
സൗന്ദര്യാരാധകനാണല്ലോ മഹാകവി വള്ളത്തോൾ. സൗന്ദര്യത്തിന്റെ ബഹിസ്സ്വരൂപത്തിലാണു് അദ്ദേഹത്തിന്റെ തൂലിക സാധാരണ വ്യാപരിക്കുന്നതു്. എന്നാൽ ചിലപ്പോൾ അതു് അന്തസ്സത്തയിലേയ്ക്കും കടന്നുചെല്ലാറുണ്ടു്. ജ്ഞാനം എന്ന കവിത ഇതിനു് ഒരുത്തമോദാഹരണമാകുന്നു. സൗന്ദര്യംതന്നെ സത്യം എന്ന സൂക്ഷ്മ തത്ത്വത്തെ കവി ഇതിൽ തികഞ്ഞ കലാവിലാസത്തോടെ സാക്ഷാത്കരിച്ചിട്ടുണ്ടു്. ഇതുപോലെ ആഴവും പരപ്പുമുള്ള കവിത വള്ളത്തോൾ ചുരുക്കമായിട്ടേ എഴുതിയിട്ടുള്ളു. സ്വതേ അതിഗഹനവും അത്യന്തസൂക്ഷ്മവും അമൂർത്തവുമായ ഒരു വിഷയമാണല്ലോ ജ്ഞാനം. വർണ്ണനാചാതുരികൊണ്ടു് അതൊരു കലാശില്പമാക്കിത്തീർക്കുകയെന്നതു തുലോം ദുഷ്കരമായ കവികർമ്മമാണു്. വള്ളത്തോൾ ഇതിൽ പരിപൂർണ്ണ വിജയം നേടിയിരിക്കുന്നു. ആശയഗാംഭീര്യത്തിലും ഭാവനാമധുരിമയിലും ‘ജ്ഞാനം’ വള്ളത്തോൾക്കവിതയുടെ പരമോന്നതശൃംഗത്തിൽ പരിലസിക്കുന്നുവെന്നു പറയാം.
അപ്രമേയസുവിസ്താര ഗാംഭീര്യം
ത്വൽപ്രഭാവമഭംഗമഭിപൂർണ്ണം:
അപ്പെരുമതൻ നാലഞ്ചു തുള്ളിക-
ളബ്ധികൾ സദാ തുള്ളിയിരമ്പുന്നൂ-
ഇപ്പെരുംപറക്കൊട്ടിനാൽത്തങ്ങൾ ത-
ന്നല്പതയെപ്പരസ്യപ്പെടുത്തുന്നു;
ഭാസ്വരപ്രഭമായ നിൻവക്ത്രമോ,
ശാശ്വതമൌനമുദ്രം പരാവിദ്യേ!
നിൻ തിരുമൌനമല്ലോ നരർക്കേകീ
ചിന്തിതാവിഷ്കൃതിയ്ക്കുള്ള ഭാഷയെ:
എന്തുകൊണ്ടെനിയ്ക്കേകീല വാക്കൊന്നും
ബന്ധുരം തവ രൂപം വിവരിപ്പാൻ!
പൃത്ഥ്വിതന്നുള്ളിൽ നിന്നുൽഗ്ഗമിച്ചിടും
വ്യർത്ഥവാഞ്ഛകളാകിന ശാഖികൾ
പത്രമർമ്മരം കൊണ്ടഭ്രമാർഗ്ഗമോ-
ടെത്ര ചോദിപ്പതില്ല നിൻ തത്ത്വത്തെ?
ഉത്തരമിതിന്നെന്തി,ടിവെട്ടലോ,
പൊൽത്തകിടൊളിച്ചൂരൽ മിന്നിയ്ക്കലോ?
അസ്തു, ഗർജ്ജനതർജ്ജനാധിഷ്ഠിത
മജ്ഞരാമുപരിസ്ഥർതൻ ഗൌരവം!
ബാല്യകാലത്തു, നാനാസുമങ്ങളെ
പ്രോല്ലസിപ്പിച്ച പൈങ്കിളിപ്പാട്ടുമായ്,
ദാരിതതമസ്സായ തേജോഗുണ-
മേറിയേറി മുതിർന്ന കതിരോനും,
നാകമധ്യമണഞ്ഞു, മഹേശി,
നിൻ ലോകമൊട്ടാകെ
നോക്കാൻ തുടങ്ങിയാൽ
‘എന്തറിഞ്ഞു ഞാനെ’ന്നു വിവർണ്ണനായ്-
ത്തൻ തല ചായ്ക്കയല്ലയോ ചെയ്യുന്നു?
സ്വാജ്ഞതാബോധമല്ലാതെ മറ്റെന്താം?
ലോകമുണ്ടായനാൾ തൊട്ടിതേവരെ,
പ്രാകൃതർതൊട്ടു സംസ്കൃതന്മാർ വരെ,
എങ്ങിനെയൊക്കെയെങ്ങെങ്ങു തേടിയി-
ല്ലങ്ങയെ സ്വാത്മചോദിതർ മാനുഷർ!
ഏതൊരു കൊടുംകാട്ടിൻ നടുത്തട്ടി-
ലേതൊരു ദുർഗ്ഗഭൂവിലോ നില്ക്കുന്നൂ,
ഏതു വല്ലായ്മയേയും ശമിപ്പിപ്പാ-
നേകസാധനം നിന്റെ ദിവ്യൗഷധി.
ഏതൊരു കല്ലിലുൾച്ചേർന്നിരിയ്ക്കുന്നൂ
ജാഡ്യമാം നിൻതീയനാദ്യന്തേ,-
ബഹ്വഗാധമാമേതൊരു പർവ്വത-
ഗഹ്വരത്തിലോ പൂഴ്ന്നു കിടക്കുന്നൂ,
സർവദാരിദ്ര്യസംഹാരശക്തങ്ങ-
ളവ്യയങ്ങളാം താവകരത്നങ്ങൾ?
പൂർവകർക്കിതാ, ദണ്ഡനമസ്കാരം:
തീവ്രയത്നം തുടർന്നുതുടർന്നവർ ദേവി,
നിൻവെളിച്ചത്തിൻ നുറുങ്ങോരോ-
ന്നാവതുപോലെ സംഗ്രഹിച്ചാരല്ലോ;
ഇല്ലയെങ്കിലി,ന്നെങ്ങെൻ തരക്കാർത
ന്നല്ലിലും ചില മിന്നാമിനുങ്ങുകൾ!
ബുദ്ധികൊണ്ടു ചിറകുകൾ സമ്പാദി-
ച്ചെത്ര മേല്പോട്ടു കേറിപ്പറന്നാലും,
മാനവന്നു മുൻമട്ടിലേ ദൂരസ്ഥം
ജ്ഞാനദേവതേ, നിൻനഭോമണ്ഡലം!
എങ്കിലുമവനുൽഗ്ഗതി സംരംഭ-
ത്തിങ്കൽനിന്നു പിന്മാറില്ലൊരിയ്ക്കലും;
ത്വച്ചിദാകാശശുദ്ധമരുത്തിനെ-
യുച്ഛ ്വസയ്ക്കായ്കിലാരുണ്ടുയിർക്കൊൾവൂ!
ജ്ഞാനമെന്നാലെന്താണു്? അതു സാധാരണ വിജ്ഞാനത്തിൽനിന്നു വ്യത്യസ്തവും അതീതവും അതേസമയം എല്ലാത്തരം വിജ്ഞാനശാഖകൾക്കും ആധാരവും പ്രദീപകവുമായിട്ടുള്ള ഒന്നാണെന്നു താത്ത്വികന്മാർ സങ്കൽപിക്കുന്നു. അമര കോശപ്രകാരം. മോക്ഷത്തെ ലക്ഷീകരിച്ചു പ്രവർത്തിക്കുന്ന ബുദ്ധിയാണു് ജ്ഞാനം; ശില്പശാസ്ത്രങ്ങളുടേതു വിജ്ഞാനവും (മോക്ഷേ ധീർജ്ഞാനമന്യത്ര വിജ്ഞാനം ശില്പശാസ്ത്രയോഃ). ഇംഗ്ലീഷിൽ ഇതുപോലെ വിസ്ഡം (Wisdom) എന്നും നോളഡ്ജ് (Knowledge) എന്നും അറിവു് വ്യത്യസ്താർത്ഥത്തിൽ വേർതിരിഞ്ഞു നില്ക്കുന്നു. ഭാരതീയതത്ത്വജ്ഞാനികൾ ഈശ്വരനെ ജ്ഞാനസ്വരൂപനായിട്ടും കല്പിക്കുന്നുണ്ടു്. ഈശ്വരൻ ജ്ഞാനസ്വരൂപനാണെങ്കിൽ നാസ്തികന്മാർക്കും സ്വീകാര്യനാകും. എന്തെന്നാൽ ജ്ഞാനം അവർക്കും സമാദരണീയമാണല്ലോ. ‘ജ്ഞാനം ജ്ഞാനവതാമഹം’ എന്നു ഗീതാകാരനും പറയുന്നുണ്ടു് ഉപനിഷത്തുകളിലും ജ്ഞാനം ബഹുധാ ഉദ്ഘുഷ്ടമായിരിക്കുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന വാക്യം ജ്ഞാനവും ബ്രഹ്മവും രണ്ടല്ലെന്നാണല്ലോ പഠിപ്പിക്കുന്നതു്. ഇങ്ങനെ ശ്രുതിസ്മൃതി വചനങ്ങളിലൂടെ ചുഴിഞ്ഞുനോക്കുമ്പോൾ സത്യം, ജ്ഞാനം, സൗന്ദര്യം എന്നിവയെല്ലാം സൂക്ഷ്മാംശത്തിൽ ഒന്നുതന്നെയാണെന്നു കാണാം. ചുരുക്കത്തിൽ സകല വിജ്ഞാനവിശേഷങ്ങളുടെയും തേജോരൂപങ്ങളുടേയും പ്രപഞ്ചവിപരിണാമങ്ങളുടെയും പ്രഭവസ്ഥാനവും പ്രേരകസ്ഥാനവുമാണു് ജ്ഞാനം. അനന്തവും അവ്യക്തവുമായ സത്തും ചിത്തും ആനന്ദവും അതുതന്നെയാണു്. ‘അതിന്റെ ശോഭയാൽ ഇതെല്ലാം ശോഭിക്കുന്നു’ (തസ്യഭാവ സർവ്വമിദം വിഭാതി) എന്ന ഉപനിഷത്സൂക്തി ഒരുവിധത്തിൽ ജ്ഞാനമഹാത്മ്യത്തെയാണു് വിളംബരം ചെയ്യുന്നതു്. പ്രപഞ്ചപരിധിക്കപ്പുറം നോക്കുമ്പോൾ എല്ലാം ഏകമയമാകുമല്ലോ.
മേല്കാണിച്ച ആശയങ്ങളെ ആധാരമാക്കി, പ്രകൃതി സംവിധാനത്തിലെ അന്തശ്ചൈതന്യത്തെ അനുധ്യാനം ചെയ്തുകൊണ്ടാണു വള്ളത്തോൾ ജ്ഞാനം എന്ന കവിത എഴുതിയിട്ടുള്ളതു്. അദ്ദേഹത്തിന്റെ ക്രാന്തദർശിത്വം സർവ്വത്ര നിഴലിക്കുന്നുണ്ടു്. പ്രകൃതിയുടെ ബാഹ്യവും ആഭ്യന്തരവുമായ സമസ്ത ചലനങ്ങളും മനുഷ്യന്റെ മനോമണ്ഡലത്തിൽ അഭിവ്യക്തമാകുന്ന സകല ബോധഖണ്ഡങ്ങളും അനാദ്യന്തമായ ഒരഖണ്ഡജ്ഞാനത്തിന്റെ ഭാഗികപ്രതിഫലനം മാത്രമാണെന്നു കവി വിഭാവനം ചെയ്യുന്നു.
‘അപ്രമേയസുവിസ്താരഗാംഭീര്യം
ത്വൽപ്രഭാവമദംഗമദഭിപൂർണ്ണം;
അപ്പെരുമതൻ നാലഞ്ചു തുള്ളിക-
ളബ്ധികൾ സദാ തുള്ളിയിരമ്പുന്നു!
ഇപ്പെരുമ്പറക്കൊട്ടിനാൽത്തങ്ങൾത-
ന്നല്പതയെപ്പരസ്യപ്പെടുത്തുന്നു;
ഭാസ്വരപ്രഭമായ നിൻവക്ത്രമോ,
ശാശ്വതമൗനമുദ്രം, പരാവിദ്യേ.
കവിയുടെ ദൃഷ്ടിയിൽ ജ്ഞാനം അഥവാ പരാവിദ്യ ശക്തിസ്വരൂപിണിയാണു്. സമുദ്രങ്ങൾ അപ്രമേയമായ ആ പെരുമയുടെ നാലഞ്ചു തുള്ളികൾ മാത്രം. അവയുടെ തരംഗവിക്ഷോഭം അല്പതയെ പരസ്യപ്പെടുത്തുന്ന പെരുമ്പറക്കൊട്ടാണെന്ന കല്പന എത്ര ചമത്കാരജനകമായിരിക്കുന്നുവെന്നു നോക്കുക. അറിവിന്റെ ചില നുറുങ്ങുകൾ നേടിക്കൊണ്ടു പ്രാജ്ഞമ്മന്യരായി ആത്മഘോഷണം നടത്തുന്ന കിഞ്ചിജ്ഞരെ കവി ഇതിൽ സരസമായി ധ്വിപ്പിക്കുന്നില്ലേ? പരിപൂർണ്ണ ജ്ഞാനമോ, അതു് മൗനമുദ്രാങ്കിതമാണു്—നിറകുടം തുളുമ്പുകയില്ലല്ലോ. എന്നാൽ ജ്ഞാനത്തിനു് പരിധിയില്ലെന്നും അതിന്റെ മറുകരയിലെത്താൻ ആർക്കും സാധിക്കില്ലെന്നും അതു വാചാമഗോചരമാണെന്നും കവി അനന്തരഭാഗംകൊണ്ടു തെളിയിക്കുന്നു. ഭൂമിയുടെ ഉള്ളിൽനിന്നു പൊന്തുന്ന വ്യർത്ഥവാഞ്ഛകളാകുന്ന വൃക്ഷങ്ങൾ ജ്ഞാനത്തിന്റെ രഹസ്യം എന്താണെന്നു പത്രമർമ്മരംകൊണ്ടു് അഭ്രമാർഗ്ഗത്തോടു ചോദിച്ചുകൊണ്ടിരിക്കുകയാണു്. അതിനുള്ള ഉത്തരമോ? ഇടിവെട്ടലും ‘പൊൽത്തകിടൊളിച്ചൂരൽ’ മിന്നിക്കലും! ഇതു കണ്ടു് കവി പറയുന്നു:
‘അസ്തു, ഗർജ്ജനതർജ്ജനാധിഷ്ഠിത-
മജ്ഞരാമുപരിസ്ഥർതൻഗൗരവം.’
അജ്ഞാതരായ മേലാളരോടും അവർക്കു് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ചോദിച്ചാൽ അവർ ശുണ്ഠിയെടുക്കുമല്ലോ. കുട്ടികളുടെ ചോദ്യത്തിനു് ഉത്തരം പറയാൻ വിഷമിക്കുന്ന അദ്ധ്യാപകൻ തന്റെ അജ്ഞതയെ മറച്ചുവെയ്ക്കാൻവേണ്ടി അവരെ ശകാരിക്കുകയും ചൂരക്കോലിളക്കുകയും ചെയ്യുന്നതിന്റെ മധുരമായ പ്രതീതി ഇവിടെ വായനക്കാർക്കുണ്ടാകുന്നു. ഇങ്ങനെ പ്രകൃതത്തിനിണങ്ങുംപടി ഹൃദ്യമായ വ്യംഗ്യം വിളയിക്കാൻ വള്ളത്തോളിനു് ഒരു പ്രയാസവുമില്ല.
‘ബാല്യകാലത്തു നാനാസുമങ്ങളെ
പ്രോല്ലസിപ്പിച്ച പൈങ്കിളിപ്പാട്ടുമായ്
ദാരിതതമസ്സായ തേജോഗുണ-
മേറിയേറി വരുന്ന ഭഗവാനും
നാകമധ്യമണഞ്ഞു. മഹേശി, നിൻ
ലോകമൊട്ടാകെ നോക്കാൻ തുടങ്ങിയാൽ
എന്തറിഞ്ഞു ഞാനെന്നു വിവർണ്ണനായ്
പിന്തിരിയുകയല്ലയോ ചെയ്യുന്നു?’
ഈ കവിതയിലെ സ്വാരസ്യം നിറഞ്ഞുതുളുമ്പുന്ന ഒരു ഭാഗമാണിതു്. പ്രകൃതിയുടെ ഈ ചിത്രീകരണത്തിൽ ഒരു കാളിദാസനെത്തന്നെ നമുക്കു കാണാവുന്നതാണു്. പ്രതിപാദ്യം പഴയതാണെങ്കിലും കവി അതു പ്രകാശിപ്പിക്കുന്ന രീതിയും അതിലടക്കംചെയ്തിരിക്കുന്ന അർത്ഥഭാവങ്ങളും എത്രയെത്ര രമണീയമായിരിക്കുന്നു!
‘ക്ഷണേ ക്ഷണേയന്നവതാമുപൈതി-
തദേവ രൂപം രമണീയതയാഃ’
എന്ന ലക്ഷണം ഇവിടെ തികച്ചും ഒത്തിരിക്കുന്നു. സൂര്യന്റെ ഉദയവും ഉച്ചസ്ഥിതിയും അസ്തമയവും നാം നിത്യേന കാണുന്നുണ്ടു്. ഈ പ്രകൃതിദൃശ്യത്തെ കവി മനോഹരമായ ഒരു ഉൽപ്രേക്ഷകൊണ്ടു നമ്മുടെ ബുദ്ധിക്കും ഹൃദയത്തിനും നവോന്മേഷം നല്കുന്ന നല്ലൊരു നാടകരംഗമാക്കി മാറ്റിയിരിക്കുന്നു. ലോകത്തിന്റെ ഇരുട്ടകറ്റാൻ കെല്പ്പുള്ള സൂര്യഭഗവാൻ അത്യുച്ചസ്ഥാനത്തു കയറി നോക്കിയിട്ടുപോലും സാക്ഷാത്തായ വെളിച്ചം കാണാതെ നിരാശനായി പിൻതിരിയുകയാണു്. ജ്ഞാനത്തിന്റെ അപാരതയും ജ്ഞാനികളുടെ അറിവിന്റെ നിസ്സാരതയും ഇതിലും ഭംഗിയായി പ്രദർശിപ്പിക്കുന്നതെങ്ങനെ? യഥാർത്ഥമായ അറിവിന്റെ ഒന്നാമത്തെ ലക്ഷണം തനിക്കൊന്നും അറിഞ്ഞുകൂടാ എന്നുള്ള വസ്തുത ബോധപ്പെടുകയാണെന്നു തത്ത്വജ്ഞാനികൾ പറഞ്ഞിട്ടുണ്ടല്ലോ. എന്നാലും മനുഷ്യർ സ്വാത്മചോദിതരായി അനന്തമായ ജ്ഞാനമാർഗ്ഗത്തിലൂടെത്തന്നെ ആദികാലംമുതല്ക്കേ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ സഞ്ചാരംതന്നെയാണു് ജീവിതം. തത്ഫലമായി സത്യസൗന്ദര്യാത്മകമായ ജ്ഞാനത്തിന്റെ ചില സ്ഫുലിംഗങ്ങൾ ലോകത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണു് കവി,
‘പൂർവ്വികർക്കിതാ ദണ്ഡനമസ്കാരം
തീവ്രയത്നം തുടർന്നു തുടർന്നവർ,
ദേവി, നിൻവെളിച്ചത്തിൻനുറുങ്ങോരോ-
ന്നാവതുപോലെ സംഗ്രഹിച്ചാരല്ലോ’
എന്നു പാടുന്നതു്. ഒടുവിൽ,
‘ബുദ്ധികൊണ്ടു ചിറകുകൾ സമ്പാദി-
ച്ചെത്ര മേല്പോട്ടു കേറിപ്പറന്നാലും
മാനവന്നു മുൻമട്ടിലേ ദൂരസ്ഥം
ജ്ഞാനദേവതേ, നിൻ നഭോമണ്ഡലം’
എന്ന തീരുമാനത്തിൽ കവി എത്തിച്ചേരുന്നു.
ജ്ഞാനത്തെപ്പറ്റി ഇത്ര പ്രൗഢവും അതേസമയം പ്രസന്നവും ആലോചനാമൃതവുമായ ഒരു കവിത മലയാളത്തിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഇതരസാഹിത്യങ്ങളിൽത്തന്നെ ദുർല്ലഭമായിരിക്കാം. സോളമന്റെ സുപ്രസിദ്ധമായ ജ്ഞാനസൂക്തികൾക്കുപോലും ഇത്രത്തോളം കവിതാരസമില്ല.
വള്ളത്തോളിന്റെ ‘വെടികൊണ്ടപക്ഷി’യെപ്പോലെ ഹൃദയംകവരുന്ന ഒരു കവിതയാണു് ‘മിഥ്യാഭിമാന’വും. ആപാതമധുരം, ആലോചനാമൃതം, അലങ്കാരസുന്ദരം എന്നൊക്കെ ഈ കവിതയെ വിശേഷിപ്പിക്കാം. പൗനഃപുന്യേന അനുസന്ധേയമാകത്തക്കവണ്ണം പ്രതിപാദ്യവസ്തുവിലും പ്രതിപാദനരീതിയിലും രസാവിഷ്കരണത്തിലും കവിയുടെ കവനപാടവം പ്രദർശിതമായിരിക്കുന്നു. വള്ളത്തോൾസ്സരസ്വതി സർവ്വാംഗീണമായ ലാവണ്യത്തോടെ ഇതിൽ ലാലസിക്കുന്നുണ്ടു്. ഭാവസ്ഫുരത്തായ സംഭവങ്ങൾ തിരഞ്ഞെടുത്തു കവിതാവിഷയമാക്കുന്നതിൽ കവിക്കുള്ള അന്യാദൃശമായ നിരീക്ഷണവിചക്ഷണതയും ഔചിത്യബോധവും ഈ കവിതയിലും കളിയാടുന്നു. കുറെ ആടുകളുടെ കശാപ്പുശാലയിലേക്കുള്ള പോക്കാണു് ഇതിലെ പ്രതിപാദ്യം. ‘ഒറ്റക്കയർകൊണ്ടു ബദ്ധകണ്ഠങ്ങളായ’ എട്ടുപത്താടുകളെ ഒരു ദിനാന്തത്തിൽ ഒരുത്തൻ കൊലസ്ഥലത്തേയ്ക്കു നടത്തിക്കൊണ്ടുപോകുന്നു. ഇതുകണ്ടു ശോകകല്ലോലിതമായ കവിഹൃദയത്തിൽനിന്നു പൊന്തിവന്ന ഭാവവും ചിന്തയും വാഗ്രൂപംപൂണ്ടു കവിതാസ്രോതസ്സായി ബഹിർഗ്ഗമിക്കുകയാണു്. ദയാലുവായ ഒരു സാധാരണന്റെ ഹൃദയത്തെപ്പോലും കരുണാർദ്രമാക്കുന്ന ഈ കാഴ്ച സാത്വികനായ ഒരു കവിയുടെ സംശുദ്ധഹൃദയത്തെ എന്തുമാത്രം വൃഥാമഥിതമാക്കുമെന്നു പറയേണ്ടതില്ലല്ലോ. ശോകത്തിന്റെ പരകോടിയിൽ നിർവ്വേദംവന്നു് അതിൽനിന്നു ചില ചിന്താരത്നങ്ങൾ പുറപ്പെടുന്നുണ്ടു്. ഈ ചിന്താരത്നങ്ങളുടെ പ്രഭാപരിവേഷമാണു് പ്രസ്തുത കവിതയെ സർവ്വോപരി സമ്മോഹനമാക്കുന്നതു്.
‘യുദ്ധയാത്രയിൽക്കാലാൾകൾപോലവേ’ എന്നു കവി ആടുകൾക്കു് ഔപമ്യം കൽപിച്ചിരിക്കുന്നതു നല്ലൊരു മനോധർമ്മമായിട്ടുണ്ടു്. ഒറ്റക്കയർകൊണ്ടു കെട്ടപ്പെട്ടതു മൂലം പട്ടാളക്കാരെപ്പോലെ ഓരോവരിയായി ക്രമംതെറ്റാതെയാണല്ലോ അവറ്റയുടെ നടപ്പു്. പട്ടാളക്കാർക്കു് സ്വന്തമായി ഒരഭിപ്രായമോ സ്വാതന്ത്ര്യമോ ഇല്ല. അവരും അടിച്ചവഴിയേ പോർക്കളത്തിൽചെന്നു മരണമടയുന്നു. കശാപ്പുശാലയിലേയ്ക്കു നയിക്കപ്പെടുന്ന ആടുമാടുകൾക്കു് ഉപമാനമാകത്തക്കവണ്ണം ദയനീയവും നികൃഷ്ടവുമാണു് അവരുടെ അവസ്ഥ. ഇങ്ങനെ സർവ്വഥാ പ്രസക്തിയും പ്രയോജനവുമുള്ള ഒരുപമാനമാണു് വള്ളത്തോൾ പ്രയോഗിച്ചിരിക്കുന്നതു്.
‘ചഞ്ചലമായ ചുണ്ടാൽ വഴിക്കുള്ള
പിഞ്ചിലകളോടോരോന്നു മന്ത്രിച്ചും
കിഞ്ചന കുളമ്പൊച്ചയുമുൾച്ചേരു-
മഞ്ചിതങ്ങളാം ‘മേമേ’ സ്വരങ്ങളാൽ
അധ്വപാർശ്വേ പതഞ്ഞൊഴുകും ജല-
മൊത്ത തോടിനെപ്പുഞ്ചിരിക്കൊള്ളിച്ചും
പിന്നിൽ നേതാവുമായിഗ്ഗമിച്ചിതാ
വഹ്നിവാഹനവംശ്യരാം പ്രാണികൾ’
എത്ര മനോഹരമായ ചിത്രീകരണം! പിഞ്ചിലകളോടു മന്ത്രിക്കുന്നതിലും തോടിനെ പുഞ്ചിരിക്കൊള്ളിക്കുന്നതിലുമുള്ള രസവത്തായ ഉൽപ്രേക്ഷ ആ മിണ്ടാപ്രാണികളും പ്രകൃതിയും തമ്മിലുള്ള അകൃത്രിമബന്ധത്തിന്റെ മധുരധ്വനി സഹൃദയരിൽ സംജാതമാക്കുന്നു. ‘യത്രവിശ്വം ഭവത്യേക നീഡം’ എന്ന ചൊല്ലിലെ കുടുംബബന്ധം ഇവിടെയും നിഴലിക്കുന്നില്ലേ? ആന്തരികവും ജീവപരവുമായ ആ ഏകീഭാവത്തിന്റെ കഴുത്തിൽ കത്തിവെയ്ക്കലാണു് അടുത്തു നടക്കാൻപോകുന്ന വധമെന്ന പ്രതീതിയും ഇതിനെത്തുടർന്നു നമ്മിലുണ്ടാകും.
‘ആലയിൽക്കൊണ്ടുചെന്നാക്കി വേണ്ടതു
പോലെ തീനേകി രക്ഷിക്കുവാനല്ല
നാളെയല്ലെങ്കിലിന്നുതന്നേ ഗള-
നാളിയിൽക്കത്തി പായിപ്പതിന്നല്ലോ,
കൊണ്ടുപോവതിക്കൊച്ചുമൃഗങ്ങളെ
രണ്ടുകാലിൽ നടക്കുന്നൊരു മൃഗം.’
കവി മനുഷ്യനെ ഇരുകാലിമൃഗമാക്കിയ ഈ സന്ദർഭം ഒന്നാംതരം. വിവേകത്തിന്റെയും കാരുണ്യത്തിന്റെയും കണികയെങ്കിലുമുള്ളവൻ ഈ നിഷ്ഠുരകർമ്മത്തിനു മുതിരുമോ? അഥവാ രണ്ടുകാലിൽ നടക്കുന്ന ഈ മൃഗം മനുഷ്യവർഗ്ഗത്തിന്റെ തന്നെ ഒരു പ്രതിനിധിയാകാം. മൃഗസാമ്രാജ്യത്തിന്റെ അതിർത്തിരേഖയിൽത്തന്നെയല്ലേ ഇന്നും. മനുഷ്യന്റെ നില്പു്? മൃഗത്തെക്കാളേറെ അധഃപതിച്ചവരും അവന്റെ കൂട്ടത്തിലില്ലേ?
കവി ഒരു തത്വചിന്തകനാകുകയാണു് അടുത്ത വരികളിൽ,
‘ജീവിതാന്തത്തിലേയ്ക്കാണു തങ്ങളി-
പ്പോവതെന്നിടർക്കൊണ്ടീല പാവങ്ങൾ;
ഭാവഭേദമൊരല്പവുമില്ലവ-
യ്ക്കാ,വൂനീയെത്ര ശാന്തിദ,യജ്ഞതേ!’
അജ്ഞത ആനന്ദമാണു് (Ignorance is bliss) എന്ന ആംഗലവചനംതന്നെ ഇവിടെയും പ്രതിധ്വനിക്കുന്നു. ഒരുവിധത്തിൽ നോക്കിയാൽ അജ്ഞത—ഒന്നും അറിയാത്ത അവസ്ഥയാണു് മനസ്സിനു സ്വസ്ഥതയുണ്ടാക്കുന്നതു്. ബോധം തെളിയുന്തോറും ഒരെത്തും പിടിയും കിട്ടാതെ മനുഷ്യൻ അമ്പരക്കുകയല്ലേ?
‘ജീവനെ വിറ്റു ജീവനെപ്പോറ്റലോ
മൈ വിഴുങ്ങി മൈ വീർപ്പിക്കലോ ചിരാൽ
ത്യക്തമായീല ബുദ്ധന്റെ നാടാലും:
സുസ്ഥിരംതന്നെ ഹിംസതൻപ്രഭാവം’
എന്നു കവി വിസ്മയപൂർവം വിലപിക്കുന്നു. പക്ഷേ, ഇത്ര രസനിർഭരമായ കവിതകളെഴുതി അഹിംസാവേശവും ഭൂതദയാമയമായ ഭാവവും പ്രകടിപ്പിക്കുന്ന കവികൾതന്നെ ‘മൈ വിഴുങ്ങി മൈ വീർപ്പിക്കുകയാണെങ്കിൽ’ ആ പൊരുത്തക്കേടും അത്ഭുതകരമല്ലേ? ഈ പ്രകൃതിവൈപരീത്യത്തിനെന്താണു് സമാധാനം? ‘ജീവോ ജീവസ്യ ജീവനം’ എന്നതു പ്രപഞ്ചസ്വഭാവമത്രേ. അതു മാറ്റുക ആർക്കും സാധ്യമല്ല.
‘നഹി പശ്യാമി ജീവന്തം
ലോകേ കഞ്ചിദഹിംസയാ
സത്വൈഃ സത്വാനി ജീവന്തി
ദുർബ്ബലൈർബ്ബവത്താരഃ’
ഭാരതം ശാന്തിപർവ്വത്തിലെ ഈ അർജ്ജുനവാക്യം ഹിംസാത്മകമായ പ്രപഞ്ചസ്വഭാവത്തെ നിസ്സങ്കോചം വെളിപ്പെടുത്തുന്നു. അഹിംസാമന്ത്രം ഉപദേശിക്കുന്ന കവിയും ജിഹ്വാലൗല്യംവഴിയായി തിരിഞ്ഞുമറിഞ്ഞു ഹിംസാവലയത്തിൽത്തന്നെ ചെന്നുചാടുകയാണു്! കവിയുടെ അനന്തരോക്തിയിൽ കാണുന്നതുപോലെ എല്ലാം ‘കാലവിചേഷ്ടിതം’ എന്നു സമാധാനിച്ചുകൊണ്ടു് ഇനിയും നമുക്കു വള്ളത്തോൾക്കവിത പാടാം:
‘മാംസവില്പനക്കാരന്റെ മുറ്റത്തിൻ
മാതിരികളെക്കാട്ടുവാൻ വേണ്ടിയോ
ചോര വാർന്നൊലിക്കുന്നതാക്കീ തദാ
വാരുണാശയെ,ക്കാലവിചേഷ്ടിതം!’
ഇതിലെ ഉൽപ്രേക്ഷയും ഹൃദയഹാരിയായിരിക്കുന്നു. അന്തിച്ചുവപ്പിനെ ചോര വാർന്നൊലിക്കുന്നതായിക്കല്പിച്ചു് അവിടെ ആ മാംസികന്റെ മുറ്റം പ്രതിഫലിപ്പിച്ചതിലുള്ള സ്വാരസ്യം അനുഭവൈകവേദ്യമത്രേ.
ഈ കവിതയുടെ പേരിനെ സാർത്ഥകമാക്കുന്നതും നമ്മുടെ ചിന്തയെപ്പിടിച്ചു കുലുക്കുന്നതുമായിട്ടുള്ള ഭാഗം ഒടുവിലത്തേതാണു്.
‘മിണ്ടുവാനറിയാത്ത ജന്തുക്കളെ-
ക്കൊണ്ടുപോകുന്നു മർത്ത്യൻ കശാപ്പിനായ്;
മർത്ത്യനും ഹാ, തെളിക്കപ്പെടുന്നതു
മൃത്യുവിൻ ചന്തയിങ്കലേയ്ക്കന്വഹം;
വെട്ടു കിട്ടുമ്പോൾ വീഴുകയെന്നല്ലാ-
തൊട്ടുമോർപ്പീലിതിരുകൂട്ടരും!
മിഥ്യ നിന്നഭിമാനം: മൃഗത്തെക്കാൾ
ബുദ്ധിയേറിയോനാണോ, മനുഷ്യനാ, നീ?’
ഇതിലെ ഓരോ ആശയവും ആലോച്യമാനഗംഭീരമെന്നുതന്നെ പറയണം. വലിയൊരു കശാപ്പുശാലയായ ഈ പ്രപഞ്ചം മൃത്യുവിന്റെ ചന്തതന്നെയാണല്ലാ. അവിടേയ്ക്ക് ഒരു മുന്നറിയിപ്പുംകൂടാതെ തെളിക്കപ്പെടുന്ന മനുഷ്യർക്കും കശാപ്പുമൃഗങ്ങൾക്കും തമ്മിലുള്ള സാദൃശ്യകല്പന എത്ര ചമത്കാരകാരിയായിരിക്കുന്നു! അതിലെ ചിന്താ സൗന്ദര്യം വാചാമഗോചരമെന്നേ പറയേണ്ടു. വെട്ടുകിട്ടുമ്പോൾ വീഴുന്ന മട്ടു് ഇരുകൂട്ടർക്കും ഒന്നുതന്നെ. വലിയ ചന്തയിലെ വെട്ടേല്ക്കുന്നവൻ ചെറിയ ചന്തയിലെ വെട്ടുകാരനാകുന്നതും ബഹുവിചിത്രമായിട്ടില്ലേ? ജീവിതത്തിന്റെ പരിണാമത്തെസ്സംബന്ധിച്ചിടത്തോളം ഈവിധം മൃഗസാദൃശ്യം വഹിക്കുന്ന മനുഷ്യൻ മൃഗത്തെക്കാളേറെ ബുദ്ധിയുള്ളവനാണോ എന്ന ചോദ്യം നമ്മിലൊരു ഞെട്ടലുണ്ടാക്കിയേയ്ക്കാം. എന്നാലും അതു് ആലോചിച്ചു രസിക്കാൻ വകയുള്ളതാണു്. ‘മിഥ്യ നിന്നഭിമാനം’ എന്ന കവിവചനം നമ്മുടെ ചിന്തയ്ക്കൊരു നികഷോപലവുമത്രേ.
(സാഹിതീകൗതുകം—1965.)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971