images/Jean-Baptiste_Greuze_Project.jpg
The Laundress, a painting by Jean-Baptiste Greuze (1725–1805).
ഫിറ്റ്നസ് മലയാളം
ഹേന ചന്ദ്രൻ
ആമുഖം

സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന പുതുവ്യവഹാരങ്ങളെക്കുറിച്ചുള്ള പഠനം വ്യവഹാരപഠനവും അതോടൊപ്പം ഭാഷാപഠനവും സമൂഹപഠനവും ആയിത്തീരുന്നു. വർത്തമാനകാല സമൂഹത്തിൽ, പുതുവ്യവഹാരങ്ങളുടെ സൃഷ്ടിക്കും പ്രചാരത്തിനും മാധ്യമങ്ങൾ വഹിക്കുന്ന പങ്കു് നിസ്സാരമല്ല. മാധ്യമങ്ങളിൽ കടന്നുവരുന്ന വ്യവഹാരങ്ങൾക്കു് സമൂഹത്തിലുള്ള സ്ഥാനം സമൂഹത്തിന്റെയും ഭാഷയുടെയും വർത്തമാനകാല അവസ്ഥയോടൊപ്പം ഭാവിയെക്കൂടി സൂചിപ്പിക്കും. ഫിറ്റ്നസ് എന്ന പുതുവ്യവഹാരത്തെ പൊതുമണ്ഡലം എങ്ങനെ ഉൾക്കൊള്ളുന്നു എന്നും ആനുകാലികങ്ങളിൽ അവയുടെ പ്രതിനിധാനം എങ്ങനെ എന്നും പരിശോധിച്ചു് ഫിറ്റ്നസിന്റെ പ്രതിനിധാനവും സമൂഹപ്രക്രിയയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ശ്രമിക്കുകയാണു് ഇവിടെ.

സമൂഹത്തെയും ഭാഷയെയും പരസ്പരബന്ധത്തിൽ മനസ്സിലാക്കാൻ ഉപകരിക്കുന്ന സങ്കല്പനമാണു് വ്യവഹാരം. വ്യവഹാരം എന്ന താക്കോൽവാക്കു് ഭാഷാകേന്ദ്രിതമായും സമൂഹകേന്ദ്രിതമായും പരസ്പരം പൂരകമായും ചിലപ്പോൾ വ്യതിരിക്തമായും പ്രയോഗിക്കപ്പെടുന്നുണ്ടു്. ഈ വൈവിധ്യം ഉൾക്കൊണ്ടുകൊണ്ടാണു് വ്യവഹാരം എന്ന പദം ഇവിടെ കടന്നുവരുന്നതു്.

ഓരോ വ്യവഹാരത്തിനും അതിന്റേതായ ഭാഷയുണ്ടു്. സമൂഹപരിവർത്തനത്തിനുള്ള പശ്ചാത്തലമൊരുക്കി പുതുവ്യവഹാരങ്ങളിലൂടെ ഭാഷ ശക്തി നേടുന്നു. മലയാളി ഇടപെടുന്ന ലോകത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കെ, ആ മാറ്റങ്ങൾ ഭാഷയിലും പ്രതിഫലിക്കും എന്നുള്ള ചിന്ത ഭാഷാപരിണാമപഠനത്തെ സഹായിക്കും. ഈ നിലപാടിൽ നിന്നുകൊണ്ടുള്ള ഭാഷാപഠനം, ഭാഷാപരിണാമത്തെ–അതിലൂടെ സമൂഹപരിണാമത്തെ അതിന്റെ ജൈവികതയിൽ മനസ്സിലാക്കാൻ സഹായിക്കും.

കേരളസമൂഹത്തിൽ മാധ്യമങ്ങൾ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ടു്. സമൂഹത്തിൽ വന്നുകഴിഞ്ഞ മാറ്റങ്ങളെ മാത്രമല്ല പലപ്പോഴും മാധ്യമങ്ങൾ കുറിക്കുക; വരാനിരിക്കുന്ന മാറ്റങ്ങളുടെ ദിശാസൂചിയായും ഇവ പ്രത്യക്ഷപ്പെട്ടേക്കാം. പുതിയ വ്യവഹാരങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നതിനാൽ മാധ്യമം-വ്യവഹാരം-സമൂഹം എന്നിവ പരസ്പരം നിർമ്മിക്കുന്നു എന്നു പറയാം.

മലയാളമാധ്യമങ്ങളിൽ, വിശേഷിച്ചു് ജനപ്രിയ ആനുകാലികങ്ങളിൽ, ഇന്നു് ആവിഷ്കൃതമാകുന്ന വ്യവഹാര വൈവിധ്യങ്ങൾ പരിശോധിക്കുമ്പോൾ മേൽപറഞ്ഞ സങ്കല്പനം എങ്ങനെ സാധൂകരിക്കപ്പെടുന്നു എന്നു മനസ്സിലാകും. സ്ത്രീ, വീടു്, കുടുംബം, മാതൃത്വ-പിതൃത്വങ്ങൾ, ഫാഷൻ, ലൈംഗികത, ഭക്ഷണം, സ്പോർട്സ്, ഫിറ്റ്നസ് തുടങ്ങിയവയെക്കുറിച്ചു് അനേകം പുതുവ്യവഹാരങ്ങൾ ഇന്നു സൃഷ്ടിക്കപ്പെടുന്നുണ്ടു്. വിഷയപരമായിമാത്രം നോക്കുകയാണെങ്കിൽ ഇവയിൽ പലതും മുൻപും നിലനിന്നിരുന്നവയാണെന്നു പറയേണ്ടിവരും. എന്നാൽ അതിർത്തികൾ ലംഘിച്ചു മറ്റു മേഖലകളെക്കൂടി ഉൾക്കൊണ്ടു് നൂതനമായി അവതരിപ്പിക്കപ്പെടുകയും അതിനു് ഒരു പ്രത്യേക ഭാഷതന്നെ രൂപപ്പെടുകയും ചെയ്യുമ്പോൾ അവയോരോന്നും പുതുവ്യവഹാരമായി മാറുന്നു. ഇത്തരത്തിലുള്ള പുതുവ്യവഹാരങ്ങൾ പലതും പരസ്പരബന്ധമുള്ളവയും പരസ്പരം നിർമ്മിക്കുന്നവയുമാണു്.

മലയാളത്തിലെ ജനപ്രിയ ആനുകാലികങ്ങളായ വനിത, ഗൃഹലക്ഷ്മി, മാതൃഭൂമി ആരോഗ്യമാസിക, വനിത ആരോഗ്യം, ശ്രീമാൻ, ഗൃഹശോഭ എന്നിവയാണു് പഠനത്തിൽ ആധാരമായി സ്വീകരിച്ചിരിക്കുന്നതു്. അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ സുലഭമായിരിക്കെ അച്ചടിമാധ്യമങ്ങളെ, അവയിൽത്തന്നെ ചുരുക്കം ചിലതിനെ മാത്രം ആശ്രയിക്കുന്നു. ഇതു് പഠനത്തിന്റെ ഒരു പരിമിതിയാണു്. ഫിറ്റ്നസ് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇടം ഇത്തരം ജനപ്രിയ ആനുകാലികങ്ങളാണു് എന്നതു് ഈ തെരഞ്ഞെടുപ്പിനെ സാധൂകരിക്കുന്നു. പൊതുമണ്ഡലത്തിലെ ഫിറ്റ്നസിന്റെ വിന്യാസം അറിയാൻ വിവിധ സാമ്പത്തിക-തൊഴിൽ വിദ്യാഭ്യാസ നിലവാരത്തിലുള്ള 100 ആവേദകരുടെ അഭിപ്രായങ്ങൾ അവലംബമാക്കിയിരിക്കുന്നു. സ്ത്രീ-പുരുഷ അനുപാതം 50: 50 ആണു്. 15 വയസ്സിനുമേൽ പ്രായമുള്ളവരെയാണു് ആവേദകരായി എടുത്തിരിക്കുന്നതു്. 15-നും 30-നും ഇടയിൽ പ്രായമുള്ളവർ 38%, 30-നും 50-നും ഇടയിൽ പ്രായമുള്ളവർ 46%, ഇതു ബോധപൂർവമായ തെരഞ്ഞെടുപ്പാണു്. ഭാവിയിലേക്കു ചുവടുവെക്കുന്ന ഈ തലമുറകളാണു് ഇത്തരം പുതുവ്യവഹാരങ്ങളുടെ വാഹകർ എന്ന മുൻവിധിയിൽ നിന്നുകൊണ്ടാണു് തെരഞ്ഞെടുപ്പു് നടത്തിയതു്. ഇതുകൂടാതെ 28 പ്ലസ് വൺ വിദ്യാർത്ഥികളുടെ ഫിറ്റ്നസ് നിർവചനങ്ങൾ പഠനത്തിനു് അവലംബമാക്കിയിരിക്കുന്നു. ഈ ആവേദകരെല്ലാം ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്നവരാണു്. ഇവരോടൊപ്പം ഈ പ്രദേശത്തിനു പുറമെനിന്നു് ഒരു ആവേദകനെകൂടി സ്വീകരിച്ചിരിക്കുന്നു.

1

വ്യവഹാരങ്ങൾ സമൂഹത്തിന്റെ ബോധതലത്തെത്തന്നെ സ്വാധീനിക്കുക വഴി സമൂഹപരിണാമത്തിനു കാരണമാകുന്നു. സമൂഹത്തിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങൾക്കനുസരിച്ചു വ്യവഹാരങ്ങൾ പരിണമിക്കുകയോ പുതിയ വ്യവഹാരങ്ങൾ രൂപപ്പെടുകയോ ചെയ്യുന്നു. ഓരോ വ്യവഹാരവും തനതായ ഭാഷ രൂപീകരിക്കുന്നുണ്ടു്. ഭാഷ സമൂഹസൃഷ്ടിയായതിനാൽ ഭാഷയിൽ വരുന്ന മാറ്റങ്ങൾ സമൂഹത്തിലും പ്രതിഫലിക്കും. ഒപ്പം സമൂഹ പരിണാമത്തിനനുസരിച്ചു ഭാഷയും വ്യത്യസ്തമാകും. ഭാഷ-വ്യവഹാരം-സമൂഹം എന്നീ സങ്കല്പനങ്ങൾ പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പഠന വിധേയമാക്കാൻ സാധിക്കില്ല എന്നു സാരം. ഓരോ വ്യവഹാരവും വിവിധ വൈജ്ഞാനിക മണ്ഡലങ്ങളുടെ രീതിശാസ്ത്രങ്ങളനുസരിച്ചുള്ള പഠനം ആവശ്യപ്പെടുന്നുണ്ടു്. അത്തരത്തിലുള്ള പഠനങ്ങളുടെ ക്രോഡീകരണത്തിലൂടെ സമൂഹ പരിണാമഗതി ഏറെക്കുറെ അറിയാൻ കഴിയും.

വ്യവഹാരം-സമൂഹം-ഭാഷ

വ്യവഹാരം എന്ന പദം വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്നു. പരസ്പര ബന്ധമുള്ള പല നിർവചനങ്ങളിൽ പ്രധാനപ്പെട്ടവ ഭാഷ കേന്ദ്രമായതും സമൂഹം കേന്ദ്രമായതുമാണു്.

ഭാഷ മാധ്യമമാക്കിക്കൊണ്ടുള്ള ആശയവിനിമയത്തിന്റെ യഥാർത്ഥ മാതൃകകളാണു് വ്യവഹാരം.[1] എന്നാൽ ആശയവിനിമയം ഭാഷയിലൂടെ മാത്രമല്ല നടക്കുന്നതു് എന്നതിനാൽ വ്യവഹാരാപഗ്രഥനത്തിൽ ഭാഷയും മറ്റു ചിഹ്നങ്ങളും തമ്മിലുള്ള ബന്ധവും കണക്കിലെടുക്കേണ്ടതാണു്. വിവരങ്ങൾ കൈമാറാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കാര്യങ്ങൾ നടപ്പിലാക്കാനും സൗന്ദര്യം സൃഷ്ടിക്കാനും സ്വയം ആസ്വദിക്കുന്നതോടൊപ്പം മറ്റുള്ളവരെ ആസ്വദിപ്പിക്കാനും ഒക്കെ കഴിയുന്നതു ഭാഷയുടെ അറിവുമൂല്യം പ്രധാനമാണു്. ഈ അറിവാകട്ടെ മുമ്പു തങ്ങൾ പറയുകയും കേൾക്കുകയും കാണുകയും എഴുതുകയും ഒക്കെ ചേർന്നു് ഉണ്ടാവുന്നതാണു്. ഇത്തരം അറിവുകളുടെ സ്രോതസ്സും ഫലവും അടങ്ങിയതാണു് വ്യവഹാരം എന്നു പറയാം. അതായതു്, ഭാഷയെക്കുറിച്ചുള്ള ജനങ്ങളുടെ സാമാന്യധാരണ അവർ ഉൾപ്പെടുന്ന വ്യവഹാരത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിതമാണു്. അതോടൊപ്പം സമൂഹം തങ്ങളുടെ അറിവു് പുതുവ്യവഹാരങ്ങൾ സൃഷ്ടിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഉപയോഗിക്കുകയും ചെയ്യുന്നു.[2]

സമൂഹം കേന്ദ്രമായി വരുമ്പോൾ വ്യവഹാരം എന്നതു് അറിവിന്റെ ഒരു രൂപമാണു്. യാഥാർഥ്യത്തിന്റെ ഒരു സാമൂഹിക നിർമിതി.[3] ഭൗതികമല്ലാത്ത സാമൂഹികാർത്ഥങ്ങളെ ഭാഷയോ മറ്റു പ്രതിനിധാനങ്ങളോ വഴി തിരിച്ചറിയുന്നു. ഇത്തരം സമീപനങ്ങളിൽ പാഠത്തിലെ പ്രത്യക്ഷീകരണത്തിലൂടെയാണു് സമൂഹം അറിയപ്പെടുക; പാഠമെന്നതു് കേവലം ഭാഷാപരമാവണമെന്നില്ല.

ഈ രണ്ടു ധാരകളും പരസ്പരം ബന്ധപ്പെടുന്നുണ്ടു്[4] എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണു വ്യവഹാരം എന്ന പദം ഈ പ്രബന്ധത്തിൽ ഉപയോഗിക്കുന്നതു്.

സമൂഹ ഘടനയുടെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും അപഗ്രഥനത്തോടൊപ്പം ഭാഷാപ്രയോഗത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള വിശദമായ പഠനവും വ്യവഹാരാപഗ്രഥനം ആവശ്യപ്പെടുന്നുണ്ടു്. പ്രയോഗത്തിലുള്ള ഭാഷയും, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രൂപീകരണങ്ങളുമായി ബന്ധപ്പെട്ട ഭാഷാപ്രയോഗവും ചേർന്നതാവണം വ്യവഹാര വിശകലനം.

വ്യവഹാരവും സന്ദർഭവും തമ്മിലുള്ള പരസ്പരനിർമിതിയുടെ ആറു വശങ്ങൾ ബാർബറാ ജോൺസ് വിവരിക്കുന്നുണ്ടു്.[5]

  • പാഠവും പാഠവ്യാഖ്യാനങ്ങളും രൂപപ്പെടുന്നതു് ലോകത്തെ ആശ്രയിച്ചാണു്; അവ തിരിച്ചു് ലോകത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു.
  • ഭാഷയുടെ സാധ്യതകളാലും പരിമിതിയാലും വ്യവഹാരം രൂപപ്പെടുകയും വ്യവഹാരം തിരിച്ചു് ഭാഷയെ രൂപപ്പെടുത്തുകയും ചെയ്യുന്നു.
  • വ്യവഹാരം അതിൽ ഉൾപ്പെടുന്ന വ്യക്തികളുടെ പരബന്ധത്താൽ നിർമിതമാവുകയും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ രൂപീകരിക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു.
  • സുപരിചിതങ്ങളായ വ്യവഹാരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയാൽ വ്യവഹാരം രൂപംകൊള്ളുന്നു; അതേസമയം തന്നെ വ്യവഹാരത്തിന്റെ പുതിയ വസ്തുതകൾ, ഭാവിയിലെ വ്യവഹാരങ്ങൾ എങ്ങനെ ആയിരിക്കും എന്നും അവ വ്യാഖ്യാനിക്കപ്പെടേണ്ടതു് എങ്ങനെ എന്നും ഉള്ള നമ്മുടെ പ്രതീക്ഷകളെ പരുവപ്പെടുത്തുകയും ചെയ്യുന്നു.
  • വ്യവഹാരം അതിന്റെ മാധ്യമത്തിന്റെ സാധ്യതകളാലും പരിമിതികളാലും സൃഷ്ടിക്കപ്പെടുന്നു; ഒപ്പം മാധ്യമങ്ങളുടെ ആശയ വിനിമയ സാധ്യതകൾ വ്യവഹാരങ്ങളിലെ ഉപയോഗത്താൽ രൂപപ്പെടുകയും ചെയ്യുന്നു.
  • വ്യവഹാരം ആശയ/ഉദ്ദേശ്യത്താൽ നിർമ്മിക്കപ്പെടുകയും സാധ്യമായ ആശയങ്ങളെ നിർമിക്കുകയും ചെയ്യുന്നു.
വ്യവഹാരം സമൂഹത്തെ അടയാളപ്പെടുത്തുന്നു

ഒരു സമൂഹം മറ്റൊന്നിൽനിന്നു വ്യത്യസ്തമാകുന്നതു് ഭൂമിശാസ്ത്രപരമായ അതിരുകൾകൊണ്ടോ, ജാതി-മത ചിന്തകൾക്കൊണ്ടോ, ലിംഗവ്യതിയാനം കൊണ്ടോ മാത്രമല്ല. ആയിരുന്നെങ്കിൽ അത്തരം ഭിന്നതകൾ ഒഴിവാക്കുന്നതിലൂടെ ആ സമൂഹങ്ങൾ ഒന്നായിത്തീരേണ്ടതാണു്. ഇന്ത്യക്കാരനും പാക്കിസ്ഥാനിയും മലയാളിയും തമിഴനും വ്യത്യസ്തരാകുന്നതു് കേവലം ഭൂമിശാസ്ത്രപരമോ ഭാഷാപരമോ ആയ വ്യത്യാസംകൊണ്ടല്ല. ഭൗതികമായ ആ വ്യത്യാസങ്ങളെല്ലാം പരിഹരിച്ചാലും അവരെ പരസ്പരം വ്യാവർത്തിപ്പിക്കുന്ന വ്യവഹാരങ്ങളിൽ മാറ്റമുണ്ടാകുകയില്ല. ഏതു സമൂഹത്തിലും നിലനിൽക്കുന്ന വിവിധ വ്യവഹാരങ്ങൾ മറ്റു സമൂഹത്തിൽനിന്നും അതിനെ വേർതിരിച്ചു നിറുത്തുന്നു. അന്യമായ രണ്ടു സമൂഹങ്ങളെ വ്യത്യസ്തമായിത്തന്നെ തിരിച്ചറിയുന്നതിനു് അവയിൽ നിലനിൽക്കുന്ന വ്യവഹാരങ്ങളെ തിരിച്ചറിയേണ്ടതുണ്ടു്. ഇത്തരം തിരിച്ചറിവിന്റെ അഭാവത്താലാണു് ഉത്തരേന്ത്യക്കാരനു മലയാളിയും തമിഴനും മറ്റും മദ്രാസി ആകുന്നതു്. ഭാഷ എന്ന വ്യവഹാരത്തിനപ്പുറം മറ്റുപല വ്യവഹാരങ്ങളും വ്യത്യസ്തമാണെന്ന തിരിച്ചറിവാണു മലയാളിയിലും തമിഴനിലും പിന്നെയും ഉപസമൂഹങ്ങൾ ഉണ്ടെന്ന അറിവു് ഉത്പാദിപ്പിക്കുന്നതു്.

സമൂഹത്തിൽ വ്യത്യസ്ത വ്യവഹാരങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ, അതിൽ ഒരു വ്യവഹാരം മറ്റുള്ളവയെ അപേക്ഷിച്ചു പ്രാധാന്യം നേടുകയും അതു സമൂഹത്തിന്റെ വ്യതിരിക്തതയ്ക്കുള്ള മുഖ്യ ഉപാധിയായി മാറുകയും ചെയ്യുന്നു. ഭാഷ, വർണം, ജാതി, ലിംഗപദവി തുടങ്ങിയവ ഇത്തരത്തിൽ പ്രാമുഖ്യം നേടുന്നു. ഏതു വ്യവഹാരവും മറ്റു വ്യവഹാരങ്ങളെ, പുറമെ നിന്നുള്ള കാഴ്ചയിലെങ്കിലും, ചിലപ്പോഴൊക്കെ അവഗണിക്കത്തക്കതാക്കുന്നു. എന്നാൽ, ബാഹ്യമായി പ്രകടമാകുന്ന സീമകൾ മാറ്റി നിറുത്തിയാലും നിലനിൽക്കുന്ന മറ്റു വ്യവഹാരങ്ങൾ ആ സമൂഹത്തിന്റെ വ്യത്യസ്തതയെ കുറിക്കുന്നു. അതുകൊണ്ടാണു് മാമോദീസാ മുങ്ങി ക്രിസ്ത്യാനിയായിട്ടും ‘പറയൻ ദേവസ്സി’യും ‘കണ്ടങ്കോരൻ ദേവസ്സി’യും[6] ഉണ്ടാകുന്നതു്. സമൂഹത്തിന്റെ അടയാളങ്ങളാകുന്നതു് അതിലെ ഓരോ വ്യവഹാരങ്ങളുമാണു്.

വ്യവഹാരങ്ങൾ സമൂഹത്തെ സൃഷ്ടിക്കുന്നു

ലോകക്രമം മാറുന്നതിനനുസരിച്ചു് പുതുവ്യവഹാരങ്ങൾ സൃഷ്ടിക്കപ്പെടുകയും അതു് സമൂഹപരിണാമത്തിനു പ്രേരകമാവുകയും ചെയ്യും. ഉപഭോഗകേന്ദ്രിതമായ ചില പുതുവ്യവഹാരങ്ങൾക്കു വിപണിയും മാധ്യമങ്ങളും കാരണമാകുന്നുണ്ടു്. വിപണിയിലെത്തുന്ന പുതിയ വസ്തുക്കൾ പലപ്പോഴും ഉപഭോഗം ചെയ്യുന്നവരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും അല്ലാത്തവരെ പുറന്തള്ളുകയും ചെയ്യുന്നു. ഈ അറിവു് ഉണ്ടാകുന്നതോടെ വ്യക്തിയിൽ ആവശ്യങ്ങൾ സൃഷ്ടിക്കപ്പെടുകയും അതിലൂടെ വ്യക്തിയുടെതന്നെ പരിണാമം നടക്കുകയും ചെയ്യുന്നു. ഇതു പൊതുബോധമായി മാറുന്നതോടെ സമൂഹത്തിന്റെ പരിണാമത്തിനു് കാരണമാകുന്നു.

“നിങ്ങൾ ഇനിയും സ്മാർട്ടായ ഒരു അടുക്കളയ്ക്കു് തയ്യാറാണോ?”[7] എന്ന ചോദ്യം അടുക്കളക്കൊപ്പം ‘സ്മാർട്ടാ’കേണ്ട നമ്മളെത്തന്നെ രൂപപ്പെടുത്താൻ പര്യാപ്തമാണു്. നമ്മുടെ അടുക്കള പുതിയ ഉപകരണങ്ങളുടെ സഹായത്തോടെ കൂടുതൽ ആധുനികവും പുതിയ ലോകത്തിനനുസരിച്ചു് പരുവപ്പെടുത്തിയതും ആക്കാമെന്ന പ്രതീക്ഷ ഈ ചോദ്യം ഉയർത്തുന്നുണ്ടു്. ഒപ്പം ഇതുവരെയും സ്മാർട്ടാകാത്ത അടുക്കള ഉടമസ്ഥർക്കു് തങ്ങളുടെ ‘ഒറ്റപ്പെടലി’നെ തിരിച്ചറിയാനും തിരുത്തുവാനുമുള്ള സന്ദേശവും ‘ഇനിയും’ സ്മാർട്ടായ അടുക്കള നൽകുന്നുണ്ടു്. ‘അടുക്കളപ്പെണ്ണിനു് അഴകെന്തിനു് ’, ‘അടുക്കളത്തൂണിനു് അഴകുവേണ്ടാ’ തുടങ്ങിയ പഴഞ്ചൊല്ലുകൾ അപ്രസക്തമാക്കപ്പെടുകയും അടുക്കള അഴകിന്റെ ഇടമായി മാറുകയും ചെയ്യുന്നു.

“ബിരിയാണീന്റെ കൂടെ രസം, അതാ ഇപ്പോ നമ്മടെ സ്റ്റൈല്”[8] എന്ന പരസ്യം ഭക്ഷണത്തെ സംബന്ധിച്ച പുതുബോധം ഉണ്ടാക്കിയെടുക്കുന്നു; ഒപ്പം സാംസ്കാരികമായ പുതിയ മാനങ്ങളും സൃഷ്ടിക്കുന്നുണ്ടു്. പരമ്പരാഗതമായി സസ്യഭക്ഷണത്തിനൊപ്പം മാത്രം വിളമ്പിയിരുന്ന രസം പുതിയ ഇടങ്ങൾ കണ്ടെത്തുന്നതു ഭക്ഷണരീതിയിൽക്കൂടി മാത്രമല്ല, സമുദായത്തിലൂടെയുമാണു്. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന പുതിയ അർത്ഥങ്ങൾ സമൂഹത്തിന്റെ ബോധതലത്തെത്തന്നെ പുനഃസൃഷ്ടിക്കുന്നുണ്ടു്.

ഭർതൃഗൃഹത്തിൽ എല്ലാം അഡ്ജസ്റ്റുചെയ്യാനായി വിധിക്കപ്പെട്ട മരുമകൾ ഷാംപൂവിന്റെ കാര്യത്തിൽ മാത്രം അഡ്ജസ്റ്റുമെന്റിനു തയ്യാറല്ലെന്നു പറയുന്നതിലൂടെ[9] നേടിയെടുക്കുന്നതു തനിക്കുവേണ്ടി മറ്റുള്ളവരെയെല്ലാം അഡ്ജസ്റ്റു ചെയ്യിക്കാനുള്ള കഴിവാണു്. ഒരു ഷാംപൂവിന്റെ ഉപയോഗത്തിലൂടെ നിങ്ങൾക്കു് പുതിയ വ്യക്തിത്വം നേടിയെടുക്കാമെന്ന സന്ദേശം മരുമകളുടെ അധികാരങ്ങളെക്കുറിച്ചുള്ള പാരമ്പര്യ ധാരണകളെപ്രതി പുതുചിന്തകൾ ഉണർത്തുന്നു. ഇങ്ങനെ ഓരോ മേഖലയിലും ഉണ്ടാകുന്ന പുതുബോധനിർമ്മിതിയിലൂടെ അത്തരം വ്യവഹാരങ്ങൾ സമൂഹത്തെത്തന്നെ പുനർനിർമ്മിക്കുന്നു.

വ്യവഹാരങ്ങളുടെ ഭാഷയും പുതുവ്യവഹാരങ്ങളും

ഓരോ സമൂഹത്തിനും അവരുടേതായ വിനിമയ വ്യവസ്ഥയുണ്ടു്. അതിൽ നിലനിൽക്കുന്ന ഓരോ വ്യവഹാരത്തിനും അതിന്റേതായ ഭാഷയുമുണ്ടു്. ഭാഷ സ്വയം ഒരു വ്യവഹാരമാണെങ്കിലും വ്യത്യസ്ത വ്യവഹാരങ്ങൾക്കനുസൃതമായി വ്യത്യസ്ത ഭാഷകൾ രൂപപ്പെടുന്നുണ്ടു്. സമൂഹത്തിൽ നിലനിൽക്കുന്ന/രൂപം കൊള്ളുന്ന വ്യവഹാരം, ആ സമൂഹത്തിന്റെ ഔദ്യോഗിക സംസാരഭാഷയിൽ വിനിമയം നടത്തുമ്പോൾത്തന്നെ വ്യത്യസ്തവും തനതുമായ ഭാഷ സ്വായത്തമാക്കുന്നുണ്ടു്. അതായതു് ഓരോ വ്യവഹാരവും ഭാഷയിൽ തന്നിടങ്ങൾ സൃഷ്ടിക്കുന്നുണ്ടു്. അതിനായി വ്യാകരണനിയമങ്ങൾ, ഭാഷാപരമായ നിബന്ധനകൾ, പരമ്പരാഗത ധാരണകൾ തുടങ്ങിയവ ചിലപ്പോൾ പൊളിച്ചെഴുതേണ്ടി വന്നേക്കാം. വാക്കുകളുടെ നിയതാർത്ഥം എന്നതു് അപ്രസക്തമാവുകയും ഓരോ വ്യവഹാരത്തിനകത്തും വാക്കുകൾ അവയുടെ അർത്ഥം പുതുതായി തേടുകയും നേടുകയും ചെയ്യുന്നു.

മുമ്പു് ഉദാഹരിച്ച അടുക്കളയുടെ പരസ്യത്തിലെ ‘സ്മാർട്ടായ അടുക്കള’ എന്ന പ്രയോഗം ശ്രദ്ധേയമാണു്. ‘സ്മാർട്ട്’ എന്ന വിശേഷണം മനുഷ്യരെ മാത്രമല്ല, അവർ പെരുമാറുന്ന ഇടത്തെക്കൂടി കുറിക്കാൻ പ്രാപ്തമാകുന്നു. അത്തരം ഇടങ്ങൾക്കും ‘മനുഷ്യത്വം’ ആരോപിക്കുന്നതിലൂടെ ‘സ്മാർട്ട്’ തുടങ്ങിയ പദങ്ങൾ പ്രയോഗിച്ചുവന്നിരുന്ന അർത്ഥത്തിൽനിന്നു മുന്നോട്ടുനീങ്ങി പുതിയ അർത്ഥങ്ങൾ തേടുന്നു. പരമ്പരാഗത വ്യാകരണനിയമങ്ങൾക്കു വഴങ്ങാത്ത പ്രയോഗങ്ങൾ, പുതു വ്യവഹാരങ്ങളുടെ ഭാഷയിൽ കാണാനാവും. പത്രവ്യവഹാരത്തിലെ ഭാഷ ഉദാഹരണമായി എടുക്കാവുന്നതാണു്.

1
സാധ്യത വി. എസ്സിനു് (2006, മെയ് 13 മാതൃഭൂമി)
2
കണ്ണൂർ മുന്നിൽ (മാതൃഭൂമി ജനു. 12, 2007)
3
രാഷ്ട്രീയം ഉപേക്ഷിക്കില്ല-ബാലകൃഷ്ണപിള്ള (മാതൃഭൂമി മെയ് 13, 2006)
4
ഇന്ത്യാ-വിൻഡീസ് പരമ്പര ടെൻസ്പോർട്സിൽ (മാതൃഭൂമി മെയ് 13, 2006)
5
മുല്ലപ്പെരിയാർ കേന്ദ്രസേനയെ നിയോഗിക്കണമെന്നു് തമിഴ്‌നാട് (മാതൃഭൂമി ജനുവരി, 3, 2007)
6
ബുധിയയെ ഓടിച്ചാൽ കോച്ചിനെ അറസ്റ്റു ചെയ്യും: മന്ത്രി (മാതൃഭൂമി മെയ് 13, 2006)
7
അനുശോചിച്ചു (മാതൃഭൂമി ജനുവരി 3, 2007)
8
സായാഹ്നധർണ (മാതൃഭൂമി ജനുവരി 11, 2007)

പത്രവ്യവഹാരഭാഷയുടെ പ്രത്യേക വ്യാകരണം വ്യക്തമാക്കാൻ പര്യാപ്തമാണു് മുകളിൽ കൊടുത്ത ഉദാഹരണങ്ങൾ. പരമ്പരാഗത വ്യാകരണമനുസരിച്ചു് അപൂർണവാക്യങ്ങളാണു മിക്കവയും. 1-ാം ഉദാഹരണത്തിൽ ‘മുഖ്യമന്ത്രിയാവാനുള്ള’, ‘കൂടുതലാണു്’ എന്നീ പദങ്ങൾ കൂട്ടിച്ചേർത്താലാണു് വാചകം ‘പൂർണ’മാവുന്നതു്.[10] എന്നാൽ സ്ഥിരമായി പത്രം വായിക്കുകയും രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഇടപെടുകയും ചെയ്യുന്നവർക്കു് സാധ്യത വി. എസ്സിനു് എന്നതുതന്നെ പൂർണമായ ആശയവിനിമയത്തിനു് പര്യാപ്തമാണു്. അതുപോലെത്തന്നെ രണ്ടാം ഉദാഹരണത്തിലെ കണ്ണൂർ എന്ന പദം, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലയിലെ സ്കൂളുകളെ പ്രതിനിധീകരിക്കുന്നു എന്നും, അതുവരെ ഫലം പ്രഖ്യാപിച്ച ഇനങ്ങളിൽ കൂടുതൽ പോയിന്റു നേടി അവർ മുന്നിൽ നിൽക്കുന്നു എന്നും സന്ദർഭാനുസാരമായാണു് വ്യക്തമാകുന്നതു്.

സവിശേഷമായ ചിഹ്നങ്ങൾ പത്രഭാഷയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നു് 3, 4, 5, 6 ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു. – എന്ന ചിഹ്നം 3, 4 ഉദാഹരണങ്ങളിൽ വ്യത്യസ്ത അർത്ഥത്തിലാണു് ഉപയോഗിക്കുന്നതു്. പരമ്പരാഗത പ്രയോഗത്തിൽനിന്നു[11] വ്യത്യസ്തമായ പുതിയ പ്രയോഗമേഖല ഈ ചിഹ്നങ്ങൾ നേടിയെടുക്കുന്നതായി മനസ്സിലാക്കാനാവും. മൂന്നാം ഉദാഹരണത്തിൽ, വാക്യത്തിലെ രണ്ടു ഭാഗങ്ങളിൽ ആദ്യത്തെ ഭാഗത്തുള്ള പ്രസ്താവന ആരു നടത്തി എന്നതു സൂചിപ്പിക്കാനാണു് ‘രേഖ’ ഉപയോഗിക്കുന്നതു്. എന്നാൽ 4-ാം ഉദാഹരണത്തിൽ ഇതു് ഇംഗ്ലീഷിലെ Versus (V/s) നു സമാനമായാണു് ഉപയോഗിച്ചിരിക്കുന്നതു്. മൂന്നാം ഉദാഹരണത്തിലേതിനു സമാനമായ സന്ദർഭമാണു് ആറാം ഉദാഹരണത്തിലേതെങ്കിലും അവിടെ ഭിത്തികയാണു് ചിഹ്നം. അഞ്ചാം ഉദാഹരണത്തിലാകട്ടെ ഭിത്തികയിലൂടെ തലക്കെട്ടിനെ മറ്റൊരു രീതിയിൽ രണ്ടു ഖണ്ഡങ്ങളാക്കി തിരിക്കുന്നു. പൂർവഖണ്ഡം മുൻപുനടന്ന സംഭവത്തെയും ഉത്തരഖണ്ഡം അതിനോടുള്ള വർത്തമാനകാല പ്രതികരണത്തെയും കുറിക്കുന്നു. ഭിത്തികാ പ്രയോഗത്തിലെ രണ്ടു സന്ദർഭങ്ങളും പരമ്പരാഗത സങ്കല്പത്തിനു വഴങ്ങുന്നവയല്ല. ചിഹ്നത്തിന്റെ കാര്യത്തിലുള്ള ഇത്തരം അവ്യവസ്ഥകൾ പത്രവ്യവഹാര ഭാഷയുടെ പുതുസ്വഭാവമായി കണക്കാക്കുകയും അതു് ആശയ വിനിമയത്തിനു തടസ്സമല്ലാത്തതിനാൽ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നു എന്നു പറയാം. “വ്യവഹാരമൂല്യം സംവേദനമാണു്. അതു വ്യവഹാരത്തിൽ എങ്ങനെ നടക്കുന്നു എന്ന അന്വേഷണമാണു് വ്യവഹാരാപഗ്രഥനം” (ജോസഫ് സ്കറിയ, 1990) എന്ന നിരീക്ഷണം ശ്രദ്ധേയമാണു്.

ക്രിയാമാത്രവാക്യമാണു് ഏഴാം ഉദാഹരണം. എട്ടാമത്തേതു്, നാമമാത്രവാക്യവും. ഒന്നും രണ്ടും ക്രിയാരഹിത വാക്യങ്ങളാണു്. ഇത്തരത്തിൽ പരമ്പരാഗത സങ്കല്പങ്ങൾക്കു കീഴടങ്ങി നിൽക്കാതെ സ്വന്തമായ ഒരു വ്യാകരണം ചമയ്ക്കുകയാണു് പത്രവ്യവഹാരം ചെയ്യുന്നതു്. കൂടുതൽ ഉദാഹരണങ്ങളെ ആശ്രയിച്ചു് മറ്റു പ്രയോഗങ്ങളുടെ വ്യാകരണം കൂടി പഠന വിധേയമാക്കാവുന്നതാണു്. പത്രഭാഷ എന്നതു സ്വയം ഒരു ഭാഷാ വ്യവഹാരമായി നിലനിൽക്കുമ്പോൾത്തന്നെ അതിലെ ഓരോ വിഷയത്തിനും പ്രത്യേകമായ ഭാഷയുണ്ടെന്നു കാണാം. രാഷ്ട്രീയം, സ്പോർട്സ്, സിനിമ, വാണിജ്യം തുടങ്ങിയ ഓരോന്നും പുതുവ്യവഹാരമായി രൂപപ്പെടുന്നു. അവയിലെ ഭാഷ, മറ്റു വ്യവഹാരങ്ങളിലെ പദങ്ങളെയും ശൈലികളെയും സ്വീകരിക്കുകയും തങ്ങളുടേതാക്കി ഉപയോഗിക്കുകയും ചെയ്യുന്നു. സ്പോർട്സ് വ്യവഹാരത്തെ ഉദാഹരണമായി എടുക്കാം. കഴിഞ്ഞ ലോകകപ്പ് മത്സര സമയത്തു പത്രങ്ങളിൽ വന്ന ചില ശീർഷകങ്ങൾ പരിശോധിക്കുന്നതു മുകളിൽപ്പറഞ്ഞ വസ്തുത വിശദീകരിക്കാൻ സഹായിക്കും.

9
പൗലേറ്റയുടെ പാസിൽനിന്നു ഡച്ചുപാളയത്തിലേക്കൊരു മിസൈൽ തൊടുക്കുകയാണു് മനീഷ് ചെയ്തതു് (മാതൃഭൂമി ജൂൺ 27, 2006)
10
ഫ്രാൻസിന്റെ ഹൃദയമായി സിദാനും പോർച്ചുഗലിന്റെ തലച്ചോറായി ഫിഗോയും വരുമ്പോൾ, അതൊരു ക്ലാസിക് കൂടിക്കാഴ്ചയാകുമെന്നു് ഉറപ്പു് (മാതൃഭൂമി ജൂൺ 5, 2006).
11
ഘാന നടത്തിയ ചെറുത്തുനില്പു് വിശ്വഫുട്ബോളിൽ മൂന്നാം ലോകശക്തിയുടെ വൈഖരി മുഴക്കികൊണ്ടാണു് അവസാനിച്ചതു്. (ദേശാഭിമാനി, ജൂൺ 28, 2006).
12
…ലോകമൊട്ടുക്കു് ആരാധകരും അലമുറയിടുമ്പോഴും ബ്രസീലിയൻ ഓർക്കസ്ട്രയിലെ ശ്രുതിഭംഗങ്ങൾ ദുസ്സഹമായ കാഴ്ചയായിരുന്നു. (ദേശാഭിമാനി ജൂൺ 9, 2006).
13
…സിദാൻ നേതൃത്വം നല്കിയ ഫ്രഞ്ചുവിപ്ലവത്തെ അതിജീവിച്ചു് ഫുട്ബോളിന്റെ… (ദേശാഭിമാനി, ജൂലൈ 10, 2006)
14
അദ്ദേഹത്തിന്റെ തിരക്കഥ കുറ്റമറ്റതാണു്; നടൻമാരും കാണികളും മാറിയാലും സ്കൊളാരിയുടെ തന്ത്രം പിഴക്കാറില്ല (ദേശാഭിമാനി, ജൂൺ 18, 2006).
15
ലോകഫുട്ബോളിലെ പൊന്നുതമ്പുരാക്കന്മാർക്കെതിരെ അടിയാൻമാരുടെ സമര കാഹളം ഘാനയിലൂടെ മുഴങ്ങുമ്പോൾ നിന്ദിതരും പീഡിതരുമായ ആഫ്രിക്കൻ ജനത ഒരു സുവർണ സ്വപ്നംകൂടി സ്വന്തമാക്കുന്നു (ദേശാഭിമാനി ജൂൺ 18, 2006).
16
ജർമനിയിൽ കാൽപ്പന്തിന്റെ പെരുങ്കളിയാട്ടത്തിനു് പെരുമ്പറ മുഴങ്ങുന്നു (ദേശാഭിമാനി ജൂൺ 9, 2006).
17
പോസ്റ്റിന്റെ വലത്തുനിന്നു് ആൻ തൊടുത്ത ഷോട്ട് വലക്കണ്ണികൾ ചുംബിച്ചപ്പോൾ, കൊറിയൻ കളിക്കാർ ആഹ്ലാദംകൊണ്ടു് കെട്ടിപ്പുണർന്നു (മലയാള മനോരമ ജൂൺ 14, 2006).

ഇവിടെ സ്പോർട്സ് വാർത്തകൾ യുദ്ധ-ആരോഗ്യശാസ്ത്ര-പുരാവൃത്ത-രാഷ്ട്രീയ-സംഗീത-ചലചിത്ര-സാമ്പത്തിക-പ്രണയ വ്യവഹാരങ്ങളുടെ പദാവലികൾ സ്വീകരിച്ചു തെളിച്ചം നേടുന്നു. 15-ാം ഉദാഹരണം പരിശോധിക്കുമ്പോൾ, അവിടെ കടന്നുവരുന്ന ‘പൊന്നുതമ്പുരാക്കൻമാർ’, ‘അടിയാന്മാർ’ എന്നീ പദങ്ങൾ ഫ്യൂഡൽ വ്യവസ്ഥയുടെയും ‘സമരകാഹളം’ യുദ്ധഭൂമിയുടെയും ‘നിന്ദിതരും പീഡിതരും’ ബൈബിൾ വചനത്തിന്റെയും പിന്നീടു് വർഗസമരത്തിന്റെയും മേഖലകളിൽ പെടുന്നവയാണു്. എഴുത്തിന്റെ രാഷ്ട്രീയം വെച്ചു നോക്കുമ്പോൾ ഈ വാചകം അതുവന്ന പത്രത്തിൽ വരാൻ പാടില്ലാത്തതാണു്. കാരണം പൊന്നു തമ്പുരാക്കന്മാരും അടിയാന്മാരും നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരെ, ആഫ്രിക്കൻ ജനതയെ അടിയാളരായി കണക്കാക്കുന്ന പ്രവണതയ്ക്കെതിരെ നിലപാടു സ്വീകരിക്കുന്ന പത്രമാണതു്. എന്നാൽ ഇവിടെ ഈ പദാവലികൾ അത്തരം വ്യവഹാരത്തിൽനിന്നു വിടുതൽ നേടുകയും സ്പോർട്സ് വ്യവഹാരത്തിനകത്തു് ഇടം കണ്ടെത്തുകയും അങ്ങനെ അർത്ഥദീർഘങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അതിലൂടെ സ്പോർട്സ് അവതരണം കളിയുടെ വിവരണം മാത്രമല്ലാതാവുന്നു. കളിയെഴുത്തു വായിക്കാൻ മാത്രമല്ലെന്നും കാണാനും കേൾക്കാനും രസിക്കാനും അനുഭവിക്കാനും ഉള്ളതാണെന്ന[12] പുതു ബോധം ജനിക്കുന്നു. ഈ ബോധം സൃഷ്ടിക്കുന്നതു മേൽപ്പറഞ്ഞ തരത്തിലുള്ള ഭാഷയാണു്.

ഇവിടെ സ്പോർട്സ് എന്നതു് ഭാഷയിൽ തന്നിടങ്ങൾ സൃഷ്ടിക്കുകയും പുതുവ്യവഹാരമായി മാറുകയും ചെയ്യുന്നു. സ്പോർട്സ് പോലെത്തന്നെ സ്ത്രീ, വീടു്, ഭക്ഷണം, വാഹനം, ഫിറ്റ്നസ് തുടങ്ങി നിരവധി പുതുവ്യവഹാരങ്ങൾ രൂപപ്പെടുന്നുണ്ടു്; ഒപ്പം അവ സ്വന്തം ഭാഷ രൂപീകരിക്കുകയും ചെയ്യുന്നു. എല്ലാ പുതുവ്യവഹാരങ്ങളെയും സൂചിപ്പിക്കാൻ പ്രബന്ധശരീരം അനുവദിക്കില്ലെന്നതിനാൽ മാതൃകയ്ക്കു് വാഹന വ്യവഹാരത്തിന്റെ ഭാഷകൂടി പരാമർശിക്കുന്നു.

18
പെട്ടെന്നാർക്കും മെരുങ്ങുന്ന ജനുസ്സല്ല പോർഷെ. എപ്പോഴും പ്രവർത്തനക്ഷമമായ നാലു വീൽ ഡ്രൈവും ഉന്നതവേഗതത്തിലോടുന്ന ഭാരമില്ലാത്ത ബോഡിയും മധ്യത്തിലുറപ്പിച്ച അതീവശക്തമായ എൻജിനുമൊക്കെ ഈ കാറിനെ നിയന്ത്രിക്കുന്നതു് വഴങ്ങാത്ത കുതിരയെ നിയന്ത്രിക്കുന്നതു പോലെയാക്കി. അത്ര പെട്ടെന്നാർക്കും വഴങ്ങില്ല; മർമ്മമറിയുന്നവർക്കു മുന്നിൽ അനുസരണയോടെ വഴങ്ങും (ഫാസ്റ്റ്ട്രാക്ക് 2005, പുറം 8).
19
ഷെവർലെ റോഡിലിറങ്ങിയാൽ ഒരഴകാണു്. ആരും ഒന്നു കണ്ണുവെച്ചു പോവുന്ന അഴകു്. (ഫാസ്റ്റ്ടാക്ക് 2005, പുറം 29).
20
സ്നേഹത്തോടൊന്നു തൊട്ടാൽ ‘ഓടുന്ന’ മനസ്സാണാ കാറുകൾക്ക്, മിണ്ടിപ്പറഞ്ഞാൽ മറുവാക്കുരിയാടിടും. സിരകളിൽ രക്തത്തിനു പകരം പെട്രോളൊഴുകുന്ന ജീവനുള്ള വസ്തു… (ഫാസ്റ്റ്ട്രാക്ക് 2005, പുറം, 30).
21
അവളുടെ അംഗവടിവുകളിലൂടെ കയ്യോടിക്കൂ. എന്തൊരു സുഖം. നിങ്ങളിഷ്ടപ്പെടാതിരിക്കില്ല. അളവുകളിൽ നേർരേഖ അടിസ്ഥാനമിടുന്ന പുതിയ സൗന്ദര്യസങ്കല്പങ്ങൾക്കിടെ പഴയകാല മലയാള സിനിമാതാരങ്ങളുടെ രൂപത്തിനു് ഒത്തുപോകുന്ന അംബാസിഡറിനു് ആത്മവിശ്വാസത്തോടെ ഇതു പറയാൻ കഴിയുന്നുണ്ടെങ്കിൽ, കാലം കൈമാറിയ ചങ്കൂറ്റമായി കണക്കാക്കിയാൽ മതി (ഫാസ്റ്റ്ട്രാക്ക് 2005, പുറം 38).
22
അഭിമാനത്തിന്റെ നെഞ്ചുവിരിവും പൗരുഷത്തിന്റെ മേൽമീശയുമായി അന്തസ്സോടെ യാത്ര വേണോ, റോയൽ എൻഫീൽഡ് ബുള്ളറ്റിൽ തന്നെയാവണം. ‘ഫാന്റം പൈലി’ മമ്മൂട്ടി, 100 സി. സി. ബൈക്കിൽ യാത്ര ചെയ്യുന്നതു് ആലോചിക്കാനാവുമോ? ഇന്ദ്രൻസ് ബുള്ളറ്റോടിക്കുന്നതു് സങ്കല്പിക്കാൻ പോലും കഴിയുകയും ഇല്ല!! (ഫാസ്റ്റ്ട്രാക്ക് 2005, പുറം 39).
23
സൗന്ദര്യവും ആരോഗ്യവും Body & Beauty Care (ഫാസ്റ്റ്ട്രാക്ക് 2005, പുറം 64).
24
പ്രേമഭാജനം (ശീർഷകം) (ഫാസ്റ്റ്ട്രാക്ക് 2005, പുറം 38).
25
കാർ സ്റ്റീരിയോക്കു വേണ്ടുന്ന മാക്സിമം ഔട്ട്പുട്ട് 52 x 4 ആണു്. …ഹൈ ഫൈ ഇഫക്ടിനു് അഡീഷണൽ ആംപ്ലിഫയർ, സബ്വൂഫർ, ഈക്വലൈസർ എന്നിവയൊക്കെ കൂടെ അസംബിൾ ചെയ്യുകയുമാവാം. ഡിക്കി കളയാതെ വേണം സ്പീക്കർ ഘടിപ്പിക്കേണ്ടതു്. എഫിഷ്യൻസി കുറയാതിരിക്കാൻ… (ഫാസ്റ്റ്ട്രാക്ക് പുറം, 145).

ഈ ഉദാഹരണങ്ങളിലൂടെ കടന്നുപോകുമ്പോൾ യാത്ര ചെയ്യുക എന്നതിനപ്പുറം വാഹനത്തിനു പല ധർമ്മങ്ങളും നിർവഹിക്കാനുണ്ടെന്നു കാണാം. ജീവിത നിലവാരത്തെത്തന്നെ നിർണയിക്കുന്ന ഉപാധിയാണു് ഇന്നു വാഹനം.—പൗരുഷഭാവങ്ങളും അഴകു വഴിയും മനസ്സും എല്ലാം വാഹനത്തിനും ബാധകമാവുന്നു. 22-ാം ഉദാഹരണം വ്യക്തിയെത്തന്നെ നിർവചിക്കാൻ വാഹനം ഉപയോഗിക്കുന്നു. വാഹനം ‘അതു്’ അല്ലാതാവുകയും ‘അവനും അവളും’ ആവുകയും ചെയ്യുന്നു. 21-ാം ഉദാഹരണം വാഹനത്തിന്റെ സ്ത്രൈണതയെയും അഴകിനെയും ആസ്വാദ്യതയെയും (സ്ത്രീയുടെയും വാഹനത്തിന്റെയും) സൂചിപ്പിക്കുന്നു. സാംസ്കാരികമാനദണ്ഡങ്ങളുപയോഗിച്ചു് ഇത്തരം പ്രയോഗങ്ങളെ അപഗ്രഥിക്കാവുന്നതാണു്.

24-ാം ഉദാഹരണം വാഹനമലയാളത്തിന്റെ മറ്റൊരു സവിശേഷത കാണിച്ചുതരുന്നു. ഇംഗ്ലീഷ് പദങ്ങൾ അനായാസമായി കടന്നുവരുന്നു എന്നതുമാത്രമല്ല. അതു് കടംകൊണ്ട ശബ്ദമായി മാറിനിൽക്കാതെ മലയാളപരിസരത്തു് ഇടം കണ്ടെത്തുന്നു എന്നതും പരിഗണനാർഹമാണു്. വാഹനമലയാളത്തിന്റെ ഭാഷാപരമായ സവിശേഷതകളും കൂടുതൽ പഠനം ആവശ്യപ്പെടുന്നുണ്ടു്.

ഇപ്രകാരം പുതുവ്യവഹാരങ്ങൾ രൂപപ്പെടുകയും അവ ഭാഷയുടെ മാറ്റത്തിനു കാരണമാകുകയും ചെയ്യുന്നു. ഓരോ വ്യവഹാരവും പ്രത്യേകമായ ഭാഷ രൂപപ്പെടുത്തുമ്പോൾ ചിലയിടങ്ങളിലെങ്കിലും അത്തരം ഭാഷ, ആ വ്യവഹാരത്തിനകത്തു പ്രവർത്തിക്കുന്നവർക്കു മാത്രമായി വിനിമയം ചെയ്യപ്പെടുന്നതായി ആരോപണമുണ്ടു്. ആധുനിക നിരൂപണങ്ങളിലെ ഭാഷ സാമാന്യജനത്തിനു് അന്യമാണെന്ന ആരോപണം ഇവിടെ ഓർക്കാവുന്നതാണു്.

എങ്കിലും, പുതുവ്യവഹാരങ്ങൾ ഭാഷയിൽ വരുത്തുന്ന പരിണാമങ്ങളും അതിലൂടെ അതു സമൂഹപരിണാമത്തിനു പ്രേരകമാവുന്നതും സവിശേഷശ്രദ്ധ ആവശ്യപ്പെടുന്നുണ്ടു്. ഈ വ്യവഹാരങ്ങളെ അപഗ്രഥിക്കുന്നതിലൂടെ സമൂഹ-ഭാഷാപരിണാമങ്ങളെ അടയാളപ്പെടുത്താൻ കഴിയും. ഓരോ വ്യവഹാരവും ഇത്തരത്തിൽ പഠനവിധേയമാക്കേണ്ടതു് ആവശ്യമാണു്. സമൂഹവും മാധ്യമങ്ങളും ഈ വ്യവഹാരങ്ങളെ എങ്ങനെ സ്വീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു എന്ന അന്വേഷണം, വ്യവഹാരങ്ങൾ സമൂഹസൃഷ്ടിക്കു് എങ്ങനെ പ്രേരകമാവുന്നു എന്ന അറിവിലേക്കു നയിക്കും. ഒപ്പം ഭാഷയുടെ പുത്തൻ വിനിമയസങ്കേതങ്ങൾ വെളിപ്പെടുകയും ചെയ്യും. ഇത്തരം പഠനങ്ങൾ ഒരേസമയം അനേകം വിജ്ഞാനശാഖകളെ സ്പർശിക്കുകയും വ്യത്യസ്ത സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ടു് പലപ്പോഴും ബഹു വിജ്ഞാനപരവും ചിലപ്പോഴെല്ലാം അന്തർവിജ്ഞാനപരവുമായിത്തീരുന്നു.

2

ഫിറ്റ്നസിനെ സമൂഹം എങ്ങനെയാണു സ്വാംശീകരിച്ചിരിക്കുന്നതു്, അതു് ഏതെല്ലാം തരത്തിൽ, എത്രമാത്രം വ്യാപകമാണു്, അതിന്റെ തോതും തരവും എന്തു് എന്നെല്ലാം പഠിക്കാൻ ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന നൂറു പേരെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു. ആ അഭിമുഖങ്ങളും പ്ലസ്വൺ ക്ലാസിലെ ഇരുപത്തെട്ടു വിദ്യാർത്ഥികൾ വ്യക്തിപരമായി ഉണ്ടാക്കിയ ഫിറ്റ്നസ് നിർവചനങ്ങളും പഠനത്തിനു് ആധാരമായി സ്വീകരിച്ചിരിക്കുന്നു. ഇരിങ്ങാലക്കുടയ്ക്കു പുറത്തുള്ള ചെറുപ്പക്കാരനായ ഒരു ‘സെലിബ്രിറ്റി’യുടെ അഭിമുഖവും ആനുഷംഗികമായി ഉപയോഗിക്കുന്നുണ്ടു്.

ഇരിങ്ങാലക്കുടയ്ക്കു പുറത്തുള്ള ആളുടെ അഭിമുഖം എടുത്തതിനു കാരണമുണ്ടു്. കേരളം ഒരൊറ്റ നഗരമായി മാറിക്കൊണ്ടിരിക്കുകയും അതിന്റെ ഭാഗമായിത്തന്നെ സമൂഹത്തിൽ മധ്യവർഗവത്കരണം (Middle-classization) സംഭവിക്കുകയും ചെയ്യുന്നു എന്നതു് ഇന്നു പൊതുവിൽ തിരിച്ചറിയപ്പെടുന്നുണ്ടു്. വിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം, ആശയവിനിമയം, അഭിരുചികൾ, മാധ്യമങ്ങൾ എന്നിങ്ങനെയുള്ള ഇടങ്ങളിലെല്ലാം ഈ പ്രവണത വളരെ പ്രകടമായി കാണാം. ഇതു് എപ്രകാരമാണു് ഫിറ്റ്നസിന്റെ കാര്യത്തിൽ ഇരിങ്ങാലക്കുടയിലും പ്രാവർത്തികമാകുന്നതു് എന്നു തിരിച്ചറിയുന്നതിനുകൂടിയാണു് ഇരിങ്ങാലക്കുടയ്ക്കു പുറത്തുള്ള മധ്യവർഗപ്രതിനിധിയായ ഒരാളെ ഉൾപ്പെടുത്തിയിരിക്കുന്നതു്.

അഭിമുഖം നൽകിയവരിൽ അമ്പതു പേർ സ്ത്രീകളും അമ്പതു പേർ പുരുഷന്മാരുമാണു്. തുടർന്നുവരുന്ന കണക്കുകളിൽ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതു് യഥാക്രമം സ്ത്രീപുരുഷഭേദമനുസരിച്ചുള്ള കണക്കുകളാണു്.

പതിനഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവരാണു് എല്ലാ ആവേദകരും. 15-നും 30-നും ഇടയിൽ പ്രായമുള്ള 38 (21 + 17) പേരും 30-നും 50-നും ഇടയിൽ പ്രായമുള്ള 46 (24 + 22) പേരും 50-നും 65-നും ഇടയിൽ പ്രായമുള്ള 11 (4 + 7) പേരും അതിനു മുകളിൽ പ്രായമുള്ളവരായി 5 (1 + 4) പേരുമാണുള്ളതു്.

അഭിമുഖം നടത്തിയവരിൽ ഒരാൾ നിരക്ഷരയാണു്. 15 (8 + 7) പേർ പത്താം ക്ലാസ്സോ അതിൽ താഴെയോ വിദ്യാഭ്യാസം ഉള്ളവരും 42 (23 + 19) പേർ പ്രീഡിഗ്രി/പ്ലസ് ടു/ഡിഗ്രി വിദ്യാഭ്യാസം നേടിയവരുമാണു്. 42 (18 + 24) പേർ ഡിഗ്രിക്കു മുകളിൽ വിദ്യാഭ്യാസയോഗ്യത ഉള്ളവരോ പ്രൊഫഷണൽ കോഴ്സുകൾ പാസ്സായവരോ ആണു്.

ആവേദകരിൽ 21 പേർ 5000-നു താഴെയും 33 പേർ 10,000-നു താഴെയും മാസവരുമാനം ഉള്ളവരാണു്. 33 പേരുടെ മാസവരുമാനം 10,000-ത്തിനും 40,000-നും മധ്യേയാണു്. 40,000-ത്തിനു മുകളിൽ മാസവരുമാനമുള്ളവർ 13 പേരുണ്ടു്. പുരുഷന്മാരിൽ 35 പേർ വിവാഹിതരാണു്. സ്ത്രീകളിൽ 29 പേരും.

ഫിറ്റ്നസിനെ നിർവചിച്ച വിദ്യാർത്ഥികളിൽ 12 പേർ ആൺകുട്ടികളും 16 പേർ പെൺകുട്ടികളുമാണു്. ഈ വിദ്യാർത്ഥികളുടെ സാമ്പത്തിക-സാമൂഹിക അവസ്ഥകളൊന്നുംതന്നെയും പഠനത്തിൽ പരിഗണിച്ചിട്ടില്ല. വളർന്നുവരുന്ന വിദ്യാർത്ഥിസമൂഹം എങ്ങനെയാണു് ഫിറ്റ്നസിനെ സ്വീകരിച്ചിരിക്കുന്നതു് എന്നും അതിനെ അവർ ഏതേതു ഘടകങ്ങളുമായിട്ടാണു ബന്ധപ്പെടുത്തുന്നതു് എന്നും അവരുടെ അറിവിൽ ലിംഗഭേദമനുസരിച്ചു നിർണയനവ്യതിയാനങ്ങൾ ഉണ്ടോ എന്നു മാത്രമേ അന്വേഷിച്ചിട്ടുള്ളു. ഔപചാരികവും അനൗപചാരികവുമായ അഭിമുഖങ്ങളിൽനിന്നു ലഭിക്കുന്ന ഫിറ്റ്നസ് നിർവചന വിശദീകരണ വിവരണങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു തലം ഈ നിർവചനങ്ങൾക്കുണ്ടു്. അധ്യാപകൻ ക്ലാസ്സെടുക്കുന്നതിനു മുന്നോടിയായി വിദ്യാർത്ഥികളോടു് ആവശ്യപ്പെട്ട പ്രകാരം എഴുതിയതാണു് ഈ നിർവചനങ്ങൾ. അതായതു കുട്ടികളുടെ വളരെ ബോധപൂർവവും സുചിന്തിതവുമായ അഭിപ്രായമായി ഇതിനെ എടുക്കാവുന്നതാണു്.

ആൺകുട്ടികൾ ഫിറ്റ്നസിനെ ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, ഭൗതിക ഉണർവു്, പ്രവർത്തന നിരതത്വം, രോഗപ്രതിരോധ ശേഷി എന്നിവയുമായി കണ്ണി ചേർത്താണു നിർവചിക്കുന്നതു്. പെൺകുട്ടികളാകട്ടെ, ശാരീരികാരോഗ്യം, മാനസികാരോഗ്യം, രോഗപ്രതിരോധശേഷി എന്നിവയ്ക്കുപുറമെ വൈയക്തികതയെയും അവയോടു കണ്ണിചേർക്കുന്നു. ഇതിൽതന്നെ ശാരീരികാരോഗ്യം (28%), രോഗപ്രതിരോധ ശേഷി (21%) എന്നീ ഘടകങ്ങളാണു മുന്നിട്ടുനിൽക്കുന്നതു്. തൊട്ടുപിന്നാലെ വരുന്ന ഘടകം മാനസിക ആരോഗ്യമാണു്. പ്ലസ് വൺ വിദ്യാർത്ഥികളുടെ ഫിറ്റ്നസ് നിർവചനത്തിലെ ഘടകങ്ങൾ

images/hena-fitness-tab1.png

ഫിറ്റ്നസിനെ പെൺകുട്ടികൾ മിക്കവാറും ശരീരത്തോടു ചേർത്താണു് കാണുന്നതു് എങ്കിൽ, ശരീരത്തോടൊപ്പംതന്നെ അതിനു് ഒരു മാനസിക-സാമൂഹ്യതലം കൂടിയുണ്ടു് എന്നു് ആൺകുട്ടികൾ തിരിച്ചറിയുന്നു.

  1. ശാരീരിക ആരോഗ്യം
  2. ശരീരസംബന്ധി
  3. രോഗപ്രതിരോധശേഷി
  4. പ്രവർത്തന നിരതത്വം
  5. ബൗദ്ധിക ഉണർവു്
  6. മാനസികാരോഗ്യം
  7. മനസ്സംബന്ധി
  8. സമൂഹസംബന്ധി
  9. വ്യക്തിത്വം
  10. വ്യക്ത്യനുയോജ്യം
  11. വസ്തുവിനോടുള്ള യോജിപ്പു് സാമ്യം

Body, Personality, Flexible, Fit, Health എന്നിങ്ങനെയുള്ള ഇംഗ്ലീഷ് ശബ്ദങ്ങളുടെ അകമ്പടിയോടെയാണു മിക്കവരും ഫിറ്റ്നസിനെ നിർവചിക്കാൻ ശ്രമിക്കുന്നതു്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്കുമപ്പുറത്തു്, സ്വന്തം ജീവിതമണ്ഡലങ്ങളിൽ ഫിറ്റ്നസിനെ കൂടുതലായി തിരിച്ചറിയാൻ സാധിക്കുന്നതാകാം ആൺകുട്ടികളുടെ ഫിറ്റ്നസ് വ്യവഹാരത്തിൽ മനസ്സിനും ബുദ്ധിക്കും പ്രവർത്തനനിരതത്വത്തിനും ഇടം നൽകുവാനുള്ള കാരണമെന്നു് ഊഹിക്കാവുന്നതാണു്. അച്ചടിമാധ്യമത്തിൽ ശരീരത്തോടൊപ്പം തന്നെ മനസ്സും മറ്റു ഘടകങ്ങളും കടന്നുവരുന്നുണ്ടെങ്കിലും അതിന്റെ ദൃശ്യാവതരണത്തിൽ രൂപപരതയ്ക്കുതന്നെയാണു കൂടുതൽ പ്രാധാന്യം വരുന്നതു്. പലപ്പോഴും ദൃശ്യങ്ങൾക്കിടയിൽ മറഞ്ഞുപോവുന്ന വരമൊഴിയിലൂടെയാണു് ഫിറ്റ്നസിനെ അവതരിപ്പിക്കാറുള്ളതു്. ദൃശ്യത്തിന്റെ ഒരു അനുബന്ധം എന്ന മട്ടിലാണു പലയിടങ്ങളിലും ഈ വാചികാംശം കടന്നുവരുന്നതു്. അതുകൊണ്ടുതന്നെ പെൺകുട്ടികൾ ഈ വാചികാംശത്തെ താരതമ്യേന തിരസ്കരിക്കുകയും ദൃശ്യാംശത്തെ ഏറ്റെടുക്കുകയുമാണു ചെയ്തതു് എന്നു് അനുമാനിക്കാവുന്നതാണു്. വനിത, ഗൃഹലക്ഷ്മി തുടങ്ങിയ വനിതാപ്രസിദ്ധീകരണങ്ങളാണു് ഫിറ്റ്നസിന്റെ പ്രധാന ആവിഷ്കാര പ്രദേശങ്ങൾ. അതും മേൽപറഞ്ഞ നിഗമനത്തെ ബലപ്പെടുത്തുന്നു.

അഭിമുഖത്തിൽ പങ്കെടുത്തവരിൽ അഞ്ചു പുരുഷന്മാരും പത്തു സ്ത്രീകളും ഫിറ്റ്നസ് എന്നു കേട്ടിട്ടില്ല. എന്നാൽ അനുബന്ധ ചോദ്യങ്ങളിലൂടെയും ചില മാതൃകകളിലൂടെയും കടന്നുപോകുമ്പോൾ അവരിൽ പലരും, മറ്റുള്ളവർ ഫിറ്റ്നസുമായി ബന്ധപ്പെടുത്തുന്ന പല ഘടകങ്ങളെയും ഉൾക്കൊള്ളുന്നതായി തിരിച്ചറിയുന്നുണ്ടു്. അതായതു് 85% ആൾക്കാരും ഫിറ്റ്നസിനെ നേരിട്ടു് അറിയുമ്പോൾ മറ്റുള്ളവർ ഏതെങ്കിലും തരത്തിൽ സ്വയം അനുഭവിച്ചറിയുന്നുണ്ടു്.

ഫിറ്റ്നസ് എന്നു കേൾക്കാത്ത പത്തു സ്ത്രീകളിൽ അഞ്ചുപേരും പത്താം ക്ലാസ്സിനു താഴെ മാത്രം വിദ്യാഭ്യാസമുള്ളവരും, വീട്ടമ്മമാരോ വീട്ടു ജോലിക്കു പോകുന്നവരോ സെയിൽസ് ഗേൾസോ ആണു്. പുരുഷന്മാരിലും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെ അഞ്ചു പേരാണു് ഫിറ്റ്നസ് എന്നു കേൾക്കാത്തതു്. സ്ത്രീകളിൽ പത്തിൽ ഏഴുപേരും 5000-ൽ താഴെ മാസവരുമാനം ഉള്ളവരും ബാക്കി മൂന്നു പേർ 10000-ൽ താഴെ മാസ വരുമാനം ഉള്ളവരുമാണു്. പുരുഷന്മാരിൽ അഞ്ചു പേരും 5000-മോ അതിൽ താഴെയോ വരുമാനമുള്ളവരാണു്. ഈ വിഭാഗങ്ങളെല്ലാം തന്നെയും ഫിറ്റ്നസിനെക്കുറിച്ചുള്ള ചർച്ചകൾ കടന്നുവരുന്ന മാധ്യമങ്ങൾ വായിക്കാത്തവരുമാണു്. ഇവരിൽ മിക്കവരും ടി. വി. കാണുന്നവരാണെങ്കിലും വനിത, ഗൃഹലക്ഷ്മി, ആരോഗ്യമാസിക തുടങ്ങിയ ആനുകാലികങ്ങൾ വായിക്കുന്നതു കുറവാണു്. ഫിറ്റ്നസ് വ്യവഹാരത്തിന്റെ വ്യാപനത്തിൽ പ്രധാനപ്പെട്ട ഘടകമാണു് അച്ചടി മാധ്യമം എന്ന അറിവിലേക്കു് ഇക്കാര്യം നയിക്കുന്നുണ്ടു്.

ശാരീരികാരോഗ്യം, ശരീരസംബന്ധി, മനസ്സംബന്ധി, സമൂഹസംബന്ധി, കർമ്മശേഷി, അധ്വാനശേഷി, കാഴ്ചയും വ്യക്തിത്വവും തുടങ്ങിയ കാര്യങ്ങളുമായി ബന്ധിപ്പിച്ചാണു് അഭിമുഖത്തിൽ പങ്കെടുത്തവരെല്ലാം ഫിറ്റ്നസിനെ വിശദീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നതു്. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരം സൃഷ്ടിക്കുമെന്നു് ഒരു വിഭാഗം തിരിച്ചറിയുന്നുണ്ടു്. ഈ അറിവു്, മനസ്സു്, ശരീരം എന്നിവ വിരുദ്ധ ദ്വന്ദ്വങ്ങളാണെന്ന പരമ്പരാഗത ബോധത്തിൽനിന്നു വ്യത്യസ്തമാണു്.

images/hena-fitness-tab2.png

അഭിമുഖം നടത്തിയവരിലെ നല്ലൊരു വിഭാഗം (15%) ഓരോരുത്തർക്കും ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണു് ഫിറ്റ്നസിനെ വിവരിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നതു്. അതായതു് പാടാനുള്ള ശേഷി, പഠിപ്പിക്കാനുള്ള ശേഷി, നമുക്കു ചെയ്യേണ്ടതെന്താണോ അതു ചെയ്യാനുള്ള കഴിവു് തുടങ്ങിയവയെയാണു് മേൽപറഞ്ഞ തലത്തിൽ വിവരിക്കുന്നതു്. ഇപ്പറഞ്ഞവയെയാണു് പട്ടികയിൽ കർമശേഷി എന്ന പദംകൊണ്ടു് കുറിച്ചിരിക്കുന്നതു്. ഫിറ്റ്നസിനെ ദൈനംദിന ജീവിതാനുഭവമായി സ്വാംശീകരിച്ചതിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കാം.

മസിലല്ലല്ലോ ഫിറ്റ്നസ്… മസിലുണ്ടായതുകൊണ്ടു് ഫിറ്റ് ആവണമെന്നില്ല… അരവിന്ദേട്ടനും സെസിലും കാണാൻ ഫിറ്റാണെന്നു തോന്നുമെങ്കിലും അസുഖങ്ങൾ ഇടക്കിടെ വരുന്നവരാണു്. അവർ ഫിറ്റല്ല (ആവേദകൻ 87, വിവേക്).

എന്തെങ്കിലും ചെയ്യാൻ, അല്ലെങ്കിൽ ഏതു കാര്യം ചെയ്യാനുമുള്ള ശരീരത്തിന്റെ അവസ്ഥ. അല്ലാതെ ബോഡി മസിൽസല്ല ഉദ്ദേശിക്കുന്നതു്. എന്തും ചെയ്യാനുള്ള താല്പര്യം മനസ്സിന്റേം ഫിറ്റ്നസിനെ ബാധിക്കും. ഇപ്പോൾ ഇന്റർവ്യൂകൾ കുറേ അറ്റൻഡ് ചെയ്തപ്പോൾ മെന്റൽ ഫിറ്റ്നസിന്റെ പ്രാധാന്യം തിരിച്ചറിയുന്നു (ആവേദകൻ 90, ശ്രീനാഥ്).

ഫിറ്റ്നസ് എന്നു മാത്രം പറയുമ്പോൾ സമൂഹത്തിൽ ഒരു കണ്ണിയാകാനാവുന്ന അവസ്ഥയെയാണു് കാണുന്നതു്… സ്വന്തം ഫിറ്റ്നസിനുവേണ്ടി സമൂഹത്തിൽ ഫിറ്റാവാൻ ശ്രമിക്കണം. കഴിയുന്നതും സമൂഹത്തിലെ മറ്റു കണ്ണികളെ ദ്രോഹിക്കാതിരിക്കുകയും ഗുണം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക. തിരിച്ചും ഗുണമുണ്ടെങ്കിൽ സ്വീകരിക്കുക. (ആവേദകൻ 92, കൃഷ്ണൻകുട്ടി).

ഫിറ്റ്നസ്സ് ഘടകങ്ങൾ
  1. ശാരീരികാരോഗ്യം
  2. ശരീരസംബന്ധി
  3. മനസ്സംബന്ധി
  4. സമൂഹസംബന്ധി
  5. കർമ്മശേഷി
  6. അദ്ധ്വാനശേഷി
  7. കാഴ്ചയും വ്യക്തിത്വവും
  8. മറ്റുള്ളവ

ഈ പറച്ചിലുകളിൽ സാർവ്വലൗകികമായ ‘ഫിറ്റ്നസ്സ്’ എന്നൊന്നില്ലെന്നും മസിൽ പവർ ഫിറ്റ്നസിന്റെ പ്രധാന ഘടകമല്ല എന്നുമുള്ള ബോധമാണു് തെളിയുന്നതു്. മാനസികാരാഗ്യം, സാമൂഹ്യതലം എന്നിവയെല്ലാം ഫിറ്റ്നസുമായി കണ്ണിചേരുമ്പോൾ വ്യക്തമാകുന്നതു് ഇക്കാര്യം തന്നെയാണു്.

സൗന്ദര്യവും കാഴ്ചയും സാമൂഹ്യതലവും ഫിറ്റ്നസിനു് ഉണ്ടെന്നു നിരീക്ഷിക്കുന്നതിലൂടെ ഈ വ്യവഹാരം മുമ്പുണ്ടായിരുന്ന ജിംനേഷ്യസംസ്കാരത്തിൽനിന്നു വ്യത്യസ്തമായതും പുതുധർമങ്ങൾ ഉള്ളതും കുറേക്കൂടി വലിയ തലം ഉള്ളതും ആണെന്നു വ്യക്തമാകുന്നു.

ഉപകരണങ്ങളില്ലാത്ത സ്വാഭാവിക വ്യായാമം (44%), ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യായാമം (10%), ഭക്ഷണക്രമീകരണം (28%), ദിനചര്യ (11%), യോഗ (6%) എന്നിവയാണു് ഇതിൽ പ്രധാനമായി കടന്നുവരുന്നതു്. ഇങ്ങനെ നോക്കുമ്പോൾ, ശരീര കേന്ദ്രിതമായാണു് ഫിറ്റ്നസിനെ പ്രധാനമായും തിരിച്ചറിയുന്നതു് എന്നു പറയാമെങ്കിലും അതോടൊപ്പം തന്നെ ദിനചര്യ, വായന, സംസാരം, ടെൻഷൻ ഫ്രീയായിരിക്കൽ, വിശ്രമം, പാട്ടു കേൾക്കൽ, പാടൽ തുടങ്ങിയ കാര്യങ്ങളും ഫിറ്റ്നസിനു് ആവശ്യമാണെന്നു പറയുന്നതിലൂടെ മാനസികമായ ഒരു തലം ഇതിനുണ്ടു് എന്ന ബോധവും ഉത്പാദിപ്പിക്കുന്നുണ്ടു്. ശാരീരികമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നവരും ഇക്കാര്യത്തെക്കുറിച്ചു് ഗൗരവത്തോടെ തന്നെ പരാമർശിക്കുന്നുണ്ടു്.

പുതുതലമുറയാണോ മുൻ തലമുറയാണോ ഫിറ്റ് എന്ന ചോദ്യത്തിനു വളരെ വലിയ വിഭാഗം ആൾക്കാരും (61%) മുൻതലമുറയാണെന്ന മറുപടിയാണു നൽകുന്നതു്. വളരെ കുറച്ചുപേർ പുതുതലമുറയാണു് ഫിറ്റ് (9%) എന്നു പറയുമ്പോൾ രണ്ടുതലമുറയും ഫിറ്റാണെന്നു പറയുന്ന ഒരു ചെറുവിഭാഗമുണ്ടു് (2%). അതുപോലെത്തന്നെ ഇക്കാര്യം താരതമ്യം ചെയ്യാവതല്ല (3%) എന്ന അഭിപ്രായവും ഉണ്ടു്. എന്നാൽ ഫിറ്റായവരെ ചൂണ്ടിക്കാണിക്കേണ്ടിവരുമ്പോൾ മുൻതലമുറയിലേക്കു പോകുന്നവർ കുറവാണു്. വളരെയധികം പേരും (34%) തനിക്കു ചുറ്റുമുള്ളവരിൽനിന്നാണു് ഉദാഹരണങ്ങൾ കാണിക്കുന്നതു്.

ഏതു തലമുറയാണു് ഫിറ്റ്
  1. മുൻതലമുറ
  2. ഇപ്പോഴത്തെതലമുറ
  3. രണ്ടും
  4. താരതമ്യം അസാധ്യം

സിനിമാതാരങ്ങൾ (18%), കായികതാരങ്ങൾ (5%) തുടങ്ങിയ സെലിബ്രിറ്റീസിനെ എടുത്തുകാണിക്കുന്നവരും ഇല്ലാതില്ല. മഹാത്മാഗാന്ധി യെ മൂന്നു പേർ ഉദാഹരിക്കുന്നുണ്ടു്. അതുപോലെതന്നെ വി. എസ്സ്. അച്യുതാനന്ദൻ, കെ. കരുണാകരൻ, എം. എസ്. സുബ്ബലക്ഷ്മി തുടങ്ങിയവരും ഉദാഹരണമായി കടന്നുവരുന്നുണ്ടു്. ആരും ഫിറ്റല്ല എന്ന അഭിപ്രായമുള്ളവരും (14%) പലരും ഫിറ്റാണെന്നോ (5%) ഓരോരുത്തരും അവരവരുടേതായ രീതിയിൽ ഫിറ്റാണെന്നോ (3%) പറയുന്നവരും ഉണ്ടു്.

ആരാണു് ഫിറ്റ്
  1. പരിചിതർ
  2. സിനിമാതാരങ്ങൾ
  3. രാഷ്ട്രീയക്കാർ
  4. കായികതാരങ്ങൾ
  5. പലരും
  6. ആരുമില്ല
  7. എല്ലാവരും

ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഫിറ്റ്നസിനെ ശരീരവുമായി ബന്ധപ്പെടുത്തുമ്പോൾ അതിന്റെ പ്രത്യക്ഷീകരണതലവുമായി കടന്നു വരുന്ന ഘടകങ്ങൾ ആരോഗ്യം, മസിലുകൾ, ചിലപ്പോഴെങ്കിലും സൗന്ദര്യം എന്നിവ മാത്രമാണു് എന്നതാണു്. സ്ത്രീപുരുഷബന്ധമോ ലൈംഗികതയോ ആരും പരാമർശിക്കുന്നില്ല. എന്നാൽ മാധ്യമങ്ങളിലാവട്ടെ ഇക്കാര്യം ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ടുതാനും. ലൈംഗികതയുടെ വ്യത്യസ്തങ്ങളായ ആവിഷ്കാര പ്രകാരങ്ങൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ ധാരാളമായി ആവിഷ്കരിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അതു് പൊതുഭാഷണങ്ങളിൽ കടന്നുവരുന്നേയില്ല. കുടുംബസദസ്സുകളിലോ ഭരണവ്യവഹാരങ്ങളിലോ അതൊരിക്കലും വരുന്നില്ലെന്നു മാത്രമല്ല, അതെല്ലാം അശ്ലീലവും പൊതുഭാഷണത്തിലോ പാഠ്യപദ്ധതിയിലോ കടന്നുവരാൻ പാടില്ലാത്തതും ആണു് എന്നാണു് ഭരണകൂടത്തിന്റെയും കുടുംബത്തിന്റെയും നിലപാടു്.[13] മാധ്യമങ്ങളെ സാമാന്യമായി വിലയിരുത്തുമ്പോൾ മലയാള ടി. വി. ചാനലുകളിൽ ദൂരദർശനും അച്ചടിമാധ്യമങ്ങളിൽ ദിനപത്രങ്ങളും കുടുംബത്തിന്റെയും അതിന്റെതന്നെ ബൃഹത്രൂപമായ ഭരണകൂടത്തിന്റെയും നിലപാടുകളാണു് സ്വീകരിക്കുന്നതു്. എന്നാൽ മിക്കവാറും ആനുകാലികങ്ങളും സ്വകാര്യ ടെലിവിഷൻ ചാനലുകളും സിനിമയും വൈയക്തിക അഭിരുചിയുടെ ഉത്പാദന-വിതരണ കേന്ദ്രമായി, മധ്യവർഗവത്കരണത്തിനുള്ള ഒരു ഇടമായും ഉപകരണമായും വർത്തിക്കുന്നുണ്ടു്.

ഈ പറഞ്ഞ പൊതുബോധങ്ങളിൽനിന്നു വ്യത്യസ്തമല്ല പുറത്തുനിന്നുള്ള ആവേദകന്റെ മൊഴികൾ. ഫിറ്റ്നസിന്റെ ശാരീരികതലത്തെക്കാൾ മാനസിക തലത്തെക്കുറിച്ചു് വാചാലനാകുകയും മുൻ തലമുറയാണു് ഫിറ്റ് എന്നു് ഉറപ്പിച്ചു പറയുകയും ചെയ്യുമ്പോഴും മാതൃകാപരമായി ഫിറ്റായി കണക്കാക്കുന്നതു് മമ്മൂട്ടിയെയും ഋത്വിക് റോഷനെയും ആണു് എന്നതും മേൽപ്പറഞ്ഞ അഭിപ്രായങ്ങളെ സാധൂകരിക്കുന്നു.

ശരീരബോധം സ്വകാര്യ ഇടങ്ങളിലേ ആവിഷ്കൃതമാവുന്നുള്ളൂ. ബ്യൂട്ടി പാർലറുകളിൽ പോയി ഒരുങ്ങുക എന്നതു പ്രത്യക്ഷത്തിൽ സ്ത്രീയുടെ ആവശ്യമാണെന്നു പറയുകയും, അതിനായി അവളെ പറഞ്ഞയക്കുന്ന അമ്മയും അമ്മയെ നിർബന്ധിക്കുന്ന അച്ഛനും അങ്ങനെ ഭരണകൂടംതന്നെയും ഇവിടെ ഒളിച്ചുകളി നടത്തുകയും വാചകക്കസർത്തിലൂടെ അതു തങ്ങളുടെ ആവശ്യമല്ല എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തെക്കുറിച്ചുള്ള ‘ഭയ’മാണിതു്. സ്വന്തം ശരീരത്തെയോ ശരീരത്തെ സംബന്ധിക്കുന്നതോ ആയ കാര്യങ്ങൾ പറയേണ്ടി വരുമ്പോൾ പലപ്പോഴും പ്രതിഭാഷ ഉപയോഗിക്കുന്നതു് ഇതിനു തെളിവാണു്.[14] ഇതു് ഈ സമൂഹം അനുഭവിക്കുന്ന ഒരു വലിയ സംഘർഷമാണു്. സ്വകാര്യമായി ആസ്വദിക്കുന്ന ഒന്നു്, പൊതുമണ്ഡലത്തിന്റെ ഭാഗമായി നിൽക്കേണ്ടിവരുമ്പോൾ അവർക്കു തിരസ്കരിക്കേണ്ടിവരുന്നു. സ്ത്രീപീഡനങ്ങളെക്കുറിച്ചും മറ്റും ഇക്കിളിപ്പെടുത്തുന്ന തരത്തിൽ അവതരിപ്പിക്കപ്പെടുന്ന വാർത്തകൾ ആർത്തിയോടെ വായിക്കുകയും പരസ്യമായി അവയ്ക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു എന്നതാണു മലയാളിയുടെ ഇന്നത്തെ അവസ്ഥ. ഫിറ്റ്നസിനെക്കുറിച്ചുള്ള ചർച്ചകളിൽ ശാരീരിക-മാനസിക ഘടകങ്ങൾ മാറിമാറിവരുന്നതു് ഈ തലത്തിൽനിന്നു വായിക്കാവുന്നതാണു്.

ഫിറ്റ്നസിനെ അതിന്റെ ശരീരപരതയിൽ മാത്രം കണക്കാക്കുന്ന ഒരു പഠനശാഖതന്നെ ഇവിടെയുണ്ടു്. അവർതന്നെ ഇപ്പോൾ അതിന്റെ ഒരു ഉപവിഭാഗമായി ‘കോസ്മെറ്റിക് ഫിറ്റ്നസ്’ എന്ന ഒന്നിനെ തിരിച്ചറിയുന്നുണ്ടു്. ഈ ഉപവിഭാഗത്തെയാണു മാധ്യമങ്ങൾ പലപ്പോഴും ഫിറ്റ്നസ് എന്ന മട്ടിൽ അവതരിപ്പിക്കുന്നതു്. ഇക്കാര്യം തിരിച്ചറിയാതെയാണു് സാനിയ മിർസ യ്ക്കും മറ്റും നല്കുന്ന ‘മീഡിയ കവറേജി’നെപ്രതി പി. ടി. ഉഷ യെപ്പോലുള്ളവർ പരാതിപ്പെടുന്നതു്.

ശരീരവും മനസ്സും കരുത്തും ആരോഗ്യവും സൗന്ദര്യവും ഒത്തുചേരുന്ന, ഇവയുടെയെല്ലാം രൂപീകരണത്തിനു സമയം നീക്കിവെക്കേണ്ടതാണന്ന, പൊതുബോധമാണു് ഈ അഭിമുഖങ്ങളിൽനിന്നു തെളിഞ്ഞുവരുന്നതു്. ഇതു് എപ്രകാരമാണു മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു് എന്നു പരിശോധിക്കുന്നതു് ഈ അറിവിനെ ബലപ്പെടുത്തുന്നതിനു സഹായിക്കും.

3

മലയാളത്തിലെ ഫിറ്റ്നസ് വ്യവഹാരത്തിന്റെ പ്രധാനപ്പെട്ട പ്രസരണ മാർഗങ്ങൾ അച്ചടി-ദൃശ്യമാധ്യമങ്ങളാണു്. ഇതേ മാധ്യമങ്ങൾ തന്നെയാണു കേരളത്തിൽ ഇന്നു നടക്കുന്ന മധ്യവർഗവത്കരണത്തിന്റെയും മുഖ്യവക്താക്കൾ. വനിത, ഗൃഹലക്ഷ്മി, മാതൃഭൂമി ആരോഗ്യമാസിക, വനിത ആരോഗ്യം, ഗൃഹശോഭ, ശ്രീമാൻ എന്നീ ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ കടന്നുവരുന്ന ഫിറ്റ്നസ് വ്യവഹാരങ്ങളെ വർഗീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതോടൊപ്പം നേരത്തെ അവതരിപ്പിച്ച പൊതുബോധത്തോടു് അതു് എങ്ങനെ ബന്ധപ്പെടുന്നു എന്നു പരിശോധിക്കുകയുമാണു് ഇവിടെ ചെയ്യുന്നതു്. മലയാളത്തിലെ ഫിറ്റ്നസ് വ്യവഹാരത്തിന്റെ ആവിഷ്കരണം—വിശാലമായ അർത്ഥത്തിൽ ഫിറ്റ്നസ് മലയാളത്തിന്റെ ഭാഷാസ്വഭാവം എന്തു് എന്നും ചർച്ച ചെയ്യുന്നു.

ഫിറ്റ്നസുമായി ബന്ധപ്പെട്ടു് അവതരിപ്പിക്കുന്ന ചില ലേഖനങ്ങളുടെ ശീർഷകങ്ങളും അവയുടെ ചില ഉപശീർഷകങ്ങളുമാണു് താഴെ കൊടുക്കുന്നതു്. അതിലൂടെ തന്നെ മലയാളത്തിലെ ഫിറ്റ്നസ് വ്യവഹാരത്തിന്റെ വ്യാപ്തി തിരിച്ചറിയാവുന്നതാണു്.

26
ഫിറ്റ്നസ് ഇനി എത്രയെളുപ്പം… (ഫിറ്റ്നസ് സ്പെഷൽ ഫീച്ചർ, വനിത: ഒക്ടോബർ, 1–14, 2005)
  • ഫിറ്റ് ആവുകയെന്നാൽ
  • ബോഡി മാസ് ഇൻഡക്സ് (ബി. എം. ഐ.)
  • നടത്തം—ഏറ്റവും നല്ല വ്യായാമം
  • റിലാക്സേഷൻ
  • ഭക്ഷണം ചിട്ടയോടെ
  • ഓരോ പ്രായത്തിലും ശരിയായ ഡയറ്റ്
  • ഉണർവോടെ ഉണരാൻ നല്ല ഉറക്കം
27
യൗവനം നിത്യഹരിതം (ആരോഗ്യം പംക്തി) (ഗൃഹശോഭ: ഒക്ടോബർ, 2006)
  • ഡയറ്റ്
  • വ്യായാമം
  • ചിന്തയും പിരിമുറക്കവും
  • ഉറക്കം
  • ചിരിക്കുക, മനസ്സു തുറന്നുതന്നെ
  • നിത്യവും എന്തുചെയ്യണം?
28
അമ്മയായിക്കഴിഞ്ഞും സ്ലിംബ്യൂട്ടി ആകാം; ഫിറ്റ്നസ് കാക്കാം (പ്രസവശേഷം സൗന്ദര്യവും സെക്സും, വനിത: ഡിസംബർ 15–31, 2004)
  • സൗന്ദര്യപ്രശ്നങ്ങൾ
  • വ്യായാമങ്ങൾ ആകാരവടിവിനു്
  • പ്രസവശേഷം വയർ ഒതുങ്ങാൻ
  • ലൈംഗിക പ്രശ്നങ്ങൾ
29
സിനിമയും ഫിറ്റ്നസും (വനിത: ഡിസംബർ 15–31, 2005)
  • താരങ്ങൾ തടി കുറക്കുന്നതെങ്ങനെ?
  • പ്രായം തോന്നിക്കാതിരിക്കാനുള്ള വ്യായാമം
  • യോഗയും ഉറക്കവും
  • ജിമ്മും സൂപ്പും സഹായിച്ചു
30
ഫിറ്റ്നസ് (ഗൃഹലക്ഷ്മി: മാർച്ച് 2005)
  • വയർ ഒതുങ്ങാൻ
  • ചിക്കൻപോക്സിന്റെ കലകൾ
  • മുടി വളരാൻ
  • ചുളിവുകൾ മാറാൻ
  • ആർത്തവകാലത്തെ നടുവേദന
31
ഫിറ്റ്നസ് (ഗൃഹലക്ഷ്മി: ഫെബ്രുവരി 2003)
  • ശരീരപുഷ്ടി വർധിപ്പിക്കാൻ
  • ശരീരം നിറയെ രോമങ്ങൾ
  • പ്രമേഹത്തിനു പറ്റിയ പാനീയം
  • അമിതവണ്ണം
  • മുഖക്കുരു മാറാൻ
32
ഫിറ്റ്നസ് (ഗൃഹലക്ഷ്മി: ഫെബ്രുവരി 2004)
  • ആർത്തവ പ്രശ്നങ്ങൾ
  • വരണ്ട ചർമ്മം, താരൻ
  • മുടി വളരാൻ
  • വെള്ളപ്പാണ്ടു് മാറുമോ ?
  • മുഖത്തു് രോമം
ആരോഗ്യം, വ്യായാമം, സൗന്ദര്യം, ശരീരപരത, ലൈംഗികത, ജീവിതരീതി തുടങ്ങിയവയുമായി ബന്ധിപ്പിച്ചാണു് ഇവിടെ ഫിറ്റ്നസ് വ്യവഹാരം വിസ്തൃതി നേടുന്നതു്.

ഈ ആഖ്യാനങ്ങൾ എങ്ങനെ പറയുന്നു, എന്തു പറയുന്നു, എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നിവയുടെ അടിസ്ഥാനത്തിൽ വർഗീകരിക്കാവുന്നതാണു്.

ഓരോ മാതൃകയും അവയുടെ ആഖ്യാനരീതിയിൽ വ്യത്യസ്തമാണു്. കഥാഖ്യാനത്തിന്റെ മാതൃക, ചോദ്യോത്തര രീതി, മറ്റുവിഷയങ്ങളുടെ കൂടെയുള്ള ആനുഷംഗിക പരാമർശം എന്നിങ്ങനെ പലതരം ആഖ്യാനരീതികളാണു് ഓരോന്നും പിൻതുടരുന്നതു്.

“ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമോ? ഐസ്ക്രീം! പക്ഷേ, അതു ഞാൻ തൊട്ടുനോക്കാറേയില്ല. ഏതു ലൊക്കേഷനിലായാലും വ്യായാമത്തിനുവേണ്ടി അൽപനേരം കണ്ടെത്തും ഞാൻ. ഫിറ്റ്നസ് കാത്തു സൂക്ഷിക്കണ്ടേ? ടി. വി. സ്ക്രീനിൽ, അഴകളവുകൾ എടുത്തുകാട്ടുന്ന വേഷത്തിന്റെ വശ്യതയോടെ, വെള്ളിത്തിരയിലെ നായിക പറയുന്നു. സ്വീകരണമുറിയിലെ സെറ്റിയിൽ ചാഞ്ഞിരുന്നു് സ്ക്രീനിലേക്കു കണ്ണു നട്ടു് നമ്മൾ കമന്റ് പാസ്സാക്കുന്നു: “ഹായ്! എന്തൊരു ബോഡി ഷേപ്പ്!” എന്ന്, മുന്നിലെ ടീപ്പോയിൽ നിരന്നിരിക്കുന്ന എണ്ണപ്പലഹാരങ്ങളും സ്നാക്ക്സുമൊക്കെ ‘വയർ അറിയാതെ’ അകത്താക്കിക്കൊണ്ടാണു് ഈ അഭിപ്രായം പറച്ചിൽ…” (വനിത, ഒക്ടോബർ 1–14, 2005).

ഇങ്ങനെ കഥാഖ്യാനരീതിയിലൂടെ ആരംഭിക്കുന്ന ഇത്തരം ശൈലിയാണു് ഫിറ്റ്നസ് ലേഖനങ്ങൾ ഏറെയും സ്വീകരിക്കുന്നതു്. ആ ആഖ്യാനത്തിലേക്കു വായനക്കാരെ ആകർഷിക്കുന്നതിനു് ഇത്തരം ആഖ്യാനരീതികൾ സഹായിക്കും. ഈ തരത്തിലുള്ള ലേഖനങ്ങൾ വായനാസുഖം നൽകുന്നവയാണെന്നു തന്നെയാണു് പ്രിയയുടെ (ആവേദക 2) അഭിപ്രായം.

“മാഗസിനില് വരണതു് താൽപര്യം തോന്നണ ചിത്രങ്ങള് അങ്ങനത്തെ ഒക്കെള്ളതാണെങ്കിൽ വായിക്കും. ഭയങ്കര സീരിയസ് ആണെങ്കിൽ, മെഡിക്കൽ ടേംസ് ഒക്കെയുള്ളതാണെങ്കിൽ വായിക്കില്യ…”

കേവലമായ വായനാസുഖത്തോടൊപ്പം മറ്റുചില ധർമങ്ങൾ കൂടി ഇത്തരം ആഖ്യാനരീതികൾ നിർവഹിക്കുന്നുണ്ടു്. ഫിറ്റ്നസുമായി ബന്ധപ്പെട്ട ഘടകങ്ങൾ (ബോഡിഷേപ്പ്, സൗന്ദര്യം, ഫാഷൻ, വ്യായാമം), ഫിറ്റ്നസിനു വേണ്ടി ചെയ്യേണ്ടതും (വ്യായാമം) ഉപേക്ഷിക്കേണ്ടതും (എണ്ണപ്പലഹാരങ്ങളും സ്നാക്സും അമിതഭക്ഷണവും) ആയ കാര്യങ്ങൾ എന്നിങ്ങനെ ഫിറ്റ്നസ് വ്യവഹാരത്തിന്റെ ഒരു രത്നച്ചുരുക്കമായി ഇത്തരം ആഖ്യാനങ്ങൾ കടന്നുവരുന്നു.

ഇത്തരം കഥാഖ്യാനരീതിയിലൂടെ തുടങ്ങി വിഷയത്തിലേക്കു പ്രവേശിച്ചു് ഗൗരവപൂർണമായ ആഖ്യാനത്തിലേക്കു മാറുന്ന രീതി പൊതുവേ സ്വീകരിച്ചുകാണാം. ചിലപ്പോഴൊക്കെ ജീവശാസ്ത്ര-വൈദ്യശാസ്ത്ര ഭാഷകളെ അവലംബിക്കുക വഴി കൂടുതൽ ‘ശാസ്ത്രീയത’ കൈവരിക്കാനുള്ള ശ്രമവും ചില ലേഖനങ്ങളിൽ കാണാം (വനിത, ഒക്ടോബർ 1–14, 2005, വനിത ആരോഗ്യം, 2002).

ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണത്തിന്റെ, ചോദ്യോത്തരത്തിന്റെ രീതിയിലാണു് ഇനിയൊരു വിഭാഗം വരുന്നതു്. ഏറ്റവും ചുരുങ്ങിയ വാക്കുകൾകൊണ്ടു് സംശയങ്ങൾ ഉന്നയിക്കുന്നതും അതിനു് അതേ രീതിയിൽ മറുപടി പറയുന്നതും ഇത്തരം ആഖ്യാനങ്ങളുടെ പ്രത്യേകതയാണു്. ഒരേ വ്യക്തിയുടെ ചോദ്യങ്ങളിൽ കേന്ദ്രബിന്ദുവായി ഒരു പ്രശ്നവും അതിന്റെകൂടെ അതിനോടു ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ വേറെ പ്രശ്നങ്ങളും ഉന്നയിക്കപ്പെടുന്നതു് ഇത്തരം ആഖ്യാനങ്ങളിൽ സാധാരണമാണു്. അവയ്ക്കുള്ള മറുപടിയും അതേരീതിയിൽ ആയിരിക്കും.

“മൂന്നു മക്കളുടെ അമ്മയാണു്. 80 കിലോ തൂക്കം. കൊളസ്ട്രോൾ കൂടുതലാണു്. ഉദ്വർത്ഥനം തടി കുറയ്ക്കുമെന്നു് കണ്ടു. ഇതെങ്ങനെ ചെയ്യാം? കുങ്കുമാദി തൈലം എവിടെ കിട്ടും?

ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും വണ്ണം കുറയ്ക്കാം. കൊഴുപ്പുള്ള ഭക്ഷണം, മാംസം, എണ്ണ, നെയ്യു് ഇവ ഒഴിവാക്കണം. വരാദി കഷായം, വിളംഗാദി ചൂർണം എന്നിവ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഉദ്വർത്ഥനം ഉഴിച്ചിലാണു്. വൈദ്യശാലയിൽ ചെയ്യേണ്ടതാണു്. കുങ്കുമാദിതൈലം ആര്യവൈദ്യശാലയുടെ അംഗീകൃത ഏജൻസികളിൽ കിട്ടും” (ഗൃഹലക്ഷ്മി, സെപ്തംബർ 2005).

ഇത്തരത്തിൽ ചോദ്യങ്ങളെല്ലാം ഒരുമിച്ചു വരുന്ന, അതിനനുസരിച്ചു് ഉത്തരം നൽകുന്ന രീതിയാണു് കാണുന്നതു്. അലോപ്പതി, ആയൂർവേദം, സ്ത്രീജന്യ രോഗങ്ങൾ, ശിശുരോഗങ്ങൾ എന്നിവയ്ക്കു് പ്രത്യേകം പംക്തികൾ കാണുന്നുണ്ടു്. ഭാഷാപരമായും അവതരണപരമായും വിഷയപരമായും സാദൃശ്യം പുലർത്തുന്ന ഇവയെ മാധ്യമാവതരണങ്ങളിലെ ഒരു ജനുസ്സായി (genre) കണക്കാക്കാവുന്നതാണു്.

“എല്ലാവരുടെയും ശരീരം നല്ലതാണു്. ഉള്ള ശരീരത്തെ നന്നാക്കിയെടുത്താൽ മതി. ഞാൻ വ്യായാമം ചെയ്യുന്നതു് പ്രായം കുറഞ്ഞു തോന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു്. പ്രായമാകുന്തോറും ശരീരം ലൂസാകും. അതു ടൈറ്റ് ചെയ്യാൻ വ്യായാമം. അത്രമാത്രം. ദാ ഇപ്പോ ഫിറ്റ്നസിനെപ്പറ്റി ഞാൻ പറഞ്ഞാൽ ശരിയാവില്ല. കാരണമെന്താ… ഇപ്പോൾ ഞാൻ ശരിക്കും ഫിറ്റല്ല. എനിക്കിത്തിരി വെയ്റ്റ് കൂടിയിട്ടുണ്ടു്… ” (വനിത, ഡിസംബർ, 15–31, 2005).

സംഭാഷണ രൂപത്തിൽ വരുന്ന ഇത്തരം ആഖ്യാനങ്ങളിൽ ഫിറ്റ്നസും അതോടനുബന്ധിച്ചുള്ള കൊച്ചുകൊച്ചു അനുഭവങ്ങളും കടന്നുവരുന്നതായി കാണാം.

പ്രായക്കുറവു തോന്നിക്കാനും ശരീരത്തിൽ ഊർജ്ജസ്വലത കൈവരുത്തുന്നതിനും ഉള്ള ഉപാധിയാണു് വ്യായാമം എന്ന ബോധം അഭിമുഖത്തിൽനിന്നു കിട്ടിയ പൊതുബോധവുമായി ചേർന്നുപോകുന്നുണ്ടു്.

“നല്ല ഫിറ്റായ ആളെ കണ്ടാൽ, എക്സർസൈസ് ചെയ്യുന്നയാളെ കണ്ടാൽ, പ്രായം പറയാനാവില്ല. ഒരേ ബോഡിഷേപ്പ് നിലനിർത്താനാവും. ഏജിങ് പ്രോസസ് കുറവുണ്ടാവും. സ്ലോ ആവും… വയസ് പോസ്റ്റ്പോൺ ചെയ്യാനാവും. യു ഫീൽ യങ്ങ്…” (ആവേദകൻ 96, വിവേകാനന്ദൻ).

മറ്റു പല കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ആനുഷംഗിക പരാമർശമായി ഫിറ്റ്നസ് കടന്നുവരുന്നവയാണു് ഇനിയൊരു വിഭാഗം. താരങ്ങളുടെ ഇന്റർവ്യൂവിലെ ചോദ്യോത്തരങ്ങളിലും, പുതിയ തലമുറയിലെ ഫാഷന്റെ ഭാഗമായും സ്പോർട്സ് താരത്തിന്റെ അവതരണമായും എല്ലാം ഇത്തരം പരാമർശങ്ങൾ കടന്നുവരുന്നു.

“ബോഡി ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ടെക്നിക്സ് എന്താണു്? എക്സർസൈസ് തന്നെയാണു് പ്രധാനം. രാവിലെയും വൈകീട്ടും ഇതു് മുടക്കാറില്ല. ഇപ്പോൾ വീട്ടിൽത്തന്നെ ചെറിയൊരു ജിംനേഷ്യം ഒരുക്കിയിട്ടുണ്ടു്. ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ചു് നിയന്ത്രണങ്ങൾ ഒന്നുമില്ല. നോൺവെജ് ഇഷ്ടമാണു്” (ശ്രീമാൻ 2006).

എന്നിങ്ങനെ പ്രത്യേക ചോദ്യോത്തരമായും

“ഫിറ്റ്നസ് ഫ്രീക്ക്സ്—ശരീരവടിവു് കാത്തുസൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണു് സംഘത്തിലെല്ലാവരും. ഇതിനായി ഓരോരുത്തരും ഓരോ തരം വ്യായാമരീതികൾ കണ്ടെത്തിയിട്ടുണ്ടു്…” (ശ്രീമാൻ 2006).

എന്നിങ്ങനെ യുവതലമുറയുടെ ജീവിതരീതികളെയും കാഴ്ചപ്പാടുകളെയും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായും ഫിറ്റ്നസ് കടന്നുവരുന്നു (ഗൃഹലക്ഷ്മി, ഫെബ്രുവരി 2006).

ഇവിടെ പരാമർശിക്കപ്പെട്ട ബോഡിഷേപ്പ്, ശരീരവടിവു് എന്നതു് അഭിമുഖങ്ങളിൽനിന്നു ലഭിക്കുന്ന പൊതുബോധത്തിൽനിന്നു് അല്പം മുന്നോട്ടു നീങ്ങുന്നു. വടിവുകളും അഴകളവുകളുമായി പൊതുബോധം കണ്ണിചേർക്കപ്പെട്ടു തുടങ്ങുന്നതേയുള്ളൂ എന്നുകാണാം.

ആഖ്യാനമാതൃകകളെ, അവയിൽ എന്തു പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വിഷയാസ്പദമായി തരംതിരിക്കാവുന്നതാണു്. ഉള്ളടക്കത്തെ അവലംബിച്ചു് ആരോഗ്യം, സൗന്ദര്യം, ഫാഷൻ, ലൈംഗികത, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ടതു് എന്നു വിഭജിക്കാവുന്നതാണു്.

ശരീരബോധത്തിന്റെ പരിണാമങ്ങളിലൂടെയാണു മലയാളത്തിൽ ഫിറ്റ്നസ് പോലുള്ള സങ്കല്പനങ്ങൾ കടന്നുവരുന്നതു്. കേവലം ശാരീരക്ഷമത മാത്രമായിരുന്ന ഫിറ്റ്നസ് ഇന്നു മറ്റുതലങ്ങളെക്കൂടി ഉൾക്കൊള്ളുമ്പോഴും കേന്ദ്ര സ്ഥാനത്തു നിൽക്കുന്നതു ശരീരം തന്നെയാകുന്നതു് ഇതുകൊണ്ടാണു്. ശരീര സംബന്ധിയായ എന്തും ഫിറ്റ്നസ് സംബന്ധിയാവുന്നതു് ഇങ്ങനെയാണു്. അഭിമുഖങ്ങളിലും വിദ്യാർത്ഥികളുടെ നിർവചനങ്ങളിലും കടന്നുവരുന്ന ഒരു പ്രധാന ഘടകം ശരീരമാണെന്നതു് ഇക്കാര്യം ബലപ്പെടുത്തുന്നുണ്ടു്.

ശാരീരിക ആരോഗ്യം വിഷയകമായ ആഖ്യാനങ്ങളിൽ ഫിറ്റ്നസിന്റെ അളവുകോലായി ഇന്നു കടന്നുവരുന്നതു് ബോഡിമാസ് ഇൻഡക്സ് (BMI) ആണു്. ശരീരത്തിന്റെ തൂക്കവും അതുകൂടിയാലുണ്ടാകുന്ന രോഗങ്ങളും എല്ലാം ഇത്തരം ആഖ്യാനങ്ങളിൽ പ്രധാന സ്ഥാനം നേടുന്നുണ്ടു്. കൂടാതെ പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങി പല രോഗങ്ങളെയും ചെറുക്കാനുള്ള വഴിയായി ഫിറ്റ്നസ് കൈവരിക്കുന്നതിനെ അവതരിപ്പിക്കുന്നു (വനിത, ഒക്ടോബർ1-14, 2005 വനിത ആരോഗ്യം 2005).

ആരോഗ്യവുമായി ബന്ധപ്പെട്ടു വരുന്ന ലേഖനങ്ങളിൽ നേരിട്ടു പരാമർശമില്ലെങ്കിലും ഫിറ്റ്നസ് വ്യായാമമുറകളെക്കുറിച്ചും മറ്റും പരാമർശിക്കുന്നുണ്ടു് (മാതൃഭൂമി ആരോഗ്യമാസിക, ഏപ്രിൽ 2006/ഗൃഹലക്ഷ്മി, മാർച്ച് 2004 വനിത, നവംബർ 1–14, 2003).

ആരോഗ്യമായി ബന്ധപ്പെട്ടു് അവതരിപ്പിക്കപ്പെടുമ്പോൾ വ്യായാമം ആണു് ഫിറ്റ്നസ് നേടാൻ ഏറ്റവും പ്രധാന ഉപായമായി കടന്നുവരുന്നതു്. ഫിറ്റ്നസ് ഏതു പ്രായക്കാർക്കും നേടിയെടുക്കാവുന്നതാണെന്ന സന്ദേശവും ഇത്തരം ആഖ്യാനങ്ങൾ നൽകുന്നുണ്ടു്.

“ഫിറ്റ്നസ് കാത്തുസൂക്ഷിക്കാനുള്ള വ്യായാമങ്ങൾക്കായി നിത്യവും കുറച്ചുസമയം നീക്കിവയ്ക്കുന്നതിലൂടെ നിങ്ങൾ സമയം ലാഭിക്കുകയാണു്. പലവിധ രോഗങ്ങളുടെയും ചികിത്സകൾക്കായി ആശുപത്രികൾ കയറിയിറങ്ങാൻ വേണ്ടിവരുന്ന സമയം… ഏതു പ്രായത്തിലും ഫിറ്റ്നസ് സ്വന്തമാക്കാം. അതിനുവേണ്ടി മനസ്സുവെക്കണമെന്നു മാത്രം…” (വനിത, ഒക്ടോബർ 1–14, 2005).

വ്യായാമം ആരോഗ്യസംരക്ഷണത്തിനു് അവശ്യഘടകമാണെന്നു് അഭിമുഖങ്ങളിൽനിന്നു പൊതുവേ തെളിയുന്നുണ്ടു്. അറുപതു വയസ്സിനു മുകളിലുള്ളവരുടെ മൊഴികൾ ഈ ബോധത്തെ ബലപ്പെടുത്തുന്നുണ്ടു്.

“ശാരീരികമായ നല്ല അവസ്ഥ… ദിവസവും ഗ്രൗണ്ടിൽ നാലഞ്ചുറൗണ്ട് ഓടുകയും, നടക്കുകയും ചെയ്യും. അതൊഴിവാക്കിയാൽ അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടാവും… വീട്ടുകാരി ചെറിയ തോതിൽ എക്സർസൈസ് ചെയ്യുന്നുണ്ടു്…” (ആവേദകൻ 89, അബ്ദുൾ കരീം).

ഭക്ഷണവും ഫിറ്റ്നസുമായുള്ള ബന്ധം മിക്കവാറും ആഖ്യാനങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ടു്. ഏതു ഭക്ഷണം കഴിക്കണമെന്നും ഏതെല്ലാം ഒഴിവാക്കണമെന്നും അവയുടെ ഫലങ്ങളും എല്ലാം ഇത്തരത്തിൽ പരാമർശവിധേയമാകുന്നുണ്ടു്.

“ഫിറ്റ്നസ് വ്യായാമത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. ഭക്ഷണ ക്രമവും ഇക്കാര്യത്തിൽ വളരെ വളരെ പ്രധാനം… സമീകൃതാഹാരം ഫിറ്റ്നസിനു് അത്യാവശ്യമാണു്” (വനിത, ഒക്ടോബർ 1–14, 2005).

ഭക്ഷണക്രമീകരണം ഫിറ്റ്നസിനു് ആവശ്യമാണെന്നതു പൊതുമണ്ഡലത്തിലെ ബോധമായി പരിണമിച്ചു വരുന്നുണ്ടു്; അതു പ്രാവർത്തികമാക്കുന്നവർ എണ്ണത്തിൽ കുറവാണെങ്കിലും.

ലൈംഗികതയും ഫിറ്റ്നസുമായുള്ള ബന്ധത്തെ കുറിക്കുന്നവയാണു് ഇനിയൊരു വിഭാഗം പ്രസവശേഷം ഫിറ്റ്നസ് നിലനിറുത്താനുള്ള വ്യായാമ മുറകളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ തന്നെയാണു ലൈംഗികപ്രശ്നങ്ങൾക്കു പരിഹാരമായ വ്യായാമമുറകളെയും പരാമർശിക്കുന്നതു് (വനിത, ഡിസംബർ 15–31, 2004).

ലൈംഗികതയെക്കുറിച്ചു് ആഖ്യാനങ്ങളിൽ, നല്ല ലൈംഗികാനുഭവങ്ങളിലൂടെ കൈവരിക്കാവുന്ന ശാരീരിക മാനസിക ആരോഗ്യത്തെയും ഉന്മേഷത്തെയും എല്ലാം പരാമർശിക്കുന്നു. നേരിട്ടു പറയുന്നില്ലെങ്കിലും ഫിറ്റ്നസ് ഇത്തരം ആഖ്യാനങ്ങളിൽ ഒരു ഘടകമായി കടന്നുവരുന്നുണ്ടെന്നു കാണാം (ഗൃഹലക്ഷ്മി, മാർച്ച് 2004).

മാധ്യമങ്ങൾ ഫിറ്റ്നസുമായി കണ്ണിചേർക്കുന്ന ഒരു പ്രധാന ഘടകം ലൈംഗികതയാണു്. ഫിറ്റ്നസ് വ്യവഹാരങ്ങളിലെ ലൈംഗിക പരാമർശങ്ങളുടെ പെരുപ്പംകൊണ്ടും ആവിഷ്കാരങ്ങളുടെ വൈവിധ്യ ശബളിമകൊണ്ടും ഇക്കാര്യം തെളിയുന്നുണ്ടു്. എന്നാൽ ഇക്കാര്യം അഭിമുഖങ്ങളിൽ ഒന്നിലും കടന്നുവരുന്നേയില്ല എന്നതു് ഏറെ വ്യാഖ്യാന സാധ്യത നൽകുന്നു. സമൂഹവും വ്യക്തിയും തമ്മിലുള്ള അന്തരത്തെ ചിത്രീകരിക്കുന്നതിനുള്ള, വ്യാഖ്യാനിക്കുന്നതിനുള്ള, നല്ലൊരു ഏകകമായി ഇതു് എടുക്കാവുന്നതാണു്. വ്യക്തികളുടെ കൂട്ടമാണു സമൂഹമെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതു പൂർണമായ അർത്ഥത്തിൽ അങ്ങനെയല്ല. വൈയക്തികമായ പല അംശങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയും ചേർച്ചയിലൂടെയും ഉണ്ടാകുന്ന പൊതുബോധം പുലർത്തുന്ന കൂട്ടമാണു് സമൂഹം. ലൈംഗികത വൈയക്തിക അനുഭവമാണു് എന്നും അതു് സാമൂഹികാനുഭവമല്ലെന്നുമാണു് മാധ്യമങ്ങളിലെ ഫിറ്റ്നസ് വ്യവഹാരങ്ങളും പൊതുമണ്ഡലത്തിലെ അഭിപ്രായങ്ങളും നൽകുന്ന അറിവു്.

“ഉല്ലാസവതിയായിരിക്കാൻ നിത്യവും ചില പരീക്ഷണങ്ങൾ നടത്തുന്നതു് നല്ലതാണു്. അതിനായി ലേറ്റസ്റ്റായ ഫാഷനുകളും മറ്റും ശ്രദ്ധിക്കുക. പകുതിയോളം ഇളകിപ്പോയ നെയിൽ പോളിഷ്, വിണ്ടുകീറിയ ഉപ്പൂറ്റി, മനോഹരമായ സാരിക്കൊപ്പം പഴഞ്ചൻ ചെരിപ്പുകൾ എല്ലാം നിങ്ങളുടെ ജീവിതശൈലിയിലെ അപാകതകളെയാണു് എടുത്തുകാട്ടുന്നതു്.” (ഗൃഹശോഭ, ഒക്ടോബർ 2006).

ഫിറ്റ്നസിനുവേണ്ടി ചെയ്യേണ്ടുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ ഇത്തരത്തിൽ ഫാഷൻ ഒരു ഘടകമായി കടന്നുവരുന്നു. പുതുതലമുറയുടെ ജീവിത കാഴ്ചപ്പാടിനെക്കുറിച്ചും ഇന്നത്തെ ഫാഷൻ ട്രെൻഡിനെക്കുറിച്ചും പറയുമ്പോൾ ഫിറ്റ്നസ് പറയാതെ പറയപ്പെടുന്നുണ്ടു് (ഗൃഹലക്ഷ്മി, ഫെബ്രുവരി 2006). എന്നാൽ, ഫാഷൻ പൊതുമണ്ഡലത്തിന്റെ ഫിറ്റ്നസ് വ്യവഹാരത്തിൽ കണ്ണി ചേരാനാരംഭിക്കുന്നതേയുള്ളു എന്നാണു് അഭിമുഖങ്ങൾ തെളിയിക്കുന്നതു്.

ഫിറ്റ്നസ്, ശരീരത്തിന്റെ സൗന്ദര്യത്തോടൊപ്പം തന്നെ മുഖസൗന്ദര്യത്തെയും ഉൾക്കൊള്ളുന്നു എന്ന പുതിയ അറിവാണു് ‘ഫിറ്റ്നസ്’ എന്ന പംക്തി (ഗൃഹലക്ഷ്മി) നൽകുന്നതു്. ഡോക്ടറോടു ഫിറ്റ്നസ് സംബന്ധമായ സംശയങ്ങൾ ചോദിക്കുന്ന ഈ പംക്തിയിൽ ശരീരപുഷ്ടി വർധിപ്പിക്കാനും അമിതവണ്ണം കുറയ്ക്കാനും വയർ ഒതുങ്ങാനും എന്തുചെയ്യണം എന്ന സംശയത്തോടൊപ്പംതന്നെ മുഖക്കുരു മാറാൻ, മുടി വളരാൻ, പ്രസവശേഷമുണ്ടാകുന്ന പാടുകൾ ഒഴിവാക്കാൻ, മുഖത്തെ രോമം ഇല്ലാതാക്കാൻ, ചുളിവുകൾ മാറാൻ, ചുണങ്ങു മാറാൻ എല്ലാം എന്തുചെയ്യണം എന്ന സംശയവും കടന്നു വരുന്നു.

ശരീരത്തിനു വിഷയമായ എന്തും ഫിറ്റ്നസിനെ കുറിക്കുന്നു എന്ന ചിന്ത ഇത്തരം ആഖ്യാനങ്ങൾ മുന്നോട്ടുവെക്കുന്നു. പ്രസവശേഷമുള്ള സൗന്ദര്യം, പ്രായത്തെ നിയന്ത്രിക്കാനുള്ള മാർഗം എന്നിങ്ങനെ പലതരത്തിൽ ഫിറ്റ്നസിന്റെ സൗന്ദര്യതലം ആവിഷ്കരിക്കപ്പെടുന്നുണ്ടു് (വനിത,ഡിസംബർ 15–31, 2004/ഗൃഹലക്ഷ്മി, ഫെബ്രുവരി 2004).

മുഖസൗന്ദര്യവും ഉടുപ്പഴകുകളും എടുപ്പഴകുകളും ഫിറ്റ്നസിന്റെ പ്രധാന ഘടകങ്ങളാകുമ്പോൾ താരൻ, മുഖക്കുരു തുടങ്ങിയവ ഫിറ്റ്നസ് ലോകത്തെ വില്ലനായാണു മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെടുന്നതു്. ദൃശ്യഭംഗി മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെടുന്ന ഒരിനമാണു്. കൊളോണിയൽ വിധേയത്വത്തിൽനിന്നു രൂപംകൊണ്ടതോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ദൃശ്യ-സൗന്ദര്യബോധമാണു് മാധ്യമങ്ങളിലേതു് എന്നു് ചിന്തിച്ചുപോകും. എന്നാൽ സൗന്ദര്യവുമായി ബന്ധപ്പെട്ടു് ഇതിൽനിന്നു ഭിന്നമായ ഒരു നിലപാടാണു പൊതുമണ്ഡലത്തിലുള്ളതു് എന്നു് അഭിമുഖങ്ങൾ വ്യക്തമാക്കുന്നു. നിറവും മുഖസൗന്ദര്യവും ഒന്നും ഫിറ്റ്നസിന്റെ നിയാമക ഘടകങ്ങളായി അവർ കാണുന്നില്ല. “നല്ല ഫിറ്റായ ഒരാളെ കാണുമ്പോൾ ഒരു സൗന്ദര്യമുണ്ടു്. നല്ല ആക്ടീവായി തോന്നും. അല്ലാതെ മുഖത്തിന്റെ സൗന്ദര്യമല്ല” (ആവേദക 45, വാസന്തി). ഈ നിലപാടു് പൊതുമണ്ഡലത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഒന്നല്ല. തങ്ങളുടെ പരിചിതമണ്ഡലത്തിലേക്കു നീളുന്ന കാര്യത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും നേടിയെടുക്കുന്ന അറിവുകളിൽ നിന്നാണു് ചോക്കളേറ്റ് സുന്ദരീ-സുന്ദരന്മാരിൽനിന്നു വ്യത്യസ്തമായ ഒരു തലം ഫിറ്റ്നസിനുണ്ടെന്നു് ഇവർ തിരിച്ചറിയുന്നതു്.

സൗന്ദര്യം, ഫാഷൻ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിഭജനത്തിലും അതിർത്തികൾ ഉരുക്കു കോട്ടയല്ല. ആരോഗ്യം എന്ന വിഭാഗത്തിൽത്തന്നെ പലപ്പോഴും ഭക്ഷണവും ലൈംഗികതയും സൗന്ദര്യവും കടന്നുവരുന്നു (വനിത, ഒക്ടോബർ 1–14, 2005 ഗൃഹശോഭ, ഒക്ടോബർ 2006/ ഗൃഹലക്ഷ്മി, സെപ്തംബർ 2006). സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ ഭക്ഷണം പരാമർശിക്കപ്പെടുന്നു (ഗൃഹലക്ഷ്മി, ഡിസംബർ 2004/ഗൃഹലക്ഷ്മി, സെപ്തംബർ 2006). ഇത്തരത്തിൽ വ്യത്യസ്ത മാതൃകകളായി നിലനിൽക്കുമ്പോഴും പരസ്പരം സ്വാധീനിച്ചുകൊണ്ടു് ഇവ ഫിറ്റ്നസ് വ്യവഹാരത്തെ രൂപീകരിക്കുന്നതായി കാണാം.

ഫിറ്റ്നസ് ഭാഷ എന്നതു് കേവലം വാചികമായ ഒന്നല്ല. ചിത്രങ്ങളും നിറങ്ങളും അവയുടെ സംയോജനവും രൂപകൽപനയും എല്ലാം അടങ്ങിയ അവതരണരീതിയാണതു്. എന്തു പറയുന്നു എന്നതിനോടൊപ്പം തന്നെ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതും ഇവിടെ പ്രസക്തമാകുന്നു. അത്തരത്തിൽ പറച്ചിൽ മാത്രമുള്ളവ, പറച്ചിലിനു പൂരകമായി ചിത്രങ്ങൾ വരുന്നവ, ചിത്രങ്ങൾക്കു പൂരകമായി പറച്ചിൽ വരുന്നവ എന്നിങ്ങനെ അവതരണരീതിയെ അവലംബിച്ചു വിഭജിക്കാനാവും.

പറച്ചിൽ മാത്രമായി വരുന്നവ എന്നതിൽ ചിത്രങ്ങൾ ഇല്ല എന്നു് അർത്ഥമില്ല. ആഖ്യാനത്തിൽനിന്നു് അവ വേറിട്ടുനിൽക്കുന്നു എന്നേ ഉദ്ദേശിക്കുന്നുള്ളു. ഇത്തരം ആഖ്യാനങ്ങളിൽ വാക്കുകൊണ്ടു തന്നെ കാഴ്ചയുടെ അനുഭവം പ്രദാനം ചെയ്യുവാനുള്ള ശ്രമം കാണാനാകും.

“കഴുത്തിൽ വെള്ളി നിറത്തിൽ ചങ്ങല പോലുള്ള ചെയ്ൻ, ഒരു കയ്യിൽ സ്റ്റീൽ കൈവള, മറുകയ്യിൽ ജപിച്ചുകെട്ടിയ നൂൽ, നെറ്റിയുടെ ഇരുവശങ്ങളിലേക്കും ബ്രൗൺ ചെയ്ത മുടി, കാഷ്വൽ ആയ വസ്ത്രധാരണരീതി, ഉറച്ച ശരീരപ്രകൃതി, ക്ലീൻ ഷേവ്… യുവഹൃദയങ്ങൾക്കിടയിൽ അനുകരണ മാതൃകയാവുന്ന ഒരു ‘ട്രെൻഡ് മേക്കർ’ പരിവേഷം കൂടിയുണ്ടു് ശ്രീശാന്തിനു്” (ശ്രീമാൻ 2006).

ഇത്തരത്തിൽ ദൃശ്യ-വർണ-വിതാന ശബളിമകൊണ്ടു് ബഹുമാനങ്ങളുള്ള ആവിഷ്കരണങ്ങളും കാണാൻ കഴിയും.

ഇത്തരത്തിൽ ദൃശ്യവല്ക്കൃതമായ ഭാഷ ഉപയോഗിക്കുന്നിടത്തും, ബോധനപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്തും ചിത്രങ്ങൾ ആഖ്യാനത്തിന്റെ പശ്ചാത്തലമോ പാർശ്വതലമോ ആയാണു് നിലകൊള്ളുന്നതു്. താരങ്ങളെ അവതരിപ്പിക്കുമ്പോഴും മറ്റും വർണചിത്രങ്ങൾ കൊടുക്കുന്നുണ്ടാവുമെങ്കിലും അതു് ആഖ്യാനത്തിനുള്ളിൽ നിലകൊള്ളുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ കടുംനിറങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും ബോധനപരമായ വിഷയാവതരണത്തിൽ പൊതുവേ ഇളം നിറങ്ങളാണു ചിത്രങ്ങൾക്കു കാണുന്നതു്. ആഖ്യാനങ്ങൾ ചിത്രങ്ങളെക്കാൾ മിഴിവോടെ നിൽക്കാൻ ഇത്തരം അവതരണരീതി സഹായിക്കും.

ചിത്രങ്ങളുടെ, അവയുടെ നിറവും വലിപ്പവും സ്ഥാനവും എല്ലാം അടങ്ങുന്ന അവതരണത്തിന്റെ സഹായത്തോടെ, വിനിമയം ചെയ്യപ്പെടുന്ന ആഖ്യാനങ്ങൾ ഉണ്ടു്. ഇവിടെ പറച്ചിലിൽ പൂരിപ്പിക്കാൻ ചിത്രങ്ങൾ കടന്നുവരുന്നു. അതായതു്, ആഖ്യാനവും ചിത്രണവും ചേർന്നാണു സംവേദനം സാധ്യമാക്കുന്നതു്.

“ഫിറ്റ്നസ് ശാരീരികം മാത്രമല്ല, ആത്മീയവുമാണു്. ആത്മീയമായ ഫിറ്റ്നസാണു് പ്രധാനം. യോഗയും സൂര്യനമസ്ക്കാരവും പ്രകൃതി ചികിത്സയും ഒക്കെ ചേരുമ്പോൾ കിട്ടുന്ന ഊർജ്ജം.” (വനിത, ഡിസംബർ 15–31, 2005)

ഇതിനു പൂരകമായി കൊടുക്കുന്ന പത്മാസനത്തിൽ ധ്യാനിച്ചിരിക്കുന്ന മോഹൻലാലിന്റെ വർണചിത്രം ആഖ്യാനത്തിലെ, ‘ആത്മീയമായ ഫിറ്റ്നസാണു് പ്രധാനം’ എന്ന വാചകത്തെ ഓർമിപ്പിക്കുന്നു. അദ്ദേഹം ധരിച്ചിരിക്കുന്ന നീളൻ കയ്യുള്ള അയഞ്ഞ വെളുത്തവസ്ത്രം സവിശേഷമായ ഒരന്തരീക്ഷം ആവിഷ്കരിക്കുന്നു.

ആത്മാവും ശരീരവും മനസ്സും ശരീരവും തമ്മിലുള്ള ഈ ബന്ധം അഭിമുഖങ്ങളിൽ തെളിഞ്ഞുവരുന്ന പുതുബോധത്തിൽ കാണാം.

“കാലം മാറിയതോടെ നമ്മുടെ ആളുകളും ഫിറ്റ്നസിനെപ്പറ്റി ബോധമുള്ളവരായി. മറ്റു സിനിമകളിലെ നടന്മാരുമായി അവർ നമ്മളെ താരതമ്യപ്പെടുത്താൻ തുടങ്ങിയപ്പോൾ നമ്മളും ശരീരത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷേ, വർക്ക്ഔട്ട് തുടങ്ങിയതോടെ “അപ്പർബോഡി വീതി വെച്ചു് വലിയൊരു ഫ്രെയിമായി… നല്ല പവർ ഉണ്ടെന്നുള്ള ഫീലിങ് ഉണ്ടാവാനും വർക്ക് ഔട്ട്” സഹായിച്ചു.” (വനിത, ഡിസംബർ 15–31, 2005). ഇത്തരം ആഖ്യാനം ഫിറ്റ്നസിനെ ശാരീരികമായി തിരിച്ചറിയുന്നു. ഇതിനെ സാധൂകരിക്കാൻ നൽകിയിരിക്കുന്ന കറുത്ത സ്ലീസ് ബനിയൻ ധരിച്ച, ഉരുണ്ട പേശികൾ തെളിയുന്ന കയ്യിൽ ഡംബൽസ് പിടിച്ച മമ്മൂട്ടിയുടെ ചിത്രം ഈ ബോധത്തെ ശക്തമായിതന്നെ സംവേദനം ചെയ്യുന്നു.

ചിത്രങ്ങൾക്കു പൂരകമായി ആഖ്യാനം വരുന്നതു് പ്രധാനമായും വ്യായാമത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുമ്പോഴാണു്.

“കാലുകൾ അകത്തിവെച്ചു് നിൽക്കുക. കൈകൾ നിവർത്തി മുകളിലേക്കു് ഉയർത്തുക. കാലിന്റെ മുട്ടു് വളയാതെ കുനിഞ്ഞു് ഇടതു കൈകൊണ്ടു് വലതു കാൽപാദത്തിൽ തൊടുക. നിവരുക. പിന്നെ കുനിഞ്ഞു് വലതുകൈകൊണ്ടു് ഇടതു കാൽപാദത്തിൽ തൊടുക. നിവരുക…” (വനിത ആരോഗ്യം, 2002).

എന്നിങ്ങനെ, പറയുന്നതിനെക്കാൾ അതോടൊപ്പം കൊടുക്കുന്ന ചിത്രങ്ങൾ ആ വ്യായാമമുറ സംവേദനം ചെയ്യുന്നു. ചിത്രങ്ങളിൽ കാണിക്കുന്ന വ്യായാമങ്ങൾ എന്തിനുള്ളതാണു്, അവ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതു് എന്തെല്ലാം തുടങ്ങിയ വിശദീകരണങ്ങൾക്കേ വാചികഭാഷയുടെ ആവശ്യം വരുന്നുള്ളൂ. നല്ല ചിത്രങ്ങളുള്ളതൊക്കെ വായിക്കും… എന്നു് അഭിമുഖത്തിനിടെ ഒരു ആവേദക (2, പ്രിയ) പറയുന്നുണ്ടു്.

ഫിറ്റ്നസ് വ്യവഹാരങ്ങളിലെ അവതരണങ്ങളിൽ ദൃശ്യ-വർണ-വിതാന (Layout) തന്ത്രങ്ങൾ വളരെ പ്രധാനപ്പെട്ട വിനിമയ ഉപാധിയായി വരുന്നുണ്ടു്. അതോടൊപ്പംതന്നെ പരമ്പരാഗത അർത്ഥത്തിലുള്ള ഭാഷയും പ്രധാനപ്പെട്ട ഒരു റോൾ നേടുന്നുണ്ടു്. ഇവിടെ ഭാഷ കേവലം മലയാളമോ ഇംഗ്ലീഷോ അല്ല; അവയുടെ ‘സമ്യക്യോഗം’ ഈ വ്യവഹാരങ്ങളിൽ കാണാം. അതിൽത്തന്നെ ഒരു സവിശേഷത ചൂണ്ടിക്കാണിക്കാവുന്നതു് യോഗ തുടങ്ങിയ ഭാരതീയ പശ്ചാത്തലമുള്ള ഫിറ്റ്നസ് ഘടകങ്ങളെ വിവരിക്കുമ്പോൾ ഇംഗ്ലീഷ് പ്രയോഗങ്ങൾ കുറഞ്ഞ ഭാഷയും യന്ത്രാപകരണങ്ങളുടെയും മറ്റും സഹായത്തോടുകൂടിയുള്ള ഫിറ്റ്നസ് പരിശീലന മുറകൾ ആവിഷ്കരിക്കുമ്പോൾ ഇംഗ്ലീഷ് പദങ്ങളും പ്രയോഗങ്ങളും വാക്യങ്ങൾ തന്നെയും കടന്നുവരുന്ന ഭാഷാപ്രയോഗരീതിയും സാമാന്യമായി കാണുന്നുണ്ടു് (വനിത, ഒക്ടോബർ 1–14, 2005 വനിത, ഡിസംബർ 15–31, 2005).

ഇവിടെ ഉപയോഗിക്കുന്ന ഭാഷയിൽ മറ്റു വ്യവഹാരങ്ങളിലെ പദങ്ങളും പ്രയോഗങ്ങളും കടന്നുവരുന്നുണ്ടെങ്കിലും അവ ഫിറ്റ്നസ് വ്യവഹാരപരിസരത്തിൽ അതിന്റേതു മാത്രമായ അർത്ഥം നേടുകയും അങ്ങനെ ഒരു പുതുമലയാളമായി മാറുകയും ചെയ്യുന്നു.

അങ്ങനെ ഫിറ്റ്നസ് വ്യവഹാരത്തെ ആവിഷ്കരിക്കാനുള്ള ഉപാധികളെല്ലാം തന്നെയും ചേർത്തു് ഫിറ്റ്നസ് ഭാഷ അല്ലെങ്കിൽ ഫിറ്റ്നസ് മലയാളം എന്നു പറയുമ്പോൾ അതു കേവലം വാമൊഴി-വരമൊഴി രൂപത്തിലുള്ള ഭാഷയല്ല. മറിച്ചു്, അതു വിവിധ ഇന്ദ്രിയങ്ങളെ ഒരേസമയം ആകർഷിക്കുകയും ഉപയോഗിക്കുകയും ചെയ്തുകൊണ്ടു്, കാഴ്ചയെയും രുചിയെയും ഗന്ധത്തെയും സ്പർശത്തെയും കേൾവിയെയും ആശ്രയിച്ചുകൊണ്ടു് സൂക്ഷ്മവും തീവ്രവുമായ ഒരു വിനിമയ ഭാഷയായി വിടരുന്നു.

ഫിറ്റ്നസുമായി ബന്ധപ്പെട്ടു് ആനുകാലികങ്ങളിൽ വരുന്ന പരസ്യങ്ങൾ ഒരു പ്രത്യേക വിഭാഗമാണു്. മറ്റു ഫിറ്റ്നസ് വ്യവഹാരമാതൃകകൾ വ്യായാമത്തിനും ഭക്ഷണക്രമീകരണത്തിനും പ്രാധാന്യം കൊടുക്കുമ്പോൾ ‘ഭാരം കുറക്കാം വ്യായാമം വേണ്ട! ഭക്ഷണനിയന്ത്രണം വേണ്ട!’ എന്ന വ്യാമോഹം നൽകുന്ന വാക്യങ്ങൾ പരസ്യങ്ങളിൽ കടന്നുവരുന്നു. ഫിറ്റ്നസ് നേടിയെടുക്കണമെന്ന ആഗ്രഹമുള്ള, അലസത ഭരിക്കുന്നവർക്കു നേരെയുള്ളതാണു് ഈ കച്ചവടക്കണ്ണു് (മാതൃഭൂമി ആരോഗ്യമാസിക, മാർച്ച് 2007).

വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായാണു പരസ്യങ്ങൾ രൂപീകൃതമാവുന്നതു് എന്നതിനാൽ അവയിലെ വിപണനതന്ത്രങ്ങൾ വ്യക്തമാണു്. എന്നാൽ പരസ്യങ്ങൾ അല്ലാതെയുള്ള ഫിറ്റ്നസ് ആവിഷ്കാരങ്ങളിലും വിപണനതന്ത്രം (ബോധപൂർവം?) പ്രയോഗിക്കപ്പെടുന്നുണ്ടു്. ആഖ്യാനങ്ങളും ചിത്രങ്ങളും എല്ലാം പലപ്പോഴും വ്യക്തമായി വിപണിയുടെ സൂചനകൾ തരുന്നുണ്ടു്. ഫിറ്റ്നസുമായി ബന്ധപ്പെട്ടുവരുന്ന അവതരണങ്ങളിൽ വിപണി ഏറ്റവും കൃത്യമായി ഇടപെടുന്നതു വ്യായാമത്തിനുള്ള ഉപകരണങ്ങളുടെ മേഖലയിലാണു്. നടത്തം നല്ല വ്യായാമമാണു് എന്നു പറയുന്നതിനോടൊപ്പം സമയമില്ലാത്തവർക്കു് ട്രേഡ് മിൽ വാങ്ങിയാൽ വീട്ടിൽ വെച്ചു് (ടി. വി. കണ്ടുകൊണ്ടു് പാട്ടു കേട്ടുകൊണ്ടു്) നടക്കാം എന്നു പറയുകയോ അത്തരം ചിത്രങ്ങൾ കൊടുക്കുകയോ ചെയ്യുമ്പോൾ നടത്തം എന്നതു്, നാലു ചുവരുകൾക്കുള്ളിൽ സംഭവിക്കാവുന്ന സംഭവിക്കേണ്ട ഒന്നായി മാറുന്നു. ഇതോടൊപ്പം തന്നെ ഫിറ്റ്നസിനെ സൗന്ദര്യം, ഫാഷൻ എന്നിവയെല്ലാമായി ബന്ധിപ്പിക്കുമ്പോൾ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും പുതിയ വസ്ത്രവൈവിധ്യങ്ങളുടെയും പ്രദർശന ശാലയായി അവതരണങ്ങളും ലോകവും മാറുന്നു.

ഫിറ്റ്നസ് അവതരണങ്ങളോടനുബന്ധിച്ചു ചിത്രീകരിക്കപ്പെടുന്ന ശരീരം, മാറുന്ന ശരീരബോധത്തെക്കൂടി പ്രതിനിധാനം ചെയ്യുന്നതായി കാണാം. ശരീരം മൂടിവെക്കാനുള്ളതല്ലെന്നും കാണാനും കാണിക്കാനുള്ളതാണെന്നുമുള്ള പുതു ബോധം ഇതിലൂടെ ഉണ്ടായിവരുന്നുണ്ടു്. ഇവിടെ സ്ത്രീകളുടെ ചിത്രങ്ങളാണു് ഏറെ പ്രദർശനപരത പ്രകടിപ്പിക്കുന്നതു് എന്നതു വിപണന തന്ത്രത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും ഭാഗമായ ആസ്വാദന തലത്തെ കുറിക്കുന്നു. പരസ്യങ്ങൾ ഇതിന്റെ പ്രത്യക്ഷ ഇടങ്ങളാണു്.

പ്രകൃതിയുടെ ചിത്രങ്ങൾ ഫിറ്റ്നസ് അവതരണങ്ങളിൽ വളരെ കുറച്ചുമാത്രമാണു കടന്നുവരുന്നതു്. രാവിലെ നടക്കുന്നതു നല്ലതാണെന്നും തുറസ്സായ സ്ഥലത്തു ശുദ്ധവായു ശ്വസിച്ചു വ്യായാമം ചെയ്യുന്നതു നല്ലതാണെന്നും മറ്റും പറയുമ്പോൾ വളരെ ചുരുക്കം ഇടങ്ങളിൽ പ്രകൃതിയുടെ ദൃശ്യം വരുന്നുണ്ടു്. എന്നാൽ അതുതന്നെ മനുഷ്യനിർമ്മിത ലോണുകളുടെയും ‘ഗാർഡനു’കളുടെയും ചിത്രമാണു്. വ്യായാമം, അതു നടത്തമായാൽ പോലും നാലു ചുവരുകൾക്കുള്ളിൽ നടത്താമെന്ന ഒരറിവു് ഇവ നൽകുന്നുണ്ടു്.

ഫിറ്റ്നസ് വ്യവഹാരത്തിന്റെ കച്ചവട താത്പര്യങ്ങൾ മറ്റു താത്പര്യങ്ങളോടൊപ്പം പഠിച്ചെങ്കിൽ മാത്രമേ ആ വ്യവഹാരത്തെക്കുറിച്ചു സങ്കീർണ്ണബോധം ഉണ്ടാകുകയുള്ളൂ. അതിനുള്ള ആദ്യപടിയായി അതിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചു ധാരാളം വിവരണാത്മക പഠനങ്ങൾ ഉണ്ടാകേണ്ടതുണ്ടു്. അത്തരം വിവരണാത്മക പഠനങ്ങളുടെ തുടക്കം മാത്രമായി ഈ ലേഖനത്തെ പരിഗണിച്ചാൽ മതി.

ഉപസംഹാരം

സമൂഹം-വ്യവഹാരം-ഭാഷ എന്നിവ പരസ്പരം നിർമ്മിക്കുന്നു. മാറുന്ന ലോകക്രമത്തിനനുസരിച്ചു സമൂഹത്തിൽ വരുന്ന മാറ്റം പുതുവ്യവഹാരങ്ങളുടെ സൃഷ്ടിക്കും. പുതുവ്യവഹാരങ്ങൾ ഭാഷയുടെയും സമൂഹത്തിന്റെയും പരിണാമത്തിനും കാരണമാകുന്നുണ്ടു്. പുതുവ്യവഹാരങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവാണു ഭാഷയുടെ വളർച്ചക്കു മാനദണ്ഡം. ഭാഷയുടെ ഈ ശക്തി തിരിച്ചറിയുകയും ഫിറ്റ്നസ് വ്യവഹാരത്തെ ആസ്പദമാക്കി വ്യവഹാരവും സമൂഹവും ഭാഷയും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുകയായിരുന്നു ഇവിടെ പഠനത്തിൽ തെളിഞ്ഞ പ്രധാന വസ്തുതകൾ ഇവയാണു്:

  1. ഓരോ വ്യവഹാരവും ഭാഷയിൽ തന്നിടങ്ങൾ സൃഷ്ടിക്കുന്നു. മറ്റു വ്യവഹാരങ്ങളുടെ പ്രയോഗങ്ങളെക്കൂടി സ്വാംശീകരിച്ചു് ഓരോ വ്യവഹാരവും സ്വന്തം ഭാഷ വികസിപ്പിക്കുന്നു.
  2. ഫിറ്റ്നസ് വ്യവഹാരത്തിന്റെ വ്യാപനത്തിനു വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങൾ, ജനപ്രിയ ആനുകാലികങ്ങൾ എന്നിവ പങ്കുവഹിക്കുന്നുണ്ടു്. ഈ മേഖലകളിൽ സമ്പർക്കമില്ലാത്തവരാണു് ഫിറ്റ്നസ് എന്നു കേൾക്കാത്തവർ.
  3. ശരീരവുമായി ബന്ധപ്പെട്ടാണു് ഫിറ്റ്നസ് പൊതുബോധത്തിൽ കടന്നുവരുന്നതെങ്കിലും അതിന്റെ മാനസിക സാമൂഹ്യതലം കൂടി പലരും തിരിച്ചറിയുന്നുണ്ടു്. പരമ്പരാഗത ബോധത്തിൽനിന്നു വ്യത്യസ്തമായി മാനസിക-ശാരീരിക ആരോഗ്യങ്ങൾ പരസ്പരം ഫിറ്റ്നസ് സങ്കല്പത്തിൽ ഇടം നേടുന്നു.
  4. ഫിറ്റ്നസ് പലതരം ഉണ്ടെന്നും ഓരോ മേഖലക്കും ആവശ്യമായ ഫിറ്റ്നസ് വ്യത്യസ്തമാണെന്നും പൊതുവേ അംഗീകരിക്കുന്നു. ദൈനംദിന ജീവിതാനുഭവമായി ഫിറ്റ്നസിനെ സ്വാംശീകരിക്കുകയും സാർവലൗകിക ഫിറ്റ്നസിനെ നിരാകരിക്കുകയും ചെയ്യുന്നു, അഭിമുഖത്തിലെ ആഖ്യാനങ്ങൾ. പരിചിതരായ ആളുകളെ ഫിറ്റ്നസിന്റെ മാതൃകയായി കാണിക്കുന്നതും ഇതുകൊണ്ടുതന്നെയാണു്.
  5. സ്വകാര്യ ഇടങ്ങളിൽ ആസ്വദിക്കുന്ന ഒന്നു് പൊതുസമൂഹത്തിലെത്തുമ്പോൾ അശ്ലീലമാണു് എന്നു പറയുന്നതരത്തിലുള്ള യാഥാസ്ഥിതിക അധികാരഘടനയുടെ ഇടപെടൽ ഫിറ്റ്നസ് വ്യവഹാരങ്ങളിലും കാണാം. ലൈംഗികതയുമായുള്ള ഫിറ്റ്നസിന്റെ ബന്ധം മറയ്ക്കപ്പെടുന്നതു് ഇത്തരത്തിലാണു്.
  6. ആനുകാലികങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന ഫിറ്റ്നസ്, ആഖ്യാനമാതൃകകളിൽ വൈവിധ്യം പുലർത്തുന്നു.
  7. ഫിറ്റ്നസ് വ്യവഹാരം അതിന്റെ സ്വരൂപം ആർജ്ജിക്കുന്നതു് ആരോഗ്യം, ഭക്ഷണം, സൗന്ദര്യം, ഫാഷൻ, ലൈംഗികത തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ ഭാഗമായും അവയെ സ്വാധീനിച്ചുകൊണ്ടുമാണു്. ശരീരവിഷയമായ എന്തും ഫിറ്റ്നസിനെ കുറിക്കുന്നു എന്ന ചിന്ത ആനുകാലികങ്ങളിലെ ഫിറ്റ്നസ് അവതരണങ്ങൾ മുന്നോട്ടുവെക്കുന്നു.
  8. സമൂഹത്തിന്റെ പൊതു ബോധത്തിലും പൊതുവ്യവഹാരങ്ങളിലും ഫാഷനും സൗന്ദര്യവും ലൈംഗികതയും ഫിറ്റ് നസുമായി ഇനിയും കണ്ണിചേർക്കപ്പെടുന്നതേയുള്ളൂ.
  9. ഫിറ്റ്നസ് ഭാഷ മലയാളം എന്നതു കേവലം വാചികമായ ഒന്നല്ല. ചിത്രങ്ങളും നിറങ്ങളും അവയുടെ സംയോജനവും രൂപകല്പനയും എല്ലാമടങ്ങിയ അവതരണരീതിയാണു്.
  10. ഫിറ്റ്നസ്, സംവേദനക്രമത്തിൽ വ്യവഹാരത്തെ ആവിഷ്കരിക്കാനുള്ള ഉപാധികളെല്ലാം ചേർത്തു് ഫിറ്റ്നസ് മലയാളം എന്നു വിളിക്കുമ്പോൾ അതു കേവലം വാമൊഴി-വരമൊഴിഭേദം വിട്ടു്, സർവ ഇന്ദ്രിയങ്ങളെയും തൃപ്തിപ്പെടുത്തുകയും വിനിയോഗിക്കുകയും ചെയ്യുന്ന ശക്തമായ ഒരു വിനിമയ ഭാഷയായി മാറുന്നു.
  11. ഫിറ്റ്നസിന്റെ ആവിഷ്കരണത്തിൽ കടന്നുവരുന്ന പ്രതിലോമസ്വഭാവങ്ങളെ വിപണനതന്ത്രങ്ങളും ഉപഭോഗമനസ്ഥിതിയും സങ്കുചിതത്വവും—പഠനം തിരിച്ചറിയുന്നു.

സമൂഹത്തിൽ മധ്യവർഗവത്കരണം ശക്തമായിത്തന്നെ നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പുതുവ്യവഹാരങ്ങളെക്കുറിച്ചുള്ള പഠനം വിവിധ മാനങ്ങൾ നേടുന്നുണ്ടു്. ഒരൊറ്റ പഠനംകൊണ്ടു് ഇവയെല്ലാം പ്രകടമാക്കാനാവില്ല. ഇത്തരം വ്യവഹാരങ്ങളുടെ വ്യാപ്തി. ബഹുവൈജ്ഞാനികമായ കാഴ്ചപ്പാടിലൂടെ ഓരോ വ്യവഹാരത്തെയും, അതിന്റെ വിവിധതലങ്ങളെയും സ്പർശിച്ചുകൊണ്ടു് അപഗ്രഥിക്കുക എന്നതാണു് പോംവഴി. അത്തരം പഠനങ്ങളുടെ ക്രോഡീകരണത്തിലൂടെ സമൂഹ ഭാഷാവ്യവസ്ഥയും പരിണാമവും അടയാളപ്പെടുത്താൻ സാധിക്കും.

images/scaria-zacharia.jpg
ഡോ. സ്കറിയാ സക്കറിയ

ഫിറ്റ്നസ് മലയാളത്തെക്കുറിച്ചു ശ്രീശങ്കരാചാര്യ സർവകലാശാലയിൽ എം. ഫിൽ. തലത്തിൽ ഡോ. സ്കറിയാ സക്കറിയ യുടെ മാർഗ്ഗനിർദ്ദേശത്തിൽ നടത്തിയ ഗവേഷണപഠനത്തിന്റെ സംഗ്രഹമാണു് ഈ ലേഖനം. മൂലപ്രബന്ധത്തിൽ ആനുകാലികങ്ങളിൽനിന്നുള്ള ധാരാളം പരസ്യങ്ങളും ലേഖനങ്ങളും ഉപാദാനങ്ങളായി ചേർത്തിരുന്നു. പ്രസക്തമായ മറ്റു പല കണക്കുകളും പട്ടികയായി ചേർത്തിട്ടുണ്ടു്. സ്ഥലപരിമിതിമൂലം അവയെല്ലാം ഇവിടെ ഒഴിവാക്കുന്നു.

ഗ്രന്ഥസൂചി
  • ഗിരീഷ്, പി. എം., 2001, ഭാഷയും അധികാരവും, പാപ്പിയോൺ, കോഴിക്കോടു്. ജോസഫ് സ്കറിയ, 1996, പഴശ്ശിരേഖകളിലെ വ്യവഹാര മാതൃകകൾ, (ഗവേഷണപ്രബന്ധം, എം. ജി. യൂണിവേഴ്സിറ്റി, കോട്ടയം).
  • രാജരാജവർമ, എ. ആർ., 1989, സാഹിത്യസാഹ്യം. കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
  • രാജരാജവർമ, എ. ആർ., 2000, മിഷേൽ ഫൂക്കോ വർത്തമാനത്തിന്റെ ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
  • രവീന്ദ്രൻ, പി. പി., 1998, മിഷേൽ ഫുക്കോ വർത്തമാനത്തിന്റ ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
  • Abdul Latheef, A. (Dr.), Antony, A. M., (Dr.), Devakumar, K. V., Balagopalan, P. K., Hussain, K. P., 2005 Introduction to Physical Education for training colleges, Pub. Dr. A. M. Antony, Nilambur, Kerala.
  • Barbara Johnstone 2002 Discourse analysis, Black Well Publishers, USA.
  • Barker Chris & A Galasinski Dariusz, 2001 Cultural Studies and Discourse analysis.
  • Dialogue on Language, Sage publishers, London.
  • Bignell Jonathan 1997 Media Semiotics An introduction, Manchester University Press, New York.
  • Cobley Paul (ed.) 2001 The Routledge Companian to Semiotics and Linguistics, Routledge, London, During.
  • Simon (ed.) 1995 The Cultural Studies Reader, Routledge, London.
  • Philips Louise & Jorgenson. W. Marrianne 2002 Discourse Analysis as theory and methods, Sage Publishers, London.
കുറിപ്പുകൾ

[1] Discourse mearly means actual instances of communication in the medium of language (Barbara Johnstone, 2002).

[2] People’s generalization about language are made on the basis of the discourse they paricipate in… people apply what they already know is creating and interpreting new discourse. (Barbara Johnstone, 2002).

[3] Discourse… a social construction of reality, a form of knowledge. (Norman Fairclough, 1995).

[4] “സാമൂഹികതയാൽ നിർണയിക്കപ്പെടുന്ന ഭാഷാപ്രയോഗമാണു് വ്യവഹാരം. അതു് വെറുമൊരു ഭാഷാപ്രയോഗമല്ല. കാരണം ഭാഷ സാമൂഹികോപന്നവും സാമൂഹികപ്രക്രിയയും ആകുന്നു. ഭാഷേതരമായ മറ്റുചില വസ്തുതകളെപ്പോലെ ഭാഷയും സാമൂഹികസ്വഭാവത്തെ ഉൾക്കൊള്ളുന്നു. വ്യവഹാരത്തിലെ സാമൂഹികവ്യവസ്ഥകൾ-സാമൂഹിക സാഹചര്യം, സാമൂഹികസ്ഥാപനം, മൊത്തം സമൂഹം എന്നിങ്ങനെ മൂന്നു തലങ്ങൾ ഉൾക്കൊള്ളുന്നുണ്ടു്” (ഗിരീഷ്, പി. എം., 2001).

[5] കൂടുതൽ വിവരങ്ങൾക്കു് ബാർബറ ജോൺസ്റ്റൻ 2002 നോക്കുക.

[6] പൊൻകുന്നം വർക്കിയുടെ കഥ, “അച്ചന്റെ വെന്തീഞ്ഞ ഇന്നാ”.

[7] പരസ്യം, പ്രസ്റ്റീജ് കിച്ചൻ വെയർ.

[8] ഈസ്റ്റേൺ രസപ്പൊടി. പരസ്യം.

[9] പരസ്യം, ആയുഷ് ഷാംപൂ.

[10] ഏ. ആർ. രാജരാജവർമ, 2000: 279.

[11] ഏ. ആർ. രാജരാജവർമ, 1989: 15.

[12] പനച്ചി, ഭാഷാപോഷിണി, 2007 ജനുവരി, പുസ്തകം 30, ലക്കം 8.

[13] അശ്ലീലത്തിന്റെ അതിപ്രസരം: ലൈംഗിക പാഠ്യപദ്ധതി വിവാദത്തിൽ, വാർത്ത, പുറം 12, മാതൃഭൂമി ദിനപ്പത്രം, ഫെബ്രുവരി 12, 2007.

[14] മാറ്റാത്തി, സാറാജോസഫ്, 2003, പുറം 105-6 ബി. നോട്ട്ബുക്ക് (സിനിമ, 2006).

ഹേന ചന്ദ്രൻ
images/henachandran.jpg

ഗണിതശാസ്ത്രത്തിൽ ക്രൈസ്റ്റ് കോളേജിൽ നിന്നു് ബിരുദം. പി ജി സെന്ററിൽനിന്നു് മലയാളത്തിൽ ബിരുദാനന്തരബിരുദം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ നിന്നു് എം ഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ.

എംഫിൽ പ്രബന്ധം: ഫിറ്റ്നെസ് മലയാളം.

ഗവേഷണ മാർഗ്ഗദർശി: ഡോ. സ്കറിയ സക്കറിയ.

പിഎച്ഡി പ്രബന്ധം: പദസങ്കല്പനം സമകാലിക മലയാളത്തിൽ: സിദ്ധാന്തവും പ്രയോഗവും.

ഗവേഷണമാർഗ്ഗദർശി:ഡോ. എൻ. അജയകുമാർ.

നിലവിൽ മലയാളസിനിമാ മേഖലയിൽ പ്രവർത്തിക്കുന്നു. (ഫീച്ചർ ഫിലിമുകളിൽ അഭിനയം, ഷോർട്ട് ഫിലിമുകളിൽ സ്ക്രിപ്റ്റ്, സംവിധാനം, അഭിനയം)

ഭർത്താവ്: കർണാടക സ്വദേശി ഡോ. ബി. പി. അരവിന്ദ (റിട്ടയേർഡ് അധ്യാപകൻ ക്രൈസ്റ്റ് കോളേജ്)

മക്കൾ: ആതിര പട്ടേൽ, ആദിത്യ പട്ടേൽ.

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.

images/henachandran@oksbi.jpg

Download QR Code

കൂടുതൽ വിവരങ്ങൾ ഇവിടെ.

Colophon

Title: Fitness Malayalam (ml: ഫിറ്റ്നസ് മലയാളം).

Author(s): Hena Chandran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Hena Chandran, Fitness Malayalam, ഹേന ചന്ദ്രൻ ഫിറ്റ്നസ് മലയാളം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 2, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Laundress, a painting by Jean-Baptiste Greuze (1725–1805). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.