images/sfn-pub-guide-cover.jpg
A Light painting round left move..., a painting by Sergio Valle Duarte (1954–).
ഗ്രന്ഥകർത്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

സായാഹ്ന ഫൗണ്ടേഷൻ ഒരു സ്വതന്ത്രപ്രസാധന സംരംഭമാണു്. ഡിജിറ്റൽ രൂപങ്ങൾ മാത്രമേ സായാഹ്ന പ്രസിദ്ധീകരിക്കുന്നുള്ളൂ, അച്ചടിപ്പതിപ്പില്ല.

സ്വതന്ത്രപ്രസാധനം

എഴുത്തുകാരുടെയും വായനക്കാരന്റെയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതാണു് സ്വതന്ത്രപ്രസാധനം. ഇന്നത്തെ അച്ചടി-പത്ര-മാദ്ധ്യമപ്രസാധനരംഗത്തു പ്രവർത്തിക്കുന്ന പ്രസാധകരൊക്കെയും തന്നെ വായനക്കാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവരല്ല. ഇതിൽ സർക്കാരും പെടുന്നു, ഉദാ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ഇവരെ സ്വകാര്യപ്രസാധകർ എന്നു വിളിക്കേണ്ടിവരും, കാരണം, ഇവർ ഉള്ളടക്കം പകർത്താനോ, മറ്റുള്ളവരുമായി പങ്കുവെയ്ക്കാനോ, പുനഃപ്രസിദ്ധീകരിക്കാനോ ഉള്ള സ്വാതന്ത്ര്യം വായനക്കാരനു് ഒരിക്കലും നൽകുന്നില്ല എന്നതുതന്നെ. സ്വതന്ത്രപ്രസാധനം ഈ സ്വാതന്ത്ര്യം വായനക്കാരനു നൽകുന്നു. കൂടാതെ ഉള്ളടക്കം സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. സാമ്പത്തികച്ചെലവില്ലാതെ ഉള്ളടക്കം സമാഹരിക്കാനും അതു നിയമവിധേയമായി പുനരുപയോഗിക്കാനുമുള്ള ഈ സ്വാതന്ത്ര്യം വിദ്യാഭ്യാസ-ഗവേഷണ മേഖലകൾക്കു് വളരെയധികം സഹായകരമാണു്. വിക്കിപ്പിഡിയ ആണു് നമ്മുടെ മുന്നിലെ ഏറ്റവും വലിയ സ്വതന്ത്രപ്രസാധകർ!

സ്വതന്ത്രപ്രസാധന രീതിയിൽ സാമ്പത്തികലാഭം, വരുമാനം എന്നിവ നിലവിലില്ല. അതുകൊണ്ടു് റോയൽറ്റി ഗ്രന്ഥകർത്താക്കൾക്കു് പ്രതീക്ഷിക്കാനാവില്ല. ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ യാതൊരു സാമ്പത്തിക ബാദ്ധ്യതയും ഗ്രന്ഥകർത്താക്കൾ വഹിക്കേണ്ടതുമില്ല. സായാഹ്ന ഫൗണ്ടേഷനും ഇതേരീതി തന്നെയാണു് പിന്തുടരുന്നതു്.

അനുമതിപത്രം

പകർപ്പവകാശ നിയമങ്ങൾക്കു വിധേയമായി മാത്രമാണു് സ്വതന്ത്രപ്രസാധനം നടത്തുന്നതു്. പകർപ്പവകാശം ഉറപ്പുവരുത്താനുള്ള പലതരം അനുമതിപത്രങ്ങൾ ഇന്നു് പ്രചാരത്തിലുണ്ടു്. ഉദാ: ക്രിയേറ്റിവ് കോമൺസ് ലൈസൻസ്, ഫ്രീ ഡോക്കുമെന്റേഷൻ ലൈസൻസ്, തുടങ്ങിയവ. ഈ അനുമതിപത്രങ്ങളിൽ വെച്ചു് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതു് ക്രിയേറ്റിവ് കോമൺസ് ലൈസൻസ് ആണു്. വിക്കിപ്പിഡിയ ഈ ലൈസൻസ് ആണു് ഉപയോഗിക്കുന്നതു്, അതുതന്നെയാണു് സായാഹ്നയും.

ക്രിയേറ്റിവ് കോമൺസ് ലൈസൻസ്

ഒരു ഗ്രന്ഥകർത്താവു് തന്റെ സൃഷ്ടികൾ പൊതുജനം ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ അവയുപയോഗിച്ചു കൂടുതലായെന്തെങ്കിലും സൃഷ്ടിക്കുകയോ ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഈഅനുമതിപത്രം ഉപയോഗിക്കാം. അനുമതിപത്രമില്ലാതെ പ്രസിദ്ധീകരിച്ച സൃഷ്ടികൾ സ്രഷ്ടാവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതു് പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണു്. അവ നമുക്കു് കണ്ടാസ്വദിക്കാമെങ്കിലും ഒരു കാര്യത്തിനും ഉപയോഗിക്കാനാവില്ല. ഇതിനൊരു പരിഹാരമാണു് ക്രിയേറ്റീവ് കോമൺസ് പോലുള്ള പൊതുപകർപ്പവകാശ അനുമതിപത്രങ്ങൾ. ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം സ്രഷ്ടാവിന്റേയും ഉപയോക്താവിന്റെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നു. ഉപയോക്താവിനു് സ്രഷ്ടാവിനെ സമീപിക്കേണ്ട ആവശ്യമില്ല. അനുമതിപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കണമെന്നുമാത്രം. അതുകൊണ്ടു് സ്രഷ്ടാവുമായി ബന്ധപ്പെടാൻ സാദ്ധ്യമല്ലെങ്കിലും സൃഷ്ടികൾ പാഴായിപ്പോവുകയില്ല (മലയാളം വിക്കിപ്പിഡിയ).

പകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വരുന്ന സൃഷ്ടികൾക്കു് — പുസ്തകങ്ങൾ, നാടകങ്ങൾ, സിനിമകൾ, സംഗീതം, ലേഖനങ്ങൾ, ചിത്രങ്ങൾ, ബ്ലോഗുകൾ, വെബ്സൈറ്റുകൾ — എന്നിവക്കെല്ലാം ഈ അനുമതി പത്രം ഉപയോഗിക്കാം. വിവിധതരം ക്രിയേറ്റിവ് കോമൺസ് അനുമതിപത്രങ്ങൾ ഉണ്ടെങ്കിലും സായാഹ്ന താഴെപ്പറയുന്നവയെ ആണു് പ്രോത്സാഹിപ്പിക്കുന്നതു്.

CC-BY-SA:
ഉപയോക്താവിനു് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; പക്ഷെ മറ്റൊരാൾക്കു് നിങ്ങളുടെ പുനർസൃഷ്ടികളും അതേപോലെതന്നെ ഉപയോഗിക്കാനുള്ള അനുവാദം നൽകണം. ഉചിതമായ രീതിയിൽ സ്രഷ്ടാവിനോടുള്ള കടപ്പാട് രേഖപ്പെടുത്തുകയും വേണം.
CC-BY-NC-SA:
വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോക്താവിനു് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സമുചിതമായ രീതിയിൽ സ്രഷ്ടാവിനോടുള്ള കടപ്പാട് രേഖപ്പെടുത്തണമെന്നു മാത്രം.
ഉള്ളടക്കം
വിഭാഗങ്ങൾ

സായാഹ്ന താഴെപ്പറയുന്ന വിഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നു:

  1. ലേഖനം, നിരൂപണം, പഠനം
  2. അഭിമുഖം
  3. ചെറുകഥ
  4. നോവൽ
  5. നാടകം
  6. കവിത
  7. തിരക്കഥ
  8. ഭാഷാശാസ്ത്രം
  9. സാഹിത്യചരിത്രം
  10. കാർട്ടൂൺ
  11. ജീവചരിത്രം
  12. ആത്മകഥ, അനുസ്മരണം
സമർപ്പണരീതി

പ്രസിദ്ധീകരണത്തിനായി ഉള്ളടക്കം അയയ്ക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ഗ്രന്ഥകർത്താക്കൾ ശ്രദ്ധിക്കേണ്ടതാകുന്നു:

  1. ഉള്ളടക്കം ഇലക്ട്രോണിൿ രൂപത്തിലുള്ള പ്രമാണങ്ങളായി അയയ്ക്കുക.
  2. പ്രമാണങ്ങൾ ഇമെയിൽ അറ്റാച്ച്മെന്റായി editors@sayahna.org എന്ന വിലാസത്തിലേയ്ക്കു് അയക്കുക.
  3. യൂണിക്കോഡ് വ്യവസ്ഥ അനുസരിച്ചു് നിർമ്മിക്കപ്പെട്ട പാഠരൂപമാണു് (utf-8 text format) ഏറ്റവും സ്വീകാര്യമായ ഇനം.
  4. ഇപ്പോൾ പ്രചാരത്തിലുള്ള വേഡ്പ്രോസസ്സർ (Word, OpenOffice) രൂപങ്ങളും സ്വീകാര്യമാണു്. യൂണിക്കോഡ് വ്യവസ്ഥയനുസരിച്ചാണു് പാഠനിവേശനം നടത്തിയിട്ടുള്ളതെന്നു് ഉറപ്പുവരുത്തുക.
  5. പേജ്മേക്കർ പ്രമാണങ്ങൾ, ആസ്കി വ്യവസ്ഥയനുസരിച്ചുള്ള പാഠം, എന്നിവ സ്വീകാര്യമല്ല.
  6. ഉള്ളടക്കം അയയ്ക്കുന്നതിനു മുമ്പു് അക്ഷരത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും വസ്തുനിഷ്ഠമല്ലാത്ത തെറ്റുകളും തിരുത്താൻ ശ്രദ്ധിക്കുക.
  7. അയച്ചു കിട്ടിയ രചനകൾ സായാഹ്നയിൽ പ്രൂഫ് വായിച്ച് തിരുത്തുമെന്നു പ്രതീക്ഷിക്കരുത്. പരിപൂർണ്ണമായും പലവട്ടം പ്രൂഫ് വായിച്ചു തിരുത്തിവേണം രചനകൾ അയക്കാൻ. ടൈപ്പ്സെറ്റ് ചെയ്യുമ്പോൾ വരാവുന്ന തെറ്റുകളല്ലാത്ത ഒന്നും തന്നെ ഫൈനൽ രൂപത്തിൽ മാറ്റുന്നതല്ല. എന്തെന്നാൽ വളരെ ദുർലഭമായ സന്നദ്ധപ്രവർത്തകരുടെ കാരുണ്യത്തിലാണു് സായാഹ്ന പ്രവർത്തിക്കുന്നതു്.
പത്രാധിപസമിതി
  1. അയയ്ക്കുന്ന രചനകൾ സായാഹ്നയുടെ പത്രാധിപസമിതിയുടെ അംഗീകാരത്തോടെ മാത്രമേ പ്രസിദ്ധീകരണത്തിനു സ്വീകരിക്കുകയുള്ളു.
  2. സമിതിയുടെ തീരുമാനം അന്തിമമാണു്.
  3. പ്രസിദ്ധീകരണയോഗ്യമാണെന്നു സമിതി നിർദ്ദേശിക്കുന്ന ഉള്ളടക്കത്തിന്റെ ഗ്രന്ഥകർത്താക്കൾ ക്രിയേറ്റിവ് കോമൺസ് ലൈസൻസ് അനുസരിച്ചു് ഡിജിറ്റൽ പ്രസാധനനം നടത്താൻ രേഖാമൂലം സമ്മതം നൽകേണ്ടതാണു്.
  4. ഓർക്കുക: ഈ സമ്മതം ഡിജിറ്റൽ രൂപങ്ങൾ സായാഹ്നയിൽ പ്രസിദ്ധീകരിക്കാനുള്ള അനുവാദം മാത്രമാണു്. ഗ്രന്ഥകർത്താവെന്ന നിലയ്ക്കുള്ള പകർപ്പകാശവും മറ്റെല്ലാ അവകാശങ്ങളും ഗ്രന്ഥകർത്താവിൽ നിക്ഷിപ്തമാണു്. മറ്റു മാദ്ധ്യമങ്ങളിലും അച്ചടിച്ചും ഉള്ളടക്കം പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും ഗ്രന്ഥകർത്താവിനുണ്ടു്.
  5. പത്രാധിപസമിതിയുടെ അനുകൂലതീരുമാനം അറിയിക്കുന്ന മെയിലിനോടൊപ്പം സമ്മതപത്രത്തിന്റെ പിഡിഎഫ് പകർപ്പു് അയച്ചുതരുന്നതാണു്.
  6. സമ്മതപത്രത്തിന്റെ അച്ചടിപ്പകർപ്പെടുത്തു് പൂരിപ്പിച്ചു് ഒപ്പിട്ടു് താഴെക്കാണുന്ന വിലാസത്തിലേയ്ക്കു് അയയ്ക്കുക. Sayahna Foundation jwra 34, Jagathy Trivandrum 695014
  7. അതല്ലെങ്കിൽ ഒപ്പിട്ട താളുകളുടെ സ്കാൻ editors@sayahna.org എന്ന വിലാസത്തിലേയ്ക്കു് അയയ്ക്കുക.
  8. അതുമല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള കണ്ണിയിൽ ലഭ്യമായ ഫോറത്തിൽ പൂരിപ്പിച്ചു് സമർപ്പിക്കുക. https://sayahna.net/consent
  9. സമ്മതപത്രം കിട്ടിയശേഷം മാത്രമേ ഉള്ളടക്കത്തിന്റെ പാഠസംസ്ക്കരണം തുടങ്ങുകയുള്ളു.
പ്രസാധനരീതി
  1. മുമ്പു സൂചിപ്പിച്ചതുപോലെ ഡിജിറ്റൽ രൂപങ്ങൾ മാത്രമേ സായാഹ്ന പ്രസിദ്ധീകരിക്കുകയുള്ളു.
  2. അച്ചടിപ്പതിപ്പു് വേണ്ടവർ ആ മേഖലയിൽ പ്രവർത്തിക്കുന്ന പ്രസാധകരെ സമീപിക്കുകയോ സ്വന്തം നിലയ്ക്കു പ്രസിദ്ധീകരിക്കുകയോ ആവാം.
  3. സായാഹ്നയ്ക്കു് നൽകിയിട്ടുള്ള സമ്മതം അതിനു തടസ്സമല്ല.
  4. സായാഹ്ന മൂന്നു രൂപങ്ങളിലാണു് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതു്.
  5. പിഡിഎഫ്: സ്മാർട് ഫോൺ, റ്റാബ്ലറ്റ്, ഡെസ്ൿടോപ് എന്നിവയിൽ വായിക്കാൻ
  6. എച്റ്റിഎം‌എൽ: വെബ്, സ്മാർട് ഫോൺ, റ്റാബ്ലറ്റ്, ഡെസ്ൿടോപ്
  7. എക്സ്എംഎൽ: സംരക്ഷണരൂപം (ഭാവി ഉപയോഗത്തിനായി). ഈ വിഷയത്തെക്കുറിച്ചു് കൂടുതൽ അറിയാൻ സായാഹ്ന പ്രസിദ്ധീകരിച്ച ഡിജിറ്റൽ പാഠസംരക്ഷണം എന്ന ലേഖനം കാണുക.
Colophon

Title: Author guidelines (ml: മാർഗ്ഗനിർദ്ദേശങ്ങൾ).

Author(s): Sayahna Foundation.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-18.

Deafult language: ml, Malayalam.

Keywords: Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Light painting round left move..., a painting by Sergio Valle Duarte (1954–). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.