images/Braillelommeur.jpg
Pocket watch for the visually impaired, a photograph by Fisle Nor .
ലാൽകൃഷ്ണന്റെ പുനരവതാരം
കെ. രാജേശ്വരി
ഇനിയങ്ങോട്ടു് ധർമസംസദുകളുടെ കന്നിമാസമായിരിക്കും.
images/Manmohansingh.jpg
മൻമോഹൻസിംഗ്

പതിനാലാം ലോൿസഭ നിലവിൽ വരുകയാണു്. ദേശീയ ജനാധിപത്യസഖ്യം അധികാരഭ്രഷ്ടരായിരിക്കുന്നു. തൽസ്ഥാനത്തു് കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമനസഖ്യം. മദാമ്മാഗാന്ധിയുടെ വിദേശജനനം സംബന്ധിച്ചും മന്ത്രിമാരുടെ വകുപ്പുവിഭജനം സംബന്ധിച്ചുമുണ്ടായ ഈശാപോശകൾക്കു് വിരാമം. മൻമോഹൻസിംഗ് പ്രധാനമന്ത്രിയും പി. ചിദംബരം ധനകാര്യമന്ത്രിയുമായുള്ള മന്ത്രിസഭ ഇതാ മാർക്സിസ്റ്റ് പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തെ പുരോഗതിയിലേക്കു്, സോഷ്യലിസത്തിലേക്കു് നയിക്കാനൊരുങ്ങുന്നു.

images/Chidambaram.jpg
പി. ചിദംബരം

വിജയികൾ ആർത്തുല്ലസിക്കുന്നു. യക്ഷ-കിന്നര-ഗന്ധർവ-കിം പുരുഷന്മാർ സ്തുതിഗീതങ്ങൾ ആലപിക്കുന്നു. സോണിയാഗാന്ധി യുടെ പരമത്യാഗത്തെയും മൻമോഹൻസിംഗിന്റെ മഹത്ത്വത്തെയും എത്ര വാഴ്ത്തിയിട്ടും മതിവരുന്നില്ല, മാധ്യമങ്ങൾക്കും തൂലികത്തൊഴിലാളികൾക്കും. കേവലം മൂന്നാഴ്ച മുമ്പു് വാജ്പേയി യെ ദുനിയാവിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഇരുപതു് രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽപെടുത്തിയ, കോൺഗ്രസിലെ വംശവാഴ്ചയെ ഭർത്സിച്ച ടൈം മാഗസിൻ ഇതാ ‘Sonia Shining’ എന്ന കവർസ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നു. 1965-ൽ കേംബ്രിജിലെ ഗ്രീക്ക് റെസ്റ്റോറന്റിൽ സോണിയ മായ്നോ എന്ന മധുരപ്പതിനെട്ടുകാരി രാജീവ്ഗാന്ധി യെ കണ്ടുമുട്ടിയതും പ്രണയിച്ചതുമായ പഴങ്കഥ വാരിവിളമ്പിയിട്ടുമുണ്ടു്. ടൈമിന്റെ സ്ഥിതി ഇതെങ്കിൽ ദ വീക്കിന്റെ, ഇന്ത്യാ ടുഡേയുടെ, ഔട്ട്ലുക്കിന്റെ സ്ഥിതി എന്തായിരിക്കും? ‘ചരിത്രം സൃഷ്ടിച്ചു് സോണിയ; ചരിത്രം സൃഷ്ടിക്കാൻ മൻമോഹൻസിംഗ്’ എന്ന സമകാലിക മലയാളം വാരികയുടെ കവർസ്റ്റോറി വായിച്ചു് ഇതെഴുതുന്നവൾ കരഞ്ഞുപോയി: “പ്രധാനമന്ത്രിപദം പരിത്യജിക്കാൻ തീരുമാനിച്ചതുവഴി ഇന്ത്യയുടെ ഹൃദയത്തിലാണു് സോണിയാഗാന്ധി സ്ഥാനം നേടിയതു്. ഒരിക്കൽപോലും പ്രധാനമന്ത്രിസ്ഥാനം മോഹിച്ചിട്ടില്ലാത്ത മൻമോഹൻസിംഗ് ഒടുവിൽ സോണിയയുടെ നിർബന്ധത്തിനു വഴങ്ങി പ്രധാനമന്ത്രിയാകുന്നു. അധികാരമോഹികളുടെ അസംബന്ധ നാടകങ്ങൾ കണ്ടുമടുത്ത ജനങ്ങൾക്കു് ആത്മാഭിമാനം പകരുകയാണു് ഈ ചരിത്രമുഹൂർത്തം.

images/Atal_Bihari_Vajpayee.jpg
വാജ്പേയി

വിജയികളെയും പിന്തുണക്കാരെയും സ്തുതിഗായകരെയും അവരുടെ വഴിക്കു് വിടുക. കോൺഗ്രസ് സഖ്യകക്ഷികളും കഴിയുംവിധം ഭരിക്കട്ടെ, സമ്പാദിക്കട്ടെ, നാടു് നന്നാക്കട്ടെ. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു് ഉത്തമം എന്നു് സത്യവേദപുസ്തകത്തിൽ പറഞ്ഞുകാണുന്നു. (സഭാ പ്രഭാഷകൻ 7; 2) ആകയാൽ നാം പരാജിതരുടെ പടകുടീരത്തിലേക്കു് പോകുക.

വികസനം, സൽഭരണം മുതലായ മഹോന്നത ആശയങ്ങളല്ല മറിച്ചു് ജാതീയതയാണു് സാധു വോട്ടർമാരെ പലേടത്തും ആവേശിച്ചതു്.

images/Rajiv_Gandhi.jpg
രാജീവ്ഗാന്ധി

ഉത്തരവാദിത്തത്തോടെ ക്രിയാത്മക പ്രതിപക്ഷമായി അദ്വാൻജിക്കുള്ള പ്രതിബദ്ധത അവിതർക്കിതമാണു്. ഹൈദരാബാദിലെ (സിൻഡ്) ആർ. എസ്. എസ്. ശാഖയിൽ ചേരുമ്പോൾ വയസ്സു് പതിനഞ്ചേ ആയിരുന്നുള്ളൂ ലാൽകൃഷ്ണനു്. ഡി. ജി. നാഷനൽ കോളേജിൽനിന്നു് ബിരുദപഠനം പൂർത്തിയാക്കി കറാച്ചിയിൽ കാര്യവാഹായിരിക്കുമ്പോൾ ഇന്ത്യാവിഭജനം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാജസ്ഥാനിൽ സംഘപ്രചാരകൻ. ഭാരതീയ ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകരായി ഗുരുജി വിട്ടുകൊടുത്ത പ്രചാരകരിൽ ഒരാളായിരുന്നു അദ്വാനി. 1952-57 കാലത്തു് രാജസ്ഥാനിലും തുടർന്നു് ദൽഹിയിലും ജനസംഘത്തിന്റെ കാര്യദർശി. 1960-67-ൽ ഓർഗനൈസറിന്റെ സഹപത്രാധിപൻ. 1967-70 കാലയളവിൽ ദൽഹി മെട്രോപോളിറ്റൻ കൗൺസിൽ ചെയർമാൻ. 1970 മുതൽ രാജ്യസഭാംഗം.

1973-ൽ കാൺപൂരിൽ നടന്ന സമ്മേളനം അദ്വാനിയെ ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അടൽബിഹാരി വാജ്പേയി പറഞ്ഞു: നമുക്കെല്ലാം പ്രിയങ്കരനാണു് അദ്വാൻജി; നമ്മുടെ ദീനദയാൽ രണ്ടാമൻ.

images/Deendayal_upadhyaaya.jpg
ദീൻദയാൽ ഉപാധ്യായ

ദീൻദയാൽ ഉപാധ്യായ യെപ്പോലെ തികഞ്ഞ സ്വയംസേവകനും കിടയറ്റ സംഘാടകനുമായിരുന്നു അദ്വാനി. കനത്ത മേൽമീശ, മൃദുവായ സംസാരം, കർക്കശ സ്വഭാവം, പാരിലില്ല ഭയമെന്നും ഒട്ടുമില്ലാരിലും കരുണയെന്നും ഏതിനും പോരുമെന്നും അരുളുന്ന ധീരമായ മുഖകാന്തി. ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും. വാജ്പേയിയുടേതുപോലെ കാവ്യാത്മകമല്ല പ്രസംഗശൈലി. കവിയോ സ്വപ്നജീവിയോ അല്ല, തികച്ചും പ്രായോഗികമതിയായ രാഷ്ട്രീയക്കാരൻ.

images/Uddhav_thackeray.jpg
താക്കറെ

1971-ൽ പാർലമെന്റിലേക്കും 72-ൽ സംസ്ഥാന നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയമാണു് ജനസംഘത്തിനുണ്ടായതു്. ലോൿസഭയിൽ 35 സീറ്റുണ്ടായിരുന്നതു് 22 ആയി കുറഞ്ഞു. ബംഗ്ലാദേശ് യുദ്ധത്തിനുശേഷം 1972 മാർച്ചിൽ 13 സംസ്ഥാനങ്ങളിലെയും 5 കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ ദയനീയമായിരുന്നു പ്രകടനം. മൽസരിച്ച സീറ്റുകൾ 1,233, ജയിച്ചതു് 104; കിട്ടിയ വോട്ട് 3.82 ശതമാനം. മധ്യപ്രദേശിലും (48) ബീഹാറിലും (25) മാത്രമേ രണ്ടക്കം തികക്കാനായുള്ളു. ഹരിയാനയിൽ 2, ജമ്മു കാശ്മീരിലും ഗുജറാത്തിലും 3 വീതം, രാജസ്ഥാനിൽ 8, ഹിമചൽ, ദൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 5 വീതം—ഇതായിരുന്നു നിലവാരം. ആന്ധ്രയിലോ മൈസൂരിലോ പഞ്ചാബിലോ ബംഗാളിലോ ആസാമിലോ ജനസംഘം നിലംതൊട്ടിട്ടില്ല. തൊട്ടടുത്തവർഷം ബാൽരാജ് മാധോക് പാർട്ടി വിട്ടതും ജനസംഘത്തിനു് തിരിച്ചടിയായി.

images/Jayaprakash_Narayan.jpg
ജയപ്രകാശ് നാരായണൻ

ഈ അന്തരാളഘട്ടത്തിലാണു് അദ്വാനി നേതൃത്വമേൽക്കുന്നതു്. പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിലും ഭരണകക്ഷിക്കെതിരെ പാർലമെന്റിനകത്തും പുറത്തും ആക്രമണമഴിച്ചു വിടുന്നതിലും ദത്തശ്രദ്ധനായിരുന്നു അദ്വാൻജി. 1974–75-ൽ ജയപ്രകാശ് പ്രസ്ഥാനത്തിൽ ജനസംഘം നിർണായക പങ്കു വഹിച്ചു. 1975 ജൂണിൽ സംഘടനാ കോൺഗ്രസ്, സ്വതന്ത്രപാർട്ടികളോടു് ചേർന്നു് ഗുജറാത്തിൽ അധികാരം പിടിച്ചു. അടിയന്തിരാവസ്ഥയിൽ കാരാഗൃഹവാസം അനുഭവിച്ചു. തുടർന്നു് നടന്ന തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ പ്രവർത്തനങ്ങൾക്കു് ചുക്കാൻ പിടിച്ചു. 90 ജനസംഘക്കാരാണു് അത്തവണ ലോൿസഭയിലെത്തിയതു്. ജനതാ സർക്കാറിൽ വാർത്താവിതരണ-പ്രക്ഷേപണ വകുപ്പിന്റെ ചുമതലക്കാരനായിരുന്നു അദ്വാനി.

1980 ഏപ്രിൽ 5, 6 തീയതികളിൽ ദൽഹിയിൽ നടന്ന കൺവെൻഷനിൽ പഴയ ജനസംഘക്കാർ ജനതാപാർട്ടിയിൽനിന്നു് വേർപെട്ടു് പുതിയ കക്ഷിയുണ്ടാക്കി—ബി. ജെ. പി. അധ്യക്ഷൻ അടൽബിഹാരി വാജ്പേയി. ലോക നായക് ജയപ്രകാശ് നാരായണന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നു് വാജ്പേയി പ്രഖ്യാപിച്ചു. രാഷ്ട്രീയരംഗത്തുനിന്നു് നഷ്ടമായിക്കൊണ്ടിരിക്കുന്ന വിശ്വാസ്യത പുനഃസ്ഥാപിക്കാൻ പാർട്ടി കഠിനാദ്ധ്വാനം ചെയ്യുമെന്നും പദവികൾക്കോ അധികാരത്തിനോ വേണ്ടി അലഞ്ഞുനടക്കില്ലെന്നും അടൽജി പ്രസംഗവശാൽ ഉറപ്പുനൽകി.

മതേതരത്വം, ജനാധിപത്യം, ദേശീയോദ്ഗ്രഥനം, മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഗാന്ധിയൻ സോഷ്യലിസം എന്നിവയായിരുന്നു ഭാ. ജ. പാ.-യുടെ അടിസ്ഥാന പ്രമാണങ്ങൾ. ഗാന്ധിയെ കൊന്നവർക്കെന്തു് ഗാന്ധിയൻ സോഷ്യലിസം എന്നു് എതിരാളികൾ പരിഹസിച്ചു. ദീൻദയാൽജിയുടെ ഏകാത്മക മാനവവാദം ആകേണ്ടിയിരുന്നു അടിസ്ഥാനപ്രമാണം എന്നു് ആർ. എസ്. എസുകാർ മുറുമുറുത്തു.

images/NTRamaRao.jpg
എൻ. ടി. രാമറാവു

മൂല്യാധിഷ്ഠിത രാഷ്ട്രീയവും ഗാന്ധിയൻ സോഷ്യലിസവുമൊക്കെ എടുക്കാച്ചരക്കുകളാണെന്നു് 1984-ലെ തെരഞ്ഞെടുപ്പു് തെളിയിച്ചു. 545 അംഗ സഭയിൽ രണ്ടേ രണ്ടു് സീറ്റിലാണു് ബി. ജെ. പി. ജയിച്ചതു്. ഒന്നു് ഗുജറാത്തിൽ, മറ്റേതു് എൻ. ടി. രാമറാവു വിന്റെ കാരുണ്യംകൊണ്ടു് ആന്ധ്രയിൽ. സാക്ഷാൽ അടൽ ബിഹാരി വാജ്പേയി സ്വദേശമായ ഗ്വാളിയോറിൽ മാധവറാവു സിന്ധ്യ യോടു് വൻവ്യത്യാസത്തിൽ തോറ്റു.

നടുക്കുന്ന പരാജയത്തെ സമചിത്തതയോടെ കാണാൻ കഴിഞ്ഞ ഏക നേതാവു് അദ്വാനി യായിരുന്നു. രണ്ടിടത്തേ ജയിക്കാനായുള്ളുവെങ്കിലും പോൾ ചെയ്ത വോട്ടിന്റെ 7.4 ശതമാനം നേടാൻ കഴിഞ്ഞ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ബി. ജെ. പി. ‘ഹിന്ദുത്വ’യിൽ നിന്നകന്നു് പോയതാണു് പരാജയകാരണം എന്നു് മനസ്സിലാക്കാൻ അദ്വാനിക്കു് കഴിഞ്ഞു. 1972-ൽ ബംഗ്ലാദേശ് യുദ്ധവും 84-ൽ ഇന്ദിരാഗാന്ധിയുടെ വധവും സൃഷ്ടിച്ച കോൺഗ്രസ് അനുകൂല ദേശീയ ഹിന്ദു വികാരമാണു് ജനസംഘത്തിനു് ക്ഷീണം ചെയ്തതു്.

images/Narendra_Modi.jpg
മോഡി

1986 ഏപ്രിലിൽ വാജ്പേയിയുടെ കാലാവധി അവസാനിച്ചു; എൽ. കെ. അദ്വാനി പാർട്ടി അധ്യക്ഷനായി. “മയമില്ലാത്ത തീരുമാനങ്ങൾ നടപ്പാക്കേണ്ടിവരുമ്പോൾ ഞങ്ങളെല്ലാം അദ്വാനിജിയെയാണു് ഉറ്റുനോക്കാറുളളതു്”—വാജ്പേയി പറഞ്ഞു. ഗാന്ധിയൻ സോഷ്യലിസത്തെപ്പറ്റിയോ ലോകനായക് ജയപ്രകാശ് നാരായണ ന്റെ സ്വപ്നങ്ങളെക്കുറിച്ചോ പിന്നീടൊന്നും കേട്ടിട്ടില്ല. കശ്മീരിനു് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം പിൻവലിക്കുക, ഏക സിവിൽ കോഡ് നടപ്പാക്കുക, ന്യൂനപക്ഷ കമീഷന്റെ സ്ഥാനത്തു് മനുഷ്യാവകാശ കമീഷൻ രൂപവത്കരിക്കുക എന്നീ ആവശ്യങ്ങൾ ഭാ. ജ. പാ. മുന്നോട്ടുവെച്ചു.

അദ്വാനി നേതൃത്വമേറ്റതിനു് തൊട്ടുപിന്നാലെ മാരകമായ മറ്റൊരായുധം കൈവന്നു—മുസ്ലിം വനിതാ സംരക്ഷണനിയമം. ഷാബാനുകേസിലെ സുപ്രീം കോടതിവിധി മറികടക്കാൻ രാജീവ്ഗാന്ധി യുണ്ടാക്കിയ നിയമം. കമ്യൂണിസ്റ്റുകാരുൾപ്പെടെയുള്ള പുരോഗമന ചിന്താഗതിക്കാർ നിയമത്തെ അപലപിച്ചു. എങ്കിലും രാഷ്ട്രീയ മുതലെടുപ്പു് നടത്തിയതു് ബി. ജെ. പി.-യാണു്. കേന്ദ്ര സർക്കാർ മതമൗലികവാദികൾക്കു് കീഴടങ്ങുകയായിരുന്നെന്നു് അദ്വാനി ആക്ഷേപിച്ചു.

images/Uma_Bharati.jpg
ഉമാഭാരതി

അപ്പോഴേക്കും വിശ്വഹിന്ദുപരിഷത്തു് രാമജന്മഭൂമിപ്രശ്നം കുത്തിപ്പൊക്കിയിരുന്നു. പരിഷത്തിന്റെ യുവജനവിഭാഗം—ബജ്റംഗദൾ—നിലവിൽ വന്നു. വിനയ് കത്യാർ, ഉമാഭാരതി, സാധ്വി ഋതംഭര മുതലായ യുവനേതാക്കൾ നിരന്തരം തീതുപ്പി. നാടൊട്ടുക്കു് രാമശിലാപൂജകൾ നടന്നു. ഹിന്ദുത്വവികാരം ആളിക്കത്തി. വടക്കേന്ത്യയിലാകെ വർഗീയസംഘർഷം പടർന്നുപിടിച്ചു. ജയ്പൂർ, കോട്ട, ഇൻഡോർ, ഗോധ്ര എന്നിവിടങ്ങളിൽ ലഹളയുണ്ടായി. ഭഗൽപൂർ കലാപത്തിൽ 800-ഓളം പേർ പരലോകം പൂകി.

images/V_P_Singh.jpg
വി. പി. സിംഗ്

1989-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി. ജെ. പി.-ക്കു് ഗംഭീരനേട്ടമുണ്ടായി. ഹിമാചൽ, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ വൻ വിജയം. യു. പി.-യിലും ബീഹാറിലും മഹാരാഷ്ട്രയിലും സാന്നിദ്ധ്യം തെളിയിച്ചു. പോൾ ചെയ്തതിന്റെ 11.5 ശതമാനം വോട്ട് കിട്ടി. സീറ്റുകൾ 88 ആയി. അത്തവണ വാജ്പേയി മൽസരിച്ചില്ല. അതേസമയം 19 വർഷമായി രാജ്യസഭാംഗമായ അദ്വാനി ന്യൂദൽഹിയിൽനിന്നു് ലോൿസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ബി. ജെ. പി.-യിലെ യഥാർത്ഥ ശക്തികേന്ദ്രം ഏതാണെന്നു് പകൽപോലെ വ്യക്തമായി. 1990 ഫെബ്രുവരിയിൽ എട്ടു് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു് നടന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഹിമാചലിലും ബി. ജെ. പി.-ക്കു് മുഖ്യമന്ത്രിമാരുണ്ടായി. മണ്ഡൽ കമീഷൻ റിപ്പോർട് നടപ്പാക്കുക വഴി ഹിന്ദു വോട്ട്ബാങ്ക് പിളർത്താൻ വി. പി. സിംഗ് തുനിഞ്ഞപ്പോൾ കടുത്ത നടപടിക്കു് നിർബന്ധിതനായി ലാൽകൃഷ്ണ അദ്വാനി. ബി. ജെ. പി. അയോധ്യാപ്രശ്നം ആളിക്കത്തിച്ചു. 1990 ഒക്ടോബർ 30-നു് അയോധ്യയിൽ കർസേവ നടത്തുമെന്നും അതിനു് മുന്നോടിയായി അദ്വാനി രഥയാത്ര നടത്തുമെന്നും പ്രഖ്യാപനമുണ്ടായി. “ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റമായിരിക്കും കർസേവ. അതു് തടഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും,” എയർകണ്ടീഷൻ ചെയ്ത ഡി. സി. എം. ടൊയോട്ടയായിരുന്നു ലാൽകൃഷ്ണ രഥം. സെപ്റ്റംബർ 25-നു് സോമനാഥക്ഷേത്രത്തിൽനിന്നു് പുറപ്പെട്ട രഥം ഒക്ടോബർ 23-നു് സമസ്തിപ്പൂരിൽ തടയപ്പെട്ടു. അന്നുതന്നെ ബി. ജെ. പി. മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു. വിശ്വാസപ്രമേയം പരാജയപ്പെടുകയാൽ നവംബർ 7-നു് വി. പി. സിംഗ് രാജിവെച്ചു.

1991 മേയിലെ തെരഞ്ഞെടുപ്പിൽ അദ്വാനിയും കൂട്ടരും ആളിക്കത്തി. ഉമാഭാരതി യും വിനയ് കത്യാറും സ്വാമി സച്ചിദാനന്ദ ഹരിസാക്ഷിയും മഹന്ത് അവൈദ്യനാഥു മെല്ലാം ബി. ജെ. പി. സ്ഥാനാർത്ഥികളായി. സാധ്വി ഋതംഭര തീതുപ്പി: നാം മൗലാനാ മുലായമിനെയും രാജീവ്ഗാന്ധി യെയും മറക്കില്ല. സരയൂനദിയുടെ ഗദ്ഗദവും അയോധ്യയുടെ വേദനയും കർസേവകരുടെ രക്തസാക്ഷിത്വവും നിങ്ങൾ ഓർക്കുക. അമ്മമാരേ, യുവാക്കളേ, ഒരു ഹിന്ദുവിനും രാമക്ഷേത്രത്തിൽനിന്നു് മുഖംതിരിക്കാനാവില്ല. രാമന്റെ ഒരു ശത്രുവിനെയും നമ്മൾ വെറുതേ വിട്ടുകൂടാ…

images/Lalu_Prasad.jpg
ലാലുപ്രസാദ്

പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായശേഷം രാജീവ്ഗാന്ധി ബോംബുസ്ഫോടനത്തിൽ മരിച്ചതു്. അദ്വാനിയുടെ കണക്കുക്കൂട്ടൽ തെറ്റിച്ചു. അനുതാപതരംഗത്താൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി. ജെ. പി.-യുടെ വോട്ട് 20.1 ശതമാനം ആയും സീറ്റുകൾ 121 ആയും വർദ്ധിച്ചു. രാമതരംഗം അലയടിച്ച ഉത്തർപ്രദേശിൽ ബി. ജെ. പി. അധികാരത്തിലേറി.

1992 ഡിസംബർ 6-നു് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. കർസേവകർക്കു് നേതൃത്വം നൽകാൻ അദ്വാനിയും ഉണ്ടായിരുന്നു. ശ്രീരാമദേവൻ ജനിച്ചതെവിടെയെന്നു് കോടതിയല്ല തീരുമാനിക്കേണ്ടതു് എന്നാണു് അദ്വാൻജിയുടെ സുചിന്തിതമായ അഭിപ്രായം.

images/Kashiram_Rana.jpg
കാശിറാം റാണ

1996 ആകുമ്പോഴേക്കും രാജ്യത്തെ ഏറ്റവും പ്രബലനായ രാഷ്ട്രീയനേതാവായിത്തീർന്നു ലാൽകൃഷ്ണ അദ്വാനി. അടുത്ത അവസരം ബി. ജെ. പി.-യുടേതാണെന്നും അദ്വാൻജിയായിരിക്കും വിധാതാവെന്നും സംഘസ്വയംസേവകർ ഉറച്ചു് വിശ്വസിച്ചു. ജെയിൻ ഹവാലാ കേസ് വീണ്ടും കണക്കുക്കൂട്ടലുകൾ തെറ്റിച്ചു. അദ്വാനി തൽക്ഷണം പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. കുറ്റവിമുക്തനാകുംവരെ അധികാരസ്ഥാനങ്ങൾ സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചു. 1998-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും അദ്വാനി കേസിൽനിന്നു് ഒഴിവാക്കപ്പെട്ടു. കിം ഫലം? വാജ്പേയി ബി. ജെ. പി.-യുടെയും മുന്നണിയുടെയും അനിഷേധ്യ നേതാവായിക്കഴിഞ്ഞു. തീവ്ര ഹിന്ദുത്വവാദിയും കർക്കശക്കാരനുമായ അദ്വാനിയേക്കാൾ മിതവാദിയും കവിയും മാനുഷിക ദൗർബല്യങ്ങൾക്കടിമയുമായ വാജ്പേയി സ്വീകാര്യൻ!

images/Murli_Manohar_Joshi.jpg
മുരളി മനോഹർ ജോഷി

അന്നുമുതലിന്നോളം ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനും മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനുമായിക്കഴിഞ്ഞു അദ്വാനി. ഒടുവിൽ ഡപ്പിടി പ്രധാന മന്ത്രി എന്നൊരു സമാശ്വാസപദവിയും ചാർത്തിക്കിട്ടി. ഇപ്പോൾ വാജ്പേയി പരാജിതനും പരിക്ഷീണിതനുമായിരിക്കുന്നു. രണ്ടാം സ്ഥാനത്തിനു് വെല്ലുവിളിയുയർത്തിയ മുരളി മനോഹർ ജോഷി തെരഞ്ഞെടുപ്പിൽ തോറ്റു് കളത്തിനു് പുറത്താവുകയും ചെയ്തിരിക്കുന്നു. ഇനിയങ്ങോട്ടു് ഭാ. ജ. പാ.-യുടെ പരമോന്നത നേതാവു് ലാൽകൃഷ്ണ അദ്വാനി.

images/Om_Prakash_Chautala.png
ഓംപ്രകാശ് ചൗതാല

ഇത്തവണയും അദ്വാനിക്കില്ല കുലുക്കം. ബി. ജെ. പി.-യെ അപേക്ഷിച്ചു് ഏഴ് സീറ്റേ കൂടുതലുള്ളു കോൺഗ്രസിനു്. കിട്ടിയ വോട്ടിന്റെ ശതമാനം തുല്യം. കോൺഗ്രസിന്റേതിനേക്കാൾ സഖ്യകക്ഷികളുടെ—രാഷ്ട്രീയ ജനതാദൾ, ടി. ആർ. എസ്., ഡി. എം. കെ.—വിജയം. ബി. ജെ. പി.-യുടേതിനേക്കാൾ കൂട്ടാളികളുടെ—മമത, നായിഡു, ജയലളിത—പരാജയം. കഴിഞ്ഞതവണ ജയിച്ചവർ ഇത്തവണ തോറ്റു. ഇക്കുറി തോറ്റവർ അടുത്തവട്ടം ജയിച്ചേ മതിയാവൂ. തീവ്രദേശീയ ഹിന്ദുത്വവികാരംകൊണ്ടാണു് 1972-ലും 84-ലും കോൺഗ്രസ് 99-ൽ ബി. ജെ. പി.-യും ജയിച്ചതു്. തിളക്കവും സുഖാനുഭൂതിയുമൊക്കെ മധുരപദങ്ങളാണു്. തെരഞ്ഞെടുപ്പു് ജയിക്കാൻ ഹിന്ദുത്വംതന്നെ വേണം. മതേതരത്വത്തെ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷപാർട്ടികൾ പിന്തുണക്കുന്നിടത്തോളം കാലം കേന്ദ്രസർക്കാർ നിലനിൽക്കും. ഒരുപക്ഷേ, കാലാവധി തികക്കാൻപോലും സാധ്യതയുണ്ടു്. 2009-ാമാണ്ടുവരെ ബി. ജെ. പി.-ക്കു് കാത്തിരിക്കേണ്ടിവരുമെന്നർത്ഥം. അദ്വാനിക്കു് 77 വയസ്സായി. (ജനനം: 8.11.1927) പറയത്തക്ക അസുഖമൊന്നുമില്ല. എന്നാലും 2009 വളരെ അകലെയാണു്.

images/GOVINDACHARYA.jpg
ഗോവിന്ദാചാര്യ

മൻമോഹൻ സർക്കാറിനെതിരെ പഴയ ഹിന്ദുത്വ തീവ്രദേശാഭിമാന അജണ്ട തന്നെ പയറ്റാനാണു് സാധ്യത. വിദേശജന്മപ്രശ്നം കുത്തിപ്പൊക്കി സോണിയ യുടെ സ്ഥാനാരോഹണം മുടക്കിയ രീതി നോക്കുക. രാഷ്ട്രീയ സ്വാഭിമാൻ ആന്ദോളന്റെ ബാനറിൽ ഗോവിന്ദാചാര്യ യാണു് പ്രശ്നം ആളിക്കത്തിച്ചതു്. വാജ്പേയിയെ അധിക്ഷേപിച്ചതിനു് ബി. ജെ. പി. വിടേണ്ടിവന്നയാളാണു് ഗോവിന്ദാചാര്യ. സംഘപ്രചാരകൻ, അദ്വാനിയുടെ അടുപ്പക്കാരൻ. ഗോവിന്ദാചാര്യക്കു് പിന്തുണയുമായി ഇദയക്കനി ഉമാഭാരതി യും ഗ്ലാമർഗേൾ സുഷമാ സ്വരാജും രംഗത്തുവന്നു. ഇരുവരും അദ്വാനിയുടെ ഗുളികച്ചെപ്പേന്തിയവർ. ഇവർക്കൊക്കെ ധാർമിക പിന്തുണ നൽകിയതു് രാഷ്ട്രീയ സ്വയംസേവകസംഘവും വിശ്വഹിന്ദുപരിഷത്തും.

images/Sushma_Swaraj.jpg
സുഷമാ സ്വരാജ്

ഇനിയങ്ങോട്ടു് ധർമസംസദുകളുടെ കന്നിമാസമായിരിക്കും. സ്വാമി ചിന്മയാനന്ദ, മഹന്ത് അവൈദ്യനാഥ്, സാധ്വി ഋതംഭര എന്നിവരുടെ പുതിയ പതിപ്പുകൾ രംഗത്തിറങ്ങും. അയോധ്യ, കാശി, മഥുര, പിന്നെ മൂവായിരം മറ്റു് പള്ളികൾ. ഗോവധനിരോധം, ഏക സിവിൽകോഡ്, കശ്മീരിന്റെ പ്രത്യേക പദവി, പണ്ഡിറ്റുകളുടെ പുനരധിവാസം… അങ്ങനെ എത്രയെത്ര വിഷയങ്ങൾ.

images/Pramod_Mahajan.jpg
പ്രമോദ് മഹാജൻ

ഒന്നാന്തരം പാർലമെന്റേറിയനാണു് അദ്വാനി. ലോൿസഭയിൽ അദ്വാനി-ഫെർണാണ്ടസ് ടീം സർക്കാറിന്റെ സൈരം കെടുത്തുമെന്നതു് ഉറപ്പാണു്. നിതീഷ് കുമാർ, മമതാ ബാനർജി, കാശിറാം റാണ, പി. എ. സാംഗ്മ, അനന്തകുമാർ എന്നിവരുൾപ്പെട്ടതാണു് രണ്ടാംനിര. രാജ്യസഭയിൽ ജസ്വന്ത്സിംഗ്, പ്രമോദ് മഹാജൻ, സുഷമാ സ്വരാജ് എന്നിവർക്കായിരിക്കും ആക്രമണത്തിന്റെ ചുമതല.

images/Nitish_Kumar.jpg
നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു് പാർട്ടിയെ സജ്ജമാക്കുകയാണു് അദ്വാനിയുടെ അടിയന്തിര ചുമതല. ഈ വർഷം ഒക്ടോബറിനകം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു് നടക്കും. അടുത്തവർഷമാദ്യം ബീഹാർ, ഝാർഖണ്ഡ്, ഹരിയാന, പിന്നെ പഞ്ചാബ്; അതിനുശേഷം ബംഗാൾ, കേരളം, തമിഴ്‌നാട്. അതുംകഴിഞ്ഞു് ഉത്തർപ്രദേശ്. പരമാവധി സംസ്ഥാനങ്ങളിൽ ഭരണം പിടിക്കണം; പരമാവധി പേരെ രാജ്യസഭയിലെത്തിക്കണം.

images/Arjun_Munda.jpg
അർജുൻമുണ്ട

മഹാരാഷ്ട്രയിൽ സേന—ബി. ജെ. പി. സഖ്യം നല്ല നിലയിലാണു്. വിലാസ്റാവു ദേശ്മുഖിനെ മാറ്റി സുശീൽകുമാർ ഷിൻഡേ യെ കൊണ്ടുവന്നിട്ടും ഗുണപരമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. അഴിമതിയും ഗ്രൂപ്പിസവും അനുദിനം വർദ്ധിക്കുന്നു. കോൺഗ്രസും എൻ. സി. പി.-യും ആർ. പി. ഐ. ഗ്രൂപ്പുകളും ഒത്തു പിടിച്ചിട്ടും ഈ തെരഞ്ഞെടുപ്പിൽ 23 സീറ്റേ നേടാനായുള്ളു. സേന—ബി. ജെ. പി. സഖ്യം വലിയ നാട്യങ്ങളൊന്നുമില്ലാതെ 25 സീറ്റ് നേടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധവികാരംകൂടി കണക്കിലെടുത്താൽ കോൺഗ്രസിന്റെ കാര്യം ഗോപിയാകും. മുംബൈ വ്യവസായികളുടെയും പഞ്ചസാര ലോബിയുടെയും സാമ്പത്തികപിന്തുണ ഉറപ്പാക്കുന്നതിനു് മഹാരാഷ്ട്രയുടെ നിയന്ത്രണം ഇരുകൂട്ടർക്കും നിർണായകമാണു്.

images/Mamata_Banerjee.jpg
മമതാ ബാനർജി

ലാലുപ്രസാദി ന്റെ ഭരണം അവസാനിപ്പിക്കേണ്ടതു് ബി. ജെ. പി.-യുടെ പരമമായ ലക്ഷ്യങ്ങളിലൊന്നാണു്. ബീഹാറിൽ ബി. ജെ. പി.-യും ഐക്യജനതാദളും പത്തൊമ്പതടവും പയറ്റും. അദ്വാനിയും നിതീഷും ഫെർണാണ്ടസും ആവനാഴിയിലെ അവസാനത്തെ അമ്പും എടുത്തു് പ്രയോഗിക്കും. കഴിഞ്ഞതവണ ശത്രുപാളയത്തിലായിരുന്ന രാംവിലാസ് പാസ്വാൻ ലാലുവിനോടൊപ്പം ചേർന്നിരിക്കുന്നു. ജൂനിയർ പാർട്ണറായി കോൺഗ്രസുമുണ്ടു്. അവസാനനിമിഷം സി. പി. ഐ. കൂടി ഈ സഖ്യത്തിൽ ചേർന്നേക്കാം. ബി. ജെ. പി.-ക്കു് സ്വാധീനമുണ്ടായിരുന്ന ഗിരിവർഗ മേഖല ഝാർഖണ്ഡിലായതും ലാലുവിനു് ആശ്വാസം നൽകുന്നു.

images/A_k_antony.jpg
എ. കെ. ആന്റണി

ബീഹാറിൽ ഭരണം പിടിക്കുന്നതിലും ദുഷ്കരം ഝാർഖണ്ഡിൽ ഭരണം നിലനിറുത്തൽ. മൂന്നുവർഷത്തെ ഭരണംകൊണ്ടു് നല്ലവരായ നാട്ടുകാരെ മൊത്തം വെറുപ്പിച്ചുകഴിഞ്ഞു. ഏതാണ്ടു് എ. കെ. ആന്റണി യുടെ നിലവാരത്തിലെത്തിയിട്ടുണ്ടു് മുഖ്യമന്ത്രി അർജുൻമുണ്ട. മറുവശത്തു് കോൺഗ്രസ്—ജെ. എം. എം-സി. പി. ഐ. സഖ്യം ശക്തമാണുതാനും. ഹരിയാനയിൽ ഓംപ്രകാശ് ചൗതാല അസൂയാർഹമായ നിലയിലാണു്—ബി. ജെ. പി.-യുമായി കൂട്ടുചേർന്നാലും ഇല്ലെങ്കിലും തോൽവി ഉറപ്പു്.

images/Sushilkumar_Shinde.jpg
സുശീൽകുമാർ ഷിൻഡേ

അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവും പ്രാപ്തിയുമുള്ള നേതാവാണു് അദ്വാനി. ആർ. എസ്. എസിന്റെ മൊത്തം പ്രഹരശേഷിയും അദ്ദേഹത്തിനു് അധീനം. ബാദലിനെയും താക്കറെ യെയും ഫെർണണ്ടസിനെയും പോലുള്ള കൂട്ടാളികൾ, മോഡി യെയും ഉമാഭാരതി യെയും പോലുള്ള സഹപ്രവർത്തകർ, മാധ്യമങ്ങളുടെ പിന്തുണ, 2009-ലെ ലോൿസഭാ തെരഞ്ഞെടുപ്പിനകം എവിടെയൊക്കെ വർഗീയ ലഹളകളുണ്ടാകും, എത്ര കോടിയുടെ മുതൽ വെന്തെരിയും, എത്ര സാധുക്കളുടെ പ്രാണൻ പോകും എന്നൊക്കെ കാത്തിരുന്നു് കാണുവിൻ.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Lalkrishnante Punaravatharam (ml: ലാൽകൃഷ്ണന്റെ പുനരവതാരം).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Lalkrishnante Punaravatharam, കെ. രാജേശ്വരി, ലാൽകൃഷ്ണന്റെ പുനരവതാരം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 5, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Pocket watch for the visually impaired, a photograph by Fisle Nor . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.