images/Boy_Drinking.jpg
Boy Drinking, a painting by Annibale Carracci (1560–1609).
പിണറായി വിധേയൻ
കെ. രാജേശ്വരി

ഏപ്രിൽ 4 വ്യാഴാഴ്ച സി. പി. എമ്മിന്റെ 20-ാം കോൺഗ്രസ്, കോയമ്പത്തൂരെ വി. ഒ. സി. പാർക്ക് മൈതാനത്തു് അതിഗംഭീര പൊതുസമ്മേളനത്തോടെ സമാപിച്ചു. കുപ്പിയേറോ കൂട്ടത്തല്ലോ ഉണ്ടായില്ല. തികച്ചും സമാധാനപരം, സൗഹാർദപൂർണം.

images/PrakashKarat.jpg
പ്രകാശ് കാരാട്ട്

അമേരിക്കൻ സാമ്രാജ്യത്വം മുതൽ അരിയുടെ വിലവർധന വരെ ആയിരക്കണക്കിനു് വിഷയങ്ങളെക്കുറിച്ചു് പാർട്ടി കോൺഗ്രസ് പര്യാലോചിച്ചു. ആഗോളീകരണത്തെ എങ്ങനെ ഫലപ്രദമായി ചെറുക്കാം, എങ്ങനെ ലോകമുതലാളിത്തത്തെ മലർത്തിയടിച്ചു് സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിൽ വരുത്താം, ബി. ജെ. പി.-യെ ശക്തിപ്പെടുത്താതെ എപ്രകാരം കോൺഗ്രസിനു് കുഴികുത്താം, എത്രനാളിനുള്ളിൽ ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കാം എന്നൊക്കെ ചർച്ച ചെയ്തു് തീരുമാനിച്ചു. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാനും സിംഗൂർ-നന്ദിഗ്രാം-ചെങ്ങറ-മൂലമ്പിള്ളി സമരങ്ങളുടെ മറവിൽ സി. ഐ. എ. സംഘടിപ്പിക്കുന്ന മാധ്യമ മലിനീകരണത്തെ ചെറുത്തുനിൽക്കാനും വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ആറുനാളത്തെ ചർച്ചകൊണ്ടു് മൂന്നാണ്ടേക്കു് വേണ്ട ഊർജം സംഭരിച്ചു. ഇനി വർഗശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം.

images/KodiyeriBalakrishnan.jpg
കോടിയേരി ബാലകൃഷ്ണൻ

പാർട്ടി കോൺഗ്രസിനെ താഴ്ത്തിക്കെട്ടാൻ ബൂർഷ്വാ മാധ്യമങ്ങൾ പഠിച്ച പണി പത്തൊമ്പതും പയറ്റിയിട്ടും ഫലമുണ്ടായില്ല. കോവൈ കോൺഗ്രസിനു് കണ്ണുതട്ടാതിരിക്കാൻ പച്ചമുളകും ചെറുനാരങ്ങയും കെട്ടിത്തൂക്കി, സാർവദേശീയഗാനത്തിനു് പകരം പാപനാശം ശിവന്റെ കീർത്തനം ആലപിച്ചു എന്നിങ്ങനെ ചില്ലറ പരദൂഷണങ്ങൾകൊണ്ടു് സിൻഡിക്കേറ്റുകാർ സംതൃപ്തരാകേണ്ടിവന്നു. ദേശാഭിമാനിയുടെ സ്ഥിരം ശൈലി കടമെടുത്തു് പറഞ്ഞാൽ, സൂര്യതേജസ്സിനെ പഴമുറംകൊണ്ടു് മറയ്ക്കാനാവില്ല.

images/Jyotibasu.jpg
ജ്യോതിബസു

അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാട്ട് തെരഞ്ഞെടുക്കപ്പെടും, ജ്യോതിബസു വും ഹർകിഷൻസിംഗ് സുർജിത്തും പോളിറ്റ്ബ്യൂറോയിൽനിന്നു് ഒഴിവാകും എന്നീ സംഗതികളിൽ മനോരമ അടക്കം ആർക്കും സംശയമുണ്ടായിരുന്നില്ല. അച്യുതാനന്ദനും വിജയനും രാമചന്ദ്രൻപിള്ളയും പോളിറ്റ്ബ്യൂറോയിൽ തുടരും എന്ന കാര്യത്തിലുമുണ്ടായിരുന്നില്ല സന്ദേഹം. കേരളത്തിൽനിന്നു് പോളിറ്റ് ബ്യൂറോയിലെത്തുന്ന നാലാമൻ ആരു് എന്ന കാര്യത്തിൽ മാത്രമാണു് ഉത്കണ്ഠ നിലനിന്നതു്.

images/Ma_Baby.jpg
എം. എ. ബേബി

എം. എ. ബേബി യെ പോളിറ്റ്ബ്യൂറോയിൽ ഉൾപ്പെടുത്തും എന്നൊരു വാർത്ത ഒരുമാസം മുമ്പു് രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ ബൈലൈനിൽ മാതൃഭൂമിയിൽ വന്നു. മാധ്യമ സിൻഡിക്കേറ്റ് ഇല്ല എന്നു് പ്രസംഗിച്ചതിനു് ദേശാഭിമാനിയിൽനിന്നു് രാജിവെക്കേണ്ടിവന്ന, മാർൿസിസ്റ്റ് പാർട്ടിയിൽനിന്നു് പുറത്താക്കപ്പെട്ട ഭയങ്കരനാണു് പട്ടാന്നൂർ രാധാകൃഷ്ണൻ. ബേബിക്കു് പി. ബി.-യിലേക്കു് എന്തെങ്കിലും ചാൻസുണ്ടെങ്കിൽ അതു് ഇല്ലാതാക്കണം എന്ന സദുദ്ദേശ്യമാണു് മാതൃഭൂമി വാർത്തയിൽ ഉണ്ടായിരുന്നതു്.

images/Achuthanandan.jpg
വി. എസ്. അച്യുതാനന്ദൻ

പാർട്ടി കോൺഗ്രസ് അടുത്തതോടെ അഭ്യൂഹങ്ങൾ മൂർച്ഛിച്ചു. ഏറ്റവും സാധ്യത കൽപിക്കപ്പെട്ടതു് ബേബിക്കുതന്നെ. പിന്നെ പാലോളി മുഹമ്മദ്കുട്ടി ക്കു്. അതിനുശേഷം കോടിയേരി ക്കും എ. വിജയരാഘവനും.

images/Avijayaraghavan.jpg
എ. വിജയരാഘവൻ

സത്യത്തിൽ പിണറായി വിജയനെ ക്കാളൊക്കെ മുമ്പു് പോളിറ്റ് ബ്യൂറോയിൽ വരേണ്ടയാളാണു് എം. എ. ബേബി. അദ്ദേഹം പ്രകാശ് കാരാട്ടി നും സിതാറാം യെച്ചൂരി ക്കുമൊപ്പം കേന്ദ്രകമ്മിറ്റിയിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായിരുന്നിട്ടുണ്ടു്. ഒരു വ്യാഴവട്ടക്കാലം രാജ്യസഭാംഗമായി ദൽഹിയിലെ രാഷ്ട്രീയ-സാംസ്കാരിക നഭോമണ്ഡലത്തിൽ കത്തിജ്വലിച്ചുനിന്ന ചരിത്രമുണ്ടു്. സ്വരലയയുടെ തലതൊട്ടപ്പൻ. ഭീംസെൻ ജോഷി യുടെയും ജസ്രാജിന്റെ യും ആസ്വാദകൻ, അംജദ്അലിഖാന്റെ യും സക്കീർ ഹുസൈന്റെ യും ആത്മമിത്രം, ആണ്ടോടാണ്ടു് ക്യൂബക്കു് പോകും, ആഴ്ചയിലൊരിക്കൽ ഫിദൽ കാസ്ട്രാ യെ ഫോണിൽ വിളിക്കും. 1998 വരെ കാര്യങ്ങളങ്ങനെ സുഖസുന്ദരമായി, സ്വച്ഛസുരഭിലമായി മുന്നോട്ടുനീങ്ങി.

images/Yechuri.jpg
സിതാറാം യെച്ചൂരി

ഇ. എം. എസി ന്റെ വിനീതവിധേയനും ബദൽരേഖയുടെ നിതാന്ത വിമർശകനും എന്ന നിലക്കാണു് 1986 മാർച്ചിൽ രാജ്യസഭാംഗത്വം തരപ്പെടുത്തിയതു്. സി. പി. ജോൺ എന്ന യുവനസ്രാണി നേതാവു് എം. വി. രാഘവനോ ടൊപ്പം പുറത്താക്കപ്പെട്ടു എന്ന ചാരിതാർത്ഥ്യവും അന്നു് ഉണ്ടായിരുന്നു. ക്രിസ്ത്യാനിയെന്നു് പറയാൻ പിന്നെയുണ്ടായിരുന്നതു് എം. എ. ലോറൻസായിരുന്നു. ലോറൻസ് ഇ. എം. എസി ന്റെ വലംകൈയായിരുന്നതുകൊണ്ടു് എം. എ. ബേബി അച്യുതാനന്ദ നോടൊപ്പം കൂടി. 1995-ലെ കൊല്ലം സമ്മേളനത്തിൽ, ഔദ്യോഗിക പാനലിനെതിരെ വി. എസ്. ഗ്രൂപ്പുകാർ മൽസരിച്ചുവെങ്കിലും നേരിയ വ്യത്യാസത്തിൽ പണി പാളി. ഒരൊറ്റ വോട്ടിന്റെ വ്യത്യാസത്തിൽ ലോറൻസ് രക്ഷപ്പെട്ടു. വി. എസി നോടൊപ്പം ബേബി യും നമ്പൂതിരിപ്പാടി ന്റെ നോട്ടപ്പുള്ളിയായി.

images/Pandit_Bhimsen_Joshi.jpg
ഭീംസെൻ ജോഷി

1996-ൽ വി. എസ്. പക്ഷക്കാരുടെ നോമിനിയായി ഇ. കെ. നായനാർ മുഖ്യമന്ത്രിയും ചടയൻ ഗോവിന്ദൻ പാർട്ടി സെക്രട്ടറിയുമായതോടെ ബേബി വളരെ പ്രബലനായി. ലോറൻസിന്റെ പത്തിയൊതുങ്ങി. ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നു് ഉയർന്നുവരാൻ സാധ്യതയുണ്ടായിരുന്ന ടി. ജെ. ആഞ്ചലോസ് വി. എസി നു് അനഭിമതനായി, അചിരേണ പാർട്ടിയിൽനിന്നു് പുറത്താക്കപ്പെട്ടു.

images/Pandit_Jasraj.jpg
ജസ്രാജ്

1998 മാർച്ചിൽ തിരുമനസ്സിന്റെ കണ്ണടഞ്ഞു. പിന്നാലെ നടന്ന പാലക്കാട് സമ്മേളനത്തിൽ വി. എസ്. ഗ്രൂപ്പ് വെന്നിക്കൊടി പാറിച്ചു. വെട്ടിനിരത്തൽ ആസൂത്രണം ചെയ്തതും പഴുതുകളടച്ചു് നടപ്പിലാക്കിയതും പ്രാക്കുളം ചെഗുവേര. സുശീലാ ഗോപാലനും ടി. കെ. രാമകൃഷ്ണനും പിടിച്ചുനിന്നു, ലോറൻസ് പരാജിതനായി സംസ്ഥാന കമ്മിറ്റിയിൽനിന്നു് പുറത്തായി.

അന്നു് പോളിറ്റ് ബ്യൂറോ അംഗവും സി. ഐ. ടി. യു. ലോബിയുടെ പരമോന്നത നേതാവുമാണു് ഇ. ബാലാനന്ദൻ. പാലക്കാട് സമ്മേളനത്തിൽ ബേബി നടത്തിയ വിഭാഗീയ പ്രവർത്തനത്തെക്കുറിച്ചു് വടക്കോട്ട് റിപ്പോർട്ട് പോയി. അതേതുടർന്നു് സഖാവിനെ കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്നു് കേന്ദ്രകമ്മിറ്റിയിലേക്കു് തരംതാഴ്ത്തി. പിന്നാലെ സെൻട്രൽ സെക്രട്ടറിയറ്റുതന്നെയും ഇല്ലാതായി എന്നതിനാൽ അപമാനം ലഘൂകരിക്കപ്പെട്ടു.

images/PinarayiVijayan.jpg
പിണറായി വിജയൻ

1998 സെപ്റ്റംബറിൽ ചടയൻ മരണത്തിനു് കീഴടങ്ങി. എം. എ. ബേബി സെക്രട്ടറിയാകാൻ മോഹിച്ചതു് സ്വാഭാവികം. അപ്പോഴേക്കും രാജ്യസഭയിൽനിന്നു് പിരിഞ്ഞു; പ്രവർത്തനമണ്ഡലം ദൽഹിയിൽനിന്നു് കേരളത്തിലേക്കു് മാറ്റുകയും ചെയ്തിരുന്നു. അച്യുതാനന്ദൻ അരവാക്കു പറഞ്ഞിരുന്നെങ്കിൽ ബേബി സഖാവിന്റെ ആഗ്രഹം സഫലമായേനെ. പക്ഷേ, കൃത്യസമയത്തു് കാരണവർ സ്വജാതി സ്നേഹം പ്രകടിപ്പിച്ചു. വൈദ്യുതിമന്ത്രി വിജയനെ രാജിവെപ്പിച്ചു് പാർട്ടി സെക്രട്ടറിയാക്കി. പകരക്കാരനായി പാർശ്വവർത്തി ശർമയെ നിയോഗിച്ചു. അതോടെ വി. എസും ബേബിയും തമ്മിൽ അകന്നു. മാനവീയം പരിപാടിയിലൂടെ മാർൿസിസ്റ്റുകാരുടെ സാംസ്കാരിക നിലവാരമുയർത്തുന്നതിലായി ബേബി സഖാവിന്റെ ശ്രദ്ധ. പിണറായി വിജയൻ പോളിറ്റ്ബ്യൂറോ മെമ്പറായി, പാർട്ടിയിൽ പ്രബലനായി, കരുത്തുറ്റ കണ്ണൂർ ലോബിയുടെ നായകനുമായി. ആദ്യകാലത്തു് സമദൂരം പയറ്റിയ ബേബി, അചിരേണ പിണറായി വിജയനു് കപ്പംകൊടുത്തു് സാമന്തനായി.

images/Zakir_Hussain.jpg
സക്കീർ ഹുസൈൻ

പിണറായി-ബേബി ബന്ധം സൗഹാർദപരമായിരുന്നെങ്കിലും വിജയൻ ഒരുപരിധിക്കപ്പുറം ബേബിയെ അടുപ്പിച്ചില്ല. ബേബിയാണെങ്കിൽ വലിയ വിധേയത്വം പ്രകടിപ്പിച്ചതുമില്ല. അച്യുതാനന്ദനും സിൻഡിക്കേറ്റുകാർക്കും വിജയനേക്കാൾ പക ബേബിയോടായിരുന്നുതാനും. 2005-ലെ മലപ്പുറം സമ്മേളനത്തിൽ പിണറായി ക്കൊപ്പം ബേബി ഉറച്ചുനിന്നു, വി. എസ്. ഉയർത്തിയ വെല്ലുവിളിയെ വിജയകരമായി നേരിട്ടു. പോളിറ്റ്ബ്യൂറോയിലേക്കു് ബേബിയുടെ പേരു് വിജയൻ നിർദ്ദേശിക്കും എന്നു് പ്രത്യാശിച്ചെങ്കിലും അതുണ്ടായില്ല. സ്വരലയയും കൈരളി ചാനലുമായി കേരളത്തിൽ ഒതുങ്ങിക്കൂടി.

images/E_balanandan.jpg
ഇ. ബാലാനന്ദൻ

2006 മാർച്ചിൽ അച്യുതാനന്ദനെ വികസന വിരോധിയും ന്യൂനപക്ഷവിരുദ്ധനുമാക്കി മുദ്രയടിച്ചു് സീറ്റ് നിഷേധിക്കാൻ പിണറായിക്കൊപ്പം ബേബിയുമുണ്ടായിരുന്നു. അപ്പോഴും വിജയൻ ഒരു കൈ കയറിക്കളിച്ചു: പാലോളി മുഹമ്മദുകുട്ടി യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടി. മാധ്യമ സിൻഡിക്കേറ്റിന്റെ കനത്ത പിന്തുണയോടെ വി. എസ്. മടങ്ങിവന്നപ്പോൾ അസാരം കുഴപ്പത്തിലായി. ഐസക്കിനെ മാരാരിക്കുളത്തും ബേബി യെ കുണ്ടറയിലും തോൽപിക്കണം എന്നൊരു അഭിപ്രായം വി. എസ്. പക്ഷത്തു് പ്രബലമായിരുന്നു. എങ്കിലും ബേബി പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

images/Ek_nayanar.jpg
ഇ. കെ. നായനാർ

മന്ത്രിസഭാ രൂപവത്കരണവേളയിലും ബേബി തഴയപ്പെട്ടു. ആഭ്യന്തരം പോയിട്ടു് ആരോഗ്യവകുപ്പുപോലും കിട്ടിയില്ല. വിദ്യാഭ്യാസവും സാംസ്കാരികവുംകൊണ്ടു് തൃപ്തിപ്പെട്ടു. അക്കാദമികളിൽ സ്വന്തക്കാരെ കുത്തിനിറച്ചും രണ്ടാം മുണ്ടശ്ശേരി എന്ന നിന്ദാസ്തുതി കേട്ടും കാലം പോക്കി. തുഗ്ലക്ക് മാതൃകയിലുള്ള പരിഷ്കാരങ്ങളിലൂടെ സഖാവു് വിദ്യാഭ്യാസമേഖല കുളമാക്കി; നാലകത്ത് സൂപ്പി യെക്കാൾ വഷളൻ എന്നു് നാട്ടുകാരെക്കൊണ്ടു് പറയിച്ചു.

ഇതൊക്കെയാണെങ്കിലും ഇത്തവണ ബേബി പി. ബി. അംഗമാകുമെന്നു് സകലരും പ്രതീക്ഷിച്ചു. കേരളത്തിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ഏറ്റവും സീനിയർ, ക്രൈസ്തവ സമുദായംഗം, ദീർഘകാലം ദൽഹിയിൽ പ്രവർത്തിച്ച പരിചയം, സാംസ്കാരിക നായകന്മാരുമായുള്ള അടുപ്പം ഇവയൊക്കെ സഖാവിനുള്ള അനുകൂല ഘടകങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു.

images/TJ_ANJELOSE.jpg
ടി. ജെ. ആഞ്ചലോസ്

എന്തുചെയ്യാം? ഈ മേന്മകളൊന്നും കേന്ദ്രനേതൃത്വത്തിനു് ബോധ്യമായില്ല. സീനിയോറിറ്റി അടിസ്ഥാനത്തിലല്ല പി. ബി.-യിലേക്കു് പ്രമോഷൻ. സാമുദായിക സംവരണവുമില്ല. നരച്ച താടിക്കോ വെന്തിങ്ങക്കോ ഗ്രേസ്മാർക്കില്ല. മെറിറ്റ് മാത്രമേ പരിഗണിക്കൂ. ഹിന്ദുസ്ഥാനി സംഗീതം അറിഞ്ഞതുകൊണ്ടോ സാഹിത്യരചന നടത്തിയതുകൊണ്ടോ യാതൊരു വിശേഷവുമില്ല. ദൽഹിയിലെ പ്രവൃത്തിപരിചയം വിപരീതഫലമുണ്ടാക്കി. പ്രകാശി നും വൃന്ദ ക്കും യെച്ചൂരി ക്കുമൊക്കെ ബേബി യുടെ നടപടിക്രമം ശരിക്കറിയാം. അച്യുതാനന്ദൻ ഒരു കാരണവശാലും അംഗികരിക്കില്ല. ബേബി പി. ബി.-യിൽ വരണമെന്നു് പിണറായിക്കുമില്ല താൽപര്യം. അങ്ങനെ പൊട്ടി പുറത്തു്, ശീവോതി അകത്തു്!

images/Chadayan_Govindan.jpg
ചടയൻ ഗോവിന്ദൻ

പിണറായി വിധേയൻ എന്നതാണു് കോടിയേരി ബാലകൃഷ്ണന്റെ പ്രധാന യോഗ്യത. കെ. എസ്. എഫിന്റെ യൂണിറ്റ് സെക്രട്ടറിയായി, താലൂക്ക് സെക്രട്ടറിയായി, സംസ്ഥാന ജനറൽ സെക്രട്ടറിയായി, ഡിഫിയുടെ ജില്ലാ പ്രസിഡന്റായി, ചെത്തു തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറിയായി, പാർട്ടി ജില്ലാ സെക്രട്ടറിയായി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പടിപടിയായി ഉയർന്നയാളാണു് ബാലകൃഷ്ണൻ. കേന്ദ്രകമിറ്റിയിൽനിന്നു് ഇപ്പോൾ പോളിറ്റ്ബ്യൂറോയിലെത്തി. പിണറായി ഒഴിഞ്ഞാൽ സെക്രട്ടറിയാകും, അച്ചുമ്മാൻ ഒഴിഞ്ഞാൽ മുഖ്യമന്ത്രിയാകും.

images/Thomas_Issac.jpg
തോമസ് ഐസക്ക്

കോടിയേരിയെ പി. ബി.-യിൽ ഉൾപ്പെടുത്തുക മാത്രമല്ല, തോമസ് ഐസക്കി നെ കേന്ദ്രകമ്മിറ്റിയിലേക്കും കൊണ്ടുവന്നിട്ടുമുണ്ടു്. ബേബിയെപ്പോലെ ഐസക്കും ലത്തീൻ കത്തോലിക്കനാണു്. സാമ്പത്തിക ശാസ്ത്രജ്ഞൻ, മഹാചിന്തകൻ, നവലിബറൽ സാമ്പത്തികനയത്തിന്റെ പ്രവാചകൻ. അച്യുതാനന്ദൻ പിരിയുമ്പോൾ ഐസക്കിനെ പി. ബി.-യിലെടുത്താലും അതിശയിക്കാനില്ല. പിന്നെ കുന്തളവരാളി രാഗമാലപിച്ചു് കുടുംബത്തിലിരിക്കാം.

എം. എ. ബേബി യെ പോളിറ്റ്ബ്യൂറോയിൽ ഉൾപ്പെടുത്താത്തതിൽ സാംസ്കാരികനായകർ പൊതുവെ അസ്വസ്ഥരാണു്. ‘നാലുകെട്ടി’ന്റെ ജൂബിലി ദൽഹിയിൽ വെച്ചു് നടത്താനിരുന്നവരും ആൾദൈവ സൈദ്ധാന്തികരുമൊക്കെ അക്കൂട്ടത്തിൽപെടുന്നു. വിധിവൈപരീത്യമെന്നേ പറയാവൂ, ബേബി തഴയപ്പെട്ടതിൽ ഏറ്റവുമധികം ആഹ്ലാദം പ്രകടിപ്പിച്ചതു് നസ്രാണി ദീപികയാണു്. സ്വാശ്രയ വിദ്യാഭ്യാസ ബില്ലുണ്ടാക്കി സമുദായത്തെ നശിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൈവശിക്ഷയെന്നു് വ്യംഗ്യം! ഇതുപോലുള്ള സന്ദർഭങ്ങളിലാണു് നമ്മൾ അറിയാതെ ദൈവത്തെ വിളിച്ചുപോകുന്നതു്.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Pinarayi Vidheyan (ml: പിണറായി വിധേയൻ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Pinarayi Vidheyan, കെ. രാജേശ്വരി, പിണറായി വിധേയൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 6, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Boy Drinking, a painting by Annibale Carracci (1560–1609). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.