നിങ്ങൾ ഈ തലക്കെട്ടു് എങ്ങനെയാണു് വായിച്ചതു്—ബാങ്ക് എന്നോ? ബേങ്ക് എന്നോ? എന്താ വ്യത്യാസം? മലയാളത്തിൽ വളരെ കൃത്യമായി എഴുതിക്കാണിക്കാൻ വയ്യാത്ത ഒരു ഉച്ചാരണമാണു് ഇംഗ്ലീഷിൽ Bank-നുള്ളതു്.
ഉച്ചാരണം എങ്ങനെയാണെങ്കിലും താല്പര്യം ഒന്നുതന്നെയല്ലേ?
അല്ല, ഇംഗ്ലീഷിലെ ബാങ്ക് കൂടാതെ, നമ്മുടെ നാട്ടിൽ മറ്റൊരു ബാങ്ക് കൂടിയുണ്ടു്. ഇവിടത്തെ മുസ്ലീംപള്ളികളിലെ പ്രാർത്ഥനയ്ക്കുള്ള വിളി. അതിനും പറയുന്നതു് ബാങ്ക് എന്നാണു്.
ഓ, ഇതെങ്ങനെയാണു് മനസ്സിലാക്കുക?
പണമിടപാടുസ്ഥാപനത്തെ കുറിക്കുന്ന ബാങ്കിലെ ഉച്ചാരണത്തിൽ ആദ്യഭാഗത്തു് ഇംഗ്ലീഷ് മട്ടിൽ ഒരു പരത്തലുണ്ടു്. പ്രാർത്ഥനയ്ക്കുള്ള വിളിയെ കുറിക്കുമ്പോൾ അതു സാധാരണമട്ടിൽ ഒരു ദീർഘമായ ‘ബാ’ ആണു്.
ഇങ്ങനെയൊരു കൺഫ്യൂഷൻ ഉണ്ടാവാം എന്നു് എനിക്കു് എങ്ങനെ മനസ്സിലായെന്നോ?
1969-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബാങ്ക് ദേശസാല്ക്കരിച്ചുവല്ലോ. അന്നു് സകല കടലാസിലും ആ കിസ്സ ഉണ്ടായിരുന്നു. ഒരു ദിവസം മാതൃഭൂമിയിൽ വാർത്തവായിച്ചു് എന്റെ ബാപ്പ (മരിച്ചുപോയി. ആൾ വലിയ രസികനായിരുന്നു എന്നാണു് നാട്ടുകാരും ഞങ്ങൾ വീട്ടുകാരും പറയുന്നതു്) എന്നോടു പറഞ്ഞു:
“എടോ മുക്രിമാർക്കു് പണിയില്ലാതായല്ലോ.”
മുക്രി എന്നു പറയുന്നതു് മുസ്ലിംപള്ളിയിലെ പരിചാരകനാണു്. ക്രിസ്ത്യൻ പള്ളിയിലെ കപ്യാർക്കു് തുല്യൻ. സാധാരണയായി നിസ്കാരത്തിനുവേണ്ടി ബാങ്കുവിളിക്കുന്നതു് മൂപ്പരുടെ വകുപ്പാണു്.
ബാപ്പയുടെ വർത്തമാനം എനിക്കു് പിടികിട്ടിയില്ല. ഞാൻ ചോദിച്ചു: “ങ് ഏ? എന്തുപറ്റി?”
“ഇതാടോ മാതൃഭൂമീല്, ബാങ്ക് ദേശസാല്ക്കരിച്ചൂന്നു്. ഇനി ബാങ്കൊക്കെ ഗേർമെണ്ട് കൊടുത്തോളും പിന്നെ മുക്രിക്കു് പണിണ്ടാവ്വോ?”
ഞാൻ ചിരിച്ചു. നേരു് പറഞ്ഞാൽ ഈ രണ്ടു പദങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഞാൻ ആലോചിച്ചുതുടങ്ങിയതു് അന്നുമുതല്ക്കാണു്.
മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട, ‘ബാങ്ക്’ എന്ന പദം അറബിയാണെന്നു തോന്നാമെങ്കിലും സംഗതി അങ്ങനെയല്ല. അറബിയിൽ ഈ വിളിക്കു് ‘അദാൻ’ എന്നാണു് പറയുക നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നതു് പേർഷ്യൻ പദമാണു് ‘വിളി’ എന്നർത്ഥം.

പിന്നെയാണു് എന്റെ ശ്രദ്ധയിൽപെട്ടതു്: നമ്മുടെ നാട്ടിൽ പലരും മുസ്ലീം പള്ളികളിൽനിന്നുള്ള വിളിയെ ‘വാങ്ക്’ എന്നാണു് പരാമർശിക്കുന്നതു്. അപ്പോൾ നേരത്തെ പറഞ്ഞ സംശയത്തിനു് ഇടമില്ല. ആളുകൾ വർത്തമാനം പറയുമ്പോൾ മാത്രമല്ല, എഴുത്തുകാർ എഴുതുമ്പോഴും അങ്ങനെത്തന്നെ. ഒ. വി. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ‘വാറ്റു ചാരായത്തിന്റെ തെളിമയോടെ വാങ്കുവിളി’ എന്നു പ്രയോഗിച്ചിരിക്കുന്നു. പൊന്നാനിയുടെ ചിത്രമെഴുതുമ്പോൾ ‘ശവവും മന്തുകാലും വാങ്കുവിളിയും പൊന്നാനിയായ്’ എന്നു് എം. ഗോവിന്ദൻ ഈ വ/ബ വ്യത്യാസം സാഹചര്യവശാൽ ശ്രദ്ധിക്കാനിടയുള്ള വൈക്കം മുഹമ്മദ് ബഷീർ പോലും ‘സന്ധ്യാപ്രണാമ’ത്തിൽ “അകലെനിന്നെങ്ങോ കേൾക്കുകയാണു് ഒരു വാങ്കും” എന്നെഴുതിയിട്ടുണ്ടു്.

വല്ല കുഴപ്പവുമുണ്ടോ? ഇല്ല, തീർച്ചയായും ഇല്ല. ആ പാർസിപദം തത്സമമായും തത്ഭവമായും നമുക്കുപയോഗിക്കാം. മലയാളത്തിൽ ഓഫീസും ആപ്പീസും ഹോസ്പിറ്റലും ആസ്പത്രിയും ഒക്കെ ഒരേ സമയം ആകാമെങ്കിൽ ബാങ്കും വാങ്കും ആകാം മറ്റൊരു ബാങ്ക് നാട്ടിൽ കൂടുതൽ പ്രചാരത്തിലുള്ളപ്പോൾ വിശേഷിച്ചും.
മാത്രവുമല്ല ഇവിടത്തെ മുസ്ലിം വാമൊഴിയിൽ പലപ്പോഴും വ/ബ വ്യത്യാസം പാലിക്കാറില്ല. ‘വല’ ‘ബല’യും ‘ബാല്യം’ ‘വാല്യ’വും ആകുന്നതു് ഉദാഹരണം.
പിൽക്കാലത്തു് ചില സന്ദർഭങ്ങളിൽ ബാപ്പ പറഞ്ഞു കേട്ട ആ തമാശ വീണ്ടും ഓർക്കാൻ എനിക്കു് ഇടയായി.

1992 ഡിസംബർ 6-നു് തകർക്കപ്പെട്ട ബാബരിമസ്ജിദ് സർക്കാർ ചെലവിൽ പുതുക്കിപ്പണിയും എന്നു് പ്രധാനമന്ത്രി നരസിംഹറാവു പിറ്റേദിവസം പ്രഖ്യാപിച്ചപ്പോൾ ഞാൻ ഓർത്തു. ഇനി “ഗേർമെണ്ട്” ബാങ്ക് കൊടുത്തു തുടങ്ങും. അതു് മുൻപ്രധാനമന്ത്രി നേരത്തെ ദേശസാല്ക്കരിച്ചതാണാല്ലോ.
മുക്രിമാർക്കു് പെൻഷൻ കൊടുക്കുന്നു എന്ന വാർത്ത കണ്ടപ്പോൾ ഞാൻ ഉള്ളറിഞ്ഞു് ചിരിച്ചു: ഇതാ, ‘ഗേർമെണ്ട് ബാങ്കു കൊടുത്തു’ തുടങ്ങിയിരിക്കുന്നു!

ബാപ്പ പറഞ്ഞതു് നിറവടിയായി. ബാപ്പയുടെ പേരു് ‘മുഹമ്മദ്’ എന്നാണു് ഇക്കൂട്ടത്തിൽ വേറൊരു വഴിക്കു് കാര്യങ്ങൾ എതിർദിശയിലേയ്ക്കും വന്നു കൊണ്ടിരിക്കുകയാണു്—വലിയ കോലാഹലത്തോടെ ബാങ്ക് ദേശസാല്ക്കാരിച്ച സർക്കാർ ഇപ്പോൾ എല്ലാം സ്വകാര്യമേഖലയ്ക്കു കൈമാറിക്കൊണ്ടിരിക്കുകയാണു്. സർക്കാർ കുത്തകയിൽ നടന്നുവരുന്ന വിമാനസർവ്വീസ് രംഗത്തേയ്ക്കു് സ്വകാര്യക്കമ്പനികൾ പറന്നുവന്നു. റയിൽ വെയും തപാലും ടെലിഫോണും ഒക്കെ സ്വകാര്യക്കാരുടേതാവാൻ പോവുകയാണത്രെ. ദേശസാല്ക്കരിച്ച ബാങ്കുകൾ ഇനി “മറ്റിച്ചാവാൻ” എത്ര നേരം വേണ്ടിവരുമോ ആവോ?
ഞാൻ ഇപ്പോൾ ഓർക്കുന്നതു് എന്റെ നാട്ടിൽ പണ്ടുണ്ടായ ഒരു തമാശയാണു്. എന്റെ നാടു് എന്നു പറയുന്നതു് ബിർളക്കാരുടെ ഗ്വാളിയോർ റയൺസ് പ്രവർത്തിക്കുന്ന മാവൂരിനടുത്തൊരു ഗ്രാമപ്രദേശമാണു്.
മാവൂർ ബിർളാകമ്പനിക്കെതിരെ സമരം ചെയ്യുന്ന തൊഴിലാളികളും അവരുടെ അനുഭാവികളും കൂടി ജാഥ പോവുകയാണു്. അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:
“ബിർളാക്കമ്പനി സർക്കാർ ഏറ്റെടുക്കണം. ബിർളാക്കമ്പനി സർക്കാർ ഏറ്റെടുക്കണം… ”
ജാഥ തീർന്നു് അവരിലൊരാൾ ചായമക്കാനിയിൽ തിരിച്ചെത്തിയപ്പേൾ ഞങ്ങളുടെ നാട്ടുകാരിൽ ഒരു രസികൻ പറഞ്ഞു:
“എടോ കുട്ട്യോളെ, ജാദയൊക്കെ ഉഷാറായി. ബിളിച്ചു് പറഞ്ഞതു്, ഞമ്മക്ക് പറ്റീല.”
“ങ്ഏ?”
“നടക്ക്ണ കാര്യം പറ്യണ്ടേ? ഞമ്മളെ ഗേർമെണ്ട് ബിജാരിച്ചാ ബിർളാക്കമ്പനി ഏറ്റെടുക്കാൻ കയ്യൂല. ങ്ങക്കതു് മറിച്ചു് വിളിച്ചുടായ്ന്യോ?”
“എങ്ങനെ വിളിക്കണം?”
“ഗേർമെണ്ടിനെ ബിർള ഏറ്റെടുക്കണംന്നു്.”
ഇതാണു് അവസ്ഥ ‘ഗേർമെണ്ടു’കളെപ്പറ്റി രസികനായ ആ നാടനു് തന്റെ സഹജശേഷിയാൽ കൈവന്ന ഉൾക്കാഴ്ച നമ്മുടെ ധനശാസ്ത്രവിദഗ്ദ്ധന്മാർക്കു് കിട്ടാതെ പോയിരിക്കാം.
ഞാൻ ആലോചിക്കുകയാണു്—ഈ പോക്കുപോയാൽ ദേശസാല്ക്കരിച്ച ബാങ്കുകളൊക്കെ വീണ്ടും സ്വകാര്യമേഖലയിൽ വരും. “ഗേർമെണ്ടി”നു് ആകെക്കൂടി ദേശസാല്ക്കരിക്കാവുന്നതു് മുസ്ലിം പള്ളികളിലെ ബാങ്ക് മാത്രമാവും.

ഒരു പക്ഷേ, 1969-ൽ ഇന്ദിരാഗാന്ധി ദേശസാല്ക്കരിച്ചതു് പള്ളിബാങ്ക് ആയിരുന്നു എന്നും അതു് അവരുടെ മതേതരബോധത്തിന്റെ ചിഹ്നമായി കാണേണ്ടതാണു് എന്നും വല്ല ഗവേഷണവും സമീപഭാവിയിൽ നടന്നേയ്ക്കാം.
ആരറിഞ്ഞു ഏതെങ്കിലുമൊരു ഇന്ത്യൻ യൂനിവേഴ്സിറ്റിയിൽ ഇപ്പോൾതന്നെ അത്തരമൊരു ഗവേഷണപ്രബന്ധം തയ്യാറായിട്ടില്ലെന്നു്!
നവതരംഗം സുവനീർ: 1996.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.