images/The_Church_at_Varengeville.jpg
The Church at Varengeville, a painting by Claude Monet (1840–1926).
ഓർമ്മച്ചിരാതുകൾ
ബിജു പി. എൽ.

എത്രതവണ കയറിയിറങ്ങിയ പടികളാണിവ! ഇന്നിപ്പോൾ രണ്ടുനിലകൾ കയറുമ്പോഴേക്കും കാലുകൾ പിന്നിലേക്കു് വലിയുകയാണു്. ശ്വാസമെടുക്കുവാനും പ്രയാസം തോന്നുന്നു. തന്നെ അസ്വസ്ഥയാക്കി ചവിട്ടുപടികൾ മുൻപിലേക്കു് ചുരുങ്ങുന്നതു് സോഫിയ നിസംഗതയോടെ നോക്കി. ഒരു നിലകൂടിയേ ഇനി കയറുവാനുള്ളൂ; അതാണൊരാശ്വാസം. നാലഞ്ചുപടികൾകൂടി കയറി സോഫിയ ചുമരിൽ പുറംചാരി നിന്നു. കിതപ്പും വിറയലും കൂടിക്കൂടി വരുന്നു. ഓസ്റ്റിനോടു് ഒരു വാക്കുപോലും പറയാതെയാണു് വീട്ടിൽനിന്നും പുറപ്പെട്ടതെന്ന വേവലാതിയും ഉള്ളിലെരിയുന്നുണ്ടു്. ദീർഘശ്വാസമെടുത്തു് ബാക്കിയുള്ള പടികൾകൂടി കയറി അവൾ ഫ്ലാറ്റുനമ്പർ 317-ന്റെ വാതിൽക്കലെത്തി. കൈകൾ പതിവുപോലെ വാതിൽപ്പിടിയിലേക്കു് യാന്ത്രികമായി നീങ്ങിയെങ്കിലും പെട്ടെന്നുതന്നെ അതവൾ പിൻവലിച്ചു. മനസ്സിനെ ബലപ്പെടുത്തുവാൻ ഈശ്വരനെ ധ്യാനിച്ചു് കോളിംഗ് ബെല്ലിൽ വിരലമർത്തി.

മദ്ധ്യവയസ്കയായ ഒരു സ്ത്രീയായിരുന്നു ഫ്ലാറ്റിന്റെ വാതിൽ തുറന്നതു്. നിർവ്വികാരതയോടെയുള്ള അവരുടെ നോട്ടം അല്പം നീണ്ടുപോയപ്പോൾ അമ്പരപ്പോടും സംശയത്തോടുംകൂടി അവൾ അവരെ സൂക്ഷിച്ചുനോക്കി. തിയഡോറിന്റെ മമ്മ ജസീക്കാ മേഡം തന്നേയോ ഇതു? അതോ അവരുടെ ചേച്ചിയോ? അല്ല; ജസീക്കാ മേഡം തന്നെ! മുമ്പു കാണുമ്പോഴുള്ളതിനേക്കാൾ അവർക്കു പ്രായക്കൂടുതലുള്ളതുപോലെ! ആ മുഖം കരുവാളിച്ചു വാടിയിരിക്കുന്നു! വെളുത്ത മുടിയിഴകൾ അനുസരണയില്ലാതെ പാറിപ്പറക്കുന്നു! അലക്കിത്തേച്ചു വടിപോലെ ഞാന്നുകിടക്കേണ്ട സാരിയുടെ മുന്താണിക്കുപകരം ബ്ലൗസുമുഴുവൻ സാരിത്തലപ്പുകൊണ്ടു് ഒറ്റചുറ്റിൽ പൊതിഞ്ഞെടുത്തിരിക്കുന്നു!

“സോഫിയ, അകത്തേക്കുവരൂ”, അവളെന്തെങ്കിലും പറയുന്നതിനുമുമ്പു പതിഞ്ഞ സ്വരത്തിൽ ജസീക്കാമേഡം അവളെ അകത്തേക്കു ക്ഷണിച്ചു.

സോഫിയ ഒന്നുംമിണ്ടാതെ അകത്തേക്കു കടന്നു് ലിവിംഗ്റൂമിലെ സോഫയിലിരുന്നു. ടീപ്പോയിലിരിക്കുന്ന പേപ്പർവെയ്റ്റ് കയ്യിലെടുത്തു് എന്തെങ്കിലും ചെയ്യേണ്ടേ എന്നതരത്തിൽ തിരിച്ചും മറിച്ചും നോക്കി. അവരെ അഭിമുഖീകരിക്കാനുള്ള വിഷമത്തിൽ മുഖം താഴ്ത്തിയായിരുന്നു അവളിരുന്നിരുന്നതു്.

പരുപരുത്ത സ്വരത്തിൽ ജസീക്കാമേഡം ചോദിച്ചു: “ഓസ്റ്റിൻ കൂടെയില്ലേ?”

“ഇല്ല”, പെട്ടെന്നുതന്നെ അവൾ മറുപടി നൽകി.

“വീട്ടിൽ കയറിയിട്ടാണോ വരുന്നതു്?”

“അല്ല”, ഒറ്റവാക്കിൽ വീണ്ടും അവൾ മറുപടി പറഞ്ഞു.

ചോദ്യങ്ങളും ഉത്തരങ്ങളും യഥാക്രമം നൽകുന്നുണ്ടെങ്കിലും രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും മുഖം കൊടുക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. മൂകമായ കുറച്ചുസമയത്തിനുശേഷം മൗനം ഭഞ്ജിച്ചുകൊണ്ടു് അവൾ തിരിച്ചുചോദിച്ചു:

“എന്തേ എന്നെ അറിയിയ്ക്കാതിരുന്നതു്? ഞാനത്രമാത്രം അന്യയായോ? ആർക്കെങ്കിലും എന്നെയൊന്നറിയിക്കാമായിരുന്നില്ലേ?”

അവളുടെ ചോദ്യത്തിനു് ദയനീയമായ ഒരു നോട്ടമായിരുന്നു ഉത്തരം. പിന്നെ ജനാലയിലൂടെ പുറത്തേക്കു് നോക്കിക്കൊണ്ടു് അവർ പറഞ്ഞു: “സോഫിയാ, ഞാൻ ചായ എടുത്തിട്ടു് വരാം.”

ഇതുപറയുമ്പോഴേക്കും അവരുടെ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരധാരയായി പുറത്തുവരുന്നുണ്ടായിരുന്നു.

അവർ അടുക്കളയിലേക്കു നടന്നപ്പോൾ സോഫിയ ആ മുറിയിലൊന്നു കണ്ണോടിച്ചു. മുറിയുടെ വലതുവശത്തായി തിയഡോറിന്റെ പഴയ ഷൂകളും ചെരുപ്പുകളും അലക്ഷ്യമായി കിടക്കുന്നുണ്ടു്. മേശപ്പുറം മുഴുവനും വാരിവലിച്ചിട്ടിരിക്കുന്ന കുറേ ഫോട്ടോഗ്രാഫുകൾ! തിയഡോറിന്റെ ഫ്രെയിംചെയ്ത ഒരു ഫോട്ടോ ചുമരിൽ ചാരിവച്ചിരിക്കുന്നു. അതിനരികിലായി ക്രാഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ ഒരു നോട്ടു ബുക്കു കണ്ടു് അതെടുത്തു് അവൾ തുറന്നുനോക്കി. നീല സ്കെച്ചുപെന്നുകൊണ്ടു് ആദ്യപേജിൽ വലിയ അക്ഷരങ്ങളിൽ ‘ഓർമ്മച്ചിരാതുകൾ’ എന്നെഴുതി അതിനടിയിൽ കട്ടിയായി വരച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ തിയഡോറിന്റെ കൈപ്പടയാണതെന്നു് അവൾക്കു് മനസ്സിലായി. കെട്ടുംമട്ടും കണ്ടപ്പോൾ അവനെഴുതിയ ഒരു കഥയാണെന്നാണു് അവൾക്കു തോന്നിയതു്. അവളതു വായിക്കുവാൻ തുടങ്ങി:

‘എന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറി’, ‘എന്റെ ഏറ്റവും വലിയ നേട്ടമാണിതു്’ എന്നൊക്കെ അവിടെ കൂടിയിരുന്നവരോടു് ഡാഡി പറയുന്നുണ്ടായിരുന്നു. ബന്ധുക്കളായ ഒന്നോ രണ്ടോപേർ ഉണ്ടെന്നതൊഴിച്ചാൽ ബാക്കിയെല്ലാവരും ഡാഡി ജോലിചെയ്യുന്ന ഷിപ്പിങ് കമ്പനിയിലെ കോട്ടും സ്യൂട്ടുമിട്ട എൻജിനീയർമാരും എക്സിക്യുട്ടീവുകളുമാണു്. ആരുടെയൊക്കെയോ കൈതട്ടി വീണുടഞ്ഞ ക്രിസ്റ്റലിന്റെ രണ്ടു വൈൻ ഗ്ലാസ്സുകൾ, ഒരു പൂപ്പാത്രം എന്നിവയായിരുന്നു പ്രത്യക്ഷത്തിലുള്ള അന്നത്തെ നഷ്ടങ്ങൾ. പൂപ്പാത്രം പൊട്ടിയപ്പോൾ ശകുനപ്പിഴയാണല്ലോ എന്നു് അടക്കം പറഞ്ഞുകൊണ്ടു് മമ്മി എന്റെ അടുത്തേക്കു വന്നു. ‘മമ്മി അപ്പപ്പോൾ അടിച്ചു വാരിക്കളഞ്ഞാൽ അവർ പൊട്ടിച്ചുകൊണ്ടേയിരിക്കും’, ഞാൻ പതുക്കെയെങ്കിലും കുറച്ചു് ഈർഷ്യയോടെ മറുപടി കൊടുത്തു. മദ്യത്തോടുള്ള എന്റെ അവജ്ഞ അറിയാമായിരുന്നതിനാൽ മമ്മി പിന്നെ എന്നോടൊന്നും തിരിച്ചുപറഞ്ഞില്ല.

‘അന്ധവിശ്വാസത്തിനു് കയ്യും കാലും മുളച്ച ഒന്നിനെയാണല്ലോ ഞാൻ നാട്ടിൽനിന്നും കെട്ടിയെടുത്തതു്’ എന്ന ഡാഡിയുടെ വാക്കുകളാണപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയതു്. വീരാറിൽനിന്നും പുറപ്പെടാൻനേരം ഫ്ലാറ്റിനുമുന്നിൽ ഒറ്റമൈനയെക്കണ്ടു് കാറിൽക്കയറാതെ മമ്മി അന്തിച്ചൊരു നിൽപ്പായിരുന്നു. ഒറ്റമൈനയെ ഞാനും അവിടെ കണ്ടിരുന്നു. മമ്മി ഇടംവലം തിരിഞ്ഞു് ‘അതെടുത്തുവോ’ ‘ഇതെടുത്തുവോ’ എന്നെല്ലാം ചോദിച്ചു് നേരം കളയുന്നതു കണ്ടപ്പോൾതന്നെ എനിക്കറിയാമായിരുന്നു മമ്മി അതിന്റെ കൂട്ടുമൈനയെയാണു് തേടുന്നതെന്നു്. ഡാഡിയോടു് അതെങ്ങാനും ഞാനപ്പോൾ പറഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ, മമ്മി വീരാറിലും ഞങ്ങൾ അന്ധേരിയിലും എത്തുമായിരുന്നു. ഭാഗ്യത്തിനു് അധികം വൈകാതെത്തന്നെ ചിരിച്ചുകൊണ്ടു് മമ്മി കാറിൽ കയറി. ഇരട്ടമൈനയെക്കാണാതെ മമ്മി കാറിൽക്കയറില്ലെന്നു് എനിക്കുറപ്പുണ്ടായിരുന്നുവെങ്കിലും സംശയ നിവാരണത്തിനായി ഞാൻ ‘മമ്മി ഇരട്ടമൈനയെക്കണ്ടുവോ?’ എന്നു് ചോദിച്ചു. ‘ആ കണ്ടു’ എന്നു് മമ്മി ജാള ്യതയോടെ അപ്പോൾ മറുപടിയും തന്നു.

വൈകുന്നേരം ഏകദേശം ആറുമണിയോടെയായിരുന്നു പാർട്ടി തുടങ്ങിയതു്. പങ്കജ് ദാസിന്റെ ഗസലിൽ തുടങ്ങിയ ആട്ടവും പാട്ടും സോനുനിഗമിന്റെ തകർപ്പനൊരു പാട്ടിലാണു് ചെന്നവസാനിച്ചതു്. മലാഡിലെ ഒരു പ്രൊഫഷണൽ ട്രൂപ്പിലെ രണ്ടുപേരായിരുന്നു കരോക്കെ ബാക്ഗ്രൗണ്ടിൽ പാട്ടുകൾ പാടിയിരുന്നതും ഡാൻസുകൾ നിയന്ത്രിച്ചിരുന്നതും. ഫ്ലാറ്റിനു താഴെയുള്ള മുറ്റത്തു് നവരാത്രിയോടനുബന്ധിച്ചുള്ള ഡാൻഡിയാ നൃത്തത്തിന്റെ മേളം മുറുകിത്തുടങ്ങിയതിനാൽ പാർട്ടി പിന്നെ അധികനേരം നീണ്ടുനിന്നില്ല. ഔദ്യോഗികവും അനൗദ്യോഗികവുമായ വിടപറയൽ രംഗങ്ങളായിരുന്നു പിന്നീടുള്ള അരമണിക്കൂർ. അവസാനത്തെ അതിഥിയും ശുഭരാത്രി നേർന്നുകൊണ്ടു് പുറത്തേക്കു പോയപ്പോൾ രണ്ടുകൈകളും നിവർത്തിപ്പിടിച്ചു് ആശ്വാസത്തോടെ ഡാഡി സോഫയിലേക്കു മറിഞ്ഞു. ‘ഹാവൂ’ എന്നു് പറഞ്ഞുകൊണ്ടു് മമ്മി തൊട്ടടുത്തുള്ള സെറ്റിയിലേക്കും ചാഞ്ഞു. അവിടെയൊക്കെ ഓടിനടക്കുവാനാണു് എനിക്കപ്പോൾ തോന്നിയതു്. പുതുതായി പെയിന്റ് ചെയ്തതിന്റെ ഒരു പ്രത്യേക മണം ആ ഫ്ലാറ്റിലാകെ നിറഞ്ഞുനിന്നിരുന്നതിനാൽ പുതുമണം മുഴുവനായി ആസ്വദിച്ചുകൊണ്ടു് ഓരോ മുറിയിലും ഞാൻ മാറിമാറിനടന്നു.

വീരാറിലെ ഇരുപതു കൊല്ലത്തെ വാസം അവസാനിപ്പിച്ചുകൊണ്ടായിരുന്നു അന്ധേരി ലോക്കന്റ് വാല കോംപ്ലക്സിലേക്കു് ഞങ്ങളന്നു താമസം മാറിയതു്. ഒരു ഗുജറാത്തിയിൽ നിന്നുമാണു് മൂവായിരത്തോളം സ്ക്വയർഫീറ്റു വരുന്ന ഈ ഫ്ലാറ്റ് ഡാഡി സ്വന്തമാക്കിയതു്. ഗുജറാത്തിയുമായി ഏഴരക്കോടിയിൽ തുടങ്ങിയ വിലപേശൽ നാലുകോടിയിൽച്ചെന്നു് അവസാനിച്ചു എന്നുപറയാം. കൊടുത്ത വിലയേക്കാൾ സൗകര്യങ്ങൾ കൊണ്ടും സ്ഥലത്തിന്റെ പ്രത്യേകതകൾ കൊണ്ടും ഫ്ലാറ്റ് വാങ്ങിയതു് ലാഭകരമാണെന്നാണു് ഡാഡി പറയുന്നതു്. എനിക്കും അതു ശരിതന്നെയെന്നു തോന്നി. ഓരോ മുറിയും ഫാൾസ് സീലിങ് ചെയ്തു് അതിൽ നിറയെ ഡെക്കറേറ്റീവ് ലൈറ്റുകൾ കൊടുത്തിരിക്കുന്നു. അതിമനോഹരമായ വലിയ ഓയിൽ പെയ്ന്റ ിങ്ങുകളാണു് ലിവിങ് റൂമിനേയും ഡൈനിങ് ഹാളിനേയും അലങ്കരിക്കുന്നതു്. അതിലൊന്നു് ലോക പ്രശസ്ത ചിത്രകാരൻ ‘എം. എഫ്. ഹുസൈന്റേ’താണെന്നു് പറയുമ്പോൾ ഡാഡിക്കു നൂറുനാവുകളാണു്. ബെഡ്റൂമിന്റെയത്ര തന്നെ വലുപ്പം വരുന്ന ബാത്ത്റൂമുകളാണു് മറ്റൊരു പ്രത്യേകത. മെയിഡ്സ് റൂമിനു് കുറച്ചു വലുപ്പക്കുറവുണ്ടെങ്കിലും അതിനും പ്രത്യേകമായി ബാത്ത്റൂം നൽകിയിട്ടുണ്ടു്. മൊത്തത്തിൽ സൂപ്പർ ലക്ഷ്വറി തോന്നിപ്പിക്കുന്ന ഒരു ഫ്ലാറ്റാണിതെന്നു് നിസ്സംശയം പറയാം.

ഡാൻഡിയാ നൃത്തത്തിന്റെ താളം മുറുകുന്ന ശബ്ദം കേട്ടുകൊണ്ടാണു് എന്റെ മുറിയിലെ ജനാലയുടെ സ്ലൈഡിങ് ഗ്ലാസ്സുകൾ ഞാൻ തുറന്നതു്. മുമ്പു് ഒരു തവണ ഇവിടെ വന്നിരുന്നുവെങ്കിലും വിസ്തരിച്ചു കാണുവാൻ അന്നെനിക്കു സാധിച്ചിരുന്നില്ല. പെയിന്റുപണി നടക്കുന്നതിനാൽ മുറികൾ മുഴുവനും, തുടയ്ക്കുന്ന തുണികൾകൊണ്ടും പേപ്പറുകൾകൊണ്ടും നിറഞ്ഞിരുന്നു. പോരാത്തതിനു് പെയിന്റ് ബക്കറ്റുകളും, അലൂമിനിയത്തിന്റെ ഗോവണികളും പലയിടത്തായി അലക്ഷ്യമായിക്കിടന്നിരുന്നു. ഇവയിലൊന്നും തട്ടാതെയും മുട്ടാതെയും വളരെ ശ്രദ്ധിച്ചായിരുന്നു അന്നു ഞാൻ ഈ ഫ്ലാറ്റിൽ നടന്നതു്. എനിക്കു് പരിചയമില്ലാത്ത പണിക്കാരായിരുന്നതിനാൽ അവർക്കിടയിലൂടെ നടക്കുവാനും ഒരു സ്വാതന്ത്ര്യം തോന്നിയില്ല.

വീരാറിലെ ഫ്ലാറ്റിൽനിന്നും അവിടെ ഉപയോഗിച്ചിരുന്ന സാധനങ്ങൾ മാറ്റുന്ന ദിവസം വീണ്ടും വരാൻ എനിക്കവസരം ലഭിച്ചുവെങ്കിലും ഡാഡി എന്നെ അതിനനുവദിച്ചില്ല. ഞാൻ കെഞ്ചിപ്പറഞ്ഞെങ്കിലും ‘പഠിക്കുന്ന കുട്ടിയാണു്’, ‘വെറുതെ സമയം കളയരുതു്’ എന്നൊക്കെപ്പറഞ്ഞു് അന്നെന്നെ ഡാഡി ഒഴിവാക്കി. ഞാൻ ഒറ്റ മോളായതുകൊണ്ടാകാം എന്റെ കാര്യത്തിൽ വളരെ സങ്കുചിതമായ ഒരു മനോഭാവമായിരുന്നു ഡാഡിയ്ക്കും മമ്മിയ്ക്കും. അതുകൊണ്ടുതന്നെ പുതിയ സ്ഥലത്തേക്കു് എന്നെ കൊണ്ടുപോകാത്തതിനു് എന്തെങ്കിലും കാരണങ്ങളുണ്ടാകുമെന്നു് ഞാൻ മനസ്സിൽ സമാധാനിച്ചു. സാധനങ്ങൾ മാറ്റുന്ന പണികളെല്ലാം ബൈക്കുളയിലെ ഏതോ ഖലാസിമാരെ വളരെ മുമ്പുതന്നെ ഡാഡി ഏല്പിച്ചിരുന്നതിനാൽ അതെല്ലാം അതിന്റെ വഴിക്കു് സുഗമമായി നടന്നു. മാറിത്താമസിക്കുക എന്ന ഒറ്റ കർത്തവ്യം മാത്രമേ അന്നെനിക്കുണ്ടായിരുന്നുള്ളൂ.

എന്റെ മുറിയിൽനിന്നും താഴേക്കു നോക്കിയപ്പോൾ താളംതെറ്റാതെ വടികൾ കൂട്ടിമുട്ടിക്കുന്ന ഗുജറാത്തി പെണ്ണുങ്ങളേയും അവരുടെ നിതംബങ്ങളെ തൊട്ടുമുട്ടി നിൽക്കുവാൻവെമ്പുന്ന ഒരു പുരുഷാരത്തേയും ഞാൻ കണ്ടു. ‘സി’ ആകൃതിയിലുള്ള ബിൽഡിംഗിന്റെ ഉൾവശത്തായി ബാസ്കറ്റ്ബോൾ കോർട്ടിനോളംവരുന്ന ഒരു മുറ്റം. അതിനുചുറ്റിലും ബിൽഡിങിനകത്തായി നിരനിരയായി വിവിധ നിറങ്ങളിലുള്ള മാല ബൾബുകൾ ഞാത്തിയിട്ടിരിക്കുന്നു. കാർപാർക്കിങ് സൗകര്യം ബിൽഡിങിന്റെ പുറംഭാഗത്തു് ക്രമീകരിച്ചിരുന്നതിനാൽ ഒരു കാറുപോലും ഉൾവശത്തു് കാണുവാനില്ല. മുറ്റത്തിന്റെ നടുഭാഗത്തായി രണ്ടുമൂന്നു ഷട്ടിൽ കോർട്ടുകൾ വരച്ചിട്ടുണ്ടു്. അതിനു മുകളിലാണിപ്പോൾ ഡാൻഡിയാ നൃത്തം നടക്കുന്നതു്. പത്തുമണിയായിക്കാണും എന്നുകരുതി ഞാൻ ക്ലോക്കിലേക്കു നോക്കി. സമയം പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു.

മാല ബൾബുകളുടെ വെളിച്ചത്തിൽ എതിർവശത്തുള്ള ഫ്ലാറ്റുകളെല്ലാം വ്യക്തമായി എനിക്കപ്പോൾ കാണാനുണ്ടായിരുന്നു. ഫ്ലാറ്റുകളിലെ പലമുറികളിലും ബൾബുകൾ പ്രകാശിക്കുന്നുണ്ടു്. അതിലൊരു മുറിയിലിരുന്നു് ഒരു ചെറുപ്പക്കാരൻ എന്നെ നോക്കുന്നതു പെട്ടെന്നാണു് എന്റെ ശ്രദ്ധയിൽപെട്ടതു്. ഞാനിതുവരെ എന്തേ അതു ശ്രദ്ധിക്കാതിരുന്നതു് എന്ന കുറ്റബോധത്തോടെ സ്ലൈഡിങ് ഗ്ലാസ്സുകളടച്ചു് ജനാലവിരികൾ മുഴുവനായി ഞാൻ നിവർത്തിയിട്ടു. ഇപ്പോൾ പുറത്തുനിന്നും നോക്കിയാൽ ആർക്കും എന്നെ കാണുവാൻ കഴിയില്ല. വിരികൾക്കിടയിലൂടെ ഞാൻ അയാളെ നോക്കി. എന്റെ മുറിയിലേയ്ക്കുള്ള കാഴ്ച മറഞ്ഞതിനാൽ അയാളുടെ നോട്ടമപ്പോൾ മറ്റെവിടേയ്ക്കോ ആയിമാറി.

ഞാൻ വീണ്ടും ലിവിംഗ്റൂമിലേക്കു് നടന്നു. സമയം പതിനൊന്നുകഴിഞ്ഞിട്ടും ഡാഡിയും മമ്മിയും ഉറങ്ങിയിരുന്നില്ല. അവർ സംസാരിച്ചുകൊണ്ടിരിക്കുകയാണു്. ഗുൽബീർസിംഗും ഭാര്യയും പരസ്പരം മിണ്ടാതിരുന്നതും, പിണക്കത്തിലുള്ള ദത്താസാമന്തും മിലിന്ത് കുൽക്കർണിയും ഒരുമിച്ചിരുന്നതുമൊക്കെയായിരുന്നു അവരുടെ സംസാരവിഷയം. എന്നെയുംകൂടി ഉൾപ്പെടുത്തുവാനെന്നവണ്ണം മമ്മിയെന്നോടു് എന്തൊക്കെയോ ചോദിച്ചു. എന്നാൽ എന്റെ താൽപര്യക്കുറവു മനസ്സിലാക്കി പഴയ വിഷയത്തിലേക്കുതന്നെ അവർ സംസാരം തിരിച്ചുകൊണ്ടുപോയി. അവരോടു് ഗുഡ്നൈറ്റ് പറഞ്ഞു് ഞാൻ എന്റെ മുറിയിലേക്കുപോന്നു. കുളിച്ചു് ഫ്രഷായിക്കഴിഞ്ഞപ്പോഴേക്കും കൊട്ടിന്റേയും പാട്ടിന്റേയും ശബ്ദം നിലച്ചിരുന്നു. അയാൾ അവിടെത്തന്നെയിരിപ്പുണ്ടോ എന്നറിയാൻ വിരികൾക്കിടയിലൂടെ ഞാൻ നോക്കി. അയാൾ അവിടെത്തന്നെയിരിപ്പുണ്ടു്. ഒന്നു പുറത്തേക്കു നോക്കുവാനോ ബാൽക്കണിയിലേക്കു് കടക്കുവാനോ പറ്റുന്നില്ലല്ലോയെന്നു് പിറുപിറുത്തുകൊണ്ടു് ഞാൻ ലൈറ്റണച്ചുകിടന്നു.

പിറ്റെദിവസം ഏകദേശം പത്തുമണിയായിക്കാണും ഞാൻ എഴുന്നേൽക്കുമ്പോൾ. തലേദിവസം കിടക്കുമ്പോഴുണ്ടായ അസ്വസ്ഥമായ ഓർമ്മകളാൽ, എഴുന്നേറ്റയുടനെ വിരികൾക്കിടയിലൂടെ അയാളുടെ മുറിയിലേക്കാണു് ഞാൻ നോക്കിയതു്. അയാളവിടെ വ്യായാമം ചെയ്യുകയാണു്. ‘എനിക്കിതെന്തുപറ്റി, അയാളെ നോക്കുകയല്ലാതെ എനിക്കു മറ്റൊരുപണിയുമില്ലേ? എന്റെ പ്രായത്തിന്റെ പ്രശ്നമായിരിക്കും.’ ഞാൻ സ്വയം പഴിചാരി അടുക്കളയിലേക്കു് നടന്നു. അവിടെ യാതൊരു അനക്കവുമില്ല. ലിവിങ് റൂമിലെത്തിയപ്പോൾ, വലിച്ചുവാരിയിട്ടിരിക്കുന്ന സമ്മാനപ്പൊതികൾ ഓരോന്നോരോന്നായി ഡാഡിയും മമ്മിയും തുറന്നുനോക്കി അടുക്കിവെക്കുകയാണു്. ഞാനും അവരോടൊപ്പംകൂടി. തലേദിവസത്തെ പാർട്ടിയുടെ ഭക്ഷണം ബാക്കിയുണ്ടായിരുന്നതിനാൽ ഉച്ചയ്ക്കും രാത്രിയും അതുതന്നെയായിരുന്നു മമ്മി വിളമ്പിയതു്. അന്നു മുഴുവനും മുറികൾ ഒതുക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങൾ. രാത്രിയായതുതന്നെ അറിഞ്ഞില്ല. ക്ഷീണംകൊണ്ടു് ലിവിങ് റൂമിലെ ടിവിയിൽനോക്കി സോഫയിൽ കിടന്നതുമാത്രം എനിക്കോർമ്മയുണ്ടു്.

ഉണർന്നെഴുന്നേറ്റയുടനെ ഞാൻ നേരെ എന്റെ മുറിയിലേക്കുനടന്നു. ആ വായ്നോക്കി അവിടെത്തന്നെയുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാൻ. അയാൾ അവിടെത്തന്നെയുണ്ടു്. എനിക്കു വലിയ നിരാശ തോന്നി. ഒരു സ്വകാര്യതയും ഇല്ലാത്ത ഒരു മുറിയുണ്ടായിട്ടു് എന്തു കാര്യം? എന്റെ വീരാറിലെ വിശാലമായ മുറിയാണു് എനിക്കപ്പോൾ ഓർമ്മവന്നതു്. ആ മുറിയിൽനിന്നും നോക്കിയാൽ പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണു് കണ്ണെത്താദൂരത്തോളം! വലിയ കൊക്കുകളെപ്പോലെ തോന്നിക്കുന്ന ദേശാടനപ്പക്ഷികളുടെ ഒരു നിരതന്നെ അവിടെയുണ്ടാകും. ചിലച്ചുകൊണ്ടു് ബാൽക്കണിയിൽ വന്നിരിക്കുന്ന മൈനക്കൂട്ടമാണു് ഏറ്റവും കൗതുകകരം. ഈ ഫ്ലാറ്റിന്റെ വില നാലുകോടിയിൽനിന്നും കുറയില്ലെന്നു് ഗുജറാത്തി ഉറപ്പിച്ചുപറഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ വീരാറിലെ ഫ്ലാറ്റ് ഡാഡിക്കു് വിൽക്കേണ്ടിവന്നു. ഇനി അതൊക്കെ ഓർമ്മകൾമാത്രം. ഫ്ലാറ്റ് വിറ്റതിനെ ശപിച്ചുകൊണ്ടും പിറുപിറുത്തുകൊണ്ടും രണ്ടുംകൽപ്പിച്ചു് ഞാൻ ജനാലയുടെ സ്ലൈഡിംഗ് ഗ്ലാസുകൾ തുറന്നുവെച്ചു. അയാളെ ശ്രദ്ധിക്കാതെ, കയ്യിൽകിട്ടിയ ഒരു മാസികയെടുത്തു് വായിക്കുവാൻ തുടങ്ങി. എന്നാൽ ഒട്ടും ശ്രദ്ധകിട്ടാതെ ആ ഉദ്യമം പെട്ടെന്നുതന്നെ ഞാൻ ഉപേക്ഷിച്ചു. സ്ലൈഡിംഗ് ഗ്ലാസ്സുകൾ ദേഷ്യത്തിൽ വലിച്ചടയ്ക്കുന്ന ശബ്ദംകേട്ടു് മമ്മി മുറിയിലേക്കുവന്നുവെങ്കിലും എന്റെ മുഖത്തു് യാതൊരു ഭാവമാറ്റവും കാണാതെ മമ്മി തിരിച്ചുപോയി. മമ്മിയോടിതെല്ലാം പറയുവാനുള്ള മാനസികാവസ്ഥ അന്നേരം എനിക്കുണ്ടായിരുന്നില്ല.

തുടർന്നും വിരികൾക്കിടയിലൂടെ ഇടക്കിടെ അയാളുടെ ഫ്ലാറ്റിലേക്കു് ഞാൻ നോക്കുമായിരുന്നു. അയാളെ അവിടെക്കാണും എന്നുറപ്പിച്ചുതന്നെയാണു് നോക്കാറുള്ളതു്. എന്റെ പ്രതീക്ഷ തെറ്റാറില്ല. അയാളെ അവിടെ കാണുകതന്നെ ചെയ്യും! അടുത്ത രണ്ടുമൂന്നുദിവസങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്റെ മുറിയും ഡാഡിയും മമ്മിയും കിടക്കുന്ന മുറിയും തമ്മിൽ പരസ്പരം മാറാമെന്നുവെച്ചാലും കാര്യമില്ല. അവരുടെ മുറിയുടെ ജനാലയും നേരെതുറക്കുന്നതു് അയാളുടെ മുറിയുടെ ഭാഗത്തേക്കുതന്നെയാണു്. മമ്മിയോടോ ഡാഡിയോടോ ഇതിനെക്കുറിച്ചു് പറഞ്ഞാൽ അവർ ചിരിക്കുകയേ ഉള്ളൂ. നീ എന്തിനാണു് അയാളെ നോക്കുന്നതു് എന്ന മറുചോദ്യവും ഉറപ്പാണു്.

images/biju-ormachirathukal.jpg

ഇത്തവണ വിരികൾക്കിടയിലൂടെ നോക്കുമ്പോൾ നവരാത്രി മണ്ഡപത്തിനുചുറ്റും സംസാരിച്ചുകൊണ്ടുനിൽക്കുന്ന ഒരുപറ്റം ചെറുപ്പക്കാരെ നോക്കിയാണു് അയാളുടെയിരിപ്പു്. സമപ്രായക്കാരെ കണ്ടിട്ടും അയാൾ അവരുടെയടുത്തേക്കു് പോകാത്തതു കണ്ടു് എനിക്കു് അതിശയമായി. ലിവിങ് റൂമിലിരിക്കെ പെട്ടെന്നാണു് എന്റെ മനസ്സിലേക്കു് ആ സംശയം കടന്നുവന്നതു്. അല്ലാ; അയാൾ വല്ല രോഗിയുമായിരിക്കുമോ? ഏതു നേരവും അയാൾ ആ മുറിയിൽത്തന്നെയല്ലേ ഇരിക്കുന്നതു? ഡാൻഡിയാ നൃത്തമുണ്ടായിരുന്ന ഒരൊറ്റ ദിവസംപോലും അയാൾ ആ മുറിക്കു് പുറത്തിറങ്ങിയിട്ടുണ്ടെന്നു് തോന്നുന്നില്ല. അയാളുടെ മമ്മിയെയോ ഡാഡിയെയോ ഇടക്കു് ആ മുറിയിൽ കാണാമെന്നതൊഴിച്ചാൽ ഏതുസമയവും അയാൾ ഒറ്റയ്ക്കാണിരുപ്പു്. മിക്കസമയവും അയാൾ വായനയിലായിരിക്കും. അതുമല്ലെങ്കിൽ പുറത്തേക്കു നോക്കിയിരിക്കുന്നുണ്ടാകും. അസുഖം തന്നെയാകുമോ? ‘ഏയ്, അതാവില്ല’, ‘അയാൾ നന്നായി വ്യായാമം ചെയ്യുന്നുണ്ടു്’, ‘മട്ടും ഭാവവും കണ്ടിട്ടു് മല്ലൂസ് ആണെന്നാണു് തോന്നുന്നതു്’ ഞാൻ മനോഗതം പറഞ്ഞു.

വീരാറിലായിരുന്നെങ്കിൽ കൂട്ടുകാരുടെ വീട്ടിലേക്കെല്ലാം ഇടയ്ക്കൊക്കെ പോകാമായിരുന്നു. ഇവിടെയിരുന്നു് എത്രനേരം ഫോണിലൂടെ അവരോടു് സംസാരിക്കും? പുതിയ ഫ്ലാറ്റിലേക്കിതുവരെ അവരെ കൊണ്ടുവരാൻ കഴിയാത്തതിനാൽ ഇവിടത്തെ വിശേഷങ്ങളും പറയാൻ കഴിയുന്നില്ല. അടുത്തയാഴ്ചതന്നെ അവരെ പുതിയഫ്ലാറ്റിലേക്കു് കൊണ്ടുവരണം; ഇത്തവണ കേയ്ക്കിനുപകരം ഏതെങ്കിലും പുതിയ ഒരു ഡിഷുണ്ടാക്കി അവരെ അമ്പരപ്പിക്കണം; ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അയാളുടെ ശല്യം കാരണം പകൽ സമയം മുഴുവും ഞാൻ ലിവിങ് റൂമിൽതന്നെ ചിലവഴിച്ചു കൊണ്ടിരുന്നു. ജനാല തുറന്നാൽ കാണുന്ന അയാളുടെ രൂപം എന്റെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നതിനാൽ ഇടക്കെപ്പോഴെങ്കിലും എന്റെ മുറിയിലേക്കു് പോയെങ്കിലായി. ഓരോ ദിവസവും എന്റെ അസ്വസ്ഥത കൂടിക്കൂടിവന്നു. മമ്മിയോടോ ഡാഡിയോടോ ഇതൊക്കെയൊന്നു പറഞ്ഞു് മനസ്സിൽനിന്നും ഇറക്കിവെയ്ക്കണമെന്നു് പലതവണ തോന്നിയതാണു്. എന്നാൽ പറയാൻ തുടങ്ങുന്നതിനു മുമ്പു് എന്തെങ്കിലും തരത്തിൽ ആ സംസാരം നടക്കാതെപോകും.

നവരാത്രിയുടെ മുടക്കുദിവസങ്ങൾ കഴിഞ്ഞു് ക്ലാസ്സുകൾ തുടങ്ങിയപ്പോൾ രണ്ടുംകല്പിച്ചാണു് അയാളുടെ ഫ്ലാറ്റിലേക്കു ഞാൻ പോയതു്. അയാളാരെന്നു് അറിഞ്ഞിട്ടുതന്നെകാര്യം എന്നായിരുന്നു എന്റെ മനസ്സിൽ. ഒന്നു സംസാരിച്ചാൽ ഈ വിഷമമൊക്കെ മാറാവുന്നതേ ഉള്ളൂ എന്ന മനസ്സിന്റെ മന്ത്രണം എന്നെ കീഴ്പ്പെടുത്തിയെന്നുവേണം പറയാൻ. അയാളുടെ ഫ്ലാറ്റിലേക്കു പോകുന്നകാര്യം ഞാൻ ഡാഡിയോടോ മമ്മിയോടോ സൂചിപ്പിച്ചില്ല. ‘ഞാനെന്തിനു പേടിക്കണം!’ എന്ന ഒരു കൗമാരക്കാരിയുടെ തന്റേടം അന്നേരം എനിക്കെവിടെനിന്നോ കിട്ടിയിരുന്നു. ഓൾ സെയിന്റ്സ് കോളേജിലെ ഡിഗ്രി ഫൈനലിയറിനു പഠിക്കുന്നതിന്റെ ഒരു ചങ്കൂറ്റവുമുണ്ടായിരുന്നു കൂട്ടിനു്. കോളേജിൽനിന്നും വരുന്നവഴി ഞാൻ നേരെ അയാളുടെ ഫ്ലാറ്റിലേക്കു കയറിച്ചെന്നു. കോളിങ് ബെല്ലടിച്ചു് അധികം വൈകാതെ തന്നെ പ്രൗഢയായ ഒരു സ്ത്രീ ഫ്ലാറ്റിന്റെ വാതിൽ തുറന്നു. അവരെന്നെ അടിമുടിയൊന്നു നോക്കി; ഞാൻ തിരിച്ചും. സാരിത്തലപ്പു് ഇടത്തേക്കാണു് ഇട്ടിരിക്കുന്നതു്. അയാളുടെ മമ്മിയായിരിക്കും. മല്ലൂസു് തന്നെ! ഞാൻ ആത്മഗതം ചെയ്തു.

“ക്യാ ചാഹിയേ (എന്തു് വേണം)?”, ആ സ്ത്രീ എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ ചോദിച്ചു.

ആ സ്ത്രീയുടെ ചോദ്യത്തിനു് ഒരു മറുചോദ്യമാണു് ഞാൻ തിരിച്ചു പറഞ്ഞതു്: “അന്തർ ആ സക്തി ഹേ ക്യാ മാ (അകത്തു കടക്കട്ടെ അമ്മേ)?”

എനിക്കു് മറുപടി തരാതെ ആ സ്ത്രീ മകനെ വിളിച്ചു: “തിയഡോർ, ഒരു കുട്ടി വന്നിരിക്കുന്നു. നോക്കൂ”.

നല്ല സ്ഫുടമായ മലയാളഭാഷയിൽ അവർ സംസാരിച്ചപ്പോൾ എന്റെ ഒരു നിഗമനം ശരിയായി എന്ന തോന്നലിൽ ഞാൻ ഗർവ്വിഷ്ടയായി; അവർ മലയാളികൾത്തന്നെ!

ആ സ്ത്രീയുടെ വിളികേട്ടു് അയാൾ വാതിലിനരികിലേക്കു വന്നു. വെളുത്തു സുന്ദരനായ ഒരു ചെറുപ്പക്കാരൻ! ആർമി സ്റ്റൈലിൽ മുടി പറ്റെ വെട്ടിയിട്ടുണ്ടു്. വെളുത്ത കൈയ്യില്ലാത്ത കട്ടിയുള്ള ടീഷർട്ടും ബർമൂഡാ ട്രൌസറുമാണു് വേഷം. കൃത്യമായ വ്യായാമം ചെയ്യുന്നതിനാൽ കൈകളിലെ മസിലുകൾ പുറത്തേക്കു് തുറിച്ചുനിന്നിരുന്നു. എന്റെ ഫ്ലാറ്റിൽനിന്നും നോക്കുമ്പോൾ അയാൾക്കു് ഇരുണ്ടനിറമായിരുന്നു തോന്നിച്ചിരുന്നതു്. അതുകൊണ്ടുകൂടിയാണു് ‘മല്ലു’ എന്ന നിഗമനത്തിൽ ഞാൻ എത്തിയതു്. എന്നാൽ നിറത്തിന്റെ കാര്യത്തിൽ എനിക്കു് ചെറിയൊരു തെറ്റുപറ്റി.

“മമ്മാ, ഇതു് സോഫിയ; മലയാളിയാണു്. നമ്മുടെ എതിർവശത്തുള്ള മുന്നൂറ്റേഴാം നമ്പർ ഫ്ലാറ്റിലെ കുട്ടിയാണു്. കുട്ടി അകത്തേക്കു വരൂ”, അയാൾ ചെറിയ മന്ദസ്മിതത്തോടെ എന്നെ ഫ്ലാറ്റിലേക്കു് ക്ഷണിച്ചുകൊണ്ടു് പറഞ്ഞു.

എന്റെ പേരെടുത്തു പറഞ്ഞു് അഭിസംബോധന ചെയ്തപ്പോൾ ഞാൻ പെട്ടെന്നു് സ്തബ്ധയായി. എന്റെ പരിഭ്രമം അറിയിയ്ക്കാതിരിക്കുവാൻ ഞാൻ ചെറുതായൊന്നു പുഞ്ചിരിച്ചു.

ആ ചിരിയുടെ ഭാഷയും, വിളറിവെളുത്ത മുഖവും കണ്ടു് അയാൾ പറഞ്ഞു: “കുട്ടി, ഞാൻ നിങ്ങളുടെ പേരു പറഞ്ഞതുകേട്ടു് പരിഭ്രമിക്കേണ്ട. പുതിയ വീട്ടുകാർ വരുന്ന കാര്യമൊക്കെ നാത്തൂർ (വാച്ച്മാൻ) എന്നോടു് പറഞ്ഞിരുന്നു. നിങ്ങളുടെ വീടിന്റെ, മുമ്പത്തെ ഓണറായ ഗുജറാത്തി, അയാളെയാണു് നിങ്ങളുടെ ഫ്ലാറ്റ് വിൽക്കാൻ ഏല്പിച്ചിരുന്നതു്.”

ഞാൻ അകത്തേക്കു കടന്നു് സോഫയിലിരുന്നപ്പോൾ അയാൾ തുടർന്നുപറഞ്ഞു: “ഇവിടത്തെ ഫ്ലാറ്റുകളിലെ ഓരോ വിശേഷവും കുറച്ചുസമയമെങ്കിലും ഷെയർ ചെയ്യാതെ നാത്തൂർ പോകാറില്ല. അതിന്റെ കൂട്ടത്തിൽ നിങ്ങൾ ഇവിടേക്കുവരുന്ന വിശേഷവും പങ്കുവെച്ചിരുന്നു. അവിടെ വീടുമാറ്റത്തിന്റെ പാർട്ടി നടന്നപ്പോൾ വിളിക്കാത്തതിന്റെ ചെറിയൊരു പരിഭവം നാത്തൂരിനുണ്ടെന്നുതോന്നുന്നു. വീടുമാറ്റത്തിനു് നാത്തൂരിനെ ക്ഷണിക്കുന്നതു് ഇവിടത്തെ ഒരു മര്യാദയാണു്. പോരാത്തതിനു് നാത്തൂർ മുഖേനയല്ലേ ഈ ഫ്ലാറ്റ് നിങ്ങൾക്കു് കിട്ടിയതു്?”

“അയ്യോ, അതു് സത്യമല്ലാട്ടോ” ഞാൻ ഉടനെ മറുപടി പറഞ്ഞു. പെട്ടെന്നായിരുന്നു ഡാഡിയുടെ കൂട്ടുകാരൻ വഴിയാണു് ഫ്ലാറ്റ് വാങ്ങിയതെന്ന കാര്യം എന്റെ ഓർമ്മയിൽ വന്നതു്. അവരുമായി കുറേനേരം ഞാൻ സംസാരിച്ചിരുന്നു. വീരാറിലെ വീടുവിറ്റ കാര്യവും വീടുമാറാനുണ്ടായ സാഹചര്യവും, എന്റെ വീട്ടുകാരെക്കുറിച്ചും, അയാളുടെ നോട്ടത്തെക്കുറിച്ചും, എന്റെ സ്വസ്ഥത നഷ്ടപ്പെട്ടതിനെക്കുറിച്ചും, അയാൾക്കു് അസുഖമാണോ എന്നു് തെറ്റിദ്ധരിച്ചതുമടക്കം ഇപ്പോൾ ഞാൻ പഠിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്കു് വിഷയങ്ങളായി. ഏകദേശം ഒന്നരമണിക്കൂറോളം ഞാനവിടെ ചിലവഴിച്ചു.

ഇറങ്ങാൻ നേരം അയാൾ പറഞ്ഞു:

“കുട്ടി ‘ബി. എ.’ ഇക്കണോമിക്സ് എടുത്തതു് നന്നായി. ഞാൻ ഡിഗ്രിക്കു് കോമേഴ്സാണു് എടുത്തതു്. ഐ. എ. എസിനു് ഇക്കണോമിക്സ് എടുക്കുന്നതായിരിക്കും കൂടുതൽ നന്നാവുക. കോച്ചിങ് ക്ലാസ്സിൽ പോയി പഠിക്കുന്നതിനേക്കാൾ ഗുണംചെയ്യുക ഇന്റർനെറ്റിലൂടെയുള്ള ഓപ്പൺ ക്ലാസ്സുകളായിരിക്കും. ശ്രദ്ധതെറ്റാതെ ഇരുന്നു് പഠിച്ചാൽ കിട്ടും എന്നുറപ്പാണു്. എന്റെ കൂട്ടുകാരന്റെ അനുഭവമാണു് ഞാൻ പറഞ്ഞതു്. അതുകൊണ്ടുകൂടിയാണു് ഞാൻ മുറിക്കു പുറത്തേക്കിറങ്ങാതെയിരുന്നു് പഠിക്കുന്നതു്. അല്ലാതെ വായ്നോക്കുന്നതല്ലാട്ടോ.” ഇതു കേട്ടു് ഞാനും അവന്റെ മമ്മയും പെട്ടെന്നു് ചിരിച്ചുപോയി.

ഈ കണ്ടുമുട്ടലിനുശേഷം ഞങ്ങളുടെയിടയിൽ സൗഹൃദം വളർന്നതു് വളരെ വേഗത്തിലായിരുന്നു. പലപ്പോഴും ഒരു വഴക്കിലൂടെയാണല്ലോ നമ്മൾ പലരേയും തിരിച്ചറിയുക. എന്നാൽ സൗഹൃദത്തിനപ്പുറത്തുള്ള ഒരു സംസാരവും ഞങ്ങൾക്കിടയിലില്ലായിരുന്നു. ഒരു കൂട്ടുകാരനോടെന്നതുപോലെ എന്റെ വീട്ടിലേയും കോളേജിലേയും ഓരോ അനുഭവങ്ങളും ഞാൻ അവനുമായി പങ്കുവെച്ചു. ഞാനും ഐ. എ. എസിനു് ശ്രമിക്കുന്നതിനാൽ അവനുമൊത്തുള്ള പഠനത്തിനു് ഒരു അടുക്കും ചിട്ടയും കൂടുതലുണ്ടായി എന്നുമാത്രം. എന്റെ മുറിയിലിരുന്നാൽ അവനെ കാണാമെന്നതിനാൽ അവിടെയിരുന്നു് പഠിക്കുവാൻ പ്രത്യേകമായൊരു താൽപര്യവും എനിക്കുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. അവന്റെ മമ്മയ്ക്കും ഡാഡിക്കും എന്നെ വളരെ കാര്യമായിരുന്നു. ഞങ്ങൾ തമ്മിൽ നല്ലതരത്തിലുള്ള സൗഹൃദമാണെന്നു് അറിയാവുന്നതിനാൽ അവന്റെ വീട്ടിൽ പോകുന്നതും ഞങ്ങളുടെ കൂടിക്കാഴ്ചകളും എന്റെ ഡാഡിയും മമ്മിയും എതിർത്തതുമില്ല.

മാസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെമേൽ വലിയൊരു സ്വാർത്ഥത എനിക്കനുഭവപ്പെടുവാൻ തുടങ്ങി. അവനെ ഒരു ദിവസം കണ്ടില്ലെങ്കിൽ എനിക്കു് ആകെ ഒരസ്വസ്ഥതയാണു്. അവൻ എവിടേക്കെങ്കിലും പോകുന്നുവെന്നു പറഞ്ഞാൽ, ‘എവിടെ പോകുന്നു?’ ‘എന്തിനു പോകുന്നു?’ ‘എപ്പോൾ തിരിച്ചു വരും?’ എന്നൊക്കെ ഞാൻ തിരക്കുവാൻ തുടങ്ങി. എന്നാൽ ഇതിനെല്ലാം വ്യക്തമായ മറുപടി നല്കുമെന്നല്ലാതെ എന്റെ ചോദ്യങ്ങളുടേയും വികാരങ്ങളുടേയും അന്തഃസത്ത മനസ്സിലാക്കാൻ കഴിയാതെയാണോ, അതോ കഴിയാത്തതുപോലെ അഭിനയിക്കുകയാണോ അവനെന്ന സംശയം പലപ്പോഴും എന്നിലുണ്ടായി. എന്റെ നോട്ടത്തിലൂടെയും സ്പർശനങ്ങളിലൂടെയുമെല്ലാം എന്നോടുള്ള അവന്റെ മനോഭാവമറിയാൻ ഞാൻ ശ്രമിച്ചെങ്കിലും ഒരു സൂചനയും അവനെനിക്കു തന്നില്ല. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടു് ഒരുതവണ ഞാനവനു് എഴുതിയതാണു്. എന്നാൽ എന്തുകൊണ്ടോ അതു് കൊടുക്കാൻ എനിക്കു് മനസ്സുവന്നില്ല. അവനു് എന്നോടു് അത്തരമൊരു മനോഭാവമില്ലെങ്കിൽ പിന്നീടതൊരു ബുദ്ധിമുട്ടാകുമെന്ന തോന്നലിൽ ഞാനതു് കീറിക്കളഞ്ഞു. എങ്കിലും നിവൃത്തിയില്ലാതെ ഒരുദിവസം എന്റെ ഈ അവസ്ഥ ഞാൻ അവനോടു് തുറന്നുപറഞ്ഞു.

എന്നാൽ അവന്റെ മറുപടി വളരെ തണുത്തതും തത്വചിന്താപരവുമായിരുന്നു: “സോഫിയാ, എനിക്കു് അങ്ങനെയൊന്നും തോന്നുന്നില്ല. പഠനത്തിൽനിന്നും നിന്റെ ചിന്തകൾ വ്യതിചലിക്കുന്നുവെന്നു കരുതിയാൽ മാത്രംമതി. എന്റെ മുൻപിലിപ്പോൾ ഐ. എ. എസ്. എന്ന മൂന്നക്ഷരംമാത്രമേയുള്ളൂ. ഞാനിങ്ങനെ പറയുമ്പോൾ നിനക്കെന്തു തോന്നും എന്നും എനിക്കറിയില്ല. എന്നാലും ഞാൻ പറയട്ടെ, എനിക്കു് ബ്രഹ്മചര്യമാണു് കൂടുതൽ ചേരുക. എന്നുകരുതി വൈദികനാകാനൊന്നും എന്നെക്കിട്ടില്ല കേട്ടോ. ബ്രഹ്മചര്യവ്രതമെടുക്കുവാൻ, വൈദികനാവണം എന്നൊന്നുമില്ലല്ലോ? ഈ ഒരു ചിന്തയിൽനിന്നും തൽക്കാലമെന്നെ മാറ്റാനാവില്ലെന്നു സാരം”.

അവന്റെ മറുപടിയിൽ എനിക്കു പൂർണ്ണമായ വ്യക്തതയുണ്ടായിരുന്നു. സ്നേഹത്തോടെയും കരുതലോടെയുമാണു് അവൻ ഇത്രയും പറഞ്ഞതു്. ഈയൊരു സംസാരത്തിനുശേഷം, അവന്റെയടുത്തു്, മുൻപുണ്ടായിരുന്നത്ര സ്വാതന്ത്ര്യമെടുക്കുവാൻ കഴിയുന്നില്ലെന്നു് ഞാൻ തിരിച്ചറിഞ്ഞു. അവൻ എന്നെക്കുറിച്ചു് എന്തു കരുതിയിരിക്കും എന്ന ചിന്തയാണു് എന്നെ കൂടുതൽ ആകുലയാക്കിയതു്. ഇത്രയും കാലത്തിനിടയിൽ ആകെ അടുപ്പം തോന്നിയ ഒരേയൊരാളായിരുന്നു അവൻ. അതുകൊണ്ടുതന്നെ ജീവിതത്തോടു് ആകെ മടുപ്പുതോന്നിയ ഒരു കാലഘട്ടമായിരുന്നു അതു്. പഠിക്കാനുള്ള എന്റെ സർവ്വ താൽപര്യങ്ങളും അതോടെ തീർന്നിരുന്നു. ഐ. എ. എസിനുള്ള പഠിപ്പൊക്കെ വിട്ടു് എങ്ങിനെയെങ്കിലും ഡിഗ്രിയൊന്നു കടന്നുകൂടിയാൽ മതിയെന്നായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത. എന്റെ മുറിയിലെ ജനാല തുറന്നിടുന്നതുതന്നെ വളരെ അപൂർവ്വമായി. അവന്റെ വീട്ടിലേക്കു ചില പുസ്തകങ്ങൾ വാങ്ങാനും കൊടുക്കാനുമായി മാത്രം ഞാൻ ഇടയ്ക്കൊന്നു പോകും. അതിന്റെ പ്രധാന ഉദ്ദേശ്യം അവന്റെ മമ്മയും എന്റെ മമ്മിയും ഇതൊന്നും അറിയരുതേയെന്ന ഒരേയൊരു ചിന്തയായിരുന്നു. അവിടെയെത്തിയാൽ സംസാരം അധികം ദീർഘിപ്പിക്കാതെ പെട്ടെന്നു തന്നെ ഞാൻ തിരിച്ചുപോരും. അന്നേരമൊന്നും ഒരിക്കൽപ്പോലും ഒരു ഭാവപ്പകർച്ചയും അവന്റെ പെരുമാറ്റത്തിൽ ഉണ്ടായിട്ടില്ല. ഡിഗ്രി അവസാന പരീക്ഷയുടെ സമയമായപ്പോഴേക്കും ഞങ്ങളുടെ കൂടിക്കാഴ്ചകൾ തീരെ മുടങ്ങിയിരുന്നു. റിസൾട്ട് വന്നപ്പോഴായിരുന്നു പിന്നെ ഞാൻ അവനെ കാണാൻ പോയതു്. അന്നവൻ പനിപിടിച്ചു് മൂടിപ്പുതച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു. അവന്റെ മമ്മിയുമായി മധുരം പങ്കുവെച്ചും കുശലാന്വേഷണങ്ങൾ നടത്തിയും പെട്ടെന്നുതന്നെ ഞാൻ തിരിച്ചുപോന്നു.

ഇതിനിടയിലുണ്ടായ ചില സംഭവങ്ങൾ അവനെക്കുറിച്ചുള്ള ചിന്തകളിൽനിന്നും അകലുവാൻ എന്നെ വല്ലാതെ സഹായിച്ചിരുന്നു. അതിലേറ്റവും രസകരമായതു് ചില പൂവാല ശല്യങ്ങളായിരുന്നു. ഇത്രയുംകാലം കോളേജിൽ പഠിച്ചിട്ടും ഒരാളോടും പ്രത്യേക അടുപ്പമോ സൗഹൃദമോ കാണിക്കാത്ത എനിക്കു്, ഇടക്കിടെ വരുന്ന ഫോൺകോളുകൾകണ്ടു് മമ്മിയാണു് പറഞ്ഞതു് ഇതേതോ പൂവാലനാണല്ലോടീ നിന്നെ വിളിക്കുന്നതെന്നു്! ആരു ഫോണെടുത്താലും മറുഭാഗത്തു നിന്നും സംസാരമില്ലാതെ കേട്ടു നിൽക്കും. ‘പൂവാലൻ’ എന്ന വാക്കു കേൾക്കുന്നതുതന്നെ ഞാൻ ആദ്യമായിരുന്നു. ഇടക്കിടെ ഫോൺവിളികൾ പതിവായതോടെ മമ്മി അക്കാര്യം ഡാഡിയോടു് പറഞ്ഞു. പിന്നെയെപ്പോഴോ അയാൾ വിളിച്ചപ്പോൾ ഡാഡിയായിരുന്നു ഫോണെടുത്തതു്. ‘ഹലോ’ എന്നു് മൂന്നു തവണ പറഞ്ഞിട്ടും മറുഭാഗത്തുനിന്നും യാതൊരു മറുപടിയും കിട്ടാതായപ്പോൾ ഡാഡിയുടെ മനോനിലതെറ്റിയെന്നുവേണം പറയാൻ. മറാട്ടിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും മാറിമാറിയായിരുന്നു തെറിയുടെ അഭിഷേകം! ആ പൂവാല ശല്യം അതോടെ നിന്നു.

വെറുതെയിരുന്നു മുഷിയേണ്ടെന്നു കരുതി അക്കാലത്തു് ഞാൻ കുറച്ചുസമയം കംപ്യൂട്ടർ പഠിക്കാനും, ബേങ്കിങ് കോച്ചിങിനുമായി പോയിരുന്നു. എന്നാൽ അതൊന്നുമെന്റെ താൽപര്യത്തിനു ചേരുന്നവയായിരുന്നില്ല. ദൈവഭാഗ്യംകൊണ്ടു് അധികം വൈകാതെ എന്റെ വിവാഹം നടന്നു. എന്റെ ഡാഡിയെ, ഓസ്റ്റിന്റെ പപ്പാ നേരിട്ടു വിളിച്ചാണു് പെണ്ണുകാണാൻ വന്നതു്. ഏതോ ഒരു പരിചയക്കാരൻ വഴിയാണു് അവരെന്നെക്കുറിച്ചു് അറിഞ്ഞത്രേ! ഓസ്റ്റിനെ കണ്ടപ്പോൾ തിയഡോറിന്റെ അതേ പ്രകൃതമാണെന്നാണു് എനിക്കുതോന്നിയതു്. വിവാഹത്തിനുമുമ്പു് എന്നോടു് തനിച്ചു സംസാരിക്കണമെന്നോ, പുറത്തുപോയി കറങ്ങി വരണമെന്നോ തുടങ്ങിയുള്ള യാതൊരുവിധ ആവശ്യങ്ങളും ഓസ്റ്റിനിൽനിന്നും ഉണ്ടായില്ല. അന്നു കണ്ടതല്ലാതെ ഒരിക്കൽപോലും വിവാഹ ദിവസംവരെ ഓസ്റ്റിനെന്നെ വിളിച്ചിരുന്നുമില്ല. ഉൾവലിഞ്ഞ പ്രകൃതക്കാരനായ തിയഡോറിനെ അടുത്തറിഞ്ഞിരുന്നതിനാൽ എനിക്കെന്തോ ഓസ്റ്റിനിലൊരു പരിഭവവും തോന്നിയില്ല. ഏതുവിവാഹ വസ്ത്രം ധരിക്കണമെന്നു ചോദിച്ചു് ഞാനൊരിക്കൽ ഓസ്റ്റിനെ വിളിച്ചിരുന്നു. അതൊക്കെ ഇഷ്ടം പോലെയായിക്കോളൂ എന്ന മറുപടിയാണു് അന്നെനിക്കു കിട്ടിയത്. ഇതിനിടയിൽ ക്ഷണക്കത്തടിക്കലിന്റേയും പാർട്ടിയുടേയുമെല്ലാം ചർച്ചകൾ വീട്ടിൽ പൊടിപൊടിക്കുന്നുണ്ടായിരുന്നു. വിവാഹം ക്ഷണിക്കാൻ മമ്മിയോടൊത്തായിരുന്നു ഞാൻ തിയഡോറിന്റെ ഫ്ലാറ്റിൽ പോയതു്. ഒരുപക്ഷേ, എന്റെ മനസ്സിലെ വിഷമംകൊണ്ടോ ജാള ്യതകൊണ്ടോ ആകാം വളരെ ഔപചാരികമായിരുന്നു എന്റെ ക്ഷണം. ആ ക്ഷണത്തിൽ അവനും മമ്മയും വിവാഹത്തിനു് എത്തിയില്ല എന്നതാണു് വാസ്തവം.

ലോവർപറേലിലെ ഓൾ സെയിന്റ്സ് കോളേജിന്റെ അടുത്തുതന്നെയാണു് ഓസ്റ്റിന്റെ വീടു്. ഓസ്റ്റിൻ സി. എ. കഴിഞ്ഞു് ദാദറിൽ പ്രാക്ടീസ് ചെയ്യുകയാണു്. വിവാഹം കഴിഞ്ഞു് രണ്ടാഴ്ചക്കുള്ളിൽത്തന്നെ എനിക്കു് എം. എ.-ക്കു് അതേ കോളേജിൽ പ്രവേശനം കിട്ടിയതിനാൽ ഞങ്ങളുടെ ഹണിമൂൺ ട്രിപ്പൊന്നും നടന്നില്ല. രാത്രി പത്തുമണി കഴിഞ്ഞു് വീട്ടിലെത്തുന്ന ഓസ്റ്റിനു് അതൊന്നും ചിന്തിക്കാൻപോലും സമയവും ഉണ്ടായിരുന്നില്ല. വീടും കോളേജുമായി ഞാൻ ഒതുങ്ങിക്കൂടി എന്നു പറയാം. ഞാൻ ഇടയ്ക്കൊക്കെ ലോക്കന്റ് വാലയിലേക്കു് പോകും. എന്നാൽ തിയഡോറിനെ കാണാനോ സംസാരിക്കാനോ മുതിരാറില്ലായിരുന്നു. അതെല്ലാം കൊഴിഞ്ഞ സ്വപ്നങ്ങളെന്നോ ചെറുപ്പത്തിന്റെ ചാപല്യങ്ങളെന്നോ കരുതി മനസ്സിന്റെ ഇരുണ്ട കോണിലേക്കു് ഞാൻ മാറ്റിക്കളഞ്ഞിരുന്നു. എങ്കിലും ഇടക്കൊക്കെ ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി തിയഡോർ മനസ്സിലെത്തും.

ഒരു ദിവസം ഓസ്റ്റിനും ഞാനും ഞങ്ങളുടെ വിവാഹത്തെക്കുറിച്ചു് സംസാരിക്കുകയായിരുന്നു. നാട്ടിൽനിന്നുമൊരു മലയാളിപ്പെണ്ണിനെ ആലോചിക്കാനായിരുന്നുവത്രേ ഓസ്റ്റിന്റെ ഡാഡിയുടെ ആഗ്രഹം. എന്നാൽ ബോംബെ കൾച്ചർ മനസ്സിലായി വരാൻതന്നെ സമയമെടുക്കുമെന്ന അവന്റെ അഭിപ്രായ സമ്മർദ്ദത്തിൽ പല വിവാഹാലോചനകളും പാതിവഴിയിൽത്തന്നെ മുടങ്ങിപ്പോയത്രേ! ഇതിനിടയിൽ ലോവർപറേലിൽ അവന്റെയൊപ്പം പഠിച്ചിരുന്ന തിയഡോറെന്ന കൂട്ടുകാരൻ വഴിയാണു് എന്നെക്കുറിച്ചുള്ള വിവരം ഓസ്റ്റിൻ അറിയുന്നതു്. തിയഡോർ എന്നു കേട്ടപ്പോൾ എന്നിലുണ്ടായ നടുക്കം ഓസ്റ്റിൻ ശ്രദ്ധിച്ചില്ല. തിയഡോർ എവിടെയാണു് താമസിക്കുന്നതെന്നു് ഓസ്റ്റിനു് ഇപ്പോൾ അറിയില്ല; കേരളത്തിലാണെന്ന സംശയം ഉണ്ടു്.

“സോഫിയാ, തിയഡോറിനെക്കുറിച്ചു് ഞാൻ നിന്നോടിതുവരെ ഒന്നും പറഞ്ഞിട്ടില്ലാലെ? എനിക്കേറ്റവും അടുപ്പമുള്ള ഒരു കൂട്ടുകാരനായിരുന്നു അവൻ. സൈക്കിളിങിൽ അവനടക്കം ഞങ്ങൾ നാലുപേർ കോളേജിൽനിന്നും യൂണിവേഴ്സിറ്റി ടീമിലുണ്ടായിരുന്നു. രണ്ടുതവണ ഞങ്ങൾളൊരുമിച്ചാണു് യൂണിവേഴ്സിറ്റി സൈക്കിളിങ് ചാമ്പ്യൻഷിപ്പിനു് നാഗ്പൂരിലേക്കു് ആയിരത്തോളം കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ചതു്. അവസാനം പോയപ്പോൾ മൂന്നുദിവസമെടുത്തായിരുന്നു ഞങ്ങൾ നാഗ്പൂരിൽ എത്തിയതു്. രാത്രിയാകുമ്പോൾ എവിടെയെങ്കിലും ഒരു തമ്പടിച്ചു് ഞങ്ങളുറങ്ങുമായിരുന്നു. തിയഡോറൊഴികെ ഞങ്ങൾ മൂന്നുപേരുടേയും ശബ്ദം നാഗ്പൂരെത്തിയപ്പോഴേക്കും അടച്ചിരുന്നു. മൽസരത്തിനു് രജിസ്ട്രേഷൻ നടത്താനും മറ്റും തിയഡോറിനു് സ്വരമുണ്ടായിരുന്നതുകൊണ്ടുമാത്രം അധികം ബുദ്ധിമുട്ടാതെ ഞങ്ങൾ രക്ഷപ്പെട്ടു. ഏറ്റവും രസകരമായതു് ഞങ്ങളുടെ മത്സരമായിരുന്നു. റിലേ മത്സരത്തിന്റെ ആദ്യ ലാപ്പിൽ ഏറ്റവും മുന്നിലായി തിയഡോർ എത്തിയെങ്കിൽ, നാലാമത്തെ ലാപ്പിൽ ഏറ്റവും അവസാനമായായിരുന്നു ഞാൻ ഫിനിഷ് ചെയ്തതു്. എന്നാൽ അവനിൽനിന്നും ഒരു കുറ്റപ്പെടുത്തലോ, പരിഭവമോ ഞങ്ങൾക്കെതിരെയില്ലായിരുന്നു. തിയഡോറിനെപ്പോലെ ഇത്രയും മിതഭാഷിയായ ഒരു ജെന്റിൽമേനെ ഞാനെന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല”, ഓസ്റ്റിൻ പറഞ്ഞു.

“ഉം”, ഞാൻ നിസ്സംഗതയോടെ ഒന്നു മൂളി. ഞാൻ അറിയുന്ന തിയഡോറും ഓസ്റ്റിൻ പറയുന്ന തിയഡോറും രണ്ടും രണ്ടാകണമേയെന്ന പ്രാർത്ഥനയായിരുന്നു എന്റെ മനസ്സിൽ. എന്റെ മുഖഭാവത്തിൽനിന്നും ഓസ്റ്റിനൊന്നും വായിക്കാനാകരുതേയെന്ന ചിന്തയിൽ ഞാൻ പെട്ടെന്നെന്തോ ചെയ്യുംപോലെ മുഖംതിരിച്ചു. ഓസ്റ്റിൻ തുടർന്നു പറഞ്ഞു: “അവൻ ഇപ്പോൾ ഏതോ ചികിത്സക്കായി കേരളത്തിൽ പോയി എന്നാണറിഞ്ഞതു്. കാണുവാൻ സാധിച്ചില്ലെങ്കിലും തുടർച്ചയായി ഇ-മെയിൽ വഴി ഞങ്ങൾ എഴുത്തുകുത്തുകൾ നടത്താറുണ്ടായിരുന്നു. കുറച്ചു കാലങ്ങളായി അതും നിന്നുപോയി. നമ്മുടെ വിവാഹത്തിനു കുറച്ചു മുൻപാണു് അവൻ വീണ്ടും ഇ-മെയിൽവഴി എനിക്കെഴുതിയതു്. നിന്നെക്കുറിച്ചു് അവൻ സൂചിപ്പിച്ചതും അന്നേരമാണു്. നിന്നെ പെണ്ണുകാണാൻ വന്നതിനുശേഷം വിശേഷങ്ങളെല്ലാം വിശദമായി ഞാനവനു് ഇ-മെയിലിൽ എഴുതിയിരുന്നു. എന്നാൽ അതിനവന്റെ മറുപടിയൊന്നും എനിക്കു കിട്ടിയില്ല. വിവാഹത്തിന്റെ ക്ഷണക്കത്തും ഞാൻ അയച്ചിരുന്നു. അതിനും മറുപടിയുണ്ടായില്ല.” വളരെ വിഷമത്തോടെയാണു് ഓസ്റ്റിൻ ഇത്രയും പറഞ്ഞു തീർത്തതു്.

വായന തുടരുന്നതിനിടയിൽ ജസീക്കാ മേഡം ചായയുമായി എത്തി. വിറയ്ക്കുന്ന കരങ്ങളോടെ ചായക്കപ്പു വാങ്ങുമ്പോൾ അവളുടെ കാൽവിരലുകൾ അറിയാതെ ചുരുണ്ടുപോയിരുന്നു; മുഖം വിളറിവെളുത്തിരുന്നു. അവളുടെ കയ്യിലെ നോട്ട്ബുക്ക് നോക്കി അവർ പറഞ്ഞു: “അവസാന ദിവസംവരെ ഈ പുസ്തകം അവന്റെ കയ്യിലുണ്ടായിരുന്നു. ഇതൊരു കഥയാണെന്നു് പറഞ്ഞിരുന്നെങ്കിലും ഒരിക്കൽപോലും ഇതൊന്നു് വായിക്കുവാൻ എനിക്കൊരവസരം അവൻ തന്നില്ല.”

ഒന്നു നെടുവീർപ്പിട്ടുകൊണ്ടു് അവർ തുടർന്നു പറഞ്ഞു: “നിന്നെക്കുറിച്ചു് നിന്നേക്കാൾ കൂടുതലായി അവനു് അറിയാമായിരുന്നു. നിന്റെ ഇടക്കിടെയുള്ള വരവായിരുന്നു അവന്റെ ആകെയുള്ള ആശ്വാസം. അതു് ഇല്ലാതായതോടെ അവൻ വീണ്ടും പഴയ മാനസികാവസ്ഥയിലായി. വീടിനു പുറത്തേക്കിറങ്ങാറേയില്ല. ജനാലക്കമ്പിയിൽ പിടിച്ചു്, പുറത്തേക്കു നോക്കി, ഒരേനില്പു നിൽക്കുന്നതു കാണുമ്പോൾ… ”, വിതുമ്പിക്കൊണ്ടാണു് അവർ ഇത്രയും പറഞ്ഞതു്. അവർക്കു പിന്നെ കരച്ചിലടക്കാൻ കഴിഞ്ഞില്ല.

ചായക്കപ്പു് ടീപ്പോയിൽവെച്ചു്, രണ്ടു കൈകൾക്കൊണ്ടും മുഖംപൊത്തി വിതുമ്പിക്കൊണ്ടു് കുറച്ചുനേരംകൂടി സോഫിയ അവിടെ ഇരുന്നു. പിന്നെ നിറകണ്ണുകളുമായി എഴുന്നേറ്റു് പുറത്തേക്കുനടന്നു.

ഡോ. ബിജു പി. എൽ
images/biju-chettupuzha.jpg

പാലക്കാട് NSS എൻജിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും, തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽനിന്നും CERD സ്കോളർഷിപ്പോടെ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.

പതിനെട്ടു് വർഷത്തോളം വിവിധ എൻജിനീയറിംഗ് കമ്പനികളിലായി ഇൻഡ്യക്കകത്തും പുറത്തും ജോലി ചെയ്തു. 2013 മുതൽ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

കെ എസ് ഇ ബി യിൽ സിനിയർ സൂപ്രണ്ടായ ബിനിത സി. ഡി. ആണു് ജീവിതപങ്കാളി. മക്കൾ: ലെവിൻ ബിജു പോന്നോർ, ലിയോൺ ബിജു പോന്നോർ, സിയാൻ കേറ്റ് പോന്നോർ.

(ചിത്രത്തിനു വിക്കീപ്പീഡിയേയാടു് കടപ്പാടു്.)

Colophon

Title: Ormachirathukal (ml: ഓർമ്മച്ചിരാതുകൾ).

Author(s): Biju PL.

First publication details: Sayahna Foundation; Trivandrum, Kerala; 2022-10-22.

Deafult language: ml, Malayalam.

Keywords: Short story, Biju PL, Ormachirathukal, ബിജു പി. എൽ., ഓർമ്മച്ചിരാതുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Church at Varengeville, a painting by Claude Monet (1840–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.