images/Between_the_spider_and_the_lamp.jpg
Between the spider and the lamp, A painting by M. F. Husain (1915–2011).
വിളക്കു്, അഞ്ചു സ്ത്രീരൂപങ്ങൾ, എട്ടുകാലി
മധുസൂദനൻ

വർഷങ്ങൾക്കു മുൻപാണു്. കേരളത്തിലെ ഒരു തീരദേശത്തു് കൗമാരക്കാരനായ ഒരാൾ പഞ്ചാരമണൽ ഉപ്പുരസമുള്ള വെള്ളത്തിൽ കുതിർത്തു് ഒരു ആൾരൂപം നിർമ്മിച്ചുകൊണ്ടിരുന്നു. അയാളെ പിന്നീടു വന്ന അതേ പ്രായക്കാരനായ ഒരാളും കൈ കൊടുത്തു സഹായിച്ചു. സഹായിയായ ബാലന്റെ അച്ഛൻ നാടകക്കമ്പനികളുമായി പ്രവർത്തിച്ചുവരുന്ന ഒരാളായിരുന്നു. തീരപ്രദേശങ്ങളിലെ ചെറുദേവാലയങ്ങളിൽ നാടകം അവതരിപ്പിക്കും. അയാൾതന്നെ നാടകത്തിനുവേണ്ട കർട്ടനുകൾ—രംഗകല—തയ്യാറാക്കും. അയാളുടെ നാടകങ്ങളിലൂടെ പഞ്ചാരമണലിൽ ശില്പം തീർത്തുകൊണ്ടിരുന്ന കൗമാരക്കാരൻ ബൈബിൾ വായിച്ചു. പിന്നീടു് മൈക്കലാഞ്ചലോയുടെ ദാവീദും ലിയനാർഡോയുടെ ക്രിസ്തുവും കണ്ടതിൽപ്പിന്നീടു് അയാളുടെ ഉള്ളിൽനിന്നു് ഒരിക്കലും മാഞ്ഞുപോയിട്ടില്ലാത്ത പിയറോഡെല്ലാ ഫ്രാൻസിസ്കയുടെ Flagellation ഉം കാണുവാൻ അയാളെ സഹായിച്ചതു് ഈ നാടകകാഴ്ചകളായിരുന്നു.

images/madhu-hussain.jpg
എം. എഫ്. ഹുസൈൻ. ഡ്രോയിംഗ്: മധുസൂദനൻ

കുതിർന്ന മണ്ണിൽ ഉയർന്ന നഗ്നരൂപം അധികം സമയം ജീവിച്ചില്ല. ആഴക്കടലിൽ നിന്നു വീശിയ കാറ്റിൽ ഒരു ശബ്ദവുമുണ്ടാക്കാതെ അതു് തകർന്നു. സഹായിയായി വന്ന ബാലൻ കൂട്ടുകാരനു് തന്റെ പോക്കറ്റിൽനിന്നു് മണ്ണു പുരണ്ട ഒരു കഷണം കടലാസു നീട്ടി. അതിലൊരു ചിത്രത്തിന്റെ പകർപ്പുണ്ടായിരുന്നു. ദീർഘചതുരത്തിൽ ഒരു വിളക്കു്. താഴെ നീണ്ടു ബലിഷ്ഠരായ അഞ്ചു സ്ത്രീരൂപങ്ങൾ. ഒരു രൂപത്തിന്റെ കയ്യിൽനിന്നു് ഊർന്നു വീണതുപോലെ ഒരു എട്ടുകാലി.

ചുവപ്പും മഞ്ഞയും തവിട്ടും നിറങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ചെറുപകർപ്പു് ആഴക്കടലിൽനിന്നുള്ള കാറ്റിൽ ആ കുട്ടിയുടെ കയ്യിലിരുന്നു വിറച്ചു. അയാളുടെ ഉള്ളിൽ ഉൾക്കടലിലെ തരംഗങ്ങൾപോലെ വേലിയേറ്റങ്ങളുയർന്നു. സൂര്യൻ താണുതുടങ്ങിയിരുന്നു. ആ കുട്ടിയുടെ കയ്യിലിരുന്നു വിറയ്ക്കുന്ന ചിത്രത്തിലെന്നപോലെ, ആകാശത്തു് ചുവപ്പും മഞ്ഞയും തവിട്ടും കൂടിക്കലരുന്നു. അപ്പോഴേക്കും ഇരുളാൻ തുടങ്ങിയിരുന്ന കടൽക്കരയിലൂടെ നടന്നുനീങ്ങുന്ന മുക്കുവയുവതികൾക്കു് തന്റെ കയ്യിലിരുന്നുവിറയ്ക്കുന്ന ചിത്രത്തിലെ മനുഷ്യരൂപങ്ങളുമായി സാമ്യമുണ്ടെന്നു് ആ കുട്ടിക്കു തോന്നി. വാസ്തവത്തിൽ ആ ചിത്രത്തിൽ മുക്കുവരെയായിരുന്നില്ല ചിത്രീകരിച്ചിരുന്നതു് എന്നു വളരെക്കാലത്തിനുശേഷമാണു് അയാൾക്കു് മനസ്സിലായതു്. അപ്പോൾ അയാൾക്കു്, താൻ ജനിച്ച വർഷവും, ആ ചിത്രം വരച്ച വർഷവും ഒന്നുതന്നെയാണെന്നും ബോധ്യപ്പെട്ടു.

രണ്ടു്

വീണ്ടും ഉപ്പുകാറ്റു് വീശാൻ തുടങ്ങി. ആകാശത്തു് കാറും കോളും നിറയുമ്പോൾ ഭൂമിയിൽനിന്നു് നിലവിളികളുയരും. ചിലപ്പോൾ സമുദ്രം ഇടിച്ചുകയറി തെങ്ങുകൾ പുഴക്കിയിടും. മണൽത്തിട്ടകളിൽ നിന്നു് കൂടങ്ങളും കുടിലുകളും ചെറുചായക്കടകളും തകരും. മുക്കുവരാകെ വെള്ളത്തിലാഴും. അവരുടെ പായയും കുഞ്ഞുകുട്ടികളും മഴയത്തു് ഒലിച്ചിറങ്ങുന്നവെള്ളത്തിൽ ഒഴുകി നടക്കും. ദുരന്തങ്ങൾ കാണുവാനുള്ള മനുഷ്യവാസനകൾക്കു് പഞ്ചാരമണലിൽ ശില്പം പണിത കൗമാരക്കാരനും അടിപ്പെട്ടുപോയിരുന്നു. അയാളും ചെല്ലും സമപ്രായക്കാരോടൊത്തു് ദുരന്തകാഴ്ചകളിലേക്കു്. അയാൾ കണ്ട, ഇല്ലാതെയാകുന്ന കുടിലുകളുടെ ശേഷിപ്പുകളിലെവിടെയെങ്കിലും തന്റെ കയ്യിലിരുന്നു വിറച്ച ചിത്രത്തിലെ വിളക്കു കാണാനുണ്ടോ? നീണ്ട വാലുമായി ഒരെട്ടുകാലി, എവിടെയെങ്കിലും പതിയിരിപ്പുണ്ടോ? അയാളുടെ നോട്ടങ്ങൾ നീണ്ടു.

മൂന്നു്

പിന്നീടു് ആ കുട്ടി വളർന്നു. അയാൾ ജനിച്ച നാൾമുതൽ ആശിച്ചിരുന്നതുപോലെ ചിത്രകല പഠിക്കുവാൻ തീരുമാനിക്കുകയും വർഷങ്ങൾ ചെലവഴിച്ചു് ഇന്ത്യയിലെ പ്രധാന ചിത്രകലാവിദ്യാലയങ്ങളിൽ പഠിക്കുകയും ചെയ്തു. പിന്നീടയാൾ പലനഗരങ്ങളിൽ മാറിമാറിതാമസിക്കുകയുണ്ടായി.

ഒരുനാൾ ബോംബെനഗരത്തിലെ കൊളാബയിൽ ഒരിറാനിയൻ കഫ്റ്റേരിയയിൽ ഒരു ചായയ്ക്കുവേണ്ടി അയാളിരുന്നു. അയാൾക്കു മുന്നിൽ പിന്നീടു്, അർബുദം ബാധിച്ചു് മരണപ്പെട്ടതിനുശേഷം പ്രസിദ്ധയായ ചിത്രകാരി, റുമാന ഹുസേനും ഇരിക്കുന്നുണ്ടായിരുന്നു.

റുമാന:
ഹുസൈൻ സാബ് വരുന്നുണ്ടു്, പരിചയപ്പെടുത്താം.
അയാളെന്തെങ്കിലും പറയുന്നതിനു മുൻപായി ഒരുപാടു മഞ്ഞും തലയിലേറ്റി ഹുസൈൻ സാബ് അടുത്തുവന്നു. അയാൾ ഹുസൈന്റെ വിരലുകൾ ശ്രദ്ധിച്ചു. വളരെ നീണ്ട ഒരു ബ്രഷ് വാക്കിങ്സ്റ്റിക്കുപോലെ ഹുസൈൻ പിടിച്ചിട്ടുണ്ടായിരുന്നു. പരിചയപ്പെടുത്തലിനുശേഷം ഹുസൈൻ മാത്രമാണു് സംസാരിച്ചതു് പ്രോഗ്രസീവ് ആർട്ട് ഗ്രൂപ്പിനെക്കുറിച്ചുള്ള ഓർമ്മകൾ ചിലതു പറഞ്ഞു.

ഹുസൈൻ പെട്ടെന്നു യാത്ര പറഞ്ഞു പിരിഞ്ഞതു് അയാളിൽ വല്ലാത്ത നിരാശയുണ്ടാക്കി. കുറച്ചുനേരംകൂടി ഇരുന്നെങ്കിൽ എന്നയാൾ ഉള്ളിൽ ആശിച്ചു. ഇടയ്ക്കൊക്കെയുണ്ടാവുന്ന ബാല്യകാലത്തിൽനിന്നുള്ള ഉപ്പുകാറ്റു വീശലിൽ പ്രത്യക്ഷപ്പെടുന്ന എട്ടുകാലിയെയും വിളക്കിനെയും ‘മുക്കുവസ്ത്രീ’കളെയും സൃഷ്ടിച്ചയാളാണു്. നീണ്ട കൈവിരലുകൾ, ഒരു കത്തിച്ചുവച്ച വിളക്കിലേക്കു നീണ്ടുചെല്ലുന്നതു് അയാൾ കണ്ടു.

റുമാന:
എനിക്കു് ഏറ്റവും ഇഷ്ടമുള്ള ചിത്രകാരനൊന്നുമല്ല ഹുസൈൻസാബ്… എന്നാൽ ബോംബെയിൽ ഞാൻ ഇടയ്ക്കൊക്കെ അദ്ദേഹത്തെ കാണാറുണ്ടു്. നല്ല രസമാണു സംസാരിച്ചിരിക്കാൻ… മധുവിനു് ഹുസൈന്റെ ചിത്രങ്ങൾ ഇഷ്ടമാണോ? അല്ല, എന്നാണു് എനിക്കു തോന്നിയിട്ടുള്ളതു്.
മധു:
അഞ്ചു സ്ത്രീകളും ഒരുവിളക്കും എട്ടുകാലിയും അതാണു് എനിക്കിഷ്ടപ്പെട്ട ഹുസൈൻ ചിത്രം.
റുമാന:
ഞാനതു കണ്ടിട്ടില്ല.
മധു:
പിന്നെയെല്ലാം ഒരുതരം പെരുക്കലാണു്.
റുമാന:
എന്നുവച്ചാൽ?
മധു:
ഞങ്ങളുടെ നാട്ടിൽ തായമ്പക എന്ന അസാധാരണമായ ഒരു വാദ്യകറുമാന ചോദിച്ചു.ലയുണ്ടു്. അതിൽ കൊട്ടുന്ന ഓരോ എണ്ണത്തെയും ഇരട്ടിയാക്കി വീണ്ടും കൊട്ടുന്ന രീതിയുണ്ടു്. അതു കേൾക്കാനായി ആളുകൾ ‘ഒന്നു പെരുക്കടോ’ എന്നു പറയാറുണ്ടു്.

അത്തരം പെരുക്കലായിത്തീർന്നു ഹുസൈന്റെ കല. സമുദ്രത്തിൽ, മത്സ്യം പെരുകുന്നതു് സിനിമയിലെങ്കിലും കണ്ടിട്ടുണ്ടാവണമല്ലോ. ഒരേ നിറത്തിലും രൂപത്തിലും വലുപ്പത്തിലുമുള്ള പരശ്ശതം മത്സ്യക്കുഞ്ഞുങ്ങൾ ഒരു വൻകടൽ നിറയെ. ഏതാണ്ടതേമാതിരി.

images/Didarganj_Yakshi.jpg
ബീഹാർ മ്യൂസിയത്തിലെ ദിദാർഗഞ്ച് യക്ഷി പ്രതിമ.
നാലു്

എന്റെ തലമുറയിലെ, ചിത്രകാരന്മാർ ഹുസൈനുമായിട്ടുള്ള തങ്ങളുടെ ബന്ധം, പങ്കുവയ്ക്കുകയാണെങ്കിൽ, ആ ആത്മകഥനം ഏറക്കുറെ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. കലാപഠനകാലത്തു്, ഹുസൈനെ ഒഴിവാക്കിയാൽത്തന്നെ ഏതെങ്കിലും മൂലയിൽനിന്നു് അയാളെ നേരിടേണ്ടിവരും. ഇന്ത്യൻ കലാചരിത്രത്തിന്റെ ക്ലാസ്സിലിരിക്കുമ്പോൾ അധ്യാപകൻ വളരെക്കുറച്ചേ ഹുസൈനെക്കുറിച്ചു പറയാറുള്ളൂ. അദ്ദേഹം വരച്ച ചിത്രങ്ങളുടെ പേരു് ഓർമ്മിക്കുന്നതുതന്നെ എളുപ്പമുള്ള കാര്യമല്ല. എന്നാൽ അകമ്പടിയായി ചുമരിൽ സ്ലൈഡുകൾ തെളിയുമ്പോൾ ഹുസൈൻ ചിത്രങ്ങൾ സമൃദ്ധമായി കിളിർത്തുവരും.

ഒരു ചിത്രം അക്കാദമിയിലേക്കയയ്ക്കണം. അതു ഫ്രെയിം ചെയ്യുവാൻ കടയിലേക്കു ചെല്ലുമ്പോൾ, കടക്കാരൻ പറയും, ‘എം. എഫ്. ഹുസൈന്റെ പന്ത്രണ്ടു ചിത്രങ്ങളുണ്ടു് ഫ്രെയിം ചെയ്യാനായിക്കിടക്കുന്നു. അദ്ദേഹം തന്നെ കാൽനടയായി കൊണ്ടുവന്നു തന്നതാണു്. അടുത്തയാഴ്ച അദ്ദേഹത്തിന്റെ ഷോയുണ്ടു്. കാണണം, സാറെ, എന്തൊരു വര.’ ഹുസൈൻ സാബ് ചിത്രകാരന്റെ ഏകാന്തതകൾ വെട്ടിക്കുറച്ചിരുന്നതു് ഇങ്ങനെയൊക്കെയായിരുന്നു.

അഞ്ചു്

ഇന്ത്യയിൽ ചിത്രങ്ങൾക്കു് ഒരു വിലയുമുണ്ടായിരുന്നില്ല. ചിത്രം വരയ്ക്കുന്നയാളും ശില്പിയുമൊക്കെ ദരിദ്രരും പരീക്ഷിതരുമായിത്തന്നെ കഴിഞ്ഞു ഇന്നു വളരെ വിലമതിക്കുന്ന കാളീപ്പട് പെയിന്റിങ്ങുകൾ കൊൽക്കത്തയിലെ തെരുവുകളിൽ ഒന്നുരണ്ടു ചെറിയ നാണയങ്ങൾക്കു കിട്ടുമായിരുന്നു. ഇന്നു് വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു്. ഭദ്രമായി സൂക്ഷിക്കുന്ന, അജന്തയിലെ ചുമർചിത്രങ്ങൾ, പട്ടാളക്കാർ അടർത്തിയെടുത്തു് ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കു് ‘മെമെന്റോ’ ആയി സമ്മാനിക്കാറുണ്ടായിരുന്നു. ലോനാവാലയിൽ ജർമ്മൻ പ്രിന്ററോടൊത്തു് രവിവർമ അടിച്ചിറക്കിയ ലിത്തോഗ്രാഫിക് പ്രിന്റുകൾക്കു് ഒരുകാലത്തു് സിനിമാപോസ്റ്ററുകളുടെ വിലപോലുമുണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടീഷുകാർക്കു് കാളിയും നടരാജനുമൊക്കെ വെള്ളംപോലെ മനസ്സിലാകുമായിരുന്നു. ഇന്ത്യ വിടുമ്പോൾ അവർ ഇന്ത്യക്കാർക്കു് ഒരു കലാവിപണനരഹസ്യം, പറഞ്ഞുകൊടുത്തു.

images/The_Cabinet_of_Dr._Caligari_poster.jpg
Cabinet of Dr. Caligari-യുടെ ഒരു പോസ്റ്റർ.

‘ഇതിനൊക്കെ നല്ല വില കിട്ടും. ഞങ്ങളിതു മറിച്ചു കച്ചവടം നടത്തി ഒരുപാടു് സമ്പാദിച്ചിട്ടുണ്ടു്. നല്ല ലാഭം കൊയ്യുന്നവ ഇവിടെ നിന്നു് പരമാവധി കൊണ്ടുപോയിട്ടുമുണ്ടു്. ബാക്കിയുള്ളതു് വേണമെങ്കിൽ മറ്റു രാജ്യങ്ങളിലെ ഇടപാടുകാരുമായി ആലോചിച്ചു് വിൽക്കാവുന്നതാണു്. ഇനി അതു തരമായില്ലെങ്കിൽ നിങ്ങളുടെ പുതിയ ഗവണ്മെന്റിനു് ചിത്രങ്ങൾ വിദേശരാജ്യങ്ങളിൽ പ്രദർശനങ്ങൾക്കായി കൊടുക്കാം, ലോൺ വ്യവസ്ഥയിൽ. അതിൽനിന്നു് പണമൊന്നും പ്രതീക്ഷിക്കണ്ട. അഭിമാനം ഇഷ്ടംപോലെ കിട്ടും. നിങ്ങളുടെ രാജ്യത്തിനു് ഇപ്പോൾ വേണ്ടതു് അതാണു്.’

പിന്നീടു് ഒരുപാടു് കൊടുക്കൽവാങ്ങലുകൾ നടന്നു. കപ്പലുകളിൽ നടരാജവിഗ്രഹങ്ങളും ധ്യാനിയായ ബുദ്ധനും സാലഭഞ്ജികമാരും ഒരുപാടു് യാത്രകൾ ചെയ്തു. ഈ ഇടപാടുകളുടെ ഒരു തെളിവു്, പാറ്റ്നമ്യൂസിയത്തിൽ ഉണ്ടു്. ഈ യാത്രകളിലൊന്നിൽ മുറിവേറ്റു തിരിച്ചുവന്ന. പ്രസിദ്ധമായ മൗര്യൻ പോളീഷിൽ തിളങ്ങിയ ദീദാർഗഞ്ചിലെ യക്ഷി.

സമകാലീന കലാകാരൻ ദരിദ്രനായി, പരീക്ഷിതനായിത്തന്നെ തുടർന്നു.

ആറു്
images/Muktibodh.jpg
മുക്തിബോധ്

എന്റെ കയ്യിൽ, പഴക്കം ചെന്ന, ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള മൂന്നു് ഫോട്ടോഗ്രഫുകളുണ്ടായിരുന്നു. ബീഡി കത്തിച്ചു വലിക്കുന്ന കവി; മുക്തിബോധ്, പൂർത്തിയാക്കിയിട്ടില്ലാത്ത ഡോക്യുമെന്ററിയിൽ അഭിനയിക്കുന്ന രാംകിങ്കറും സംവിധായകൻ ഋത്വിക് ഘട്ടക്കും ചേർന്നുള്ള ഫോട്ടോ. നിലത്തിരുന്നു് ദരിദ്രനായ ഒരു ഫക്കീറിനെപ്പോലെ ചിത്രമെഴുതുന്ന എം. എഫ്. ഹുസൈൻ.

കൊളാബയിലെ ഇറാനിയൻ കഫ്റ്റേരിയയിൽ ഹുസൈൻ പ്രത്യക്ഷപ്പെടുന്നതിനും വളരെ മുൻപുള്ള ഫോട്ടോ. ഈ മൂന്നു് ഫോട്ടോഗ്രഫുകളിലെയും മനുഷ്യരൂപങ്ങൾ മേൽപ്പറഞ്ഞ, കലാപ്രവർത്തനങ്ങൾ നടത്തിയിരുന്ന ദരിദ്രരുടെയും പരീക്ഷിതരുടെയും വിഭാഗത്തിൽപ്പെടും എന്നു സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.

ഈ സ്ഥിതിവിശേഷം ഹുസൈൻ മാറ്റിമറിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു് ഗ്ലോസിപേപ്പറിൽ വർണാഭമായി ഫെരാരിക്കാറിനടുത്തും ധനാഢ്യരായ വ്യവസായ പ്രമുഖരോടൊത്തും മഞ്ഞു മൂടിയ അതേ തലയുമായി ഹുസൈൻ ഫോട്ടോഗ്രഫുകൾ പ്രിന്റു ചെയ്തുവന്നു.

ഈ മാറ്റത്തോടൊപ്പം സാവധാനത്തിലെങ്കിലും ഇന്ത്യൻ കലാവിപണിയും മാറിപ്പോകുകയായിരുന്നു. സമകാലീന ഇന്ത്യൻ കലയ്ക്കു് വില ഉയർന്നു.

images/CABINET_DES_DR_CALIGARI_01.jpg
Cabinet of Dr. Caligari-യിലെ ഒരു ദൃശ്യം.
ഏഴു്

നമ്മുടെയൊക്കെ നിഴലുകൾ മൂർത്ത രൂപം പ്രാപിക്കുന്നതാവും സിനിമയെന്നു് എനിക്കു് കുട്ടിക്കാലത്തു് തോന്നിയിട്ടുണ്ടു്. പിന്നാലെ വരുന്ന ഒരു നിഴലിൽ വില്ലൻ, മറ്റൊന്നിൽ കാമുകൻ, വേറേയൊന്നിൽ മരത്തണലിൽ ഏകയായി കാമുകി. നിഴലുകളുടെ പരമ്പര. സിനിമയ്ക്കു് Electric Shadows എന്നു് ചൈനയിൽ പേരുണ്ടായിരുന്നു. സ്ക്രീനിൽ നിഴലുകൾ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള സിനിമയായിരുന്നു Cabinet of Dr. Caligari. കാലിഗാരിയിൽ പശ്ചാത്തലത്തിൽ വരുന്ന കെട്ടിടങ്ങളും പാതയും സ്വകാര്യമുറിയും എല്ലാം നിഴലുകൾ എന്നപോലെ വരച്ചു വച്ചിരിക്കയാണു്. അവയ്ക്കുമുന്നിൽ നിഴലുകൾ എന്നപോലെതന്നെ കഥാപാത്രങ്ങൾ.

‘കാലിഗാരി’ കാണുന്നതിനു മുൻപാണു്; റാന്തലിന്റെ നീളൻ നിഴലുമായി ഹുസൈൻസാബ് വരുന്നതു്. അന്നു്; നല്ല സിനിമകൾ കാണാൻ തുടങ്ങിയിട്ടേയുള്ളൂ. തിരുവനന്തപുരത്തെ ഓപ്പൺ എയർ തിയറ്ററിൽ Through the Eyes of a Painter. രാത്രിയും പകലും കറുത്ത കുടയും റാന്തലുമായി ഹുസൈൻ. വളരെക്കാലം ഓർമ്മിക്കുവാൻ വേണ്ട ഇമേജറികൾകൊണ്ടു സമൃദ്ധമായിരുന്നു ആ ചിത്രം. ആദ്യമായി ഒരിന്ത്യൻ ചിത്രകാരന്റെ സിനിമയിലുള്ള സർഗാത്മകമായ ഉണർവുകൾ.

images/Jonas_Mekas.jpg
യോനാസ് മേക്കാസ്

ആ സിനിമ, ഒരിന്ത്യൻ ചിത്രകാരന്റെ ഇടം കാണിച്ചു തന്നിരുന്നു. അയാൾ ചിത്രം വരയ്ക്കുന്നതിനായി ഒരുക്കൂട്ടിയെടുക്കുന്ന സാധനസാമഗ്രികൾ. ഓരോ ചിത്രത്തിനും പിറകിലെ ദീർഘമായ ധ്യാനം (offscreen-ൽ മാത്രം.) അതു കാണുമ്പോൾ എനിക്കറിയില്ലായിരുന്നു ലോക, സമകാലീനചിത്രകലയിൽ ഒരിന്ത്യക്കാരന്റെ മഹിമയുടെ അളവു് ഒന്നുകൂടി ഉയർന്നു എന്നു്. Through the Eyes of a Painter അവാങ് ഗാർദ് സിനിമയുടെ സ്വഭാവങ്ങൾ പ്രസരിപ്പിക്കുന്ന ചിത്രമായിരുന്നു.

പരീക്ഷണ സിനിമ, അവാങ് ഗാർദ് സിനിമ എന്നിങ്ങനെ പേരോടുകൂടിയ, വൻകിട ബൂർഷ്വാസിക്കെതിരായതും ദേശീയ മതവിരുദ്ധ പ്രവണതകൾ കാണിക്കുന്നതും സർവോപരി ഹോളിവുഡിനെതിരായതുമായ ചെറു സിനിമകൾ ചലച്ചിത്രകലയുടെ ആരംഭകാലം മുതലിങ്ങോട്ടു് നിർമ്മിച്ചിട്ടുള്ളതായി കാണാം. ആ സിനിമകളുടെ മൊത്തം കണക്കെടുത്താൽ അതിൽ ഭൂരിഭാഗവും നിർമ്മിച്ചിരിക്കുന്നതു് ചിത്രകാരന്മാരായിരിക്കും.

images/Andy_Warhol.jpg
ആൻഡിവാർഹോൾ

ഇത്തരം സിനിമകൾക്കു് അധോലോകസിനിമകൾ (undergroundfilm) എന്നുപേരുവീഴുന്നതു് Film Culture എന്ന മാസികയുടെ പത്രാധിപരും അധോലോക സിനിമകൾ കണ്ടുപിടിച്ചു് സൂക്ഷിക്കുന്ന ‘ആന്തോളജി ഓഫ് ഫിലിം ആർക്കൈവ്സ്’ന്റെ സ്ഥാപകനുമായ യോനാസ് മേക്കാസിന്റെ വരവോടുകൂടിയാണു് (പിൽക്കാലത്തു് യോനാസ് മേക്കാസി നെ ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹത്തിനു് എഴുപത്തിയെട്ടു വയസ്സായിരുന്നു. ന്യൂയോർക്കിലെ ഒരുകാലത്തു് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു കൂറ്റൻ വെയർഹൗസിലായിരുന്നു ആന്തോളജി ഓഫ് ഫിലിം ആർക്കൈവ്സ്. അതിലെ, സിനിമകളുടെ വൻശേഖരം എനിക്കു കാണിച്ചുതന്നിട്ടു് അദ്ദേഹം പറഞ്ഞു: ‘ഇവിടെയുണ്ടു്, നിങ്ങളുടെ ആൻഡിവാർഹോളിന്റെ യും മായാദെറേണിനെ യും സ്റ്റാൻ ബ്രാക്കേജിന്റെ യും മുഴുവൻ സിനിമകളും.’ ഞാൻ ആ കെട്ടിടത്തിൽനിന്നു പുറത്തു കടന്നതു് ദിവസങ്ങൾ കഴിഞ്ഞാണു്) ഈ സിനിമകളുടെ സംവിധായകരോ അതിനെ ആവേശത്തോടെ കണ്ടു മനസ്സിലാക്കിയവരോ ആയിരുന്നു ലോകചലച്ചിത്രകലയിലെ ഏതാണ്ടെല്ലാ സംവിധായകരും.

അണ്ടർഗ്രൗണ്ട് സിനിമകൾ എന്തിനെയും ചോദ്യം ചെയ്തു. അതിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ചോദ്യങ്ങൾ ചോദിച്ചതു് സിനിമയോടു തന്നെയായിരിക്കും. പ്രൊജക്റ്ററില്ലാതെയും ഫിലിമില്ലാതെയും സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടു. തന്റെ ജീവിതകാലമത്രയും സ്റ്റാൻബ്രാക്കേജ് എക്സ്പോസുചെയ്ത ഫിലിംറോളുകളിൽ നിറങ്ങൾകൊണ്ടു പണിയെടുത്തു് സിനിമകൾ പുറത്തിറക്കി. സൗണ്ട് ട്രാക്കിൽ വിദഗ്ദ്ധമായി കോറി വരഞ്ഞു് ശബ്ദലേഖനം നിർവഹിക്കുമായിരുന്നു അയാൾ. ക്യാൻസർ ബാധിച്ചു് മരണമടയുന്നതുവരെ അയാൾ തന്റെ മൗലികമായ സിനിമാനിർമാണം തുടർന്നുകൊണ്ടിരുന്നു.

images/Maya_Deren.jpg
മായാദെറേൺ

ഹുസൈൻ തന്റെ Through the Eyes of a Painter പുറത്തിറക്കുന്നതു് 1966-ലാണു്. ഒരുവരി ഡയലോഗുപോലുമില്ലാത്ത പതിനഞ്ചു മിനിറ്റു ദൈർഘ്യമുള്ള സിനിമ. ഇന്ത്യൻ സിനിമയിലെ പതിവുരീതികളെ ഈ സിനിമ ചോദ്യം ചെയ്തു. എന്നാൽ ‘പിന്നീടു വന്നവൻ അന്തകൻ’ എന്നു പറയാറുണ്ടല്ലോ. ഹുസൈൻ 2000-ത്തിൽ തന്റെ ‘ഗജഗാമിനി’ എന്ന സിനിമ പുറത്തിറക്കി. ഇന്ത്യയിൽ അക്കാലത്തു് ഏറ്റവും പോപ്പുലറായ നടി, മാധുരി ദീക്ഷിത് നായികയായി വന്ന സിനിമ.

മാധുരിയെക്കാൾ പോപ്പുലറായിരുന്ന ഹുസൈൻ അൺപോപ്പുലറാകാൻ ചെയ്തവിദ്യയെന്നേ ആളുകൾ കരുതിയുള്ളൂ.

images/Gaja_Gamini_.jpg
‘ഗജഗാമിനി’ എന്ന സിനിമയുടെ ഒരു പോസ്റ്റർ.
എട്ടു്

ലോകത്തിൽ ഏറ്റവും കൂടുതൽ വൻ പ്രോജക്ടുകൾ വിഭാവനം ചെയ്ത കലാകാരൻ എം. എഫ്. ഹുസൈനായിരിക്കും. മഹാഭാരതം, രാമായണം, ക്രിക്കറ്റ്, ഇന്ദിരാഗാന്ധി, കേരളം, കഥകളി, ഭാരതമാതാ, മാധുരി ദീക്ഷിത്, തബു, മദർ തെരേസ, ബോളിവുഡ് സിനിമ, നെഹ്റു, ഗാന്ധി, ദുർഗ, പുലി, കുതിര, ബ്രിട്ടീഷ് പട്ടാളം, കുടകൾ…

പ്രോജക്ട് കോൺട്രാക്ടർ ഒരു വീടും നന്നായി പണിയാതായി. മുക്കുവക്കോളനിയിലെ ഭവനനിരകൾപോലെ സൗന്ദര്യരഹിതം, ആവർത്തനം.

ഹുസൈൻസാബ് താനുണ്ടാക്കിയ കലയുടെ സാമ്രാജ്യത്തിൽനിന്നു തന്നെ രാജ്യഭ്രഷ്ടനാക്കപ്പെട്ടു.

images/Stan_Brakhage.jpg
സ്റ്റാൻ ബ്രാക്കേജ്

പിന്നീടു് പ്രകൃത്യാ ബുദ്ധിശൂന്യരായ മതമൗലികവാദികൾ ഹുസൈന്റെ ചിത്രങ്ങൾ കണ്ടു പേടിച്ചു. അവരതിൽ പേരുകൊണ്ടു് ലക്ഷ്മിയെയും ദുർഗയെയും തിരിച്ചറിഞ്ഞു. അവർക്കറിയില്ലായിരുന്നു ഹുസൈൻ പുതിയതായി എന്തെങ്കിലും വരയ്ക്കുന്നതുപേക്ഷിച്ചിട്ടു് വർഷങ്ങളായി എന്നു്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം തുന്നിക്കെട്ടി ഒരു വളയമാക്കിവച്ചാൽ ഭൂമിക്കു് അതിരുകളാകും. അത്രയുണ്ടാവും ആ വളയത്തിന്റെ വിസ്താരം. അതിലെ വരയും കുറിയും നിറവുമെല്ലാം ഒന്നുതന്നെ. ലക്ഷ്മി എന്നു പേരിട്ടാലും ‘അയ്യോ ദുർഗയോ’ എന്നു പേടിച്ചു നിലവിളിച്ചാലും എല്ലാം ഒന്നുതന്നെ. മാറ്റമില്ലാത്ത ഒരേ വരെ. ഒരേ നിറം.

ഇല്ലാത്ത തല പുകച്ചു കത്തിക്കണ്ടല്ലോ എന്നു മതമൗലികവാദികളും കരുതി. അവർ ഹുസൈനെ വീണ്ടും രാജ്യഭ്രഷ്ടനാക്കി.

images/Eternite_affiche.jpg
Eternity and a Day-യുടെ ഒരു പോസ്റ്റർ.
ഒൻപതു്
images/Angelopoulos.jpg
തിയോ ആഞ്ചലോ പൗലോസ്

തിയോ ആഞ്ചലോ പൗലോസി ന്റെ ഒരു സിനിമയുണ്ടു്. Eternity and a Day. അതിലെ നായകനായ കവിക്കു് ഒരു ദിവസംകൂടി മാത്രമാണു് ജീവിതത്തിൽ ബാക്കിയുള്ളതു്. ആ ദിവസത്തിൽ അയാൾ സംരക്ഷിക്കുന്ന അനാഥനായ ഒരു ബാലനോടു് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീസിലെ ഒരു കവിയെക്കുറിച്ചു് ഒരു കഥ പറഞ്ഞുകൊടുക്കുന്നുണ്ടു്. ഇറ്റലിയിൽ പത്തു വർഷക്കാലം കഴിഞ്ഞ കവി ഗ്രീസിലേക്കു മടങ്ങിവരികയാണു്. തന്റെ മാതൃരാജ്യത്തിനുവേണ്ടി കവിതയെഴുതുവാൻ. എന്നാൽ ഗ്രീക്കിൽ അയാൾക്കറിയാവുന്ന വാക്കുകൾ വളരെ പരിമിതം. ആ കവി സാധാരണ മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്നു് വാക്കുകൾ വിലകൊടുത്തു വാങ്ങാനാരംഭിക്കുന്നു. തന്റെ കയ്യിലുള്ള പണംകൊടുത്തു് ഓരോ വാക്കും സൂക്ഷ്മമായി പഠിച്ചു്.

ഹുസൈൻസാബ്, തന്റെ മഞ്ഞുമൂടിയ തലയും ബാഗും ബ്രഷിന്റെ വാക്കിങ് സ്റ്റിക്കുമൊക്കെയായി വീണ്ടും വരുമായിരിക്കും… പുതുതായി എന്തെങ്കിലും വരയ്ക്കാൻ, സിനിമ നിർമ്മിക്കാൻ ബിംബങ്ങൾ വിലകൊടുത്തു വാങ്ങുവാനായി.

മധുസൂദനൻ
images/madhusudanan.jpg

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.

Colophon

Title: Vilakku Anchu sthreekal ettukali (ml: വിളക്കു്, അഞ്ചു സ്ത്രീരൂപങ്ങൾ, എട്ടുകാലി).

Author(s): Madhusudanan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-10-21.

Deafult language: ml, Malayalam.

Keywords: Article, Madhusudanan, മധുസൂദനൻ, Vilakku Anchu sthreekal ettukali, വിളക്കു് അഞ്ചു സ്ത്രീരൂപങ്ങൾ എട്ടുകാലി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Between the spider and the lamp, A painting by M. F. Husain (1915–2011). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.