images/An_army.jpg
An army officer with a baton, a painting by William Lionel Wyllie (1851–1931).
അവതാരിക

ശ്രീ നന്തനാരുടെ ഈ നീണ്ടകഥയ്ക്കു് അവതാരിക എഴുതാൻ രണ്ടു കാരണങ്ങളാൽ എനിയ്ക്കു് ഒട്ടേറെ പ്രയാസമുണ്ടു്. ഒന്നാമതു്, വിമർശകനാവശ്യമായ നിസ്സംഗതയോടെ ഈ കഥ ആകെ നോക്കിക്കാണാൻ എനിക്കു സാധിയ്ക്കുന്നില്ല. ഇതു കൈയിലെടുക്കുന്നതോടെ ഞാനും ഇതിലെ അറിയപ്പെടാത്ത മനുഷ്യ ജീവികളിലൊരാളായിത്തീരുന്നു. ഓരോരുത്തനുമായിത്തീരുന്നു. പാല്പായസം പോലെ ജീവിതത്തെക്കണ്ട പി. കെ. നായരും, കാൽ മുറിഞ്ഞു ബോർഡൌട്ടായ തോമസ്സും, കല്യാണം കഴിക്കാൻ പ്രായമായിട്ടില്ലെന്നു് അമ്മ കരുതുന്ന കരുണാകരനും, എല്ലാം, ഞാൻ തന്നെ. ഈ കഥ കൈയെഴുത്തു കോപ്പിയിൽ രണ്ടുകൊല്ലം മുമ്പു വായിച്ചപ്പോഴുണ്ടായ അനുഭൂതിയാണിതു്. ഇന്നു് അച്ചടിയിൽ വായിയ്ക്കുമ്പോഴും ഇതേ അനുഭവം തന്നെ ഉണ്ടാവുന്നു. കഴിഞ്ഞ ആണ്ടിൽ ഈ കഥയുടെ രംഗമായ കാശ്മീരം സന്ദർശിച്ചപ്പോൾ, അവിടെ കണ്ട പരസഹസ്രം പട്ടാളക്കാരിൽ ഞാനന്വേഷിച്ചിരുന്നതു് ഇക്കഥയിലെ തോമസ്സിനേയും വർഗ്ഗീസ്സിനേയും കരുണാകരനേയും പി. കെ. നായരേയും മറ്റുമായിരുന്നു. നദീതടത്തിലെ പ്രശാന്തങ്ങളായ ഗ്രാമങ്ങൾ ചെന്നു കാണുമ്പോഴാകട്ടെ, അവിടെ എവിടെയായിരിയ്ക്കും പി. കെ. നായരെ സംസ്ക്കരിച്ചതെന്നായിരുന്നു എന്റെ ആലോചന.

ഈ കഥയും, ഇതുപോലെത്തന്നെ നന്തനാരുടെ കഥകളിൽ വലിയൊരു ഭാഗവും ആദ്യമായി പ്രസിദ്ധം ചെയ്യാനുള്ള ഭാഗ്യമുണ്ടായതു് എനിയ്ക്കാണു്. ദൽഹിയിൽ ഇന്ത്യൻ കൌൺസിൽ ഓഫ് വേൾഡ് അഫയേഴ്സിലെ ശ്രീ. കെ. പി. കരുണാകരൻ നന്തനാരുടെ ‘മൊയ്തീൻ’ എന്ന പ്രഥമ കഥ എനിയ്ക്കയച്ചുതന്നതു് ഞാനിന്നുമോർക്കുന്നു. പിന്നീടു്, നന്തനാരുടെ ഓരോ കഥയും എന്റെ ഒരു നേട്ടമാണെന്ന വിചാരം, എങ്ങിനെയോ, എന്നിൽ വന്നു ചേർന്നു. ഈ കാഥികന്റെ വളർച്ചയിൽ എനിയ്ക്കും ഒരു പങ്കുണ്ടെന്ന തോന്നൽ—ഈ ആത്മീയതാബോധമാണു്, വിമർശനബുദ്ധിയോടെ ശ്രീ. നന്തനാരുടെ കഥകൾ നോക്കിക്കാണുന്നതിന്നു് എനിക്കുള്ള രണ്ടാമത്തെ പ്രതിബന്ധം.

രണ്ടാം മഹായുദ്ധം വളരെയധികം മലയാളികളെ പട്ടാളത്തിൽച്ചെന്നെത്തിക്കുകയുണ്ടായി. ഈ മലയാളപ്പട്ടാളക്കാരെ നമുക്കു പരിചയപ്പെടുത്തിത്തന്നവരിൽ പ്രമുഖരായ രണ്ടു കാഥികന്മാരാണു് ‘നന്തനാ’രും ‘കോവില’നും ടോൾസ്റ്റോയിയുടെ സുപ്രസിദ്ധങ്ങളായ കൊസ്സാക്ക് കഥകളെയാണു് ‘നന്തനാർ’ ഓർമ്മിപ്പിക്കുന്നതു്. ‘കോവിലൻ’ ആകട്ടെ, ഹെമിങ് വേ, നോർമ്മൻ മെയ്ലർ മുതലായവരെ അനുസ്മരിപ്പിക്കുന്നു. കോവിലൻ കാണുന്ന ജീവിതം ആകെ എല്ലും ഞരമ്പുമാണു്. തൊട്ടാൽ നോവും. ആ എല്ലിലും ഞരമ്പിലും കൂടി അത്യാകർഷകമായൊരു മാധുര്യം പുരട്ടാൻ ‘നന്തനാ’ർക്കു കഴിയുന്നു. നന്തനാരുടെ കൂടെ യൂണിഫോം അണിയാൻ ഞാൻ തയ്യാറാണു്. ആ ഖാദിക്കുപ്പായം സില്ക്കു കൊണ്ടാണെന്നു്, ആ ഗിൽഗട്ട് ബൂട്ട് മൃദുവായ രോമത്തൊലി കൊണ്ടാണെന്നു്, തോന്നിപ്പോകുന്നു. പി. കെ. നായരുടെ നിരർത്ഥകവും അചിന്തിതവുമായ മരണം പോലും, ‘നന്തനാർ’ വിവരിക്കുമ്പോൾ, കാമ്യമായിത്തീരുന്നു. ആ മനോഹരമായ ഝലം നദീതടമല്ലാതെ മറ്റൊരിടം പി. കെ. നായർക്കു പറ്റിയ അന്ത്യവിശ്രമസ്ഥാനമാവില്ല. മധുരമായ പ്രകാശമാണു് ‘നന്തനാ’രുടെ പ്രതിഭയുടെ പ്രത്യേകത, തൊട്ടതൊക്കെ റോസാപ്പൂവോ മുന്തിരിച്ചാറോ ആക്കാനുള്ള ഇരുത്തവും ഉൾക്കണ്ണും ഈ ചെറുപ്പക്കാരന്നു് എങ്ങിനെ കിട്ടി? ‘മൊയ്തീൻ’ അയച്ചു കൊണ്ടു് ശ്രീ. കെ. പി. കരുണാകരൻ എഴുതിയതു് ഞാനോർക്കുന്നു. കഥ പറയാനുള്ള ദിവ്യമായൊരനുഗ്രഹം ഈ കുട്ടിക്കു് എങ്ങനേയോ കിട്ടിയിട്ടുണ്ടു്.

മലയാള കഥാസാഹിത്യത്തിന്നു് ഇക്കഴിഞ്ഞ അഞ്ചാറു കൊല്ലങ്ങളിൽ ഏറ്റവുമധികം ഓജസ്സു് പകർന്നു നല്കാൻ ഈ രണ്ടു യുവ സ്നേഹിതമാർക്കു കഴിഞ്ഞിട്ടുണ്ടു്. പുതിയ സങ്കേത രീതികളുപയോഗിച്ചു് പുതിയ അനുഭൂതി മണ്ഡലങ്ങളെ ഈ പട്ടാളക്കാർ കടന്നാക്രമിച്ചു. ഫലമോ? നമ്മുടെ കഥാസാഹിത്യത്തിന്റെ അതിരുകൾ പെട്ടെന്നങ്ങു വലുതായി. മലയാളത്തിൽ മാത്രമായി ഒതുങ്ങിനില്ക്കേണ്ടവയല്ല. ഇവരുടെ കഥകൾ. ഇന്ത്യയുടെ എല്ലാ ഭാഷകളിലും ഇവ തർജ്ജമ ചെയ്യപ്പെടണം. ഭാരത വ്യാപകമായ ഒരു സാഹിത്യം, ഒരുപക്ഷേ, ആദ്യമായി, മലയാളത്തിൽ സൃഷ്ടിച്ചതു് ഈ യുവാക്കളാണു്.

1955 ജൂലായ് 3-ാംനു രാവിലെ കാശ്മീരിൽ ശ്രീനഗരത്തിലുള്ള ശങ്കരാചാര്യ പർവ്വതത്തിന്റെ മുകളിലെ ചെറു ക്ഷേത്രത്തിൽ വെച്ചു് മദ്രാസ് ബറ്റാല്യനിലെ ജെ. സി. ഒ. ആയ രാമൻപിള്ളയെ ഞാൻ യാദൃച്ഛികമായി കണ്ടെത്തി. ആദ്യത്തെ കുശലപ്രശ്നങ്ങൾ കഴിഞ്ഞ ഉടൻ ശ്രീ. രാമൻപിള്ള ‘നന്തനാരു’ടെയും ‘കോവില’ന്റെയും കാര്യം എടുത്തിട്ടു. “സാർ നിങ്ങൾക്കു മനസ്സിലാവില്ല”, അദ്ദേഹം പറഞ്ഞു: “ഞങ്ങളുടെ ജീവിതത്തിന്റെ എല്ലും ഞരമ്പും ചോരയും മാംസവുമാണു് ആ കഥകൾ.” “എല്ലാ ജീവിതത്തിന്റെയും,” ഞാൻ തിരുത്തി. “കാരണം, യൂനിഫോറത്തിന്നുള്ളിലായാലും സിവിൽ ഉടുപ്പിന്നുള്ളിലായാലും ഹൃദയത്തുടിപ്പു് ഒന്നുതന്നെ”. ജീവിതത്തിന്റെ തുടിപ്പുകളാണു് ഈ കഥയിൽ നിങ്ങൾ കേൾക്കുക. സത്യം സുന്ദരവും അതേ സമയത്തുതന്നെ ശിവവുമാകാമെന്നു് ഈ കഥ ഉറപ്പു തരുന്നു.

എൻ. വി. കൃഷ്ണവാരിയർ

മാതൃഭൂമി,

കോഴിക്കോട്,

5-2-1956.

അറിയപ്പെടാത്ത മനുഷ്യജീവികൾ
നന്തനാർ
ഒന്നു്

ലാൻസ് നായക് തോമസ്സ് ഓഫീസിലെ വരാന്തയിൽ വന്നു പുറത്തേയ്ക്കു നോക്കി. മഞ്ഞ് തുരുതുരെ വീഴുന്നതു നിന്നിട്ടില്ല. ഇടയ്ക്കിടയ്ക്കു തണുത്ത കാറ്റ് അടിക്കുന്നുണ്ടു്. ഇലകൾ കൊഴിഞ്ഞ മരച്ചില്ലകളിൽ നിന്നും വീടുകളുടെ മോന്തായത്തിൽ നിന്നും മഞ്ഞുകട്ടകൾ ഉതിർന്നുതിർന്നു വീഴുന്നു. റോട്ടിൽ കൂടെ ലോറികളും ജീപ്പുകളും പ്രയാസപ്പെട്ടു നീങ്ങുന്നുണ്ടു്. വഴുതിപ്പോവാതിരിയ്ക്കാൻ അവയുടെ ചക്രങ്ങളിൽ ഇരുമ്പു ചങ്ങലകൾ വരിഞ്ഞു കെട്ടിയിരിയ്ക്കുന്നു. ചട്ടിത്തൊപ്പിയും ഗ്രെയ്റ്റ് കോട്ടും ‘ഗിൽ ഗട്ട്’ ബൂട്ടും ധരിച്ചു് പട്ടാളക്കാർ പ്രയാസപ്പെട്ടു നടന്നു പോവുന്നു. കാലടികൾ എടുത്തെടുത്തു വെച്ചുകൊണ്ടുള്ള അവരുടെ നടത്തം കാണാൻ രസമുണ്ടു്.

ഓഫീസിന്നു മുമ്പിൽ മഞ്ഞിൻ കട്ടകൾ കൊണ്ടു് ഒരു പെൺകോലമുണ്ടാക്കിവെച്ചതിനുചുറ്റും രണ്ടു തടിയൻ നായ്ക്കൾ വട്ടമിട്ടു കളിയ്ക്കുകയാണു്. തോമസ്സിന്നു രസം തോന്നി. നല്ല പുഷ്ടിയും ചൊറുചൊറുക്കുമുള്ള നായ്ക്കൾ. അവയ്ക്കു നീണ്ടു്, സമൃദ്ധമായ, മിനുമിനുപ്പുള്ള രോമമുണ്ടു്. ഇത്ര നല്ല നായ്ക്കൾ കേരളത്തിലില്ല. കേരളത്തിലെന്നല്ല, ഇന്ത്യയിൽ വേറെ എവിടേയും കണ്ടിട്ടില്ല. ഈ കാശ്മീരിൽ മാത്രമേ ഇവയെ കാണൂ.

ഭാരം വലിയ്ക്കാൻ എന്തുകൊണ്ടു് ഈ നായ്ക്കളെ ഉപയോഗിച്ചുകൂടാ? നായ്ക്കളെക്കൊണ്ടു ഭാരം വലിപ്പിയ്ക്കുന്ന ഏതോ ഒരിംഗ്ലീഷു പടം കണ്ടിട്ടുണ്ടു്. സ്റ്റുവർട്ട് ഗ്രെയ്ഞ്ചർ അഭിനയിച്ച ആ പടത്തിന്റെ പേരെന്താണെന്നു തോമസ്സ് ആലോചിച്ചു… ഓ. പിടികിട്ടി. ‘വൈൽഡ് നോർത്ത്.’

സ്റ്റുവർട്ടു് ഗ്രേഞ്ചരുടെ അഭിനയം ഒന്നു വേറെത്തന്നെയാണു്. കറുത്ത തലമുടിയുള്ള ആ സുന്ദരൻ ഒരിന്ത്യക്കാരനാണോ എന്നു് ആരും സംശയിച്ചുപോവും. അദ്ദേഹത്തിന്റെ ഓരോ ചലനവും കോരിത്തരിപ്പിയ്ക്കും. അദ്ദേഹം കുടിക്കുന്നതിന്നുതന്നെ ഒരു പ്രത്യേകതയുണ്ടു്. കുടിയെക്കുറിച്ചാലോചിച്ചപ്പോൾ തോമസ്സിന്നു കൂടുതൽ തണുപ്പുതോന്നി. കുടിച്ചിട്ടു രണ്ടു ദിവസമായി. കാശു കൊടുത്താലും ‘റം’ കിട്ടുവാൻ വിഷമം. അപ്പോഴേക്കും ഓഫീസറുടെ കുറിപ്പുവേണം കുറിപ്പിൽ മുദ്രയടിക്കണം, ഓഫീസറുടെ പേരു ബ്ലോക്കു് ലെറ്ററിലെഴുതണം. അങ്ങിനെ പലതും വേണം.

ഇന്നെന്തായാലും കുടിയ്ക്കണം. ശനിയാഴ്ചയാണു്. നാളെ ഒഴിവു്. രാവിലെ പത്തുമണിവരെ കിടന്നുറങ്ങാം. തോമസ്സിന്നു് ഉന്മേഷം തോന്നി. എത്ര ‘പെഗ്ഗ് അടിയ്ക്കണം? ചുരുങ്ങിയതു് പത്തുപെഗ്ഗ്. പത്തുപെഗ്ഗിന്നു് ഇരുപതു് ഔൺസ്. പത്തു പെഗ്ഗ് വലിയൊരു കുടിയൊന്നുമല്ല. മുനിസ്വാമി പന്തയം വെച്ചു രണ്ടു കുപ്പി ‘റം’ ഇരുന്ന ഇരുപ്പിൽ കുടിച്ചിട്ടുണ്ടു്. അത്രയും കുടിക്കാൻ വയ്യ. മുനിസ്വാമി കുടിയ്ക്കാൻ വേണ്ടി ജനിച്ചവനാണു്.

തോമസ്സ് ഒരു ‘ചാർമിനാർ’ സിഗരറ്റെടുത്തു ചുണ്ടത്തു വെച്ചു. വരാന്തയുടെ മൂലയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ബുക്കാരിയ്ക്കടുത്തേയ്ക്കു നടന്നു. ബുക്കാരി നല്ലവണ്ണം കത്തുന്നില്ല. ഒരു കഷണം കടലാസെടുത്തു ചുരുട്ടി ബുക്കാരിയിലേക്കു കാട്ടി കത്തിച്ചു സിഗരറ്റു പിടിപ്പിച്ചു. തണുപ്പു കുറച്ചൊന്നു കുറഞ്ഞപോലെ തോന്നി. പുകവിട്ടുകൊണ്ടു വരാന്തയിൽ നടന്നു. ഇന്നു മൂക്കറ്റം കുടിയ്ക്കണം. ഒരു കുപ്പി ‘ജിൻ’ കൂടിയുണ്ടെങ്കിൽ എന്തു സുഖമായിരിയ്ക്കും. ത്രീ എക്സ് റമ്മും ജിന്നും കൂടി ചേർത്തു കുറേശ്ശെ കുറേശ്ശെയായി കുടിക്കുക. എന്തു രസമായിരിയ്ക്കും! മിലിറ്ററി കാന്റിനിൽ ജിൻ വില്പനയ്ക്കു വെയ്ക്കാത്തതിൽ തോമസ്സിന്നു് അരിശം തോന്നി. ജിൻ ഉണ്ടായിരുന്നുവെങ്കിൽ ഓഫീസർമാരെ കാക്കപിടിയ്ക്കാമായിരുന്നു. ജിന്നിനു വേണ്ടി കാക്കപിടിയ്ക്കുന്നതിൽത്തന്നെ ഒരു പത്രാസുണ്ടു്.

കരുണാകരനേയും പണിക്കരേയും പറ്റി തോമസ്സ് ആലോചിച്ചു. ഓരോ കുപ്പിവീതം കൊണ്ടുവരാമെന്നാണു് അവർ പറഞ്ഞിരിക്കുന്നതു്. അവർ ‘ഗുൽമർഗ്ഗി’ലേയ്ക്കു കൂറിയർ ഡ്യൂട്ടി പോയിരിയ്ക്കയാണു്. അവിടെ ഇഷ്ടം പോലെ കിട്ടും. പണം കൊടുക്കുകയേ വേണ്ടു.

അവർ കൊണ്ടുവരാതിരിക്കുകയില്ല. ഇതിന്നു മുമ്പു് അങ്ങിനെ ഉണ്ടായിട്ടില്ല. അവർ കൊണ്ടുവരും എന്നു പറഞ്ഞാൽ കൊണ്ടുവരും.

തോമസ്സ് ഓഫീസിലെ ക്ലോക്കിലേയ്ക്കു നോക്കി—നാലടിയ്ക്കാൻ 10 മിനിറ്റുണ്ടു്. അഞ്ചു മണിക്കു കരുണാകരനും പണിക്കരും കൂറിയർ ഡ്യൂട്ടി കഴിഞ്ഞുവരും. ഇനി ഒരു മണിക്കൂറുകൂടി കഴിയണം അവർ വരുവാൻ.

തോമസ്സ് വരാന്തയിൽ നിന്നു് ഓഫീസ് മുറിയിലേയ്ക്കു പോയി സ്റ്റാൻഡിൽ തൂക്കിയിരിക്കുന്ന ഗ്രെയ്റ്റ് കോട്ടു് എടുത്തു ധരിച്ചു. ബ്ലൂ ബാരറ്റ് കേപ്പ് തലയിൽ അമർത്തികയറ്റി പുറത്തേക്കിറങ്ങി. റോട്ടിൽ കയറിയപ്പോഴേയ്ക്കും മഞ്ഞു് അധികമായി വീഴുവാൻ തുടങ്ങി. ക്വാർട്ടർ മാസ്റ്റർ സ്റ്റോറിന്റെ അടുത്തെത്തിയപ്പോൾ കുറച്ചുനേരം സംശയിച്ചുനിന്നു. മുറിയിൽ മൂന്നു ദിവസമായി തീയിട്ടിട്ടില്ല. ബുക്കാരിയ്ക്കകത്തു് ഒരു നുള്ളു ചാരം പോലുമില്ല. ഇത്ര അലസത നന്നല്ല. കരുണാകരനും പണിക്കർക്കും ദിവസവും കൂറിയർ ഡ്യൂട്ടിയാണു്. അവർ പോകട്ടെ. ഈ വർഗ്ഗീസിനെന്താ സ്റ്റോറിൽ നിന്നു് ഒരു വിറകിൻമുട്ടി കൊണ്ടുവന്നാൽ? അവന്നു വല്ലാത്തൊരു നാട്യമുണ്ടു്. അവൻ ക്ലാർക്കാണത്രെ… ബാബു! തോമസ്സിന് വർഗ്ഗീസിനോടു് എന്തെന്നില്ലാത്ത അരിശം തോന്നി. നാലാൾ ഒരു മുറിയിൽ കിടക്കുന്നു. നാലും മലയാളികൾ. ഇന്ത്യയുടെ തെക്കേ അറ്റത്തു ജനിച്ചവർ. ഇപ്പോൾ ഇന്നു വടക്കേയറ്റത്തു ജീവിയ്ക്കുന്നു. അപ്പോൾ കുറച്ചൊരൊരുമ വേണ്ടേ?… വർഗ്ഗീസിന്നതില്ല. അവന്നു കുടിക്കണം. കുടിച്ചു കമ്പിളിയ്ക്കുള്ളിൽ കയറും… ഉറങ്ങും. രാവിലെ തലയ്ക്കു വെളിവു വരുമ്പോഴേ തണുപ്പിനെപ്പറ്റി ഓർക്കൂ. കോച്ചി വിറയ്ക്കുന്നുണ്ടാവും, കൈവിരലുകൾ മടക്കാനും നിവർത്താനും കൂടി വിഷമമായിരിക്കും…

ഇന്നെന്താണെങ്കിലും ബുക്കാരി കത്തിയ്ക്കണം. തോമസ്സ് ഉറച്ചു. ക്വാർട്ടർ മാസ്റ്റർ സ്റ്റോറിന്റെ പിൻഭാഗത്താണു വിറകിൻ മുട്ടി. ചുമലിൽ വെച്ചു തോമസ്സ് നടന്നു. അതിൽനിന്നു വെള്ളത്തുള്ളികൾ ഗ്രെയിറ്റ് കോട്ടിലേക്കു ഇറ്റിറ്റു വീണുകൊണ്ടിരുന്നു.

വിറകിൻ മുട്ടി ബാരക്കിന്റെ മുമ്പിലിട്ടു തോമസ്സ് മുറിയിലേക്കു പോയി. വർഗ്ഗീസ് വന്നിട്ടില്ല. അവൻ വന്നിരുന്നുവെങ്കിൽ ഈ വിറകിൻമുട്ടി വെട്ടിക്കീറാനെങ്കിലും പറയാമായിരുന്നു. എന്തായാലും ചായ കുടിക്കുക തന്നെ. ഗ്ലാസ്സെടുത്തു മെസ്സിലേക്കു പോയി. ചായ പച്ചവെള്ളം പോലെ തണുത്തിരിക്കുന്നു. ഈ മഞ്ഞുകാലത്തു ചൂടുള്ളതൊന്നും തിന്നാനോ കുടിക്കാനോ കിട്ടില്ല. അടുപ്പിൽ നിന്നു വാങ്ങുമ്പോഴേക്കും തണുക്കുകയായി.

കപ്പിൽ നിറയെ ചായ എടുത്തു് അടുപ്പിൻകല്ലിൽ വെച്ചു. കുടിക്കാൻ ഒരിളം ചൂടെങ്കിലും വേണ്ടേ? എന്നിട്ടു തണുത്തുമരവിച്ച കൈവിരലുകൾ അടുപ്പിനരികത്തിരുന്നു ചൂടാക്കി. കുറച്ചൊരാശ്വാസം തോന്നി.

മെസ്സിൽനിന്നു തിരിച്ചുവന്നപ്പോഴും വർഗ്ഗീസ് വന്നിട്ടില്ല. തോമസ്സ് ഗ്രെയ്റ്റ് കോട്ടു് ഊരി ബെഡ്ഡിലേക്കെറിഞ്ഞു. അതു ബെഡ്ഡിൽ ലേഔട്ടു് ചെയ്തിരിക്കുന്ന ‘വെബ്ബ് എക്വിപ്മെന്റി’ന്നു് ഒരാവരണമിട്ടു.

ചാർമിനാർ സിഗരറ്റ് ഒന്നുകൂടി കത്തിച്ചു വലിച്ചു. നശിച്ച സിഗരറ്റ്. ഇതു വലിച്ചു വലിച്ചു തൊണ്ട അടഞ്ഞുപോയി. നല്ല മലബാർ ബീഡിയെ വെല്ലുവിളിക്കാൻ ഒരു സിഗരറ്റിനും ശക്തിയില്ല. തോമസ്സ് അവജ്ഞയോടെ അതെടുത്തു പുറത്തേക്കൊരേറുകൊടുത്തു. നശിച്ച സാധനം. എന്തായാലും അമ്പതു കെട്ടു മലബാർ ബീഡി അയയ്ക്കാൻ മൊയ്തുണ്ണിക്കു് എഴുതണമെന്നു വിചാരിക്കുകയും ചെയ്തു.

വിറകിൻ മുട്ടി അവിടെത്തന്നെ കിടക്കുകയാണു്. വെട്ടിക്കീറണം. വർഗ്ഗീസിനെ കാത്തിരുന്നാൽ സംഗതി നടപ്പില്ല. അടുത്ത മുറിയിൽ പോയി കോടാലി വാങ്ങിക്കൊണ്ടുവന്നു. വിറകിൻമുട്ടിയിൽ കോടാലി പിടിക്കുന്നില്ല. തെന്നിത്തെറിക്കുകയാണു്. അതോടൊപ്പം തന്നെ മഞ്ഞിൻ കട്ടകൾ തെറിച്ചുപോകുന്നുമുണ്ടു്. തോമസ്സ് ആഞ്ഞാഞ്ഞുവെട്ടി. ഒരു വിധത്തിൽ എല്ലാം വെട്ടിക്കീറി മുറിയിൽ കൊണ്ടുപോയിട്ടു.

ഇനി ബുക്കാരി കത്തിക്കണം. പച്ച വിറകു് കത്തുകയില്ല. അടുത്ത മുറിയിൽ പ്രകാശ് ചന്ദും കൂട്ടുകാരുമാണു്. തോമസ്സ് അങ്ങോട്ടു പോയി. “ഥോഡാ സുകാ ലക്ഡി ദോ ഭയ്യാ.”[1]

പ്രകാശ്ചന്ദ് ആദ്യം കൊടുത്തില്ല.

തോമസ്സ് വീണ്ടും വീണ്ടും ചോദിച്ചു.

അപ്പോൾ “ഫിർ നഹി പൂഛ്നാ, ടീകെ”[2] എന്നൊരു താക്കീതോടുകൂടി നാലഞ്ചു കൊള്ളി വിറകു കൊടുത്തു. വിറകിൻ നുറുങ്ങുകളിട്ടു തോമസ്സ് ബുക്കാരി കത്തിച്ചു. പച്ച വിറക് അതിനുചുറ്റും കുത്തിനിർത്തി.

“ഗുഡ് ഈവിനിങ്ങ് മിസ്റ്റർ തോമസ്സ്.” വർഗ്ഗീസ് വാതില്ക്കൽ നിന്നുകൊണ്ടു പറഞ്ഞു.

തോമസ്സ് ഒന്നും പറഞ്ഞില്ല. ഒക്കെ ശരിപ്പെട്ടപ്പോൾ വന്നിരിക്കുന്നു!

വർഗ്ഗീസ് ഒരിംഗ്ലീഷ് പാട്ടു മൂളിക്കൊണ്ടു ചില ആംഗ്യകലാശങ്ങളോടെ പറഞ്ഞു:

“എന്താടോ മിണ്ടാത്തതു്? നിന്റെ പെൺപിറന്നോരു് പിണങ്ങിയിരിക്ക്വാ?”

തോമസ്സ് കേട്ടഭാവമേ നടിച്ചില്ല.

അപ്പോൾ വർഗ്ഗീസ് പാന്റിന്റെ കീശയിൽ നിന്നു് ഒരു കുപ്പി ‘റം’ എടുത്തു പൊക്കിപ്പിടിച്ചുകൊണ്ടു വിജയഭാവത്തിൽ പറഞ്ഞു: “തോമസ്സേ കണ്ടോ, ദശമൂലാരിഷ്ടം.”

തോമസ്സ് നോക്കി–’റം’ അയാളുടെ കണ്ണുകൾ കിടന്നു തിളങ്ങി.

വർഗ്ഗീസ് അപ്പോഴും കുപ്പി പൊക്കിപ്പിടിച്ചു നില്ക്കുകയാണു്. തോമസ്സിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു തിളങ്ങുന്നതു കണ്ടപ്പോൾ വർഗ്ഗീസ് ഹർഷോന്മാദത്തോടെ രാജ്കപൂറിനെപ്പോലെ ഒന്നു ചാടി: ‘പപ്പി… പപ്പി…’

“ഛെ… ചെത്തമുണ്ടാക്കാതെ, എവിടന്നു കിട്ടി?” തോമസ്സ്.

“എത്ര പാടുപെട്ടുവെന്നോ. സ്റ്റേഷൻ കാന്റീനിൽ ചെന്നപ്പോൾ മാനേജർ പറഞ്ഞു ഓഫീസറുടെ കുറിപ്പു വേണമെന്നു്.”

“എന്നിട്ടു്?”

“എന്നിട്ടെന്താ, മേത്താസാബിനെ പോയിക്കണ്ടു. ‘ടപ്പാ’ന്നു് ഒരു സല്യൂട്ടങ്ങ് പാസ്സാക്കി. പുള്ളിക്കാരൻ കുറിപ്പെഴുതിത്തന്നു.”

“നീ ചൊണയുള്ളവൻ.”

“അല്ല, അതു പോട്ടെ, ചുമ്മാ കെട, പൊക്കാതെ.”

വർഗ്ഗീസ് ബുക്കാരിക്കടുത്തുവന്നിരുന്നു. ബൂട്ടുകളൂരി. സോക്സ് നനഞ്ഞിരിക്കുന്നു. സോക്സ് ഊരി ബുക്കാരിയുടെ കുഴലിൽ ഉണങ്ങാനിട്ടു: “എന്റെ പൊന്നച്ചാ എന്നാ കുളിരാ”

“എന്താ പണിയ്ക്കരും കരുണാകരനും വരാത്തതു്?” തോമസ്സ് ആരോടെന്നില്ലാതെ ചോദിച്ചു.

“ട്രക്ക് ബ്രെയ്ക്കു് ഡൌൺ ആയിട്ടുണ്ടോ എന്നൊരു സംശയം. ‘ വർഗ്ഗീസ് പറഞ്ഞു.

“ദൈവത്തിന്റെ കൃപകൊണ്ടു് ഞങ്ങൾ ഇതാ എത്തിയിരിയ്ക്കുന്നു.”

എല്ലാവരും പൊട്ടിച്ചിരിച്ചു. അവരുടെ ഗ്രെയ്റ്റ് കോട്ടുകളിൽനിന്നു് രണ്ടു കുപ്പികൾ പുറത്തുവന്നു. തോമസ്സ് തുള്ളിച്ചാടി. ബലേബലേ! എല്ലാം കൂടി വൺ, ടൂ, ത്രീ—മൂന്നു കുപ്പി…”

“എന്തായിട്ടെന്താ, മെസ്സിൽ ഇന്നു് ഇറച്ചി ഇല്ല.” പണിക്കർ ഇച്ഛാഭംഗത്തോടെ പറഞ്ഞു.

“ഉം, എന്താ കാരണം?”—വർഗ്ഗീസ്.

“ക്രിസ്തുമസ്സ് അല്ലേ വരണതു്”—കരുണാകരൻ.

“ക്രിസ്തുമസ്സിന്നു എല്ലാം കൂടി ഒന്നിച്ചു ഡ്രോ ചെയ്യാൻ പോകയാണത്രേ.”—പണിക്കർ.

“എല്ലാം തുലഞ്ഞു. ഇറച്ചിയില്ലാതെ കുടിക്കാൻ സുഖമില്ല.”—വർഗ്ഗീസ്.

“കാന്റീനിൽ നിന്നു് രണ്ടു ബീഫ്ടിൻ വാങ്ങിയാലോ?”—പണിക്കർ.

“ഞാൻ തിന്നത്തില്ല”—വർഗ്ഗീസ്.

“മീൻടിൻ വാങ്ങിക്കാം.”—തോമസ്സ്.

“ഓ, റഡി’ എല്ലാവരും ശരിവെച്ചു.

കരുണാകരൻ മീൻ ടിൻ വാങ്ങാൻ കാന്റീനിലേയ്ക്കു പോയി.

“വർഗ്ഗീസേ, നീ പോയി ചപ്പാത്തി വാങ്ങി വന്നേ.” തോമസ്സ് വർഗ്ഗീസിനെ മെസ്സിലേക്കയയ്ക്കാൻ നോക്കുകയാണു്.

“ചുമ്മാ കെട. എന്നെക്കൊണ്ടു മേല.”

“ഞാൻ കൊണ്ടുവരാം.” പണിക്കർ എഴുന്നേറ്റു രണ്ടു പ്ലെയിറ്റുകളെടുത്തു പുറപ്പെട്ടു.

“ചുരുങ്ങിയതു് നാല്പതു്” തോമസ് ഓർമ്മിപ്പിച്ചു.

“നിന്റെ ഒടുക്കത്തെ തീറ്റി…” വർഗ്ഗീസ്.

പണിക്കരും കരുണാകരനും ഒന്നിച്ചാണു് വന്നതു്. ചപ്പാത്തി രണ്ടടുക്കുകളാക്കി പ്ലെയിറ്റിൽ വെച്ചു. മീൻ ടിൻ തുറന്നു. മെസ്സ്ടിന്നിലിട്ടു് ബുക്കാരിയിൽവെച്ചു ചൂടാക്കി. അതിൽ മുളകുപൊടിയും ഉപ്പും വിതറി. ഉള്ളി ചേർത്തിളക്കി. ഡാൽഡാ തളിച്ചു. പണിക്കർ ഉള്ളംകൈയിൽ സ്വാദു നോക്കി: “ഡിലീഷ്യസ്സ്!”[3]

നാലുപേരും വട്ടമിട്ടിരുന്നു. കപ്പുകൾ നിരന്നു. കുപ്പികൾ നിരന്നു. ചപ്പാത്തിയുടെ ചെറിയ രണ്ടു കൂമ്പാരങ്ങൾ. മീൻകറിയുടെ കൊതി തോന്നിക്കുന്ന മണം.

ഒന്നാമത്തെ കുപ്പി നാലു കപ്പുകളിലായി ഒഴിച്ചു. റമ്മിന്റെ ഗ്യാസ് മൂക്കിലേക്കു് അടിച്ചുകയറുകയാണു്.

“എന്തൊരു ഗ്യാസാണ്!” കരുണാകരൻ കർചീഫെടുത്തു മൂക്കുപൊത്തി.

“അകത്തുചെല്ലുമ്പളോ?”—തോമസ്.

“ശരി. വെള്ളക്കാരന്റെ സ്റ്റയ്ലിൽ കുടിച്ചു കളയാം.” എന്നു പറഞ്ഞ് അവർ നാലുപേരും കപ്പുകൾ തമ്മിൽ മുട്ടിച്ചു. പണിക്കരും വർഗ്ഗീസും ഒരൊറ്റ മൂച്ചിൽ കപ്പു് കാലിയാക്കി.

“കുടിയ്ക്കാൻ പഠിയ്ക്കണം.”—തോമസ്സിന്നു് അവരുടെ കുടി അത്ര ബോധിച്ചില്ല.

“അതിനുള്ള പരീക്ഷ എവട്യാ?”—പണിക്കർ.

“പോടാ തർക്കുത്തരം പറയാൻ നിക്കണു്”—തോമസ്സ്.

ബുക്കാരി നല്ലവണ്ണം എരിഞ്ഞു കത്തിത്തുടങ്ങി. പണിക്കർ ഒരു കൊള്ളി വിറകു് അതിനകത്തിട്ടു് ഒന്നു കൂടി ഊതിക്കത്തിച്ചു.

“തോമസ്സ്, മറ്റേക്കുപ്പി തുറക്കു്.” വർഗ്ഗീസ് രണ്ടാമത്തെ കുപ്പിയിൽ നോട്ടമിടുകയാണു്. തോമസ്സ് കുപ്പിയുടെ അടപ്പു വലിച്ചുതുറന്നു. എന്നിട്ടു നാലു കപ്പുകളിലായി ഒഴിച്ചു. ഒരു നിമിഷത്തിനുള്ളിൽ കപ്പുകൾ കാലിയായി.

വർഗ്ഗീസ് പറഞ്ഞു: “അടുത്തു ലീവിൽ പോയാൽ ഞാൻ പെണ്ണുകെട്ടും.”

“എവിടന്നാ?”

“ചങ്ങനാശ്ശേരീന്നു്.”

കരുണാകരൻ പറഞ്ഞു: “ഞാൻ പെണ്ണുകെട്ടുമെന്നുതന്നെ തോന്നുന്നില്ല. ഞാൻ കുട്ടിയാണെന്നാണു് അമ്മ പറയുന്നതു്.”

“മുലകുടി മാറാത്ത കുട്ടി.”

“ആരാണു് മുലകുടി മാറാത്ത കുട്ടി?” എന്നു ചോദിച്ചുകൊണ്ടു പി. കെ. നായർ വന്നുകയറി. മൂക്കറ്റം കുടിച്ചിട്ടുണ്ടു്. കുടിച്ചു പിമ്പിരി കയറിയിരിക്കയാണു്. തോമസ്സ് പറഞ്ഞു: “കരുണാകരന്റെ അമ്മ പറകയാണ്, അവൻ കൊച്ചുകുഞ്ഞാണെന്നു്.”

“ശര്യാ. എന്റെ അമ്മ പറയുന്നതും ഞാൻ കുട്ടിയാണെന്നാണു്. അമ്മാവൻ പറയുന്നതു ഞാൻ കുട്ടിയല്ലെന്നാണു്.”

“എന്താ അമ്മാമന്നു പെൺമക്കൾ ഒരു പാടുണ്ടാവും, ഇല്യോ?” പണിക്കർ.

അത്രയധികമൊന്നുമില്ല. എട്ടെണ്ണം. ഇടയ്ക്കും തലയ്ക്കും ചിലർക്കൊക്കെ ഭർത്താക്കന്മാരുണ്ടു്. ഒന്നിനെ നമ്മുടെ തലേലും കേറ്റിവെയ്ക്കാൻ ഒരു ശ്രമം നടന്നു.”

“എന്നിട്ടു പറ്റീല്ലേ?”—പണിക്കർ.

“കേട്ടോ തമാശ? ഞാൻ അതുകളെയൊന്നും ചൊവ്വിനു കണ്ടിട്ടില്ല. പത്തുമുപ്പതു കൊല്ലമായി അമ്മാമൻ തമിഴ്‌നാട്ടിലെവിടെയോ ആണു്. പി. കെ. നായർ ഒരു സിഗരറ്റെടുത്തു വലിച്ചുകൊണ്ടു തുടർന്നു: “ഞാൻ പെണ്ണുകാണാൻ പോയി. ചായയുമായി പെണ്ണു തളത്തിൽ വന്നപ്പോൾ ഞാനങ്ങു് അന്തം വിട്ടു. ഉമ്മറത്തെ രണ്ടു പല്ലുകൾ ചുണ്ടുകളെ തള്ളി മാറ്റിക്കൊണ്ടു പുറത്തേക്കെത്തി നോക്കുകയാണു്. കുറച്ചൊരു വിദ്യയുണ്ടു് നടത്തത്തിന്നു്. എന്നാലും പണ്ടങ്ങൾ പിടുപിടുപ്പതു്.

“അപ്പോൾ തനിക്കു പിടിച്ചില്ല, അല്ലേ?”—പണിക്കർ.

“ഒട്ടും പിടിച്ചില്ല. പക്ഷേ, അവളുടെ ഒരനുജത്തിയുണ്ടു്. ഹായ്! എന്താ പറയേണ്ടതു് ജസ്റ്റ് ലൈക്കു് പാൽപായസം, യൂ സീ.”

എല്ലാവരും പൊട്ടിച്ചിരിച്ചു. വർഗ്ഗീസ് പറഞ്ഞു: “കേട്ടോ. പി. കെ., സൗന്ദര്യം ഹൃദയത്തിലാണു്. ബാഹ്യമായ സൗന്ദര്യം വെറും പകിട്ടാണു്.”

“തേങ്ങാപ്പിണ്ണാക്കാ. എന്നിട്ടാണോ വല്ലവരുടേയും ഭാര്യമാരെപ്പറ്റി അഭിപ്രായം ചോദിയ്ക്കുന്നതു്. പെണ്ണുകണ്ടാൽ നന്നോ എന്നു്.” പി. കെ. നായർ ചൊടിച്ചുകൊണ്ടു പറഞ്ഞു.

“അപ്പോൾ പി. കെ. ഒരു ഭൂലോക സുന്ദരിയെ കല്യാണം കഴിച്ചോളു.” തോമസ്സ് ഇടയിൽ കയറി പറഞ്ഞു.

“ആർമ്മി സ്പെഷ്യൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കമ്മീഷന്നു് അപ്ലൈ ചെയ്യാം.”—തോമസ്സ്.

“പക്ഷേ, പെണ്ണിന്നു കുറച്ചു സംസ്കാരം വേണം.”—പണിക്കർ.

“ഒന്നും വേണ്ട. പുഞ്ചിരിക്കാനും കടാക്ഷിക്കാനും മറ്റും അറിഞ്ഞാൽ മതി.”—തോമസ്സ്.

“ഷട്ട് അപ്പ്.” പി. കെ. നായർക്കു് അരിശം വന്നു.

“ദാ കണ്ടില്ലേ, പി. കെ. ദേഷ്യപ്പെടാൻ തുടങ്ങി.” പണിക്കർ പരിഹാസപൂർവ്വം പറഞ്ഞു.

“പെണ്ണുങ്ങൾ പോയി തുലയട്ടെ. ബാക്കിയുള്ള ഒരു കുപ്പികൂടി ‘സ്വാഹാ’ ചെയ്യേണ്ടേ?” പി. കെ. നായർ ആർത്തി പ്രകടിപ്പിച്ചു.

മൂന്നാമത്തെ കുപ്പിയും ഒഴിഞ്ഞു. തോമസ്സിന്നു സംസാരിക്കാൻ വയ്യാതായി. ബുക്കാരിയും ബാരക്കും എല്ലാം കറങ്ങുകയാണു്. തോമസ്സ് എഴുന്നേറ്റു് ഇംഗ്ലീഷ് നൃത്തം തുടങ്ങി. ജീൻ കെല്ലിയുടെ നൃത്തം…

“കരണാരാ… ഞാൻ… നീം കഴിക്കും.”

പി. കെ. നായർ പറഞ്ഞു: “തോമസ്സിന്നു് കുറച്ച് ഓവറായിപ്പോയി… ജസ്റ്റ് ലൈക്കു് പാൽ പായസം, യൂ സീ” എന്നിട്ടു മഫ്ലർ എടുത്തു കഴുത്തിൽ കെട്ടി അവിടെനിന്നു് ഊരിപ്പോന്നു.

തോമസിന്റെ നൃത്തം നിലയ്ക്കുന്ന കോളല്ല. നൃത്തത്തിന്നു ശക്തിയും വേഗതയും കൂടുകയാണു്. ബുക്കാരിയുടെ കുഴലുകൾ തെറിച്ചുവീണു. ബുക്കാരി തകിടം മറിഞ്ഞു. തീക്കനലുകൾ ചിന്നിച്ചിതറി. മുറിയിൽ ചാരം നിറഞ്ഞു. കപ്പുകൾ ചുമരിൽ വെച്ചടിച്ചതുകൊണ്ടു ഞെളുങ്ങി… മൂന്നു കുപ്പികളും ഉടഞ്ഞു തകർന്നു. എങ്ങും കുപ്പിച്ചില്ലുകൾ…

ബാക്കി മൂന്നുപേർ ചേർന്നു തോമസ്സിനെ പിടിക്കുവാൻ ശ്രമിച്ചു. പിടിയിൽ ഒതുങ്ങുന്നില്ല. തോമസ്സ് അലറി “ഹയ്യോ…

ലഹളകേട്ടു ഹവിൽദാർ മുറിയിലേക്കു ഓടിവന്നു. “ബേവ് കൂഫ്, ലോക്, ഷോർ മതു് മച്ചാവോ”[4] തോമസ്സ് അമർസിംഗിന്റ താടിയിൽ കടന്നൊരു പിടുത്തം. എന്നിട്ടു് അലറി:

“ബക്കോ മത്”[5]

അമർസിംഗ് പിടി വിടുവിച്ചു മാറിനിന്നു. ആളുകൾ ഓടിവന്നുകൊണ്ടിരുന്നു.

തോമസ് മുഷ്ടി ചുരുട്ടിക്കൊണ്ടു വീണ്ടും ഹവിൽദാർ മേജരുടെ നേരെ തിരിഞ്ഞു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. നാക്കിനു സംസാരിക്കാനുള്ള ശക്തിയില്ല.

“ബന്ത് കരോ, ഇസ്കോ ഗാർഡ് റൂം മേ”[6]

രണ്ടുപേർ മുന്നോട്ടുവന്നു തോമസ്സിനെ പൊക്കിയെടുത്തു ഗാർഡ്റൂമിലേക്കു കൊണ്ടുപോയി. തോമസ്സ് കുതറിപ്പോരാൻ നോക്കി. കാലുകൾ നിലത്തിട്ടടിച്ചു. പുലഭ്യങ്ങൾ വിളിച്ചു പറഞ്ഞു.

നേരം പുലർന്നപ്പോൾ തോമസ്സിനു തലക്കു നല്ല വെളിവുണ്ടായിരുന്നു. രാത്രിയിലെ സംഭവങ്ങളെല്ലാം ഒരവ്യക്തമായ സ്വപ്നം പോലെയാണു് അയാൾക്കു തോന്നിയതു്. കാൽവണ്ണയിൽ അവിടവിടെയായി ഒന്നു രണ്ടു മുറിവുകൾ പറ്റിയിട്ടുണ്ടു്. അവയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നു. കൺപോളകൾ വീങ്ങിവീർത്തിട്ടുണ്ടു്. ശരീരം മുഴുവൻ നീറുകയാണു്.

“ഇത്ര കുടിക്കേണ്ടിയിരുന്നില്ല.” തോമസ്സിനു തോന്നി. അയാൾ പശ്ചാത്തപിച്ചു.

പക്ഷേ, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ചാർജിൽ പോകേണ്ടിവന്നു. ‘സുപ്പീരിയ’റെ ചീത്ത പറഞ്ഞതിന്നും ദേഹോപദ്രവമേല്പിക്കാൻ ചെന്നതിന്നുമായിരുന്നു ചാർജ്ജ് ഷീറ്റ് ഉണ്ടാക്കിയതു്.

ലാൻസ് നായ്ക് തോമസ്സ് കമാണ്ടിങ് ഓഫീസറുടെ മുമ്പിലേക്കു മാർച്ച് ചെയ്തു. തിരിച്ചു വരുമ്പോൾ അയാൾ ശിപ്പായി തോമസ്സായിരുന്നു.

രണ്ടു്

കാശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഒരു സിഗ്നൽ റെജിമെന്റാണതു്. ഒരു ഡീവ്[7] മുഴുവനും അവിടെ, അവിടവിടെയായി സ്ഥലമുറപ്പിച്ചിരിക്കയാണു്. ‘യുദ്ധം നിർത്തൽ’ കല്പന പുറപ്പെടുവിച്ചതിനുശേഷമുള്ള കാലമായതുകൊണ്ടു് അത്രയധികം തിരക്കുകളും പ്രവൃത്തികളുമൊന്നുമില്ല. യുദ്ധം നിർത്തൽ രേഖയിൽ ഉടനീളം കാവലുണ്ടു് നിയമവിരുദ്ധമായ വല്ല സംഭവങ്ങളുമുണ്ടാവുമ്പോൾ വഴിക്കുവഴിയെ ‘ഡീവി’ൽ അറിവു കിട്ടുന്നു. പിന്നെ വേണ്ട നടപടികളെടുക്കുന്നു.

റെജിമെന്റ് കിടക്കുന്നതു വലിയൊരു ആപ്പിൾ തോട്ടത്തിൽ മരം കൊണ്ടുണ്ടാക്കിയ നെടുനീളൻ ബാര ക്കുകളിലാണു്. ഓഫീസ് മാത്രം റെജിമെന്റ് ഓഫീസും സിഗ്നൽ കെട്ടിടങ്ങളിലാണു്. സിഗ്നൽ ഓഫീസ് കെട്ടിടം ആപ്പിൾത്തോപ്പിന്റെ നടുക്കാണു്. ആപ്പിൾത്തോപ്പുകളിൽ അവിടവിടെയായി വലിയ വലിയ ‘ബങ്കറുകൾ’ കുഴിച്ചു വയർലസ് സെറ്റ് സ്ഥാപിച്ചിരിക്കുന്നു. ബങ്കറിന്റെ മേൽപ്പുരയിൽ പുല്ലുതകിടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ടു്. ബങ്കർ സമനിലത്തിൽ നിന്നു ഉയർന്നു കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടു്.

റെജിമെന്റിന്റെ കമാൻഡർ കേണൽ അഗർവാൾ ആണു്. തികച്ചും ആറടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയും കൊമ്പൻ മീശയുമുള്ള അദ്ദേഹം സത്യസന്ധതയും കണിശതയും ഒരാദർശവാനാണു്. ഏതൊരു റിപ്പോർട്ടും ഉടൻ ശ്രദ്ധിക്കും. വേണ്ട നടപടികളെടുക്കും.

കേണൽ അഗർവാളിന്റെ കീഴുദ്യോഗസ്ഥന്മാരായി വേറെയും ഒരുപാടു് ഓഫീസർമാരും ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുമുണ്ടു്. അവരെല്ലാം അവരവരുടെ ഡ്യൂട്ടി ശരിയ്ക്കു ചെയ്യുന്നുണ്ടോ എന്നു ‘കേണൽ സാബ്’ പ്രത്യേകം ശ്രദ്ധിക്കും. കൂടാതെ ഓഫീസർമാർക്കെല്ലാം ആഴ്ചയിൽ ഒരു തവണയെങ്കിലും ലക്ചർ കൊടുക്കുകയും ചെയ്യും. ‘ജവാനു’മായി[8] ഇടപഴകേണ്ടവിധം, പട്ടാളത്തിൽ അച്ചടക്കത്തിന്റെ ആവശ്യകത, ഫീൽഡിൽ പോയാൽ ചെയ്യേണ്ട പ്രവൃത്തികൾ അങ്ങിനെ ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹം പ്രത്യേകം പ്രത്യേകം ലക്ചർ കൊടുക്കും. ഡിവിൽ അദ്ദേഹത്തിന്നു നല്ല പേരാണു്. ജനറൽ സാഹിബിന്നു് അദ്ദേഹത്തെ നല്ല വിശ്വാസമാണു്.

പി. കെ. നായരും വർഗ്ഗീസും തോമസ്സും കരുണാകരനും പണിക്കരും ആ റെജിമെന്റിൽ സാമാന്യം അറിയപ്പെടുന്ന വ്യക്തികളാണു്.

ഒരു ദിവസം ‘റോൾകാൾ’ കഴിഞ്ഞപ്പോൾ പി. കെ. നായർ സെക്ഷൻ ഹവീൽദാരോടു് പറഞ്ഞു:

“ഒരു റിപ്പോർട്ടുണ്ടു്.”

“എന്താ?”

“എനിയ്ക്കു മുറിയൊന്നു മാറണം.”

“കാരണം?”

“കാരണം പ്രത്യേകിച്ചിട്ടൊന്നുമില്ല.”

“കാരണമൊന്നുമില്ലാതെ മുറി മാറാനൊക്കില്ല. ഇതു് പട്ടാളമാണു്.”

“അതറിയാം, പക്ഷേ, മുറി മാറണം.”

“ഒക്കില്ല.”

“അപ്പോൾ എനിക്കു സുബേദാർ മേജരെ കാണണം.” പി. കെ. നായർ വിടാനുള്ള ഭാവമല്ല.

സെക്ഷൻ ഹവിൽദാർ ഒരു നിമിഷം സംശയിച്ചു നിന്നു. ആലോചിച്ചു. ഒടുവിൽ സമ്മതിച്ചു.

“ശരി, അപ്പോൾ ‘സെൻട്രൽ റോൾക്കാളി’ന്നു പോകാം.”

‘സെൻട്രൽ റോൾ കാൾ’ സുബേദാർ മേജരുടെ റോൾകാളാണു്. കമ്പനി വരുന്നു. റോൾക്കാളിൽ സാധിക്കാത്ത കാര്യങ്ങൾ സെൻട്രൽ റോൾക്കാളിലേക്കു വരുന്നു. സെൻട്രൽ റോൾക്കാളിന്നു കുറച്ചുകൂടി അധികാരവും ഗൗരവവുമുണ്ടു്. ലീവു കഴിഞ്ഞു വരുന്നവരും ആസ്പത്രിയിൽ പോകേണ്ടവരും സെൻട്രൽ റോൾക്കാളിൽ പോകണം. അവിടെവെച്ച് അവർ സുബേദാർ മേജരുമായി അഭിമുഖസംഭാഷണം നടത്തുന്നു.

പി. കെ. നായർ റോൾക്കാൾ നടക്കുന്ന സ്ഥലത്തേക്കു പോയി. സുബേദാർ മേജരുടെ ബംഗ്ലാവിന്നു മുമ്പിൽത്തന്നെയാണു് സെൻട്രൽ റോൾക്കാൾ നടക്കുന്നതു്.

ഇപ്പോൾ കിടക്കുന്ന മുറിയിൽ നിന്നു മാറണമെന്നു് വളരെ നാളുകളായി പി. കെ. നായർ ആശിച്ചുവരികയാണു്. ആ മുറിയിൽ കാല് കുത്തുമ്പോഴേക്കും അയാൾക്കൊരു തരിപ്പാണ്, അയാളുടെ രുചിക്കനുസരിച്ചുള്ളവരല്ല അവിടെ കിടക്കുന്നവരൊന്നും തന്നെ. നാലുപേരുണ്ടു്. നാലുപേരുടേയും പോക്കു് നാലുവിധത്തിലാണു്.

മുൻഷിറാം കാലത്തു മൂന്നുമണിക്കു് എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്യും. സങ്കടമാണതു്. അതു മാത്രമോ? പിന്നെ ‘ബഡാബൂട്ടി’ന്റെ കടകട ശബ്ദം കാതുകളെ തുളയ്ക്കുകയായി. രാവിലത്തെ ഉറക്കത്തെ നശിപ്പിയ്ക്കാൻ ഇത്രയും പോരെ? എന്നാൽ അവന്നു് ഒരു സ്ലിപ്പർ വാങ്ങിക്കൂടെ? വാങ്ങിയില്ല. പട്ടാളത്തിൽനിന്നു കിട്ടുന്നതു് അപ്പടി ഉപയോഗിക്കണമെന്നാണു് മുൻഷിറാമിന്റെ തത്വശാസ്ത്രം. അവന്റെ തത്വശാസ്ത്രം എന്തു മണ്ണാങ്കട്ടയുമായിക്കോട്ടെ. ബാക്കിയുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കണോ? ഇനി ബൂട്ടിന്റെ ശബ്ദം സഹിക്കാമെന്നുവെക്കുക. പിന്നേയും കിടക്കുന്നു സൊല്ലകൾ. തുടർന്നുവരുന്നതു് കർണ്ണകഠോരമായ ഒരു ഗീതാപാരായണമാണു്. മുൻഷിറാം ആ കൊച്ചു പുസ്തകം നിവർത്തിവെച്ച് ഉച്ചത്തിലുച്ചത്തിലങ്ങനെ അലറുമ്പോൾ പി. കെ. നായർക്കു് ഒരു എരിപൊരി സഞ്ചാരം കൊള്ളലുണ്ടു്. പട്ടാളമായിപ്പോയില്ലേ? വീട്ടിലാണെങ്കിൽ കാണിച്ചുകൊടുക്കാമായിരുന്നു. എല്ലാം സഹിയ്ക്കണം.

ഭക്തി വേണ്ടതാണു്. അതിൽ പി. കെ. നായർക്കു രണ്ടു പക്ഷമില്ല. പക്ഷേ, അതു മനസ്സിൽ പോരേ? ഇങ്ങനെ അകറുന്നതുകൊണ്ടു് വല്ല പ്രയോജനമുണ്ടോ? എല്ലാം പോകട്ടെ. ഏതായാലും മൂന്നുമണിയ്ക്കു് എഴുന്നേല്ക്കുന്നുണ്ടല്ലോ മെസ്സിൽ പോയി ഒരു തുടം ചായ വാങ്ങിക്കൊണ്ടുവന്നുകൂടെ? അതൊന്നും ചെയ്യില്ല. വേണ്ടതൊന്നും അറിഞ്ഞുകൂടാ.

ഒരു ദിവസം പി. കെ. നായർ പറഞ്ഞു: “മുൻഷിറാം. നീ ബാക്കിയുള്ളവരെ ഇങ്ങിനെ ബുദ്ധിമുട്ടിക്കരുതു്.”

“ഞാനെന്താണു ബുദ്ധിമുട്ടിക്കുന്നത്?” ‘ടപ്പാ’ന്നു മുൻഷിറാം ചോദിച്ചു.

“നീ രാവിലെ ലൈറ്റ് ഓൺ ചെയ്യുന്നു. ഗീത പുസ്തകം തുറന്നുവെച്ചുകൊണ്ടു് ഓരിയിടുന്നു.”

മുൻഷിറാമിന്റെ കണ്ണുകൾ ചുവന്നു. അവൻ പറഞ്ഞു. മദ്രാസികൾക്കു ഭക്തിയില്ല, മതമില്ല. നിങ്ങൾ ക്ഷേത്രങ്ങളെ അവഹേളിക്കുന്നു.

“എല്ലാം തെറ്റാണു്.” പി. കെ. നായർ വിട്ടില്ല. അയാൾ തുടർന്നു: “നിങ്ങൾ ഈ പറഞ്ഞതെല്ലാം ഞങ്ങൾക്കുണ്ടു്. ഞങ്ങൾ ഒന്നിനേയും അതിർ കടന്നു് ഉയർത്തിവെയ്ക്കാറില്ല. എല്ലാറ്റിനേയും അതാതിന്റെ സ്ഥാനത്തു് ഇരുത്തുന്നു.”

മുൻഷിറാം കട്ടിലിൽനിന്നു ചാടി എഴുന്നേറ്റു് ഉർദുവിൽ ശരശരാന്നു സംസാരിയ്ക്കുവാൻ തുടങ്ങി. ആവേശകരമായ സംസാരമാണതു്…

പി. കെ. നായർ അടങ്ങി. സംസാരിച്ചാൽ അധികമാവും. മുൻഷിറാം ഒരു പഴഞ്ചനാണു്. പി. കെ. നായർ ശാസ്ത്രദൃഷ്ടിയിലൂടെയാണു് സംഭവങ്ങളെ വിശകലനം ചെയ്യുന്നതു്. അപ്പോൾ അവിടെ നടക്കുന്നതു് രണ്ടു പൊരുത്തമില്ലാത്ത ആദർശങ്ങൾ തമ്മിലുള്ള സംഘർഷമാണു്. ബോധപൂർവ്വമായി ചിന്തിയ്ക്കേണ്ട ഘട്ടമാണിതു്. പി. കെ. നായർ ചിന്തിച്ച് അടങ്ങി. ഉടൻ മനസ്സിൽ വിചാരിച്ചു: ‘ഇവിടെനിന്നു പോകണം.’

ഇനി വേറൊരാളുള്ളതു് കരംസിംഗാണു്. അവനെ കാണുമ്പോൾത്തന്നെ ഓക്കാനിക്കാൻ തോന്നും. അവനെസ്സംബന്ധിക്കുന്നതെല്ലാം അറപ്പുതോന്നിക്കുന്നവയാണു്.

മുറിയിൽ എപ്പോഴും ഉള്ളിയുടെ മണമാണു്. അതിനു കാരണം കരം സിംഗാണു്. അവൻ പെട്ടിയിൽ ഉള്ളി ശേഖരിച്ചുവെക്കും. ഉള്ളി ഇല്ലാതെ ചപ്പാത്തി തിന്നാൽ അവന്നു തൊണ്ടയിൽ നിന്നു് ഇറങ്ങുകയില്ല. മെസ്സിലേയ്ക്കു പോകുമ്പോൾ രണ്ടു വലിയ പൊകണ ഉള്ളി അരിഞ്ഞു ശരിപ്പെടുത്തിക്കൊണ്ടാണു് പോക്കു്. ഒരു തുണ്ടു് ചപ്പാത്തിയും ഒരു കഷണം ഉള്ളിയും ഉപ്പും വായിലേയ്ക്കു തിരുകിക്കടത്തും എന്നിട്ടു് ചറമുറെ കടിച്ചൊരു തീനുണ്ടു്. കാണേണ്ടതാണു്.

പി. കെ. നായർക്കു് ഉള്ളിയുടെ നാറ്റം കേട്ടാൽ തല നോവാണു്. എന്തു ചെയ്യാനാണു്? സഹിക്കുക.

മൂന്നാമത്തെ ആൾ ധനീറാമാണു്. ഒരു തടിയൻ. മൂപ്പർക്കു് ഗുസ്തിമുറകളൊക്കെ അറിയാം. എത്ര തണുപ്പുണ്ടായാലും ശരി ഒരു ലങ്കോട്ടി എടുത്തിട്ടു് എന്നും ഗുസ്തിമുറകൾ അഭ്യസിക്കും. ആവേശംകൊണ്ടു് ചിലപ്പോൾ ചുമരിൽ ഇടിച്ചെന്നും വരും. കൈ നോവുന്നതൊന്നും കാര്യമാക്കുകയില്ല. ഇടയ്ക്കിടക്കു കഥകളിയിലെ ചുവന്ന താടിക്കാരെപ്പോലെ ചില ഭയങ്കരശബ്ദങ്ങൾ പുറപ്പെടുവിക്കും. തരിയ്ക്കാൻ വേറെ വല്ലതും വേണോ?

നാലാമത്തെ ആൾ കുഞ്ഞമ്പുവാണു്. മലയാളിയാണു്. പേരിനുമാത്രം. ഒരു ഗവേഷകന്റെ മട്ടുണ്ടു് മൂപ്പർക്കു്. ചുരുക്കത്തിൽ ചില ഗവേഷണങ്ങളുമുണ്ടു്. വാച്ചിനെക്കുറിച്ചാണു്. കൈയിൽ ഒരു വാച്ചുള്ളതു് അഴിച്ചും പിടിച്ചും കൊണ്ടിരിക്കും. ചിലപ്പോൾ കണ്ടുപിടിച്ചു എന്നൊരു മുഖഭാവത്തോടെ ചെറുതായൊന്നു് നെടുവീർപ്പിടും.

ഇവരുടെയെല്ലാമിടയിലാണു് പി. കെ. നായർ കഴിഞ്ഞുകൂടുന്നതു്. മുറിയിൽ കയറുമ്പോഴേക്കും പി. കെ. നായർക്കു് അടിമുതൽ മുടിവരെ ഒരു തരിപ്പാണു്. അശ്രീകരങ്ങൾ. ഇങ്ങിനെയുമുണ്ടോ മനുഷ്യർ? മനുഷ്യരായാൽ ചിലതൊക്കെ വേണം. ഇടയ്ക്കിടയ്ക്കു് ഒരു സിനിമ കാണുക. ഇത്തിരി കുടിക്കുക. ഒരു തമാശപറയുക. ഒരു മൂളിപ്പാട്ടു് പാടുക. ഇതൊന്നുമില്ലാത്തവർ മനുഷ്യരാണോ?

പി. കെ. നായർ അധികസമയവും പുറത്തായിരിക്കും. അതൊരു രക്ഷയാണു്. ആശ്വാസമാണു്. രാവിലെ ദിനകൃത്യങ്ങൾക്കുശേഷം ഗാരേജിലേയ്ക്കു പോവും. ഗാരേജിന്റെ ഒരു മൂലയിൽ നിർത്തിയിരിയ്ക്കുന്ന മോട്ടോർ സൈക്കിൾ തുടച്ചുവൃത്തിയാക്കും.

‘പി. കെ. നായർ ഒരു ഡിസ്പാച്ച്’ റൈഡറാണു്. ഓർഡലി റൂമിൽ നിന്നു് എഴുത്തുകളും മറ്റും മോട്ടോർ സൈക്കിളിൽ കൊണ്ടുപോയി മറ്റുള്ള ഓഫീസുകളിൽ കൊടുക്കുകയാണു് ജോലി. നായർക്കു പറ്റിയ ജോലിതന്നെ. ഓരോ റെജിമെന്റിലും കത്തുകൾ കൊണ്ടുപോയി കൊടുക്കുമ്പോൾ അവിടത്തെ കാന്റീനിൽ ഒന്നു കയറും. മൂപ്പരെ കാണുമ്പോൾ തന്നെ കാന്റീൻ മാനേജർ സ്വാഗതം ചെയ്യും: “ആയിയേ നായർ സാബ്.”[9]

പിന്നെ സംസാരമായി. ഇപ്പോൾ കാന്റീനിൽ എത്ര കുപ്പി ‘റം’ സ്റ്റോക്കുണ്ട്? പീപ്പയിൽ എത്ര ഗ്യാലനുണ്ട്? ‘ത്രീ എക്സ്’ റം’ എന്താണു് ഇപ്പോൾ വരാത്തത്? ഇങ്ങനെ ഒരു പാടു് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും. എന്നിട്ടു വിവരങ്ങളെല്ലാം കൂട്ടുകാരോടു പറയുകയും ചെയ്യും.

‘റം’ വേണമെങ്കിൽ നായരോടു് പറഞ്ഞാൽ മതി. ഉടൻ കിട്ടും. പണം കൊടുക്കണമെന്നു മാത്രം. പണം കൈയിൽ കിട്ടേണ്ട താമസം മോട്ടോർ സൈക്കിൾ സ്റ്റാർട്ടാവുകയായി. പിന്നെ ‘ശരേ’ന്നു ഒരു വിടലാണു്. ‘ദാ’ എന്നു പറയുമ്പോഴേക്കും കുപ്പി മുമ്പിൽ വന്നു കഴിഞ്ഞു. പക്ഷേ, ഒരു കാര്യമുണ്ടു് മൂപ്പരുടേയും ചുണ്ടൊന്നു നനയ്ക്കണം അത്രേ വേണ്ടു.

പി. കെ. നായർ ഇങ്ങിനത്തെ ഒരു സർവ്വഗുലാബിയാണ്; പ്രസാദാത്മകനാണു്. ജീവിതം അയാൾക്കു് പുല്ലുപോലെയാണു്. സംശയം, പരിഭ്രമം, ഭയം ഇതൊന്നും നായരെ തീണ്ടിയിട്ടുപോലുമില്ല.

ധർമ്മബോധമുള്ള ഒരു കൂട്ടുകാരനുണ്ടാവുമ്പോഴേ ജീവിതം തിളങ്ങുകയുള്ളു എന്നാണു് പി. കെ. നായരുടെ അഭിപ്രായം.

അങ്ങനത്തെ കൂട്ടുകാർ ആ ക്യാമ്പിൽത്തന്നെ ഉണ്ടു്. അതിന്നൊരു ഉദാഹരണം തോമസ്സും കൂട്ടുകാരും കിടക്കുന്ന മുറിതന്നെ. അവിടെ പോവുമ്പോഴെല്ലാം അയാൾക്കു് ഒരു നവോന്മേഷം തോന്നാറുണ്ടു്. എല്ലാം ഇണക്കമുള്ളവർ.

“തോമസ്സേ, ഞാൻ ഈ മുറിയിലേക്കു മാറും” പി. കെ. നായർ എപ്പോഴും പറയും.

“ഞങ്ങൾക്കെല്ലാം സന്തോഷമാണു്.” തോമസ്സ് പറയും.

പി. കെ. അതിനുള്ള വഴികളാലോചിച്ചു. ഒടുവിൽ സുബേദാർ മേജരുടെ അടുത്തുവരെ പോകേണ്ടിയിരിക്കുന്നു.

സുബേദാർ മേജരുടെ ബംഗ്ലാവിന്നു മുമ്പിൽ നായർ നിന്നു. അവിടെ വേറെയും ഒരുപാടു പേരുണ്ടു്. ലീവിൽ നിന്നു വന്നവർ, ആസ്പത്രിയിൽ നിന്നു വരുന്നവർ, ആസ്പതിയിൽ പോകുന്നവർ…അങ്ങിനെ… അങ്ങിനെ…

“ഫാളിൻ സിങ്കിൾ ലൈൻ.”[10] റജിമെന്റൽ ഹവിൽദാർ മേജർ ആജ്ഞാപിച്ചു. എല്ലാവരും സിങ്കിൾ ലൈനിൽ ഫാളിനായി നിന്നു. ഒരു നീളൻ തുണികഷണം കൊണ്ടു താടിരോമങ്ങൾ വരിഞ്ഞുകെട്ടിയ കുമ്പവയറനായ ഒരു സിക്കുകാരൻ ബംഗ്ലാവിന്റെ ഉള്ളിൽ നിന്നു പുറത്തേക്കു വന്നു. റെജിമന്റൽ ഹവിൽദാർ മേജർ പറഞ്ഞു: “റോൾക്കാൾ പരേഡ് അ…റ്റേ…ച്ചൻ. ഹിലോ മത്ത്.”[11]

എന്നിട്ടു് എബൌട്ടേണായി സല്യൂട്ടു് ചെയ്തു. സുബേദാർ മേജർ പറഞ്ഞു: “ടീകെ? സ്റ്റാൻഡ് അറ്റ് ഈസ്” റെജിമെന്റൽ ഹവിൽദാർ മേജർ വീണ്ടും എബൗട്ടേണായി പറഞ്ഞു: “ടീകെ, സ്റ്റാൻഡ്-അറ്റ്-ഈസ്”

സുബേദാർ മേജർ ആദ്യത്തെ ആളുടെ മുമ്പിൽ വന്നപ്പോൾ അയാൾ അറ്റൻഷനായി.

സുബേദാർ മേജർ ചോദിച്ചു: “ഊം, എന്താ?”

“സിക്കു് റിപ്പോർട്ട്.”

“എത്ര കാലമായി?”

“രണ്ടു കൊല്ലമായി.”

“ഇനിയും മാറിയില്ലേ?”

“ഇല്ല, ഒരിയ്ക്കൽ ഓപ്പറേഷൻ ചെയ്തു. പക്ഷേ, ശരിപ്പെട്ടില്ല.”

“അച്ഛാ, അച്ഛാ.”

രണ്ടാമത്തെ ആൾ അറ്റൻഷനായി.

“ഊം എന്താ?”

“എവിടെയാ സ്ഥലം”

“മദ്രാസ് പ്രവിശ്യയിൽ.”

“മലയാളോ, തെലുങ്കോ, തമിഴോ, ആരാണു് നീ!”

“മലയാളം.”

“കൊച്ചീലാ?”

“അല്ല. തിരുവിതാംകൂറിൽ.”

“നാട്ടിൽ മഴയുണ്ടോ?”

“ഇല്ല.”

“തുണി കിട്ടാനുണ്ടോ?

“കുറേശ്ശേ.”

“കൺട്രോളുണ്ടോ?”

“ഉണ്ടു്.”

“വേറെ വല്ല ബുദ്ധിമുട്ടും?”

“ഒന്നുമില്ല.”

മൂന്നാമത്തവൻ അറ്റൻഷനായി.

“എന്താ?”

“ആസ്പത്രിയിൽ നിന്നു്”

“എന്തേ സുഖക്കേടു്?”

“അരിശസ്സു്.”

“ഭേദമായോ?”

അങ്ങനെ ഓരോരുത്തരോടും ചോദിച്ചു ചോദിച്ചു സുബേദാർ മേജർ പി. കെ. നായരുടെ അടുത്തെത്തി.

“എന്താ നായർ?” സുബേദാർ മേജർ ചോദിച്ചു. സുബേദാർ മേജർക്കു നായരെ നല്ല പരിചയമാണു്. ഇടയ്ക്കിടയ്ക്കു പി. കെ. നായർ റം വാങ്ങിക്കൊണ്ടുവന്നു കൊടുക്കാറുണ്ടു്.

നായർ എല്ലാം പറഞ്ഞു. സുബേദാർ മേജർ പറഞ്ഞു. “പാഗൽ കഹീം കാ!”[12] എന്നിട്ടു നായരുടെ ഇഷ്ടം പോലെ മുറി മാറിക്കൊള്ളുവാൻ സമ്മതം കൊടുത്തു.

റോൾകാൾ പരേഡ് കഴിഞ്ഞപ്പോൾ പി. കെ. നായർ തോമസ്സിന്റെ മുറിയിലേക്കു ധൃതിവെച്ചു നടന്നു.

“ജസ്റ്റ് ലൈക് പാൽപായസം. യൂ സീ.”[13] എല്ലാവരും ശബ്ദം കേട്ട സ്ഥലത്തേക്കു നോക്കി. പി. കെ. നായർ ചിരിച്ചുകൊണ്ടു നില്ക്കുന്നു. പി. കെ. നായർ സാഹിത്യത്തിൽ പറഞ്ഞു:

“അങ്ങനെ ചിരകാല പ്രതീക്ഷിതമായ ആ ശുഭമുഹൂർത്തം സമാഗതമായിരിയ്ക്കുന്നു.”

“ഏതു മുഹൂർത്തം?” പണിക്കരും വർഗ്ഗീസും ഒപ്പം ചോദിച്ചു.

പി. കെ. നായർ പറഞ്ഞു: “ശ്രീമാൻ പി. കെ. നായർ ആയാളുടെ കൂട്ടുകാരുടെ മുറിയിലേയ്ക്കു് ഇതാ വരികയായി.”

“നേരോ” കരുണാകരൻ ജിജ്ഞാസയോടെ ചോദിച്ചു.

“ജി… ഹുസൂർ! നേരു്.”

തോമസ്സ് നോക്കിക്കൊണ്ടിരുന്ന ‘ആൽബം’ അടച്ചുവെച്ചു എഴുന്നേറ്റു പറഞ്ഞു: “എല്ലാവരും വരിൻ, പി. കെ. യുടെ സാധനങ്ങളെല്ലാം ഇപ്പോൾത്തന്നെ കൊണ്ടുവരണം.”

“ഓ റെഡി,” എല്ലാവരും എഴുന്നേറ്റു് തയാറായി.

പി. കെ. നായർ നടന്നു. പുറകെ മറ്റുള്ളവരും.

‘ലൊട്ടുലൊടുക്ക്’ സാധനങ്ങളെല്ലാം കിറ്റ് ബാഗിൽ നിറച്ചു കരുണാകരൻ നടന്നു. പെട്ടി തോമസ്സ് എടുത്തു. ബെഡ്ഡ് ചുരുട്ടിക്കൂട്ടി പണിക്കർ നടന്നു. വർഗ്ഗീസ് വലിയ ഹവർസാക്കു് എടുത്തു. മെസ്സ് ടിന്നും വാട്ടർബോട്ടിലും നായരും എടുത്തു. അതൊരു ഘോഷയാത്രയായിരുന്നു.

വർഗ്ഗീസ് പാടി: “കദം ബഢേ ചലോ…”

എല്ലാവരും മുറിയിൽ വന്നുകയറി. പി. കെ. നായർ കട്ടിലിന്റെ അയഞ്ഞുകിടക്കുന്ന പുതിയ ചൂടിക്കയറുകൾ വലിച്ചു മുറുക്കിക്കെട്ടി. ബെഡ്ഡ് വിരിച്ചു. എന്നിട്ടു് ആശ്വാസപൂർവ്വം കട്ടിലിൽ ഇരുന്നുകൊണ്ടു് പറഞ്ഞു: “ജസ്റ്റ് ലൈക് പാല്പായസം, യൂ സീ.

തോമസ്സിന്റെ കട്ടിലിൽ കിടക്കുന്ന ‘ആൽബം’ പി. കെ. നായർ കടന്നെടുത്തു മറിച്ചുനോക്കി എല്ലാം സിനിമാതാരങ്ങളുടെ ഫോട്ടോകളാണു്.

പി. കെ. നായർക്കു സിനിമയൊന്നും അത്ര ഇഷ്ടമല്ല. വല്ലവരും നിർബന്ധിച്ചാൽ പോവും. കുറെ കഴിഞ്ഞാൽ ഉറങ്ങുകയും ചെയ്യും. തോമസ്സ് അങ്ങിനെ അല്ല. വലിയ സിനിമാ ഭ്രാന്തനാണു്. ഇംഗ്ലീഷ് പടങ്ങളോടാണു് അധികം ഇഷ്ടം… എല്ലാ ഇംഗ്ലീഷ് നടീ-നടന്മാരുടേയും പേരുകൾ തോമസ്സിന്നു് മനഃപാഠമാണു്. പി. കെ. നായർ ഒരു ഫോട്ടോയിൽ വിരലുന്നിക്കൊണ്ടു് ചോദിച്ചു: “തോമസ്സേ, ഇതു് ഏതവളാ?”

“ഗ്രീയർ ഗാർസൻ.”

“ഇതോ?”

“ഗ്രേറ്റാ ഗാർബോ.”

“ഇതോ?”

“വിവിയൻ ലീ”

“ഇതോ?”

“ആവാ ഗാർഡ്നർ”.

“ഇതോ?”

“ഇൻഗ്രീഡ് ബർഗ്മേൻ”

“ഇതോ?”

“റൂത്തു് റോമൻ.”

“അപ്പോൾ ആണുങ്ങളുടെ ഒന്നുമില്ലേ?” പി. കെ. നായർ ചോദിച്ചു.

“ഇല്ല. എന്നാൽ ഇല്ലേ? ഉണ്ടു്. മൂന്നാളുടെ മാത്രം, ഒടുവിലത്തെ പേജ് നോക്കു്.”

പി. കെ. നായർ ഒടുവിലത്തെ പേജ് നോക്കി. “ആരൊക്കെയാണിതു്?”

“ഗ്രെഗറി പെക്, സ്റ്റൂവർട്ടു് ഗ്രഞ്ചർ, മാർലിൻ ബ്രാൻഡോ.”

പി. കെ. നായർ ആൽബം അടച്ചുവെച്ചു പെട്ടിതുറന്നു് ഒരളുക്കിൽ നിന്നു കടുകുമണിയോളം വരുന്ന ഒരു സാധനം നുള്ളിയെടുത്തു് ഉള്ളം കയ്യിൽ വെച്ചു: ‘കഞ്ചാവ്.’

“ഈയാൾക്കു് ഈ പണിയുണ്ടോ?”

“പി. കെ. യ്ക്കു് എല്ലാ പണിയുമുണ്ടു്. പി. കെ. സർവ്വജ്ഞനാണ്… ഓം ശാന്തിഃ.” പി. കെ. നായർ കണ്ണുകളടച്ചു. ഭക്തിനിലീനനായി പറഞ്ഞു.

കഞ്ചാവിന്റെ മണം പരന്നു. വർഗ്ഗീസ് മൂക്കു പൊത്തി, പണിക്കർ പറഞ്ഞു: “കേട്ടോ പി. കെ. ഇതു നന്നല്ല.”

“പണിക്കരേ, തനിയ്ക്കെന്തറിയാം? കുരങ്ങന്മാരെന്തറിഞ്ഞു വിഭോ! എന്നാണു് പുരാണം ഉല്ഘോഷിക്കുന്നതു്… ജസ്റ്റ് ലൈക് പാൽപായസം. യൂ സീ. റാം ശാന്തിഃ ശാന്തിഃ.”

“പണിക്കർ പറയുന്നതു ശരിയാണു്. കഞ്ചാവു വലി നന്നല്ല.” തോമസ്സ് പറഞ്ഞു.

“എടോ, മാപ്ലേ, തനിയ്ക്കെന്തറിയാം? സ്വല്പം കഞ്ചാവു വലിച്ചാൽ ഒരു ഡസൻ ചപ്പാത്തി തട്ടിവിടാം. തടി ഇങ്ങട്ടു് പോരും. ഓം ശാന്തിഃ ശാന്തിഃ.”

“നേരം എട്ടുകഴിഞ്ഞു. വല്ലതും രണ്ടു പരുക്കൻ അടിയ്ക്കേണ്ടെ?” കരുണാകരൻ ഓർമ്മിപ്പിച്ചു. വർഗ്ഗീസ് പാടി.

നിന്നാത്മനായകനിന്നു രാവിൽ

വന്നിടും, വന്നാൽ നീ എന്തു ചെയ്യും

കോണിലെങ്ങാനുമൊളിഞ്ഞിരുന്നു…

“മതി, മതി, വർഗ്ഗീസിന്നു പാടാനറിയാമല്ലോ.”

പി. കെ. നായർ പറഞ്ഞു: വർഗ്ഗീസേ, നീ പാട്ടും കൊണ്ടു് ആയരുതു് കേട്ടോ.”[14] തോമസ്സ് കളിയാക്കി. കരുണാകരൻ പ്ലേറ്റും കപ്പും കൂട്ടിമുട്ടിച്ചു ശബ്ദമുണ്ടാക്കി പറഞ്ഞു:

“വരിൻ, വരിൻ. കുറച്ചുകൂടി കഴിഞ്ഞാൽ മെസ്സിൽ ഒന്നും കാണുകയില്ല.”

എല്ലാവരും പ്ലേറ്റും കപ്പുമെടുത്തു തയ്യാറായി. മഞ്ഞുകട്ടകളിൽ കാലടികൾ എടുത്തെടുത്തു വെച്ചു കൊണ്ടു് അവർ മെസ്സിലേക്കു പോയി…

മൂന്നു്

കേബിൾ ഡ്രമ്മും കട്ടിങ്ങ് പ്ലെയറും ഏണിയുമായി തോമസ്സ് പുറപ്പെട്ടപ്പോൾ വർഗ്ഗീസ് ചോദിച്ചു: ഇന്നു് എങ്ങോട്ടാ ഇത്ര നേരത്തെ?”

“സോണ മാർഗ്ഗിലേക്കു്.”

“ഊം?”

“ട്രങ്ക് ലൈൻ ഡൗൺ ആയിരിയ്ക്കുന്നു.”

“സോണ മാർഗ്ഗിൽ നല്ല മീൻ കിട്ടും. കുറച്ചു വാങ്ങിക്കൊണ്ടു വാ.”

തോമസ്സ് കേൾക്കാത്ത ഭാവത്തിൽ നടന്നു പോയി. അവന്നു മീൻ വേണമത്രേ! എപ്പോഴും തിന്നണമെന്നേ വിചാരമുള്ളു. ഈ മഞ്ഞുകാലത്തു് പുറത്തിറങ്ങി നോക്കണം ബുദ്ധിമുട്ടു് അറിയണമെങ്കിൽ…അവൻ ക്ലാർക്കാണു്. ഇരുന്നേടത്തു് ഇരുന്നാൽ മതി.

തോമസ്സ് ലൈൻമേനാണു്. ഈ തണുപ്പുകാലത്തു ‘ലൈൻമേ’ന്റെ പണി കടുത്തതാണു്. കമ്പിക്കാലുകളിൽ കയറുമ്പോൾ ഉരസി വീഴും. എന്തിന്നു് കമ്പിക്കാലിൽ പിടിയ്ക്കുമ്പോഴേയ്ക്കും കൈ മരവിച്ചുപോവും. പിന്നെ, കമ്പിക്കാലുകൾ നാട്ടിയിരിയ്ക്കുന്നതു് കുന്നിൻപള്ളങ്ങളിലും മലമുകളിലുമാണു്. മലകൾ കയറിയിറങ്ങി മടുത്തു. ഒരു ദിവസം എത്ര പ്രാവശ്യമാണു് ഉരസി വീഴുക?

എത്രയെത്ര കമ്പിക്കാലുകൾ കുഴിച്ചിട്ടു? എത്രയെത്ര കേബിളുകൾ ഇട്ടു? ആദ്യം ഇവിടെ വന്നപ്പോൾ വല്ലതുമുണ്ടായിരുന്നുവോ? ഇന്നിവിടെയുള്ള ‘എക്സ്ചേഞ്ചിന്റെ’ വയറിങ്ങ് മുഴുവനും തോമസ്സ് ഒരുത്തൻ ചെയ്തതാണു്. “എക്സ്ചേഞ്ചിനടുത്തുള്ള ടെർമിനൽ ബോക്സിൽനിന്നു പോവുന്ന ഓരോ ലൈനും തോമസ്സിന്നു നല്ല നിശ്ചയമാണു്. എന്തായിട്ടെന്താ? ഒടുവൽ എന്താണുണ്ടായത്? ഒരു ‘വര’യുള്ളതു പോയി.

അന്നത്തെ കുടി കുറച്ചു കടന്നുപോയി. കല്പിച്ചുകൂട്ടി കുടിച്ചതൊന്നുമായിരുന്നില്ല. കുടിക്കുമ്പോൾ അങ്ങനെയാണു്. ലഹരി കയറിയാൽ ശരശരാന്നു കുടിയ്ക്കുവാൻ തോന്നും. അതു് എല്ലാവരുടേയും സ്വഭാവമാണു്.

ലാൻസ് നായ്ക്കിൽനിന്നു് ശിപ്പായിയാക്കി തരംതാഴ്ത്തുമെന്നൊന്നും തോമസ്സ് വിചാരിച്ചിരുന്നില്ല. അത്ര വലിയ കുറ്റം വല്ലതും ചെയ്തുവോ? കുറച്ചധികം കഴിച്ചു. വെളിവുകെട്ടു. വെളിവില്ലാതെ എന്തൊക്കെയോ ചെയ്തു. ഒന്നും ബോധപൂർവ്വം ചെയ്തതല്ല. ബോധമില്ലാതെ വല്ലതും ചെയ്യുമ്പോൾ അതു കാര്യമായെടുക്കാമോ?

ഒരു ‘വര’യുള്ളതു പോയതിന്നുശേഷം തോമസ്സിന്നു് ഉത്സാഹം കുറഞ്ഞിരിയ്ക്കയാണു്. കുടിയും കുറച്ചൊന്നു നിർത്തിയിരിക്കുന്നു. ഒട്ടും കുടിക്കാതെ വയ്യ. തണുപ്പു സഹിയ്ക്കണ്ടെ? തണുപ്പത്തു് അടച്ചിരിക്കുകയാണെങ്കിൽ കുടിയ്ക്കാതിരിയ്ക്കാം. അതിനു സാധിക്കുമോ? നേരം പുലർന്നാൽ ‘ലൈൻ’ നോക്കുവാൻ പോവണം. പുറത്തേക്കിറങ്ങുമ്പോഴേയ്ക്കും തണുപ്പു കൂടുതലാവും. മഞ്ഞു തെരുതെരെ വീഴുമ്പോൾ തണുപ്പു സഹിയ്ക്കാം. മഞ്ഞു വീണു കട്ടിയായി കിടക്കുമ്പോഴാണു് തണുപ്പു ഭയങ്കരം. അപ്പോൾ സ്വല്പം കുടിക്കാതെ വയ്യ. ശരിക്കു പറഞ്ഞാൽ കാശ്മീരിൽ പ്രവൃത്തിയെടുക്കുന്നതു് ‘റ’മ്മാണു്. മനുഷ്യരല്ല, യന്ത്രവുമല്ല. കുപ്പിയുടെ അടപ്പു തുറന്നു ‘റം’ അണ്ണാക്കിലേയ്ക്കൊഴിക്കുന്നു. പിന്നെ ഞരമ്പുകളിലെല്ലാം ചുടുചോര ഓടുകയായി. പഞ്ചേന്ദ്രിയങ്ങളും കരുത്തു് ഉൾക്കൊള്ളുന്നു. പിന്നെ എന്തുമാവാം. മലമുകളിൽ ഓടിക്കയറാം. മലമുകളിൽ നിന്നു ചാടിവീഴാം. എല്ലാമാവാം. റമ്മിന്റെ ലഹരി നിന്നുവോ, പിന്നെ ഒന്നും വയ്യ…

തോമസ്സ് പുറത്തു പോവുമ്പോഴെല്ലാം ഗ്രെയ്റ്റ് കോട്ടിന്റെ കീശയിൽ ഒരു കുപ്പി ‘റം’ സൂക്ഷിച്ചു വെക്കും. ഇടയ്ക്കിടക്കു കുറേശ്ശേ ചൂടാക്കും. രക്തത്തിനു ചൂടുപിടിക്കാൻ. തോമസ്സ് നായ്ക്കന്മാരെപ്പോലെ പണിയെടുക്കും…

തോമസ്സിന്റെ ജീവിതം വളരെ ശോചനീയമാണു്. ജീവിതത്തിൽ ഒന്നല്ല, ഒരായിരം പ്രശ്നങ്ങളുണ്ടു് തോമസ്സിന്നു്. എല്ലാം നടക്കുന്ന പ്രശ്നങ്ങളാണു്. ആലോചിക്കുമ്പോൾ അന്തം കിട്ടുകയില്ല. തലക്കു വെളിവു തോന്നുമ്പോൾ ആലോചിച്ചുപോവും. ആലോചിച്ചാലോചിച്ചു ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നും.

വീട്ടിൽ ആണുങ്ങളാരുമില്ല. കെട്ടിയ്ക്കാറായ രണ്ടു പെങ്ങന്മാരും പ്രായം ചെന്ന അമ്മയും കണ്ടുകൊതിതീരാത്ത ഭാര്യയുമാണു് വീട്ടിലുള്ളതു്. അവർ അരിഷ്ടിച്ചു കഴിയുകയാണു്. അവരെക്കുറിച്ചോർക്കുമ്പോൾ തോമസ്സ് നടുങ്ങും… അധികം ഓർക്കാതിരിക്കാൻ ഇത്തിരി ‘റം’ കുടിക്കുന്നതു നല്ലതാണെന്നാണു് തോമസ്സിന്റെ പക്ഷം. അല്ലാതെ ‘റം’ കുടിക്കുന്നതു് അവസ്ഥയ്ക്കുവേണ്ടിയൊന്നുമല്ല.

തോമസ്സ് വേഗം വേഗം നടന്നു മെസ്സിൽക്കയറി “ഡ്രൈ റേഷൻ വാങ്ങി ഹാവർസാക്കിൽ സൂക്ഷിച്ചുവെച്ചു. എപ്പോഴാണു് മടങ്ങുക എന്നറിയില്ല.

ഗാരേജിൽ ചെന്നപ്പോൾ ട്രക്ക് തയാറായിക്കഴിഞ്ഞിട്ടില്ല. ഡ്രൈവർ എവിടെ പോയിരിക്കയാണാവോ? ചുറ്റും നോക്കി, കാണുന്നില്ല.

കേബിൾ ഡ്രമ്മും ഏണിയും ട്രക്കിൽ എടുത്തു വെച്ചു.

കുറച്ചകലെ ‘ഗാർഡ് പ്രാക്റ്റിസ്’ നടക്കുകയാണു്. റെജിമെന്റ് ഹവിൽദാർ മേജറാണു് ഗാഡ് പ്രാക്റ്റിസ് എടുക്കുന്നതു്. തോമസ്സ് സൂക്ഷിച്ചു നിന്നു.

“സ്ലോപ്പ് ആം ആഡർ ആം” ഒന്നും ശരിയാവുന്നില്ല. ആർ.എച്ച്.എം.[15] പിന്നെ “ബൈ നംബറിൽ” ചെയ്യിക്കാൻ തുടങ്ങി: “സ്ലോപ്പ് ആം ബൈ നംബർ വൗൺ ടു ത്രീ”

ഈ തണുപ്പത്തു കുറച്ചു ഭയങ്കരം തന്നെയാണു് ഗാർഡ് പ്രാക്റ്റീസ്, ഡ്രൈവർ വന്നു പറഞ്ഞു: ‘ചലോ ചലോ.’ തോമസ്സ് ട്രക്കിൽ കയറി ഇരുന്നു.

ട്രക്ക് നീങ്ങിയപ്പോൾ തണുപ്പു് അധികമായി. തോമസ്സ് മഫ്ലർ എടുത്തു തലയിൽ കെട്ടി. എങ്ങോട്ടു നോക്കിയാലും മഞ്ഞുതന്നെ. മരങ്ങളിൽ ഒരില പോലുമില്ല. മരക്കൊമ്പുകളിൽ പഞ്ചസാരക്കട്ടകൾ പോലെ മഞ്ഞുകട്ടകൾ കിനിഞ്ഞു കിനിഞ്ഞു നിന്നു. കാശ്മീർ മഞ്ഞുകാലത്തു് സുന്ദരിയായ ഒരു മൊട്ടച്ചി അമ്മ്യാരെപ്പോലെയാണു്.

ലോറി പതുക്കെപ്പതുക്കെ ഓടിക്കൊണ്ടിരുന്നു. ഒരു നാലഞ്ചു നാഴിക ചെന്നപ്പോൾ ചെറിയൊരു ‘ബസാർ’ കണ്ടു. ടക്കു് നിർത്തി തോമസ്സും, ഡ്രൈവറും ബസാറിലേയ്ക്കു പോയി. പഴങ്ങൾ നിരത്തി വച്ചിരിയ്ക്കുന്ന ഒരു കടയിലേയ്ക്കു കയറി, നരച്ച വട്ടത്താടിയിൽ ചുവപ്പുനിറം കയറ്റിയ ഒരു മുസ്ലിം വൃദ്ധൻ ഹുക്ക വലിച്ചുകൊണ്ടിരിക്കയാണു്. രണ്ടു പട്ടാളക്കാരെ കണ്ടപ്പോൾ ആ കിഴവൻ ഉപചാരപൂർവ്വം എഴുന്നേറ്റു നിന്നു പറഞ്ഞു:

“വരണം. വരണം ബാബൂ.”

തോമസ്സും ഡ്രൈവറും കിഴവന്റെ അടുത്തേക്കു ചെന്നു. സാമാന്യം ഭേദപ്പെട്ട ഒരു കടയാണതു്. ആപ്പിൾ പഴങ്ങൾ ഭംഗിയിൽ നിരത്തിവെച്ചിരിക്കുന്നു. പിന്നീടു് അക്രൂട്ട്, ബദാം, മുന്തിരിങ്ങ, എല്ലാമുണ്ടു്.”

തോമസ്സ് കുറച്ചു ബദാമും അക്രൂട്ടും വാങ്ങി ഗ്രെയ്റ്റ് കോട്ടിന്റെ കീശയിൽ നിറച്ചു. പിന്നെ ഒരു പേക്കറ്റ് സ്റ്റാർ സിഗരറ്റും വാങ്ങി.

കിഴവൻ ചോദിച്ചു: “നിങ്ങൾ മദ്രാസികളാണു് അല്ലേ?”

“ജീ” തോമസ്സ് പറഞ്ഞു.

“മദ്രാസികൾ നല്ലവരാണു്” കിഴവൻ അഭിപ്രായപ്പെട്ടു.

നല്ലവർ എല്ലാ സ്ഥലത്തുമുണ്ടു്. ചീത്തവരുമുണ്ടു്. അതു വേണ്ടതാണെന്നാണു് തോമസ്സിന്റെ അഭിപ്രായം. ലോകം മുഴുവനും, നല്ലവരെക്കൊണ്ടു നിറഞ്ഞതാണെങ്കിലും ഒരു പന്തിയില്ലായ്മയുണ്ടാവും. ലോകം നല്ലവരെക്കൊണ്ടും ചീത്തവരെക്കൊണ്ടും നിറഞ്ഞതാവണം.

കിഴവൻ സംസാരം നിർത്താനുള്ള ഭാവമില്ല. ലഹളക്കാർ തന്റെ ഗ്രാമത്തെ വളഞ്ഞാക്രമിച്ച കഥ ആവേശപൂർവ്വം പറയുവാനാരംഭിച്ചു. ഒരർദ്ധരാത്രിക്കാണത്രെ ലഹളക്കാർ ഗ്രാമത്തിൽ കടന്നതു്. അവരുടെ കൈകളിൽ ആളിക്കത്തുന്ന പന്തങ്ങൾ, കഠാരികൾ, വെട്ടുകത്തികൾ, എല്ലാമുണ്ടായിരുന്നുവത്രെ. അവരെക്കണ്ടാൽത്തന്നെ ഭയം തോന്നും. നീണ്ടു ചെമ്പിച്ച തലമുടി. താടിയെല്ലുകൾവരെ നീണ്ടുകിടക്കുന്ന കൃതാവ്, കനൽക്കട്ടകൾ പോലെയുള്ള കണ്ണുകൾ. കിഴവൻ എല്ലാം വിസ്തരിച്ചു പറഞ്ഞതു കേട്ടപ്പോൾ തോമസ്സുതന്നെ ഒന്നു നടുങ്ങി.

ഒരു രാത്രികൊണ്ടു് അവർ ഗ്രാമം ഒരു ശ്മശാനമാക്കി മാറ്റിയത്രെ. ക്ഷേത്രങ്ങൾ ഇടിച്ചുനിരത്തി. പശുക്കളെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി. അതു പോലെത്തന്നെ മനുഷ്യരേയും തുണ്ടം തുണ്ടമായി വെട്ടി എറിഞ്ഞു. ഖുദാ. എന്തൊരു രംഗമാണതു് ചുടുചോരയുടെ മണം, ദീനാക്രന്ദനങ്ങൾ, അട്ടഹാസങ്ങൾ, ദൈവങ്ങളെ വിളിച്ചുള്ള പ്രാർത്ഥനകൾ.

രാവിലെയാണു് പട്ടാളക്കാർ വന്നതു്. എല്ലാം മദ്രാസി പട്ടാളക്കാർ. അവർ ഗ്രാമത്തിൽ മരിക്കാത്തവരെ രക്ഷിച്ചു. മരിച്ചവരുടെ ശവത്തുണ്ടങ്ങൾ ശേഖരിച്ചു കുഴിച്ചിട്ടു… “ഞങ്ങൾ പട്ടാളക്കാരെ മറക്കുകയില്ല.” അതു പറഞ്ഞപ്പോൾ ആ കിഴവന്റെ അഗാധതയിൽനിന്നു നോക്കുന്ന കണ്ണുകളിൽ നനവു പൊടിഞ്ഞിരുന്നു. തോമസ്സ് എല്ലാം ശ്രദ്ധിച്ചുകേട്ടു. കടയൽ നിന്നിറങ്ങിയപ്പോൾ വെള്ള പെയിന്റടിച്ച ഒരു ജീപ്പ് മുന്നിൽ വന്നുനിന്നു. അതിൽനിന്നു് ഒരു ക്യാപ്ടനും ഒരു ശിപ്പായിയും ചാടി ഇറങ്ങി. അവർ കൈയിൽ ആറം ബാൻഡ് കെട്ടിയിട്ടുണ്ടു്. ആറം ബാൻഡിൽ “എം.പി.” എന്നെഴുതിയിട്ടുണ്ടു്. അവർ മിലിറ്ററി പോലീസ്സാണ്.

ക്യാപ്ടൻ തോമസ്സിനോടു് ചോദിച്ചു: “ഡ്യൂട്ടി സ്ലിപ്പ്?”

തോമസ്സ് ഡ്യൂട്ടി സ്ലിപ്പ് ഡ്രൈവരുടെ പക്കൽ നിന്നു വാങ്ങി കാണിച്ചുകൊടുത്തു.

“ഓൾ റൈറ്റ്.”

ക്യാപ്റ്റൻ ജീപ്പിൽ ചാടിക്കയറി പോയി. തോമസ്സ് ട്രക്കിൽ യാത്രതുടർന്നു. ഒരഞ്ചെട്ടു നാഴിക പിന്നെയും പോയപ്പോൾ ട്രക്ക് നിർത്തി. അവിടെ റോഡരുകിൽ ഒരു കമ്പിക്കാലു വീണുകിടക്കുകയാണു്. അതുകൊണ്ടാവണം ടെലിഫോൺ ലൈനിനു തകരാറു പറ്റിയിരിയ്ക്കുന്നതു്.

തോമസ്സും ഡ്രൈവറും ചേർന്നു് കമ്പിക്കാലു പിടിച്ചു പൊക്കി ശരിക്കു കുഴിച്ചിട്ടു. അറ്റു പോയിരുന്ന കേബിൾ ഏച്ചുകൂട്ടി ശരിപ്പെടുത്തി. എല്ലാം ശരിയായി ഹവർ സാക്കിൽ നിന്നു് ബിസ്കറ്റും ജാമും എടുത്തു തിന്നു. എന്നിട്ടു കുറച്ചുനേരം വിശ്രമിച്ചു. നേരം വൈകുകയാണു്. തോമസ് ട്രക്കിൽ കയറി തിരിച്ചു ബാക്കിൽ വന്നപ്പോഴേയ്ക്കും സന്ധ്യമയങ്ങിയിരുന്നു.

വർഗ്ഗീസ് ചോദിച്ചു: “മീൻ കൊണ്ടുവന്നില്ലേ?”

“മീൻ കൊണ്ടുവരുന്നു! മനുഷ്യന്നു് ഇങ്ങു വന്നുപറ്റിയാൽ മതി എന്നായിരുന്നു.”

തോമസ്സ് കാലിൽനിന്നു ഗിൽഗട്ടു ബൂട്ടു് വലിച്ചൂരി. സോക്സ് നല്ലപോലെ നനഞ്ഞിരിയ്ക്കുന്നു. സോക്സ് അഴിച്ചു ബുക്കാരിയുടെ കുഴലിൽ ഉണങ്ങാനിട്ടു. എന്നിട്ടു് ഇളം ചൂടുള്ള വെള്ളത്തിൽ ഉപ്പിട്ടു കാലടികൾ വൃത്തിയായി കഴുകിത്തുടച്ചു. പിന്നെ ‘ഫുട്പൗഡർ’ ഇട്ടു. എന്തെന്നില്ലാത്തൊരു ആശ്വാസം തോന്നി. തോമസ്സ് ആരോടെന്നില്ലാതെ പറഞ്ഞു: “കത്തു് കിട്ടിയിട്ടു് മൂന്നാഴ്ചയായി.”

“എനിയ്ക്കു് കത്തു കിട്ടിയിട്ടു് മാസം ഒന്നര കഴിഞ്ഞു. ഞാൻ എഴുതാറുമില്ല.” പി. കെ. നായർ പറഞ്ഞു.

“ഇയാളുടെ നാട്ടിൽ പോസ്റ്റാഫീസുണ്ടോ?”

“അതു പോട്ടെ, നമ്മടടുത്താ കളിയ്ക്കണ്”.

“നിങ്ങൾ കത്തയക്കാതിരിക്കുന്നതു് മോശമാണു്. ഒന്നുമില്ലെങ്കിലും അമ്മയെ ഓർക്കണ്ടേ?” പണിക്കർ പറഞ്ഞു.

“അമ്മയ്ക്കു് എന്നെക്കൂടാതെ വേറെയും മൂന്നാൺമക്കളുണ്ടു്. കണ്ടാൽ സ്റ്റെയ്റ്റ് ഫോഴ്സുകാരെ പോലിരിയ്ക്കും. ജസ്റ്റ് ലൈക്കു് പാല്പായസം, യൂ സീ.” പി. കെ. നായർ.

“അമ്മയ്ക്കു മക്കളെല്ലാം ഒരുപോലെയാണു്” പണിക്കർ പറഞ്ഞു.

“അതു ശരിയാണു്.” പി. കെ. നായർ.

“കത്തയക്കാൻ കണിശതവേണെങ്കി കല്യാണം കഴിയ്ക്കണം. തോമസിനെ ശ്രദ്ധിച്ചോ”—വർഗ്ഗീസ്

“പട്ടാളത്തിലുള്ളടത്തോളം കാലം കല്യാണം നമുക്കു വേണ്ട.”—പി. കെ. നായർ.

“പട്ടാളത്തിൽനിന്നു പിരിയുമ്പോഴേക്കും വയസ്സാവും. അപ്പോൾ പെണ്ണു കിട്ടില്ല.”—വർഗ്ഗീസ്.

“വേണ്ടാ, തീർന്നില്ലേ?” പി. കെ. നായർ.

“ഒന്നു ചുമ്മാ ഇരിക്ക്വോ?” തോമസ്സ് ചൊടിച്ചുകൊണ്ടു പറഞ്ഞു.

“സൈലൻസ് പ്ലീസ്, സൈലൻസ് പ്ലീസ്. തോമസ്സ് മറിയമ്മയെക്കുറിച്ചാലോചിക്കുമ്പോൾ ശബ്ദമുണ്ടാക്കരുതു്.”—വർഗ്ഗീസ്.

“ഐസീ, അപ്പോൾ തോമസ്സ് ഇപ്പോൾ മറിയമ്മയെക്കുറിച്ചാലോചിക്കുകയാണോ?” പി. കെ. നായർ.

“ഒന്നു ചുമ്മാതിരുന്നേ, പി. കെ.” തോമസ്സ് അപേക്ഷിച്ചു

എല്ലാവരും ബെഡ്ഡുകളിൽ വന്നുകിടന്നു. തോമസ്സ് കണ്ണുകളടച്ചു മറിയമ്മയെക്കുറിച്ചോർത്തു. ഇപ്പോൾ അവൾ കിടന്നിരിയ്ക്കുമോ? ഒരുപക്ഷേ, അവളും തന്നെക്കുറിച്ചോർക്കുന്നുണ്ടായിരിക്കണം. അവളെ ‘നേരെ ചൊവ്വേ’ ഒന്നു കാണാൻ കൂടി സാധിച്ചിട്ടില്ല. വിവാഹത്തിനുശേഷം വെറും ഒരാഴ്ചയേ നാട്ടിലുണ്ടായിരുന്നുള്ളു. അപ്പോഴേക്കും ലീവ് അവസാനിച്ചു. പോരുമ്പോൾ അവളോടു് യാത്രപറഞ്ഞതുപോലുമില്ല. ഹൃദയം വിങ്ങിപ്പൊട്ടാറായി നില്ക്കുകയായിരുന്നു. അപ്പോൾ എങ്ങനെ യാത്രപറയാനാണു്? പോരുന്ന ദിവസം രാവിലെ തോമസ്സ് പറഞ്ഞു: “പോവുമ്പോൾ ഞാൻ ഒന്നും പറയില്ല. എനിക്കു നിന്നെ നേരെ കാണാനുള്ള കരുത്തില്ല.”

അവൾ ചിണുങ്ങിക്കരയുവാൻ തുടങ്ങി. ഓ! അന്നവൾ എത്രനേരം കരഞ്ഞു. ഈ ഭാര്യാഭർത്തൃ ബന്ധം വേഗത്തിൽ എങ്ങനെയാണു് വേരുറയ്ക്കുന്നതു്? തോമസ്സ് അന്നു് ആലോചിയ്ക്കുകയുണ്ടായി. ആലോചിക്കേണ്ട കാര്യമാണതു്. ഒരു പരിചയവുമില്ലാത്ത ഒരാണും ഒരു പെണ്ണും ഒന്നിയ്ക്കുന്നു. എത്ര വേഗത്തിലാണു് ആ ജീവിതത്തിൽ വേരോടുന്നതു്.

തോമസ്സ് ഒന്നു തിരിഞ്ഞുകിടന്നു. ഉറക്കം വരുന്നില്ല. എങ്ങനെ ഉറക്കം വരാനാണു്? ഇന്നു് ഒരു തുള്ളി കുടിച്ചിട്ടില്ല. തലക്കു വെളിവ് വീണിരിയ്ക്കയാണു്. എല്ലാവരെപ്പറ്റിയും ആലോചിച്ചു പോകുന്നു. ചിന്തകൾ മസ്തിഷ്കത്തെ തല്ലി ഉടയ്ക്കുകയാണു്. വീട്ടിൽ പ്രായം ചെന്ന അമ്മയും കെട്ടിക്കാറായി നില്ക്കുന്ന രണ്ടു പെങ്ങന്മാരുമുണ്ടു്. പിന്നെ മറിയാമ്മയുമുണ്ടു്. ആണുങ്ങളാരുമില്ല. ആലോചിക്കുമ്പോൾ നടുങ്ങുന്നു.

രണ്ടു പെങ്ങന്മാരെ കെട്ടിച്ചുകൊടുക്കണം. അതൊരു വമ്പിച്ച പ്രശ്നമാണു്. പെങ്ങന്മാർ പ്രായം തികഞ്ഞു നില്ക്കുമ്പോൾ താൻ പെണ്ണുകെട്ടിയതു് നന്നായില്ലെന്നു തോമസ്സിന്നറിയാം. വേണ്ടിവന്നതാണു്. ഇന്നു തോമസ്സ് പെണ്ണുകെട്ടിയിരുന്നില്ലെങ്കിൽ ഒരു കുടുംബം മുഴുവനും വഴിയാധാരമായിക്കഴിയുമായിരുന്നു.

താമസിക്കുന്ന പുരയിടം മാത്യു മാപ്പിളക്കു പണയമായിരുന്നു. അപ്പന്നു് സുഖക്കേടായപ്പോൾ അഞ്ഞൂറു രൂപാ മാത്യു മാപ്പിളയോടു കടം വാങ്ങി. അതൊരാവശ്യമായിരുന്നു. അപ്പനെ ചികിത്സിക്കേണ്ടേ? വേണ്ടപ്പോൾ വേണ്ടതു ചെയ്യണം. എന്നിട്ടു് എന്താണുണ്ടായത്? ഭാരമെല്ലാം തന്റെ ചുമലിൽ കേറ്റിവെച്ച് അപ്പൻ പോയി. അപ്പൻ മരിച്ച വാർത്ത കേട്ടപ്പോൾ തോമസ്സ് മോഹാലസ്യപ്പെട്ടു വീണു. അന്നു് കൽക്കത്തയിലായിരുന്നു. മരണസമയത്തു് അപ്പനെ ഒന്നു കാണാനും കൂടി കഴിഞ്ഞില്ല.

ഇന്നു ഭാരമെല്ലാം തോമസ്സിന്റെ തലയിലാണു്. പ്രായം തികഞ്ഞുനില്ക്കുന്ന പെണ്ണുങ്ങൾ അഗ്നി പർവ്വതം പോലെയാണു്. ഏതു നിമിഷത്തിലാണു് പൊട്ടിത്തെറിയ്ക്കുക എന്നറിഞ്ഞുകൂടാ, പെങ്ങന്മാരെക്കുറിച്ചാലോചിക്കുമ്പോൾ തോമസ്സിന്നു് ഒരെത്തും പിടിയും കിട്ടില്ല. അവർ മുറ്റി വളർന്നു നിൽക്കുകയാണു്. സൌന്ദര്യവുമുണ്ടു്. സൌന്ദര്യത്തെക്കാൾ വില സമുദായത്തിൽ പണത്തിന്നാണു്. എത്രയെത്ര സുന്ദരികൾ സമുദായത്തിൽ വളർന്നു നില്ക്കുന്നു. പണമില്ലെന്ന കാരണത്താൽ അവരാരും വിവാഹിതരാവുന്നില്ല. അതേസമയത്തു് പണമുള്ള വിരൂപിണികൾ വിവാഹിതരാകുന്നു. ലോകം നിൽക്കുന്നതു് പണത്തിന്മേലാണു്. ഓരോ ലീവിൽ പോവുമ്പോഴും തോമസ്സ് സഹോദരിമാരുടെ വിവാഹകാര്യത്തെക്കുറിച്ചു് അന്വേഷിച്ചു. പരിശ്രമിച്ചു. ഒന്നും സാധിച്ചില്ല. അങ്ങനെ നിരാശനായി ലീവ് കഴിഞ്ഞു തിരിച്ചുവരും. അവർ ചീത്തത്തങ്ങളിലേയ്ക്കൊന്നും പോവരുതേ എന്നു പ്രാർത്ഥിക്കുകയും ചെയ്യും. ചീത്തത്തങ്ങളിലേയ്ക്കു് മനസ്സു് തിരിഞ്ഞാൽ എല്ലാവരും കുരയ്ക്കുവാനും അകറ്റുവാനും തുടങ്ങും.

മാത്യു മുതലാളി പണത്തിനുവേണ്ടി ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എവിടേയും സമാധാനമില്ല. കത്തുകൾക്കു പുറകെ കത്തുകൾ. മാത്യു മാപ്പിളയുടെ ഭീഷണിപ്പെടുത്തുന്ന കത്തുകൾ, അമ്മയുടെ നിസ്സഹായത വെളിപ്പെടുത്തുന്ന കത്തുകൾ, എല്ലാം കൂടി തോമസ്സ് വീർപ്പുമുട്ടി ചക്രശ്വാസം വലിച്ചു.

ഒടുവിൽ എല്ലാം ശരിക്കു മനസ്സിലാക്കിക്കൊണ്ടു തന്നെ ഒരു പെണ്ണുകെട്ടി. ഒരുദ്ദേശത്തെ മുൻനിർത്തിയാണതുണ്ടായതു്. സ്ത്രീധനം അഞ്ഞൂറുരൂപാ കിട്ടും. മാത്യു മുതലാളിയ്ക്കു കൊടുക്കാം. പിന്നെ അടച്ചുകിടക്കുകയെങ്കിലും ചെയ്യാമല്ലോ.

അങ്ങനെയാണു് തോമസ്സ് പെണ്ണുകെട്ടിയതു്. ബുദ്ധിമുട്ടുകളുടെ ലോകത്തിലേയ്ക്കു് ഒരു പെണ്ണിനെക്കൂടി വലിച്ചിഴച്ചു കൊണ്ടുവന്നു. മറിയമ്മ നല്ലവളാണു്. എങ്ങനെയും ജീവിച്ചുകൊള്ളാമെന്നാണു് അവൾ പറയുന്നതു്. പക്ഷേ, അവൾക്കു് ഒരഭ്യർത്ഥനയുണ്ടു്; അവളെ കൂടെ കൊണ്ടുപോണം.

തോമസ്സ് പറഞ്ഞു: “ഞാൻ കൊണ്ടുപോവാം. രണ്ടുമാസം കൂടി കഴിയട്ടെ.” തോമസ്സ് അവളെ സമാധാനിപ്പിച്ചു.

ലീവു കഴിഞ്ഞു ‘റാഞ്ചി’യിൽ തിരിച്ചുവന്ന ഉടൻ ഫാമിലി ക്വാർട്ടറിന്നു് അപ്ലിക്കേഷൻ കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും എല്ലാം താറുമാറായി. പെട്ടെന്നു കാശ്മീരിലേയ്ക്കൊരു പോസ്റ്റിങ്ങ്. കേട്ടപ്പോൾ തോമസ്സ് ഇരുന്നുപോയി. എത്രനേരം ആ ഇരുപ്പിൽ ഇരുന്നുവെന്നോ. ബോധമില്ലാത്ത ഒരിരിപ്പായിരുന്നു അതു്. ബോധം വന്നപ്പോൾ ആലോചിച്ചു: ‘എന്താ വേണ്ടത്?’ പട്ടാളമാണു്. അനുസരണമാണാവശ്യം. ട്രെയിനിങ്ങ് കഴിഞ്ഞപ്പോൾ സത്യം ചെയ്തിട്ടുണ്ടു്. ആ സത്യവാചകങ്ങൾ ഓർത്തു. അങ്ങനെ സമാധാനിച്ചു.

കാശ്മീരിൽ വന്നിട്ടു കൊല്ലം ഒന്നര കഴിഞ്ഞു. ഇതുവരേയും ലീവിൽ പോവാനൊത്തില്ല. ഇനി എന്നാണാവോ ലീവിൽ പോവാൻ സാധിക്കുക? ഒന്നും നിശ്ചയമില്ല. തോമസ്സ് ഒന്നു നിവർന്നു കിടന്നു നെടുവീർപ്പിട്ടു.

അതെ, ഇപ്പോൾ അവൾ അങ്ങു ദൂരെയുള്ള മലനാട്ടിൽ, ചുറ്റും മരിച്ചീനിച്ചെടികൾ തഴച്ചുവളർന്നു നില്ക്കുന്ന ഒരു വീട്ടിൽ, സ്വപ്നങ്ങൾ കണ്ടുകൊണ്ടു് ഉറങ്ങുകയാവും. ഉറങ്ങട്ടെ.

ഗാർഡ്റൂമിൽനിന്നു പന്ത്രണ്ടുമണിയടിക്കുന്ന ശബ്ദം കേട്ടു. തോമസ്സ് മൂടിപ്പുതച്ചു ചുരുണ്ടു കിടന്നു.

നാലു്

ഉണർന്നു കണ്ണുകൾ തുറന്നു. പി. കെ. നായർ ചുറ്റും നോക്കി. കൂട്ടുകാരെല്ലാം നല്ല ഉറക്കമാണു് ഉറങ്ങട്ടെ. ഞായറാഴ്ചയല്ലേ? എന്നും ഉറങ്ങാൻ സാധിക്കുകയില്ലല്ലോ. തലയിണയുടെ അടിയിൽ നിന്നു് വാച്ച് എടുത്തുനോക്കി. ഒമ്പതാവാറായിരിക്കുന്നു എഴുന്നേല്ക്കാൻ തോന്നുന്നില്ല. കിടക്കുന്ന കിടപ്പിൽ തന്നെ ഉറക്കസ്സഞ്ചിയുടെ നേർത്ത ചങ്ങല നീക്കി. ഈ ഉറക്കസഞ്ചി ഇല്ലെങ്കിൽ കാശ്മീരിൽ കഴിച്ചുകൂട്ടുവാൻ പ്രയാസമാണു്.

എഴുന്നേറ്റു പെട്ടി തുറന്നു ഒരു ബീഡി എടുത്തു വലിച്ചു. ബീഡി, കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ നിന്നു വരുത്തിയതാണു്. വീണ്ടും കമ്പിളിക്കുള്ളിൽ കയറി. മോട്ടോർ സൈക്കിളിന്റെ ഇൻസ്പെക്ഷൻ അടുത്തുവരികയാണു്. ഒരുപാടു പണിയുണ്ടു്. ‘ലോഗ് ബുക്കി’ന്റെ ചട്ട ഒന്നു മാറ്റി ശരിപ്പെടുത്തണം. കഴിഞ്ഞ പ്രാവശ്യത്തെ ഇൻസ്പെക്ഷന്നു അത്ര നല്ല റിമാർക്കു കിട്ടിയിട്ടില്ല. ഈ പ്രാവശ്യം അങ്ങനെ ആവരുതു്. കിണഞ്ഞു ശ്രമിയ്ക്കണം.

“തോമസ്സേ, എഴരൈ. ദാണ്ടേ, നേരം ഒമ്പതു കഴിഞ്ഞു.” പി. കെ. നായർ കിടന്ന കിടപ്പിൽ തോമസ്സിനെ വിളിച്ചു. തോമസ്സ് കമ്പിളിയ്ക്കുള്ളിൽനിന്നു തലയൊന്നു പൊക്കി നോക്കി വീണ്ടും ചുരുണ്ടുകൂടിക്കിടന്നു. പി. കെ. നായർ പിന്നെയും കുറച്ചുനേരം ആലോചിച്ചു കിടന്നു. എന്നിട്ടു് എഴുന്നേറ്റു ബാരക്കിന്നു പുറത്തേക്കു വന്നു. തണുത്ത കാറ്റു് അടിക്കുന്നു. ആകാശത്തിന്നു ചാരനിറമാണു്. കുറേ നേരം ആകാശത്തേക്കു നോക്കിനിന്നു. വീണ്ടും മുറിക്കുള്ളിലേയ്ക്കു വന്നു. കൂട്ടുകാരാരും എഴുന്നേല്ക്കുന്ന മട്ടില്ല. “ഉഠോ, ഉഠോ” നായർ ഉച്ചത്തിൽ പറഞ്ഞു. എല്ലാവരും കമ്പിളിക്കുള്ളിൽനിന്നു പുറത്തു വന്നു.

പ്രാതൽ കഴിഞ്ഞപ്പോൾ പണിക്കർ പറഞ്ഞു: “ഇന്നു ഞായറാഴ്ചയാണു്. വെറുതെ ബക്ക്വാസ്[16] അടിച്ചിരുന്നാൽ പോര. വെബ്ബ് എക്വിപ്മെന്റിനെല്ലാം ബ്ലാങ്കോ അടിയ്ക്കണം.”

“ശരിയാണ്,” എല്ലാവരും സമ്മതിച്ചു, പണിക്കർ ഒരു കട്ട ‘ബ്ളാങ്കോ’ തല്ലിപ്പൊട്ടിച്ചു മെസ്സ് ടിന്നിലിട്ടു വെള്ളമൊഴിച്ചു കലക്കി കൊഴുപ്പു കിട്ടുവാൻ സ്വല്പം കഞ്ഞിയും സോപ്പും ചേർത്തു.

എല്ലാവരും വട്ടമിട്ടിരുന്നു. വർഗ്ഗീസ് പറഞ്ഞു: “എനിക്കു ബെൽട്ടിന്നു മാത്രം അടിച്ചാൽ മതി. തോമസ്സേ, അതു നീയങ്ങ് അടിച്ചു തന്നേരെ.”

“അതൊഴിച്ചു് ഒരഞ്ചു രൂപയുടെ കാര്യം പറ”—തോമസ്സ്

“എടാ, കണ്ണിൽ ചോരയില്ലാത്തവനേ!”

“വേറെ പണി വല്ലതും അറിയോ?”

“അറിയാം”

“എന്നതാ?”

“കോഴിപ്പോരു്”

“പോടാ” തോമസ്സിന്നു ദേഷ്യം വന്നു.

“ചുപ്പ് ചാപ്പ്, ചുപ്പ് ചാപ്പ്” കരുണാകരൻ ഉച്ചത്തിൽ പറഞ്ഞു.

“തോമസ്സ് എന്നാ ലീവിൽ പോവുന്നത്?”

“ഒന്നും തീരുമാനിച്ചിട്ടില്ല.”

“പി. കെ. തീരുമാനിച്ചുവോ?”

“ഉവ്വ്. ഇക്കൊല്ലം ആറന്മുള വള്ളം കളിക്കു പോകണം”

വള്ളം കളിയെക്കുറിച്ചു കേട്ടപ്പോൾ തോമസ്സ് ചമ്രം പടിഞ്ഞിരുന്നു പാടുവാൻ തുടങ്ങി.

“അഞ്ചെട്ടു നാഴികപ്പകൽ-

തൈതൈ തകതൈ തൈതോ”

പി. കെ. നായരും കരുണാകരനും വർഗ്ഗീസും ഏറ്റുപാടി: “തൈതൈ തകതൈ തൈതോ.”

തോമസ്സ് മെസ്സ്ടിന്നിൽ താളം പിടിച്ചുകൊണ്ടു് വള്ളം കളിപ്പാട്ടു തുടർന്നു:

“അഞ്ചെട്ടു നാഴികപ്പകൽ

തിത്താ തിത്തൈതോം…

അഞ്ചെട്ടു നാഴികപ്പക-

ലുള്ളപ്പോളാദിത്യബിംബം

തൈ തൈകതക തി

ത്തത്താ തിമി തിത്തത്താ

അഞ്ചാതെ തൃച്ചക്രംകൊണ്ടു

മറച്ചു കൃഷ്ണൻ…”

അടുത്ത മുറിയിൽ നിന്നു ബച്ചൻ സിംഗും ബാബു ലാലും മറ്റും പുറത്തുവന്നെത്തി നോക്കി.

ആ വള്ളംകളിപ്പാട്ടു് പരിസരത്തിനു സംഗീതാത്മകമായ ഒരു പരിവേഷം നല്കി. അവർ എല്ലാം മറന്നു പാടി… പാട്ടു നിർത്തിയപ്പോൾ വർഗ്ഗീസു് പണിക്കരോടു ചോദിച്ചു: “ഓന് വള്ളംകളിപ്പാട്ടു് അറിഞ്ഞുകൂടെ?”

അതു് പണിക്കർക്കു് ഒരു കുത്താണു്. വർഗ്ഗീസിന്റെ സംസാരം തന്നെ കുത്തിത്തറയ്ക്കുന്നതാണു്. പണിക്കർ മലബാറുകാരനാണു്. പണിക്കരുടെ മലയാളം മോശമാണെന്നാണു് വർഗ്ഗീസിന്റെ അഭിപ്രായം. അതു മനഃപൂർവ്വം പറയുകയാണു്. പണിക്കർ ഓൻ, ഓല് എന്നൊന്നും പറയാറില്ല. ആദ്യമാദ്യമെല്ലാം പറഞ്ഞിരുന്നു. മരച്ചീനിക്കു പൂളക്കിഴങ്ങു് എന്നു പണിക്കർ പറഞ്ഞപ്പോൾ, വർഗ്ഗീസു പറയുകയുണ്ടായി: “പൂട എന്നും മറ്റും നമ്മുടെ നാട്ടിൽ പറഞ്ഞാൽ വായേൽ പല്ലുണ്ടാവില്ല.” അതിനുശേഷം പണിക്കർ പൂളക്കിഴങ്ങ് എന്ന വാക്കു് ഉപയോഗിച്ചിട്ടില്ല. വായിൽ പല്ലില്ലാഞ്ഞാൽ നന്നോ? എന്നാലും വർഗ്ഗീസ് പണിക്കരെ വിടില്ല. എപ്പോഴും തമാശയാക്കിക്കൊണ്ടിരിക്കും.

“ഓന് വള്ളം കളിപ്പാട്ടു് അറിഞ്ഞുകൂടെ?” എന്നു വർഗ്ഗീസു ചോദിച്ചപ്പോൾ പണിക്കർ ഇരുന്ന ഇരുപ്പിൽനിന്നു് ഒരു ചാട്ടം ചാടി: “വർഗ്ഗീസ്, ഓർത്തു സംസാരിച്ചോ. ഇതു് നൂറാമത്തെ തവണയാണു് പറയുന്നതു്.”

“എന്താ ഓന് ദേഷ്യം വരുകയാണോ?”

പി. കെ. നായർ മദ്ധ്യസ്ഥം പറഞ്ഞു:

“ഭാഷയുടെ വൈകല്യങ്ങളെ നമ്മൾ ചർച്ചചെയ്യേണ്ട. അതെല്ലാം സാഹിത്യകാരന്മാർക്കു വിട്ടുകൊടുത്തേക്കണം.”

കരുണാകരൻ എഴുന്നേറ്റു മുഷ്ടി ചുരുട്ടിക്കൊണ്ടു് ആവേശത്തോടെ പറഞ്ഞു: “ഈ മുറി ചെറിയൊരു ഐക്യകേരളമാണു്. ഞാൻ കൊച്ചിക്കാരൻ, പണിക്കർ മലബാറുകാരൻ, ബാക്കിയുള്ളവർ തിരുവിതാംകൂറുകാർ. അതു് ഓർമ്മിക്കണം.”

“നല്ല അഭിപ്രായം. ജസ്റ്റ് ലൈക്കു് പാൽപായസം, യൂ സി,” പി. കെ. നായർ കരുണാകരനെ പിന്താങ്ങി.

എന്നിട്ടും പണിക്കർക്കു ദേഷ്യം തീർന്നില്ല. പണിക്കർ വിസ്തരിച്ച് ഒരു വടക്കൻ പാട്ടു് മൂളി.

ബ്ളാങ്കോ അടി കഴിഞ്ഞപ്പോൾ പത്തു മണിയായി.

“കുളിയ്ക്കേണ്ടേ?”

വേണം, കുളിക്കണം. കുളി ആഴ്ചയിൽ രണ്ടു പ്രാവശ്യത്തിലധികമുണ്ടാവാറില്ല. അതൊന്നും വിസ്തരിച്ചു് ആവുകയുമില്ല. ടിന്നിൽ വെള്ളം നിറച്ചാണു കുളി. മുങ്ങിക്കുളിയ്ക്കുന്ന സുഖം കിട്ടുമോ?

ഓരോ ടിന്നുകൾ തൂക്കിപ്പിടിച്ചു് എല്ലാവരും വെള്ളം ചൂടാക്കുന്ന സ്ഥലത്തേക്കു നടന്നു.

“ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടുമ- സ്വർല്ലോക ഹർഷം തുളുമ്പിയ നാളുകൾ.” വർഗ്ഗീസ് പാടുവാനാരംഭിച്ചു.

മെസ്സിന്റെ അടുത്തു് മരപ്പലകകൾ കൊണ്ടുണ്ടാക്കിയ ഒരു ഷെഡ്ഡിലാണു വെള്ളം ചൂടാക്കുന്നതു്. അടുപ്പിൽ നീളത്തിൽ വെച്ചിരിയ്ക്കുന്ന പീപ്പയിൽ വെള്ളം തിളച്ചുമറിഞ്ഞു കിടക്കുകയാണു്. ഒരു ടിൻ പച്ചവെള്ളം പീപ്പയിൽ പകർന്നാലേ ഒരു ടിൻ ചുടു വെള്ളം കിട്ടുകയുള്ളു. അതു് നിയമമാണു്. നിയമം ശരിയ്ക്കു് അനുഷ്ഠിക്കുന്നുണ്ടോ എന്നു നോക്കുവാനായി അവിടെ ഒരു സെൻട്രി പാറാവു നില്ക്കുന്നുണ്ടു്.

കുളിയും ഊണും കഴിഞ്ഞപ്പോഴേക്കും ഒരുമണിയായി. ഏമ്പക്കമിട്ടുകൊണ്ടു വർഗ്ഗീസ് പറഞ്ഞു:

“ചീട്ടു് കളിക്കാമോ?”

“ഓ. യെസ്സ്.” എല്ലാവരും തയാറായി.

“ഞാനും പണിക്കരും,” വർഗ്ഗീസ് പറഞ്ഞു.

“ഞാനും കരുണാകരനും” പി. കെ. നായർ.

“അപ്പോൾ തോമസ്സോ?’ പണിക്കർ.

“തോമസ്സിനെ വല്ലവരും കൂട്ടത്തിൽ കൂട്ടിയിട്ടുണ്ടോ”

“പോടാ പുളിരേ” തോമസ്സിന് ദേഷ്യം വന്നു. തോമസ്സ് തുടർന്നുകൊണ്ടു പറഞ്ഞു: “അല്ലേലും ഞാൻ കളിക്കുന്നില്ല.”

പണിക്കർ ബെഡ്ഡിൽനിന്നു് ഒരു കമ്പിളി വലിച്ചെടുത്തു നിലത്തു വിരിച്ചു. നാലുപേരും ഇരുന്നു.

“ആദ്യം എന്റെ കശ”

കരുണാകരൻ ചീട്ടു കുത്തിന്നു കൈനീട്ടി. വർഗ്ഗീസ് കൊടുത്തു. കരുണാകരൻ ചീട്ടു കശക്കി ഇട്ടു.

പണിക്കർ ശരിക്കൊന്നു ചമ്രം പടിഞ്ഞിരുന്നു.

“പണിക്കർ രാശിവെക്കാൻ ഇരിക്ക്വാ?”

വർഗ്ഗീസിന്നു പണിക്കരെ കളിയാക്കാതെ വയ്യ.

“നീ എന്റെ കൈയിൽനിന്നു വല്ലതും വാങ്ങിക്കും.”

“പൊന്നച്ഛാ, എന്നെ തല്ലരുതേ! പെണ്ണു കെട്ടാത്തവനാണേ.”

വർഗ്ഗീസ് ചീട്ടുകൾ കൈയിലെടുത്തു വിടർത്തി നോക്കി.

“ഏതായാലും ആദ്യത്തെ വിളിയല്ലേ? പത്തൊമ്പതു്. വേണെങ്കിൽ കേറ്റി വിളിച്ചോ. തോറ്റാൽ മൂന്നു ചീട്ടു തരണം.”

“വിട്ടു.” പി. കെ. നായർ പറഞ്ഞു.

“പണിക്കരെ, ഇവന്മാര് നമ്മളെ കുപ്പിയിലെറക്കീന്നാ തോന്നുന്നതു്. കൊട്ടാരം കളിക്കാരോടാ നമ്മൾ എതിരിടുന്നതു്. ഏതായാലും ഇവനൊന്നു പോയി വരട്ടെ.” എന്നു പറഞ്ഞുകൊണ്ടു വർഗ്ഗീസ് ഇസ് പേഡ് ഗുലാൻ കളിച്ചു.

“തുരുപ്പു്” പി. കെ. നായർ ചോദിച്ചു.

“തുരുപ്പു് അതുതന്നെ,” എന്നു പറഞ്ഞുകൊണ്ടു വർഗ്ഗീസ് ഒരു ക്ലാവർ ഏഴാം കൂലി എടുത്തു കാണിച്ചുകൊടുത്തു. തോമസ്സ് പെട്ടി തുറന്നു് പൊറ്റേക്കാട്ടിന്റെ ഒരു ചെറുകഥാ പുസ്തകമെടുത്തു വായന തുടങ്ങി.

നാലുമണിക്കു ചീട്ടുകളി അവസാനിച്ചപ്പോൾ വർഗ്ഗീസ് പറഞ്ഞു: “ഔട്ടു് പാസ്സിന്നു് എഴുതിക്കൊടുത്തിട്ടുണ്ടു്. ഒരുപക്ഷേ, കിട്ടിയേക്കും. സിനിമക്കു പോവാം.”

“ഈ തണുപ്പത്തു ഞാനില്ല,” കരുണാകരൻ പറഞ്ഞു.

“എന്തു പടമാ? പി. കെ. നായർ അന്വേഷിച്ചു.

“പേര് ഓർമ്മിക്കുന്നില്ല.”

“ഇംഗ്ലീഷോ ഹിന്ദിയോ?”

“ഹിന്ദി.”

“എന്തായാലും ഞാനില്ല.”

പണിക്കർ പറഞ്ഞു: “ഞാൻ വരുന്നുണ്ടു്.”

പണിക്കർ എഴുന്നേറ്റു പാന്റും ബ്ലൗസും എടുത്തിട്ടു ഗ്രെയ്റ്റ് കോട്ടു കൈത്തണ്ടയിൽ തൂക്കിയിട്ടു. ഹാന്റ് ഗ്ലൗസ് കീശയിൽ തിരുകിവെച്ചു. പണിക്കർ നടന്നു. വർഗ്ഗീസ് പണിക്കരെ പിന്തുടർന്നു.

“വേണുഗാനത്താലതു പൊതിയും നവോന്മേഷ ശോണമാം ചായം തൊട്ടുമിനുക്കു പ്രജ്ഞാകേന്ദ്രം.”

പണിക്കരും വർഗ്ഗീസും ഹവിൽദാർ മേജരുടെ മുറിയിൽ ചെന്നു. “ഔട്ടു് പാസ്സിന്നു വന്നതാണോ?”

“അതെ.”

“എവിടെ പോവാനാ?”

“സിനിമയ്ക്കു്.”

ഹവിൽദാർ മേജർ അവരുടെ ഉടുപ്പുകൾ പരിശോധിച്ചു. എന്നിട്ടു് അവജ്ഞാപൂർവ്വം പറഞ്ഞു:

“ഉടുപ്പുകൾക്ക്, ഇസ്ത്രിപോരാ.” ആരും ഒന്നും മിണ്ടിയില്ല.

ഹവിൽദാർ മേജർ തുടർന്നു പറഞ്ഞു.

“ഡബ്ബിൾ അപ് ടു ധോബി ഘാട്ട്, ഏക് ദം.”[17]

രണ്ടുപേരും ധോബി ഘാട്ടിലേക്കു നടന്നു. പണിക്കർ പറഞ്ഞു: അവനവന്റെ പണം ചെലവാക്കി സിനിമ കാണാൻ പോകുമ്പോഴത്തെ ഒരു ബുദ്ധിമുട്ടു്!”

“പറഞ്ഞാൽ തീരില്ല അല്ലേ? അതുകൊണ്ടാണു് ഞാൻ പറയുന്നത്:

“ദുഃഖജീവിതം ഗാനശീകര-

മഗ്നമാക്കുന്ന പൊന്നല്ല.”

അവർ ധോബി ഘാട്ടിലുള്ള ഒരു ടെന്റിനുള്ളിലേക്കു നടന്നു. ധോബി ഹുക്ക വലിച്ചുകൊണ്ടു ചിന്താധീനനായിരിയ്ക്കയാണു്.

“കപ്ടാ ഥോഡാ പ്രസ്സു് കർണാ,”[18] വർഗ്ഗീസ് ദേഹത്തിൽനിന്നു് ബ്ലൗസ് ഊരാൻ ഭാവിച്ചുകൊണ്ടു പറഞ്ഞു.

“അഭി നഹി.”[19]

“ക്യൂം?”[20]

“ബോക്കസ്സ് ഗരം നഹി.”[21]

“ഗരം കരോ.”[22]

“അഭി നഹീ.”[23]

“റിപ്പോർട്ടു് കരൂംഗാ.”[24]

“കരോ.”[25]

“മാരേൻഗാ”[26] വർഗ്ഗീസ്സിന്നു ദേഷ്യം വന്നു, മുഷ്ടി ചുരുട്ടിക്കൊണ്ടു ധോബിയെ ഇടിയ്ക്കുവാൻ ചെന്നു. ധോബി ഭയന്നു് എഴുന്നേറ്റു് ഇസ്ത്രിപ്പെട്ടിയിൽ കരിയിട്ടു ചൂടാക്കി.

“ഇവന്മാരെയെല്ലാം കൊങ്ങക്കു പിടിയ്ക്കണം” വർഗ്ഗീസ് മലയാളത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു.

“മദ്രാസി മേം ഗാലി മത്തു് ദോ”[27]

അര മണിക്കൂറിനുള്ളിൽ എല്ലാം ശരിപ്പെട്ടു.

ഇസ്ത്രിക്കിട്ട ഉടുപ്പുകളിട്ടുകൊണ്ടു് അവൻ വീണ്ടും അവരുടെ മുറിയിലേയ്ക്കു പോയി. കൂട്ടുകാരോടു് ഒരു കാര്യം പറയുവാൻ മറന്നുപോയിരുന്നു. രണ്ടു ചോറു വാങ്ങിച്ചു വെയ്ക്കാൻ പറയണം. സിനിമ കഴിയുമ്പോഴേക്കും ഒമ്പതരമണിയാവും, വർഗ്ഗീസ് തോമസ്സിനോടു പറഞ്ഞു:

“അതൊഴിച്ചു അഞ്ചുരൂപയുടെ കാര്യം പറ.”

“നീ പോടാ, പുളിരേ”

“ശരി. വാങ്ങിച്ചു വെച്ചേക്കാം.”

“താങ്ക് യൂ.”

“നോ മെഡിസിൻ”[28]

അവൻ വീണ്ടും ഹവിൽദാർ മേജരുടെ മുറിയിലേക്കു നടന്നു. ഔട്ടു് പാസ്സ് വാങ്ങി പുറത്തിറങ്ങിയപ്പോഴേക്കും ക്വാട്ടർഗാർഡിൽനിന്നു ‘റീട്രീറ്റിന്റെ ബ്യൂഗിൾ ശബ്ദിച്ചു. അവർ അറ്റൻഷനായി നിന്നു.

ബ്യൂഗിൾ വിളി കഴിഞ്ഞപ്പോൾ അവർ ധൃതിവെച്ചു തിയേറ്ററിലേയ്ക്കു നടന്നു.

അഞ്ചു്

ഉച്ചയ്ക്കു് രണ്ടരമണിയ്ക്കു് വിസിലടിച്ചു. കമ്പനി മുഴുവനും ഫാളിനായി. മെസ്സ് മീറ്റിംഗ് നടക്കുവാൻ പോകയാണു്. മാസാവസാനത്തിലാണു് മെസ്സ് മീറ്റിംഗ് നടക്കുക. അന്നു മെസ്സ് സംബന്ധമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നു. മീറ്റിംഗിൽ അധ്യക്ഷത വഹിക്കുക മെസ്സിംഗ് ഓഫീസറാണു്. മെസ്സിംഗ് ഓഫീസർ ക്യാപ്റ്റൻ മേത്തയാണു്.

ഹവീൽദാർ മേജർ ആജ്ഞാപിച്ചു:

“കമ്പനി അറ്റേച്ഛൻ ബൈ, ദ റൈറ്റ് നമ്പർ.”

“വൺ, ടു, ത്രീ…”

എല്ലാം എണ്ണി ശരിപ്പെടുത്തി ചെറിയൊരു നോട്ടുബുക്കിൽ കുറിച്ചുവെച്ചു. എന്നിട്ടു് എല്ലാവരേയും ഒരു വലിയ ഹാളിലേയ്ക്കു മാർച്ച് ചെയ്യിച്ചു.

വീതിയും നീളവുമുള്ള ഒരു ഹാളാണതു്. അവിടെ മെസ്സ് മീറ്റിംഗിന്നു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു തീർത്തിട്ടുണ്ടു്. ഹാളിന്റെ ഒരറ്റത്തൊരു മേശ. മേശമേൽ ഒരു കമ്പിളി വിരിച്ചിരിക്കുന്നു. മേശക്കു പിന്നിൽ ചൂരൽക്കസേര. അതു മെസ്സിംഗ് ഓഫീസർക്കു് ഇരിക്കാനുള്ളതാണു്.

എല്ലാവരും നിരന്നിരുന്നു. ശബ്ദങ്ങൾ പൊങ്ങി. “ചുപ്പ് ചാപ്പ്,” ഹവിൽദാർ മേജർ വീസിലടിച്ചു താക്കീതു നൽകി. എല്ലാവരും നിശ്ശബ്ദരായിരുന്നു. ഹവീൽദാർ മേജർ പറഞ്ഞു:

“എല്ലാവരും കേൾപ്പിൻ. മെസ്സിംഗ് ഓഫീസർ വരുമ്പോൾ ‘റൈസ്’ എന്നു പറയും അപ്പോൾ ‘ഝട്ടക്കിൽ എഴുന്നേല്ക്കണം.” എല്ലാവരും തയാറായിരുന്നു.

മെസ്സിങ്ങ് ഓഫീസർ ധൃതിയിൽ ഹാളിലേയ്ക്കു കടന്നുവന്നു.

“റൈസ്,” ഹവിൽദാർ മേജർ ഉച്ചത്തിൽ പറഞ്ഞു.

എല്ലാവരും എഴുന്നേറ്റുനിന്നു. ക്യാപ്റ്റൻ സാബ് തലയിൽ നിന്നു തൊപ്പിയൂരി മേശപ്പുറത്തുവെച്ചു. എന്നിട്ടു പറഞ്ഞു സിറ്റ് ഡൌൺ’ എല്ലാവരും ഇരുന്നു. ഒരു മാസത്തെ വരവുചിലവ് കണക്കു് ആദ്യം വായിച്ചു കേൾപ്പിച്ചു. പിന്നീടു മെസ്സിൽ പരിപാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചു പറഞ്ഞു. എല്ലാവരും ശ്രദ്ധിച്ചുകേട്ടു.

“വല്ലവർക്കും റിപ്പോർട്ടുണ്ടോ?” ക്യാപ്റ്റൻ ചോദിച്ചു.

മുൻഷിറാം എഴുന്നേറ്റു സല്യൂട്ടു ചെയ്തു പറഞ്ഞു: “സാബ്, കാലത്തു് അയ്യഞ്ചു പൂരി കിട്ടണം.”

“അയ്യഞ്ചു പൂരി?”

“ജീ, സാബ്.”

“നീ ഒരു ശാപ്പാട്ടു് രാമനാണല്ലോ.” ഒരു കൂട്ടച്ചിരി.

“സൈലൻസ്, സൈലൻസ്.”

ക്യാപ്റ്റൻ സാബ് പറഞ്ഞു: “ശരി. മുൻഷി റാമിന്നു കാലത്തു അയ്യഞ്ചു പൂരി കൊടുക്കണം.”

“സാബ്. എനിക്കുമാത്രം പോരാ, എല്ലാവർക്കും വേണം.”

“ഓരോരുത്തരുടെ റേഷൻ സ്കെയിൽ അറിയാമോ?”

“ഇല്ലാ, സാബ്.”

“നോൺസെൻസ് സിറ്റ് ഡൌൺ.” മുൻഷിറാം ഇരുന്നു.

പണിക്കർ എഴുന്നേറ്റു നിന്നു പറഞ്ഞു: “ആഴ്ചയിൽ ഒരു ദിവസമെങ്കിലും സാമ്പാറിൽ നാളികേരം ചേർക്കണം.”

“ഇവിടെ നാളികേരം ഇല്ല. ആപ്പിൾപഴങ്ങൾ അരച്ചു ചേർത്താൽ മതിയോ?”

“നാളികേരം പത്താൻകോട്ടിൽ നിന്നു കൊണ്ടുവരണം.”

“നിനക്കറിഞ്ഞുകൂടെ പത്താൻകോട്ടിലേയ്ക്കുള്ള റോഡ് ബ്ലോക്കായി കിടയ്ക്കുകയാണെന്നു്?”

“അറിയാം.”

“അറിഞ്ഞുകൊണ്ടു പറയുകയാണു് അല്ലേ? നോൺസെൻസ് സിറ്റ് ഡൌൺ.”

പണിക്കർ ഇരുന്നു.

കുപ്പുസ്വാമി എഴുന്നേറ്റു പറഞ്ഞു: ഞായറാഴ്ച മസാലദോശ വേണം.”

“നല്ല അഭിപ്രായം. ശ്രമിക്കാം.”

മൂക്കർജി പറഞ്ഞു: മെസ്സിൽ പ്ലേറ്റ് ബോയ് വേണം.”

“ഇതു ഫീൽഡ് ഏരിയയാണ്; സാധിക്കില്ല.”

അടുത്ത ഇനം, വരാൻ പോകുന്ന മാസത്തേയ്ക്കു് മെസ്സ് കമാൻഡറെ തിരഞ്ഞെടുക്കലാണു്. മെസ്സിൽ ഒരു മെസ്സ് കമാൻഡരും ഒരു മെസ്സ് ഓർഡർലിയും വേണം. മെസ്സ് കമാൻഡർ എൻ.സി.ഒ. (നോൺ കമ്മീഷൻഡ് ഓഫീസർ) ആയിരിക്കും. മെസ്സ് ഓർഡർലി ശിപ്പായിയും. ദൗലത്തു് റാം എഴുന്നേറ്റു പറഞ്ഞു: “മെസ്സ് കമാൻഡരായി ഞാൻ നായക് ഖുഷാൻ ചന്ദിനെ നിർദ്ദേശിക്കുന്നു.”

രാമറെഡ്ഡി പറഞ്ഞു: “നായക്കു് സുബ്ബയ്യ”

മെസ്സ് കമാൻഡർ സ്ഥാനത്തേക്കു് ഇപ്പോൾ രണ്ടു പേർ മത്സരിക്കേണ്ടതായിട്ടുണ്ടു്. ഖുഷാൻ ചന്ദും സുബ്ബയ്യയും.

“ഖുഷാൻ ചന്ദിനെ ഇഷ്ടപ്പെടുന്നവർ കൈപൊക്കുക” ക്യാപ്റ്റൻ സാബ് പറഞ്ഞു. കുറച്ചുപേർ കൈ പൊക്കി. ക്യാപ്റ്റൻ സാബ് എണ്ണിനോക്കി

“റൈറ്റ്. സുബ്ബയ്യ വേണമെന്നുള്ളവർ.”

അപ്പോഴും കുറച്ചുപേർ കൈപൊക്കി. എണ്ണി നോക്കി.

“വോട്ടു് അധികം കിട്ടിയതനുസരിച്ച് ഖുഷാൻ ചന്ദിനെ മെസ്സ് കമാൻഡറായി തിരഞ്ഞെടുത്തിരിക്കുന്നു.”

ക്യാപ്റ്റൻ സാബ് ഫലം പ്രഖ്യാപിച്ചു. ഇനി മെസ്സിംഗ് ഓർഡലിയെ തിരഞ്ഞെടുക്കണം.

ചരൻ സിംഗ് എഴുന്നേറ്റു പറഞ്ഞു: “പി. കെ. നായർ”

“വേറെ വല്ലവരും?”

ആരും ഇല്ല, പി. കെ. നായർ എതിർ കൂടാതെ തിരഞ്ഞെടുക്കപ്പെട്ടു.

മെസ്സ് മീറ്റിംഗ് കഴിഞ്ഞു. ഉടൻ പി. കെ. നായർ മെസ്സിലേയ്ക്കൊന്നു പോയി. കുക്കുകൾ എല്ലാവർക്കും കുറേശ്ശെ വാലുണ്ടു്. അതു മുറിയ്ക്കണം. നായർക്കു മുമ്പേയുള്ള ആശയാണതു്. മനഃപൂർവ്വം ഇറച്ചി കരിയിപ്പിച്ചുകളയുക, ചോറു് അധികം വേവിയ്ക്കുക എന്നിങ്ങനെ ചില്ലറ അഴിമതികൾ അവർ നടത്തുന്നുണ്ടു്. എല്ലാം ശരിപ്പെടുത്തണം.

നായർ എല്ലാ കുക്കുകളേയും വിളിച്ചുനിർത്തി പരിശോധിച്ചു. ചിലരുടെ മുടിക്കു് അധികം നീളമുണ്ടു്. ചിലരുടെ നഖങ്ങൾ ക്രമത്തിലധികം നീണ്ടിരിക്കുന്നു. ഇതൊന്നും നന്നല്ല. വൃത്തിയും വെടിപ്പും കുറച്ചുകൂടി വേണം എന്നു് മനസ്സിൽ വിചാരിക്കുകയും ചെയ്തു. നായർ ഓരോരുത്തരുടേയും പേരു ചോദിച്ചു മനസ്സിലാക്കി. കൂട്ടത്തിൽ ഒരു മലയാളിയുമുണ്ടു്.

“എവിട്യാ സ്വദേശം?”

“മലബാറിലാ.”

“മലബാറിലെവിടെ?”

“ഒലവക്കോടു്.”

“പേരു്?”

“രാമൻ നായര്.”

“സാമ്പാറു വെക്കാൻ അറിയ്യോ?”

“അറിയാം.”

“പ്രഥമൻ?”

“എല്ലാമറിയാം.”

നായർ പറഞ്ഞു: “നമുക്കു് അടിച്ചുകസറണം. എല്ലാം ചൊവ്വിനു ചെയ്യണം. മനസ്സിലായോ?”

രാമൻ നായർ തലയാട്ടി. മെസ്സ് ജോറായി. എല്ലാറ്റിനും നല്ല ചിട്ട. ദിവസവും രാവിലെ മുമ്മൂന്നു. പൂരി. പിന്നെ സബ്ജി[29], വിഭവസമൃദ്ധമായ ഊണു്. എല്ലാമൊന്നു തെളിഞ്ഞു. എല്ലാവരും പി. കെ. നായരെ സ്തുതിഗീതത്തിൽ മുക്കി.

വർഗ്ഗീസ് പറഞ്ഞു: “പി. കെ., മെസ്സ് പൊടിപാറുന്നു.”

“മനസ്സിലിരിക്കട്ടെ.”

കരുണാകരൻ ഇടയിൽ കടന്നു പറഞ്ഞു: “അടിച്ചല്ലോ ഭാഗ്യവാൻ തലയുള്ള മൊട്ടുസൂചി ഒന്നു്.”

“ചുമ്മാ കെടാ. പൊക്കാതെ.”—വർഗ്ഗീസ്.

“ജസ്റ്റ് ലൈക്കു് പാല്പായസം യൂ സി.” പി. കെ. നായർ.

മേത്താ സാബ് ഒരു ഞായറാഴ്ച മെസ്സിൽ വന്നു. എല്ലാവരും ഉണ്ടുകൊണ്ടിരിയ്ക്കയാണു്.

“ആഹാരം എങ്ങനെ ഉണ്ടു്?” മേത്താ സാബ് ചോദിച്ചു.

“ഈ മാസം ഭേഷാണു്,” എല്ലാവർക്കും നല്ല അഭിപ്രായമാണു്. സന്തോഷമാണു്.

ക്യാപ്റ്റൻ സാബ് വിഭവങ്ങൾ പരിശോധിയ്ക്കുവാൻ മെസ്സിന്റെ ഉള്ളിലേക്കു ചെന്നു. പി. കെ. നായർ അറ്റൻഷനായി നിന്നു.

“ഇതെന്താ?” ക്യാപ്റ്റൻ സാബ് ചോദിച്ചു.

പി. കെ. നായർ പറഞ്ഞു: “കാളൻ.”

പിന്നെ എല്ലാം കുറേശ്ശ എടുത്തു രുചിനോക്കി.

“ഇതെല്ലാം ഞങ്ങൾ മലയാളികളുടെ വിഭവങ്ങളാണ്,” പി. കെ. നായർ അഭിമാനപൂർവ്വം പറഞ്ഞു.

മേത്താസാബ്ബ് നായരുടെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു: “വെൽ ഡൺ”

ആറു്

മഞ്ഞുകാലം കഴിഞ്ഞു. ഉറച്ചുകിടന്നിരുന്ന മഞ്ഞിൻ കട്ടകൾ സൂര്യരശ്മികളേറ്റ് ഉരുകി ഒഴുകിപ്പോയി. വൃക്ഷലതാദികൾ തളിർക്കുവാൻ തുടങ്ങി പുല്ലുകൾ പച്ചപ്പൂമ്പട്ടു വിരിച്ചു. പക്ഷികളുടെ കളകൂജനം പരിസരങ്ങളിലെല്ലാം സംഗീതം ഒഴുക്കി.

ഇനി അടുത്ത മാസമാവുമ്പോഴെക്കും പൂക്കാലമാവുകയായി. എങ്ങു നോക്കിയാലും പൂക്കൾ തന്നെയായിരിക്കും. വിടർന്നു സൌരഭം പരത്തുന്ന പൂങ്കുലകൾകൊണ്ടു മരക്കൊമ്പുകളൊക്കെ കനം തൂങ്ങും. കാറ്റിന്നു മാദകമായ വസന്തസൌരഭ്യമുണ്ടാവും.

പിന്നെ പഴങ്ങളുടെ കാലമാവുകയായി. എന്തെല്ലാം പഴങ്ങൾ പ്ലം, ആപ്രികോട്ട്, ആപ്പിൾ. ഇത്രയധികം പഴങ്ങൾ ഉണ്ടാവുന്ന നാടു വേറെ ഉണ്ടോ? ഇത്രയുമധികം പുഷ്പങ്ങൾ ഉണ്ടാവുന്ന നാടു വേറെ ഉണ്ടോ?

മഞ്ഞുകാലം കഴിഞ്ഞതോടെ എല്ലാ പട്ടാളക്കാർക്കും സന്തോഷമായി. ലീവിൽ പോവാമല്ലോ. കഴിഞ്ഞ നാലു മാസമായി ശ്രീനഗറിൽനിന്നു ജമ്മുവിലേക്കു റോഡ് മഞ്ഞുമൂടിക്കിടക്കുകയായിരുന്നു. ഗതാഗതങ്ങൾ അപ്പടി നിലച്ചിരിയ്ക്കയായിരുന്നു. ഇപ്പോൾ റോഡ് ഗതാഗതത്തിനു പറ്റിയതാണു്. പണിക്കരും കരുണാകരനും ലീവിൽ പോവുകയാണു്.

കരുണാകരൻ പറഞ്ഞു: “നാട്ടിൽ ഉത്സവങ്ങളുടെ കാലമാണു്. പിന്നെ ചക്കയും മാങ്ങയും തിന്നു മടുക്കാം.”

“പണിക്കർ പോകുന്നതു് അതിനൊന്നുമല്ല വർഗ്ഗീസ് അഭിപ്രായപ്പെട്ടു.

“എന്താ, പണിക്കർക്കു് ഉത്സവവും ചക്കയും മാങ്ങയും ഒന്നും ഇഷ്ടമാവില്ലേ?” പി. കെ. നായർ.

“എന്നു പറഞ്ഞില്ല. അതിനെക്കാളെല്ലാം ഇഷ്ടപ്പെടുന്ന ഒന്നുണ്ടു്. ശ്രീമാന്റെ സഹധർമ്മിണി.”

“ഓ, ശരിയാണു്. ചക്കയും മാങ്ങയും തിന്നു ഉത്സവങ്ങൾ കാണുന്നതിനേക്കാളും സുഖമുള്ള ഒന്നാണു് ഒരു ഭാര്യയുടെ സാമീപ്യം.”

‘ഒരു ഭാര്യയ്ക്കു് ചക്കയെക്കാളും മാങ്ങയെക്കാളും സ്വാദുണ്ടു്.”

“എന്താ, ഭാര്യ ഒരു പഴമാണോ?”

“അതെ, മധുരവും ജീവനുമുള്ള പഴം.”

പണിക്കർ പറഞ്ഞു: “എപ്പോഴും കളിയാക്കുന്നതു നന്നല്ല.”

“കളിയാക്കുകയാണോ? കാര്യമല്ലേ പറയുന്നത്?”

“എന്നെ സംബന്ധിച്ചേടത്തോളം ഇതു കളിയാക്കലാണു്.”

“അപ്പോൾ മാഫ് കരോ.”

നായർ ചോദിച്ചു: “കരുണാകരൻ കല്യാണം കഴിക്ക്വോ?

“ഞാൻ കുട്ടിയാണെന്നല്ലേ അമ്മ പറയുന്നത്?”

“അപ്പോൾ വേലിചാടല് തന്നെ, അല്ലേ?”

എല്ലാവരും പൊട്ടിച്ചിരിച്ചു.

“തോമസ്സ് എന്നാ ലീവിൽ പോണത്?” കരുണാകരൻ ചോദിച്ചു. തോമസ്സ് ഒന്നും മിണ്ടിയില്ല. ലീവിൽ പോവണം. പോവുമ്പോൾ കൈയിൽ കുറച്ചു പണം വേണ്ടേ? വേണമെങ്കിൽ ഇപ്പോൾ ലീവു കിട്ടും. അങ്ങനെ കൈ വീശി പോവുന്നതു് ശരിയാണോ? തോമസ്സ് കുറേശ്ശേ കുറേശ്ശേയായി പണം കരുതി വെയ്ക്കുന്നുണ്ടു്. വിവാഹത്തിനുശേഷം ആദ്യത്തെ ലീവിൽ പോവുമ്പോൾ കുറച്ചൊരു സ്ഥിതിയിൽ തന്നെ പോവണം. ആരേയും ബോദ്ധ്യപ്പെടുത്താനല്ല. തന്റെ ഇല്ലായ്മ എല്ലാവർക്കുമറിയാം. ഇല്ലായ്മയിലേയ്ക്കു് ഒരു പങ്കുകാരികൂടി വലിഞ്ഞുകേറി വന്നിരിക്കയാണു്. അവൾ എങ്ങിനേയും ജീവിക്കാൻ തയ്യാറുമാണു്. അതവൾ പലവുരു പറഞ്ഞിട്ടുമുണ്ടു്.

തോമസ്സ് ഒരു ചില്ലികൂടി അനാവശ്യമായി ചെലവാക്കാറില്ല. പണത്തിന്റെ വില നല്ലപോലെ അറിയാം. കുറേ കുടിയ്ക്കണം. അതു് അനാവശ്യമാണോ? മരവിപ്പിയ്ക്കുന്ന തണുപ്പിൽ കുറച്ചു കുടിയ്ക്കുന്നതു്. ആവശ്യമാണു്. ജീവൻ കിടക്കേണ്ടെ?

എന്നിട്ടും, ഒരുക്കുകൂട്ടി കുറച്ചു പണം സൂക്ഷിച്ചു വെച്ചിട്ടുണ്ടു്. കഷ്ടിച്ച് ഇരുനൂറു രൂപയോളം കാണും. അഞ്ഞൂറുരൂപ തികഞ്ഞിട്ടുവേണം ലീവിൽ പോവാൻ എന്നു വിചാരിച്ചിരിക്കയാണു്. സാധിച്ചാൽ ഒരു പെങ്ങളെയെങ്കിലും കെട്ടിക്കാൻ നോക്കുകയും വേണം.

പണിക്കരും കരുണാകരനും ലീവിൽ പോവാൻ കൊണ്ടുപിടിച്ച ശ്രമമാണു്. അവർ ഓരോ പെട്ടി ആപ്പിൾപ്പഴം വാങ്ങി. സിൽക്കു തുണികൾ വാങ്ങി. കുങ്കുമപ്പൂവും ഗോരോചനവും വാങ്ങി. ഭദ്രമായി സൂക്ഷിച്ചുവെച്ചു.

“വല്ലതും കൊണ്ടുവരണോ? അവർ ചോദിച്ചു.

“എനിക്കു രണ്ടു തോർത്തുമുണ്ടു വേണം.” പി. കെ. നായർ പറഞ്ഞു.

“പിന്നെ വല്ലതും?”

“കടുമാങ്ങ കൊണ്ടുവരാമോ?”

“നോക്കട്ടെ.”

അവർ പുറപ്പെട്ടു. പെട്ടിയും കെട്ടും ലോറിയിൽ എടുത്തുവെച്ചു പുറകെ അവരും കയറി. ലോറി നീങ്ങി.

തോമസ്സും, പി. കെ. നായരും, വർഗ്ഗീസും കർചീഫ് എടുത്തു വീശി. “അവധിദിവസങ്ങൾ സന്തോഷകരമാവട്ടെ!”

ഏഴു്

“വർഗ്ഗീസേ, വേഗം വന്നേ, തോമസ്സ് കമ്പിക്കാലിൽ നിന്നു വീണു. ദാ, ഇപ്പോ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയിരിക്കുന്നു.” പി. കെ. നായർ ഓടിക്കിതച്ചുകൊണ്ടു പറഞ്ഞു.

വർഗ്ഗീസ് പരിഭ്രമത്തോടെ ചാടി എഴുന്നേറ്റു.

പി. കെ. നായർ മോട്ടോർ സൈക്കിൾ സ്റ്റാർട്ടു് ചെയ്തു. വർഗ്ഗീസ് പിന്നിലത്തെ സീറ്റിൽ ഇരുന്നു. മോട്ടോർ സൈക്കിൾ കുതിച്ചു പാഞ്ഞു.

രണ്ടു പേരുടേയും ഹൃദയം ആശങ്കാകുലമായിരുന്നു. പി. കെ. നായർ കഴിയുന്നത്ര സ്പീഡ് കൂട്ടി. എന്നിട്ടും സൈക്കിളിനു സ്പീഡില്ലെന്നു തോന്നി. ചുറ്റുപാടുകൾ മറന്നുള്ളൊരു പോക്കായിരുന്നു അതു്. ഒന്നും കണ്ടിരുന്നില്ല. കേട്ടിരുന്നില്ല. ശ്രദ്ധിച്ചിരുന്നില്ല. ഒരലർച്ചയോടെ മോട്ടോർ സൈക്കിൾ ആസ്പത്രിയിലെ പാർക്കിൽ വന്നുനിന്നു. അവർ രണ്ടുപേരും ധൃതിയിൽ സൈക്കിളിൽ നിന്നിറങ്ങി.

ആസ്പത്രി ഒരു കുന്നിൻ പള്ളത്തിലാണു്. ഉയരത്തിലേയ്ക്കു കയറണം. പടവുകൾ വെട്ടി ഉയർത്തിയിരിക്കയാണു്. അവർ ചാടിക്കയറി എൻക്വയറി ഓഫീസി’ൽ ചെന്നു ചോദിച്ചു.

“തോമസ്സ് കിധർ.”[30]

“കോൻ തോമസ്സ്?”[31]

“അഭീ അഭീ ജോ സ്പെഷ്യൽ സിക് ആയാ.”[32]

എൻക്വയറി ഓഫീസിലെ ക്ലർക്കു് തടിച്ചൊരു പുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കി. എന്നിട്ടു പറഞ്ഞു: “അക്യൂട്ടു് സർജ്ജിക്കൽ വാർഡ്.”

അവർ കിതച്ചുകൊണ്ടോടി സർജിക്കൽ വാർഡിന്റെ ഉള്ളിലേയ്ക്കു് ഒരു കാറ്റിന്റെ ശക്തിയോടെ തള്ളിക്കടന്നു. ചുവചുവന്നുള്ള കമ്പിളികൾ ആ വാർഡിന് എന്തെന്നില്ലാത്തൊരു ഭീകരത തോന്നിച്ചിരുന്നു. പിന്നെ ഞരക്കങ്ങൾ… ഹാവു… മർഗയാ…

വാർഡിന്റെ ഒരറ്റത്തുള്ള കട്ടിലിലാണു് തോമസ്സ് കിടക്കുന്നതു്. പി. കെ. നായരും വർഗ്ഗീസും കട്ടിലിന്റെ അടുത്തേക്കു കുതിച്ചു. സർജിക്കൽ സ്പെഷലിസ്റ്റും ഒരു സിസ്റ്ററും നെഴ്സിങ് ഓർഡർലിയും കട്ടിലിന്റെ അടുത്തുതന്നെ നില്ക്കുന്നുണ്ടു്.

തോമസ്സിന്നു ബോധമില്ല. കണ്ണുകൾ തുറന്നിട്ടില്ല. വിയർത്തു കുളിച്ചിരിക്കയാണു്. വിയർപ്പു തുള്ളികൾ കഴുത്തിൽക്കൂടി ഒഴുകിവീഴുന്നു. ഡോക്ടർ ഇടയ്ക്കിടയ്ക്ക നാഡി മിടിപ്പു പരിശോധിച്ചു നോക്കുന്നുണ്ടു്. എല്ലാവർക്കും ആശങ്കയുണ്ടു്. പി. കെ. നായരും വർഗ്ഗീസും കട്ടിലിനോടു തൊട്ടുനിന്നുകൊണ്ടു തോമസ്സിന്റെ മുഖത്തേക്കു നോക്കി.

“കോൻ?” ഡോക്ടർ ചോദിച്ചു.

“ഈ കിടക്കുന്നാളുടെ സ്നേഹിതന്മാരാണു്. വർഗ്ഗീസ് പറഞ്ഞു.

“ദിസ് ഈസ് നോട്ടു് വിസിറ്റിങ് ടൈം, യു നോ?”[33]

“യേസ്സ്, സാർ”

“ദെൻ വാട്ട് ?”

“ഞങ്ങൾ ഒരു മുറിയിൽ കിടക്കുന്നവരാണു്. സ്നേഹിതന്മാരാണു്. ഒരേ നാട്ടുകാരാണു്. ഞങ്ങൾ…”

പെട്ടെന്നു് തോമസ്സ് കണ്ണുകൾ തുറന്നു. ഡോക്ടരും സിസ്റ്ററും മറ്റെല്ലാവരും തോമസ്സിന്റെ മുഖത്തേയ്ക്കു നോക്കി. തോമസ്സ് കിടന്ന കിടപ്പിൽ നിന്നു് അനങ്ങുന്നില്ല. അനങ്ങാൻ വയ്യ. ചുറ്റും പകച്ചുനോക്കി. താൻ എവിടെയാണു്? ആലോചിച്ചുനോക്കി. മുമ്പിൽ നില്ക്കുന്നവരിൽ അധികവും അപരിചിതരാണു്.

ശബ്ദിക്കണമെന്നുണ്ടു്. ശബ്ദം പൊങ്ങുന്നില്ല. തൊണ്ടയിൽ നീരില്ല. നാക്കിന്നു ശക്തിയില്ല എന്തിന്ന്? ഒന്നും വ്യക്തമാവുന്നില്ല. മിഴിച്ചു കിടക്കുകയാണു്. എല്ലാവരും ഉറ്റുനോക്കി. ഒടുവിൽ തോമസ്സ് വളരെ നേരിയ സ്വരത്തിൽ ശബ്ദിച്ചു: “പി. കെ.”

പി. കെ. നായരും വർഗ്ഗീസും തോമസ്സിന്റെ മുഖത്തേയ്ക്കു തല കുനിച്ചു.

പി. കെ. നായർ പറഞ്ഞു: “തോമസ്സേ, പരിഭ്രമിക്കാനില്ല. ഞങ്ങൾ അടുത്തുണ്ടു്.”

“പി. കെ., ഞാൻ എപ്പോഴാണു് ഇവിടെ വന്നതു്?” തോമസ്സ് വിക്കിവിക്കിക്കൊണ്ടു ചോദിച്ചു.

ഡോക്ടർ ഇടയിൽക്കയറി പറഞ്ഞു: “സംസാരിക്കരുതു്.”

എന്നിട്ടു വർഗ്ഗീസിന്റേയും പി. കെ. നായരുടെയും നേരെ തിരിഞ്ഞു പറഞ്ഞു:

“പ്ലീസ്, ഗെറ്റ് ഔട്ട് ഫ്രം ഹിയർ, ഫോർ ഗോഡ്സ് സെയ്ക്ക്”[34]

അവർ അവിടെനിന്നു പോന്നു.

അവർ പോയപ്പോൾ തോമസ്സിന്നു് പരിഭ്രമം തോന്നി. ആസ്പത്രിയിലാണു കിടക്കുന്നതു്. ആസ്പത്രി എന്നു കേട്ടാൽത്തന്നെ തോമസ്സിന്നു അവജ്ഞയും ഭയവുമാണു്. ഇതുവരെയായി ആസ്പത്രിയിൽ കിടക്കുകയുണ്ടായിട്ടില്ല.

തോമസ്സിന്നു എഴുന്നേറ്റിരിയ്ക്കണമെന്നുണ്ടു്. ശക്തിയില്ല. നാഡികളെല്ലാം തകർന്നുപോയപോലെ തോന്നുകയാണു്. കണ്ണു മിഴിച്ചങ്ങിനെ നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ ചിലപ്പോൾ കാഴ്ചതന്നെ മങ്ങുന്നു.

നേഴ്സ് ടെമ്പറേച്ചർ ചാർട്ട് ആണിയിൽ തൂക്കി പോയി. തോമസ്സിന്നു ഒന്നു ചരിഞ്ഞു കിടക്കുവാൻ തോന്നി. ശ്രമിച്ചുനോക്കി… സാധിയ്ക്കുന്നില്ല… അനങ്ങിയപ്പോൾ ഇടത്തെ കാല് വേദനിച്ചു… ഭയങ്കരമായ വേദന… എല്ലുകളെല്ലാം തകർന്നിരിക്കയാണോ?… രക്തമോടുന്നില്ലേ? ഞരമ്പുകളെല്ലാം അറ്റുപോയിരിയ്ക്കുമോ? ഒന്നു തൊട്ടുനോക്കിയാലോ?

“അനങ്ങരുത്.” നേഴ്സ് വന്നു പറഞ്ഞു. എന്നിട്ടു നേഴ്സ് കുറച്ചുനേരം അവിടെത്തന്നെ നോക്കി നിന്നു.

വേദന സഹിയ്ക്കുന്നില്ല. ചുണ്ടുകൾ കടിച്ചു വേദന തിന്നു… വയ്യ… അമ്മച്ചീ വയ്യ. ഹാവൂ.

നേഴ്സ് തോമസ്സിന്റെ കൈകൾ പിടിച്ചു വാത്സല്യപൂർവ്വം തലോടി.

തോമസ്സ് കിടന്നു ഞരങ്ങി… എന്തൊരു വേദന…

ഡോക്ടർ ഓടിവന്നു നേഴ്സിനോടു് ഇംഗ്ലീഷിൽ എന്തോ ചോദിച്ചു. എന്നിട്ടു് ഡ്രസ്സിംഗ് റൂമിലേക്കു പോയി. സിറിഞ്ചുമായി വന്നു.

“ഇനി വേദനിയ്ക്കില്ല. ഉറങ്ങാനുള്ള ഇഞ്ചക്ഷനാണു തരുന്നതു്. “ എന്നു പറഞ്ഞു ഇൻജെക്ട് ചെയ്തു.

കുറെ ആശ്വാസമായതു പോലെ തോന്നി. വാർഡിന്റെ നടുക്കുള്ള മെർക്കുറി ലൈറ്റിൽ മിഴിനട്ടു കൊണ്ടു കിടന്നു. ഉറക്കം വരികയാണു്… അങ്ങനെ ഉറങ്ങി.

രാവിലെ ഉണർന്നപ്പോൾ ഡോക്ടർ അടുത്തുണ്ടായിരുന്നു. ഒമ്പതു മണിക്കു് എക്സ്റേ റൂമിലേക്കയയ്ക്കുവാൻ വാർഡ് ഇൻ ചാർജ്ജിനോടു നിർദ്ദേശിച്ചു ഡോക്ടർ പോയി.

ഡോക്ടർ പോയപ്പോൾ തോമസ്സ് കട്ടിലിൽ തന്നെ എഴുന്നേറ്റിരുന്നു. ചുറ്റും നോക്കി വാർഡിൽ വലിയ ബഹളമാണു്. സ്വീപ്പർ നനച്ചതുണികൊണ്ടു് നിലം തുടച്ചു മിനുക്കുന്നു. നേഴ്സിങ്ങ് സിപ്പായി കണ്ണാടിച്ചില്ലുകളും വാതിലുകളും തുടച്ചു വൃത്തിയാക്കുന്നു. നേഴ്സുമാർ വാതിലുകൾക്കെല്ലാം പുതിയ കർട്ടൻ ഇടുന്നു.

തോമസ്സ് തലേദിവസത്തെക്കുറിച്ചോർത്തു. എന്താണുണ്ടായത്? താൻ എങ്ങിനെയാണു് ആശുപത്രിയിൽ എത്തിയത്?

രാവിലെ തോമസ്സ് ഹവർ സാക്കു് റേഷനുമായി ലൈൻ ടെസ്റ്റ് ചെയ്യാൻ പോന്നതായിരുന്നു. പ്രധാനപ്പെട്ട ലൈൻ എല്ലാം ആദ്യമേ ടെസ്റ്റ് ചെയ്തു. അതു് എന്നും പതിവുള്ളതാണു്. സ്റ്റാഫ് ഓഫീസർമാർ ഡിവിന്റെ ജീവനാണു്. അവരുടെ ടെലിഫോൺ ലൈൻ കേടുവരരുതു്. അവരുടെ ടെലിഫോൺ നംബർ തോമസ്സിന്നു മനഃപാഠമാണു്. സ്റ്റാഫ് ഓഫീസർമാരായി പരിചയവുമാണു്.

ഒടുവിൽ സ്റ്റേഷൻ സ്റ്റാഫ് ക്യാപ്റ്റൻ ഓഫീസിലേയ്ക്കു പോയതു മാത്രമറിയാം. സ്റ്റേഷൻ സ്റ്റാഫ് ക്യാപ്റ്റന്റെ ഓഫീസ് ഒരു കുന്നിൻ ചെരിവിലാണു്. വളരെ ബുദ്ധിമുട്ടിയാണു് അങ്ങോട്ടു് ലൈൻ ഇട്ടതുതന്നെ. കമ്പിക്കാലുകൾ പോവുന്നതു് കുന്നിൻ ചെരിവിൽക്കൂടെയും കുന്നിൻമുകളിൽകൂടെയുമാണു്.

അവിടെ ചെന്നപ്പോൾ ഒരു കമ്പിക്കാലിൽ നിന്നു കേബിൾ താഴെ വീണു കിടക്കുന്നതു കണ്ടു.

കമ്പിക്കാലിന്നു നല്ല ഉയരമുണ്ടു്. ഏണി കൊണ്ടു വന്നിരുന്നതുമില്ല. തോമസ്സ് ആലോചിച്ചുനിന്നു. എന്താ വേണ്ടത്? പൊത്തിപ്പിടിച്ചു കയറുകതന്നെ. താഴെ വീണുകിടക്കുന്ന കേബിൾ കൈയിൽ മുറുക്കി എത്ര ദൂരം കയറിയെന്നൊന്നും തോമസ്സിന്നു് ഓർമ്മയില്ല. കണ്ണു തുറന്നപ്പോൾ ആശുപത്രിയിലാണു്. തോമസ്സ് ആലോചിച്ചുനോക്കി. താൻ കമ്പിക്കാലിന്റെ എത്ര ഉയരത്തിൽ നിന്നാവും വീണിരിക്കുക? എന്തായാലും ബോധമില്ലാഞ്ഞതു നന്നായി. വേദന അറിയാതെ കഴിഞ്ഞുവല്ലോ. താഴെ കുന്നിൻ ചെരിവിൽ വാപിളർന്നു നിൽക്കുന്ന പാറകെട്ടുകളിലേയ്ക്കായിരിക്കും വീണിരിക്കുക.

നേഴ്സിങ്ങ് ഓർഡർലി സ്റ്റ്രെച്ചറുമായി വന്നു. എക്സ്റേ റൂമിലേയ്ക്കു കൊണ്ടു പോവാനാണു്. തോമസ്സ് എഴുന്നേല്ക്കാൻ ശ്രമിച്ചു. ശക്തിയില്ല, കണ്ണുകളിൽ ഇരുട്ടു കയറിയിരിക്കയാണു്.

നേഴ്സിങ്ങ് ഓർഡർലി തോമസ്സിനെ താങ്ങിയെടുത്തു സ്റ്റ്രെച്ചറിൽ കിടത്തി എക്സ്റേ റൂമിലേക്കു കൊണ്ടുപോയി.

എട്ടു്

ഫോട്ടോ പരിശോധിച്ചുകൊണ്ടു് സർജ്ജിക്കൽ സ്പെഷ്യലിസ്റ്റ് വാർഡ് ക്യാപ്ടനോടു പറഞ്ഞു:

“സീരിയസ്സാണു്.”

തോമസ്സ് ഉല്ക്കണ്ഠയോടെ അവരുടെ മുഖത്തേയ്ക്കു മാറിമാറി നോക്കി. ദയനീയത കലർന്ന നോട്ടമായിരുന്നു അതു്. ‘എന്നെ രക്ഷിക്കണേ’ എന്നൊരഭ്യർത്ഥന ആ നോട്ടത്തിലുണ്ടായിരുന്നു.

“പക്ഷേ, ഡോക്ടർക്കു തോമസ്സിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭയങ്കരമായ ഒരോപ്പറേഷനു ശേഷം ബോധം വീഴാത്ത തോമസ്സിനെ കട്ടിലിൽ കൊണ്ടുവന്നു കിടത്തി. ഡോക്ടരും നേഴ്സും അടുത്തുതന്നെ നില്ക്കുകയാണു്. തോമസ്സ് കണ്ണു തുറക്കുന്നതു കാത്തുകൊണ്ടാണവർ നില്ക്കുന്നതു്.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ തോമസ്സ് കണ്ണുതുറന്നു. ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നപോലെയുള്ള ഒരനുഭവമാണു തോമസ്സിന്നു്. എതിരെ കാണുന്ന ചുമരിൽ ക്ലോക്കു് അതേപോലെത്തന്നെയുണ്ടു്. തൊട്ടടുത്തുള്ള വാതിലിന്റെ നീലകർട്ടൻ ഒരു ബലൂണിന്റെ രൂപത്തിൽ കാറ്റിൽ കിടന്നു കളിയ്ക്കുന്നു. ഡോക്ടരും നേഴ്സും അടുത്തുണ്ടു്.

തോമസ്സ് ശബ്ദിയ്ക്കുവാൻ ശ്രമിച്ചു. ശബ്ദം വരുന്നില്ല. തൊണ്ട വരണ്ടുപോയിരിക്കയാണു്.

“വെള്ളം…” ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

“വെള്ളം കുടിച്ചാൽ ഛർദ്ദിക്കും.” ഡോക്ടർ പറഞ്ഞു.

“വെള്ളം… വെള്ളം…” സംസാരിക്കാനുള്ള ശക്തി എവിടെനിന്നോ വന്നതുപോലെ തോന്നി, ഡോക്ടർ മഗ്ഗിൽ നിന്നു കുറച്ചു വെള്ളം വായിലേയ്ക്കൊഴിച്ചു കൊടുത്തു.

തോമസ്സ് ആർത്തിയോടെ വെള്ളമിറക്കി. ഉടൻ വെള്ളമെല്ലാം ഛർദ്ദിക്കുകയും ചെയ്തു. ദേഹമെല്ലാം ഇളകി. അപ്പോൾ ഇടത്തെ കാലു വല്ലാതെ വേദനിയ്ക്കുവാൻ തുടങ്ങി. പഴുത്ത വ്രണത്തിൽ മുളകു പൊടി വിതറിയപോലെയുള്ള വേദന. തോമസ്സ് കിടന്നു പുളഞ്ഞു. കൈകൾ കട്ടിലിൽ വെച്ചടിച്ചു.

ഡോക്ടർ പറഞ്ഞു: “അനങ്ങരുതു്, അധികം നോവും.”

വേദന കൊണ്ടു തോമസ്സിന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞു. ശരീരം മുഴുവനും വിയർത്തൊഴുകി.

ഡോക്ടർ അനങ്ങരുതെന്നു് ഒരു പ്രാവശ്യവും കൂടി ഓർമ്മിപ്പിച്ചു വാർഡിൽനിന്നു പോയി.

തോമസ് ചുണ്ടുകൾ കടിച്ചമർത്തി. വേദന സഹിച്ചുകൊണ്ടു കിടന്നു. ഡോക്ടർ പറയുന്നതു് അനങ്ങരുതെന്നല്ലേ? വേദന സഹിക്കുകതന്നെ…

എത്ര നേരമാണിങ്ങിനെ എരിപൊരി സഞ്ചാരം കൊണ്ടു കിടക്കുക? തോമസ്സ് ഒരു വിധത്തിൽ ഒന്നു ചെരിഞ്ഞു കിടന്നു. എന്നിട്ടു വേദന തോന്നുന്ന കാലൊന്നു തൊട്ടുനോക്കി… തോമസ്സ് ഞെട്ടിത്തെറിച്ചു… കൈവിരലിൽ പാമ്പുകടി കൊണ്ടപോലെ തോന്നി. മുട്ടിന്നു താഴെയുള്ള ഭാഗം എവിടെ? മുട്ടിന്നു താഴെ ഒന്നുമില്ലേ? തോമസ്സ് കിതച്ചു കിതച്ചുകൊണ്ടു് ആലോചിച്ചു നോക്കി. ഒന്നുകൂടി തൊട്ടുനോക്കിയാലോ? ഇല്ല. ധൈര്യമില്ല… തോമസ്സിന്നു ബോധം ഇല്ലാതാവുന്നതുപോലെ തോന്നി. ചുറ്റുപാടുകൾ മങ്ങിയും തെളിഞ്ഞും കൊണ്ടു് അതിവേഗത്തിൽ കറങ്ങുകയാണു്. ലോകത്തിലെ ശബ്ദങ്ങളെല്ലാം നിലച്ചിരിക്കയാണു്. എല്ലാം…എല്ലാം ഒരു നിശ്ചലാവസ്ഥയിലേയ്ക്കു വരുവാൻ പോകയാണു്.

അങ്ങനെ തികച്ചും അബോധമല്ലാത്ത ആ അവസ്ഥയിൽ അയാൾ ഒരുപാടുനേരം ഇരുന്നു.

കുറെക്കഴിഞ്ഞപ്പോൾ അരവരെയിട്ട രണ്ടറ്റവും കിടക്കയുടെ ചുവട്ടിലേയ്ക്കു തിരുകി വെച്ചിരുന്ന കമ്പിളി വലിച്ചു ദൂരെ മാറ്റി. അപ്പോൾ എല്ലാം കണ്ടു. ഇടത്തെ കാലിൽ ‘ബാൻഡേജ്’ മുറുക്കി കെട്ടിയിരിക്കയാണു്. മുട്ടിനു താഴെ ഒന്നുമില്ല. സ്പിരിറ്റിന്റെ മണം നാസാരന്ധ്രങ്ങളിലേയ്ക്കു് അടിച്ചു കയറുകയാണു്. ബാൻഡേജില്ലാത്ത ഭാഗം മുഴുക്കെ മഞ്ഞനിറമാണു്. തോമസ്സ് തുടിയ്ക്കുന്ന ഹൃദയത്തോടെ എല്ലാം നോക്കിക്കണ്ടു. കണ്ണുകൾ നിറഞ്ഞു. അവയിൽനിന്നു നീർച്ചാലുകൾ കവിളുകളിൽകൂടെ കീഴോട്ടൊഴുകി.

ആ കണ്ണുനീർ പ്രവാഹത്തിലൂടെ തോമസ്സ് ആലോചിച്ചു. താൻ ഒറ്റക്കാലനായിരിക്കയാണു്. അതൊരു പരമാർത്ഥമാണു്. ഇനി തന്റെ ഇടത്തെ കാലുകൊണ്ടു യാതൊരുപയോഗവുമില്ല. ഇടത്തെ കാലിന്റെ മുട്ടിനു താഴെ ഒന്നുമില്ല. മുട്ടിനു താഴെയുള്ള ഭാഗം മുറിച്ചുകളഞ്ഞു. അതവർ മണ്ണിൽ കുഴിച്ചിട്ടിരിക്കും. അതവിടെ ചീഞ്ഞു നാറിക്കിടക്കുന്നുണ്ടാവും. അഞ്ചു വിരലുകൾ, കാലടി. എല്ലാം ചീഞ്ഞളിഞ്ഞു കിടക്കുന്നുണ്ടാവും. എല്ലാം കഴിഞ്ഞു. ഇനി നടക്കാൻ സാദ്ധ്യമല്ല. പട്ടാളത്തിൽ നിന്നു ‘ബോർഡൌട്ട്’ ചെയ്യും. ഒറ്റക്കാലനെ പട്ടാളത്തിൽ എന്തിനാണു് ? ‘ബോർഡൌട്ട്’ ചെയ്യും—എന്നിട്ടു വീട്ടിലേയ്ക്കുതന്നെ മടങ്ങും—വീട്ടിലേയ്ക്കു മടങ്ങുക—അതോർത്തപ്പോൾ തോമസ്സിന്നു പൊട്ടിക്കരയുവാൻ തോന്നി. വീട്ടിൽ അമ്മയും കെട്ടിക്കാറായി നില്ക്കുന്ന പെങ്ങന്മാരും ഭാര്യയുമുണ്ടു്. അവരുടെ അടുത്തേയ്ക്കാണു് പോവുന്നതു്. എന്തിനു്? വെറുതെ കുത്തിയിരിക്കുവാൻ. ഓപ്പറേഷൻചെയ്തപ്പോൾ എന്തുകൊണ്ടു താൻ മരിച്ചില്ല? ഇങ്ങനെ ജീവിച്ചിരുന്നിട്ടു് എന്താണൊരു ഫലം? ഒരു കുടുംബത്തിന്നു താങ്ങായി നിന്നിരുന്നവൻ ഇപ്പോൾ വീണിരിയ്ക്കയാണു്. ഇനി എഴുന്നേല്ക്കുകയില്ല. മരിക്കുന്നതുവരെ വീണുകിടക്കേണ്ടതായിട്ടാണു് വന്നിരിക്കുന്നതു്. എല്ലാം തുലഞ്ഞു. എല്ലാം പോകട്ടെ എന്നു വെയ്ക്കാം. തന്റെ ഭാര്യ! വെറുതെ ഒരു പെണ്ണിനെ വഴിയാധാരമാക്കി. വെറും ഒരാഴ്ചയാണു് അവളോടൊന്നിച്ചു കഴിച്ചതു്. അന്നു് എന്തെല്ലാം പ്രതീക്ഷകളുണ്ടായിരുന്നു. ഇന്നോ? അവൾ തന്നെ ഈ വിധത്തിൽ ഇഷ്ടപ്പെടുമോ? ഇഷ്ടപ്പെടുന്നുവെങ്കിൽത്തന്നെ ആത്മാർത്ഥമായ ഒരിഷ്ടപ്പെടലായിരിയ്ക്കുമോ അത്? അവൾക്കു ചെറുപ്പമാണു്. ആരോഗ്യമുണ്ടു്. സ്വപ്നങ്ങളുണ്ടാവും. അവളുടേതായ എല്ലാം താൻ തകർത്തിരിയ്ക്കുകയാണോ?

ഒരു “റെഡ് ക്രോസ്കാരി മിഠായിയും ബിസ്കറ്റുമായി തോമസ്സിന്റെ അടുത്തുവന്നു ചോദിച്ചു.

“ജവാൻ, കൈസാ ഹൈ?”

തോമസ്സ് ചിന്തയിൽ നിന്നുണർന്നു് ആ സ്ത്രീയെ തുറിച്ചുനോക്കി. അവൾ ഒരു പാക്കറ്റ് ബിസ്ക്കറ്റും കുറച്ചു മിഠായിയും കട്ടിലിൽ വെച്ചു പോയി.

റേഡിയോ ഓൺ ആയി. കുറേ ഭേദം. പാട്ടു് ഏതു വേദനകളേയും കുറച്ചൊന്നു ശമിപ്പിക്കുന്നു.

“ഏ രാത്തു് ഹേ ചാന്ദ്നി തു കഹാങ്ങ്—

സ്സുൻ ജാൻ ദിൽകി ദാസ്താൻ”

തോമസ്സിന്നു വളരെ ഇഷ്ടപ്പെട്ട പാട്ടുതന്നെ. അതയാൾക്കു കാണാപ്പാഠവുമാണു്. പക്ഷേ, രാഗം ശരിയാവുകയില്ല. തോമസ്സ് ശ്രദ്ധിച്ചുകൊണ്ടു് മലർന്നു കിടന്നു. ഒന്നിനെ പുറകെ മറ്റൊന്നായി പാട്ടുകൾ വന്നുകൊണ്ടിരുന്നു. പാട്ടുകളവസാനിച്ചു. വാർത്താ പ്രക്ഷേപണമാരംഭിച്ചപ്പോൾ തോമസ്സിന് ഒരസുഖം തോന്നി, കണ്ണുകളടച്ചു കിടന്നു.

പി. കെ. നായരും വർഗ്ഗീസും തോമസ്സിനെ കാണാൻ വീണ്ടും വന്നു. അവർ കൊണ്ടുവന്നിരുന്ന ആപ്പിൾപഴങ്ങളും ചോക്ലേറ്റും കട്ടിലിന്റെ അടുത്തുള്ള സ്റ്റൂളിൽ വെച്ചു. തോമസ്സ് കണ്ണുകൾ തുറന്നു കൂട്ടുകാരെ നോക്കി.

പി. കെ. നായർ ചോദിച്ചു: “എങ്ങിനെയിരിക്കുന്നു? സുഖമുണ്ടോ?”

തോമസ്സ് ഒന്നും ശബ്ദിച്ചില്ല.

പി. കെ. നായർ വീണ്ടും ചോദിച്ചു: “എന്താ മിണ്ടാത്തതു്? ക്ഷീണമുണ്ടോ?” അപ്പോൾ തോമസ്സ് നിറഞ്ഞ കണ്ണുകളോടെ കാലിൽനിന്നു കമ്പിളി മാറ്റിയിട്ടു.

നായരും വർഗ്ഗീസും പകച്ചുനിന്നു. അവർ ഒന്നും ശബ്ദിച്ചില്ല.

തോമസ്സ് വിക്കിവിക്കിക്കൊണ്ടു ഗദ്ഗദത്തോടെ പറഞ്ഞു:

“ഞാൻ… എ…ന്തു… മിണ്ടാനാണു്? ഇ…താണു് എന്റെ സ്ഥിതി.”

കുറച്ചു നേരത്തിനു് ആരും ഒന്നും ശബ്ദിച്ചില്ല.

തോമസ്സ് തേങ്ങിക്കരയുവാൻ തുടങ്ങിയപ്പോൾ നായരുടെയും വർഗ്ഗീസിന്റേയും കണ്ണുകൾ നിറഞ്ഞു. തോമസ്സിന്റെ സ്ഥിതി ദയനീയമാണു്. ശോചനീയമാണു്. അവനെ സമാധാനിപ്പിയ്ക്കുകയാണു വേണ്ടതു്. ജനിച്ച നാട്ടിൽനിന്നു രണ്ടായിരം നാഴിക ദൂരത്തുള്ള ഒരാസ്പത്രിയിൽ കിടക്കുകയാണു് ഒരു കാലുപോയ പട്ടാളക്കാരൻ.

വർഗ്ഗീസ് പറഞ്ഞു: “തോമസ്സേ കരയരുത്.”

“എന്റെ ജീവിതം മുഴുവനും കരയുവാനും കണ്ണീരൊഴുക്കുവാനുമുള്ളതാണു്. ഞാൻ മരിയ്ക്കയാണു് വേണ്ടിയിരുന്നതു്. ഞാൻ ഇനി ജീവിക്കുന്നതുകൊണ്ടു് എന്താണൊരു ഫലം?” തോമസ്സ് ഒന്നു നിർത്തിക്കൊണ്ടു വീണ്ടും തുടർന്നു:

അമ്മ, പെങ്ങന്മാർ, ഭാര്യ അവരുടെ അടുത്തേയ്ക്കു ഞാൻ പോകുന്നതു് ഇങ്ങനെയാണു്.”

“കർത്താവുണ്ടു്. നീ കഷ്ടപ്പെടുകയില്ല.” വർഗ്ഗീസ് സമാധാന വചനം പറഞ്ഞു.

“നീ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറകയാണു്. എല്ലാം പോകട്ടെ. പണിക്കരും കരുണാകരനും തിരിച്ചുവരാറായില്ലെ?”

“അവർ രണ്ടാഴ്ചക്കുള്ളിൽ വരും.” പി. കെ. നായർ പറഞ്ഞു.

തുടർന്നു അവർ പലതും സംസാരിച്ചു. റെജിമെന്റിൽ പുതുതായി വന്ന ഹവിൽദാർ മേജരുടെ ‘കോഷ’നെക്കുറിച്ചും, അടുത്തു നടക്കാൻ പോകുന്ന ഇന്റർ കമ്പനി സ്പോർട്ട്സിനെക്കുറിച്ചും മറ്റും. പി. കെ. നായർ ഫലിതമയമായി സംസാരിച്ചു. തോമസ്സ് എല്ലാം മൂളികേട്ടു.

കുറെക്കഴിഞ്ഞപ്പോൾ അവർ യാത്ര പറഞ്ഞു പോന്നു.

കുറിപ്പുകൾ

[1] കുറച്ചുണങ്ങിയ വിറകു തരു, സഹോദര.

[2] ഇനി ചോദിയ്ക്കരുതു്, കെട്ടോ.

[3] ബഹു സ്വാദ്.

[4] വിഡ്ഢികളെ, ലഹളകൂട്ടരുതു്.

[5] ചിലക്കരുതു്.

[6] ഇയാളെ ഗാഡ്റൂമിൽ അടച്ചിടൂ.

[7] ഡിവിഷൻ.

[8] സാധാരണ പട്ടാളക്കാരൻ.

[9] വരണം മി. നായർ അവർകളേ.

[10] ഒരു വരിയായി നില്ക്കുക.

[11] അനങ്ങരുതു്.

[12] എന്തൊരു ഭ്രാന്തൻ.

[13] പാല്പായസം പോലെതന്നെ നോക്കു.

[14] ‘ചൊറിച്ചുമല്ലൽ’ എന്ന പ്രയോഗം. ആട്ടും കൊണ്ടു പായരുതു് എന്നർത്ഥം.

[15] റെജിമെന്റൽ ഹവിൽദാർ മേജർ.

[16] ചപ്പടാച്ചി.

[17] ഉടനെ ധോബിയുടെ അടുത്തു പോവിൻ. വേഗം.

[18] വസ്ത്രമൊന്നു് ഇസ്ത്രിയിടണം.

[19] ഇപ്പോൾ വയ്യ.

[20] എന്തേ?

[21] പെട്ടിയ്ക്കു ചൂടില്ല.

[22] ചൂടാക്കു്.

[23] ഇപ്പോൾ വയ്യ.

[24] റിപ്പോർട്ടു് ചെയ്യും.

[25] ഓഹോ.

[26] അടിക്കും.

[27] മദ്രാസി ഭാഷയിൽ ശകാരിയ്ക്കരുതു്.

[28] നോ മെൻഷൻ എന്നു പറയുകയാണാചാരം.

[29] പച്ചക്കറി.

[30] തോമസ്സ് എവിടെ?

[31] ഏതു തോമസ്സ് ?

[32] ഇപ്പോൾ പ്രത്യേക രോഗിയായി വന്നവൻ.

[33] ഇതു രോഗികളെ കാണാനുള്ള സമയമല്ല, അറിയില്ലേ?

[34] ദൈവത്തെ കരുതി പുറത്തുപോവിൻ.

ഒമ്പതു്

പണിക്കരും കരുണാകരനും ലീവ് കഴിഞ്ഞു വന്നു. തോമസ്സ് ആസ്പത്രിയിലാണെന്ന വിവരം അവർ ലീവിലിരിയ്ക്കുമ്പോൾ തന്നെ അറിഞ്ഞിരുന്നു. പക്ഷേ, തോമസ്സിന്റെ കാലു മുറിച്ച കഥ ലീവ് കഴിഞ്ഞു വന്നതിന്നു ശേഷമാണു് അറിയുന്നതു്.

അവർ ഉടൻ ആസ്പത്രിയിലേയ്ക്കു പുറപ്പെട്ടു. നാട്ടിൽനിന്നു കൊണ്ടുവന്നിരുന്ന അവലോസ് പൊടിയും ഏത്തക്കാ വറുത്തതും എടുക്കാൻ മറന്നില്ല. അവർ ബാരക്കിൽനിന്നു് പുറത്തിറങ്ങിയപ്പോൾ പി. കെ. നായർ പറഞ്ഞു: “ഞങ്ങളും വരുന്നു.”

നാലുപേരും കൂടി ആസ്പത്രിയിലേയ്ക്കു നടന്നു.

തോമസ്സ് കട്ടിലിൽ എഴുന്നേറ്റിരിയ്ക്കയായി രുന്നു. കൂട്ടുകാരെക്കണ്ടപ്പോൾ ഒന്നു പ്രയാസപ്പെട്ടു ചിരിച്ചു. പണിക്കർക്കും കരുണാകരനും ആ ഇരിക്കുന്നതു് തോമസ്സാണെന്നു വിശ്വസിക്കാൻ കൂടി സാധിച്ചില്ല. തോമസ്സ് അത്രയ്ക്കു മാറിയിരുന്നു. ദേഹത്തിൽ എല്ലും തോലും മാത്രമേയുള്ളു. മുഖത്തിന്നു നല്ല മഞ്ഞനിറമാണു്. തലമുടിയെല്ലാം പറ്റെ വെട്ടിയിരിക്കുന്നു.

പണിക്കർ അവലോസ് പൊടിയും ഏത്തക്കാ വറുത്തതും സ്റ്റൂളിൽ വെച്ചു.

“എന്റെ കാലിന്റെ സ്റ്റിച്ചസ്സും ബാൻഡേജുമെല്ലാം അഴിച്ചു.” തോമസ്സ് കാലു പുറത്തേക്കെടുത്തു. ആനയുടെ തുമ്പിക്കൈ പോലെയുള്ള ആ കാലു കണ്ടപ്പോൾ പണിക്കർ ഒന്നറിയാതെ നെടുവീർപ്പിട്ടു പോയി. ഓപ്പറേഷൻ ചെയ്ത സ്ഥലം ശരിക്കു് ഉണങ്ങിയിട്ടില്ല. മഞ്ഞയും ചുവപ്പും കലർന്ന ഒരു നിറമാണു് ആ സ്ഥലത്തിനുള്ളത്.

തോമസ്സ് തുടർന്നു പറഞ്ഞു: “അടുത്താഴ്ചയിൽ ഞാൻ ഇവിടെനിന്നു പൂനയ്ക്കു പോവും. അവിടെനിന്നു് എനിക്കു കൃത്രിമ മരക്കാലു കിട്ടും. എന്നിട്ടു് ബോർഡൌട്ടിൽ പോവും… ബോർഡൌട്ട്… എന്നിട്ടു്…

ആരും മറുപടി പറഞ്ഞില്ല. എങ്ങനെ മറുപടി പറയാനാണു്? തോമസ്സ് മനമുരുക്കുന്ന പരമാർത്ഥങ്ങൾ പറയുകയാണു്. വെറും പരമാർത്ഥങ്ങൾ…

“എല്ലാം പോട്ടെ, നാട്ടുവർത്തമാനങ്ങൾ എന്തെല്ലാമാണു്.” തോമസ്സ് സംസാരം വേറൊരു വിഷയത്തിലേക്കു മാറ്റി.

“എന്താ നെല്ലും അരിയും ഒക്കെ കിട്ടാനുണ്ടോ?” തോമസ്സ്.

“കരിഞ്ചന്തയിൽ എത്രവേണമെങ്കിലും കിട്ടും” പണിക്കർ പറഞ്ഞു

“കരിഞ്ചന്തയിൽ എന്താ വില?”

“ഒരുറുപ്പികയ്ക്കു രണ്ടു നാരായം നെല്ലു്.”

“ഒരുറുപ്പികയ്ക്കു രണ്ടു നാരായം” തോമസ്സ് അതു് ഒന്നുരണ്ടു പ്രാവശ്യം ഉരുവിട്ടു. എന്നിട്ടു് ചോദിച്ചു: “തുണിത്തരങ്ങളോ?”

“താണ കോറ കുത്തിനു് ഇരുപത്തിയേഴുറുപ്പിക.”

“തേങ്ങ, കുരുമുളകു്, ചുക്കു്—എല്ലാറ്റിനും നല്ല വിലയുണ്ടാവും ഇല്ലേ?”

“ഭയങ്കര വില. പണക്കാരെല്ലാം പിന്നേയും പണക്കാരാവുകയാണു്.”

“കയറുവ്യവസായം?”

“ഫാക്ടറികൾ അധികവും പൂട്ടിക്കിടക്കുന്നു.”

തോമസ്സ് ഒന്നു നെടുവീർപ്പിട്ടു. ഫാക്ടറികൾ പൂട്ടിക്കിടക്കുക. അപ്പോൾ എത്രപേർ പട്ടിണികിടക്കുന്നുണ്ടാവും. പട്ടിണിയുടെ നാട്ടിലാണു ജനിച്ചതു്. പട്ടിണിയുള്ള നാട്ടിലേയ്ക്കു് അംഗഭംഗം വന്ന ഒരു പട്ടാളക്കാരൻ തിരിച്ചു പോകയാണു്. ജീവിക്കണം… എങ്ങിനെ?

“പണിക്കരുടെ കുട്ടികൾക്കും മറ്റും സുഖമല്ലേ?” തോമസ്സ് ചോദിച്ചു.

“ദൈവമനുഗ്രഹിച്ചു സുഖക്കേടൊന്നുമില്ല.”

“കരുണാകരൻ കല്യാണം കഴിച്ചോ?’

“ഇല്ല.” കരുണാകരൻ പറഞ്ഞു.

“കരുണാകരൻ കുട്ടിയാണെന്നല്ലേ അവന്റെ അമ്മ പറയുന്നതു്?” പി. കെ. നായർ പറഞ്ഞു.

“ജസ്റ്റ് ലൈക് പാല്പായസം. അല്ലെ പി.കെ?” തോമസ്സ് ചിരിച്ചുകൊണ്ടു് പറഞ്ഞു. ഉടൻ കൺപീലികൾ നനയുകയും ചെയ്തു.

കൂട്ടുകാർ പുറപ്പെട്ടപ്പോൾ തോമസ്സ് പറഞ്ഞു: “ഞാൻ അടുത്താഴ്ചയിൽ തന്നെ പോകും.”

തോമസ്സ് പൂനയിലേയ്ക്കു പോവുന്നതു ഡക്കോട്ടാ വിമാനത്തിലാണു്. രാവിലെ ഒമ്പതുമണിക്കു തന്നെ പി. കെ. നായരും വർഗ്ഗീസും പണിക്കരും കരുണാകരനും ഏറോഡ്രോമിൽ എത്തി. ഒമ്പതു മണിക്കു് ഒരു ആംബുലൻസ് ട്രക്ക് ഏറോ ഡ്രോമിൽ വന്നു നിന്നു. ഡ്രൈവർ ട്രക്കിന്റെ പിന്നിലുള്ള പട്ട തുറന്നു. അതിൽ നിന്നു രണ്ടു നേഴ്സിംഗ് ഓർഡർലിമാരുടെ തോളിൽ പിടിച്ചുകൊണ്ടു തോമസ്സ് മെല്ലെ ഇറങ്ങി… കൂട്ടുകാരെ നോക്കി അയാൾ പുഞ്ചിരിച്ചു. അവരെല്ലാം ചുറ്റും വളഞ്ഞുനിന്നു സംസാരിച്ചു… അധികനേരം സംസാരിയ്ക്കാൻ സമയമുണ്ടായിരുന്നില്ല. വിമാനം പുറപ്പെടാറായി. സ്റ്റ്രെച്ചറിൽ കിടത്തി തോമസ്സിനെ വിമാനത്തിനുള്ളിലേയ്ക്കു കൊണ്ടുപോയി.

വിമാനം പറക്കാറായി. എഞ്ചിൻ ശബ്ദിച്ചു. വിമാനം ആകാശത്തിലേയ്ക്കുയർന്നപ്പോൾ തോമസ്സ് നിറഞ്ഞ കണ്ണുകളോടെ പുറത്തേയ്ക്കു നോക്കി. കൂട്ടുകാർ കർചീഫെടുത്തു വായുവിൽ വീശി. വിമാനത്തിന്നു വേഗം കൂടി. കാഴ്ചയിൽ നിന്നു മറഞ്ഞു. ഇരമ്പം മാത്രം ബാക്കിയായി. ഒടുവിൽ ഇരമ്പവും കേൾക്കാതായി.

പത്തു്

അഞ്ചുപേർ കിടന്നിരുന്ന ആ മുറിയിൽ ഇന്നു നാലുപേരേയുള്ളു. പക്ഷേ, കട്ടിലുകൾ ഇപ്പോഴും അഞ്ചെണ്ണമുണ്ടു്. തോമസ്സ് കിടന്നിരുന്ന കട്ടിൽ ഒഴിഞ്ഞുകിടക്കുകയാണു്. അതിന്റെ ചൂടിക്കയറുകൾ അയഞ്ഞുതൂങ്ങി അനാഥമായി കിടക്കുന്നു. ഇനി ആ കട്ടിൽ വേറൊരു മുറിയിലേയ്ക്കു കൊണ്ടുപോയെന്നു വരും. അല്ലെങ്കിൽ വേറൊരാൾ ആ മുറിയിലേയ്ക്കു വന്നുവെന്നും വരും. അതു് അവർക്കാർക്കും സമ്മതമല്ല. അവരുടെ സ്നേഹിതൻ കിടന്നിരുന്ന കട്ടിലിൽ വേറൊരാൾ വന്നു കിടക്കുക—അതിനെക്കുറിച്ചവർക്കാർക്കും ആലോചിയ്ക്കാൻ കൂടി വയ്യ. തോമസ്സിന്റെ അഭാവം നികത്താൻ വേറെ ആർക്കാണു സാധിക്കുക.

തോമസ്സ് പോയതിനു ശേഷം ആ മുറിയിൽ ഒരു ശൂന്യതയാണു്. ആരുമധികം സംസാരിച്ചില്ല. സംസാരിക്കാൻ വയ്യായിരുന്നു. അത്രയ്ക്കധികമുണ്ടായിരുന്നു ഹൃദയവേദന. എല്ലാവരും നേർത്തെ എഴുന്നേല്ക്കുന്നു. ദിനകൃത്യങ്ങൾക്കുശേഷം യൂനിഫോമിട്ടു പരേഡിന്നും പാറാവിന്നും മറ്റു ഡ്യൂട്ടികൾക്കുമായി പോവുന്നു. രാത്രിയിൽ വീണ്ടും ഒരുമിയ്ക്കുന്നു. ആ ഒഴിഞ്ഞ കട്ടിലിലേയ്ക്കു നോക്കുമ്പോൾ അവരുടെയെല്ലാം കണ്ണുകൾ നിറയുന്നു.

റെജിമന്റിൽ എല്ലാം ശരിയ്ക്കു നടന്നുകൊണ്ടിരുന്നു. പുലരാൻ കാലത്തു ‘റിവാലി’യുടെ ബ്യൂഗിൾ ശബ്ദിക്കുന്നതോടൊപ്പം പ്രവൃത്തികളാരംഭിക്കുന്നു. വൈകുന്നേരം റിട്രീറ്റിന്റെ ബ്യൂഗിൾ ശബ്ദിക്കുന്നതോടൊപ്പം പ്രവൃത്തികളവസാനിക്കുന്നു. നേരത്തിനു ചോറും ചായയും കിട്ടുന്നു. മാസാരംഭത്തിൽ ശമ്പളവും. ഒന്നിന്നും ഒരു നീക്കുപോക്കുമില്ല. തോമസ്സ് കിടന്നിരുന്ന മുറിയിലുള്ളവർക്കൊഴികെ ആർക്കും ഒരസുഖവും തോന്നിയിരുന്നില്ല. അവരുടെ ജീവിതം വിരസമായങ്ങിനെ നീങ്ങുകയാണു്.

അങ്ങനെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണു് ആ റെജിമെന്റിൽ വേറൊരത്യാഹിതം കൂടിയുണ്ടായതു്. സംഭവമെന്താണെന്നല്ലേ? ഒരു ‘സ്കീം’ നടന്നുകൊണ്ടിരിക്കുമ്പോഴാണതുണ്ടായതു്. സ്കീമിന്നു പോവാനുള്ള കല്പന പെട്ടെന്നാണു് കിട്ടിയതു്. പന്ത്രണ്ടു മണിക്കൂറിനുള്ളിൽ പുറപ്പെടാൻ തെയ്യാറാവണം. ‘ഡീവ്’ മുഴുക്കെ അജ്ഞാതമായ ഒരു സ്ഥലത്തേക്കു മൂവാകണം. സ്ഥലത്തിന്റെ മാപ്പ് റഫറൻസ് മാത്രം ഒഫീസർമാർക്കറിയാം. അതു വളരെ രഹസ്യമായി വെച്ചിരിക്കുകയാണു്.

സ്കീം എന്നു വെച്ചാൽ യുദ്ധക്കളത്തിൽ പോരാടേണ്ടതിന്നുള്ള പരിശീലനം നല്കുക എന്നർത്ഥമാണു്. പട്ടാളത്തെസ്സംബന്ധിച്ചേടത്തോളം സ്കീം വലിയ പ്രാധാന്യമർഹിക്കുന്നു. സ്കീമിന്നു പോവാത്തവർ പട്ടാളക്കാരല്ല.

നന്നെ രാവിലെയാണു് റെജിമെന്റ് മൂവാവാൻ പോവുന്നതു്. എല്ലാം തയ്യാറായി നില്ക്കുന്നു. ഓരോ ‘കോറി’ന്റേയും ട്രക്കുകളും പട്ടാളക്കാരും മറ്റുപകരണങ്ങളും വെവ്വേറെ വെവ്വേറെയായി തരം തിരിഞ്ഞു നില്ക്കുന്നു. ട്രക്കുകൾക്കു പുറത്തെല്ലാം മരക്കൊമ്പുകൾ വെച്ചു കെട്ടിയിട്ടുണ്ടു്. കാമോഫ്ലേജിന്റെ കാര്യത്തിൽ പ്രത്യേകം നിഷ്കർഷവേണം. മുമ്പിലുള്ള അണിയിൽ സിഗ്നൽ കോറിന്റെ ട്രക്കുകളാണു്. അവയിലെല്ലാം വയർലസ്സ് സെറ്റ് ഘടിപ്പിച്ചിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുമ്പോഴും കമ്യൂനിക്കേഷൻ നടത്താവുന്ന വിധത്തിലാണു് സെറ്റ് ഘടിപ്പിച്ചിരിക്കുന്നതു്. ഓരോ സെറ്റിനടുത്തും രണ്ടു ഓപ്പറേറ്റർ വീതമുണ്ടു്. അവരുടെയെല്ലാം തലയിൽ ഹെൽമെറ്റും പുറത്തും അരക്കെട്ടിലുമായി വലിയതും ചെറിയതുമായ ഹവർ സാക്കും വാട്ടർ ബോട്ടിലുമുണ്ടു്. ചുമലിൽ അയഞ്ഞ സ്ലിങ് കൊണ്ടു ബന്ധിച്ച റൈഫിളുമുണ്ടു്.

സിഗ്നൽ കോറിന്റെ അണിയ്ക്കു പിന്നിൽ സപ്ലൈ കോർ, ഓർഡനൻഡ് കോർ, മെഡിയ്ക്കൽ കോർ, ഇൻഫൻട്രി… അങ്ങനെ അണിനിരന്നു നില്ക്കുന്നു. എല്ലാ പട്ടാളക്കാരും മുഴുവൻ എഫ്.എസ്.എം.ഒ. ധരിച്ചാണു് നില്ക്കുന്നതു്. സഹിയ്ക്കാനാവാത്ത ഭാരം കൊണ്ടു് അവരുടെ ചുമലുകൾ ഉയർന്നും താഴ്‌ന്നും കൊണ്ടിരുന്നു.

ജി. വൺ ഓരോ കോറിന്റെ പ്രധാനപ്പെട്ട ഓഫീസർമാരേയും വിളിച്ചു ചില നിർദ്ദേശങ്ങൾ കൊടുത്തു. അറ്റൻഷനായി നിന്നു അവരതെല്ലാം കേട്ടു.

‘മൂവ്’ ആകാനുള്ള സമയമായി. ആദ്യം മിലിറ്ററി പോലീസിലെ രണ്ടു എൻ.സി.ഒ.മാർ മോട്ടോർ സൈക്കിൾ സ്റ്റാർട്ടു് ചെയ്തു, തയ്യാറായി കയറിയിരുന്നു. അവർ വഴികാട്ടികളാണു്. അവർക്കു പിന്നാലെ, ജി.വൺ ജീപ്പിൽ കയറി… തുടർന്നു എല്ലാ പട്ടാളക്കാരും നിർദ്ദേശമനുസരിച്ചു ട്രക്കുകളിൽ കയറി ഇരുന്നു. ഡീവ് മൂവായി. ഒന്നിന്നു പിന്നാലെ മറെറാന്നായി ട്രക്കുകൾ മന്ദം മന്ദമായി നീങ്ങി. കോരിത്തരിപ്പുണ്ടാക്കുന്ന ഒരു കാഴ്ചയായിരുന്നു അതു്.

നട്ടുച്ചയ്ക്കുശേഷമാണു് ഡിവ് സ്കീമിനുള്ള സ്ഥലത്തെത്തിയതു്. എല്ലാവർക്കും നന്നെ ക്ഷീണമുണ്ടായിരുന്നു. ലോറികൾക്കു ശരിക്കു പോകാവുന്ന റോഡിൽക്കൂടെയൊന്നുമായിരുന്നില്ല യാത്ര. കുണ്ടും കുഴിയും പാറക്കല്ലുകളും നിറഞ്ഞ റോഡ്. ഉച്ചവെയിലിൽ കുലുങ്ങിക്കുലുങ്ങിക്കൊണ്ടു ലോറികൾ നീങ്ങുമ്പോൾ എല്ലുകൾ പൊടിഞ്ഞു തകരുന്നതു പോലെ തോന്നിയിരുന്നു.

ലോറികളെല്ലാം വൃക്ഷച്ഛായകളിൽ ഹാൾട്ടു ചെയ്തു നിർത്തി. എല്ലാ പട്ടാളക്കാരും ലോറികളിൽനിന്നു ചാടിയിറങ്ങി. ഓരോ കോറിലേയും പട്ടാളക്കാർ അവരവരുടെ ഉയർന്ന ഉദ്യോഗസ്ഥന്മാർക്കു പിന്നാലെ ഫാളിനായി നിന്നു നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു കേട്ടു. നിർദ്ദേശങ്ങൾ കേട്ടതിന്നു ശേഷം അവർ ഡിസ്മിസ് ചെയ്യപ്പെട്ടു. പിന്നെ പണികൾ തന്നെ… ട്രഞ്ചുകൾ കുഴിക്കുക. ടെന്റുകളടിക്കുക. ടെന്റുകളുടെ മീതെ പച്ചിലക്കൊമ്പുകൾ ഒടിച്ചിടുക. അങ്ങനെ… അങ്ങനെ…

ഓരോ കോറിലെ ആൾക്കാരും അവരവരുടെ കോറിന്റ പേരിനുവേണ്ടി കഠിനമായി യത്നിക്കുകയാണു്.

സിഗ്നൽ കോറിലെ പട്ടാളക്കാരും ഉഷാറായി ജോലികൾ ചെയ്യുകയാണു്. വയർലസ്സ് സെറ്റ് സ്ഥാപിച്ചിട്ടുള്ള ലോറികൾ വൃക്ഷച്ഛായകളിൽ കൊണ്ടു നിർത്തി. ഡയറക്ഷൻ നോക്കി ‘ഏരിയൽ’ സ്ഥാപിച്ചു. ലോറികൾ നിർത്തിയിരിയ്ക്കുന്ന സ്ഥലത്തിനു ചുറ്റും ട്രഞ്ചുകൾ കുഴിച്ചു. ഓരോ ട്രഞ്ചിനും കഴുത്തുവരെ ആഴമുണ്ടു്.

കേണൽ അഗർവാൾ പി. കെ. നായരെ അന്വേഷിച്ചു. പി. കെ. നായർ ഓടിവന്നു സല്യൂട്ടു ചെയ്തു. കേണൽ സാബ് പറഞ്ഞു: “നീ ജി.ഓ.സി.യുടെ ഡിസ്പാച്ച് റൈഡർ ആണു്. മനസ്സിലായോ?”

“ജീ, സാബ്ബ്.”

ജ.ഒ.സി.യുടെ ടെന്റ് സ്കീം സഥലത്തുനിന്നു് അരനാഴിക ദൂരത്തുള്ള ഒരു കുന്നിൻ പള്ളത്തിലാണു്. പി. കെ. നായർ മോട്ടോർ സൈക്കിൾ സ്റ്റാർട്ടു് ചെയ്തു് അങ്ങോട്ടുപോയി. ജി.ഓ.സി.യും മറ്റു പ്രധാനപ്പെട്ട ഓഫീസർമാരും ചേർന്നു് വലിയൊരു മേപ്പ് നിവർത്തിവെച്ചു് എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണു്. പെൻസിൽ കൊണ്ടു് മേപ്പിന്റെ ചില സ്ഥലങ്ങളിൽ അടയാളപ്പെടത്തുകയും ചില മേപ്പ് റഫറൻസ് പറയുകയും മറ്റും ചെയ്യുന്നു. പി. കെ. നായർക്കു് മനസ്സിലായി അവിടെ രഹസ്യ സംഭാഷണങ്ങൾ നടക്കയാണെന്നു്. പി. കെ. നായർ മോട്ടോർ സൈക്കിളിന്റെ അടുത്തു വന്നു നിന്നു ചുറ്റും നോക്കി. കണ്ണിനും കരളിനും കുളുർമ്മ തോന്നിയ്ക്കുന്ന കാഴ്ചകൾ. സസ്യശ്യാമളമായ ഭൂവിഭാഗം, പുഞ്ചിരിച്ചു നില്ക്കുന്ന പൂക്കൾ, മുഴുത്തു തൂങ്ങുന്ന പഴങ്ങൾ. പതഞ്ഞൊഴുകുന്ന പൂഞ്ചോലകൾ, പി. കെ. നായർ തിരിഞ്ഞു നോക്കി. ടെന്റിന്റെ ഫ്ളാപ്പ് പൊക്കി ഒരു ക്യാപ്റ്റൻ വിളിയ്ക്കുകയാണു്. നായർ ഓടിച്ചെന്നു. ക്യാപ്റ്റൻ സീൽവെച്ച ഒരു കവർ നീട്ടിക്കൊണ്ടു പറഞ്ഞു: “ഈ കവർ ജാട്ടു് റെജിമെന്റിൽ കൊണ്ടുപോയി കൊടുക്കണം.” ജാട്ടു് റെജിമെന്റ് പത്തു നാഴിക ദൂരത്താണു്. അങ്ങോട്ടുള്ള വഴി ദുർഘടം പിടിച്ചതും. ശത്രുകളുടെ കൈയിൽനിന്നു് ആ സ്ഥലം വീണ്ടെടുത്തിട്ടു മാസങ്ങൾ കുറെയായെങ്കിലും കഴിഞ്ഞ മാസം വരെ അവിടെ ഒരു പട്ടാളഡിറ്റാച്ച്മെന്റു പോലുമുണ്ടായിരുന്നില്ല. ഒരു മാസം മുമ്പാണു് അങ്ങോട്ടു് ഒരു ജാട്ടു് റെജിമെന്റ് അയച്ചതു്. ‘വെടിനിർത്തൽ രേഖ’യുടെ അടുത്തു കിടക്കുന്ന ഒരു സ്ഥലമാണത്.

പി. കെ. നായർ പുറപ്പെട്ടു. തലയിൽ ‘ഹെൽമെറ്റ്’ ശരിയ്ക്കു വെച്ചു. സീൽഡ് കവർ മോട്ടോർ സൈക്കിളിന്റെ പിന്നിലുള്ള ഹവർ സാക്കിൽ ഭദ്രമായി വെച്ചു. മോട്ടോർ സൈക്കിൾ സ്റ്റാർട്ടു് ചെയ്തു് ഓടിച്ചു പോയി. നാലുനാഴിക ദൂരം വരെയുള്ള റോഡ് നല്ലതായിരുന്നു. അവിടെ നിന്നങ്ങോട്ടു വീതികറഞ്ഞ കച്ചാറോഡാണു്. കച്ച റോഡിലെത്തിയപ്പോൾ നായർ മോട്ടോർ സൈക്കിളിന്റെ സ്പീഡ് കുറച്ചു. സൈക്കിൾ നീങ്ങിയും നിരങ്ങിയുമാണു് പോവുന്നതു്. നായരുടെ ദേഹം മുഴുവൻ വേദനിക്കാൻ തുടങ്ങി. ശക്തി നശിയ്ക്കുന്നതുപോലെ തോന്നി. ‘ഇനി ആറു നാഴിക പോകണം. വിഷമമാണു്. ഇതിനു മുമ്പ് മോട്ടോർ സൈക്കിൾ ഈ റോട്ടിൽ കൂടി പോയിട്ടുണ്ടാവില്ല. കഴുതപ്പുറത്തായിരിക്കും റെജിമെന്റിലേക്കു് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടു പോവുന്നതു്…’ നായർ മനസ്സിൽ വിചാരിച്ചു.

അങ്ങനെ സൈക്കിൾ നിരങ്ങി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിഭയങ്കരമായ ഒരു പൊട്ടിത്തെറിയോടെ നായരും മോട്ടോർ സൈക്കിളും മറിഞ്ഞു വീണു. നായർ രക്തത്തിൽ കുളിച്ചു ബോധരഹിതനായി കിടക്കുന്നതിന്റെ അടുത്തു തന്നെ മോട്ടോർ സൈക്കിളും ചെരിഞ്ഞു വീണുകിടക്കുകയാണു്. എങ്ങും വിജനത.

കഴുതപ്പുറത്തു കയറി അടുത്ത ഗ്രാമങ്ങളിലേക്കു പോകുന്ന ഒരു വൃദ്ധൻ മുസൽമാനാണു് രക്തത്തിൽ മുങ്ങിക്കിടക്കുന്ന പി. കെ. നായരെ കണ്ടതു്. അയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. ആരും ഇല്ല. അയാൾ ധൃതിപ്പെട്ടു കഴുതപ്പുറത്തു കയറി വിവരം ജാട്ടു് റെജിമെന്റിൽ അറിയിച്ചു. ജാട്ടു് റെജിമന്ററിലെ സി.ഒ.വും കുറച്ചു ജവാൻമാരും കുതിച്ചു വന്നുനോക്കി.

സി.ഒ.വിനു സംഗതി മനസ്സിലായി. അദ്ദേഹം പറഞ്ഞു: “മൈൻ പൊട്ടിത്തെറിച്ചു.”

നായരെ സി.ഒ. ഒന്നുകൂടി നോക്കി. നെറ്റിയിൽ നിന്നാണു് രക്തം അധികമായി ഒഴുകുന്നതു്. ഫസ്റ്റ് ഫീൽഡ് ഡ്രസ്സിംഗ് പുറത്തെടുത്തു നെറ്റിയിൽ വെച്ചു കെട്ടി.

പി. കെ. നായർ കണ്ണുമിഴിച്ചു വീണ്ടും അടച്ചു. ബോധം വന്നിരിയ്ക്കയാണു്. സ്കീം നടക്കുന്ന സ്ഥലത്തേക്കു് ഉടൻ നായരെ കൊണ്ടുവന്നു. കേണൽ അഗർവാൾ തന്റെ ജീപ്പിൽ നായരെ ആസ്പത്രിയിലേയ്ക്കു കൊണ്ടുപോയി.

രണ്ടുദിവസത്തിനുശേഷം സ്കീം കഴിഞ്ഞു. സ്കീം കഴിഞ്ഞു തിരിച്ചുവന്ന അന്നുതന്നെ നായർ ആസ്പത്രിയിൽ വെച്ചു മരിച്ചു. ഡോക്ടർ അദ്ദേഹത്തിന്റെ എല്ലാ കഴിവുകളും വിനിയോഗിച്ചു നോക്കി. എന്നിട്ടും ഫലിച്ചില്ല.

ആസ്പത്രിയിൽനിന്നു നായരുടെ ശവം കേണൽ അഗർവാൾ ഏറ്റുവാങ്ങി ജീപ്പിൽ കിടത്തി. റെജിമെന്റിലുള്ളവരിൽ അധികം പേരും ആസ്പത്രിയിൽ വന്നിരുന്നു. ജീപ്പ് ആസ്പത്രി വളപ്പിൽ നിന്നു മന്ദം മന്ദം മുന്നോട്ടുനീങ്ങി. ജീപ്പിനു പുറകെ നിശ്ശബ്ദരായി ആ റെജിമെന്റിലെ പട്ടാളക്കാരും.

റോട്ടിന്റെ ഇരുവശങ്ങളിലുമുള്ള മറ്റുള്ള റെജിമെൻറുകളിലെ ആളുകൾ പുറത്തുവന്നു നോക്കി. “പി. കെ. നായർ, പി. കെ. നായർ” പലരും പറഞ്ഞു. നായരെ അറിയാത്തവരായി ആരാണു് അവിടെയുള്ളത്? ഒരു കാൻറീൻകാരൻ സഹതാപപൂർവ്വം പറഞ്ഞു: ‘പാവം ഒരു കുപ്പി റം വേണമെന്നു് ഒരാഴ്ച മുമ്പു് എന്നോടു പറഞ്ഞിരുന്നു. കൊടുക്കാനൊത്തില്ല. ഇതാണു് മനുഷ്യന്റെ സ്ഥിതി.”

ഝലം നദീതീരത്തിൽ പി. കെ. നായരുടെ ശവം സംസ്കരിച്ചു. പട്ടടക്കു ചുറ്റും റെജിമെന്റിലെ പട്ടാളക്കാർ ഫാളിനായി നിന്നു. പട്ടടയിൽ തീ കൊടുത്തപ്പോൾ ആ റെജിമെന്റ് മുഴുവനും അറ്റൻഷനായി സല്യൂട്ടു് ചെയ്തു. പാല്പായസം പോലെ മധുരമായ ആ ജീവിതം കത്തിക്കത്തി നശിയ്ക്കുകയാണു്. അതോടൊപ്പം തന്നെ പണിക്കരും കരുണാകരനും വർഗ്ഗീസും തേങ്ങിത്തേങ്ങിക്കരയുന്നുണ്ടായിരുന്നു.

പതിനൊന്നു്

ആ റെജിമെന്റ് ഇന്ത്യയിലേയ്ക്കു് തിരിച്ചുപോരികയാണു്. മൂന്നു കൊല്ലത്തെ സംഭവബഹുലമായ ജീവിതത്തിനു ശേഷം ഇന്ത്യയിൽ ചെന്ന ഉടൻ റെജിമെന്റ് ഡിസ്ബാൻഡ് ചെയ്യും. എന്നിട്ടു് ഓരോ പട്ടാളക്കാരനും വേറെ ഓരോ റെജിമെന്റിലേയ്ക്കു് പോവും.

പോയവരിൽ പലരും യുദ്ധഭൂമിയിൽ വെച്ചു മരിച്ചു. ചിലർ ബോർഡൌട്ട്’ ആയിപ്പോയി. അവരെല്ലാം അറിയപ്പെടാത്ത മനുഷ്യാത്മാക്കളും മനുഷ്യ ജീവികളുമാണു്.

കാശ്മീരിൽ നിന്നു പോരുന്നതു സംബന്ധിച്ച് ഒരു ‘ബഡാഖാനാ’ (വലിയ സദ്യ) നടക്കുവാൻ പോകുന്നു. അതിൽ എല്ലാവരും സംബന്ധിയ്ക്കും. കേണൽ അഗർവാൾ തൊട്ടു സ്വീപ്പർ വരെയുള്ളവർ. ബഡാ ഖാനയെക്കുറിച്ചു രണ്ടാഴ്ചയ്ക്കുമുമ്പുതന്നെ ഓർഡറിൽ പരസ്യപ്പെടുത്തിയിരുന്നു.

എല്ലാവരേയും വലിയൊരു ഹാളിലേയ്ക്കു മാർച്ചു ചെയ്യിച്ചു. അവിടെ ബഡാ ഖാനയ്ക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടു്. മേശപ്പുറത്തു നിറച്ചു കുപ്പികളും പ്ലെയിറ്റുകളും ഗ്ലാസുകളും നിരത്തി വെച്ചിരിയ്ക്കുന്നു. ലൌഡ്സ്പീക്കറിൽനിന്നു പാട്ടുകൾ തുരുതുരെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ബഡാ ഖാനയുടെ ഉത്തരവാദിത്വമേറ്റിരിക്കുന്ന എൻ.സി.ഓ.മാരും തിരുതകൃതിയിൽ അങ്ങുമിങ്ങും നടക്കുന്നു.

ഹാളിന്റെ ഒരരികിലായി ചെറിയൊരു സ്റ്റൂളിൽ പനിനീർപ്പൂമാല വെച്ചിട്ടുണ്ടു്. അതു കേണൽ സാബ്ബിനെ ഇടുവിക്കാനുള്ളതാണു്. എല്ലാം ഒരുങ്ങിയിരിയ്ക്കുന്നു.

“സൈലൻസ്, ഖാമോഷ്.” സുബേദാർ മേജർ വിസിലടിച്ചു വിളിച്ചുപറഞ്ഞു. അതിനെത്തുടർന്നു കേണൽ അഗർവാൾ ഹാളിലേയ്ക്കു വന്നു. ഒരു എൻ.സി.ഒ. അദ്ദേഹത്തെ പനിനീർപ്പൂ മാലയിട്ടു സ്വീകരിച്ചു.

ഓഫീസർ, ജെ. സി. ഒ., എൻ. സി. ഒ., സിപ്പായി എല്ലാം ഒരുമിച്ചിരുന്നാണു് ഊണു കഴിച്ചതു്. ‘ബഡാ ഖാന’യ്ക്കു ശേഷം കേണൽ സാബ് നാലുവാക്കു പറയുവാനായി എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു: “എല്ലാ ഓഫീസർമാർക്കും ജെ. സി. ഒ.വിന്നും എൻ. സി. ഒ. മാർക്കും സിപ്പായികൾക്കും എന്റെ ഹാർദ്ദമായ അഭിനന്ദനം. നിങ്ങളെല്ലാമറിഞ്ഞിരിക്കും, നമ്മൾ അടുത്താഴ്ചയിൽ ഇവിടെ നിന്നു് ഇന്ത്യയിലേയ്ക്കു പോകയാണെന്നു്. കഴിഞ്ഞ മൂന്നു കൊല്ലക്കാലം നമ്മളിവിടെ സഹകരിച്ചു പ്രവർത്തിച്ചു. നമ്മുടെ ഗവർമ്മെണ്ടിന്റെ പേരും പെരുമയും ഉയർത്തിക്കാണിച്ചു. സുഖമായ ഒരു ജീവിതമല്ല നമ്മൾ കഴിച്ചതു്. അതെനിക്കറിയാം. നമ്മളെല്ലാം കഷ്ടപ്പെട്ടിട്ടുണ്ടു്, വളരെ വളരെ. കഷ്ടപ്പാടുകളിൽ കൂടിയല്ലാതെ ഏതൊരു കാര്യത്തിലും വിജയം നേടുക സാധ്യമല്ല. ഏതൊരു കഷ്ടപ്പാടിലും നിങ്ങൾ കാണിച്ച ആത്മധൈര്യവും സഹകരണബോധവുമോർക്കുമ്പോൾ ഞാൻ കോൾമയിർക്കൊള്ളുന്നു. നിങ്ങളുടെ കൂടെ, നിങ്ങളുടെ സി. ഒ. ആയി പ്രവർത്തിക്കുവാൻ സാധിച്ചതു ജീവിതത്തിലെ വലിയൊരു നേട്ടമായി ഞാൻ കണക്കാക്കുന്നു. നിങ്ങൾ ഓരോരുത്തരെക്കുറിച്ചുമുള്ള ഓർമ്മകൾ എന്റെ ഹൃദയത്തിൽ എന്നും പച്ചച്ചുതന്നെ നില്ക്കും.”

“നിങ്ങൾക്കറിയാം ഇന്ത്യയിലെത്തിയാൽ ഈ റജിമെന്റ് ഡിസ്ബാന്റ്” ചെയ്യുമെന്നു്. പിന്നെ നിങ്ങളെല്ലാം പുതിയ പുതിയ റെജിമെന്റുകളിലേക്കു പോവും. എനിക്കും കമാൻഡ് ചെയ്യുവാൻ പുതിയൊരു റെജിമെന്റ് കിട്ടിയേയ്ക്കും.

“നിങ്ങൾ എവിടെപ്പോയാലും നല്ല പട്ടാളക്കാരായിരിയ്ക്കുമെന്നു് എനിക്കു നല്ല ഉറപ്പുണ്ടു്. എനിക്കു തന്നതുപോലെയുള്ള സഹായവും സഹകരണവും നിങ്ങൾ ഓരോ സി. ഒ.വിന്നും കൊടുക്കുമെന്നും എനിക്കുറപ്പുണ്ടു്.

“ഞാൻ നിങ്ങളെ ഒരിക്കലും, ഒരിക്കലും മറക്കുകയില്ലെന്നു ഒരാവർത്തികൂടി പറഞ്ഞുകൊണ്ടു് അവസാനിപ്പിക്കുന്നു. ജയ്ഹിന്ദ്”

കൈയടിശബ്ദങ്ങൾ ഹാളിൽ മുഴങ്ങി.

റെജിമെന്റ് തിരിച്ചുപോരുന്നതിന്റെ തലേദിവസം പണിക്കരും വർഗ്ഗീസും കരുണാകരനും പി. കെ. നായരെ സംസ്കരിച്ച സ്ഥലം കാണാൻ പോയി. ചുറ്റും പൂത്തും തളിർത്തും നില്ക്കുന്ന വൃക്ഷലതാദികൾ ഇളം കാറ്റിലാടിക്കളിക്കുകയാണു്. ഝലം നദി പ്രശാന്തമായി ഒഴുകുന്നു. നദിയുടെ ഓരങ്ങളിൽ വൃക്ഷങ്ങൾ വെള്ളപ്പൂക്കളണിഞ്ഞു നില്ക്കുന്നു. തികച്ചും പ്രശാന്തരമണീയമായ ചുറ്റുപാടു്.

അവർ മൂന്നുപേരും നിശ്ശബ്ദരായി കുറേനേരം അവിടെ നിന്നു.

പണിക്കർ ആരോടെന്നില്ലാതെ പറഞ്ഞു: “പി. കെ. ഞങ്ങൾ നാളെ പോകയാണു്. നിങ്ങളെക്കൂടാതെ പോകയാണു്.” ഗദ്ഗദം അയാളുടെ വാക്കുകളെ ഇടയ്ക്കിടക്കു തടഞ്ഞിരുന്നു.

വർഗ്ഗീസ് മുട്ടുകുത്തിയിരുന്നു ഹൃദയത്തിൽ കുരിശുവരച്ചു. പണിക്കരും കരുണാകരനും പി. കെ.നായർക്കു വേണ്ടി പ്രാർത്ഥിച്ചു.

വൃക്ഷങ്ങളിൽനിന്നു കുറെ വെള്ളപ്പൂക്കൾ നദിയിലേക്കു കൊഴിഞ്ഞുവീണു. ഒരു പക്ഷി വൃക്ഷശിഖിരത്തിൽനിന്നു് ആകാശത്തിന്റെ നീലിമയിലേയ്ക്കു ചിറകടിച്ചു പറന്നുപോയി. നദിയിൽ ഒഴുക്കിനെതിരായി ഒരു കൊച്ചുവള്ളം തുഴഞ്ഞുകൊണ്ടു് ഒരു പെൺകുട്ടി പോകയാണു്. നദിക്കരെയുള്ള ഒരു കുടിലിൽ നിന്നു് ഒരു ഗ്രാമീണഗാനത്തിന്റെ ഈരടികൾ അവ്യക്തമായി കേൾക്കുന്നുണ്ടു്.

കരുണാകരൻ പറഞ്ഞു: “പി. കെ. നായർ പറയാറുള്ളതുപോലെ, ‘ജസ്റ്റ് ലൈക്ക്, പാല്പായസമായ ഒരു സ്ഥലമാണിവിടം.”

“ശരി, ഇനി നമുക്കു പോകാം.” പണിക്കർ ഓർമ്മിപ്പിച്ചു.

അവർ മൂന്നുപേരും ആ ചുറ്റുപാടുകളിൽ ഒന്നുകൂടി നോക്കി. അവിടെനിന്നു് നടന്നകന്നു.

നന്തനാർ

നോവലിസ്റ്റ്, ചെറുകഥാകൃത്തു് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണു് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ (1926–1974). ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണു് അദ്ദേഹം തൂലികാനാമം സ്വീകരിച്ചതു്.

ജീവിതരേഖ

1926-ൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുമാന്ധാംകുന്നു് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീടു്. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ. സി. സി. ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്റ്റിൽ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവേ 1974-ൽ പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയിൽ വച്ചു് നന്തനാർ ആത്മഹത്യ ചെയ്തു. ഈ കടുംകൈ ചെയ്യുമ്പോൾ അദ്ദേഹത്തിനു് 48 വയസ്സേ ആയിരുന്നുള്ളൂ.

ഏഴു നോവലുകളും ഒരു നാടകവും പതിനൊന്നു് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ബാല്യം മുതൽ താൻ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകൾ കഥയിൽ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യവുമുള്ളവരുമാണു്. മലബാർ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാർ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നുണ്ടു്. യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാണു്. ആത്മാവിന്റെ നോവുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്. ഇദ്ദേഹത്തിന്റെ ചെറുകഥകളും അനേകം ഭാഷകളിലേക്കു് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്. പ്രമുഖ കവിയും ഗാനരചയിതാവുമായ പി. സി. അരവിന്ദൻ നന്തനാരുടെ അനന്തരവനാണു്.

പ്രധാന കൃതികൾ
നോവൽ
  • ആത്മാവിന്റെ നോവുകൾ (1965)
  • അനുഭൂതികളുടെ ലോകം (1965)
  • ഉണ്ണിക്കുട്ടന്റെ ഒരു ദിവസം (1966)
  • ഉണ്ണിക്കുട്ടൻ സ്കൂളിൽ (1967)
  • മഞ്ഞക്കെട്ടിടം (1968)
  • ഉണ്ണിക്കുട്ടൻ വളരുന്നു (1969)
  • ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയിൽ (1971)
  • അനുഭവങ്ങൾ (1975)
ചെറുകഥകൾ
  • തോക്കുകൾക്കിടയിലെ ജീവിതം (1957)
  • നിഷ്കളങ്കതയുടെ ആത്മാവ് (1961)
  • മിസ്റ്റർ കുൽക്കർണി (1965)
  • കൊന്നപ്പൂക്കൾ (1971)
  • ഇര (1972)
  • ഒരു സൗഹൃദ സന്ദർശനം (1974)
  • നെല്ലും പതിരും
  • വിലാസിനി

നന്തനാരുടെ യഥാർഥ ജീവിത സന്ദർഭങ്ങളെയും കഥാസന്ദർഭങ്ങളെയും കോർത്തിണക്കി എം. ജി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണു് സംസ്ഥാന പുരസ്കാരം നേടിയ അടയാളങ്ങൾ.

Colophon

Title: Ariyappedaththa Manushyajeevikal (ml: അറിയപ്പെടാത്ത മനുഷ്യജീവികൾ).

Author(s): Nandanar.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-17.

Deafult language: ml, Malayalam.

Keywords: Novel, Nandanar, Ariyappedaththa Manushyajeevikal, നന്തനാർ, അറിയപ്പെടാത്ത മനുഷ്യജീവികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 17, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An army officer with a baton, a painting by William Lionel Wyllie (1851–1931). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.