തിൽ അതുവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെല്ലാം ഒരു ന്യായവിധിയുടെ പതാക പൊതുജനം പുതപ്പിച്ചിരുന്നു. നക്സലുകൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കാര്യത്തിലും വർഗീസ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതിലും അത്തരമൊരു ‘ചെയ്തു കൂട്ടിയതിന്റെ ഫലം’ എന്ന വിധിയെഴുത്തു മാധ്യമങ്ങളും നടത്തിയിരുന്നു. എന്നാൽ പി രാജൻ എന്ന വിദ്യാർത്ഥിയെ കാണാതാകുന്ന 1976 മാർച്ച് ഒന്നു മുതൽ ഇതിനൊരു തിരുത്തുവന്നു. അന്നും ഇന്നും രാജനു് എന്തുസംഭവിച്ചുവെന്നോ രാജൻ ചെയ്ത തെറ്റു് എന്താണെന്നോ വിശദീകരിക്കാൻ പൊലീസിനും സർക്കാരിനും കഴിഞ്ഞിട്ടില്ല. ജീവിതാവകാശങ്ങളുടെ ഏടുകൂടി ചർച്ചകളിലേക്കു കൊണ്ടുവന്നാണു് തീർപ്പില്ലാത്ത മിഥ്യയായി രാജൻ ഇപ്പോഴും തുടരുന്നതു്.

നക്സലൈറ്റുകൾ കായണ്ണ പൊലീസ് സ്റ്റേഷനിൽ നടത്തിയ ആക്രമണത്തിനു ശേഷമാണു് രാജനെ കാണാതാകുന്നതു്. കെ വേണുവായിരുന്നു സ്റ്റേഷൻ ആക്രമിച്ച സംഘത്തിന്റെ തലവൻ. വത്സരാജൻ, രാജൻ എന്നീപേരുകളിലുള്ള രണ്ടുപേരും സംഘത്തിൽ ഉണ്ടായിരുന്നു. ആക്രമണവും വെടിവയ്പും കഴിഞ്ഞു് സംഘം രക്ഷപെട്ടു. വൻപൊലീസ് സന്നാഹം കോഴിക്കോട്ട് എത്തി. ഡി ഐ ജിമാരായ ജയറാം പടിക്കൽ, മധുസൂദനൻ, എസ് പി ലക്ഷ്മണ എന്നിവരായിരുന്നു നേതൃത്വത്തിൽ. പുലിക്കോടൻ നാരായണൻ എന്ന എസ് ഐയുടെ നേതൃത്തിൽ പ്രത്യേക സംഘവും ഉണ്ടായിരുന്നു. കെ വേണു, വേണുവിനെ ഒളിവിൽ പാർപ്പിച്ച കഥാകൃത്തു് യു പി ജയരാജ് തുടങ്ങിയവർ ആദ്യം തന്നെ പിടിയിലായി.

ഫെബ്രുവരി 28-നു് ആയിരുന്നു ആക്രമണം. രണ്ടുദിവസത്തിനു ശേഷമായിരുന്നു കോഴിക്കോട് ആർ ഇ സി വിദ്യാർത്ഥിയായ രാജനെ കസ്റ്റഡിയിൽ എടുക്കുന്നതു്. ആക്രമണത്തിൽ പങ്കെടുത്തു എന്ന പേരിലായിരുന്നു പൊലീസ് കൂട്ടിക്കൊണ്ടുപോയതു്. അന്നു് ആക്രമണസംഘത്തിൽ ഉണ്ടായിരുന്ന രാജന്മാരിൽ ആരോ ആണെന്നു തെറ്റിദ്ധരിച്ചുനടത്തിയ അറസ്റ്റ് എന്നാണു പിന്നീടു വിലയിരുത്തപ്പെട്ടതു്. കാരണം ആക്രമണം നടന്ന ഫെബ്രുവരി 28-നു് രാജൻ ഫാറൂഖ് കോളജിൽ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കപ്പെട്ടു. അവിടെ സർവകലാശാലയുടെ മേഖലാ കലോത്സവം നടക്കുകയായിരുന്നു. ലളിതഗാനത്തിൽ രാജൻ മത്സരിച്ചു, ഒന്നാംസ്ഥാനവും ലഭിച്ചു. ഒന്നാമതു് എത്തിയ വിദ്യാർത്ഥികളുടെ കലാപ്രകടനം രാത്രിമുഴുവൻ നീണ്ടു നിന്നു. രാത്രിയിൽ രാജനും പാടി. ആ സമയത്താണു് കായണ്ണയിൽ ആക്രമണം നടന്നതു്. രാജൻ അവിടെ എത്താൻ ഒരുസാധ്യതയും ഇല്ലെന്നു പിന്നീടു നടന്ന അന്വേഷണങ്ങളിൽ സ്ഥിരീകരിക്കപ്പെട്ടു.
പക്ഷേ, രാജൻ ആക്രമണത്തിൽ പങ്കെടുത്ത ആളായിരുന്നില്ലെങ്കിലും നക്സൽ നേതാക്കളിൽ ചിലരുമായി സൗഹൃദം ഉണ്ടായിരുന്നു. ഈ സംഭവം കഴിഞ്ഞു നാലു പതിറ്റാണ്ടിനു ശേഷം 2015-ൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ നക്സൽ നേതാവു് മുരളി കണ്ണമ്പിള്ളി രാജന്റെ സുഹൃത്തായിരുന്നു. മുരളി കണ്ണമ്പിള്ളി ആർ ഇ സിയിൽ രാജന്റെ സീനിയർ ബാച്ചിൽ ഉണ്ടായിരുന്നു. അവിടെ പഠിക്കുമ്പോഴാണു് പഠനം ഉപേക്ഷിച്ചു നക്സൽ പ്രസ്ഥാനത്തിൽ ചേർന്നതു്. പിന്നീടു രാജന്റെ മുറിയിൽ പലപ്പോഴും വന്നിരുന്ന മുരളി കണ്ണമ്പിള്ളിക്കൊപ്പം കെ വേണുവും ഉണ്ടായിരുന്നു. കൂടാതെ രാജന്റെ മുറിയിൽ ഉണ്ടായിരുന്ന പുരോഗമനാശയങ്ങളുടെ പുസ്തകങ്ങളും പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. കലോത്സവം കഴിഞ്ഞു മടങ്ങിവരുമ്പോൾ ഹോസ്റ്റൽ വളഞ്ഞു നിന്ന പൊലീസ് രാജനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജോസഫ് ചാലിയേയും രാജനേയുമാണു് അവിടെ നിന്നു കൊണ്ടുപോയതു്.

വൈദ്യുതി ബോർഡിന്റെ കക്കയം ഇൻസ്പെക്ഷൻ ബംഗ്ളാവിലേക്കാണു് രാജനെ കൊണ്ടുപോയതെന്നും അവിടെ മർദ്ദനമേറ്റു് അബോധാവസ്ഥയിൽ കിടക്കുന്ന രാജനെ കണ്ടെന്നുമുള്ള സാക്ഷിമൊഴികൾ പിന്നീടുണ്ടായി. കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയോടു് അനുബന്ധിച്ചു പണിതതായിരുന്നു ഈ ബംഗ്ളാവു്. രാജന്റെ പിതാവു് ഈച്ചരവാര്യർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെതുടർന്നുള്ള അന്വേഷണത്തിലാണു് ഇത്രയും വ്യക്തമായതു്. അബോധാവസ്ഥയിലായിരുന്ന രാജനെ എടുത്തുകൊണ്ടു പോകുന്നതു വരെ കണ്ടവരുണ്ടു്. പിന്നെ ഒരു തെളിവുമില്ല. ജയറാം പടിക്കലും പുലിക്കോടൻ നാരായണനും ചേർന്നു രാജനെ മർദ്ദിച്ചുകൊണ്ടിരുന്നതായി ഒപ്പം അറസ്റ്റിലായവർ മൊഴിനൽകി. മധുസൂദനനും ലക്ഷ്മണയുമെല്ലാം ആ ക്യാംപിൽ ഉണ്ടായിരുന്നു.
രാജൻ കൊല്ലപ്പെട്ടു എന്നു വ്യക്തമായതോടെ മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയി എന്നാണു പിന്നീടു പ്രചരിച്ച സ്ഥിരീകരണമില്ലാത്ത വാർത്ത. കോരപ്പുഴയിൽ എറിഞ്ഞെന്നും മീനങ്ങാടി അണക്കെട്ടിൽ പൊങ്ങിയ ചാക്കിൽകെട്ടിയ മൃതദേഹം പൊലീസ് എത്തി കൊണ്ടുപോയെന്നും മൊഴികൾ ഉണ്ടായി. തിരിച്ചുകിട്ടാത്തവിധം മൃതദേഹം പഞ്ചസാരയിട്ടു കത്തിച്ചു് ഉരുക്കികളഞ്ഞെന്ന സംശയവും ചിലകേന്ദ്രങ്ങളിൽ നിന്നു് ഉയർന്നു. പക്ഷേ, ഒന്നിനും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
ഈ കേസിൽ ഏറ്റവും നിർണായകമായതു് രാജന്റെ പിതാവു് ഈച്ചരവാര്യർ നടത്തിയ നിയമ പോരാട്ടങ്ങളായിരുന്നു. വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നു കാണിച്ചു രക്ഷിതാക്കൾക്കു കോളജ് പ്രിൻസിപ്പിൽ ബഹാവുദ്ദീൻ അയച്ച റജിസ്റ്റേർഡ് കത്തു് കേസിൽ നിർണായകമായി. സംഭവത്തിൽ പൊലീസിനു നിഷേധിക്കാൻ കഴിയാത്ത തെളിവായി അതു മാറി. മാർച്ച് ഒന്നിനു് കോളജിലെത്തിയ ഈച്ചരവാര്യർ മകൻ അറസ്റ്റിലായ വിവരമാണു് അറിഞ്ഞതു്. ആ നിമിഷം ആരംഭിച്ചതായിരുന്നു പോരാട്ടം. ആഭ്യന്തരമന്ത്രി കെ കരുണാകരൻ ഈ കേസിലേക്കു കടന്നുവരുന്നതു് ഇവിടെയാണു്. പരാതി പറഞ്ഞ ഈച്ചരവാര്യരോടു് മകൻ കസ്റ്റഡിയിൽ ഉണ്ടു് എന്നു് കരുണാകരൻ സമ്മതിച്ചുവെന്നാണു് അദ്ദേഹം കോടതിയിൽ മൊഴിനൽകിയതു്. ജയറാം പടിക്കൽ, ലക്ഷ്മണ, പുലിക്കോടൻ നാരായണൻ എന്നവിർക്കെതിരായ കേസിനു പുറമെ കെ കരുണാകരനെ പ്രതിയാക്കി വേറെ കേസും ഈച്ചരാവര്യർ കൊടുത്തു. ഈച്ചരവാര്യരും കരുണാകരനും പഴയ സുഹൃത്തുക്കളായിരുന്നു. തന്റെ സൂഹൃത്തായ ഈച്ചരവാര്യരുടെ മകൻ രാജനെയല്ല മറ്റൊരു രാജനെ കസ്റ്റഡിയിൽ എടുത്ത വിവരമാണു പറഞ്ഞതെന്നു കരുണാകരൻ പിന്നീടു നിയമസഭയെ അറിയിച്ചു. കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു ഹൈക്കോടതയിലും സത്യവാങ്മൂലവും നൽകി. എന്നാൽ രാജനെ കസ്റ്റഡിയിൽ എടുത്തതിനു വ്യക്തമായ തെളിവുണ്ടെന്നു ഹൈക്കോടതി നിരീക്ഷിച്ചു. രാജനെ ഹാജരാക്കാൻ പൊലീസിനു് ഉത്തരവും നൽകി. ഈ കേസ് കോടതി പിന്നീടു പരിഗണിക്കുന്ന ഘട്ടത്തിൽ കരുണാകരൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരമേറ്റിരുന്നു. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പറഞ്ഞതു് കള്ളമാണു് എന്നു ഹൈക്കോടതി വിലയിരുത്തിയതോടെ കരുണാകരനു് രാജി വയ്ക്കേണ്ടി വന്നു. പകരം എ കെ ആന്റണി മുഖ്യമന്ത്രിയായി.
രാജൻകേസ് അന്വേഷിച്ച ഡി ഐ ജി രാജഗോപാൽ നാരായണൻ പിന്നീടു നൽകിയ റിപ്പോർട്ടിൽ രാജനെ കസ്റ്റഡിയിൽ എടുത്തിരുന്നതായാണു് എഴുതിച്ചേർത്തതു്. കസ്റ്റഡിയിൽ തന്നെ രാജൻ മരിച്ചതായും ആ റിപ്പോർട്ടിലുണ്ടു്. പിന്നീടു് ജയറാം പടിക്കൽ, എസ് പി മുരളീ കൃഷ്ണദാസ് എന്നിവർക്കു കേസിൽ പങ്കുണ്ടെന്നു് കോടതി കണ്ടെത്തി. എന്നാൽ കൊലക്കുറ്റം അവർക്കുമേൽ ചുമത്താൻ തെളിവുകൾ ഇല്ലെന്നു നിരീക്ഷിച്ചതിനാൽ കുറഞ്ഞ ശിക്ഷ മാത്രമേ വിധിയിൽ ഉണ്ടായിരുന്നുള്ളു. മരണം വരെ സ്ഥിരീകരിക്കപ്പെട്ട ആ കേസിൽ മൃതദേഹം എന്തുചെയ്തുവെന്നു മാത്രം ഇനിയും ജനം അറിഞ്ഞിട്ടില്ല. ആ മരണം പോലും അംഗീകരിക്കാൻ കഴിയാതെ അവസാനദിവസം വരെ മകനെ കാത്തിരിക്കുകയായിരുന്നു രാജന്റെ പിതാവു് ഈച്ചരാവര്യർ. വീടിനു മുന്നിലെ ഓരോ കാൽപ്പെരുമാറ്റവും മകന്റേതാണെന്നു കരുതി എഴുന്നേറ്റിരുന്ന ആ പിതാവു് കേരളത്തിന്റെ ഏറ്റവും വലിയ നൊമ്പരവുമായിരുന്നു.
രാജന്റേതു് അടിയന്തരാവസ്ഥകാലത്തെ ഒറ്റപ്പെട്ട മരണമായിരുന്നില്ല. സി പി ഐ (എം എൽ) പ്രവർത്തകനായ വർക്കല വിജയനെ മാർച്ച് അഞ്ചിനാണു കസ്റ്റഡിയിൽ എടുത്തതു്. വർക്കലയിൽ പുസ്തക സ്റ്റാളായിരുന്നു വിജയനു്. ശാസ്തമംഗലം ക്യാപിൽവച്ചാണു കൊല്ലപ്പെടുന്നതു്. നാദാപുരം കണ്ണനാണു് പൊലീസ് കസ്റ്റഡിയിൽ മരിച്ച മറ്റൊരാൾ. വെള്ളത്തൂവൽ സ്വദേശിയായ ദാസ് എന്ന പതിനേഴുകാരനും അടിയന്തരാവസ്ഥയെ എതിർത്തു പോസ്റ്റർ പതിച്ചതിനു് അറസ്റ്റിലാവുകയും കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു. പെരിന്തൽമണ്ണ സർവേ ഓഫിസിൽ ചെയിൻമാനായ അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ മരണം ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. കെ വേണു വുമായി അടുപ്പമുണ്ടായിരുന്നതിന്റെ പേരിലാണു് കായണ്ണ ആക്രമണശേഷം ബാലകൃഷ്ണനെ കസ്റ്റഡിയിൽ എടുക്കുന്നതു്. ബാലകൃഷ്ണന്റെ സുഹൃത്തായ പ്രഭാകരനും കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ഇവരെ കക്കയം ക്യാംപിലേക്കു കൊണ്ടുപോവുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന കന്നാസിലെ പെട്രോൾ തട്ടിമറിച്ച ശേഷം ബീഡിവലിക്കാൻ കരുതിയിരുന്ന തീപ്പെട്ടികൊണ്ടു് ബാലകൃഷ്ണൻ തീയിട്ടു. ജീപ്പിന്റെ പിന്നിലായിരുന്നു ബാലകൃഷ്ണനും മറ്റും. പൊടുന്നനെ മുന്നിലിരുന്ന ഡി വൈ എസ് പി ബാലസുബ്രഹ്മണ്യത്തെ കഴുത്തിനു ചുറ്റിപ്പിടിച്ചു. ഇരുവരും ജീപ്പിനുള്ളിരുന്നുതന്നെ വെന്തുമരിച്ചു. പ്രഭാകരനും ഒപ്പമുണ്ടായിരുന്ന സി ഐ കുഞ്ഞിക്കണ്ണനും പരുക്കുകളോടെ രക്ഷപെട്ടു. ബാലകൃഷ്ണന്റെ ആത്മഹത്യ കേരളത്തിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണം കൂടിയായാണു പിന്നീടു വിലയിരുത്തപ്പെട്ടതു്.
1971 ഡിസംബർ 28. കേരളചരിത്രത്തിലെ ഏറ്റവും ഭയാനകമായ വർഗീയ ലഹള തലശ്ശേരിയിൽ തുടങ്ങിയ ദിവസം. മേലൂട്ട് മുത്തപ്പൻ മടപ്പുരയിലേക്കുള്ള കലശ ഘോഷയാത്രയിലാണു് സംഭവങ്ങളുടെ തുടക്കം. ഈ ഘോഷയാത്രയിലേക്കു് രണ്ടു ചെരുപ്പുകൾ വന്നു വീണതിനെച്ചൊല്ലിയാണു് കലാപം തുടങ്ങിയതെന്നു് പിന്നീടു് അന്വേഷണ കമ്മിഷനു മൊഴി ലഭിച്ചു. ചെരുപ്പുവന്ന സ്ഥലത്തുണ്ടായിരുന്ന ഹോട്ടലിന്റെ ഉടമ ആദ്യം ആക്രമിക്കപ്പെട്ടു. തൊട്ടടുത്തു് ഉറങ്ങിക്കിടന്ന രണ്ടുപേരും ആക്രമണത്തിനു് ഇരയായി. സംഘർഷം അവിടെ തുടങ്ങി.
റയിൽവേ സ്റ്റേഷനു സമീപത്തുള്ള പെട്രോൾ പമ്പു നിന്നു കത്തുന്നതാണു പിന്നീടു കണ്ടതു്. ഹിന്ദുക്കളുടേയും മുസ്ലിംകളുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേറെയും തുടർന്നു കത്തിക്കൊണ്ടിരുന്നു. ഇതിനൊപ്പം അനേകം കിംവദന്തികളും പ്രചരിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തിയെന്നും മുല മുറിച്ചുവെന്നും വരെ പ്രചാരണം ഉണ്ടായി. പത്രങ്ങൾ ഈ വാർത്തകളുമായി അച്ചടിച്ചു വന്നിരുന്നില്ല. തൽസമയ റിപ്പോർട്ടിങ്ങിനു് ദൃശ്യമാധ്യമങ്ങളും ഉണ്ടായിരുന്നില്ല. അവിടെ കാതോടു കാതോരം പടർന്നതിലേറെയും നുണകളായിരുന്നു. പലതും സംഭവിക്കാത്തവയും അർദ്ധസത്യങ്ങൾ പൊലിപ്പിച്ചെടുത്തവയും ആയിരുന്നു. രണ്ടുപേർ കൂടിക്കണ്ടാൽ പരസ്പരം ആക്രമിക്കുന്ന നിലയിലേക്കു തലശ്ശേരി എത്തി.
സിനിമകളിൽ എന്നതുപോലെ മാരകായുധങ്ങളുമായി ഇരുവിഭാഗങ്ങളും തെരുവുകളിലൂടെ നടക്കുകയായിരുന്നു. ഇടപെടാൻ കഴിയാത്തത്ര ദുർബലരും ആയിരുന്നു പൊലീസ്. കൊലപാതകം മാത്രമല്ല കൊള്ളയും വ്യാപകമായി നടന്നു. സമാധാനം എന്ന സന്ദേശവുമായി ആർക്കും തലശ്ശേരിയിലേക്കു ചെല്ലാൻ കഴിയാത്ത സ്ഥിതി. കലാപത്തിൽ എത്രപേർ ഇരകളാക്കപ്പെട്ടു എന്നതിനു് ഇന്നും കൃത്യമായ കണക്കില്ല. സംഭവത്തെക്കുറിച്ചു് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മിറ്റി ഗുരുതരമായ നിരീക്ഷണങ്ങളാണു നടത്തിയിരുന്നതു്. 589 കേസുകളാണു് കലാപത്തിനു ശേഷം റജിസ്റ്റർ ചെയ്തതു്. അതിൽ ഒന്നിലും ആരേയും ശിക്ഷിച്ചില്ല. ഒരാഴ്ച മുഴുവൻ തലശ്ശേരി നഗരം കത്തിയെരിഞ്ഞെങ്കിലും അന്നു പത്രങ്ങൾ കാണിച്ച സംയമനം പിന്നീടു് പ്രശംസിക്കപ്പെട്ടു. മറ്റിടങ്ങളിലേക്കു കലാപം പടരാതിരിക്കാനായി വളരെ കുറച്ചുവിവരങ്ങൾ മാത്രമേ മാധ്യമങ്ങളിലൂടെ പുറത്തുവന്നുള്ളു. പത്രങ്ങൾക്കു് അന്നു കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനും തടസ്സം ഉണ്ടായിരുന്നു.
ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ എന്നീ നേതാക്കളുടെ കാർക്കശ്യം അടയാളപ്പെടുത്തിയ സംഭവംകൂടിയായിരുന്നു ഈ കലാപം. ആയുധങ്ങളുമായി നിന്നവരുടെ അടുത്തേക്കു കൂസാതെ ചെന്നു് ഇവർ നൽകിയ മുന്നറിയിപ്പുകൾ ദുരന്തത്തിന്റെ തീവ്രത വളരാതിരിക്കാൻ സഹായിച്ചുവെന്നു പിന്നീടു വിലയിരുത്തപ്പെട്ടു. മൂന്നു ഘട്ടങ്ങളായി നടന്ന തലശ്ശേരി കലാപത്തിൽ ആദ്യത്തേതു വളരെ ആസൂത്രിതമായിരുന്നെന്നാണു് ജസ്റ്റിസ് വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതു്. ദീർഘകാലമായി നടത്തിയ തയ്യാറെടുപ്പുകളുടെ ഫലമായാണു് മറുവിഭാഗത്തിന്റെ സ്ഥാപനങ്ങൾ ആക്രമിച്ചതു്. പല സ്ഥലങ്ങളിൽ ഒരേസമയം പൊടുന്നനെ ഉണ്ടായ ആക്രമണങ്ങൾ തയ്യാറെടുപ്പുകൾ നടത്തിയതിന്റെ സൂചനയാണെന്നും കമ്മിഷൻ റിപ്പോർട്ടിലുണ്ടു്. രണ്ടാമതു നടന്ന കലാപം ആദ്യത്തേതിനുള്ള തിരിച്ചടിയായിരുന്നു. പ്രാദേശികമായി പെട്ടെന്നു സംഘടിച്ചാണു് രണ്ടാംകലാപം മറുവിഭാഗം നടത്തിയതു്. മൂന്നാമത്തെ കലാപം ആദ്യത്തെ വിഭാഗം തന്നെ രണ്ടാമത്തെ സംഘത്തിനു നൽകിയ തിരിച്ചടിയാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

ജസ്റ്റിസ് വിതയത്തിൽ കമ്മിഷന്റെ റിപ്പോർട്ടിൽ നിന്നു്: ‘പൊലീസ് നിയമപരിപാലനത്തിനു് ഒരു നടപടിയും സ്വീകരിക്കാത്തതാണു കലാപത്തിലേക്കു നയിച്ചതെന്നു രേഖപ്പെടുത്താൻ കമ്മിഷൻ ആഗ്രഹിക്കുകയാണു്. പൊലീസ് മാത്രമല്ല ഉത്തരവാദപ്പെട്ട പ്രാദേശിക റവന്യു ഉദ്യോഗസ്ഥരും പ്രശ്നം പരിഹരിക്കാൻ ഇറങ്ങിത്തിരിച്ചില്ല. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരാണു് കലാപത്തിനു് ഇറങ്ങിയതു് എന്നതു ഗുരുതരമായ സ്ഥിതി വിശേഷമാണു്. ഭാവിയിൽ രാജ്യത്തെ നയിക്കേണ്ടതു് ഇവരാണു്. സർക്കാരും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാർട്ടികളും മനസ്സുവച്ചാൽ മാത്രമേ ഇത്തരം കലാപങ്ങൾ ഇല്ലാതാവുകയുള്ളു. ഇതു തടയുന്നതിനായി കമ്മിഷന്റെ നിർദ്ദേശങ്ങൾ:
- മതാധിഷ്ഠിതമായി രാഷ്ട്രീയപാർട്ടികൾ മേലിൽ പ്രവർത്തിക്കാൻ പാടില്ല. ഭാവിയിൽ രൂപീകരിക്കുന്നതും തടയണം.
- മതാധിഷ്ഠിത വർഗീയതയാണു ദേശീയോദ്ഗ്രഥനത്തിനു് ഏറ്റവും വലിയ വെല്ലുവിളി. ഹിന്ദുയിസത്തേയും ഇസ്ലാമിനേയും അടിസ്ഥാനമാക്കി ഇന്ത്യയിൽ രൂപീകരിക്കുന്ന പാർട്ടികളെയാണു് ഏറ്റവും ശ്രദ്ധിക്കേണ്ടതു്. ഇത്തരം പാർട്ടികളെ നിരോധിക്കുന്നതു പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അവരുടെ തീവ്രപ്രവർത്തനങ്ങൾ തടയുന്നതിനു കർശന നടപടി സ്വീകരിക്കണം.
- നിരോധന നിയമങ്ങളേക്കാൾ ഫലപ്രദമാവുക ജനമനസ്സിൽ വർഗീയതയ്ക്കെതിരായ ബോധം വളർത്താനുള്ള ശ്രമങ്ങളാണു്.
- മതേതര കക്ഷികളിലേക്കു വരെ വർഗീയത കടന്നുകയറി എന്നു് കമ്മിഷൻ നിരീക്ഷിക്കുകയാണു്. ഇതു നിയന്ത്രിക്കേണ്ടതു് അതതു പാർട്ടികളുടെ നേതൃത്വത്തിൽ ഉള്ളവരാണു്.
- ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന തോന്നലിൽ നിന്നാണു് അവർ മതാധിഷ്ഠിതമായ പാർട്ടികളിൽ ചേരുന്നതു്. ഇതു് പരിഹരിക്കാൻ സർക്കാർ നടപടികളാണു് ആവശ്യം.
- കലാപകാലത്തു തലശ്ശേരിയിലെ ഭൂരിപക്ഷം ജനങ്ങളും പെരുമാറിയതു് മതഭ്രാന്തു ബാധിച്ചതു പോലെയാണു്. ഇവരെ ജനാധിപത്യത്തെക്കുറിച്ചു ബോധവൽക്കരിക്കാൻ നടപടികൾ എടുക്കണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ഉടനടി നീക്കുകയും വേണം.’

തലശ്ശേരി കലാപം രാജ്യത്തു പിന്നീടുണ്ടായ പല കലാപങ്ങളുടേയും സൂചനയായിരുന്നു. നിസ്സാര സംഭവങ്ങൾ സൃഷ്ടിച്ചു് അതിന്റെ പേരിൽ കലാപം നടത്തുന്ന രീതിയുടെ പരീക്ഷണം. തലശ്ശേരി കലാപത്തിന്റെ വൈകാരികവശങ്ങൾ പ്രതിപാദിച്ചു് പിന്നീടു് യു എ ഖാദർ കലശം എന്ന നോവൽ എഴുതി. ഇരുവിഭാഗങ്ങളേയും വർഗീയമായി ചേരിതിരിക്കാൻ നടത്തിയ ശ്രമങ്ങൾ വിവരിക്കുന്നതാണു പുസ്തകം.
വിവാദം ഉയർന്നു് ഒരു പതിറ്റാണ്ടിനു ശേഷം ശിക്ഷ. അതും സംസ്ഥാനം ഭരിച്ച മന്ത്രിക്കു്. ആദ്യം തള്ളിയ കേസിൽ പുനർവിചാരണയെന്ന ആവശ്യവുമായി ഒരാൾ മാത്രം വർഷങ്ങളോളം കോടതിയെ സമീപിക്കുക, ഒടുവിൽ കോടതി ആരോപണങ്ങൾ ശരിയെന്നു കരുത്തുക. രാജ്യം കണ്ട അപൂർവ്വമായ നിയമനടപടികളായിരുന്നു ഇടമലയാർ കേസിൽ ഉണ്ടായതു്. ഒടുവിൽ ആർ ബാലകൃഷ്ണപിളള യെന്ന നേതാവു് ജയിലിലായതിനും കേരളം സാക്ഷ്യം വഹിച്ചു.
1982-ലാണു് ഇടമലയാർ കേസ് വിവാദം ആരംഭിക്കുന്നതു്. എന്നാൽ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങുന്നതു് 1991-ൽ മാത്രമായിരുന്നു. ഇടമലയാർ ജലവൈദ്യുതി പദ്ധതിയുടെ ടണലും ഷാഫ്റ്റുംനിർമിക്കാൻ കരാർ നൽകിയതിൽ ഒരു കോടി രൂപയുടെ നഷ്ടം കെ എസ് ഇ ബി-ക്കു് ഉണ്ടായി എന്ന പ്രൊസിക്യൂഷൻ വാദം അംഗീകരിച്ചാണു് ശിക്ഷ. ആർ ബാലകൃഷ്ണപിള്ള കരാറുകാരുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്ന കീഴ്ക്കോടതി വിധി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കീഴ്ക്കോടതി അഞ്ചുവർഷത്തെ ശിക്ഷയായിരുന്നു വിധിച്ചതെങ്കിൽ സുപ്രീംകോടതി അതു് ഒരുവർഷമായി നിജപ്പെടുത്തി. നേരത്തെ കീഴ്ക്കോടതി വിധി ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാനസർക്കാർ അപ്പീൽ നൽകിയില്ല. അന്നു കേരളം ഭരിച്ചിരുന്നതു് ഐക്യമുന്നണി സർക്കാർ ആയിരുന്നു. പ്രതിപക്ഷനേതാവു് വി എസ് അച്യുതാനന്ദനാ ണു് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതു്.
വി എസിനു് കേസ് നൽകാൻ അവകാശമില്ലെന്നു കാണിച്ചു ബാലകൃഷ്ണപിള്ള ഉന്നയിച്ച തടസ്സവാദം തള്ളിയാണു് സുപ്രീം കോടതി 2011 ഫെബ്രുവരി 10-നു് ശിക്ഷ വിധിച്ചതു്.
അന്നത്തെ വൈദ്യുതി ബോർഡ് ചെയർമാനായ രാമഭദ്രൻ നായരും കരാറുകാരനായ പി കെ സജീവനുമാണു് ഒരു വർഷം വീതം തടവിനു് ഒപ്പം ശിക്ഷിക്കപ്പെട്ടവർ. 1974-ൽ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണു് ഇടമലയാർ പദ്ധതിയുടെ നിർമാണം ആരംഭിക്കുന്നതു്. 1980-ലെ കെ കരുണാകരൻ മന്ത്രിസഭയിൽ ബാലകൃഷ്ണപിള്ള അംഗമായതോടെയാണു് നിർമാണം ത്വരിതപ്പെടുത്തുന്നതു്. ടണലും ഷാഫ്റ്റും നിർമിക്കാൻ പുതിയ കരാർ വിളിച്ചു. ടണലിന്റെ കരാർ ഏറ്റെടുത്തതു് കെ പി പൗലോസ് ആയിരുന്നു. നിർമാണം പൂർത്തിയായതോടെയാണു് വിവാദം ആരംഭിക്കുന്നതു്. ട്രയൽ റൺ ആരംഭിച്ചപ്പോൾ തന്നെ ടണലിൽ നിന്നു വെള്ളം ചോരാൻ തുടങ്ങി. നിർമാണത്തിലെ അപാകതയാണെന്നു വ്യാപക ആക്ഷേപം ഉയർന്നതോടെ മുഖ്യമന്ത്രി കരുണാകരൻ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സുകുമാരനായിരുന്നു അന്വേഷണ കമ്മിഷൻ.
ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്നാണു് കമ്മിഷൻ കണ്ടെത്തിയതു്. കോൺക്രീറ്റ് കൂട്ടു് റീജനൽ എൻജിയറിങ് കോളജിൽ പരിശോധിപ്പിച്ചു. സിമന്റിന്റെ അനുപാതം വളരെ കുറവാണു് എന്നായിരുന്നു കണ്ടെത്തൽ. മാത്രമല്ല കരാർ നൽകിയതു് കെ പി പൗലോസിനു് ആണെങ്കിലും കെ പി പൗലോസും പി കെ സജീവൻ എന്നയാളും തമ്മിൽ കോതമംഗലം റജിസ്ട്രാർ ഓഫിസിൽ ഒരു കരാർ റജിസ്റ്റർ ചെയ്തിരുന്നതായി കമ്മിഷൻ കണ്ടെത്തി. കരാറിന്റെ ഉടമസ്ഥത സജീവനു് ഉറപ്പിക്കുന്നതായിരുന്നു കരാർ. ഈ സജീവൻ കേരളാ കോൺഗ്രസ് നേതാവാണു്. നിർമാണത്തിലെ അപാകത മൂലം ഒരു കോടി രൂപ ഖജനാവിനു നഷ്ടം വന്നുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
1991-ൽ മാത്രമാണു് ഈ റിപ്പോർട്ട് അനുസരിച്ചു പ്രോസിക്യൂഷൻ നടപടി തുടങ്ങിയതു്. ഇടമലയാർ സ്പെഷൽ കോടതിയിൽ ആർ നടരാജനായിരുന്നു ജഡ്ജി. അഞ്ചുവർഷം വീതം ശിക്ഷയായിരുന്നു വിധി. ഇതു ഹൈക്കോടതി റദ്ദാക്കി. അതിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകാൻ തയ്യാറാകാതെ വന്നതോടെയാണു് വി എസ് അച്യുതാനന്ദൻ സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കുന്നതു്. കല്ലട സുകുമാരൻ ആയിരുന്നു അഭിഭാഷകൻ. വിധി വന്നതോടെ ബാലകൃഷ്ണപിള്ളയെ ജയിലിൽ അടയ്ക്കേണ്ടി വന്നു. ചീഫ് എൻജിനിയർ ഭരതനും ചെയർമാൻ ആയിരുന്ന ത്രിവിക്രമൻ നായരുമൊക്കെ കേസിന്റെ വിചാരണക്കാലത്തു മരിച്ചതു വലിയ ദുരൂഹത ഉണ്ടാക്കി. ഒരു വർഷത്തെ ശിക്ഷ ആയിരുന്നെങ്കിലും അതിനിടെ ബാലകൃഷ്ണപിള്ളയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതും ഇതിനിടെവിവാദമായി.

ജെ ശശികുമാർ ‘മദ്രാസിലെ മോൻ’ എന്ന സിനിമ സംവിധാനം ചെയ്യും മുൻപു തന്നെ ആ പേരു് കേരളത്തിൽ സുപരിചിതമായിരുന്നു. സംസ്ഥാനം ഏറ്റവും ഉത്കണ്ഠാപൂർവ്വം വായിച്ച കൊലപാതകവാർത്തയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു അതു്. രവീന്ദ്രനും രവികുമാറും മോഹൻലാലും കെ പി ഉമ്മറും ഷീല യുമെല്ലാം അഭിനയിച്ച ആ സിനിമയുടെ തിരക്കഥ നടന്നതു് സിനിമയിറങ്ങുന്നതിനു രണ്ടു വർഷം മുൻപായിരുന്നു—1980ൽ.
തിരുവല്ല മീന്തലക്കര ഗ്രാമം സംസ്ഥാനതല വാർത്തകളിലേക്കു് ആദ്യമായി കടന്നുവരികയായിരുന്നു. അവിടെ വിദേശത്തു നിന്നു മടങ്ങിവന്ന സമ്പന്നരായ ദമ്പതികൾ താമസിച്ചിരുന്ന വീടായിരുന്നു കരിക്കൻവില്ല. ഏറെക്കാലം കുവൈത്തിലായിരുന്ന കെ സി ജോർജ്ജും ഭാര്യ റേച്ചലുമായിരുന്നു ആ വീട്ടിലെ താമസക്കാർ. ലക്ഷങ്ങളുടെ സമ്പാദ്യം ഉണ്ടായിരുന്ന ഇരുവർക്കും അയൽവാസികളുമായി പോലും അടുപ്പമുണ്ടായിരുന്നില്ല.
1980 ഒക്ടോബർ ആറിനാണു് സംഭവം. ജോർജ്ജും ഭാര്യ റേച്ചലും വീടിനുള്ളിൽ കുത്തേറ്റു മരിച്ചു. പിറ്റേന്നു രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു് മൃതദേഹങ്ങൾ കണ്ടതു്. ഇരുവർക്കും ആഴത്തിൽ നിരവധി കുത്തേറ്റിരുന്നു. റേച്ചലിന്റെ മൃതദേഹത്തിൽ കത്തി തറച്ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ സംഭവത്തിന്റെ ദുരൂഹതകളിൽ പൊലീസ് വലഞ്ഞു. ഒരു തുമ്പും സൂചനയും പരിസരത്തെങ്ങുമില്ല. റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളക്സ് വാച്ച് എന്നിവ കാണാനുണ്ടായിരുന്നില്ല. സേഫിൽ നിന്നു പണം നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് കണ്ടെത്തി. അവ തുറന്ന നിലയിൽ ആയിരുന്നു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന സിബി മാത്യു സംഭവസ്ഥലത്തു് എത്തുന്നതോടെയാണു് പുതിയ തുമ്പു് കണ്ടെത്തുന്നതു്. ടീപ്പോയിൽ നാലു ഗ്ളാസുകൾ ചായ കുടിച്ച ശേഷം വച്ചിരുന്നതു് ശ്രദ്ധയിൽ പെട്ടു. രണ്ടുപേർ മാത്രമുണ്ടായിരുന്ന വീട്ടിൽ നാലു ഗ്ളാസ് വന്നതാണു സംശയത്തിനിടയാക്കിയതു്. കൂടാതെ വീടിനുള്ളിൽ ചില അടയാളങ്ങളും കണ്ടെത്തി. ഷൂസിട്ടു ചവിട്ടി നടന്നതിന്റെ ലക്ഷണങ്ങളായിരുന്നു അതു്. ആ ഷൂസ് ഇന്ത്യൻ നിർമിതമല്ലെന്നും പരിശോധനയിൽ വ്യക്തമായി. ഗൗരിയെ സിബി നേരിട്ടു ചോദ്യം ചെയ്തു. അപ്പോഴാണു് അവർ ഒരു വിവരം പറഞ്ഞതു്. തലേന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ഇന്നു ‘മദ്രാസിലെ മോൻ’ വരുമെന്നു് റേച്ചൽ പറഞ്ഞിരുന്നുവെന്നായിരുന്നു മൊഴി.
പൊലീസ് പെട്ടെന്നു സൂചനകൾ കണ്ടെത്തി. റേച്ചലിന്റെ അടുത്ത ബന്ധുവായ റെനി ജോർജ് മദ്രാസിൽ ഉണ്ടെന്നു് പൊലീസ് ഇതിനിടെ മനസ്സിലാക്കി. കോട്ടയം സ്വദേശിയായ റെനി മയക്കുമരുന്നിനു് അടിമയായിരുന്നെന്ന വിവരവും ലഭിച്ചു. റെനിയെ മയക്കുമരുന്നു് ഉപയോഗിച്ചതിനു് കോളജിൽ നിന്നു പുറത്താക്കുകയും പിന്നീടു് മദ്രാസിൽ എയ്റോ നോട്ടിക്കൽ എൻജിനിയറിങ്ങിനു് ചേരുകയുമായിരുന്നു. ആ രാത്രി തന്നെ പൊലീസ് മദ്രാസിലെത്തി. റെനിയേയും ഒപ്പമുണ്ടായിരുന്നവരേയും കണ്ടെത്തി. കൂടെയുണ്ടായിരുന്ന മൂന്നു പേരും മറ്റു മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. മൗറീഷ്യസിൽ നിന്നുള്ള ഹസൻ ഗുലാം, മലേഷ്യയിൽ നിന്നുള്ള ഗുണശേഖർ, കെനിയയിൽ നിന്നുള്ള കിബാലോ ദാനിയൽ എന്നിവരായിരുന്നു കൂട്ടുകാർ.
മയക്കുമരുന്നു വാങ്ങാൻ പണം സംഘടിപ്പിക്കുന്നതിനായാണു് നാലുപേരും കേരളത്തിൽ എത്തിയതു്. മദ്രാസിൽ നിന്നു് ഒരു കാർ സംഘടിപ്പിച്ചാണു് സംഘം വന്നതു്. ജോർജ്ജിനോടും റേച്ചലിനോടും പണം ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ബലംപ്രയോഗിച്ചു പണം എടുക്കാനുള്ള ശ്രമം ജോർജ്ജ് തടഞ്ഞു. അതോടെ ജോർജ്ജിനെ കുത്തിവീഴ്ത്തി. ഇതുകണ്ടുവന്ന റേച്ചലിനെയും കുത്തി ആഭരണവും പണവും വാച്ചും കവർന്നു് വൈകിട്ടു തന്നെ കാറിൽ മദ്രാസിലേക്കു പോയി. മയക്കുമരുന്നു് ഉപയോഗിച്ചു സ്വബോധം ഇല്ലാത്ത നിലയിലാണു നാലുപേരേയും പൊലീസ് കണ്ടെത്തിയതു്. വളരെ വേഗം കുറ്റപത്രം സമർപ്പിച്ച കേസിൽ നാലുപേർക്കും സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 1982-ൽ ഹൈക്കോടതി ശിക്ഷ ശരിവച്ചു. നാലുപേരും ഇതിനു മുൻപും ചെറിയ മോഷണങ്ങൾ നടത്തിയിരുന്നതായും കുറ്റപത്രത്തിൽ ഉണ്ടായിരുന്നു. വലിയതോതിലുള്ള മോഷണം നടത്താനുള്ള ആദ്യ ശ്രമമാണു് കൊലപാതകത്തിൽ എത്തിയതു്.
ആധുനിക ജീവിത രീതികളിൽ ഭ്രമിച്ചു മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും വഴിതെറ്റിപ്പോകുന്ന ചെറുപ്പക്കാരുടെ കഥ കേരളത്തിൽ വ്യാപകമായി കേട്ടുതുടങ്ങിയതു് കരിക്കൻവില്ല കൊലക്കേസിനു ശേഷമാണു്. അരാജക ജീവിതം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി മാറുന്ന രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സംഭവങ്ങളിൽ ഒന്നു്.
പൂജപ്പുര ജയിലിലായിരുന്നു റെനിയും ഗുണശേഖരനും ഹസൻ ഗുലാമും. കെനിയക്കാരൻ തീഹാർ ജയിലിലും. ശിക്ഷയ്ക്കിടയിലും റെനി പലവിധത്തിൽ വാർത്തയായി. ജയിലിനുള്ളിൽ മയക്കുമരുന്നുമായി രണ്ടുതവണ പിടിയിലായി. പുറത്തു നിന്നു വരുത്തിയതായിരുന്നു ഇതു്. എന്നാൽ പിന്നീടു് ജീവിതം വഴിമാറി. ജയിലിൽ മയക്കുമരുന്നിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ നേതൃത്വത്തിലേക്കു വരെ എത്തി. റെനിയുടെ കഥ കേട്ടറിഞ്ഞ മംഗലാപുരം സ്വദേശിയായ നഴ്സ് ടീന വിവാഹം കഴിക്കാൻ സമ്മതം അറിയിച്ചു. ശിക്ഷാകാലത്തു തന്നെ, 1992-ൽ, ഇവർ വിവാഹിതരായി. ശിക്ഷകഴിഞ്ഞു് 1995-ൽ പുറത്തിറങ്ങിയ റെനി ബാംഗ്ളൂരിൽ ഒരു സ്ഥാപനം തുടങ്ങി; തടവിലായവരുടെ കുട്ടികളെ സംരക്ഷിക്കുന്ന വീടു്.
ഗോപിനാഥ് ആയിരുന്നു അന്നു കോട്ടയം എസ് പി സിബി മാത്യുവിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ എ കെ ആചാരി, സബ് ഇൻസ്പെക്ടർ അബ്ദുൽ കരീം എന്നിവരാണു് അന്വേഷണത്തിനു നേതൃത്വം നൽകിയതു്. കരിക്കൻവില്ലയെന്ന വീടു് പിന്നീടു് ഗോസ്പൽ ഫോർ ഏഷ്യ വാങ്ങുകയും പ്രാർത്ഥനാ മന്ദിരമായി മാറ്റുകയും ചെയ്തു. മധ്യകേരളത്തിലെ പത്രപ്രചാരണ രംഗത്തും കരിക്കൻവില്ല കൊലപാതക കേസ് നിർണായക വഴിത്തിരിവാണു്. മദ്രാസിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സംഭ്രമാത്മകമായ വാർത്തകൾ കൊണ്ടു പത്രങ്ങൾ ജനങ്ങളുടെ വായനാശീലത്തെ മാറ്റി. മയക്കുമരുന്നും യുവത്വവും വിദേശ സാന്നിധ്യവുമെല്ലാം വാർത്തകൾക്കു വലിയ പൊലിമ നൽകി. പൊലീസിനൊപ്പം തന്നെ പത്രങ്ങളും ദിവസവും സ്വന്തം നിലയ്ക്കു് അന്വേഷണം നടത്തി വിവരങ്ങൾ കൊണ്ടുവന്നു. ഇതിനിടെ ആവേശം മൂലമുള്ള അബദ്ധങ്ങളിലും പത്രങ്ങൾ ചെന്നുപെട്ടു. കെനിയയിൽ നിന്നുള്ള പ്രതി അവിടെ ഒരു മന്ത്രിയുടെ മകനാണെന്നായിരുന്നു ദിവസങ്ങളോളം വന്ന വാർത്ത. യഥാർത്ഥത്തിൽ പാസ്റ്റർ എന്ന അർത്ഥത്തിലുള്ള മിനിസ്റ്റർ എന്ന പ്രയോഗമാണു് മന്ത്രിപുത്രനായി തെറ്റിദ്ധരിക്കപ്പെട്ടതു്. അന്നു വന്ന വാർത്ത അബദ്ധമാണെന്നറിയാതെ ഇന്നും കെനിയയിലെ മന്ത്രിപുത്രൻ ഉൾപ്പെട്ട കേസ് എന്നു് കരിക്കൻവില്ലയെ ചിലരെങ്കിലും വിശേഷിപ്പിക്കാറുണ്ടു്.

എല്ലാ തെളിവുകളിലൂടെയും ഒരു പ്രതിയെ കേരളം സ്ഥിരീകരിച്ചിട്ടു് മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞു. കസ്റ്റഡിയിൽ എടുക്കാതെയും ചോദ്യം ചെയ്യാതെയും ഒരാൾ പ്രതിയാണെന്നു് ഉറപ്പിക്കപ്പെട്ട അപൂർവ്വ സന്ദർഭങ്ങളിലൊന്നു്. ആഗോള ക്രിമിനൽ കേസ് ചരിത്രത്തിൽ പോലും അപൂർവ്വമായ സംഭവം. പൊലീസിനു മാത്രമല്ല മാധ്യമ പ്രവർത്തനത്തിനും ഏറ്റവും വലിയ വെല്ലുവിളിയാണു് ഇന്നും സുകുമാരക്കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ 70 വയസ്സുകഴിഞ്ഞിട്ടുണ്ടാകും ആ കുറ്റാരോപിതനു്. കേരളത്തിൽ ഏതെങ്കിലും ഒരു മൂലയിൽ എന്തെങ്കിലുമൊക്കെ സന്ദർഭത്തിൽ സുകുമാരക്കുറുപ്പ് എന്ന വാക്കുച്ചരിക്കപ്പെടാത്ത ഒരു ദിവസം പോലും ഇല്ല എന്നു പരത്തിപ്പറയാവുന്നത്ര പരിചിതൻ. എന്തുകൊണ്ടാണു സുകുമാരക്കുറുപ്പ് ഒരു കെട്ടുകഥയായി തുടരുന്നതു്?
സങ്കേതിക വിദ്യ വളരാത്ത, മൊബൈൽ ടവറുകൾ ഇല്ലാത്ത, കാലത്തെ ധനികർക്കു കഴിയുന്ന രക്ഷപ്പെടൽ തന്നെയാണു സുകുമാരക്കുറുപ്പും നടത്തിയതു്. കേരളത്തിൽ നടന്ന ഏറ്റവും ആസൂത്രിതമായ കൊലപാതകം. ഭാര്യയും ബന്ധുക്കളുമെല്ലാം കേസിൽ പ്രതിചേർക്കപ്പെട്ടിട്ടും അവരിൽ നിന്നുപോലും സൂചന ലഭിക്കാതെ പൊലീസ് നക്ഷത്രമെണ്ണിയ ഏക കേസും ഇതാകണം.
മാവേലിക്കര കുന്നത്തെ പാടത്തിൽ കത്തുന്ന ഒരു അമ്പാസഡർ കാറിൽ നിന്നാണു് കഥ തുടങ്ങുന്നതു്—1984 ജനുവരി 22-നു് പുലർച്ചെ അതുവഴി കാറിൽ പോയ ഒരാൾ അയൽവാസികളെ വിളിച്ചുകൂട്ടുന്നു. സുരേഷ്കുമാർ, രാധാകൃഷ്ണൻ എന്നീ സമീപവാസികൾ ആദ്യ സാക്ഷികൾ. കാർ നിന്നു കത്തുകയാണു്. തീ ഒന്നു് ശമിച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ ഒരാൾ ഇരിക്കുന്നതായി നാട്ടുകാർ കാണുന്നു. ഡ്രൈവർ ഇരിക്കുന്ന വശത്തെ ഡോർ തുറന്ന നിലയിലായിരുന്നു. ഒറ്റനോട്ടത്തിൽ, രക്ഷപ്പെടാൻ ശ്രമിച്ചിട്ടു സാധിക്കാതെ പോയി എന്ന തോന്നൽ ഉണ്ടാക്കുന്ന രംഗം. പുലർച്ചെ അഞ്ചരയോടെ ചെങ്ങന്നൂർ ഡി വൈ എസ് പി ഹരിദാസ് സ്ഥലത്തെത്തി. സമീപത്തു തീപ്പെട്ടിയും കയ്യുറയും പെട്രോൾ ഒഴിച്ചതിന്റെ സൂചനകളും കണ്ടതോടെ അപകടമല്ല, കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണത്തിൽ കാറിന്റെ ഉടമ സുകുമാരക്കുറുപ്പാണെന്നു വ്യക്തമായി. ജഡം സാധാരണ നടപടി പൂർത്തിയാക്കി ബന്ധുക്കൾക്കു കൈമാറുന്നതിനു പകരം വിശദമായ പരിശോധന നടത്തി. മരിച്ചതു സുകുമാരക്കുറുപ്പല്ല എന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മാത്രമല്ല, മൃതദേഹത്തിന്റെ ശ്വാസകോശത്തിൽ പെട്രോളിന്റെ അംശമോ പുകയോ ഉണ്ടായിരുന്നില്ല. കൊലപ്പെടുത്തിയ ശേഷം കത്തിച്ചാൽ മാത്രമേ ഇതു സംഭവിക്കൂ എന്നും ഫോറൻസിക് വിദഗ്ദ്ധർ റിപ്പോർട്ടു നൽകി.
സുകുമാരക്കുറുപ്പിനെ തേടി പൊലീസ് ആ ദിവസം തന്നെ അന്വേഷണം തുടങ്ങി. രണ്ടുദിവസത്തിനു ശേഷമാണു് ആദ്യ സ്ഥിരീകരണം വരുന്നതു്. ഫിലിം റപ്രസെന്റേറ്റീവായ ഹരിപ്പാട് സ്വദേശി ചാക്കോയെ കാണാനില്ല എന്ന പരാതി പൊലീസിനു ലഭിക്കുന്നു. തുടർന്നു് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടതു് ചാക്കോയാണെന്നു വ്യക്തമായി. ഇതോടെ സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളിലേക്കു് അന്വേഷണം കേന്ദ്രീകരിച്ചു. അവിടെ നിന്നാണു് കേരളം ഇതുവരെ കേട്ടിട്ടുള്ള ഏറ്റവും സംഭ്രമജനകമായ ആസൂത്രണകഥ പുറത്തുവരുന്നതു്.
അബുദാബിയിൽ ഒരു കമ്പനിയിൽ എക്സിക്യുട്ടീവായിരുന്നു സുകുമാരക്കുറുപ്പ്. ഭാര്യ അവിടെ നഴ്സ്. ഇരുവരുടേയും ശമ്പളം മാത്രം ആ കാലത്തു് മാസം 65,000 രൂപ. ഏറ്റവും ആഡംബരപൂർണമായ ജീവിതമാണു് ഇരുവരും നയിച്ചിരുന്നതു്. പണത്തോടുള്ള ആർത്തിയാണു കുറുപ്പിനെ പുതിയ ആശയത്തിലേക്കു് എത്തിച്ചതു്. ഇൻഷൂറൻസ് തുക തട്ടാനായി ജർമനിയിൽ ഒരാളുടെ ബന്ധുക്കൾ മറ്റൊരു മൃതദേഹം ഹാജരാക്കിയ കഥയാണു് പ്രചോദനമായതു്. അബുദാബിയിൽ എട്ടുലക്ഷം രൂപയുടെ ഇൻഷൂറൻസ് പദ്ധതിയിൽ കുറുപ്പു് ചേർന്നു. തുടർന്നു നാട്ടിലെത്തി.
ഭാര്യാസഹോദരീ ഭർത്താവു് ഭാസ്കരപിള്ളയായിരുന്നു സഹായി. ഡ്രൈവർ പൊന്നപ്പനും സുഹൃത്തു ഷഹാസും ഒപ്പമുണ്ടായിരുന്നുവെന്നാണു പിന്നീടു് കേസ് ഡയറിയിൽ പൊലീസ് എഴുതിയതു്. 1984 ജനുവരി 21-നു് രാത്രി കരുവാറ്റ ഹരി തിയറ്ററിൽ നിന്നു സെക്കൻഡ് ഷോ കണ്ടിറങ്ങുകയായിരുന്നു ചാക്കോ. പത്തുമണികഴിഞ്ഞ സമയം. സമീപത്തു നിർത്തിയ കാറിലെ യാത്രക്കാർ ചാക്കോയോടു് ലക്ഷ്യ സ്ഥാനത്തു് എത്തിക്കാം എന്നു വാക്കുനൽകുന്നു. കാറിൽ ഭാസ്കരപിള്ളയും പൊന്നപ്പനും ഷഹാസുമാണു് ഉണ്ടായിരുന്നതു് എന്നാണു് എഫ് ഐ ആർ. മറ്റൊരു കാറിൽ സുകുമാരക്കുറുപ്പ് പിന്നാലെ വരുന്നുണ്ടായിരുന്നു. സുകുമാരക്കുറുപ്പിന്റെ ശരീരത്തിനു സമാനമായ മൃതദേഹം അന്വേഷിച്ചു് മോർച്ചറികളിലും ശ്മശാനങ്ങളിലും പോയെങ്കിലും നിരാശരായുള്ള മടക്കമായിരുന്നു. ആ യാത്രയിലാണു ശരീരഘടനയിൽ കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന ചാക്കോയെ കണ്ടെത്തുന്നതു്. ചാക്കോയെ കാറിൽകയറ്റി ബലമായി മദ്യംകുടിപ്പിച്ചു ബോധരഹിതനാക്കി എന്നു പിടിയിലായവർ മൊഴി നൽകി. കാറിൽ വച്ചുതന്നെ കഴുത്തു ഞെരിച്ചു് ചാക്കോയെ കൊന്നതായാണു് പൊലീസ് ഭാഷ്യം. പിന്നീടു് ഭാസ്കരപിള്ളയുടെ ചെറിയനാടുള്ള വീടിനു് അടുത്തെത്തിച്ചു് മുഖം കരിച്ചു. തിരിച്ചറിയപ്പെടാതിരിക്കാനായിരുന്നു ഇതു്. ഇതിനു ശേഷമാണു് കുറുപ്പിന്റെ കാറിൽ മൃതദേഹം കുന്നത്തു് എത്തിക്കുന്നതു്. മുൻസീറ്റിൽ ഇരുത്തിയ ശേഷം കന്നാസിൽ കൊണ്ടുവന്ന പത്തുലിറ്റർ പെട്രോൾ ഒഴിച്ചാണു് കത്തിച്ചതു്. കേസ് ബന്ധുക്കളിലേക്കു കേന്ദ്രീകരിച്ചതോടെ ഭാസ്കരപിള്ള കീഴടങ്ങി. കുറുപ്പിന്റെ അഭാവത്തിൽ നടന്ന വിചാരണയിൽ പിള്ള ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. തെളിവുകളുടെ അഭാവത്തിൽ പൊന്നപ്പനും ഷഹാസും മോചിതരായി. സുകുമാരക്കുറുപ്പിന്റെ ഭാര്യയും അനുജത്തിയും അഞ്ചും ആറും പ്രതികൾ ആയിരുന്നെങ്കിലും കോടതി വിട്ടയച്ചു. ഈ കാലത്തെല്ലാം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം തുടരുകയായിരുന്നു.
മുംബൈയിലും ദില്ലിയിലും ചെന്നൈയിലും ഭോപ്പാലിലുമെല്ലാം കുറുപ്പിനെ കണ്ടെന്ന വാർത്തകൾ പരന്നു. ഹിമാലയത്തിലെ ഒരു സന്യാസിയിലേക്കു വരെ സംശയമെത്തി. ഭോപ്പാലിൽ പൊലീസ് എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടതിന്റെ തെളിവുകൾ പൊലീസ് പിന്നീടു് ഹാജരാക്കി. അവിടെ അമ്മായിയുടെ വീട്ടിൽ കുറുപ്പു് എത്തിയെന്നാണു പൊലീസ് ഇപ്പോഴും കരുതുന്നതു്. ഇതിനിടെ ദുബായിലെ ജോലി നഷ്ടപ്പെട്ട ഭാര്യയും മക്കളും കേരളത്തിൽ തന്നെ ജീവിക്കുന്നുണ്ടായിരുന്നു. 2010-ൽ കുറുപ്പിന്റെ മകന്റെ വിവാഹം നടക്കുമ്പോൾ പോലും പൊലീസ് ജാഗ്രതയോടെ കാത്തിരുന്നു, എങ്കിലും സൂചനകൾ ലഭിച്ചില്ല. സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു തന്നെയാണു് പൊലീസിലെ ഒരു വിഭാഗം കരുതുന്നതു്.
അന്നു ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ശാന്തമ്മ ഗർഭിണിയായിരുന്നു. വിവാഹം കഴിഞ്ഞു് ഒരുവർഷം മാത്രമേ ആയിരുന്നുള്ളു. ചാക്കോയുടെ മകനു് 30 വയസ്സുകഴിഞ്ഞിട്ടും കൊലയാളി പിടിയിലായില്ല എന്നു മാത്രമാണു് സുകുമാരക്കുറുപ്പ് എന്ന സമസ്യയിൽ പൂരിപ്പിക്കാൻ ഇപ്പോഴും ബാക്കിയുള്ളതു്.
നിലയ്ക്കൽ—കേരളം മതാത്മകമായി പലതാകാൻ തുടങ്ങിയ ഇടം. ആചാരങ്ങളുടെ വൈവിധ്യം തുടരുമ്പോഴും പരസ്പര ബഹുമാനവും സഹകരണവും ഉണ്ടായിരുന്നവർ ഇതിനുശേഷം കണ്ടാൽപോലും മിണ്ടാതെയായി. അയോധ്യ വിവാദമാകുന്നതിനും ഒൻപതു വർഷം മുൻപാണു് നിലയ്ക്കൽ കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്തിയതു്.

തുടക്കം 1983 മാർച്ച് 29-നു് ആണു്. നിലയ്ക്കലിൽ കേരള ഫാമിങ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു പഴക്കം തോന്നിക്കുന്ന ഒരു കുരിശു കണ്ടെത്തുന്നു. മഹാദേവ ക്ഷേത്രത്തിൽ നിന്നു വെറും 200 മീറ്റർ മാത്രം അകലെയാണിതു്. നിലയ്ക്കലിനു് മറ്റൊരു പൂർവ്വ ചരിത്രം കൂടിയുണ്ടു്. തോമാശ്ലീഹ കേരളത്തിൽ വന്നപ്പോൾ ഏഴര പള്ളികൾ സ്ഥാപിച്ചെന്നും അതിലൊന്നു് നിലയ്ക്കലാണെന്നും സഭ കാലങ്ങളായി പറഞ്ഞുവന്നിരുന്നു. എ. ഡി. 52-ൽ സ്ഥാപിച്ചുവെന്നു പറയുന്ന പള്ളിയുടെ കുരിശാണു് കണ്ടെത്തിയതെന്നായിരുന്നു തൊട്ടടുത്തുള്ള പമ്പാവാലി പള്ളിയിലെ വികാരി ഫാ. മാത്യു അന്ത്യാകുളത്തിന്റെ വാദം. ഫാ. മാത്യുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ പിറ്റേന്നു് സ്ഥലത്തെത്തുകയും താൽക്കാലിക ഷെഡ് നിർമിച്ചു് പ്രാർത്ഥന ആരംഭിക്കുകയും ചെയ്തു. ഇതോടെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി എത്തി.

ഇരുവിഭാഗവും ഉന്നയിച്ചിരുന്ന വാദങ്ങൾ: വിശ്വ ഹിന്ദു സഭ: കുമ്മനം രാജശേഖരൻ ജനറൽ കൺവീനറും സ്വാമി നിത്യാനന്ദ സരസ്വതി ചെയർമാനുമായ സമിതിയാണു് നിലയ്ക്കലിൽ പള്ളി സ്ഥാപിക്കുന്നതിനു് എതിരേ പ്രക്ഷോഭം പ്രഖ്യാപിച്ചതു്. ചരിത്രപരമായ കാര്യങ്ങൾക്കു മറുപടി നൽകിയിരുന്നതു് പി പരമേശ്വരൻ ആയിരുന്നു. കേരളത്തിൽ ഒരിടത്തു നിന്നും എട്ടാം നൂറ്റാണ്ടിനു മുമ്പുള്ള കുരിശു കണ്ടെത്തിയിട്ടില്ല എന്നായിരുന്നു പി പരമേശ്വരൻ വാദിച്ചതു്. തോമാശ്ലീഹ കേരളത്തിൽ വന്നു എന്നു പറയുന്നതു തന്നെ കെട്ടുകഥയാണെന്നും കണ്ടെത്തിയ കുരിശു സമീപകാലത്തു നിർമിച്ചതാണെന്നും പരമേശ്വരനും കുമ്മനവും വാദിച്ചു.
ക്രിസ്തീയ വിശ്വാസികൾ: ക്രിസ്തുവിനു ശേഷം 52-ൽ തന്നെ നിലയ്ക്കലിൽ നിർമിച്ചതാണു പള്ളി. ഇതു പിന്നീടു തേവർ പടയോട്ടത്തിൽ തകർക്കപ്പെടുകയും അവിടെ നിന്നു കുടിയൊഴിക്കപ്പെട്ടവർ കാഞ്ഞിരപ്പിള്ളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കു പോവുകയും ചെയ്തു. സെന്റ് തോമസ് കേരളത്തിൽ ഏഴുപള്ളികൾ പൂർണമായും ഒരു പള്ളിയുടെ പകുതിയും നിർമ്മിച്ചുവെന്നും അവയാണു് ഏഴരപ്പള്ളികൾ എന്നു് അറിയപ്പെടുന്നതെന്നും വിശ്വാസികൾ വാദിക്കുന്നു. അതിലൊന്നാണു നിലയ്ക്കൽ.

ഇരുവിഭാഗങ്ങളും പ്രാർത്ഥനാ യാത്രകളും പ്രതിഷേധവും തുടരുന്നതിനിടെ വിവാദത്തിനു് രാഷ്ട്രീയ മാനം കൈവന്നതു് സർക്കാർ തീരുമാനത്തോടെയാണു്. മേയ് 19-നു് സ്ഥലത്തു പള്ളി നിർമിക്കാൻ കെ കരുണാകരൻ മന്ത്രിസഭ അനുമതി നൽകി. ഫാമിങ് കോർപ്പറേഷന്റെ രണ്ടു് ഏക്കർ സ്ഥലമാണു വിട്ടുകൊടുത്തതു്. ഇതോടെ ഹിന്ദുസംഘടനകൾ പ്രതിഷേധവുമായി എത്തുകയും കേരളത്തിലെങ്ങും പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഹിന്ദു സംഘടനകൾ സംസ്ഥാനത്തു് ആദ്യമായി വ്യാപകമായി നടത്തിയ പ്രതിഷേധമായിരുന്നു നിലയ്ക്കൽ പ്രശ്നത്തിന്റെ പേരിൽ ഉണ്ടായതു്. ആർ എസ് എസ് നേരിട്ടു് പ്രശ്നത്തിൽ ഇടപെട്ടു് വലിയ റൂട്ട് മാർച്ച് നടത്തി. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു റൂട്ട് മാർച്ച്. ആയിരത്തോളം ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിലായി.
ക്രിസ്തീയ വിശ്വാസികളുടെ പ്രക്ഷോഭത്തിനു് നേതൃത്വം നൽകിയതു് നിലയ്ക്കൽ ആക്ഷൻ കൗൺസിൽ ആയിരുന്നു. ഓൾ കേരള കാത്തലിക് കോൺഗ്രസിന്റെ എം ഡി ജോസഫ് ആയിരുന്നു സമരം നയിച്ചതു്. യഥാർത്ഥത്തിൽ അമ്പലവും പള്ളിയും നിലനിന്നിരുന്നതു് ഫാമിങ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. പ്രതിഷേധം വർഗീയ ലഹളയിലേക്കു തിരിയുന്ന സ്ഥിതി വന്നതോടെ ക്ഷേത്രത്തിൽ നിന്നു് ഒന്നര കിലോമീറ്റർ അകലെ പള്ളി നിർമ്മിക്കാൻ അനുവാദം നല്കാം എന്നു മുഖ്യമന്ത്രി കരുണാകരൻ നിലപാടു മാറ്റി. ഇതും ഇരുവിഭാഗത്തിനും സ്വീകാര്യമായില്ല. ഗുരുവായൂർ ദർശനത്തിനു് എത്തിയ മുഖ്യമന്ത്രി കെ കരുണാകരനെ ഭക്തർ വളഞ്ഞുവച്ചു. മന്ത്രിമാർക്കെതിരേയും വ്യാപകപ്രതിഷേധങ്ങൾ ഉണ്ടായി. നിലയ്ക്കൽ പ്രശ്നത്തെത്തുടർന്നുള്ള ചേരിതിരിവു് മറ്റു പ്രാദേശിക ആരാധനാലയങ്ങളുടെ ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കങ്ങളിലേക്കു കൂടി നീങ്ങുന്ന സ്ഥിതിയായി.

ഈ ഘട്ടത്തിലാണു് സർവ്വോദയ നേതാവു് എം പി മന്മഥൻ മധ്യസ്ഥനാകുന്നതു്. ഇരുവിഭാഗങ്ങളുമായി ഒറ്റയ്ക്കും കൂട്ടായും ചർച്ചകൾ നടത്തി. ആദ്യ രണ്ടു ചർച്ചകൾ പരാജയപ്പെട്ടു. ഒടുവിൽ പൂങ്കാവനമെന്നു് ഹിന്ദുവിശ്വാസികൾ വിളിക്കുന്ന സ്ഥലത്തിനു പുറത്തു് ക്ഷേത്രത്തിൽ നിന്നു നാലു കിലോമീറ്റർ അകലെ പള്ളിപണിയാം എന്ന ധാരണ ഉണ്ടായി. ഇതും പക്ഷേ, നിലയ്ക്കൽ ആക്ഷൻ കൗൺസിൽ ആദ്യം അംഗീകരിച്ചില്ല. എന്നാൽ കൊല്ലത്തു ചേർന്ന ബിഷപ് കൗൺസിൽ ഈ തീരുമാനം അംഗീകരിച്ചു പള്ളി പണിയാൻ തീരുമാനിച്ചതോടെയാണു് സംഘർഷത്തിനു് അയവു വന്നതു്.
ഹിന്ദു, ക്രിസ്ത്യൻ സംഘടനകൾ തീവ്ര നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയതു് ഈ വിവാദത്തിനു ശേഷമായിരുന്നു. തലശ്ശേരി കലാപം ഹിന്ദു-മുസ്ലിം വിഭാഗങ്ങളിൽ ഉണ്ടാക്കിയ അകൽച്ചയേക്കാൾ ആഴത്തിലുള്ളതായിരുന്നു നിലയ്ക്കൽ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉണ്ടാക്കിയ മുറിവു്. അതുപക്ഷേ, എക്കാലത്തേക്കും തുടരാതെ പരിഹരിക്കാൻ കഴിഞ്ഞു എന്നതാണു മതേതര കേരളത്തിന്റെ വിജയം. അകൽച്ച മറ്റിടങ്ങളിലെങ്കിലും ക്രമേണ പരിഹരിക്കപ്പെടുകയും ചെയ്തു.
പൊലീസും നിയമപാലനവും തമ്മിലുള്ള അകലത്തിന്റെ പേരാണു തങ്കമണി. ബസ്സിൽ കയറുന്ന വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ ഉണ്ടാകാറുള്ള പതിവു സംഘർഷം ഒരു ഗ്രാമത്തിന്റെ സ്വാസ്ഥ്യം എക്കാലത്തേക്കുമായി തകർത്ത ക്രൂരതയുടെ പര്യായം കൂടിയാണു് ആ സംഭവം.
ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്നു് 22 കിലോമീറ്റർ അകലെയാണു് തങ്കമണി. കാമാക്ഷി പഞ്ചായത്തിലെ ചെറിയൊരു വാർഡ്. ആയിരത്തിൽ താഴെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം. 1986 ഒക്ടോബർ 20-നാണു് സംഭവങ്ങളുടെ തുടക്കം. നാലു ബസുകളാണു് കട്ടപ്പനയിൽ നിന്നു തങ്കമണിയിലേക്കു് ഉള്ളതു്. രണ്ടു കെ എസ് ആർ ടി സി ബസുകളും രണ്ടു് സ്വകാര്യ ബസുകളും. ഈ ബസുകളുടെ എല്ലാം പെർമിറ്റ് കട്ടപ്പന-തങ്കമണി റൂട്ടിലാണു്. രണ്ടു സ്വകാര്യ ബസുകളിൽ ഒന്നായ എലൈറ്റ് ബസ്സ് പതിവായി കട്ടപ്പനയിൽ നിന്നു പാറമട വരെയേ സർവീസ് നടത്തുകയുള്ളു. പാറമടയിൽ നിന്നു രണ്ടു കിലോമീറ്റർ ദൂരമുണ്ടു് തങ്കമണിയിലേക്കു്. ഇതിന്റെ പേരിൽ ബസ്സ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം പതിവായിരുന്നു.
സംഭവ ദിവസവും കട്ടപ്പനയിൽ നിന്നു പാറമട എത്തിയപ്പോൾ എല്ലാവരോടും ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടു. നാലു വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിച്ചു. അവർ ഇറങ്ങാൻ കൂട്ടാക്കിയില്ല. മാത്രമല്ല മറ്റു യാത്രക്കാരോടു് ഇറങ്ങരുതെന്നും ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഭീഷണി കടുത്തപ്പോൾ ഈ നാലുപേർ ഒഴികെ ബാക്കിയുള്ളവരെല്ലാം ബസ്സിൽ നിന്നു് ഇറങ്ങി നടന്നു. ജീവനക്കാർ ബലം പ്രയോഗിച്ചു് രണ്ടു വിദ്യാർത്ഥികളെ ഇറക്കിവിട്ടു. ശേഷിക്കുന്ന രണ്ടുപേർ ബസ്സിൽ ചെറുത്തുനിൽപ്പു തുടർന്നു.

ഈ വിദ്യാർത്ഥികളുമായി ജീവനക്കാർ ബസ്സ് അതിവേഗം ഓടിച്ചുപോയി. കട്ടപ്പന പൊലീസ് സ്റ്റേഷനിലാണു് ബസ്സ് നിന്നതു്. രണ്ടു വിദ്യാർത്ഥികളേയും പൊലീസ് അവിടെ വച്ചു ക്രൂരമായി മർദ്ദിക്കാൻ തുടങ്ങിയെന്നാണു പിന്നീടു നൽകിയ പരാതി. ഇതിനിടെ ബസ്സിൽ നിന്നു് ഇറക്കിവിട്ട വിദ്യാർത്ഥികൾ പറഞ്ഞു വിവരം അറിഞ്ഞ രക്ഷിതാക്കൾ കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തി. രാത്രി ഡി വൈ എസ് പി നടത്തിയ ചർച്ചയെ തുടർന്നു പിറ്റേന്നു രാവിലെ പത്തുമണിക്കു സ്റ്റേഷനിൽ ഹാജരാകണം എന്നു നിർദ്ദേശിച്ചു വിദ്യാർത്ഥികളെ വിട്ടയച്ചു. പിറ്റേന്നു പത്തുമണിക്കു കുട്ടികൾ സ്റ്റേഷനിൽ എത്തിയിട്ടും ഡി വൈ എസ് പി ഉണ്ടായിരുന്നില്ല. കാത്തുനിന്നവർ 11 മണിയോടെ മടങ്ങി. പിന്നീടാണു് യഥാർത്ഥ സംഘർഷം തുടങ്ങുന്നതു്. തങ്കമണി സെന്റ് തോമസ് സ്കൂളിനു മുന്നിലെത്തിയ എലൈറ്റ് ബസ്സ് വിദ്യാർത്ഥികൾ വളഞ്ഞു. വേറെ ജീവനക്കാരായിരുന്നു ബസ്സിൽ. കുറ്റക്കാരായ ജീവനക്കാർ മാപ്പു പറയണം എന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
ബസ്സിൽ ഉണ്ടായിരുന്ന ഉടമ തെറ്റു ചെയ്തവരെ പിറ്റേന്നു് എത്തിക്കാം എന്നും മാപ്പു പറയിക്കാം എന്നും വിദ്യാർത്ഥികളോടു പറഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ അതിനു തയ്യാറായില്ല. വികാരി ഫാദർ ജോസ് കോട്ടൂരിന്റെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പു ചർച്ചയിലും തീരുമാനമായില്ല. തെറ്റുചെയ്തവർ എത്താതെ ബസ്സ് വിട്ടയയ്ക്കില്ലെന്നു തന്നെ വിദ്യാർത്ഥികൾ അറിയിച്ചു. പിറ്റേന്നു മാപ്പുപറയാൻ ആരും എത്തിയില്ല. പകരം രാവിലെ രണ്ടു ജീപ്പ് പൊലീസ് ആണു് എത്തിയതു്. അവർ ബലംപ്രയോഗിച്ചു ബസ്സ് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതു വിദ്യാർത്ഥികൾ ചെറുത്തു. മടങ്ങിപ്പോയ പൊലീസ് വൈകിട്ടു് അഞ്ചു മണിയോടെ വീണ്ടും എത്തി. സർക്കിൾ ഇൻസ്പെക്ടർ ഐ സി തമ്പാന്റെ നേതൃത്വത്തിൽ പീരുമേടു്, നെടുങ്ങണ്ടം സബ് ഇൻസ്പെക്ടർമാരും അവരുടെ കീഴിലെ കോൺസ്റ്റബിൾമാരുമാണു സംഘത്തിൽ ഉണ്ടായിരുന്നതു്.

ബസ്സ് ബലം പ്രയോഗിച്ചു കൊണ്ടുപോകും എന്നു് പൊലീസ് പ്രഖ്യാപിച്ചു. തോക്കു് ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കൊണ്ടുവന്നിരുന്നു. സമാധാനപരമായി പ്രശ്നം പരിഹരിക്കണം എന്നു് ഫാ. ജോസ് കോട്ടൂരും കാമാക്ഷി പഞ്ചായത്തു് പ്രസിഡന്റ് മത്തായി മാത്യുവും പൊലീസിനോടു് അഭ്യർത്ഥിച്ചു. അല്പം സമയംകൂടി ലഭിച്ചാൽ രമ്യമായി പ്രശ്നം പരിഹരിക്കാമെന്ന ഇരുവരുടേയും നിർദ്ദേശം പൊലീസ് അംഗീകരിച്ചില്ല എന്നാണു് അന്വേഷണ കമ്മീഷൻ പിന്നീടു് രേഖപ്പെടുത്തിയതു്. ഹൈക്കോടതി വിധിയിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും അങ്ങനെ തന്നെ എഴുതി. പൊലീസ് പൊടുന്നനെ ജനക്കൂട്ടത്തിനു നേരെ വെടിവച്ചു. ഏബ്രഹാം കോഴിമല എന്ന പ്രദേശവാസി വെടിയേറ്റു വീണു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മറ്റൊരാൾക്കു കൂടി ശരീരത്തിൽ വെടിയുണ്ട തറച്ചു പരിക്കേറ്റു. അൻപതിലേറെ നാട്ടുകാർക്കു ലാത്തിച്ചാർജ്ജിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്നു പൊലീസ് തങ്കമണിയിൽ നിന്നു ബസ്സ് കട്ടപ്പനയ്ക്കു കൊണ്ടുപോയി. രാത്രി ഒന്നരയോടെയാണു് ആരോപണ വിധേയമായ സംഭവങ്ങൾ നടക്കുന്നതു്. വൻ പൊലീസ് സന്നാഹം തങ്കമണിയിൽ എത്തി. പലരും മദ്യപിച്ചിരുന്നു. അവർ വീടുകൾ തോറും കയറിയിറങ്ങി പുരുഷന്മാരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പൊലീസിനെ തടഞ്ഞവരെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു ലക്ഷ്യം. പലവീടുകളുടേയും വാതിൽ ചവിട്ടിപ്പൊളിച്ചു് അകത്തു കയറി. ഉറങ്ങിക്കിടന്ന പുരുഷന്മാരെ വിളിച്ചു് എഴുന്നേൽപ്പിച്ചു് സ്ത്രീകൾക്കു മുന്നിൽ വച്ചു് മർദ്ദിച്ചു. പലവീടുകളിലും അപ്രതീക്ഷിതമായ പൊലീസ് കടന്നുകയറ്റം അപമാനകാരമായ രംഗങ്ങൾ സൃഷ്ടിച്ചു. കിടപ്പുമുറികളിൽ ഉറങ്ങിക്കിടന്നവരെ വസ്ത്രം പോലും ധരിക്കാൻ അനുവദിക്കാതെ പൊലീസ് വിരട്ടി ഓടിച്ചു. സ്ത്രീകൾക്കു വരെ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിലേക്കു് ഇറങ്ങേണ്ട സ്ഥിതി ഉണ്ടായി എന്നാണു പിന്നീടു വന്ന പരാതി. ജസ്റ്റിസ് ശ്രീദേവി കമ്മിഷനു മുന്നിൽ ഒരു സ്ത്രീ ശക്തമായ മൊഴി നൽകി. പൊലീസുകാർ മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയ വിധമാണു് അവർ വിവരിച്ചിരുന്നതു്. സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളുടെ 42 പരാതികൾ തനിക്കു ലഭിച്ചതായി പ്രതിപക്ഷ നേതാവു് ഇ കെ നായനാർ നിയമസഭയിൽപറഞ്ഞു. 22-നു് രാത്രി മാത്രമല്ല 23-നു് രാത്രിയും പൊലീസ് തങ്കമണിയിലെ വീടുകളിൽ അപ്രതീക്ഷിതമായി കയറിയിറങ്ങി. സംഭവത്തിൽ ഇടുക്കി എസ് പി ഉൾപ്പെടെയുള്ളവർ സമയോചിതമായി ഇടപെട്ടു പ്രശ്നം പരിഹരിച്ചില്ല എന്നും അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു.
ഒക്ടോബർ 22, 23 തീയതികളിൽ രാത്രി നടന്ന സംഭവങ്ങളാണു് തങ്കമണി അതിക്രമം എന്ന പേരിൽ അറിയപ്പെട്ടതു്.

സ്ത്രീത്വത്തെയും കുടുംബജീവിതത്തേയും അപമാനിക്കുന്ന നടപടികൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതു് അന്വേഷണ കമ്മിഷനും ഹൈക്കോടതിയും ശരിവച്ചു. വയലാർ രവി യിൽ നിന്നു് ആഭ്യന്തര വകുപ്പു് ഏറ്റെടുത്ത മുഖ്യമന്ത്രി കരുണാകരനു് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു തങ്കമണിയിലേതു്. എന്നാൽ തങ്കമണിയിൽ വ്യാപകമായി ബലാൽസംഗം നടന്നു എന്ന പ്രചാരണം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി ചിലർ നടത്തിയതാണെന്നു് അന്നു പ്രശ്നത്തിൽ സജീവമായി ഇടപെട്ട സാമൂഹിക പ്രവർത്തകനായ ജോൺ പെരുവന്താനം ഉൾപ്പെടെയുള്ളവർ പിന്നീടു പറഞ്ഞു. മര്യാദയില്ലാതെ കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ നിൽക്കേണ്ടി വന്ന സ്ത്രീകളുടെ പരാതികൾ ഒരുവിഭാഗം ആളുകൾ ബലാൽസംഗമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണു വെളിപ്പെടുത്തൽ. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ബലാൽസംഗത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലെങ്കിലും അർദ്ധരാത്രി കിടപ്പുമുറികളിലേക്കു് വാതിൽ തകർത്തു കയറിയ പൊലീസിനെക്കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടു്; പൊലീസിനു് എന്തുമാകാം എന്ന സാമ്രാജ്യത്വ ഭരണ കാലത്തെ ഹുങ്കു് പിന്നെയും തുടരുന്നതിന്റെ തെളിവായി.

ഭരണ പക്ഷത്തും പ്രതിപക്ഷത്തും 70 അംഗങ്ങൾ വീതം. നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ളോ ഇന്ത്യൻ പ്രതിനിധി ഭരണപക്ഷത്തിനു പിന്തുണയുമായി ഇതിനു പുറമെ. ഓരോ വോട്ടെടുപ്പിലും വോട്ടുകൾ 70 വീതം. പെനാൽറ്റി കിക്ക് എടുക്കുന്ന കൃത്യതയോടെ അംഗങ്ങൾ എല്ലാം വോട്ട് സാധുവായി വിനിയോഗിക്കുന്നു. മന്ത്രിസഭ നിലനിർത്താൻ ഓരോ തവണയും സ്പീക്കറുടെ കാസ്റ്റിങ് വോട്ട്. 1981–82 കാലത്തെ ആ കെ കരുണാകരൻ മന്ത്രിസഭ സഡൻഡത്തിൽ എന്നതുപോലെ അവസാനിച്ചതു് ലോനപ്പൻ നമ്പാടൻ എന്ന എം എൽ എ കേരളാ കോൺഗ്രസ് വിട്ടു് ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണു്. എ സി ജോസ് എന്ന സ്പീക്കർക്കു് കാസ്റ്റിങ് സ്പീക്കർ എന്നപേരും ആ കാലത്തു വീണു. ഇ കെ നായനാരു ടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മന്ത്രിസഭയ്ക്കു് കേരളാ കോൺഗ്രസ് എം പിന്തുണ പിൻവലിച്ചതോടെയാണു് ആശ്ചര്യങ്ങളുടെ മന്ത്രിസഭ ഉണ്ടാകാൻ സാധ്യത തെളിഞ്ഞതു്. സ്പീക്കർ തെരഞ്ഞെടുപ്പിൽ എ സി ജോസ് വിജയിച്ചു. ആംഗ്ളോ ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ 71 പേർ വോട്ട് ചെയ്താണു് ജോസിന്റെ വിജയം ഉറപ്പാക്കിയതു്. മറുവശത്തു് 70 വോട്ട്. പുതിയ മന്ത്രിസഭയുടെ നന്ദിപ്രമേയം ഗവർണർ അവതരിപ്പിച്ച ശേഷമുള്ള വോട്ടെടുപ്പു മുതലാണു് കാസ്റ്റിങ് വോട്ട് ആരംഭിക്കുന്നതു്. തച്ചടി പ്രഭാകരൻ അവതരിപ്പിച്ച നന്ദിപ്രമേയത്തിൽ രണ്ടു ദിവസത്തെ ചർച്ചയ്ക്കു ശേഷം 1982 ഫെബ്രുവരി ഏഴിനായിരുന്നു വോട്ടെടുപ്പു്.

ഇരുവശത്തും 70 വീതം വോട്ടുകൾ. സ്പീക്കർ ആദ്യമായി കാസ്റ്റിങ് വോട്ട് നിർവഹിച്ചു. അങ്ങനെ നന്ദിപ്രമേയം പാസായി. കെ കെ ബാലകൃഷ്ണൻ എം എൽ എ നിയമസഭയിൽ എത്തി സർക്കാരിനു് വോട്ട് ചെയ്തതു ഭാര്യ മരിച്ചു കിടക്കുമ്പോഴാണു്. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനു മുൻപു് സഭയിലെത്തി സമ്മതിദാനം വിനിയോഗിക്കുകയായിരുന്നു. ഭരണപക്ഷത്തെ ഒരംഗം വരാതിരുന്നാലോ വോട്ട് അസാധുവായാലോ മന്ത്രിസഭ വീഴും എന്നതായിരുന്നു സ്ഥിതി.

ഇതിനിടെ ഞാണിന്മേൽക്കളിയുടെ സങ്കീർണത കൂട്ടി നന്ദിപ്രമേയത്തിൽ പ്രതിപക്ഷം ആറുഭേദഗതികൾ അവതരിപ്പിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ, വി സി കബീർ, പി സി ചാക്കോ, സി എ കുര്യൻ, ചന്ദ്രശേഖരൻ നായർ, സി ബി സി വാര്യർ എന്നിവരാണു് ഭേദഗതികൾ കൊണ്ടുവന്നതു്. ആറുഭേദഗതികളും ആറുതവണയായി വോട്ടിനിട്ടു. ആറുതവണയും വോട്ട് 70 വീതം. അപ്പോഴെല്ലാം സ്പീക്കർ എ സി ജോസ് കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി. അങ്ങനെ സ്പീക്കറുടെ ഏഴു കാസ്റ്റിങ് വോട്ടോടുകൂടി മന്ത്രിസഭ നിലനിന്നു.

അടുത്ത ബലപരീക്ഷ സ്പീക്കർക്കു് എതിരേതന്നെയായി. മാർച്ച് അഞ്ചിനു് എ കെ ശശീന്ദ്രൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സ്പീക്കർ നിഷ്പക്ഷത ലംഘിച്ചെന്നും കാസ്റ്റിങ് വോട്ടിലൂടെ ജനാധിപത്യത്തെ പരിഹസിച്ചെന്നുമായിരുന്നു ആരോപണം. ആ പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ സ്പീക്കർ എ സി ജോസ് കസേരയിൽ നിന്നു മാറി നിന്നു. ടി എം ജേക്കബാ ണു് സഭയെ നിയന്ത്രിച്ചതു്. ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിനു പുറമെ സ്പീക്കർ എ സി ജോസിന്റെ വൈകാരികമായ പ്രസംഗത്തിനും അന്നു സഭ സാക്ഷിയായി. ഈ പ്രമേയത്തിൽ ഞാൻ വോട്ട് ചെയ്യണോ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു ജോസ് പ്രസംഗം അവസാനിപ്പിച്ചതു്. ജോസ് വോട്ട് ചെയ്യാതെ തന്നെ പ്രമേയം തള്ളിപ്പോയി. അതു ജനാധിപത്യത്തിലെ മറ്റൊരു രസികൻ ഏടായി മാറി. വോട്ടെടുപ്പിനു പകരം പ്രമേയത്തെ അനുകൂലിക്കുന്നവർ കൈപൊക്കാനാണു് ടി എം ജേക്കബ് നിർദ്ദേശിച്ചതു്. പ്രതിപക്ഷത്തെ 70 അംഗങ്ങൾ കൈ ഉയർത്തി. പ്രമേയം പാസാകണമെങ്കിൽ 71 വോട്ട് വേണം. അതോടെ പ്രമേയം തള്ളിയതായി സ്പീക്കറുടെ കസേരയിൽ നിന്നു് ടി എം ജേക്കബ് അറിയിച്ചു. മന്ത്രിസഭ മറ്റൊരു കടമ്പ കൂടി കടന്നതോടെ സഭ പിരിഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പിനു വേണ്ടി അടുത്ത സഭ ചേരാനിരിക്കെയാണു് മന്ത്രിസഭയെ മറിച്ചിട്ട ആ തീരുമാനം ഉണ്ടായതു്. ലോനപ്പൻ നമ്പാടൻ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. നായനാർ മന്ത്രിസഭയെ താഴയിട്ട കെ എം മാണി യുടെ തീരുമാനത്തിൽ പ്രതിഷേധം ഉണ്ടായിരുന്ന നമ്പാടൻ ഇടതുമുന്നണിക്കൊപ്പം ചേരുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. യു ഡി എഫ് യോഗം നടന്നുകൊണ്ടിരിക്കെ നാടകീയമായി വന്നാണു് നമ്പാടൻ പിന്തുണ പിൻവലിക്കുന്ന കാര്യം പ്രഖ്യാപിച്ചതു്. പിന്നെ മരിക്കുന്നതുവരെ ലോനപ്പൻ നമ്പാടൻ ഇടതുമുന്നണിക്കൊപ്പമായിരുന്നു; യു ഡി എഫിന്റെയും കെ എം മാണിയുടേയും ഏറ്റവും വലിയ വിമർശകനായി.
മൂന്നുവർഷം കൊണ്ടു 3,020 കിലോമീറ്റർ ദൂരം പൈപ്പിടാൻ പദ്ധതി പ്രഖ്യാപിക്കുക. പൈപ്പ് വാങ്ങാൻ മാത്രം 36 എക്സിക്യുട്ടീവ് എൻജിനിയർമാരെ നിയമിക്കുക. അവരെല്ലാവരും പൈപ്പ് വാങ്ങി പൊതുവഴിയുടെ അരികിൽ നിക്ഷേപിക്കുക. ഈ പദ്ധതിയാണു പിന്നീടു് പൈപ്പ് കുംഭകോണം എന്നു് അറിയപ്പെട്ടതു്. 1982 മുതൽ സംസ്ഥാനം ഭരിച്ച കെ കരുണാകരൻ മന്ത്രിസഭയുടെ കാലത്തെ ഏറ്റവും വിവാദമുണ്ടാക്കിയ സംഭവങ്ങളിൽ ഒന്നു്.

എം പി ഗംഗാധരനാ യിരുന്നു അന്നു് ജലവിഭവ മന്ത്രി. കേരളത്തിൽ അന്നുള്ളതു് ജലവിതരണ വകുപ്പല്ല, പൊതുജനാരോഗ്യ എൻജിനിയറിങ് വകുപ്പാണു്. ഈ സർക്കാരിന്റെ കാലത്തു് ആ വകുപ്പു തന്നെ ഇല്ലാതായി. പകരം ജല അതോറിറ്റി എന്ന സ്വയംഭരണ സ്ഥാപനം രൂപവൽക്കരിക്കപ്പെട്ടു. ജല അതോറിറ്റിയുടെ അധ്യക്ഷനായി മന്ത്രി തന്നെ വന്നു. മന്ത്രി തന്നെ ചെയർമാൻ ആയതായിരുന്നു ആദ്യത്തെ വിവാദം. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഗംഗാധരൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. അടുത്ത വിവാദം തുടങ്ങിയതു് ജല അതോറിറ്റി മെഴ്സിഡസ് ബെൻസ് കാർ വാങ്ങിയതിനെക്കുറിച്ചായിരുന്നു. ചെയർമാൻകൂടിയായി മന്ത്രി അതിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ വിഷയം നിയമസഭയിലും കത്തി. ഒടുവിൽ ലോകബാങ്ക് ഉദ്യോഗസ്ഥർ കേരളത്തിൽ എത്തുമ്പോൾ സഞ്ചരിക്കാനാണു് കാർ വാങ്ങിയതു് എന്നു മന്ത്രി വിശദീകരണം നൽകി. ലോകബാങ്കിൽ നിന്നു് 103 കോടി രൂപ വായ്പയെടുത്തു കേരളത്തിൽ ജലവിതരണം നടപ്പാക്കാനുള്ള പദ്ധതിയാണു് തയ്യാറാക്കിയിരുന്നതു്.
ഈ രണ്ടു വിവാദങ്ങൾക്കൊടുവിൽ മൂന്നാമത്തെ ആരോപണം വന്നു. കൊച്ചിയിൽ കക്കൂസ് മാലിന്യ സംസ്കരണത്തിനു് അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നായിരുന്നു ആരോപണം. ഈ തുക ഗുരുവായൂരിലെ ജല അതോറിറ്റി ഓഫീസിന്റെ രണ്ടാം നിലയിലെ രണ്ടു മുറികളിൽ എ സി ഘടിപ്പിച്ചു് മോടിയാക്കാൻ ഉപയോഗിച്ചു എന്ന ആരോപണമാണു് ഉയർന്നതു്. ഗംഗാധരനും മുഖ്യമന്ത്രി കരുണാകരനും എല്ലാ മാസവും ഗുരുവായൂർ സന്ദർശിക്കുന്നതുമായി കൂട്ടിയോജിപ്പിച്ചു് ഈ വിവാദവും പൊലിപ്പിക്കപ്പെട്ടു.
ജലവകുപ്പിനെച്ചൊല്ലി കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്നതിനിടെയാണു് കോട്ടയത്തെ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറുമായി ബന്ധപ്പെട്ട കേസ് പുറത്തുവരുന്നതു്. 20 ലക്ഷം രൂപയുടെ പൈപ്പുകൾ വാങ്ങാൻ എക്സിക്യുട്ടീവ് എൻജിനിയർ ഓർഡർ നൽകി. മന്ത്രി വാക്കാൽ നിർദ്ദേശം നൽകിയതു് അനുസരിച്ചായിരുന്നു ഓർഡർ എന്നു് എക്സിക്യുട്ടീവ് എൻജിനിയർ പിന്നീടു മൊഴി നൽകി. എന്നാൽ മന്ത്രി ഈ ഓർഡർ റദ്ദാക്കി. തുടർന്നു നടന്ന അന്വേഷണത്തിലാണു് കേരളമെമ്പാടും ഇതുപോലെ ലക്ഷക്കണക്കിനു രൂപയുടെ പൈപ്പ് വാങ്ങിക്കൂട്ടിയതായി വ്യക്തമായതു്.

പദ്ധതി പ്രഖ്യാപിക്കുകയോ സ്ഥലം ഏറ്റെടുക്കുകയോ ചെയ്യുന്നതിനു മുൻപായിരുന്നു പൈപ്പ് വാങ്ങിയതെന്നും നിയമസഭയിൽ ആരോപണം ഉയർന്നു. ലോകബാങ്ക് വായ്പ അനുവദിച്ചിരുന്നുമില്ല. 52 കോടി രൂപയുടെ പൈപ്പുകളാണു വാങ്ങിയതു്. കരാറിന്റെ കരടു പോലും തയ്യാറാക്കുന്നതിനു മുൻപു പൈപ്പ് വാങ്ങിയതിൽ മന്ത്രിക്കു് നേരിട്ടു ബന്ധമുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമസഭ ദിവസങ്ങളോളം തടസ്സപ്പെട്ടു. വഴിനീളെ പ്രതിഷേധങ്ങൾ നടന്നു. മന്ത്രി ടി എം ജേക്കബ് വിദ്യാഭ്യാസ വകുപ്പിൽ പ്രീഡിഗ്രി ബോർഡ് രൂപീകരിച്ചു പരിഷ്കാരം നടപ്പാക്കിയ കാലം കൂടിയായിരുന്നു. മന്ത്രിമാർക്കു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഇതിനൊടുവിൽ 1986-ൽ എം പി ഗംഗാധരൻ രാജിവച്ചു. അതുപക്ഷേ, പൈപ്പ് കുംഭകോണത്തിന്റെ പേരിലായിരുന്നില്ല.

മന്ത്രി ഗംഗാധരന്റെ രാജിയിലേക്കു നയിച്ചതു മകളുടെ വിവാഹമായിരുന്നു. 18 വയസ്സു തികയും മുൻപു മന്ത്രി മകളുടെ വിവാഹം നടത്തിയതായി ആരോപിച്ചു് നവാബ് രാജേന്ദ്രനാണു് വ്യവഹാരം തുടങ്ങിയതു്. ഹൈക്കോടതി മന്ത്രിക്കെതിരേ പരാമർശം നടത്തി. ആരോപണം ശരിയാണെന്നു കണ്ടെത്തുകയും ചെയ്തു. തുടർന്നു് ഗംഗാധരൻ രാജിവച്ചു.
ഗംഗാധരനു് എതിരേയാണു് കോൺഗ്രസിലെ പുതിയൊരു ഗ്രൂപ്പ് ആദ്യത്തെ പ്രസ്താവന ഇറക്കുന്നതു്. ജി കാർത്തികേയൻ, രമേശ് ചെന്നിത്തല, പന്തളം സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ തിരുത്തൽ വാദികൾ എന്നറിയപ്പെട്ടിരുന്നവർ പൈപ്പ് ഇടപാടിൽ ഗംഗാധരനെ തള്ളി പ്രസ്താവനയിറക്കി. കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു ഗംഗാധരൻ. അതുവരെ കരുണാകരന്റെ ഒപ്പം നിന്ന രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പുതിയ വഴിതേടിയതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അതു്.

രാഷ്ട്രീയത്തിൽ എല്ലാക്കാലത്തും കരുണാകരന്റെ ഒപ്പം നിന്ന ഗംഗാധരൻ ഡി ഐ സി രൂപീകരിച്ചപ്പോൾ അതിന്റെ നേതൃ സ്ഥാനത്തും ഉണ്ടായിരുന്നു. എന്നാൽ കരുണാകരനും മുരളീധരനും കോൺഗ്രസ്സിലേക്കു മടങ്ങുന്നതിനു മുൻപു തന്നെ കൂട്ടുകെട്ടു് അവസാനിപ്പിച്ചു് ഗംഗാധരൻ മാതൃസംഘടനയിലേക്കു തിരികെ പോയി. വിവാദങ്ങൾ ഉണ്ടായി എന്നല്ലാതെ കേരളത്തിലെ മറ്റുപല കേസുകളിലും എന്നതു പോലെ പൈപ്പ് സംഭവത്തിലും പ്രതികൾ ഉണ്ടായില്ല, ശിക്ഷിക്കപ്പെട്ടവരും.
അഭയ മലയാളിയുടെ നിസ്സഹായാവസ്ഥയുടെ പ്രതീകമാണു്. തെളിവെള്ളം എന്നു കിട്ടുമെന്നറിയാതെ കലങ്ങിമറിഞ്ഞുകിടക്കുന്ന ഒരു പൊട്ടക്കിണർപോലെയാണു് ആ കേസ്. ആരോപണങ്ങളുടേയും പ്രത്യാരോപണങ്ങളുടേയും പ്രതിഷേധങ്ങളുടേയും അനേകവർഷങ്ങൾ കഴിഞ്ഞുപോയിട്ടും രേഖാമൂലം ആ കേസിനെക്കുറിച്ചു് പറയാൻ കഴിയുന്നതു് ഇങ്ങനെയാണു്:
സംഭവം നടന്നതു് 1992 മാർച്ച് 27-നു്. സ്ഥലം-കോട്ടയം സെയ്ന്റ് പയസ് ടെൻത് കോൺവന്റ്. 28-നു് പുലർച്ചെ അഭയയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി. തലയിൽ മുറിവുണ്ടായിരുന്നെന്നും മുഖത്തു വേറെ മുറിവേറ്റ പാടുണ്ടായിരുന്നെന്നും ആരോപണം. ഏഴുദിവസം ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചു. അഭയയുടെ മരണം ആത്മഹത്യയാണെന്നു് പൊലീസ് റിപ്പോർട്ട് നൽകി. തുടർന്നു് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു. ആത്മഹത്യ തന്നെയാണെന്നു കാണിച്ചു് 1993 ഏപ്രിലിൽ അവർ റിപ്പോർട്ട് നൽകുന്നു. അഭയ ആക്ഷൻ കൗൺസിൽ ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുന്നു; ഹൈക്കോടതി കേസ് സി ബി ഐക്കു വിടുന്നു.
ഇവിടെ മുതൽ കേസിന്റെ വഴിത്തിരിവുകൾ ആരംഭിക്കുകയാണു്. സി ബി ഐ ഡി വൈ എസ് പി വർഗീസ് പി തോമസിനായിരുന്നു അന്വേഷണച്ചുമതല. ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാണിച്ചു് വർഗീസ് പി തോമസ് റിപ്പോർട്ട് നൽകുന്നു. കോടതിയിൽ നൽകുന്ന ആദ്യത്തെ റിപ്പോർട്ടായിരുന്നു ഇതു്. പിന്നാലെ സി ബി ഐയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവവും ഉണ്ടായി. വർഗീസ് പി തോമസ് കോട്ടയത്തു പത്രസമ്മേളനം വിളിച്ചു് രാജി പ്രഖ്യാപിച്ചു. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ട് നൽകണണെന്നു് സി ബി ഐ എസ് പി ആവശ്യപ്പെട്ടതായും അതിനു കഴിയാത്തതിനാൽ രാജിവയ്ക്കുകയാണെന്നുമായിരുന്നു പത്രസമ്മേളനത്തിൽ അറിയിച്ചതു്. വർഗീസിന്റെ രാജിയെത്തുടർന്നു് എം എ ശർമ്മയുടെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷണം തുടങ്ങി. ഡമ്മി പരിശോധന ഉൾപ്പെടെയുള്ളവ നടത്തിയപ്പോൾ കൊലപാതകമാണെന്നു ഫോറൻസിക് വിഭാഗം സൂചന നൽകി.
എന്നാൽ, തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നും കേസ് എഴുതിത്തള്ളണമെന്നും കാണിച്ചു സി ബി ഐ കോടതിയെ സമീപിച്ചു. കോടതി ഇതു് അംഗീകരിച്ചില്ല. തുടരന്വേഷണം നടത്താനും കേസിലെ ദുരൂഹതകൾ നീക്കാനും ആവശ്യപ്പെട്ടു. രണ്ടാമതും അന്വേഷിച്ച സംഘം കൊലപാതകം തന്നെയാണെന്നും എന്നാൽ പ്രതികളെക്കുറിച്ചു സൂചനയില്ലെന്നുമാണു് റിപ്പോർട്ട് നൽകിയതു്. ഇതും തള്ളിയ കോടതി പ്രതികളെ കണ്ടെത്താൻ ആവശ്യപ്പെട്ടു. 2005-ലും കേസ് അവസാനിപ്പിക്കാൻ അനുവദിക്കണം എന്നു കാണിച്ചു് സി ബി ഐ അപേക്ഷ നൽകി. മൂന്നുതവണയാണു് ഇങ്ങനെ കേസ് അവസാനിപ്പിക്കാൻ സി ബി ഐ അനുമതി തേടിയതു്.
2007-ലാണു് കേസിൽ വഴിത്തിരിവു് ഉണ്ടാകുന്നതു്. അഭയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ തിരുത്തിയതായിരുന്നുവെന്നു കാണിച്ചു് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ ബി ശ്രീജൻ എഴുതിയ വാർത്ത വലിയ കോലാഹലം സൃഷ്ടിച്ചു. ഇതേ തുടർന്നു കേസ് രേഖകൾ പരിശോധിച്ച കോടതി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയെന്നു കണ്ടെത്തി. ഇതിനു ശേഷം സി ബി ഐ കേസിൽ വീണ്ടും സജീവമായി ഇടപെട്ടു. അഭയ താമസിച്ചിരുന്ന കോൺവന്റിനു സമീപത്തുള്ള സഞ്ജു മാത്യു നിർണായകമായ മൊഴി നൽകി. 2009 നവംബർ 18, 19 തീയതികളിലായി മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫാ. തോമസ് കോട്ടൂർ, ഫാ. ജെയിംസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണു് അറസ്റ്റിലായതു്.
സി ബി ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ചു് ഫാ. തോമസ് കോട്ടൂർ അഭയയുടെ തലയ്ക്കു് അടിച്ചുവീഴ്ത്തിയെന്നും ഫാ. ജെയിംസ് പൂതൃക്കയിൽ സിസ്റ്റർ സെഫി എന്നിവർ ഇതിനു പ്രേരണ നൽകി എന്നുമാണു് പറഞ്ഞിരുന്നതു്. പുലർച്ചെ നാലുമണിക്കു് എഴുന്നേറ്റ അഭയ വെള്ളം കുടിക്കാൻ അടുക്കളയിൽ എത്തിയപ്പോൾ അസ്വാഭാവികമായ എന്തോ കണ്ടെന്നും ഇതു പുറത്തുപറയാതിരിക്കാനാണു് കൊലപാതകമെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു് ഒരാഴ്ച കഴിയും മുൻപു് എ എസ് ഐ വി വി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. അഭയയുടെ ഇൻക്വസ്റ്റ് തയ്യാറാക്കിയതു് അഗസ്റ്റിനായിരുന്നു. സി ബി ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു അഗസ്റ്റിന്റെ മരണം. അറസ്റ്റിലായ വികാരിമാർക്കും സിസ്റ്റർക്കും സി ബി ഐ നുണ പരിശോധന നടത്തി. നാർക്കോ അനാലിസിസിന്റെ വിഡിയോ ഇതിനിടെ ചോർന്നതു മറ്റൊരു വിവാദത്തിനു വഴിവച്ചു. വിഡിയോയിൽ കൃത്രിമത്വം നടത്തി എന്നു കാണിച്ചു് പ്രതികൾ സമർപ്പിച്ച ഹർജി കോടതി അംഗീകരിച്ചു. ചില ഭാഗങ്ങളിൽ തിരുത്തലുകൾ വരുത്തിയിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. മൂന്നു പ്രതികളും ഇതിനിടെ ജാമ്യത്തിലിറങ്ങി.
ജോമോൻ പുത്തൻപുരയ്ക്കൽ എന്ന സാമൂഹിക പ്രവർത്തകനാണു് അഭയാ കേസുമായി ബന്ധപ്പെട്ടു് എന്നും വാർത്തകളിൽ നിറഞ്ഞതു്. അഭയയുടെ പിതാവിനൊപ്പം നിയമനടപടികൾക്കു ജോമോൻ മുന്നിട്ടിറങ്ങി. സ്വന്തം നിലയ്ക്കും കേസുകൾ നൽകി. പല തെളിവുകളും കോടതിക്കു കൈമാറിയതിലും ജോമോന്റെ പങ്കുണ്ടു്. അതേസമയം, ജോമോന്റെ നടപടികളിലെ ദുരൂഹതയും ഇക്കാലത്തു് വാർത്തയായിരുന്നു. രേഖകളിൽ കേസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുക തന്നെയാണു്. കാൽനൂറ്റാണ്ടു പിന്നിട്ടിട്ടും തീരാത്ത അന്വേഷണം. ചാക്കോ വധക്കേസിൽ സുകുമാരക്കുറുപ്പിനെ പിടികൂടാതെ തന്നെ പ്രതിയായി എല്ലാവരും അംഗീകരിച്ചെങ്കിൽ ഈ കേസിൽ പിന്നീടു പിടിയിലായവരെ പ്രതികളായി ഒരു വിഭാഗം അംഗീകരിക്കുന്നില്ല. അഭയ കൊല്ലപ്പെട്ടതാണെന്ന വാദം ഈ കാലത്തിനിടയ്ക്കു് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു എന്നതുമാത്രമാണു് കേസിൽ ഉണ്ടായ പുരോഗതി.
പാമോലിൻ എന്ന ഉല്പന്നത്തിനു കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ പരസ്യമായിരുന്നു ആ ഇറക്കുമതി തീരുമാനം. വെളിച്ചെണ്ണയും നല്ലെണ്ണയും മാത്രം പരിചയിച്ചിരുന്ന സമൂഹത്തിൽ പാമോലിൻ അന്നു വ്യാപകമായി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. കെ കരുണാകരൻ മന്ത്രിസഭ പാമോലിൻ ഇറക്കുമതി ചെയ്യാനും റേഷൻ കടകൾ വഴി വ്യാപകമായി വിതരണം ചെയ്യാനും തീരുമാനിച്ചതാണു് രണ്ടരപതിറ്റാണ്ടു പിന്നിട്ട നിയമനടപടികളിലേക്കു നയിച്ചതു്. കെ കരുണാകരനും ടി എച്ച് മുസ്തഫ യും മുതൽ ഉദ്യോഗസ്ഥരായ പി ജെ തോമസും ജി ജി തോംസണും വരെ ആരോപണ വിധേയരുടെ പട്ടികയിൽ എത്തി. ആദ്യ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും ഉമ്മൻചാണ്ടി ക്കെതിരെയും വിജിലൻസ് കോടതിയിൽ നിന്നു് പരാമർശം ഉണ്ടായി. രാഷ്ട്രീയ വിവാദങ്ങളിൽ എന്നും നിറഞ്ഞുനിന്ന പാമോലിൻ കേരളത്തിലെ 1996 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണ വിഷയവുമായിരുന്നു.
1990 മുതലാണു് റേഷൻ കടകളിൽ നിന്നു പാമോലിൻ ലഭിച്ചു തുടങ്ങിയതു്. സംസ്ഥാനത്തു് ഭക്ഷ്യ എണ്ണയ്ക്കു ക്ഷാമമുണ്ടെന്നും വെളിച്ചെണ്ണ കുറവാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം. പാമോലിൻ ഇറക്കുമതി ചെയ്യാനുള്ള മന്തിസഭാ തീരുമാനം വരുന്നതു് 1991 ഒക്ടോബർ അഞ്ചിനാണു്. 30,000 ടൺ ഇറക്കുമതി ചെയ്യാനായിരുന്നു അനുമതി. 1992-ൽ ആദ്യബാച്ച് എത്തുകയും ചെയ്തു. ഇതുവരെ ഇതിൽ അസാധാരണമായ വാർത്തകളോ വിവാദങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഒരു റിപ്പോർട്ടിലെ പരാമർശങ്ങളാണു് സംഭവം വിവാദമാക്കിയതു്.
സംസ്ഥാനത്തു പാമോലിൻ ഇറക്കുമതി ചെയ്തതു നിലവിലുള്ള ചട്ടങ്ങളൊന്നും പാലിക്കാതെയാണെന്നും ഖജനാവിനു നഷ്ടം ഉണ്ടായി എന്നുമായിരുന്നു റിപ്പോർട്ട്. ടണ്ണിനു് 405 ഡോളറിനാണു് സർക്കാർ പാമോലിൻ വാങ്ങാൻ തീരുമാനിച്ചതു്. അന്നു് യഥാർത്ഥത്തിൽ കൂടിയ വിപണി വില 392.25 ഡോളർ മാത്രമായിരുന്നു. 13 ഡോളറിന്റെ നഷ്ടമാണു് ഓരോ ടണ്ണിലും ഉണ്ടായതു്. ഇതുവഴി മാത്രം നഷ്ടം 2.32 കോടി രൂപയാണു് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ഈ റിപ്പോർട്ടിലെ പരാമർശങ്ങൾ നിയമസഭയിൽ വലിയ ചർച്ചയായി. സംസ്ഥാനത്തു് എങ്ങും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. പക്ഷേ, സർക്കാർ തുടർനടപടി സ്വീകരിച്ചില്ല. ഈ സംഭവത്തിനു പിന്നാലെയാണു് ഐ എസ് ആർ ഒ ചാരക്കേസ് വരുന്നതും കെ കരുണാകരൻ രാജിവയ്ക്കുന്നതും.
1996-ൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാരാണു് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയതു്. ഏഴുപേരായിരുന്നു പ്രതികൾ. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ, ഭക്ഷ്യ മന്ത്രി ടി എച്ച് മുസ്തഫ, ഭക്ഷ്യ വകുപ്പു് സെക്രട്ടറിയായിരുന്ന പി ജെ തോമസ്, സപ്ളൈകോ എം ഡിയായിരുന്ന ജി ജി തോംസൺ തുടങ്ങിയവർ. കേസ് നടപടികൾ മുന്നോട്ടു പോകുന്നതിനിടെ ടി എച്ച് മുസ്തഫ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനമാണു് ഉമ്മൻചാണ്ടി യെ കേസിന്റെ ഭാഗമാക്കിയതു്. ഭക്ഷ്യമന്ത്രിയായിരുന്ന തനിക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെങ്കിൽ അന്നു ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു മുസ്തഫയുടെ വാർത്താസമ്മേളനം. ഇതു കോൺഗ്രസിലും പുറത്തും വലിയ വിവാദത്തിനു വഴിവച്ചു.
പിന്നീടു് എം പിയായ കെ കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യണമെങ്കിൽ പാർലമെന്റിന്റെ അനുമതി വേണമെന്നു് വിജിലൻസ് കോടതി നിർദ്ദേശിച്ചു. സർക്കാർ ഇതിനെതിരേ നൽകിയ ഹർജി ഹൈക്കോടതി അനുവദിക്കുകയും കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാൻ തടസ്സമില്ലെന്നു വിധിക്കുകയും ചെയ്തു. ഇതിനെതിരേ കരുണാകരൻ നൽകിയ ഹർജി സുപ്രീംകോടതി സ്വീകരിച്ചു. കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തു. ഇതോടെ പാമോലിൻ കേസ് മരവിച്ചു നിൽക്കുകയായിരുന്നു. 2005-ൽ ഉമ്മൻചാണ്ടി മന്ത്രി സഭ കേസ് പിൻവലിക്കുകയാണെന്നു കോടതിയെ അറിയിച്ചു. എന്നാൽ 2006-ൽ അധികാരമേറ്റ വി എസ് അച്യുതാനന്ദൻ സർക്കാർ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. ഇതിനിടെ കെ കരുണാകരൻ അന്തരിച്ചതോടെ സുപ്രീം കോടതിയിൽ കേസിനു് ഉണ്ടായിരുന്ന സ്റ്റേയും നീങ്ങി. കേസ് വീണ്ടും പരിഗണിച്ച വിജിലൻസ് കോടതിയാണു് ഉമ്മൻചാണ്ടിക്കു പങ്കുണ്ടോ എന്നു് അന്വേഷിക്കാൻ വിജിലൻസിനോടു് നിർദ്ദേശിച്ചതു്. ഇതോടെ വീണ്ടും ഉന്നതതലമാനം കൈവന്നു. പ്രതിപ്പട്ടികയിൽ നിന്നു് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു് ടി എച്ച് മുസ്തഫയും പി ജെ തോമസും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. സെൻട്രൽ വിജിലൻസ് കമ്മിഷണറായി നിയമിതനായ പി ജെ തോമസിനു് ആ സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു സുപ്രീംകോടതിയിൽ നിന്നു പരാമർശം ഉണ്ടായി.
ആദ്യം കെ കരുണാകരൻ. പിന്നാലെ ഉമ്മൻചാണ്ടി. ശേഷം ടി എച്ച് മുസ്തഫ. മൂന്നുപേരും അന്തരിച്ചതോടെ കേസിലെ രാഷ്ട്രീയ പ്രതികൾ ഇല്ലാതായി. പി ജെ തോമസും ജി ജി തോംസണും മറ്റു് ആരോപണ വിധേയരായ ഉദ്യോഗസ്ഥരും സർവീസിൽ നിന്നു വിരമിച്ചു. ആ കേസിനു് ഇനി എന്തെങ്കിലും ഒരു വിധി ഉണ്ടാകാനുള്ള സാധ്യതകൾ മങ്ങാൻ തുടങ്ങിയിട്ടു് കാലം കുറെ ആയി.
എങ്കിലും ആ കേസ് ചിലതു പഠിപ്പിക്കുന്നുണ്ടു്. പുനരാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിന്റെ അപകടങ്ങൾ മാത്രമല്ല, പാമോലിൻ കേസ് രാഷ്ട്രീയനേതൃത്വത്തെ പഠിപ്പിച്ചതു്; സ്ഥാനങ്ങൾ വഹിക്കുന്നവർ കാണിക്കേണ്ട ജാഗ്രതയുടെ തോതു കൂടിയാണു്. കാലയവനികയിൽ മറഞ്ഞാലും ചിലർ ഓർമകളായി മാത്രമല്ല, പാഠങ്ങളായും പിന്നെ വരുന്ന തലമുറയ്ക്കു മുന്നിലുണ്ടാകും.
ആഗോള വ്യവസായത്തിന്റെ എല്ലാ ഋതുക്കളും കാല്പനികമായും വൈകാരികമായും കടന്ന ഒരു മലയാളിയുണ്ടെങ്കിൽ അതു് രാജൻപിള്ള യായിരിക്കും. സൗഭാഗ്യങ്ങൾ പൂത്തുവിടർന്ന വസന്തവും വ്യാപാര ശീതസമരങ്ങളുടെ ശിശിരവും തൊട്ടാൽപൊള്ളുന്ന ഗ്രീഷ്മവും ചിലപ്പോൾ ഇടിവെട്ടി ആർത്തലച്ചും മറ്റുചിലപ്പോൾ തഴുകിയും പെയ്യുന്ന വർഷവുമെല്ലാം കടന്നുവന്നയാൾ. ആഗോള മലയാളിക്കു് ആദ്യമായി വിലാസമുണ്ടാക്കിയ രാജൻപിള്ള തിഹാർ ജയിലിൽ എങ്ങനെ അവസാനിച്ചു എന്ന ചോദ്യത്തിനു മാത്രം ഇനിയും വ്യക്തമായ ഉത്തരമില്ല. വാണിജ്യ പ്രതികാരത്തിന്റെ സ്ഥിരീകരിക്കാത്ത കഥകളിൽ മാത്രം ഒതുങ്ങുന്നതല്ല രാജൻപിള്ളയുടെ വളർച്ചയും തളർച്ചയും ഒടുക്കവും.
1995-ൽ സിംഗപ്പൂരിൽ നിന്നു കേരളത്തിലേക്കു പറന്നിറങ്ങിയ രാജൻപിള്ള അതുവരെ കേട്ട കഥകളിലെ രാജകുമാരൻ ആയിരുന്നില്ല. 22 കേസുകളിൽ സിംഗപ്പൂരിൽ വിചാരണ നേരിടുന്ന കുറ്റാരോപിതനായിരുന്നു. 14 വർഷത്തെ തടവിനു് അതിൽ ഒരു കേസിൽ വിധിയും വന്നുകഴിഞ്ഞിരുന്നു. അതുവരെ നിരത്തിവിരിച്ച ചുവന്ന പരവതാനിയിലൂടെ മാത്രം ഇന്ത്യയിൽ നടന്നിരുന്ന പിള്ളയ്ക്കു് കല്ലുംമുള്ളും നിറഞ്ഞവഴികൾ ആദ്യമായി പരിചയിക്കേണ്ടി വന്ന കാലം. കേരളത്തിലെ കോടതിയിൽ നിന്നു ലഭിച്ച ഒരു മുൻകൂർ ജാമ്യം മാത്രം മതിയാകുമായിരുന്നില്ല ഇന്ത്യയിലെ കെട്ടുപാടുകളിൽ നിന്നു മോചിതനാകാൻ.
ബ്രിട്ടാനിയ കമ്പനിയുടെ അവകാശത്തർക്കവും ഒലേ ബ്രാൻഡിന്റെ വിൽപ്പനത്തർക്കവും പിന്നെ പഴയ തലതൊട്ടപ്പൻ റോസ് ജോൺസൺ കൊടുത്ത കേസുകളുമെല്ലാമായിരുന്നു മുന്നിൽ. അറസ്റ്റ് പ്രതീക്ഷിച്ച രാജൻപിള്ള പോലും അത്ര പെട്ടെന്നൊരു നീക്കം കരുതിയിരുന്നില്ല. ഡൽഹിയിലെ ലെ മെറീഡിയൻ ഹോട്ടലിൽ താമസിക്കുമ്പോഴായിരുന്നു പൊലീസ് എത്തിയതു്. 1995 ജൂലൈ അഞ്ചിനു്. അറസ്റ്റ് ചെയ്തു തീഹാർ ജയിലിലേക്കു കൊണ്ടുപോയി. ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുമ്പോൾ കടുത്ത വയറുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും രാജൻപിള്ള അപേക്ഷ നൽകി. ജഡ്ജി ഇതു് അംഗീകരിക്കുകയും ജയിൽ സൂപ്രണ്ടിനു നിർദ്ദേശം നൽകുകയും ചെയ്തു. ജയിൽ ആർ എം ഒ രാജൻപിള്ളയെ പരിശോധിച്ചു് റിപ്പോർട്ട് നൽകണം എന്നായിരുന്നു നിർദ്ദേശം.
പക്ഷേ, അറസ്റ്റിലായതിന്റെ നാലാം ദിവസം മറ്റൊരു വാർത്തയാണു് പുറത്തു വന്നതു്. ജൂലൈ ഏഴിനു് രാജൻപിള്ള തിഹാർ ജയിലിൽ മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലിവർ സിറോസിസ് ആണു് മരണ കാരണം എന്നു രേഖപ്പെടുത്തി. മരണത്തെക്കുറിച്ചു് അന്വേഷിച്ച ലീല സെയ്ത് കമ്മിഷൻ ഒരു കാര്യം കണ്ടെത്തി—ജയിലിൽ രാജൻപിള്ളയെ ഡോക്ടർ പരിശോധിക്കുകയോ ചികിത്സ നൽകുകയോ ചെയ്തിരുന്നില്ല. രാജൻപിള്ളയുടെ മരണശേഷം തിഹാർ ജയിലിലെ നടപടിക്രമങ്ങൾ മാറി. മുഴുവൻ സമയവും നിരവധി ഡോക്ടർമാർ ജയിലിൽ സേവനം അനുഷ്ടിക്കുന്നു. ജയിൽ പരിഷ്കരണങ്ങൾക്കായി രാജൻപിള്ളയുടെ ഭാര്യ നീനാ പിള്ള നടത്തിയ പോരാട്ടങ്ങൾക്കും ഫലമുണ്ടായി. നീനയ്ക്കും മക്കൾക്കും സർക്കാർ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു പിന്നീടു് ഡൽഹി ഹൈക്കോടതി വിധിച്ചു. പക്ഷേ, രാജൻപിള്ള എങ്ങനെയാണു് തിഹാർ ജയിലിൽ എത്തിയതു്?
കൊല്ലത്തെ കശുവണ്ടി വ്യാപാരിയുടെ മകനായ രാജൻ ടി കെ എം കോളജിൽ നിന്നു് എൻജിനിയറിങ് പൂർത്തിയാക്കിയ ശേഷമാണു് വ്യവസായത്തിലേക്കു് ഇറങ്ങുന്നതു്. ആദ്യ സംരംഭം ഗോവയിൽ പഞ്ചനക്ഷത്ര ഹോട്ടൽ ആയിരുന്നു—വെസ്റ്റ് ഇന്ത്യൻ ബീച്ച് റിസോർട്സ്. പിന്നെ സിംഗപ്പൂർ ആസ്ഥാനമായി പുതിയ ഭക്ഷ്യസംസ്കരണ സ്ഥാപനം—ട്വന്റ ീത് സെഞ്ചുറി ഫുഡ് പാക്കേജിങ്സ്. ആ സ്ഥാപനത്തിന്റെ വളർച്ചയുടെ കാലത്താണു് കാനഡക്കാരനായ റോസ് ജോൺസണുമായി പരിചയപ്പെടുന്നതു്. റോസ് ജോൺസൺ രാജൻപിള്ളയുടെ സ്ഥാപനത്തിലെ ഓഹരികൾ വാങ്ങുകയും പകരം രാജൻപിള്ളയ്ക്കു് ലണ്ടനിൽ നബിസ്കോ കമ്പനിയുടെ മേൽനോട്ട ചുമതല നൽകുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ ബ്രിട്ടാനിയയുടെ ഉടമകളായ ഹണ്ട്ലി ആൻഡ് പാമർ കമ്പനിയുടെ ഓഹരികൾ ജോൺസൺ വാങ്ങി. അക്കാലത്തു തന്നെ ഇന്ത്യയിൽ വലിയ ബ്രാൻഡ് ആയിരുന്നു ബ്രിട്ടാനിയ. രാജൻപിള്ളയുടെ മികവിൽ സന്തുഷ്ടനായ ജോൺസൺ ഈ കമ്പനിയുടെ ഏഷ്യയിലെ പ്രവർത്തനങ്ങളുടെ മുഴുവൻ ചുമതലയും നൽകി.
അതു വളർച്ചയുടെ ഋതുവായിരുന്നു. നബിസ്കോയുടെ ഏഷ്യൻ സ്ഥാപനങ്ങൾ മുഴുവൻ ഈ കാലത്തു രാജൻപിള്ള സ്വന്തമാക്കി. ബൗസിയോ എന്ന വൻകിട കമ്പനി പൂർണമായും വാങ്ങി. അന്നത്തെ വിപണി വിലയിൽ രണ്ടായിരം കോടി രൂപ വരുന്ന സ്ഥാപനങ്ങളുടെ ഉടമയായി രാജൻപിള്ള. പക്ഷേ, ഇതിനിടയ്ക്കാണു് ബ്രിട്ടാനിയയുടെ ഏഷ്യയിലെ അവകാശത്തർക്കം ഉടലെടുക്കുന്നതു്. നെസ് വാഡിയ ഗ്രൂപ്പ് ബ്രിട്ടാനിയയുടെ പകുതി ഓഹരികൾ ജോൺസണിൽ നിന്നു വാങ്ങിയിരുന്നു. രാജൻപിള്ളയ്ക്കാകട്ടെ ബ്രിട്ടാനിയയിൽ ഉണ്ടായിരുന്നതു് മൂന്നു ശതമാനം ഓഹരി മാത്രവും. പക്ഷേ, ഇന്ത്യയിൽ ബ്രിട്ടാനിയ എന്നാൽ രാജൻപിള്ളയായിരുന്നു. രാജൻപിള്ളയുടെ നിയന്ത്രണത്തിൽ നിന്നു ബ്രിട്ടാനിയയെ മോചിപ്പിക്കാൻ കമ്പനി ശ്രമം തുടങ്ങി. കൂടുതൽ ഓഹരി സമ്പാദിക്കുന്നതിനായി ഇതിനിടെ രാജൻപിള്ള ഒലേ എന്ന സ്വന്തം ബ്രാൻഡ് സിംഗപ്പൂരിൽ വിറ്റു. ഇതു് അറിഞ്ഞിരുന്നില്ലെന്നു കാണിച്ചു ജോൺസൺ കേസ് നൽകി. ജോൺസൺ പ്രത്യേക ഓഡിറ്റ് സംഘത്തെ വച്ചു് സിംഗപ്പൂരിലെ കണക്കുകൾ ഓഡിറ്റ് ചെയ്തു. മാതൃസ്ഥാപനം അറിയാതെ നിരവധി ഇടപാടുകൾ രാജൻപിള്ള നടത്തി എന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്നു് സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത കേസിലാണു് രാജൻപിള്ള ശിക്ഷിക്കപ്പെടുന്ന ഘട്ടത്തിൽ എത്തിയതു്. ആ സമയത്താണു് ഇന്ത്യയിൽ അഭയം തേടിയതും ഏറെക്കഴിയും മുൻപു് അറസ്റ്റും മരണവും നടക്കുന്നതും.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ പലരും രാജൻപിള്ളയുടെ സുഹൃത്തുക്കൾ ആയിരുന്നു. പക്ഷേ, ആരും തിരിഞ്ഞുനോക്കിയില്ല എന്നാണു സഹോദരൻ രാജ്മോഹൻ പിള്ള പിന്നീടു് എഴുതിയ ‘റൈസ് ആൻഡ് ഫാൾ ഓഫ് രാജൻ പിള്ള’ എന്ന പുസ്തകത്തിൽ പറയുന്നതു്. രാജൻപിള്ളയുടെ പത്നി നീനാ പിള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ പേരെടുത്തു പറഞ്ഞു വിമർശിച്ചിരുന്നു. പിള്ളയുടെ മരണശേഷം അവർ കൊല്ലത്തു നിന്നു ലോക്സഭയിലേക്കു മത്സരിക്കാൻ തീരുമാനിച്ചതു തന്നെ ഇത്തരമൊരു പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായിരുന്നു. രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്കു പറന്നുനടന്നിരുന്ന കാലത്താണു് രാജൻപിള്ളയും നീനയും വിവാഹിതരാകുന്നതു്. ഇന്ത്യയിലെ വ്യവസായ ലോകത്തു് അന്നു് ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതികൾ ആയിരുന്നു അവർ. അമ്പാനി കുടുംബത്തിനൊക്കെ മുൻപു് മുംബൈയിൽ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിന്നവർ. എയർ ഹോസ്റ്റസ് ആയിരുന്നു നീനാപിള്ള. പിന്നീടു് ബ്രിട്ടാനിയയുടെ ഡയറക്ടർ ബോർഡിൽ എത്തിയതിനൊപ്പം രാജൻപിള്ളയുടെ എല്ലാ വ്യവസായ സംരംഭങ്ങളിലും പങ്കാളിയായി. സ്വന്തം നിലയ്ക്കു ചിത്രവ്യാപാരവും ആർട്ട് എക്സിബിഷനുകളും ആരംഭിച്ചു. രാജൻപിള്ളയുടെ മരണശേഷം വ്യാപാരം പുതിയ വഴികളിലേക്കു തിരിച്ചുവിട്ട നീനാ പിള്ള ജയിൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി നടത്തിയ പോരാട്ടങ്ങൾകൊണ്ടും വാർത്തകളിൽ നിറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ എക്കാലത്തേക്കുമുള്ള മുന്നറിയിപ്പാണു് കൂത്തുപറമ്പു്. സമരം ചെയ്യുന്നവർക്കും അതു നിയന്ത്രിക്കുന്ന പൊലീസിനുമുള്ള പാഠം. എതിർപ്പുകളെ സായുധപൊലീസിനെ ഉപയോഗിച്ചു മറികടക്കാം എന്നു കരുതുന്ന രാഷ്ട്രീയ നേതാക്കൾക്കും ആ സംഭവത്തിന്റെ ഓരോ നിമിഷങ്ങളും വലിയൊരു നിഘണ്ടുവാണു്. 1994 നവംബർ 25-നു് അഞ്ചു ഡി വൈ എഫ് ഐ പ്രവർത്തകർ വെടിയേറ്റു മരിച്ച സ്ഥലമാണു് കൂത്തുപറമ്പു്. ആറാമതൊരാൾ കിടന്നകിടപ്പിൽ നിന്നു് എഴുന്നേൽക്കാൻ കഴിയാതെ പതിറ്റാണ്ടുകൾ കിടന്നു് ഒടുവിൽ 2024-ൽ മരണത്തിനു കീഴടങ്ങി.

യു ഡി എഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ സംസ്ഥാനത്തെങ്ങും എസ് എഫ് ഐ ആരംഭിച്ച സമരത്തിന്റെ രണ്ടാംഘട്ടമായിരുന്നു അപ്പോൾ. മുഴുവൻ മന്ത്രിമാരേയും വഴിയിൽ തടയുമെന്നു പ്രഖ്യാപിച്ചു് ഡി വൈ എഫ് ഐ സമാന്തരസമരവും ആരംഭിച്ചു. സഹകരണ മന്ത്രിയാണു് എം വി രാഘവൻ. സി പി എമ്മിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പല സഹകരണ സ്ഥാപനങ്ങളേയും യു ഡി എഫ് പാളയത്തിൽ എത്തിച്ചതുവഴി പാർട്ടിക്കു വിരോധം കൂടുതൽ വളർന്നു നിന്ന കാലം. കൂത്തുപറമ്പിൽ സർവീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടനം അന്നാണു നിശ്ചയിച്ചിരുന്നതു്. ഉദ്ഘാടകൻ എം വി രാഘവൻ. രാഘവൻ എത്തിയാൽ തടയുമെന്നു ഡി വൈ എഫ് ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം മറികടന്നും ഉദ്ഘാടനം നടത്തുമെന്നു രാഘവനും പ്രഖ്യാപിച്ചു. പത്തുമണിക്കു നടക്കേണ്ട ഉദ്ഘാടനത്തിനു മണിക്കൂറുകൾ മുൻപു തന്നെ ആയിരത്തിലേറെ ഡി വൈ എഫ് ഐ പ്രവർത്തകർ സ്ഥലത്തു് തമ്പടിച്ചിരുന്നു. മന്ത്രിയെ ഉപരോധിക്കുകയാണു ലക്ഷ്യം. പിന്നീടു് രാഘവനെ കൊല്ലാൻ ശ്രമിച്ചുവെന്നു കാണിച്ചു പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ തന്നെ മൂവായിരം പ്രതികൾ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ ആയിരം പ്രതികളും. ഇത്രയേറെ പ്രതിഷേധക്കാർ നിറഞ്ഞുനിന്നുവെന്നു പൊലീസ് തന്നെ സമ്മതിച്ചവേദി. അവിടേക്കു് ഉദ്ഘാടനത്തിനു് എത്താൻ തന്നെ എം വി രാഘവൻ തീരുമാനിച്ചു. കനത്ത പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി പൊലീസ് ഒരുക്കിയ വഴികളിലൂടെ രാഘവൻ വേദിയിലെത്തി. പെട്ടെന്നു തന്നെ ഉദ്ഘാടനം ചെയ്തു. മുദ്രാവാക്യം വിളിയും പ്രവർത്തകരുടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് ഈ സമയമത്രെയും ചെറുത്തു. ഉദ്ഘാടനം കഴിഞ്ഞു് കാറിൽ കയറി രാഘവൻ മടങ്ങാൻ ഒരുങ്ങുമ്പോഴാണു് കനത്ത കല്ലേറു് ആരംഭിക്കുന്നതു്. പ്രവർത്തകർ കാറിനു മുന്നിലേക്കു് കൂട്ടമായെത്തി. ഇതോടെ പൊലീസ് വെടിവയ്പ്പു് ആരംഭിച്ചു. കെ വി റോഷൻ, കെ കെ രാജീവ്, കെ ബാബു, ഷിബുലാൽ, മധു എന്നിവർ വെടിയേറ്റു മരിച്ചു. നട്ടെല്ലിനു വെടിയേറ്റ പുഷ്പൻ ഇപ്പോഴും കിടക്കയിൽ തന്നെയാണു്. മന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന പേരിൽ റജിസ്റ്റർ ചെയ്ത കേസ് പിന്നീടു് അധികാരത്തിൽ വന്ന ഇടതു സർക്കാർ റദ്ദാക്കി. ആ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് പത്മനാഭൻ നായർ കമ്മിഷന്റെ കണ്ടെത്തലുകൾ അനുസരിച്ചു പുതിയ കേസ് റജിസ്റ്റർ ചെയ്തു. എം വി രാഘവൻ, എസ് പി രവത ചന്ദ്രശേഖർ, ഡപ്യൂട്ടി കലക്ടർ ടി ടി ആന്റണി, ഡി വൈ എസ് പി ഹക്കീം ബത്തേരി എന്നിവരെ പ്രതികളാക്കി പുതിയ എഫ് ഐ ആർ വന്നു. പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചു് സുപ്രീംകോടതി ഈ കേസ് നടപടികൾ സ്റ്റേ ചെയ്തു. റിപ്പർ ചന്ദ്രനെ പിടിച്ചതുൾപ്പെടെയുള്ള കേസുകളിലൂടെ ശ്രദ്ധേയനായിരുന്ന ഹക്കീം ബത്തേരി സസ്പെൻഷനിലായി. സസ്പെൻഷൻ കാലത്തു തന്നെ സർവീസിൽ നിന്നു വിരമിച്ചു. ഹക്കീം ബത്തേരിക്കെതിരായ നടപടി പിന്നീടു ഹൈക്കോടതി റദ്ദാക്കി. അതിനു് ഒരുവർഷത്തിനു ശേഷം ബത്തേരി മരിക്കുകയും ചെയ്തു.

കൂത്തുപറമ്പു് കേസ് ഓർമിപ്പിക്കുന്നതു് പ്രതിഷേധത്തിന്റെയും പൊലീസ് നടപടികളുടേയും അതിർത്തികളെക്കുറിച്ചാണു്. മുൻകൂട്ടി പ്രഖ്യാപിച്ച ഉദ്ഘാടനവും മുൻകൂട്ടി നിശ്ചയിച്ച പ്രതിഷേധവുമാണു് കൂത്തുപറമ്പിൽ നടന്നതു്. ഇതിനനുസരിച്ചു് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഉണ്ടായ വീഴ്ചയാണു് ഒന്നാമത്തെ കുറ്റപത്രം. വൈകാരികമായ പ്രതികരണം ഉണ്ടാകും എന്നുറപ്പുള്ള ഒരു വേദിയിലേക്കു് സാഹസികമായി കടന്നു ചെല്ലേണ്ടതുണ്ടോ എന്നകാര്യത്തിൽ സമചിത്തതയോടെ തീരുമാനം എടുക്കാൻ രാഷ്ട്രീയ നേതൃത്വത്തെയും ആ കുറ്റപത്രം പ്രേരിപ്പിക്കുന്നുണ്ടു്.

കൂത്തുപറമ്പു് സംഭവം ഒരർത്ഥത്തിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടർച്ച കൂടിയായിരുന്നു. എതിരാളികളെ കൊന്നൊടുക്കുന്നതു തെറ്റല്ല എന്ന ബോധത്തിൽ നിന്നുയർന്ന സംഭവം. നൂറിനും ഇരുനൂറിനും ഇടയിൽ രക്തസാക്ഷികളും ബലിദാനികളുമാണു് കഴിഞ്ഞ 30 വർഷത്തിനിടെ കണ്ണൂരിൽ ഉണ്ടായതു്. വീട്ടിൽ ഉറങ്ങിക്കിടന്ന എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്തു് അംഗവുമായ കെ വി സുധീഷി നെ രക്ഷിതാക്കളുടെ മുന്നിലിട്ടു വെട്ടിക്കൊന്നതും സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന യുവമോർച്ചാ നേതാവു് കെ ടി ജയകൃഷ്ണനെ കുട്ടികളുടെ സാന്നിധ്യത്തിൽ വെട്ടിക്കൊന്നതും പി ജയരാജൻ എന്ന നേതാവിനെ വെട്ടിയതുമെല്ലാം ഉയർന്ന തലത്തിൽ എത്തിയ ആക്രമണങ്ങൾ ആയിരുന്നെങ്കിൽ നൂറുകണക്കിനു പ്രാദേശിക പ്രവർത്തകർ കൊല്ലപ്പെട്ടതിനു കൃത്യമായ കണക്കില്ല. ഇപ്പോഴും കണ്ണൂരിൽ തുടരുന്നതു് ആ പ്രത്യയശാസ്ത്ര ബഹുമാനമില്ലാത്ത രാഷ്ട്രീയനീക്കങ്ങളുടെ അനന്തരഫലങ്ങളാണു്. അത്തരമൊരു മാനസികാവസ്ഥയിൽ നിന്നാണു് വെല്ലുവിളികളും അങ്കപ്രഖ്യാപനങ്ങളും ഉണ്ടാകുന്നതും.

ഇന്നും ചാരക്കേസ് എന്നാണു വിളിപ്പേരു്. എന്നാൽ ചാരപ്രവർത്തനം നടന്നിട്ടില്ലെന്നും രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ലെന്നുമുള്ള കോടതിവിധികളാണു് പ്രാബല്യത്തിലുള്ളതു്. കോടതികളിൽ മറിച്ചു തെളിയിക്കാൻ പ്രഗത്ഭരായ കുറ്റാന്വേഷകർ എന്നു പേരുകേട്ട സിബി മാത്യുവിനോ ആർ ബി ശ്രീകുമാറി നോ കേസ് റജിസ്റ്റർ ചെയ്ത സർക്കിൾ ഇൻസ്പെക്ടർ എസ് വിജയനോ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ഇവർ കെട്ടിച്ചമച്ച കേസ് ആണു് എന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. നമ്പിനാരായണനു് വലിയ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും സംസ്ഥാന സർക്കാർ കൈമാറുകയും ഉണ്ടായി.
പിന്നെ ശേഷിക്കുന്നതു് അന്നു മാധ്യമങ്ങളിൽ വന്ന ഹരംകൊള്ളിക്കുന്ന കഥകളും ചാരക്കേസ് നിലപാടിൽ ഉറച്ചു നിന്നു് സിബി മാത്യൂസും ആർ ബി ശ്രീകുമാറുമെല്ലാം ഇടയ്ക്കൊക്കെ നടത്തുന്ന വെളിപ്പെടുത്തലുകളുമാണു്. കേരളത്തെ മുൾമുനയിൽ നിർത്തിയ ഒരു കേസിൽ പ്രതി എന്നു് ആരോപിക്കപ്പെട്ട നമ്പി നാരായണ നു് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണം എന്ന വിധിവരെ വരാൻ ഉണ്ടായ സാഹചര്യം അപ്പോൾ എന്തായിരിക്കണം?
കേസ് നടപടികൾ ആരംഭിക്കുന്നതു് 1994 നവംബറിലാണു്—ഐ എസ് ആർ ഒ-യിൽ നിന്നു ക്രയോജനിക് സാങ്കേതിക വിദ്യയുടെ ഗവേഷണ ഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ചു് തിരുവനന്തപുരത്തു് സർക്കിൾ ഇൻസ്പെക്ടർ എസ് വിജയൻ റജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ഈ കേസിൽ പ്രതി ചേർത്തിരുന്നു. നമ്പി നാരായണനൊപ്പം എസ് ശശികുമാറും കൂട്ടുപ്രതി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളുടെ അറസ്റ്റാണു് കേസ് നമ്പി നാരായണനിലേക്കു് എത്തിച്ചതു്. പൊലീസ് നടത്തിയ പതിവു പരിശോധനയ്ക്കിടെ വിസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. ഇതോടെ അന്വേഷണം ബംഗളൂരുവിൽ ഉണ്ടായിരുന്ന ഫൗസിയ ഹസനിലേക്കു് എത്തി. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ടു്. ഇതാണു് കേസിന്റെ പ്രാഥമിക രൂപം.
ഫൗസിയയും മറിയം റഷീദയും പാക് ചാരസംഘടനയായ ഐ എസിന്റെ ഇന്ത്യയിലെ ഏജന്റുമാരാണെന്ന സൂചനകൾ ഇതിനിടെ പുറത്തുവന്നു. കറാച്ചിയിലെ ചിലരുമായി ഫൗസിയ നടത്തിയ ആശയ വിനിമയങ്ങളുടേയും പണമിടപാടിന്റെയും വിവരങ്ങളായിരുന്നു ഇതു്. ഇതോടെ ഐ എസ് ആർ ഒ-യിൽ നിന്നു നമ്പിനാരായണനേയും ശശികുമാറിനേയും ഉപയോഗിച്ചു് രഹസ്യങ്ങൾ ചോർത്താനാണു ശ്രമമെന്നായിരുന്നു വാർത്ത. രമൺ ശ്രീവാസ്തവ ശശികുമാറിനും നമ്പിനാരായണനും അനുകൂലമായി നിലപാടു് എടുത്തുവെന്ന പേരിൽ കേസിൽ കുറ്റാരോപിതനായി. ഈ രമൺ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന വിധത്തിൽ നിയമസഭയിൽ നടത്തിയ പ്രഖ്യാപനമാണു് കെ കരുണാകരനു തിരിച്ചടിയായതു്. മുഖ്യമന്ത്രി ചെയ്തതു ക്രമവിരുദ്ധമാണെന്ന ഹൈക്കോടതി പരാമർശം വന്നതോടെ കരുണാകരനു് രാജിവയ്ക്കേണ്ടിയും വന്നു.

എസ് വിജയൻ റജിസ്റ്റർ ചെയ്ത കേസ് പിന്നീടു് ഏറ്റെടുത്തതു് ഇന്റലിജൻസ് ബ്യൂറോ ഐ ജി ആയിരുന്ന സിബി മാത്യൂസ് ആയിരുന്നു. ആർ ബി ശ്രീകുമാർ, മാത്യു ജോൺ എന്നീ ഡയറക്ടർമാരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. രാജ്യത്തിനു ഹിതകരമല്ലാത്ത നിലയിൽ ശാസ്ത്രജ്ഞർ പ്രവർത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിക്കാൻ ശ്രമിച്ചിരുന്ന കാലമായിരുന്നു അതു്. റഷ്യയിൽ നിന്നു് അതു വാങ്ങുന്നതിനെ അമേരിക്ക വിലക്കി. റോക്കറ്റുകൾ നൽകാം എന്നും സാങ്കേതിക വിദ്യ കൈമാറേണ്ടതില്ല എന്നുമായിരുന്നു നിലപാടു്. എന്നാൽ റഷ്യ അനൗദ്യോഗികമായി ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യക്കു കൈമാറിയെന്നാണു് ഇനിയും സ്ഥിരീകരിക്കാത്ത വിവരം. ഈ സാങ്കേതിക വിദ്യ ശശികുമാറും നമ്പിനാരായണനുമാണു് ഏറ്റു വാങ്ങിയതെന്നുമാണു് കേസിന്റെ കാലത്തു് ഉയർന്നു വന്ന വാദം. ഇതു കൈക്കലാക്കുന്നതിനായി പാകിസ്ഥാൻ രണ്ടുചാരവനിതകളെ ഉപയോഗിക്കുകയായിരുന്നെന്നും വാർത്തകളിൽ നിറഞ്ഞു. ഹൈക്കോടതി ഈ കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

സർക്കാർ രണ്ടാമതും കേസ് റജിസ്റ്റർ ചെയ്യുകയും നമ്പിനാരായണൻ, എസ് ശശികുമാർ, റഷ്യൻ സ്പേസ് ഏജൻസിയുടെ ഇന്ത്യയിലെ ഇടനിലക്കാരൻ കെ ചന്ദ്രശേഖരൻ, കരാറുകാരനായ എസ് കെ ശർമ്മ, രമൺ ശ്രീവാസ്തവ എന്നിവരെ പ്രതികളാക്കുകയും ചെയ്തു. സുപ്രീംകോടതി ഈ നടപടികളും തള്ളി. പിന്നീടു് നഷ്ടപരിഹാരം ആവശ്യപ്പെട്ടു നമ്പിനാരായണൻ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. കസ്റ്റഡിയിൽ പൊലീസ് നഗ്നനാക്കി നിർത്തിയെന്നും മർദ്ദിച്ചെന്നുമുള്ള പരാതികളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. ഒടുവിൽകുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും അവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടു നമ്പിനാരായണൻ വീണ്ടും കോടതിയെ സമീപിച്ചു. അതിന്റെ നടപടികളിൽ എതിർവാദങ്ങളുമായി സിബി മാത്യൂസും ശ്രീകുമാറും ഇപ്പോഴും മാധ്യമങ്ങളിൽ നിറയുന്നു.

കെ കരുണാകരന്റെ രാജിയായിരുന്നു ഐ എസ് ആർ ഒ ചാരക്കേസിന്റെ രാഷ്ട്രീയവശം. പ്രധാനമന്ത്രി നരസിംഹറാവു കരുണാകരനെ കുടുക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണു കേസ് എന്നു മകൻ കെ മുരളീധരൻ ആരോപിക്കുന്നതിലേക്കു വരെ ഇതിന്റെ രാഷ്ട്രീയം നീണ്ടു. ഐ എസ് ആർ ഒ കേസ് ഉയർന്നപ്പോൾ കരുണാകരന്റെ രാജി ആവശ്യപ്പെട്ടു മുൻനിരയിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻ ചാണ്ടി. കരുണാകരൻ രാജിവയ്ക്കുകയും ആന്റണി പിന്നീടു മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇപ്പോഴും വിവാദമായി നിലനിൽക്കുന്ന മറ്റൊന്നു് അന്നത്തെ മാധ്യമ റിപ്പോർട്ടിങ്ങാണു്. മാലിയിൽ നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള അപസർപ്പക സമാനമായ കഥകളായിരുന്നു ദിവസവും പത്രങ്ങളുടെ ഒന്നാം പേജിൽ. ചാരവൃത്തി നടന്നിട്ടില്ലെന്നു വ്യക്തമായ സ്ഥിതിക്കു് അന്നു റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ മാപ്പു പറയേണ്ടതുണ്ടോ എന്ന വലിയ ചോദ്യവും ഇതിനിടെ ഉയർന്നുവന്നു. എന്നാൽ അന്നു് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ കേസിനെ ന്യായീകരിച്ചു് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലും അന്തിമവിധി അസാധ്യമാണു്. വിവാദം തുടങ്ങി രണ്ടു പതിറ്റാണ്ടിനുശേഷവും ആ റോക്കറ്റ് കുതിച്ചുയർന്നതിന്റെ പുകപടലം അടങ്ങുന്നില്ല. ചാരപ്രവൃത്തി നടന്നില്ലെങ്കിൽ എന്തിനായിരുന്നു അറസ്റ്റ് എന്ന ചോദ്യത്തിനും ഉത്തരമില്ല. കോൺഗ്രസിലെ ഐ വിഭാഗം ആരോപിക്കുന്നതുപോലെ കരുണാകരനെ കുടുക്കാനുള്ള ഗൂഢാലോചനയുടെ തിരക്കഥയായി മാത്രം അന്നത്തെ കേസ് ഡയറി കാണാനും കഴിയില്ല. കാരണം അതിൽ പലതലങ്ങളിലുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. തെളിവുകൾ ഉണ്ടായിരുന്നുമില്ല.
എസ് എൻ സി ലാവ്ലിൻ കേസിൽ ഒറ്റക്കാര്യത്തിൽ എല്ലാ അന്വേഷണ ഏജൻസികൾക്കും തീർപ്പുണ്ടായിരുന്നു—സംസ്ഥാനത്തിനും വൈദ്യുതി ബോർഡിനും നഷ്ടം സംഭവിച്ചിട്ടുണ്ടു്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലും വിജിലൻസ് റിപ്പോർട്ടിലും സി ബി ഐ റിപ്പോർട്ടിലും ഈ നഷ്ടം എടുത്തുപറഞ്ഞിരുന്നു. പക്ഷേ, പ്രതിസ്ഥാനത്തു് ആരൊക്കെയെന്ന വിവാദമാണു് കേസിനെ രണ്ടരപതിറ്റാണ്ടു സജീവമായി നിലനിർത്തിയതു്. അന്തിമ കരാർ ഒപ്പുവയ്ക്കുമ്പോൾ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ പേരാണു് ഏറ്റവും കൂടുതൽ വിവാദങ്ങളിൽ നിറഞ്ഞതു്. ആദ്യകരാർ ഒപ്പിട്ട ജി കാർത്തികേയ ന്റെ പേരും പല ഘട്ടങ്ങളിലും ഉയർന്നുവന്നു.

വൈദ്യുതിബോർഡിന്റെ പദ്ധതികൾ പരിശോധിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗുരുതരമായ ആരോപണങ്ങളുമായാണു് റിപ്പോർട്ട് സമർപ്പിച്ചതു്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നീ ജലവൈദ്യുതി പദ്ധതികൾ പുതുക്കി പണിയുന്നതിനു് 374.5 കോടി രൂപ ചെലവഴിച്ചിട്ടും ഗുണകരമായില്ല എന്നായിരുന്നു പ്രധാന ആരോപണം. എസ് എൻ സി ലാവ്ലിൻ എന്ന കനേഡിയൻ കമ്പനിയുമായാണു് കരാർ ഏർപ്പെട്ടതു്. യു ഡി എഫ് സർക്കാർ ഭരിക്കുമ്പോൾ സി വി പത്മരാജനാ ണു് കനേഡിയൻ കമ്പനിയുമായി ചർച്ചകൾ ആരംഭിച്ചതു്. പിന്നീടു് ജി കാർത്തികേയൻ വൈദ്യുതിമന്ത്രിയായപ്പോൾ ആദ്യ കരാർ ഒപ്പിട്ടു. ലാവ്ലിൻ കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചു് പദ്ധതി നടപ്പാക്കാനുള്ള കരാർ ആയിരുന്നു ഇതു്. ഈ കരാർ ഒപ്പിട്ടശേഷമായിരുന്നു പദ്ധതിയെക്കുറിച്ചുള്ള സാധ്യതാ പഠനം നടത്തിയതു്. ഈ പഠനം നടത്തിയ ചീഫ് എൻജിനിയർ പിന്നീടു് ലാവലിൻ കമ്പനിയുടെ കൺസൾട്ടന്റായി എന്ന ആരോപണവും ഉയർന്നു. ഇതും സി എ ജി റിപ്പോർട്ടിൽ തന്നെയാണു് ആദ്യമായി രേഖപ്പെടുത്തിയതു്.

ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ വൈദ്യുതി മന്ത്രി പിണറായി വിജയന്റെ മുന്നിൽ പദ്ധതിയെത്തി. പിണറായി വിജയൻ കാനഡ സന്ദർശിക്കുകയും തിരികെയെത്തിയ ശേഷം അന്തിമ കരാർ 1997-ൽ ഒപ്പിടുകയും ചെയ്തു. ലാവ്ലിൻ കമ്പനിയുമായി 239.81 കോടി രൂപയുടെ കരാർ ആണു് ഒപ്പിട്ടതു്. ഈ കരാർ അനുസരിച്ചു് മലബാർ ക്യാൻസർ സെന്ററിനായി 98.3 കോടി രൂപ ലാവ്ലിൻ കമ്പനി ചെലവഴിക്കേണ്ടതു് ഉണ്ടായിരുന്നു. എന്നാൽ മലബാർ ക്യാൻസർ സെന്ററിനായി 8.98 കോടി രൂപ മാത്രമാണു് കമ്പനി നൽകിയതു്. അതിൽ വന്ന നഷ്ടം മാത്രം 89.32 കോടി രൂപ.
ഇതിനെല്ലാം പുറമെ പുനരുദ്ധരിക്കുന്നതിനു് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും സി എ ജി റിപ്പോർട്ടിൽ എഴുതി. ഈ പദ്ധതികളുടെ ശേഷി കൂട്ടുകയാണു വേണ്ടതെന്നും മാറ്റി നിർമിക്കേണ്ടതില്ലെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ 1940-നും 1960-നും ഇടയിൽ നിർമിച്ച ഇവ പുതുക്കി പണിയുകയാണു വേണ്ടതെന്ന നിലപാടാണു് കെ എസ് ഇ ബി സ്വീകരിച്ചതു്. ഇന്ത്യയിൽ ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ നിർമാണ ചെലവു് ഒരു കോടി രൂപ മാത്രമായിരിക്കെ 20 കോടിയിലേറെ രൂപയ്ക്കാണു് ലാവ്ലിനുമായി കരാർ ഏർപ്പെട്ടെതെന്നും നിയമസഭയിൽ ആരോപണം ഉയർന്നു. ഇതോടെ എ കെ ആന്റണി മന്ത്രിസഭ വിജിലൻസ് അന്വേഷണത്തിനു് ഉത്തരവിട്ടു. സംസ്ഥാനത്തിനു കനത്ത നഷ്ടം വന്നുവെന്നായിരുന്നു റിപ്പോർട്ട്. പക്ഷേ, മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഈ കേസിൽ പ്രതികൾ ആയിരുന്നില്ല.
കരാർ ഒപ്പിട്ടു 10 വർഷത്തിനു ശേഷമാണു് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതു്. 2007-ൽ ആരംഭിച്ച അന്വേഷണത്തെ തുടർന്നു് സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. കുറ്റാരോപിതരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തു് പിണറായി വിജയൻ ഉണ്ടായിരുന്നു. ഇതു കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിവച്ചു. സി പി ഐ എം വിഭാഗീയതയുടെ ഭാഗമായിക്കൂടി കേസ് ഉപയോഗിക്കപ്പെട്ടു. വി എസ് അച്യുതാനന്ദൻ ഒരുവശത്തു നിന്നു നിയമനടപടികൾ ആവശ്യപ്പെട്ടു. പലപ്പോഴും പരസ്യമായി തന്നെ നിലപാടു പ്രഖ്യാപിച്ചു. പാർട്ടി വേദികളിൽ വി എസ് നടത്തിയതെന്ന പേരിൽ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നു. അതൊന്നും വി എസ് നിഷേധിച്ചതുമില്ല.
നിയമനടപടികളിലെ നിർണായക വഴിത്തിരിവു് ഹൈക്കോടതിയിൽ നിന്നുണ്ടായി. കുറ്റപത്രം വിഭജിക്കാനും പിണറായി വിജയൻ ഉൾപ്പെടെയുള്ള വ്യക്തികൾക്കു് എതിരായ കേസ് പ്രത്യേകം പരിഗണിക്കാനും ഹൈക്കോടതി അനുമതി നൽകി. വ്യക്തികൾക്കെതിരായ കേസ് പ്രത്യേകം പരിഗണിച്ച സി ബി ഐ കോടതി പിണറായി വിജയൻ ഉൾപ്പെടെ ആറുപെരെ കുറ്റവിമുക്തരാക്കി. ഇവർ ഏതെങ്കിലും തരത്തിൽ ക്രമക്കേടു നടത്തിയിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. സി ബി ഐ ആദ്യഘട്ടത്തിൽ ഇതിനെതിരേ അപ്പീൽ നൽകിയില്ല. എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു ഹൈക്കോടതിയിൽ അപ്പീൽ നൽകിയതു്. അപ്പീൽ നൽകേണ്ട കാലാവധി അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നടപടി. ഇതു ഹൈക്കോടതി പിന്നീടു പരിഗണിക്കുന്നതിനായി മാറ്റി. ഒടുവിൽ ഹൈക്കോടതിയും അപ്പീൽ തള്ളി. പിന്നെ സുപ്രീം കോടതിയിൽ വീണ്ടും കേസ് എത്തി.
ഈ കേസുമായി ബന്ധപ്പെട്ടു് ഒട്ടേറെ വിവാദങ്ങൾ പലഘട്ടങ്ങളിലും ഉയർന്നുവന്നു. തിരക്കിട്ടു കരാർ ഒപ്പിട്ടപ്പോൾ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല എന്നതായിരുന്നു പ്രധാന ആരോപണം. സി എ ജി റിപ്പോർട്ടിലെ ചില ഗുരുതരമായ കണ്ടെത്തലുകൾക്കു് ഇനിയും വിശദീകരണം ലഭിച്ചിട്ടുമില്ല. പള്ളിവാസൽ പദ്ധതിയുടെ പ്രവർത്തന സൂചിക 1981-ൽ ഉണ്ടായിരുന്ന 4.867-ൽ നിന്നു് 5.466 ആയി 1996-ൽ ഉയർത്തുക എന്ന ലക്ഷ്യത്തിലാണു് ആദ്യകരാർ ഒപ്പിട്ടതു്. എന്നാൽ 2003–04 വരെയുള്ള കാലത്തെ കണക്കുകളിൽ സൂചിക 4.588 മാത്രമാണു്. പുതുക്കിപ്പണിതിട്ടും ശേഷി കുറയുകയാണു് ചെയ്തതു്. ചെങ്കുളം പന്നിയാർ സ്റ്റേഷനുകളുടെ ശേഷി വർദ്ധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാടു്. എന്നാൽ അതിനുപകരം നിലവിലെ സ്റ്റേഷൻ പുതുക്കിപണിയാനാണു് വൈദ്യുതി ബോർഡും സർക്കാരും തീരുമാനിച്ചതു്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം എന്ന ചട്ടം പാലിച്ചതുമില്ല.
ആഗോള ടെൻഡർ വിളിക്കാതെയാണു് കരാർ ഒപ്പിട്ടതു്. ഒപ്പിട്ടു് എട്ടുമാസത്തിനു ശേഷമാണു് നിരക്കിനെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചതു്. 1997-ൽ കരാർ ഒപ്പിടുന്നതിനു മുൻപു നിരക്കിന്റെ സാധുത പഠിക്കാൻ ഒരു ശ്രമവും നടന്നിട്ടില്ല. 1996-ൽ കാനഡ സന്ദർശിച്ച മന്ത്രിതല പ്രതിനിധിസംഘം എസ് എൻ സി ലാവ്ലിൻ കമ്പനി കൺസൾട്ടന്റ് മാത്രമാണെന്നും നിർമാതാക്കളല്ല എന്നുമുള്ള കാര്യം പരിഗണിച്ചില്ല. ഇത്തരം വീഴ്ചകളുടെ ഉത്തരവാദികൾ ആരെന്ന കാര്യത്തിലാണു് രാഷ്ട്രീയ കേരളത്തിൽ ഇന്നും വിവാദങ്ങൾ ഉണ്ടാകുന്നതു്—വ്യവഹാരങ്ങൾ നടക്കുന്നതും.
ഗ്രാമത്തിന്റെ പേരിൽ വിളിക്കപ്പെടുന്ന ആ പെൺകുട്ടി ഒരു കുറ്റാരോപിതയല്ല. വാദിയും ഇരയുമാണു്. പക്ഷേ, ഒളിച്ചും പതുങ്ങിയും നടക്കേണ്ടി വരുന്നതു് ഇവിടെ വാദിക്കാണു്. അവൾ ദിവസവുമെന്നതുപോലെ അപമാനിക്കപ്പെടുന്നു. സൂര്യനെല്ലിയിലെ ഒരു പെൺകുട്ടിയുടെ മാത്രം കഥയല്ല ഇതു്. വിതുരയിലും കിളിരൂരും കവിയൂരും എല്ലാം ഇരകളാണു് അപമാനിതരായി തലകുനിച്ചതും ചിലർ ജീവനൊടുക്കിയതും മറ്റു ചിലരുടെ ജീവൻ എടുത്തതും.
സൂര്യനെല്ലിയിലെ പെൺകുട്ടി എന്ന വിശേഷിപ്പിക്കപ്പെട്ട ആ സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരന്തജീവിതം ആരംഭിക്കുന്നതു് 1996 ജനുവരി 16-നു് ആണു്. എല്ലാ തിങ്കളാഴ്ചയും പിതാവിനൊപ്പം സൂര്യനെല്ലിയിലെ വീട്ടിൽ നിന്നു് മൂന്നാറിലെ ലിറ്റിൽ ഫ്ളവർ ബോർഡിങ് സ്കൂളിലേക്കു് രാവിലെ വന്നിരുന്നതാണു പെൺകുട്ടി. പിതാവു് തപാൽ വകുപ്പിൽ ജീവനക്കാരൻ. പെൺകുട്ടി ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി. അന്നു വൈകിട്ടു് ബോർഡിങ്ങിൽ നിന്നു് വീട്ടിലേക്കു ഫോൺ വന്നു. കുട്ടി എത്തിയിട്ടില്ല എന്നു് അറിയിച്ചായിരുന്നു ഫോൺ. അന്നു തന്നെ പരിഭ്രാന്തനായി മൂന്നാറിൽ എത്തിയ പിതാവു് പൊലീസിൽ പരാതി നൽകി. ഒരു സ്വകാര്യ ബസ്സിലെ ക്ളീനർ രാജുവിനു് പെൺകുട്ടിയുമായി അടുപ്പമുണ്ടു് എന്നു ചിലർ നൽകിയ സൂചനയും പരാതിക്കൊപ്പം എഴുതി നൽകി.
പൊലീസ് പതിവുപോലെ അന്വേഷിച്ചതല്ലാതെ ഒന്നും കണ്ടെത്തിയില്ല. ഒരുമാസത്തിനു ശേഷം ഫെബ്രുവരി 16-നു് രാജു സ്റ്റേഷനിൽ ഹാജരായെങ്കിലും ഒന്നും അറിയില്ലെന്നാണു മൊഴി നൽകിയതു്. പിതാവു് ആധിപിടിച്ചു നടക്കുന്നതിനിടെ ഫെബ്രുവരി 26-നു്, കാണാതായതിന്റെ നാൽപതാം ദിവസം, പെൺകുട്ടിയെ ആരോ പിതാവു ജോലി ചെയ്യുന്ന തപാൽ ഓഫിസിനു മുൻപിൽ ഇറക്കിവിട്ടു. കാണാതായ പെൺകുട്ടി ആയിരുന്നില്ല മടങ്ങിവന്നിരുന്നതു്. ശരീരമാകെ വ്രണം നിറഞ്ഞും കടുത്ത രോഗങ്ങളിൽ വലഞ്ഞുമാണു് ആ പെൺകുട്ടി എത്തിയതു്. ആ പെൺകുട്ടി പറഞ്ഞ 40 ദിവസത്തെ കഥകളാണു് പിന്നീടു് സൂര്യനെല്ലി പീഡന കേസ് എന്നു് അറിയപ്പെട്ടതു്.
കേസ് ഡയറിയിൽ നിന്നു്: ജനുവരി 16-നു് മൂന്നാറിൽ എത്തിയ പെൺകുട്ടിയെ രാജു സമീപിക്കുന്നു. മാസങ്ങളായി പിറകെ നടന്നിരുന്ന രാജുവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കൂടെ ചെല്ലാൻ നിർബന്ധിക്കുന്നു. വിസമ്മതിച്ചപ്പോൾ ഫോട്ടോയിൽ കൃത്രിമം കാണിച്ചു് തപാൽ ഓഫിസിന്റെ ഭിത്തിയിൽ പതിക്കും എന്നു ഭീഷണിപ്പെടുത്തുന്നു. പെൺകുട്ടി രാജുവിനൊപ്പം കോതമംഗലത്തിനുള്ള ബസ്സിൽ കയറുന്നു. രാജു മറ്റൊരു സീറ്റിൽ ആയിരുന്നു. കോതമംഗലത്തു് എത്തിയപ്പോൾ രാജുവിനെ കാണാതായി. മൂന്നാർ മുതൽ പെൺകുട്ടിയുടെ ഒപ്പമിരുന്നു യാത്ര ചെയ്ത ഉഷ ഇടപെടുന്നു. സഹായിക്കാമെന്നും വീട്ടിൽ എത്തിക്കാമെന്നും അറിയിച്ചു് കൂടെ കൂട്ടുന്നു. കൊണ്ടുപോയതു് കോട്ടയത്തിനു്. അവിടെ അഡ്വ. ധർമ്മരാജനു് പെൺകുട്ടിയെ കൈമാറുന്നു. അന്നു കോട്ടയത്തുള്ള ലോഡ്ജിൽ വച്ചു് ധർമ്മരാജൻ ആദ്യമായി ബലാൽസംഗം ചെയ്യുന്നു. ചെറുത്തുനിന്ന പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നു. പിറ്റേന്നു മുതൽ പല സ്ഥലങ്ങളിൽ യാത്ര. ഓരോ സ്ഥലത്തും നിരവധി പേർ ബലാൽസംഗം ചെയ്യുന്നു. മദ്യം കൊടുത്തും മയക്കുമരുന്നു കൊടുത്തുമായിരുന്നു പീഡനങ്ങളിൽ ഏറെയും. ഒടുവിൽ അവശയായ പെൺകുട്ടിയെ നാൽപതാം ദിവസം മൂന്നാറിൽ തിരികെ ഇറക്കി വിടുകയായിരുന്നു.
കേരളത്തിൽ പലയിടത്തും നടന്ന സ്ത്രീപീഡനങ്ങളിൽ നിന്നു് ഈ കേസ് വ്യത്യസ്തമായതു് പെൺകുട്ടിയുടെ പിതാവു കാണിച്ച അസാമാന്യ ധീരതയിലൂടെയായിരുന്നു. അപമാനിക്കപ്പെടും എന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കേസ് നടപടികളുമായി മുന്നോട്ടുപോയി. സന്നദ്ധസംഘടനകൾ ഒപ്പം നിന്നു. ഒടുവിൽ പൊലീസിനും കേസ് അന്വേഷണം ഊർജ്ജിതമാക്കേണ്ടി വന്നു. ആദ്യം രാജുവും ഉഷയും പിടിയിലായി. ഒളിവിലായിരുന്ന ധർമ്മരാജനെ കർണാടകയിലെ ഒരു ഉൾപ്രദേശത്തു നിന്നു പിടികൂടി. പിന്നീടു പെൺകുട്ടിയെ പലഘട്ടങ്ങളിലായി ബലാൽസംഗം ചെയ്തവരുടെ പേരുകൾ പുറത്തുവന്നു. തെളിവെടുപ്പുകളിൽ ഓരോരുത്തരെ ആയി പെൺകുട്ടി തിരിച്ചറിഞ്ഞു. ഇവരിൽ പലരും ശിക്ഷിക്കപ്പെട്ടു. കോട്ടയം കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ആദ്യം ഹൈക്കോടതി അഞ്ചുവർഷമായി കുറച്ചു. പിന്നീടു് നൽകിയ അപ്പീലിൽ ജീവപര്യന്തം ശിക്ഷ പുനഃസ്ഥാപിച്ചു.

കേസ് രാഷ്ട്രീയമായി ശ്രദ്ധനേടിയതു് പി ജെ കുര്യൻ എന്ന പേരു് പെൺകുട്ടി പറഞ്ഞതിലൂടെയാണു്. വിചാരണക്കാലത്തു പത്രത്തിൽ അച്ചടിച്ചുവന്ന ചിത്രം കണ്ടാണു് കുര്യന്റെ പേരു പറയുന്നതു്. നീണ്ട വിവാദങ്ങൾക്കൊടുവിൽ നിയമനടപടികൾ ആരംഭിച്ചു. കുര്യനെതിരേ കേസെടുക്കാൻ പ്രാഥമിക തെളിവുണ്ടെന്നു തൊടുപുഴയിലെ വിചാരണക്കോടതി കണ്ടെത്തി. എന്നാൽ ഹൈക്കോടതി ഇതു റദ്ദാക്കി. പെൺകുട്ടി പറഞ്ഞദിവസം കുര്യൻ തനിക്കൊപ്പം ചങ്ങനാശ്ശേരിയിലെ എൻ എസ് എസ് ആസ്ഥാനത്തു് ഉണ്ടായിരുന്നുവെന്നു പിന്നീടു് ജനറൽ സെക്രട്ടറിയായ സുകുമാരൻ നായർ മൊഴി നൽകി.
കേസിന്റെ ആദ്യഘട്ടത്തിൽ വിധി പറഞ്ഞ ജസ്റ്റിസ് ബസന്ത് സ്വകാര്യ സംഭാഷണത്തിനിടയിൽ പെൺകുട്ടിയെ കുറിച്ചു നടത്തിയ പരാമർശങ്ങൾ പിന്നീടു വിവാദമായി. പെൺകുട്ടിക്കു് ഓടി രക്ഷപെടാമായിരുന്നില്ലേ എന്ന കോടതി പരാമർശം കടുത്ത സാമൂഹിക വിമർശനത്തിനും ഇടയാക്കി. സൂര്യനെല്ലിയിലെ പെൺകുട്ടി ഒറ്റപ്പെട്ട സംഭവമല്ല എന്ന തിരിച്ചറിവാണു പിന്നീടുള്ള കാലത്തു കേരളത്തിൽ ഉണ്ടായതു്. വിതുരയിലും കിളിരൂരും കവിയൂരുമെല്ലാം പെൺകുട്ടികളെ സമാനമായ വിധത്തിൽ സമാനമായ സാഹചര്യങ്ങളിൽ മാഫിയകൾ വലയിലാക്കുകയായിരുന്നു. ഇതിലെല്ലാം പണവും പ്രശസ്തിയും ഉള്ള നിരവധി ആളുകളും ആരോപണവിധേയരായി. പക്ഷേ, ഒന്നിലും ഉന്നത നിലയിലുള്ള ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
കൊച്ചിയുടെ കായൽപ്പരപ്പിലൂടെ സഞ്ചരിക്കുന്ന അനേകം പായ്ക്കപ്പലുകളിൽ ഒന്നുമാത്രമായിരുന്നു ഗലാത്തി. എന്നാൽ 1995 ഡിസംബർ 28 മുതൽ അതു് വലിയൊരു ദുരൂഹതയുടെ പേരായി. കോസ്റ്റ്ഗാർഡിന്റെ തരംഗിണി എന്ന കപ്പൽ ഗലാത്തിയെ വളയുകയും അതിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു ഫ്രഞ്ച് സ്വദേശികളേയും ഒരു മഡഗാസ്കർ സ്വദേശിയേയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ ശ്രമം നടന്നുവെന്നു കാണിച്ചു കോസ്റ്റ് ഗാർഡ് നൽകിയ വിവരം അനുസരിച്ചു കൊച്ചി സിറ്റി പൊലീസ് കേസും എടുത്തു.

ആ കേസിൽ നാലു പ്രതികളാണു് ഉണ്ടായിരുന്നതു്. ഫ്രഞ്ചുകാരായ ഫ്രാങ്കോ ക്ളാവൽ, എലേല ഫിലിപ്, ഗോവക്കാരനായ ക്യാപ്റ്റൻ എഫ് എം ഫുർഡെ എന്നിവർക്കു പുറമെ നാലാമത്തെ പ്രതിയാണു് കേസിനു് രാഷ്ട്രീയ മാനം കൊണ്ടുവന്നതു്. കോൺഗ്രസ് നേതാവും എം പിയുമായിരുന്നു കെ വി തോമസ് ആയിരുന്നു നാലാം പ്രതി. ഫ്രഞ്ചുകാരായ രണ്ടുപേരും കോടതിയിൽ നൽകിയ ഒരു മൊഴിയാണു് കെ വി തോമസിനെ പ്രതിസ്ഥാനത്തു് എത്തിച്ചതു്. സർവേ നടത്തുന്നതിനു മുൻപു കെ വി തോമസിനെ കണ്ടിരുന്നെന്നും അനുമതി വാങ്ങിയിരുന്നെന്നുമായിരുന്നു മൊഴി. ഇതോടെ കെ വി തോമസ് കേസിൽ നാലാം പ്രതിയായി. കെ വി തോമസിനെ ലോക്കൽ ഗാർഡിയൻ ആയി കാണിച്ചാണു് ഫ്രഞ്ചുകാർ കൊച്ചിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതു് എന്നും കോടതിയിൽ വ്യക്തമാക്കപ്പെട്ടു.
ഗോവയിൽ നിന്നാണു് ഗലാത്തി എന്ന പായ്ക്കപ്പൽ പുറപ്പെട്ടതു്. മഡഗാസ്കറിൽ റജിസ്റ്റർ ചെയ്ത ഫ്രഞ്ച് ഉടമസ്ഥതയിലുള്ള കപ്പൽ. ഗോവയിൽ ഫേൺസ് ഇന്റർനാഷനൽ എന്ന കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ക്യാപറ്റൻ എസ് എം ഫുർട്ടാഡോയുമായി ബന്ധപ്പെട്ടാണു് സംഘം കൊച്ചിയിൽ എത്തിയതു്. പാരിസ് ആസ്ഥാനമായ ഗോൾഡൻ ഒക്ടോപസ് എന്ന സ്ഥാപനമാണു് ഇവർക്കുള്ള സാമ്പത്തിക പിന്തുണ നൽകിയിരുന്നതു്. കോസ്റ്റ് ഗാർഡ് പിടികൂടുമ്പോൾ പായ്ക്കപ്പലിൽ നിന്നു രണ്ടു മാഗ്നോ മീറ്ററുകൾ കണ്ടെത്തി. കൂടാതെ അടിക്കടൽ സർവേക്കുള്ള സോണാർ സ്കാനറും ഉണ്ടായിരുന്നു. പായ്ക്കപ്പലിലെ കംപ്യൂട്ടറിൽ ശേഖരിച്ചുവച്ചിരുന്ന വിവരങ്ങളാണു് കൂടുതൽ ദുരൂഹത ഉയർത്തിയതു്. അന്തർവാഹിനികളുടെ സഞ്ചാരപഥം കണ്ടെത്താൻ വേണ്ടി നടത്തുന്നതുപോലുള്ള സർവേയാണു് സംഘം നടത്തിയതെന്നു കോസ്റ്റ് ഗാർഡ് റിപ്പോർട്ട് നൽകി. സമുദ്രോല്പന്നങ്ങളുടെ പഠനത്തിനു വേണ്ട വിവരങ്ങളല്ല കപ്പലിൽ കണ്ടെത്തിയതെന്നു് സമുദ്ര ഗവേഷണ വിഭാഗവും അറിയിച്ചു. ഇതിനെല്ലാം പുറമെ ഫോർട്ട് കൊച്ചിയിലെ ഒരു പള്ളിക്കു മുകളിൽ ശക്തിയേറിയ ആന്റിന സ്ഥാപിക്കാൻ സംഘം ശ്രമിച്ചതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു.
എന്നാൽ, താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കെ വി തോമസിന്റെ വാദം കോടതി അംഗീകരിച്ചു. സമുദ്രോൽപന്നങ്ങളെക്കുറിച്ചു പഠിക്കാൻ സഹായം ചോദിച്ചുവന്നവരെ ജനപ്രതിനിധി എന്ന നിലയിൽ സഹായിക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു മൊഴി. വിവാദത്തിനുപിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു് കെ വി തോമസ് പരാജയപ്പെട്ടു. ഇതിനിടെ കോൺഗ്രസിന്റെ എല്ലാ പദവികളും രാജിവച്ചിരുന്ന കെ വി തോമസ് 2001 വരെ തേവര കോളജിൽ അധ്യാപകനായി തുടർന്നു. 1998-ൽ തോമസിനെ കോടതി കുറ്റവിമുക്തനാക്കി. ഇതിനുശേഷമാണു് വീണ്ടും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എത്തുന്നതും ആദ്യം സംസ്ഥാനമന്ത്രിയും പിന്നീടു കേന്ദ്ര മന്ത്രിയും ആകുന്നതും. വീണ്ടും കോൺഗ്രസ് വിടുന്നതും ഇടതുസർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയാകുന്നതും.
പ്രതികളായ ഫ്രഞ്ചുകാർക്കു നാട്ടിൽ പോയി വരാൻ അവസരം നൽകിയെങ്കിലും അന്നു പോയവർ പിന്നെ മടങ്ങിവന്നില്ല. ഇന്റർപോളിന്റെ സഹായം കേന്ദ്രസർക്കാർ തേടിയെങ്കിലും വിവരം ലഭിച്ചില്ല. കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഫ്രാൻസിൽ പോയി തെരച്ചിൽ നടത്തിയെങ്കിലും ഒന്നരപതിറ്റാണ്ടിലേറെയായി പ്രതികളെക്കുറിച്ചു വിവരമില്ല. ഇതിനിടെ കേസിൽ ഉൾപ്പെട്ട പായ്ക്കപ്പൽ പിന്നെയും വാർത്തയിൽ വന്നു. കപ്പൽ സൂക്ഷിക്കാൻ കഴിയില്ലെന്നു കോസ്റ്റ് ഗാർഡ് കോടതിയെ അറിയിച്ചു. അതു സൂക്ഷിക്കാനുള്ള സംവിധാനമില്ലെന്നു സി ബി ഐയും നിലപാടു് എടുത്തു. അതോടെ തുരുമ്പെടുത്തു തുടങ്ങിയിരുന്ന ആ കപ്പൽ വിറ്റു് പണം ഖജനാവിലേക്കു മുതൽക്കൂട്ടാൻ കോടതി നിർദ്ദേശിച്ചു. അതു ലേലം ചെയ്തപ്പോൾ ലഭിച്ച ഒൻപതു ലക്ഷം രൂപ സംസ്ഥാന ഖജനാവിൽ എത്തുകയും ചെയ്തു. വിവാദംകൊണ്ടു് ആദ്യമായി ഖജനാവിനുണ്ടായ നേട്ടം!
ഔദ്യോഗിക കാര്യങ്ങളിലെ കൃത്യനിഷ്ഠകൊണ്ടു ശ്രദ്ധേയയായ ഐ എ എസ് ഉദ്യോഗസ്ഥയായിരുന്നു ആദ്യ പരാതിക്കാരി. കുറ്റാരോപിതൻ നീലലോഹിതദാസൻ നാടാർ എന്ന വനം-ഗതാഗത മന്ത്രിയും. ഒരു ദിവസം ഔദ്യോഗിക ആവശ്യത്തിനെന്ന പേരിൽ സെക്രട്ടേറിയറ്റ് കോംപ്ളക്സിലെ മന്ത്രിയുടെ ഓഫിസിലേക്കു ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണു മന്ത്രിയുടെ ഭാഗത്തു നിന്നു് ഉണ്ടായതു് എന്നു് ഉദ്യോഗസ്ഥ പിന്നീടു വെളിപ്പെടുത്തി. സംഭവത്തിനു ശേഷം ഗതാഗത വകുപ്പിൽ നിന്നു മാറ്റണമെന്നു് മുഖ്യമന്ത്രി ഇ കെ നായനാരെ കണ്ടു് ഉദ്യോഗസ്ഥ ആവശ്യപ്പെടുകയായിരുന്നു. ആദ്യ രണ്ടു ദിവസം പരാതി നൽകാതിരുന്നതു് മുതിർന്ന ഐ ഐ എസ് ഉദ്യോഗസ്ഥ എന്ന നിലയിൽ കാര്യങ്ങൾ പഠിക്കുന്നതിനാണെന്നും അവർ വെളിപ്പെടുത്തി. എതിർകക്ഷി മന്ത്രി ആയതിനാൽ കേസിന്റെ സാധുതയെക്കുറിച്ചു് അന്വേഷിച്ച ശേഷമാണു് നിയമനടപടി ആരംഭിച്ചതെന്നും ഉദ്യോഗസ്ഥ അന്നു മാധ്യമങ്ങളോടു വിശദീകരിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു് വനിതാ സംഘടനകൾ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു.
ഇതിനിടെയാണു് കോഴിക്കോടു നിന്നു് അടുത്ത പരാതി എത്തിയതു്. യുവ ഐ എഫ് എസ് ഓഫിസറായിരുന്നു പരാതിക്കാരി. ഔദ്യോഗിക ആവശ്യത്തിനെന്നപേരിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയ മന്ത്രി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. വനം പ്രിൻസിപ്പൽ സെക്രട്ടറിയേയും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയേയും വാക്കാൽ വിവരം അറിയിച്ചു. പിന്നീടു് രേഖാമൂലവും പരാതി നൽകി. ഈ വാർത്ത പുറത്തുവന്ന ദിവസം മന്ത്രി നീലലോഹിതദാസൻ രാജിവച്ചു.

തിരുവനന്തപുരത്തെ കേസിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നീലലോഹിതദാസനു് മൂന്നുമാസം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. എന്നാൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നൽകിയ അപ്പീലിൽ കേസ് നീലലോഹിതദാസനു് അനുകൂലമായി വിധിച്ചു. പരാതിക്കു തെളിവുകൾ ഇല്ലെന്നായിരുന്നു കണ്ടെത്തൽ. കോഴിക്കോട്ടെ കേസിലും സമാനമായിരുന്നു കോടതി തീരുമാനം. ആദ്യം കോടതി ശിക്ഷിച്ചെങ്കിലും ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കി. തുടർന്നാണു് കേസ് സുപ്രീം കോടതി വരെ എത്തിയതു്.

ഒരു ഇടതുമുന്നണി മന്ത്രിസഭയിൽ നിന്നു് ഒരാൾ ലൈംഗികാരോപണ കേസിൽ രാജിവയ്ക്കുന്നതു് ആദ്യമായിരുന്നു. നേരത്തെ പി ടി ചാക്കോ കാറിൽ ഒരു സ്ത്രീക്കൊപ്പം യാത്ര ചെയ്തതിന്റെ പേരിൽ രാജിവച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ക്കു പിന്നീടു് ഐസ്ക്രീം പാർലർ കേസിലെ ആരോപണങ്ങളുടെ പേരിലും പടിയിറങ്ങേണ്ടി വന്നു. പി ജെ ജോസഫ് പിന്നീടു് വിമാനയാത്രയ്ക്കിടെ സ്ത്രീ നൽകിയ പരാതിയിലും പുറത്തുപോയി.
1997-ൽ ഉയർന്നു വന്ന ഐസ്ക്രീം പാർലർ കേസിനെക്കുറിച്ചു നിഷ്പക്ഷമായി ഒരു വാർത്ത എഴുതേണ്ടി വന്നാൽ അതിൽ രണ്ടു കാര്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു—ഒന്നു്, കോഴിക്കോട് നടക്കാവിലെ ആർ കെ എസ് ഐസ്ക്രീം പാർലറുമായി ബന്ധപ്പെട്ടു പെൺകുട്ടികളെ ബ്ളാക്മെയിൽ ചെയ്തു് ബലാൽസംഗം ചെയ്യുന്നുവെന്ന പരാതി സത്യമാണെന്നു ബോധ്യപ്പെട്ട പൊലീസ് റെയ്ഡ് നടത്തുകയും നടത്തിപ്പുകാരിയായ ശ്രീദേവിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു്, കേസുമായി ബന്ധപ്പെട്ടു് പെൺകുട്ടികൾ ഉന്നയിച്ച ഉന്നതരുടെ പേരുകൾ പിന്നീടു് അവർ തന്നെ നിഷേധിച്ചതിനാൽ തെളിവില്ലെന്നു കണ്ടു സുപ്രീം കോടതി വരെ തള്ളി.

രണ്ടുപതിറ്റാണ്ടു മുഴുവൻ കേരളത്തെ പിടിച്ചുകുലുക്കിയ ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ ഇതിനപ്പുറമൊന്നും റിപ്പോർട്ട് ചെയ്യാൻ തൽക്കാലം നിയമപരമായി സാധിക്കില്ല. പിന്നെ, അതിനിടയിൽ ഉണ്ടായതെല്ലാം ആരോപണങ്ങളാണു്. അവയൊന്നും കോടതികളിൽ തെളിയിക്കപ്പെടാൻ കഴിയാത്തവയും ആയിരുന്നു. 1996–97 കാലത്തു കെ അജിത യുടെ അന്വേഷി എന്ന സംഘടനയാണു് കേസിനു് ആസ്പദമായ സംഭവം പുറത്തു കൊണ്ടുവരുന്നതു്. അന്വേഷിയിൽ സഹായം തേടി എത്തിയ അഞ്ചു പെൺകുട്ടികൾ വെളിപ്പെടുത്തിയ കാര്യങ്ങൾ സംഘടന പൊലീസിനു കൈമാറി. ഈ പാർലറിൽ എത്തുന്ന പെൺകുട്ടികളെ ഐസ്ക്രീമിൽ ലഹരിചേർത്തു നൽകി മയക്കി ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും പിന്നീടു് ബ്ളാക്മെയിൽ ചെയ്തു് ഉന്നതർക്കു കാഴ്ചവയ്ക്കുന്നുവെന്നുമായിരുന്നു പരാതി. പരാതി നൽകുമ്പോൾ അതിൽ രണ്ടു പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവർ ആയിരുന്നു. ഇതിനിടെ കോഴിക്കോട് റയിൽവേ ട്രാക്കിൽ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനും സംഭവവുമായി ബന്ധമുണ്ടെന്നു് ആരോപണം ഉയർന്നു.
പൊലീസ് നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരി ശ്രീദേവി അറസ്റ്റിലായി. പെൺകുട്ടികൾ നൽകിയ മൊഴി അനുസരിച്ചു് അന്നത്തെ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ക്കു സംഭവത്തിൽ ബന്ധമുണ്ടെന്നു വാർത്തവന്നു. കുഞ്ഞാലിക്കുട്ടിക്കെതിരേ കേസ് എടുക്കാൻ വകുപ്പുണ്ടെന്നു താൻ റിപ്പോർട്ട് നൽകിയതായി കല്ലട സുകുമാരൻ പിന്നീടു് വെളിപ്പെടുത്തിയതോടെയാണു് ഇതിനു സ്ഥിരീകരണം ഉണ്ടായതു്. എന്നാൽ അഡ്വ. എം കെ ദാമോദരൻ നൽകിയ റിപ്പോർട്ട് അനുസരിച്ചു് കുഞ്ഞാലിക്കുട്ടിക്കെതിരേ കേസ് എടുക്കാൻ കഴിയില്ലെന്നും പെൺകുട്ടികൾ മൊഴിമാറ്റിയതിനാൽ കേസ് നിലനിൽക്കില്ലെന്നും പറഞ്ഞിരുന്നു. ദാമോദരന്റെ ശുപാർശ ഇ കെ നായനാർ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കേസിലെ ഗൂഢാലോചനയിൽ ആരോപിതനായ സി പി എം നേതാവു് ടി പി ദാസനെ സി പി എം ആദ്യം പുറത്താക്കി. പിന്നീടു് 2004-ൽ വീണ്ടും പാർട്ടി അംഗത്വം നൽകി. ഔദ്യോഗികമായി ഇത്രയും നടന്നതിനപ്പുറം മറ്റൊന്നും ആ കേസിൽ 2004 വരെ ഉണ്ടായിരുന്നില്ല. എന്നാൽ 2004-ൽ ഇതിൽ ഒരു പെൺകുട്ടി ഇന്ത്യാ വിഷൻ ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞ കാര്യങ്ങളാണു് രണ്ടാംഘട്ട വിവാദങ്ങൾക്കു വഴി വച്ചതു്. പി കെ കുഞ്ഞാലിക്കുട്ടി കേസിൽ ഉൾപ്പെട്ടയാളാണെന്നും മൊഴിമാറ്റുന്നതിനായി പണം നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതു വലിയ വിവാദമായതോടെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. പക്ഷേ, കേസിൽ പെൺകുട്ടി പിന്നെയും മൊഴിമാറ്റുകയും ചാനലുകളിൽ തന്നെ ആദ്യം പറഞ്ഞ കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തു. അന്വേഷിയുടെ നേതൃത്വത്തിൽ നടത്തിയ നിയമനടപടികൾ സുപ്രീം കോടതി വരെ നീണ്ടെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാണിച്ചു തള്ളിക്കളഞ്ഞു.
2011-ൽ ആണു് മൂന്നാംഘട്ട വിവാദം ആരംഭിക്കുന്നതു്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭർത്താവായ റൗഫ് നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു വിവാദത്തിനു പിന്നിൽ. കേസ് അട്ടിമറിക്കുന്നതിനായി പെൺകുട്ടികൾക്കു മാത്രമല്ല ഹൈക്കോടതി ജഡ്ജിമാർക്കുവരെ പണം നൽകിയതിനു തെളിവുണ്ടെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ആരോപിച്ചതു്. പണം നൽകിയതിന്റെ വിശദാംശങ്ങൾ കോടതിയിൽ ആവർത്തിക്കുകയും ചെയ്തു. ഈ കേസും തെളിവില്ല എന്ന കാരണത്താൽ തള്ളി. ഇതു് സി ബി ഐ അന്വേഷിക്കണം എന്നു് ആവശ്യപ്പെട്ടു് പ്രതിപക്ഷ നേതാവു് വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി ഏറ്റവും ഒടുവിൽ സുപ്രീം കോടതിയും തള്ളി. രാഷ്ട്രീയം കോടതികളിലേക്കു വലിച്ചിഴയ്ക്കരുതു് എന്നാണു് അന്നു സുപ്രീം കോടതി പറഞ്ഞതു്. എന്നാൽ വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ വി എസിനു് സുപ്രീം കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ആ നടപടികളാണു് കേസുമായി ബന്ധപ്പെട്ടു് ഏറ്റവും ഒടുവിൽ നടക്കുന്നതു്. ആദ്യം പരാതി നൽകിയ പെൺകുട്ടികളിൽ ഒരാൾ മാത്രമാണു് ഇടയ്ക്കെങ്കിലും ഇതു് ആവർത്തിച്ചതു്, അതു പിന്നെയും നിഷേധിച്ചെങ്കിലും. ഗൾഫിലേക്കു പോയ രണ്ടു പെൺകുട്ടികൾ പിന്നെ ഒരിക്കലും വാർത്തകളിൽ വന്നില്ല. നാട്ടിലുണ്ടായിരുന്ന രണ്ടു പേർ കേസുമായി ബന്ധപ്പെട്ടു് തുടർനടപടികൾക്കു താൽപര്യം കാണിച്ചതുമില്ല. കേരളത്തിൽ പൊതുജനമധ്യത്തിൽ തന്നെ ഒരു കേസിന്റെ വിചാരണ നടക്കുന്നതും അതു് ഇല്ലാതാകുന്നതും കണ്ട ആദ്യ സംഭവം കൂടിയായിരുന്നു ഐസ്ക്രീം പാർലർ കേസ്. കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളും വലിയ വിവാദത്തിലായി. വാർത്ത നൽകിയ ഇന്ത്യാ വിഷൻ ചാനലിനെതിരേ ശക്തമായ പ്രതിഷേധം ഒരുവിഭാഗത്തിൽ നിന്നു് ഉണ്ടായി. മാധ്യമപ്രവർത്തകർ പല സ്ഥലത്തും ആക്രമിക്കപ്പെട്ടു. ഒടുവിൽ മാധ്യമപ്രവർത്തകർ തന്നെ കൊച്ചിയിൽ മന്ത്രി കുഞ്ഞാലിക്കുട്ടിക്കു നേരെ കരിങ്കൊടി കാണിച്ച സംഭവം വരെ ഉണ്ടായി.
വികസിതകേരളം ജീവിതസൂചികകളിലെ അത്യുന്നതങ്ങളിൽ നിന്നു സന്തോഷിക്കുമ്പോഴും അതൊന്നും അറിയാത്തൊരു ജനത. അവരുടെ ജീവിതപ്രശ്നങ്ങളിൽ നിന്നുണ്ടായ പ്രതിഷേധമാണു് മുത്തങ്ങ സമരവും വെടിവയ്പ്പും. ഒരു ആദിവാസി യുവാവും പൊലീസ് കോൺസ്റ്റബിളും കൊല്ലപ്പെട്ട സംഘർഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം സാക്ഷ്യം വഹിച്ച ആദ്യത്തെ വലിയ പൊലീസ് നടപടി കൂടിയായിരുന്നു.

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു് 2002-ൽ നടത്തിയ കുടിൽകെട്ടൽ സമരത്തോടെയാണു് ആദിവാസി പ്രശ്നം ഇടവേളയ്ക്കു ശേഷം വീണ്ടും പൊതുമണ്ഡലത്തിൽ എത്തുന്നതു്. 48 ദിവസം നീണ്ട സമരത്തിനൊടുവിൽ എല്ലാ ആദിവാസി കുടുംബങ്ങൾക്കും അഞ്ചു് ഏക്കർ വീതം ഭൂമി നൽകാമെന്നു സർക്കാർ സമ്മതിച്ചു. ഗോത്രമഹാസഭാ നേതാക്കളായ എം ഗീതാനന്ദൻ, സി കെ ജാനു എന്നിവർ മുഖ്യമന്ത്രി എ കെ ആന്റണി യുമായി നടത്തിയ ചർച്ചകളിലായിരുന്നു തീരുമാനം. ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിൽ കരാർ അനുസരിച്ചു ഭൂമി വിതരണത്തിനു നടപടി ഉണ്ടായെങ്കിലും വയനാട്ടിൽ ഇതിനു കഴിഞ്ഞില്ല. റവന്യു ഭൂമി ലഭ്യമല്ല എന്നായിരുന്നു സർക്കാർ നിലപാടു്.

കരാർ ലംഘിക്കുകയാണെന്നു് ആരോപിച്ചു് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിലെ വന്യജീവി സംരക്ഷണ കേന്ദ്രം കയ്യേറി ഊരായി പ്രഖ്യാപിച്ചു. വനംവകുപ്പു് കടുത്ത വിയോജിപ്പു് അറിയിച്ചെങ്കിലും ആദ്യത്തെ 40 ദിവസം പൊലീസ് നടപടികൾ ഉണ്ടായില്ല. ഇതിനിടെ കേന്ദ്ര വനംമന്ത്രി ടി ആർ ബാലു ആദിവാസികളെ ഒഴിപ്പിക്കണമെന്നു സർക്കാരിനു കത്തു നൽകുകയും ചെയ്തിരുന്നു.

ആദിവാസികൾ മുത്തങ്ങയിൽ താമസം തുടങ്ങി ഒരുമാസത്തിനു ശേഷമാണു സംഘർഷഭരിതമായ രംഗങ്ങൾ തുടങ്ങുന്നതു്. ഫെബ്രുവരി 17-നു് മുത്തങ്ങയിൽ തീ പടർന്നു. ഒഴിപ്പിക്കാൻ ഫോറസ്റ്റുകാർ നടത്തിയ നീക്കമെന്നു് ആദിവാസികളും പ്രശ്നം സംസ്ഥാനതല ശ്രദ്ധയിൽ കൊണ്ടുവരാൻ ആദിവാസികൾ ചെയ്തതെന്നു വനംവകുപ്പും ആരോപിച്ചു. അന്നു സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഫോട്ടോഗ്രാഫറെയും ആദിവാസികൾ തടഞ്ഞുവച്ചു. സ്ഥലം ലഭിക്കുന്നതുവരെ വിട്ടയയ്ക്കില്ല എന്നായിരുന്നു നിലപാടു്. 18-നു് ഉച്ചയ്ക്കു് ജില്ലാ കലക്ടർ കെ ഗോപാലൻ ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ ജാനു, ഗീതാനന്ദൻ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ബന്ദികളാക്കിയവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചു. അതേസമയം തന്നെ മുഖ്യധാരയിലെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും ആദിവാസി ഗോത്രസഭയ്ക്കെതിരേ നിലപാടു സ്വീകരിക്കുകയും സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
സി പി എം, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി ജെ പി തുടങ്ങിയ കക്ഷികളെല്ലാം ചർച്ച നടക്കുന്ന ദിവസം തന്നെ സമീപ പ്രദേശങ്ങളിൽ പ്രതിഷേധ ജാഥ നടത്തി. 19-നു് നൂൽപ്പുഴ പഞ്ചായത്തിൽ ഹർത്താലിനും ആഹ്വാനമുണ്ടായി. അന്നാണു് യഥാർത്ഥ പൊലീസ് നീക്കവും ഉണ്ടായതു്. തകരപ്പാടി വഴി വൻ പൊലീസ് സംഘമാണു് ആദിവാസി മേഖലകളിലേക്കു മാർച്ച് ചെയ്തതു്. കണ്ണൂർ എ എ പി ബറ്റാലിയനിൽ നിന്നുള്ള പൊലീസുകാരും സുൽത്താൻബത്തേരി, മാനന്തവാടി സ്റ്റേഷൻ പരിധികളിലെ പൊലീസുകാരും സംഘത്തിൽ ഉണ്ടായിരുന്നു. 750 കോൺസ്റ്റബിൾമാരുടെ സംഘമായിരുന്നു അതു്. വനംവകുപ്പു് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. കൽപ്പറ്റ ഡി വൈ എസ് പി ഉണ്ണി പി കെ, മാനന്തവാടി ഡി വൈ എസ് പി സതീശൻ കെ വി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സുചീന്ദർ പാൽ, ഡപ്യൂട്ടി കലക്ടർ കെ സി ഗോപിനാഥ് എന്നിവരാണു സംഘത്തെ നയിച്ചതു്.
പൊലീസ് സംഘത്തെ കണ്ടതോടെ ആദിവാസികൾ പണിയായുധങ്ങളുമായി ചെറുത്തുനിൽപ്പു തുടങ്ങി. ആദ്യം കുടിൽകെട്ടിയിരുന്ന സ്ഥലങ്ങളിൽ നിന്നു് അവർക്കു പിന്മാറേണ്ടി വന്നു. വെട്ടുകത്തിയും അരിവാളും കോടാലിയും തൂമ്പയുമൊക്കെയായിരുന്നു ആദിവാസികളുടെ ആയുധങ്ങൾ. പോലീസ് ലാത്തിവീശി മുന്നേറി. ഈ സമയത്താണു് നിർഭാഗ്യകരമായ സംഭവങ്ങൾ ആരംഭിക്കുന്നതു്. ഒഴിപ്പിച്ചു് ഒരു കേന്ദ്രത്തിൽ എത്തിയ പൊലീസ് സംഘത്തെ ആദിവാസികൾ വളഞ്ഞു. ചുറ്റും തീയിട്ടതോടെ നിരവധി പൊലീസുകാർ അപകടത്തിലാകുന്ന സ്ഥിതിയായി. ഇവരെ രക്ഷിക്കാൻ പൊലീസ് നിറയൊഴിച്ചു. ജോഗി എന്ന ആദിവാസി വെടിയേറ്റു വീണു. ആദിവാസികൾ തിരിച്ചു നടത്തിയ ആക്രമണത്തിൽ കണ്ണൂർ എ ആർ ക്യാംപിലെ കോൺസ്റ്റബിൾ വിനോദും വെട്ടേറ്റു മരിച്ചു. വിനോദിനേയും ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനേയും ബന്ദികളാക്കിവച്ച ശേഷം വിനോദിനെ വെട്ടിക്കൊല്ലുകയായിരുന്നെന്നാണു് പൊലീസ് റിപ്പോർട്ട്.
സംഭവം നടക്കുമ്പോൾ സ്ഥലത്തു് ഇല്ലാതിരുന്ന ജാനുവിനേയും ഗീതാന്ദനേയും 22-നു് പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു നീരുവച്ച മുഖവുമായി ജാനു സ്റ്റേഷനിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങളിൽ അച്ചടിച്ചു വന്നു. മുത്തങ്ങ സമരം കഴിഞ്ഞു പതിറ്റാണ്ടു പിന്നിട്ടിട്ടും അന്നു് ഉന്നയിച്ചിരുന്ന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടാതെ തുടരുകയാണു്. പിന്നീടു് തീവ്രസമരമാർഗ്ഗങ്ങൾ വിട്ടു് നിൽപ്പുസമരംപോലുള്ള മാർഗ്ഗങ്ങളിലൂടെ ഗീതാനന്ദനും സി കെ ജാനുവും പ്രശ്നം സജീവമായി നിലനിർത്താൻ ശ്രമിച്ചു. എന്നാൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി കെ ജാനു എൻ ഡി എ മുന്നണിയുടെ സ്ഥാനാർത്ഥി ആയതോടെ ഗോത്രമഹാസഭയുടെ നേതൃമുഖം രണ്ടായി. ഗീതാനന്ദൻ പഴയ നിലപാടുകളിൽ തുടരുന്നുണ്ടെങ്കിലും ജാനുവിനെ സംഘടനയുമായി സഹകരിപ്പിക്കുന്നില്ല. ജാനു സ്വന്തം പാർട്ടിയുണ്ടാക്കി എൻ ഡി എ മുന്നണിയിൽ ചേരുകയും ചെയ്തു.
മാറാട് കലാപം എന്നാൽ അഞ്ചും ഒൻപതും പതിനാലു മരണങ്ങൾ മാത്രമല്ല; പലമതങ്ങൾ ഇടകലർന്നു ജീവിച്ച സമൂഹം പിന്നീടു് പല ധാരകളായി എന്നതു കൂടിയാണു്. പരസ്പര വിശ്വാസത്തിന്റെ മാനസികാവസ്ഥയാണു് ആ രണ്ടു കലാപങ്ങളിലൂടെ ഇല്ലാതായതു്. കലാപത്തെക്കുറിച്ചു് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫിന്റെ നിരീക്ഷണങ്ങൾ മാറാടിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ഭാവിയിലേക്കു നിർണായകമാണു്. മാറാട്ടെ രണ്ടു കലാപങ്ങളും അതതു സംഘടനകളുടെ നേതൃത്വം (പ്രാദേശിക നേതൃത്വമെങ്കിലും) അറിയാതെ സംഭവിക്കില്ല എന്നായിരുന്നു കമ്മിഷന്റെ പ്രധാന നിഗമനം. രാജ്യാന്തര ഭീകരസംഘടനകളുടെ സാന്നിദ്ധ്യം ഈ കലാപത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. മാത്രമല്ല സമയോചിതമായി ഇടപെടേണ്ട ജില്ലാ ഭരണകൂടം പക്ഷം ചേരുകയും ചെയ്തുവെന്നും കമ്മിഷൻ എഴുതി.
വളരെ നിസ്സാരമായ സംഭവത്തിൽ നിന്നാണു് ആദ്യത്തെ കലാപം ആരംഭിക്കുന്നതെന്നു് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. പുതുവർഷപ്പിറവിയോടു് അനുബന്ധിച്ചു 2001 ഡിസംബർ 31-നു് ഉണ്ടായ വാക്കുതർക്കം പൊലീസോ പ്രാദേശിക നേതൃത്വമോ ഇടപെട്ടിരുന്നെങ്കിൽ അപ്പോൾ തന്നെ പരിഹരിക്കപ്പെടുമായിരുന്നു. പൊലീസ് നോക്കിനിൽക്കുമ്പോഴാണു് ആദ്യ കലാപം നടക്കുന്നതു്. 2002 ജനുവരി ഒന്നു്, രണ്ടു് തിയതികളിൽ ആയിരുന്നു അതു്. ഇരുവിഭാഗങ്ങളിൽ നിന്നുമായി അഞ്ചുപേരാണു് മരിച്ചതു്. മരിച്ചവരിൽ ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു. അറസ്റ്റിലായതു് 393 പേരാണു്. ഇതിൽ 213 പേർ ആർ എസ് എസ്/ബി ജെ പി പ്രവർത്തകരാണു്. 86 പേർ ലീഗ് പ്രവർത്തകർ. 78 പേർ സി പി എം പ്രവർത്തകരുമായിരുന്നു. ഈ സംഭവം ഒരു വിഭാഗത്തിലുണ്ടാക്കിയ അസ്വസ്ഥതകൾ ചിലർ മുതലെടുക്കുകയായിരുന്നെന്നാണു് കമ്മിഷന്റെ നിഗമനം. അതാണു് രണ്ടാം കലാപത്തിലേക്കു നയിച്ചതു്.
നിയമനടപടികൾ ഊർജ്ജിതമാക്കുകയും ആദ്യകലാപത്തിലെ ആളുകൾക്കു പരമാവധി ശിക്ഷ നൽകുകയും ചെയ്തിരുന്നെങ്കിൽ രണ്ടാം കലാപം സംഭവിക്കില്ലായിരുന്നുവെന്നാണു റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം. ജില്ലാ കലക്ടറായ ടി ഒ സൂരജും സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സഞ്ജീവ് കുമാർ പട്ജോഷിയും സ്ഥിതിഗതികൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തി. രണ്ടാം കലാപം മുസ്ലിം ലീഗിന്റെയും എൻ ഡി എഫിന്റെയും പി ഡി പിയുടേയും പ്രവർത്തകർ ചേർന്നാണു് ആസൂത്രണം ചെയ്തതു്. വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചാണു് ഇതു നടപ്പാക്കിയതു്. വെറും പ്രതികാരം മാത്രമായി ഈ കലാപത്തെ കാണാൻ കഴിയില്ല. ഭീകരസംഘടനകൾ വളർച്ചയ്ക്കുള്ള വഴി തേടാൻ ഉപയോഗിച്ച മാർഗ്ഗംകൂടിയായിരുന്നു ഇതു്. മറുവിഭാഗത്തിലെ എട്ടുപേരാണു് 2003 മേയ് രണ്ടിനു നടന്ന രണ്ടാം കലാപത്തിൽ കൊല്ലപ്പെട്ടതു്. ആക്രമണത്തിനിടെ അപകടത്തിൽ പരുക്കേറ്റ അക്രമി സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. പൊലീസ് സമ്പൂർണ പരാജയമാണു് എന്നതിന്റെ തെളിവായിരുന്നു രണ്ടാം കലാപംമെന്നും കമ്മിഷൻ കുറ്റപ്പെടുത്തി.
ദിവസങ്ങൾക്കു മുൻപേ ആയുധങ്ങൾ ശേഖരിച്ചു കലാപം ആസൂത്രണം ചെയ്തതു പൊലീസ് അറിയാതെ പോയതു വലിയ വീഴ്ചയാണു്. അക്രമികളെ സംരക്ഷിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വളഞ്ഞുനിന്നതും ആസൂത്രണത്തിന്റെ തെളിവാണു്. ഇതിനു ശേഷമാണു് രണ്ടു കേസിലും വിചാരണ നടപടികൾ ത്വരിതപ്പെടുത്തിയതു്. രണ്ടു കലാപങ്ങളിലായി നിരവധി പേർ ശിക്ഷിക്കപ്പെട്ടു. രണ്ടുവർഷത്തെ ശിക്ഷ മുതൽ ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചവരും ഉണ്ടായിരുന്നു.
നിറം കറുപ്പാണെങ്കിലും വെളുപ്പാണെങ്കിലും പൂച്ചയ്ക്കു് എലിയെ പിടിക്കാൻ കഴിഞ്ഞോ എന്നതാണു ചോദ്യം. മൂന്നാറിലെ മണ്ണിൽ തുരപ്പന്മാർ പിന്നെയും ഉണ്ടെന്നു് അന്നത്തെ ദൗത്യസംഘത്തലവൻ സുരേഷ്കുമാർ വിരമിച്ച ശേഷവും ആവർത്തിച്ചപ്പോൾ ലക്ഷ്യം കാണാതെ പോയ ഒരു യുദ്ധത്തിന്റെ പ്രതീതിയാണു് ഉണ്ടാകുന്നതു്. പകുതിയിൽ അവസാനിപ്പിച്ച ആ ഒഴിപ്പിക്കൽ നടപടിയാണു് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ കേരളത്തിലുണ്ടായ പ്രധാന രാഷ്ട്രീയ നീക്കം.
മൂന്നാർ ടൗണിൽ ഹോട്ടലുകളും വ്യാപാരകേന്ദ്രങ്ങളും പ്രവർത്തിക്കുന്ന 500 കെട്ടിടങ്ങളുടെ പട്ടയം വ്യാജമാണെന്ന ഞെട്ടിക്കുന്ന വിവരത്തിൽ നിന്നാണു് 2007 മേയിൽ മൂന്നാർ ദൗത്യം ആരംഭിക്കുന്നതു്. എം ആർ രവീന്ദ്രൻ എന്ന ഡപ്യൂട്ടി തഹസിൽദാർ വിതരണം ചെയ്ത പട്ടയങ്ങളാണു് വിവാദത്തിലായതു്. 1999-ൽ ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണു് പട്ടയം നൽകിയതു്. 530 പട്ടയങ്ങളാണു് രവീന്ദ്രൻ ഔദ്യോഗികമായി കൊടുത്തതു്. ഇതുകൂടാതെ ആയിരത്തിലേറെ പട്ടയങ്ങൾ രവീന്ദ്രന്റെ ഒപ്പും സീലുമായി അനൗദ്യോഗികമായി പ്രചരിച്ചു. അഞ്ചു മുതൽ പത്തു സെന്റു വരെയുള്ള സ്ഥലങ്ങൾക്കുള്ള പട്ടയമായിരുന്നു ഏറെയും. എന്നാൽ ഈ സ്ഥലങ്ങളുടെ ഉടമകൾ സാധാരണക്കാരായിരുന്നില്ല. വൻകിട ഹോട്ടലുകളും റിസോർട്ടുകളും ആയിരുന്നു ഈ ഭൂമികളിൽ കെട്ടിഉയർത്തിയതു്. സി പി എമ്മിന്റെയും സി പി ഐയുടേയും ഓഫീസുകൾ വരെ രവീന്ദ്രൻ നൽകിയ പട്ടയത്തിന്റെ ബലത്തിലാണു സ്ഥാപിച്ചതു്. ഈ ഓഫീസുകളും വ്യാപാര സമുച്ചയമായാണു് പണിതതു്. കണ്ണൻദേവൻ വില്ലേജിൽ മാത്രം 127 പട്ടയങ്ങൾ ഈ ഗണത്തിൽ ഉണ്ടായിരുന്നു.
മൂന്നാറിലെ അനധികൃത നിർമാണങ്ങൾ നീക്കാൻ വി എസ് അച്യുതാനന്ദൻ സർക്കാർ തീരുമാനിക്കുമ്പോൾ മൂന്നുപേരെയാണു് ചുമതലപ്പെടുത്തിയതു്. കെ സുരേഷ്കുമാർ, ഋഷിരാജ് സിങ്, രാജുനാരായണസ്വാമി എന്നിവർ. സുരേഷ്കുമാറിനെ ചുമതല ഏൽപ്പിക്കുമ്പോൾ പെരുമാറ്റദൂഷ്യങ്ങൾ ചൂണ്ടിക്കാണിച്ചു കടുത്ത വിമർശനം ഉണ്ടായി. ഇതിനുള്ള മറുപടിയായാണു് പൂച്ച കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എലിയെ പിടിച്ചാൽ മതിയെന്ന മാവോയുടെ വാക്യം വി എസ് ഉപയോഗിച്ചതു്. അതോടെ ഈ മൂന്നുപേരും വി എസിന്റെ പൂച്ചകൾ എന്നു് അറിയപ്പെട്ടു.

ദൗത്യം തുടങ്ങിയ ആദ്യ ദിവസം തന്നെ കെട്ടിടം പൊളിക്കുന്ന നടപടിയും ആരംഭിച്ചു. പൊളിക്കാൻ തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണു് പൊതുമരാമത്തു ജോലികൾക്കു കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം ആദ്യത്തെ ദിവസം ഉപയോഗിക്കുന്നതു്. ജെ സി ബ്രാംഫോർഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ജെ സി ബി ബ്രാൻഡിലുള്ള മണ്ണുമാന്തി യന്ത്രമായിരുന്നു അതു്. ഇതോടെ ജെ സി ബി എന്നതു കേരളത്തിൽ രാഷ്ട്രീയ ആയുധമായി പ്രതീകവൽക്കരിക്കപ്പെട്ടു. ദൗത്യം തുടങ്ങി ഒരാഴ്ചകൊണ്ടു തന്നെ കടുത്ത രാഷ്ട്രീയ സമ്മർദ്ദം രൂപപ്പെട്ടു. മൂന്നാറിലെ ധന്യശ്രീ റിസോർട്സ് പൊളിച്ചതോടെ നിയമപരമായ നൂലാമാലകളും തുടങ്ങി. പട്ടയം വ്യാജമാണെന്നു കാണിച്ചു സി പി ഐ ഓഫിസിലും ദൗത്യസംഘം ഇടപെട്ടു. മുൻമുഖ്യമന്ത്രി പി കെ വാസുദേവൻ നായരു ടെ പേരിൽ നൽകിയിരുന്ന പട്ടയമായിരുന്നു ഇതു്. റവന്യു വകുപ്പിന്റെ ചുമതലയിൽ ഉണ്ടായിരുന്നതു് സി പി ഐ മന്ത്രിയായ കെ രാജേന്ദ്രനും. മന്ത്രി അറിയാതെയായിരുന്നു സി പി ഐ ഓഫിസ് പൊളിച്ചതു്. കെട്ടിടം പൊളിച്ചതു് തന്റെ നിർദ്ദേശം അനുസരിച്ചല്ലെന്നും താൻ ഇല്ലാതിരുന്ന അവസരത്തിൽ സംഘത്തിൽ ഉണ്ടായിരുന്നവർ ചെയ്തതാണെന്നും സുരേഷ്കുമാർ പ്രതികരിച്ചു.
രാജേന്ദ്രനും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരനും രവീന്ദ്രൻ പട്ടയങ്ങളിൽ പകുതി സാധുവാണെന്ന നിലപാടുകാരായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രിമാരും ഈ നിലപാടു് അംഗീകരിച്ചു. എന്നാൽ രവീന്ദ്രൻ നൽകിയ മുഴുവൻ പട്ടയങ്ങളും നിയമവിരുദ്ധവും അസാധുവുമാണെന്ന നിലപാടിൽ സുരേഷ്കുമാർ ഉറച്ചുനിന്നു. ഇതോടെ സർക്കാർ ദൗത്യം പ്രതിസന്ധിയിലായി. സുരേഷ്കുമാർ ഒരുഘട്ടത്തിൽ ദൗത്യം ഉപേക്ഷിച്ചു മടങ്ങി. പിന്നീടു് തിരികെ കൊണ്ടുവന്നെങ്കിലും ഏതാനും ദിവസംകൊണ്ടുതന്നെ നടപടികൾ ഉപേക്ഷിച്ചു പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു. പാർട്ടി ഓഫീസുകൾ പൊളിക്കാനുള്ള തീരുമാനമാണു കടുത്ത രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിച്ചതു്. 28 ദിവസം കൊണ്ടു 98 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കി. പതിനായിരം ഏക്കറോളം സ്ഥലം സർക്കാരിലേക്കു കണ്ടുകെട്ടിയെന്നാണു് സുരേഷ്കുമാർ പിന്നീടു് അവകാശപ്പെടുന്നതു്. ടാറ്റയുടെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലത്തിൽ നിന്നു് 1250 ഏക്കർ തിരിച്ചെടുത്തു് സർക്കാർ ബോർഡ് വച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തന്നെയാണു് ഈ ബോർഡ് സ്ഥാപിച്ചതു്. ദൗത്യം ഉപേക്ഷിച്ചെങ്കിലും കേസ് നടപടികൾ തുടർന്നു. ഒടുവിൽ മൂന്നാറിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കി ഉടമകൾക്കു തിരികെ നൽകണം എന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇതിലുള്ള നിയമനടപടികൾ പിന്നെയും തുടർന്നുകൊണ്ടേ യിരുന്നു.
ദില്ലിയിലും മുംബൈയിലും ചേരികൾ ഇടിച്ചു നിരത്തുന്ന സംഭവങ്ങൾക്കു ശേഷം ദേശീയ ശ്രദ്ധ ആകർഷിച്ചതായിരുന്നു മൂന്നാർ ഒഴിപ്പിക്കൽ. മൂന്നാറിൽ മാത്രമല്ല ഇതോടൊപ്പം കൊച്ചി നഗരത്തിലും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചിരുന്നു. എം ജി റോഡിലെ വ്യാപാരസ്ഥാപനങ്ങളുടെ കയ്യേറ്റം പൊളിച്ചുനീക്കാനായിരുന്നു നീക്കം. ജില്ലാ കലക്ടർ മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ ആദ്യഘട്ടം പുരോഗമിച്ചെങ്കിലും കായൽതീരത്തെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നീക്കം തുടങ്ങിയതോടെ അതും തടസ്സപ്പെട്ടു. മൂന്നാറിൽ സുരേഷ്കുമാർ നേതൃത്വം നൽകിയ ദൗത്യത്തിനു ശേഷം ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ പിന്നീടും നടപടികൾ ഉണ്ടായി. പക്ഷേ, ബലം പ്രയോഗിച്ചു് ഒഴിപ്പിക്കാൻ മാത്രം കഴിഞ്ഞില്ല. 2007-നു മുൻപു് ഉണ്ടായിരുന്ന അതേ സ്ഥിതിയിലേക്കു മൂന്നാർ മടങ്ങുന്നതാണു പിന്നീടു് കണ്ടതു്.

എം എ ബേബി എന്ന വിദ്യാഭ്യാസ മന്ത്രി ഒരൊറ്റ പാഠത്തിന്റെ പേരിലാണു് വിവാദപുരുഷനായതു്. 2006-ലെ മന്ത്രിസഭയുടെ കാലത്തു് ഏഴാം ക്ളാസിലെ സാമൂഹികപാഠ പുസ്തകത്തിലായിരുന്നു അധ്യായം. ‘മതമില്ലാത്ത ജീവൻ’ എന്ന തലക്കെട്ടു് മതേതരത്വവും മതനിഷേധവും തമ്മിലുള്ള അകലത്തെക്കുറിച്ചു് ബൗദ്ധികമായുള്ള ചർച്ചയ്ക്കു വഴി തുറക്കുന്നതിനു പകരം തെരുവിലേക്കിറങ്ങുകയും കലാപത്തിൽ എത്തുകയും ഒരധ്യാപകന്റെ ജീവൻ നഷ്ടപ്പെടുന്നതിലേക്കു വരെ നീങ്ങുകയും ചെയ്തു.
മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം സ്കൂളിൽ ചേരാൻ പോകുന്ന കുട്ടി പ്രധാന അധ്യാപകനിൽ നിന്നു നേരിടുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. കുട്ടിയുടെ പേരു് ജീവൻ. അച്ഛന്റെ പേരു് അൻവർ റഷീദ്, മാതാവു് ലക്ഷ്മി ദേവി. കുട്ടിയുടെ മതവും ജാതിയും രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മുതിരുമ്പോൾ കുട്ടി തന്നെ തീരുമാനിക്കട്ടെ എന്നും രക്ഷിതാക്കൾ പറയുന്നതാണു് പാഠഭാഗം. ഇതിനൊപ്പം തനിക്കു മതമില്ലെന്നും മരണശേഷം മതപരമായ ചടങ്ങുകൾ നടത്തരുതെന്നും ജവഹർലാൽ നെഹ്റു പറഞ്ഞതായുള്ള ഉദ്ധരണിയും ചേർത്തിരുന്നു. പരസ്പര സാഹോദര്യത്തിന്റെ വഴി തുറക്കാൻ ഉപദേശിക്കുന്ന ബൈബിൾ, മഹാഭാരതം, നബിവചനം, ഗുരുനാനാക്ക് ഉദ്ധരണികളും പാഠത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമിട്ടു സ്ഥാപിച്ചവയാണെന്നു പറഞ്ഞശേഷം കുട്ടികളോടു ചോദിക്കുന്ന ഒരു ചോദ്യമാണു് ഏറ്റവും വിവാദമായതു്. താഴെപറയുന്ന പ്രശ്നങ്ങൾ ഏതു മതത്തിൽ പെട്ടവയാണെന്നായിരുന്നു ചോദ്യം. (എ) വിലക്കയറ്റം, (ബി) കുടിവെള്ളക്ഷാമം, (സി) പകർച്ചവ്യാധി, (ഡി) ഭൂകമ്പം. പ്രകൃതിക്ഷോഭങ്ങളെ മതേതരത്വം പഠിപ്പിക്കാൻ ഉപയോഗിക്കുന്നതു തെറ്റായ രീതിയാണെന്നു ചില സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെടുക കൂടി ചെയ്തതോടെ മതസംഘടനകളുടെ സമരം കൂടുതൽ ശക്തമായി. പുസ്തകത്തിനെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതു് പ്രതിപക്ഷ നേതാവു് ഉമ്മൻ ചാണ്ടി യാണു്. കെ എസ് യുവാണു് കേരളത്തിലങ്ങോളമിങ്ങോളം സമരം നടത്തിയതു്. എം എസ് എഫ് നേതൃത്വത്തിൽ പുസ്തകം കത്തിക്കുകയും കീറിപ്പറത്തുകയും ചെയ്തു. ക്രിസ്ത്യൻ സംഘടനകളും പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരേ ശക്തമായി രംഗത്തുവന്നു. മലപ്പുറത്തെ കിഴിശ്ശേരിയിൽ ക്ളസ്റ്റർ യോഗത്തിനു് എത്തിയ വാലില്ലാപ്പുഴ എ എൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ജെയിംസ് അഗസ്റ്റിൻ മരിച്ചു. പ്രതിഷേധത്തിനിടെ മർദ്ദനമേറ്റ ജെയിംസ് അഗസ്റ്റിനെ വിദഗ്ദ്ധ ചികിൽസയ്ക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ഇതിനിടെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, പ്രഫ. സുകുമാർ അഴിക്കോട് തുടങ്ങിയവർ പുസ്തകത്തെ പിന്തുണച്ചു രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ പാഠത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ ഉന്നതതല സമിതിയെ നിയമിച്ചു. ഡോ. കെ എൻ പണിക്കർ അധ്യക്ഷനായ സമിതി വിവാദ അധ്യായത്തിൽ തിരുത്തുകൾ നിർദ്ദേശിക്കുകയാണു് ചെയ്തതു്. പാഠപുസ്തകം പൂർണമായി പിൻവലിക്കണമെന്നും അധ്യായം പിൻവലിക്കണമെന്നുമെല്ലാമുള്ള ആവശ്യങ്ങൾ സമിതി നിരാകരിച്ചു. മതമില്ലാത്ത ജീവൻ എന്ന തലക്കെട്ടു് ‘വിശ്വാസ സ്വാതന്ത്ര്യം’ എന്നു തിരുത്താനായിരുന്നു പ്രധാന നിർദ്ദേശം. കൂടാതെ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടേയും മതം വെളിപ്പെടുത്തുന്ന പേരുകളും നീക്കം ചെയ്തു. ജവഹർലാൽ നെഹ്റു മരണാനന്തര കർമ്മത്തെക്കുറിച്ചു പറയുന്ന പാഠത്തിനു പകരം മതേതരത്വത്തെക്കുറിച്ചു പറയുന്ന ഉദ്ധരണി ചേർത്തു.

പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളുമായി ബന്ധപ്പെടുത്തി മതത്തെ വിലയിരുത്തുന്ന ചോദ്യങ്ങളും പുസ്തകത്തിൽ നിന്നു മാറ്റി. പുസ്തകം പിൻവലിക്കാത്തതിൽ മതസംഘടനകൾ നിരാശരായിരുന്നെങ്കിലും ക്രമേണ പ്രക്ഷോഭം കെട്ടടങ്ങി. പാഠപുസ്തകത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയവും നിരീശ്വരവാദവും പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. മതപ്രചാരണത്തിനു പൊതുവിദ്യാലയം ഉപയോഗിക്കുന്നതുപോലെ തന്നെ കുറ്റകരമാണു് നിരീശ്വരവാദം പ്രചരിപ്പിക്കുന്നതും എന്നായിരുന്നു വിമർശനം. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളിയാണു പാഠമെന്നും പ്രചാരണം ഉണ്ടായി. ഇടവേളയ്ക്കുശേഷം കേരളത്തിലെ മതാധിഷ്ഠിത സംഘടനകൾ സർക്കാരിനെതിരേ പ്രക്ഷോഭത്തിനു് ഒന്നിച്ചതും മതമില്ലാത്ത ജീവൻ വിവാദത്തിലാണു്. ഇതിനു മുൻപു സമാനമായ യോജിപ്പു് ഉണ്ടായതു് വിമോചന സമരകാലത്തായിരുന്നു.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ ടി ജെ ജോസഫ് കേരളത്തിന്റെ എക്കാലത്തേക്കുമുള്ള ഒരു പ്രതീകമാണു്. അറ്റുതൂങ്ങിയ കൈ ഭാഗികമായി കൂട്ടിയോജിപ്പിച്ചെങ്കിലും നിയമത്തിനു പുറത്തു മതത്തിന്റെ പേരിൽ ശിക്ഷവിധിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പു്.

ബികോം രണ്ടാം സെമസ്റ്റർ മലയാളം ഇന്റേണൽ പരീക്ഷയ്ക്കുള്ള ഒരു ചോദ്യമാണു് കേരളത്തിൽ മതവാദത്തിന്റെ തീവ്രതയും സംഘടനാസംവിധാനവും എത്രമാത്രം ശക്തമാണെന്നു ബോധ്യപ്പെടുത്തിയതു്. ഒരു ക്ളാസിലെ കുട്ടികൾ മാത്രം എഴുതുന്ന പരീക്ഷ. ചോദ്യക്കടലാസ് തയ്യാറാക്കിയതു് ടി ജെ ജോസഫ്. അതിൽ ഒരു ചോദ്യമാണു് വിവാദമായതു്. പി ടി കുഞ്ഞുമുഹമ്മദി ന്റെ ലേഖനത്തിൽ നിന്നുള്ള ഒരു ഭാഗം ഉൾപ്പെടുത്തിയായിരുന്നു ചോദ്യം. പരീക്ഷയുടെ പിറ്റേന്നു് തൊടുപുഴയിൽ വലിയ പ്രതിഷേധ ജാഥകൾ നടന്നു. പ്രവാചകനെ നിന്ദിക്കുന്നതാണു് ചോദ്യമെന്നു് ആരോപിച്ചായിരുന്നു ഇതു്. പൊലീസ് ടി ജെ ജോസഫിനെതിരേ കേസ് റജിസ്റ്റർ ചെയ്തു. കോളജ് ജോസഫിനെ സസ്പെൻഡ് ചെയ്തു. ചോദ്യക്കടലാസിനെ പൂർണമായും തള്ളിപ്പറഞ്ഞു. ജോസഫിനെ കാണാതായി. ദിവസങ്ങൾക്കു ശേഷം ജോസഫ് പൊലീസിൽ കീഴടങ്ങി. കോളജ് അധികൃതരും കോതമംഗലം രൂപതാ അധികൃതരും മാപ്പു പറയുകയും ജോസഫിനെതിരേ നടപടി എടുക്കുമെന്നു് ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രതിഷേധം കെട്ടടങ്ങി.
ജാമ്യത്തിലിറങ്ങിയ ടി ജെ ജോസഫ് 2010 ജൂലൈ നാലിനു് മൂവാറ്റുപുഴയിൽ പള്ളിയിൽ പോയശേഷം ഭാര്യക്കും സഹോദരിയായ കന്യാസ്ത്രീക്കും ഒപ്പം മടങ്ങുമ്പോഴാണു് കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായതു്. ഒരു സംഘം ആളുകൾ ജോസഫിനെ വളയുകയും നിലത്തു കിടത്തി കൈപ്പത്തി വെട്ടിയെടുക്കുകയും ചെയ്തു. പൊലീസ് എത്തിയാണു് ജോസഫിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതു്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണു് ആക്രമണത്തിനു പിന്നിലെന്നു് പൊലീസ് കോടതിയെ അറിയിച്ചു. ദിവസങ്ങളോളം ജോസഫിന്റെ നീക്കം നിരീക്ഷിച്ചു പദ്ധതി തയ്യാറാക്കി കൈ വെട്ടുകയായിരുന്നുവെന്നാണു കുറ്റപത്രം. 13 പേർക്കെതിരെ കേസ് എടുത്തു. വിചാരണ നടക്കുമ്പോൾ ഒന്നാംപ്രതിയടക്കം അഞ്ചു പേർ ഒളിവിലായിരുന്നു. കൈവെട്ടുന്നതിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേർക്കും ഗൂഢാലോചനയിൽ പങ്കാളികളായ അഞ്ചുപേർക്കും എട്ടുവർഷം വീതം തടവു വിധിച്ചു. മൂന്നുപ്രതികൾക്കു രണ്ടുവർഷം തടവുമായിരുന്നു ശിക്ഷ. ഒന്നാം പ്രതി പിന്നീടു കീഴടങ്ങി. ടി ജെ ജോസഫിന്റെ കൈവെട്ടിയെടുത്ത സംഭവം സാംസ്കാരിക കേരളത്തിൽ വലിയ ചലനമുണ്ടാക്കി.
നിയമസംവിധാനങ്ങൾക്കു പുറത്തു ശിക്ഷ വിധിക്കുന്നതിനെതിരേ പ്രതിഷേധമുണ്ടായി. പക്ഷേ, കോളജ് അധികൃതർ ആദ്യഘട്ടത്തിൽ ശിക്ഷാ നടപടികൾ പിൻവലിക്കാൻ തയ്യാറായില്ല. ജോസഫിനെ പിരിച്ചുവിടാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഇതോടെ തിരികെ നിയമനം കൊടുക്കേണ്ട സ്ഥിതി വന്നു. കോളജ് ഇതു വൈകിപ്പിച്ചു. ശമ്പളം കിട്ടാതായതോടെ പട്ടിണിയോളമെത്തുന്ന ദാരിദ്ര്യത്തിലേക്കു ജോസഫിന്റെ കുടുംബം വീണുപോയി. ഇതിനിടെയാണു് കേരളത്തെ പിന്നെയും പിടിച്ചുലച്ച വാർത്ത എത്തിയതു്. അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. ഇതേത്തുടർന്നുണ്ടായ സമ്മർദ്ദങ്ങൾക്കൊടുവിൽ വിരമിക്കുന്ന ദിവസം ജോസഫിനു് കോളജ് പുനർനിയമനം നൽകി. ഒരുമണിക്കൂർ മാത്രം കോളജിൽ നിന്ന ജോസഫ് സർവീസിൽ നിന്നു പിരിഞ്ഞു. പ്രാകൃത സമൂഹങ്ങളെക്കുറിച്ചു മാത്രം കേട്ടുപ്രചരിച്ച ശിക്ഷ കേരളത്തിലും എത്തിയതു് ഈ സംഭവത്തോടെയാണു്. രാഷ്ട്രീയാന്ധതയുടെ വലിയൊരു ഇര പിന്നാലെ വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു; ടി പി ചന്ദ്രശേഖരൻ എന്നായിരുന്നു പേരു്.

രാഷ്ട്രീയ കേരളത്തിന്റെ മായാത്ത മുറിവാണു് ടി പി ചന്ദ്രശേഖരൻ. ആശയപരമായി വിയോജിച്ചതിനു പാർട്ടിയിൽ നിന്നു പുറത്തുപോകേണ്ടിവന്നയാൾ ആശയപ്രചരണം നടത്തിയതിന്റെ പേരിൽ മാത്രം കൊല്ലപ്പെടുക; ഏറ്റുമുട്ടലിലോ സംഘർഷത്തിനിടയിലോ അല്ലാതെ, അക്രമ രാഷ്ട്രീയ കേസുകളിൽ ഒന്നും പ്രതി അല്ലാതിരിക്കുമ്പോൾ ഇങ്ങനെ മരിക്കുന്ന അപൂർവ്വം വ്യക്തികളിൽ ഒരാൾ. ഒഞ്ചിയം എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ സി പി ഐ എമ്മിന്റെ മുഖമായിരുന്നു ഒരുകാലത്തു ടി പി ചന്ദ്രശേഖരൻ. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിൽ പുതിയ പാർട്ടി രൂപീകരിച്ചു—റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി എന്ന ആർ എം പി. പുതിയ പാർട്ടിയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി എന്ന ബദൽ നീക്കത്തിന്റെ സംസ്ഥാന കൺവീനറുമായിരുന്നു. പലകാലങ്ങളിൽ സി പി എം വിട്ടവരും സി പി എമ്മിൽ നിന്നു ഭിന്നമായ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉള്ളവരുടേയും കൂട്ടായ്മയായിരുന്നു അതു്. സി പി എം ഗ്രാമമായി അറിയപ്പെട്ടിരുന്ന ഒഞ്ചിയത്തു് ആർ എം പി രൂപീകരണത്തോടെ പാർട്ടിയുടെ ശക്തി ക്ഷയിച്ചു. പഞ്ചായത്തിനെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയായി ആർ എം പി മാറി. 2010-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർ എം പി വലിയ പ്രചാരണം നടത്തി. സി പി എം സ്ഥാനാർത്ഥിയായിരുന്ന സതീദേവിയുടെ അപ്രതീക്ഷിത പരാജയത്തിനു കാരണം തന്നെ ആർ എം പിയാണെന്ന വിലയിരുത്തൽ ഉണ്ടായി. ഇതിനു ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നു് ചന്ദ്രശേഖരൻ തന്നെ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.

2012 മേയ് നാലിനാണു കൊലപാതകം. രാത്രി പതിവുപോലെ സംഘടനാ പ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിൽ എത്തിയ സംഘം ബോംബ് എറിഞ്ഞു വീഴ്ത്തി. വടകരയ്ക്കടുത്തു് വള്ളിക്കാട് ആയിരുന്നു ആക്രമണം. തുടർന്നു് ചുറ്റും നിന്നു വെട്ടിക്കൊന്നുവെന്നാണു് പൊലീസ് കേസ്. ചന്ദ്രശേഖരന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നുവെന്നു് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വെളിപ്പെടുത്തി. മലയാളത്തിലെ അക്ഷരങ്ങളുടെ അത്രഎണ്ണത്തിലുള്ള മുറിവുകൾ.
പാനൂരിനടുത്തു് ചൊക്ളിയിൽ സംഭവത്തിൽ ഉൾപ്പെട്ട വാഹനം ഉപേക്ഷിച്ച നിലയിൽ പിറ്റേന്നു കണ്ടെത്തി. കാറിന്റെ പിന്നിൽ മാഷാ അള്ളാ എന്നു സ്റ്റിക്കർ ഒട്ടിച്ചതു് മതതീവ്രവാദ സംഘടനകളിലേക്കു് അന്വേഷണം നീളാനായിരുന്നുവെന്നു് പൊലീസ് തന്നെ കുറ്റപത്രത്തിൽ എഴുതി.

കൊലപാതകത്തിൽ സി പി എം നേതൃത്വം സംശയത്തിന്റെ നിഴലിലായി. കേരളമെങ്ങും സാംസ്കാരിക പ്രവർത്തകർ രണ്ടു ചേരിയിലായി. സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്ത സാംസ്കാരിക പ്രവർത്തകർക്കെതിരേ വലിയ പ്രചാരണം ഉണ്ടായി. സി ആർ പരമേശ്വരൻ ബാലചന്ദ്രൻ ചുള്ളിക്കാടി നേയും സച്ചിദാനന്ദനേ യും വരെ വിമർശിച്ചു കുറിപ്പെഴുതി. സാംസ്കാരിക ലോകം രണ്ടു തട്ടിലായി. കൊലപാതകത്തെ അപലപിച്ചുള്ള കവിതകളുടെ സമാഹാരം തന്നെ പുറത്തിറങ്ങി. കെ ജി എസ് ഉൾപ്പെടെയുള്ള മുൻനിര കവികളായിരുന്നു അതിൽ എഴുതിയതു്.
കേസിൽ പാർട്ടി അംഗമായ പടയങ്കണ്ടി രവീന്ദ്രനാണു് ആദ്യം അറസ്റ്റിലായതു്. തുടർന്നു് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നാം പ്രതി എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി മോഹനനും റിമാൻഡിലായി. മോഹനനെ പിന്നീടു കോടതി കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചു. അറസ്റ്റിലായവരിൽ സി പി എം ഭാരവാഹിത്തം ഉണ്ടായിരുന്നവർ പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ, കടുങ്ങാപൊയിൽ ബ്രാഞ്ച് സെക്രട്ടറി ട്രൗസർ മനോജ്, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ സി രാമചന്ദ്രൻ എന്നിവരായിരുന്നു. ഡി വൈ എഫ് ഐ നേതാവും പിന്നീടു് എം പിയുമായ കെ കെ രാഗേഷി നെ പ്രതികളെ ഒളിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനു പ്രതിചേർത്തു. മൂന്നു സി പി എം നേതാക്കൾ ഉൾപ്പെടെ 11 പേർക്കു വിചാരണകോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. രാഷ്ട്രീയ വൈരാഗ്യമാണു കൊലപാതകത്തിന്റെ കാരണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
എന്നാൽ വധത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കൾ വേറെയുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു് ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ സമരമുഖത്തു തുടർന്നു. കൊലപാതകം സി പി എമ്മിലും വലിയ ചലനം ഉണ്ടാക്കി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയത്താണു് കൊലപാതകം നടക്കുന്നതു്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടക്കുന്ന ദിവസം രാവിലെ വി എസ് അച്യുതാനന്ദൻ കെ കെ രമ യെ വീട്ടിലെത്തി സന്ദർശിച്ചു. വി എസിന്റെ കൈകൾ കൂട്ടിപ്പിടിച്ചു നിയന്ത്രണം വിട്ടുകരയുന്ന രമയുടേയും ഒന്നും പറയാനാകാതെ നിൽക്കുന്ന വി എസിന്റെയും ദൃശ്യം ചാനലുകളിൽ നിറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സി പി എം പരാജയപ്പെട്ടതിനു് ഇതുമൊരു കാരണമായി വിലയിരുത്തൽ ഉണ്ടായി.
ആർ എം പിയുടെ നേതൃസ്ഥാനത്തേക്കു് എത്തിയ രമ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നു മത്സരിക്കുകയും ചെയ്തു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു് രമ നിയമനടപടികളും സമരവും ഇതിനിടെ തുടരുന്നുണ്ടായിരുന്നു. ഒഞ്ചിയത്തെ വിമതരെ കുലംകുത്തികൾ എന്നു വിശേഷിപ്പിച്ചു പിണറായി വിജയൻ നേരത്തെ നടത്തിയ പ്രസംഗം പിന്നീടു് വലിയ വിവാദമായി. മരിക്കുന്നതിനു് ആഴ്ചകൾക്കു മുൻപു് ഒരു പൊതുവേദിയിൽ താൻ കൊല്ലപ്പെട്ടേക്കാം എന്ന ടി പി ചന്ദ്രശേഖരന്റെ പ്രസംഗവും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചു.
ചില വാക്കുകൾ ഒട്ടും ആലോചനയില്ലാതെ രാഷ്ട്രീയമണ്ഡലത്തിലേക്കു തീപ്പൊരിയായി വന്നു വീണതാണു്. മറ്റു ചിലതു് ആളിക്കത്തിക്കാനായി കരുതിക്കൂട്ടി എണ്ണയിൽ മുക്കിയെറിഞ്ഞതും. കേരള രാഷ്ട്രീയം ഏറെക്കാലം ചർച്ചചെയ്ത അത്തരം ചില പ്രയോഗങ്ങളിലേക്കാണു് ഇനി.
ബൂർഷ്വാ സമൂഹത്തിൽ നീതിന്യായവ്യവസ്ഥ മർദ്ദകോപകരണമായ ഭരണകൂടത്തിന്റെയും ധനികരുടെയും പക്ഷത്താണെന്നു് താൻ അടങ്ങുന്ന കമ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നു. കുടവയറുള്ള മുതലാളിയും തൊഴിലാളിയും ഇരുവശത്തു വന്നാൽ കോടതി കുടവയറുള്ള മുതലാളിയുടെ കൂടെ നിൽക്കും. ഭൂപരിഷ്കരണ നിയമം ഹൈക്കോടതി തള്ളിയപ്പോൾ ഇങ്ങനെ പ്രസംഗിച്ചതു് ഇ എം എസ് ആണു്. അന്നു കേരളത്തിന്റെ മുഖ്യമന്ത്രിയാണു്. ഹൈക്കോടതി കോടതിയലക്ഷ്യക്കേസിൽ ഇ എം എസിനു് മൂന്നു മാസം തടവോ ആയിരം രൂപ പിഴയോ അടയ്ക്കാൻ വിധിച്ചു. സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സുപ്രീം കോടതി അതു് 50 രൂപ പിഴയോ ഒരാഴ്ച തടവോ ആയി കുറച്ചു. ഇ എം എസ് പിഴയടച്ചു.
രാഷ്ട്രീയ നിലപാടു് വാക്കുകളിലൂടെ വ്യക്തമാക്കുന്നതിൽ കേരളത്തിൽ ഏറ്റവും മികവു കാണിച്ചയാൾ ഇ എം എസ് ആകണം. 1962-ലെ ചൈനാ യുദ്ധകാലത്താണു് ഈ പ്രയോഗം. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂപ്രദേശം എന്നായിരുന്നു തർക്കപ്രദേശത്തെ ഇ എം എസ് വിശേഷിപ്പിച്ചതു്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ ചൈന ചാരന്മാർ എന്നുകൂടി വിശേഷിപ്പിച്ചിരുന്ന കാലത്താണു് ഇന്ത്യൻ ദേശീയതാ നിലപാടിനു വിരുദ്ധമായി ഇ എം എസ് ഈ പ്രയോഗം നടത്തിയതു്.

നിങ്ങളെന്നെ കള്ളനാക്കിയില്ലേ തിരുമേനീ… എന്ന വാചകം ഏറെക്കാലം സി പി ഐ പ്രവർത്തകർ മാത്രമല്ല മറ്റുള്ളവരും കേരളത്തിൽ പറഞ്ഞുകൊണ്ടിരുന്നു. ഇ എം എസിനെ ആദ്യതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി തീരുമാനിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എൻ ഗോവിന്ദൻ നായർ സപ്തകക്ഷി നിയമസഭയുടെ കാലത്തു നിയമസഭയിൽ പറഞ്ഞതാണു വാക്കുകൾ. ബി വില്ലിങ്ടണി നെതിരെ അഴിമതിയാരോപണം സഭയിൽ വരികയും സി പി ഐ ഉൾപ്പെടെയുള്ള കക്ഷികൾ രാജിക്കായി മുറവിളി കൂട്ടുകയും ചെയ്തപ്പോൾ ഇ എം എസ് അന്വേഷണം പ്രഖ്യാപിച്ചു. വില്ലിങ്ടണിനു് എതിരേ മാത്രമല്ല എം എൻ ഉൾപ്പെടെയുള്ള സി പി ഐ മന്ത്രിമാർക്കെതിരേയും അന്വേഷണം. അന്നു രാജിവച്ച എം എൻ സഭയിൽ നടത്തിയ പ്രസംഗത്തിലാണു് ‘നിങ്ങളെന്നെ കള്ളനാക്കിയില്ലേ തിരുമേനി’ എന്നു് നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പേരു് ഓർമ്മിപ്പിച്ചു പറഞ്ഞതു്.
അടിയന്തരാവസ്ഥ കാലത്തു് കോഴിക്കോട് ആർ ഇ സി വിദ്യാർത്ഥി രാജനെ കാണാതായപ്പോൾ പിതാവു് ഈച്ചരവാര്യർ പരാതി നൽകാൻ കെ കരുണാകരന്റെ അടുത്തെത്തി. പഴയ സുഹൃത്തുകൂടിയായി ഈച്ചരവാര്യരോടു് രാജൻ കസ്റ്റഡിയിൽ ഉണ്ടെന്നു് കരുണാകരൻ പറഞ്ഞു. വിവാദമായപ്പോൾ മറ്റൊരു രാജൻ കസ്റ്റഡിയിൽ ഉള്ള വിവരമാണു പറഞ്ഞതെന്നു നിയമസഭയിൽ കരുണാകരൻ തിരുത്തി. ഇതിനെതിരേ ഈച്ചരവാര്യർ കരുണാകരനെ പ്രതിയാക്കി ഹൈക്കോടതിയിൽ കേസ് കൊടുത്തു. കോടതി കള്ളംപറഞ്ഞതിനു് കരുണാകരനെ വിമർശിച്ചു. ആ വാക്കിന്റെ പേരിൽ രാജിവയ്ക്കേണ്ടി വരികയും ചെയ്തു.
രാജൻ കേസിലെ കോടതി പരാമർശത്തെ തുടർന്നു് കരുണാകരൻ രാജിവച്ചതിനെ തുടർന്നുണ്ടായ എ കെ ആന്റണി മന്ത്രിസഭ. ചെറുപ്പക്കാരനായ ആന്റണിയുടെ നിയന്ത്രണത്തിൽ പല ഘടകകക്ഷികളും നിൽക്കുന്നില്ലെന്ന പരാതി വ്യാപകമായി. പലമന്ത്രിമാരും സ്വന്തം നിലയ്ക്കു മന്ത്രിസഭയോടും മുഖ്യമന്ത്രിയോടും ആലോചിക്കാതെ പ്രവർത്തിക്കുന്നുവെന്നും ആരോപണം ഉയർന്നു. ഈ ഘട്ടത്തിൽ കെ കരുണാകരൻ ആന്റണിയുടെ ഭരണപരിചയക്കുറവിനെ വ്യക്തമാക്കാൻ നടത്തിയ പ്രയോഗമാണു് അച്ഛനാനപ്പുറം ഏറിയെന്നാൽ ഉണ്ടാകുമോ പുത്രനുമാത്തഴമ്പു് എന്നതു്.

എന്താണു് പ്രത്യയശാസ്ത്ര അടിത്തറ എന്നചോദ്യമുന്നയിച്ചാണു് കേരളാ കോൺഗ്രസ് രൂപീകരിച്ച കാലം മുതൽ ഇടതുപക്ഷനേതാക്കൾ പരിഹസിച്ചിരുന്നതു്. അതിനുള്ള മറുപടിയായി കോട്ടയത്തു് ഒരു പൊതുയോഗത്തിൽ ആകസ്മികമായി കെ എം മാണി ഉപയോഗിച്ച പദമാണു് അധ്വാനവർഗ്ഗ സിദ്ധാന്തം എന്നതു്. ഞങ്ങൾക്കു തൊഴിലാളി വർഗ്ഗ സിദ്ധാന്തത്തിലല്ല വിശ്വാസം അധ്വാനവർഗ്ഗത്തിലാണു് എന്നായിരുന്നു വിശദീകരണം. ഇതു പരിഹസിക്കപ്പെട്ടും ന്യായീകരിക്കപ്പെട്ടും ശ്രദ്ധനേടിയ പദമായി. പിന്നീടു് കുടിയേറ്റ കർഷകരുടെ അധ്വാനത്തിനു പ്രതിഫലം നേടിയെടുക്കാനുള്ള സിദ്ധാന്തമായി കെ എം മാണി തന്നെ അതിനെ വിശദീകരിച്ചു സ്ഥാപിച്ചെടുക്കുകയായിരുന്നു.
രാഷ്ട്രീയ പ്രസംഗത്തിനിടയിലെ പഞ്ചിനു വേണ്ടി പ്രയോഗിക്കുന്ന വാക്കുകൾ തിരിച്ചടിക്കുന്നതും മന്ത്രിസ്ഥാനം തന്നെ നഷ്ടപ്പെടുന്നതും കണ്ട സംഭവമാണു് പഞ്ചാബ് മോഡൽ. പഞ്ചാബിൽ സിഖ് കലാപത്തിന്റെ പിന്നാലെയാണു്. കേരളത്തിൽ പാലക്കാട് റയിൽവേ കോച്ച് ഫാക്ടറി അനുവദിക്കാനായി കേരളം സമ്മർദ്ദം ചെലുത്തുന്ന സമയം. രാജീവ് ഗാന്ധി സർക്കാർ കോച്ച് ഫാക്ടറി അനുവദിച്ചതു പഞ്ചാബിലെ കപൂർത്തലയിൽ. കൊച്ചിയിലെ ഒരു പൊതുയോഗത്തിൽ മന്ത്രി ആർ ബാലകൃഷ്ണപിള്ള ഇതിനെതിരേ കത്തിക്കയറി. മലയാളികൾ പഞ്ചാബ് മോഡലിൽ പ്രവർത്തിച്ചാൽ മാത്രമേ എന്തെങ്കിലും ലഭിക്കൂ എന്നായിരുന്നു പ്രസംഗത്തിന്റെ ഊന്നൽ. ഫെഡറൽ സംവിധാനത്തിനു വിരുദ്ധവും വിഘടനവാദം പ്രോൽസാഹിപ്പിക്കുന്നതുമാണു് വാക്കുകൾ എന്നു ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ ബാലകൃഷ്ണപിള്ളയ്ക്കു രാജിവയ്ക്കേണ്ടിവന്നു.
കേരളാ കോൺഗ്രസിൽ പി ജെ ജോസഫും കെ എം മാണി യും തമ്മിൽ അകൽച്ച വർദ്ധിച്ച സമയം. ജോസഫ് ഇടതുമുന്നണിയിലേക്കു് എത്തുന്ന എന്നമട്ടിൽ വാർത്തകൾ പ്രചരിച്ചു. ആ സമയത്തു് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഇ എം എസ് പറഞ്ഞതാണു് വാചകം. ‘പള്ളിയേയും പട്ടക്കാരേയും തള്ളിവന്നാൽ ജോസഫിനെ ഇടതുമുന്നണിയിൽ എടുക്കാം’ എന്നായിരുന്നു പ്രസ്താവന. അതിനു ശേഷം വന്ന തെരഞ്ഞെടുപ്പിൽ ജോസഫ് ഒറ്റയ്ക്കു നിന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ ത്രികോണ മത്സരത്തിൽ മൂന്നാം സ്ഥാനത്താവുകയും ചെയ്തു. പിന്നീടാണു് ഇടതുമുന്നണിയുടെ ഭാഗമാകുന്നതു്.
ഇ കെ നായനാർ പറഞ്ഞതായി ഒരു ഇംഗ്ളീഷ് പത്രമാണു് അതു് ആദ്യം റിപ്പോർട്ട് ചെയ്തതു്—സൂര്യനെല്ലി കേസിനു പിന്നാലെയുള്ള ഒരു പത്രസമ്മേളനത്തിൽ. കേരളത്തിൽ ബലാൽസംഗങ്ങൾ കൂടുന്നില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയായി അമേരിക്കയിലൊക്കെ ചായകുടിക്കുന്നതുപോലെ ആളുകൾ ബലാൽസംഗം ചെയ്യുന്നുണ്ടു് എന്നു മുഖ്യമന്ത്രി പറഞ്ഞതായാണു് റിപ്പോർട്ട്. അത്യന്തം സ്ത്രീവിരുദ്ധവും കുറ്റകൃത്യത്തെ ലഘൂകരിക്കുന്നതുമായ പ്രയോഗമായി അതു വിലയിരുത്തപ്പെട്ടു.
കോൺഗ്രസിൽ എ, ഐ എന്നീ രണ്ടു ഗ്രൂപ്പുകൾ മാത്രമുണ്ടായിരുന്ന കാലം. അന്നു് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം കെ കരുണാകരനു് എതിരെ നിലപാടു സ്വീകരിച്ചു. ജി കാർത്തികേയൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, ജി വിജയരാഘവൻ, വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇതുകോൺഗ്രസിന്റെ മൂന്നാംഗ്രൂപ്പിന്റെ പിറവിയാണെന്ന മട്ടിൽ വാർത്തകൾ വന്നു. അതിനു നൽകിയ വിശദീകരണത്തിൽ ജി കാർത്തികേയനാ ണു് ആ പ്രയോഗം നടത്തിയതു്. ഞങ്ങൾ ഗ്രൂപ്പല്ലെന്നും കോൺഗ്രസിലെ തിരുത്തൽവാദ ശക്തിയായി പ്രവർത്തിക്കാനാണു് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു പ്രതികരണം. അതോടെ ഈ സംഘത്തെ തിരുത്തൽ വാദികൾ എന്നു വിളിച്ചു തുടങ്ങി.
ദീപിക ദിനപ്പത്രത്തിന്റെ ഓഹരികൾ സ്വന്തമാക്കിയ ഫാരിസ് അബുബക്കർ ക്കെതിരെ സഭ നിയമനടപടികൾ നടത്തുന്ന കാലം. ഫാരിസ് അബുബക്കർക്കു് സി പി എമ്മിലെ ഒരു വിഭാഗവുമായി, പ്രത്യേകിച്ചു പിണറായി വിജയനു മായി ബന്ധമുണ്ടെന്ന മട്ടിൽ വാർത്തകൾ വരുന്ന കാലം. ഫാരിസിൽ നിന്നു ദേശാഭിമാനിയും പണം സ്വീകരിച്ചു എന്ന ആരോപണം വരെ ഇക്കാലത്തു് മാധ്യമങ്ങളിൽ വന്നു. അന്നു ഫാരിസിനെ വി എസ് അച്യുതാനന്ദൻ വിശേഷിപ്പിച്ച പേരാണു്—വെറുക്കപ്പെട്ടവൻ എന്നതു്. വെറുക്കപ്പെട്ടവരുടെ പണം പാർട്ടിക്കോ പത്രത്തിനോ വേണ്ട എന്നായിരുന്നു പരാമർശം.
ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസ നയം ഹൈക്കോടതി നിരാകരിച്ചപ്പോൾ ഒരു പൊതുയോഗത്തിൽ പാലോളി മുഹമ്മദ് കുട്ടി നടത്തിയ പ്രസംഗത്തിലാണു് കോടതിക്കെതിരായ വാചകം കടന്നുവന്നതു്. സ്വാശ്രയ കോളജുകൾക്കനുകൂലമായ വിധിയിൽ പ്രതിഷേധിച്ചായിരുന്നു വാക്കുകൾ. മടിയിൽ കനമുള്ളവരുടെ കൂടെയാണു കോടതി എന്നായിരുന്നു പരാമർശം. കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതിയിൽ ആരംഭിച്ചു. വാചകം പറഞ്ഞതാണെങ്കിലും കോടതിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നു പാലോളി സത്യവാങ്മൂലം നൽകി.
കേരളത്തിലെ ഒരു പത്രാധിപർക്കെതിരേ ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പേരെടുത്തു വിളിച്ചുപറഞ്ഞു നടത്തിയ പ്രസംഗമായിരുന്നു അതു്. എസ് എൻ സി ലാവ്-ലിൻ കേസിൽ പിണറായി വിജയനെ പ്രതിസ്ഥാനത്തു നിർത്തി തുടർച്ചയായി മാതൃഭൂമി വാർത്തകൾ പ്രസിദ്ധീകരിച്ചു. കോഴിക്കോട് നടന്ന വിശദീകരണ യോഗത്തിലാണു് ഗോപാലകൃഷ്ണൻ എന്ന അന്നത്തെ എഡിറ്ററെ പേരെടുത്തു വിളിച്ചു് ‘എടോ ഗോപാലകൃഷ്ണ തനിക്കു് ഈ പാർട്ടിയെക്കുറിച്ചു് ഒരു ചുക്കും അറിയില്ലെ’ന്നു് പിണറായി വിജയൻ പറഞ്ഞതു്.
ക്യാൻസർ ബാധിതനായ മത്തായിചാക്കോ എം എൽ എ മരിച്ചശേഷം ഉണ്ടായ വിവാദങ്ങളിൽ നിന്നു വന്ന പ്രയോഗമാണതു്. മത്തായി ചാക്കോയ്ക്കു് അന്ത്യകൂദാശ നൽകിയതായി താമരശ്ശേരി അരമനയിൽ നിന്നു് അറിയിപ്പു വന്നു. ഇതു് സി പി എം നിഷേധിച്ചു. ആ വിവാദം കത്തിപ്പടർന്നപ്പോൾ നിലപാടിൽ ഉറച്ചുനിന്ന താരശ്ശേരി ബിഷപ്പിനെതിരേ പിണറായി വിജയൻ നടത്തിയ പരാമർശമാണു് നികൃഷ്ടജീവികൾ പലതും പറയും എന്നതു്. വിശ്വാസികൾക്കിടയിൽ വലിയ പ്രകോപനം ഉണ്ടാക്കിയതായിരുന്നു ആ വാക്കു്.
എസ് എഫ് ഐ വിട്ടു് കോൺഗ്രസിൽ ചേർന്ന മുൻ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയി കോൺഗ്രസിനോടുള്ള അനിഷ്ടം വ്യക്തമാക്കിയപ്പോൾ വി എസ് അച്യുതാനന്ദൻ നടത്തിയ പ്രയോഗമാണു് കറിവേപ്പില. സി പി എമ്മിനെ തകർക്കാനായി ഉപയോഗിച്ചശേഷം കറിവേപ്പില പോലെ സിന്ധുവിനെ കോൺഗ്രസുകാർ വലിച്ചെറിഞ്ഞു എന്ന പ്രയോഗം അത്യന്തം സ്ത്രീവിരുദ്ധമായി വിലയിരുത്തപ്പെട്ടു. വലിയ പ്രതിഷേധവും ഉണ്ടായി. അതുപോലെ പാലക്കാട് മണ്ഡലത്തിൽ വി എസിനെതിരേ മൽസരിച്ച ലതികാ സുഭാഷിനു് എതിരേയും സമാനമായ പരാമർശം ഉണ്ടായി. ‘എനിക്കെതിരേ മത്സരിക്കുന്ന സ്ത്രീ വളരെ പ്രശസ്തയാണല്ലോ… അവരെങ്ങനെയാണു് പ്രശസ്തയെന്നു ഞാൻ പറയേണ്ടതില്ലല്ലോ’ എന്നായിരുന്നു പരാമർശം.
ടി പി ചന്ദ്രശേഖരൻ വധത്തിനു മുമ്പു പിണറായി വിജയൻ നടത്തിയ പരാമർശമാണു് വലിയ വിവാദമായതു്. പാർട്ടിക്കെതിരെ നിൽക്കുന്ന കുലംകുത്തികൾ എന്നായിരുന്നു വിശേഷണം. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടശേഷം പിന്നീടു് മാധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോഴും കുലംകുത്തികളെ കുലംകുത്തികൾ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കണം എന്നായിരുന്നു പിണറായി വിജയൻ മറുപടി പറഞ്ഞതു്. ഇതു രക്തസാക്ഷിയായ ഒരാളോടു രാഷ്ട്രീയബഹുമാനം കാണിക്കാത്ത നിലപാടായി വ്യാപകവിമർശനം വിളിച്ചുവരുത്തി.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ എം സ്വരാജ് നടത്തിയ പരാമർശമാണതു്. എസ് എഫ് ഐക്കു് എതിരെ മാതൃഭൂമിയിൽ വന്ന വാർത്ത ചൂണ്ടിക്കാണിച്ചായിരുന്നു ഈ വാക്കുകൾ. തെളിവുകൾ ഇല്ലാതെ ഊഹാപോഹം വാർത്തയാക്കുന്നതു് പിതൃശൂന്യ മാധ്യമപ്രവർത്തനമാണെന്നായിരുന്നു വിമർശനം. മുമ്പു തന്തയ്ക്കു വിളിക്കുക എന്നു പറഞ്ഞിരുന്ന പ്രയോഗത്തെ സംസ്കൃതത്തിലാക്കി സ്വരാജ് മാധ്യമപ്രവർത്തകരെ അവഹേളിച്ചു എന്നായിരുന്നു ആരോപണം.

ഒരു പ്രസംഗത്തിന്റെ പേരിൽ രാഷ്ട്രീയം തന്നെ പ്രതിസന്ധിയിലാവുകയും ജയിലിലാവുകയും ചെയ്ത അനുഭവമാണു് എം എം മണി ക്കു് ഉണ്ടായതു്. ടി പി ചന്ദ്രശേഖരൻ വധത്തെ തുടർന്നുള്ള നിലപാടു വിശദീകരിക്കാൻ തൊടുപുഴ മണക്കാട്ട് നടന്ന യോഗത്തിലാണു് എതിരാളികളെ വൺ, ടു, ത്രീ എന്നു് അക്കമിട്ടു് കൊന്നു തള്ളിയിട്ടുണ്ടെന്നു് അന്നു ജില്ലാ സെക്രട്ടറിയായ മണി പ്രസംഗിച്ചതു്. മൂന്നു കോൺഗ്രസ് നേതാക്കളെ കൊന്നതിന്റെ രീതിയും ആ പ്രസംഗത്തിൽ വിശദീകരിച്ചു. ഇതോടെ മണിക്കെതിരേ കേസ് എടുക്കുകയും പഴയ കേസുകൾ പുനരന്വേഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. മണിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പാർട്ടി മാറ്റുകയും ചെയ്തു.

ചായത്തൊട്ടിയിൽ വീണു് രാജാവായ കുറുക്കൻ ഒാരിയിട്ടാൽ അതിനെ കുറ്റപ്പെടുത്താനാകുമോ എന്ന പരാമർശം മന്ത്രിയായിരുന്ന കെ സി ജോസഫ് ഹൈക്കോടതി ജഡ്ജിക്കു് എതിരേ നടത്തിയതാണു്. സർക്കാരിനു് എതിരായ വിധി വന്നപ്പോൾ ഇടതു് അനുകൂല മനസ്സുള്ളയാൾ ജഡ്ജിയായതു കൊണ്ടു സംഭവിച്ചതാണെന്നും ചായത്തൊട്ടിയിൽ വീണ കുറുക്കൻ രാജാവായ ശേഷം ഓരിയിടുന്നതിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു വാക്കുകൾ. ഇതു മന്ത്രിയെ ഫേസ് ബുക്ക് പേജിലാണു് കുറിച്ചതു്. തുടർന്നു് വിവാദമായപ്പോൾ ഇതു പിൻവലിക്കുകയും കോടതിയിൽ മാപ്പു പറയുകയും ചെയ്തു.

പൊതുനിരത്തുകൾക്കരികിൽ യോഗങ്ങൾ നിരോധിച്ചപ്പോൾ എം വി ജയരാജൻ നടത്തിയ പ്രസംഗത്തിലാണു് ശുംഭന്മാർ എന്ന പ്രയോഗം കടന്നുവന്നതു്. 2010-ൽ ആയിരുന്നു പ്രസംഗം. ചില ശുംഭന്മാർ വിധിയെഴുതും എന്ന പ്രയോഗമാണു് കോടതിയലക്ഷ്യ നടപടികളിലേക്കു് എത്തിയതു്. ശുംഭൻ എന്നാൽ പ്രകാശം പരത്തുന്നവൻ എന്നും അർത്ഥമുണ്ടെന്നും അങ്ങനെയാണു പ്രയോഗിച്ചതെന്നും ജയരാജൻ ഹൈക്കോടതിയിൽ വാദിച്ചു. കോടതി ഇതു് അംഗീകരിച്ചില്ല. ആറുമാസം ശിക്ഷ വിധിച്ചു. ശിക്ഷ പിന്നീടു സുപ്രീം കോടതി നാലു് ആഴ്ചയായി ഇളവു ചെയ്തു. ജയരാജൻ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു് പരാമർശം നടത്തിയതു്. കണ്ണൂരിൽ ബി ജെ പിയുമായുള്ള സംഘർഷം നടക്കുമ്പോൾ പറഞ്ഞതാണു വാക്കുകൾ. പാടത്തുപണി കിട്ടിയാൽ വരമ്പത്തു തന്നെ കൂലി കൊടുക്കും എന്നായിരുന്നു പ്രയോഗം. പാർട്ടി പ്രവർത്തകരെ കൊന്നാൽ തിരിച്ചും കൊല ഉണ്ടാകും എന്ന ആഹ്വാനമായി അതു ചിത്രീകരിക്കപ്പെട്ടു.

1974-ൽ ജനനം. പിതാവു് പരമേശ്വരൻ. മാതാവു് രമണി. മണക്കാട് ഗവ എൽ. പി. സ്കൂൾ, എൻ. എസ്. എസ്. ഹൈസ്കൂൾ, തൊടുപുഴ ന്യൂമാൻ കോളജ്, കാക്കനാട് കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1996 മുതൽ മാധ്യമപ്രവർത്തകൻ. ഐക്യകേരളത്തെ ഉലച്ച സംഭവങ്ങളുടേയും വിവാദങ്ങളുടേയും പുസ്തകം ഡിസി ബുക്സ് 2017-ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ സായാഹ്നയിലൂടെ വീണ്ടും വെളിച്ചം കാണുന്നു. ‘ശയ്യാതല സഞ്ചാരി നീ’ എന്ന നോവലും സായാഹ്ന പ്രസിദ്ധീകരിച്ചു. ‘ഫൈവ് മില്യൺ എപിക്സ്’ എന്ന ഇംഗ്ളീഷ് നോവൽ വൈറ്റ് ഫാൽകൺ പബ്ളിഷേഴ്സ് ആണു് പുറത്തിറക്കിയതു്. ജംഗിൾ ബുക്കും ടാർസൺ കഥകളും മലയാളത്തിലേക്കു വിവർത്തനം ചെയ്തു.